Monday 11 January 2021

India and Egypt



er
ഇനിയും കണ്ടത്തപ്പെടാത്ത ഇന്ത്യ


“ഈ ഭൂമിയിൽ ആദിമ മനുഷ്യ ചരിത്രം നാമ്പിട്ട കാലം മുതൽക്കേ അവൻ്റെ എല്ലാ സ്വപ്നങ്ങൾക്കും കൂടാരമൊരുക്കിയ ഒരു സ്ഥലമുണ്ടങ്കിൽ അത് ഇന്ത്യ മാത്രമാണ്” എന്ന് പറഞ്ഞത് ഫ്രഞ്ച് തത്വചിന്തകനായ റൊമാങ് റോളണ്ടാണ്. അതിനാലാണ് അനന്തമായ കഥകളുടേയും സാസ്കാരിക സമന്വയങ്ങളുടേയും വിളനിലമായ ഇന്ത്യാ മഹാരാജ്യം ലോകസഞ്ചാരികളെ നൂറ്റാണ്ടുകളായി കാന്തം പോലെ തന്നിലേക്കാകർഷിച്ചു കൊണ്ടിരിക്കുന്നത്. കൊടുങ്കാറ്റും തിരമാലകളും തീർത്ത മഹാദുർഗ്ഗങ്ങൾ താണ്ടി പടിഞ്ഞാറൻ സഞ്ചാരികൾ ഈ മണ്ണ് തേടിയെത്തിയതും അതേ മായാജാലത്തിൻ്റെ പ്രഭാവത്താൽ തന്നെ.
പടിഞ്ഞാറൻ സഞ്ചാരികൾക്ക് തങ്ങളുടെ കഥകളിലോ നിർവചനങ്ങളിലോ ഒതുങ്ങാത്ത തീർത്തും അപരിചിതമായ മറ്റൊരു ലോകമായിരുന്നു ഇന്ത്യ. അവർക്കത് വൈവിധ്യത്തിൻ്റേയും വൈരുദ്ധ്യത്തിൻ്റേയും സംഗമ ഭൂമിയായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയെ കുറിച്ചു കേട്ടറിഞ്ഞ ഓരോ കഥകളും സത്യമെന്നോ മിഥ്യയെന്നോ നോക്കാതെ പലരും തങ്ങളുടെ കൃതികളിൽ കുറിച്ചിട്ടു.



