Monday 28 October 2019

Chengannur Sriparvati Temple

ചെങ്ങന്നൂരമ്മ തൃപ്പൂത്തായി... 27-10-2019
ആറാട്ട് ബുധനാഴ്ച്ച... (30-10-2019)
അമ്മേ ശരണം ദേവീ ശരണം...

*ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട്,  ആചാരങ്ങൾ*

ഒറ്റ ശ്രീകോവിലിനുള്ളില്‍ ശിവപാര്‍വതി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ഒരു ആചാരം ഈ ക്ഷേത്രത്തില്‍ നടക്കുന്നു. തൃപ്പൂത്താറാട്ട് എന്നാണ് ഈ ആചാരത്തിന്റെ പേര്. ദേവി രജസ്വലയാകുമ്പോഴാണ് ഈ ആചാരം കൊണ്ടാടുന്നത്. എന്നും മേല്‍ശാന്തി പൂജചെയ്യുമ്പോള്‍ ദേവിയുടെ ഉടയാടയില്‍ രജസ്വലയായതിന്റെ അടയാളം കാണുകയാണെങ്കില്‍ താഴമണ്‍മഠത്തിലെ അന്തര്‍ജനത്തെ അറിയിക്കുന്നു.

ദേവി രജസ്വലയായതാണോ എന്നു ഉറപ്പുവരുത്തുന്നത് അന്തര്‍ജനമാണ്. രജസ്വലയാണെങ്കില്‍ ശ്രീകോവിലില്‍നിന്ന് വിഗ്രഹം തൃപ്പൂത്തറയിലേക്ക് മാറ്റും. പിന്നീടുള്ള പൂജകള്‍ അറയിലായിരിക്കും. നാലാംപക്കം വാദ്യമേളത്തോടുകൂടി മിത്രക്കടവിലേക്ക് എഴുന്നള്ളിച്ച് തൃപ്പൂത്താറാട്ട് നടത്തുന്നു. ദേവി തൃപ്പൂത്തായാല്‍ ക്ഷേത്രത്തിന് മുന്നില്‍ അറിയിപ്പ് നല്‍കുന്നതിനൊപ്പം പത്രം വഴിയും ഭക്തജനങ്ങളെ അറിയിക്കുന്നു.

തിരുച്ചെഴുന്നള്ളിപ്പ് ആന, ചമയതാലപ്പൊലികളോടെ ആര്‍ഭാടപൂര്‍വമാണ്. സെറ്റും മുണ്ടും ധരിച്ച് ഒരുങ്ങിയെത്തുന്ന ധാരാളം സ്ത്രീകള്‍ ചമയതാലപ്പൊലിയില്‍ പങ്കെടുക്കും. മംഗല്യസൗഭാഗ്യവും കുടുംബസൗഭാഗ്യവും കിട്ടുമെന്നാണ് വിശ്വാസം. കുറച്