ഏകദേശം 2000 വർഷങ്ങൾക്കു മുൻപ്, കടൽ യാത്ര ചെയ്യാതെ തന്നെ ഇന്ത്യയെ ഭാവനയിൽ വരച്ചിട്ട റോമോക്കാരുണ്ടായിരുന്നു. അവരുടെ എഴുത്തുകളിൽ പാടലീപുത്രവും മധുരയും ബറൂച്ചുമെല്ലാം നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ടും തൃപ്തി വരാഞ്ഞ ചില യാത്രാസ്നേഹികൾ കടലുകടന്ന് ഇന്ത്യയുടെ ഉള്ളറിയാൻ ഒരുമ്പെടുകയും ചെയ്തു. അങ്ങനെയാണ് ബിസി 516-ൽ പേർഷ്യൻ രാജാവായ ഡാരിയസ് ഒന്നാമൻ്റെ നിർദ്ദേശ പ്രകാരം സ്കൈലാക്സ് എന്ന ഗ്രീക്ക് പര്യവേഷകൻ ഇന്ത്യയിലെത്തുന്നത്. ഇന്ത്യ എന്ന വാക്കിൻ്റെ വേരുറങ്ങുന്ന ‘ഹിന്ദ്’ എന്ന പദം ഇദ്ദേഹത്തിൻ്റെ കൃതികളിൽ പലയിടത്തും കാണാം. എന്തിനധികം പറയുന്നു, ചരിത്രത്തിൻ്റെ പിതാവെന്നറിയപ്പെടുന്ന ഹെറോഡോട്ടസിൻ്റെ ‘ഹിസ്റ്ററീസ്’ എന്ന പുസ്തകത്തിലും ഇന്ത്യയെ കുറിച്ച് വർണ്ണനകളുണ്ട്. അദ്ദേഹത്തിൻ്റെ കണ്ണിൽ ഇന്ത്യയെന്നത് സിന്ധു നദിക്കരയിലെ ഏതാനും പ്രദേശങ്ങൾ മാത്രമായിരുന്നു എങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായി അതിനെ വാഴ്ത്തിയിട്ടുണ്ട്.
ചന്ദ്രഗുപ്ത മൗര്യൻ്റെ കൊട്ടാരം സന്ദർശിച്ച ഗ്രീക്ക് അംബാസിഡറായ മെഗസ്തനീസിൻ്റെ ഇൻഡിക്ക എന്ന പുസ്തകം നിറയെ ഇന്ത്യയെ കുറിച്ചും അവിടേക്കുള്ള യാത്രകളെ കുറിച്ചുമുള്ള വിവരങ്ങളാണ്.ചുറ്റും കിടങ്ങുകൾ കുഴിച്ച് അതിന് നടുക്ക് മരങ്ങളിൽ തീർത്ത കൊട്ടാരങ്ങൾ പണിത പാടലീപുത്രവും സിന്ധു നദിയേക്കാൾ നീളമുള്ള ഗംഗയെ കുറിച്ചുമെല്ലാമുള്ള നെറ്റി ചുളിപ്പിക്കുന്ന വിവരണങ്ങളും ഇതിലുണ്ട്.
ഇന്ത്യയെ കുറിച്ചു ധാരാളം എഴുതിയിട്ടുള്ള ഗ്രീക്ക്-റോമൻ ചരിത്രകാരനായ സ്ട്രാബോയുടെ ‘ജ്യോഗ്രഫി’ എന്ന കൃതിയിലെ വിവരങ്ങൾ അതീവ രസകരമാണ്. അക്കാലത്തെ മറ്റു പല എഴുത്തുകാരേയും പോലെ സിന്ധു, ഗംഗ എന്നീ നദികളുടെ തീരങ്ങളിലെ ഇന്ത്യയെ കുറിച്ചു മാത്രമേ ഇദ്ദേഹത്തിനും അറിവുള്ളൂ. അതിനപ്പുറത്തേക്കുള്ള ഇന്ത്യയുടെ കഥ പറയുമ്പോൾ അദ്ദേഹത്തിൻ്റെ ഭാവന കാടുകയറുന്നു. അതുകൊണ്ടാണല്ലോ ഇന്ത്യയിൽ സ്വർണ്ണം കുഴിക്കുന്ന ഉറുമ്പുകളുണ്ടെന്നും മാനിൻ്റെ തലയുള്ള കുതിരകളുണ്ടെന്നും വായും മൂക്കുമില്ലാത്ത ഒറ്റക്കണ്ണൻ മനുഷ്യരുടെ ഗോത്രമുണ്ടെന്നുമെല്ലാം അദ്ദേഹം എഴുതിവെച്ചത്. പക്ഷേ ഇത്തരം തെറ്റുകൾക്ക് നമുക്കദ്ദേഹത്തോട് ക്ഷമിക്കാം. കാരണം ഇന്ത്യ ഒരിക്കൽ പോലും നേരിൽ കാണാതെയാണ് അതിനെ വർണ്ണിച്ച് അദ്ദേഹം തടിയൻ പുസ്തകങ്ങൾ രചിച്ചത്.
ഇന്ത്യൻ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ മറ്റൊരു പുസ്തകമാണ് പെരിപ്ലസ് ഓഫ് എറിത്രിയൻ സീ (എറിത്രിയൻ കടലിലൂടെയുള്ള യാത്ര). മറ്റു പുസ്തകങ്ങൾ സിന്ധുവിൻ്റെ ഒഴുക്കിനെ മറികടക്കാനാവാത്ത വണ്ണം ഒതുങ്ങി നിന്നപ്പോൾ ആ നദിയ്ക്കപ്പുറമുള്ള പ്രദേശങ്ങളും ഇന്ത്യയാവാമെന്ന് ആദ്യം പറഞ്ഞത് ഈ പുരാതന കൃതിയാണ്. കാലങ്ങളോളം ഇന്ത്യയെ തേടിയെത്തിയ സമുദ്രസഞ്ചാരികൾ വിശുദ്ധ ഗ്രന്ഥം പോലെ കാത്തുവെച്ച ഈ പുസ്തകം ആരെഴുതിയതാണെന്ന് തിട്ടപ്പെടുത്താനായിട്ടില്ലെന്നത് മറ്റൊരു കൗതുകം. പക്ഷേ ഇന്ത്യയിലെ ബറൂച്ച് പോലുള്ള തുറമുഖങ്ങളും വ്യാപാര സ്ഥാപനങ്ങളും ഭരണരീതികളുമെല്ലാം നേർസാക്ഷ്യമെന്നതു പോലെ അജ്ഞാത രചയിതാവ് വിവരിക്കുന്നുണ്ട്. നമ്മുടെ കൊടുങ്ങല്ലൂർ ‘ക്രാങ്കനൂർ’ എന്ന പേരിലും തമിഴരുടെ മധുര ‘പാണ്ടി മണ്ഡലം’ എന്നും പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നതിനാൽ ഇന്ത്യയുടെ തലങ്ങും വിലങ്ങും സഞ്ചരിച്ച ആരോ ആണ് ആ എഴുത്തുകാരനെന്ന് അനുമാനിക്കാം.
ഭൂമിശാസ്ത്രപഠനത്തിന് ആക്കവും തൂക്കവും നൽകിയ ഈജീപ്ഷ്യൻ ഗണിതകാരനായ ടോളമി നിർമ്മിച്ച ഭൂപടങ്ങളിൽ ഇന്നത്തെ ഇന്ത്യയെ ഏറെക്കുറേ ഭദ്രമായി അടയാളപ്പെടുത്തിയിരുന്നു. പക്ഷേ തെക്കേ ഇന്ത്യയുടെ ഭാഗത്തെത്തുമ്പോഴേക്കും നിലവിലെ ത്രികോണാകൃതിക്കു പകരം വളഞ്ഞു പുളഞ്ഞ ഭൂപ്രദേശമായാണ് അടയാളപ്പെടുത്തിയത്. ഇന്ത്യയുടെ കണ്ണുനീർ തുള്ളി പോലെ കിടക്കുന്ന ശ്രീലങ്കയ്ക്കും ഇതുമൂലം ആവശ്യത്തിലധികം വലിപ്പം തോന്നിച്ചു. ഭൂപടം അൽപ്പം പരന്നു പോയെങ്കിലും ‘പുന്നാട്ട്’(പൂനെ-മഹാരാഷ്ട്ര), ‘സ്മാബലാക’(സാബൽപൂർ- ഒഡീഷ) തുടങ്ങി നിരവധി നദീതീര പട്ടണങ്ങളെപ്പറ്റി ടോളമി വിവരിച്ചിട്ടുണ്ട്.
ഈ പുരാതന യാത്രികർക്കു ശേഷം നിരവധി വൈദേശികർ ആ പാത പിന്തുടർന്ന് യാത്ര തുടരുകയും ഇന്ത്യൻ ചരിത്രഗതിയുടെ ഭാഗമാവുകയും ചെയ്തു. എങ്കിലും ഒരിക്കൽ പായ്ക്കപ്പലുകളിലെ കാറ്റുമാത്രം കരുത്താക്കി ശതാബ്ദങ്ങൾക്കപ്പുറമുള്ള കാലത്ത് യാത്ര തുടങ്ങിയ ആദ്യകാല യാത്രികർ തേടിയ ഇന്ത്യയെന്ന സ്വപ്നം ഇനിയും കണ്ടെത്തപ്പെടേണ്ടിയിരിക്കുന്നു.

Courtesy: FB/TG Gopakumar/Charithranweshnangal

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home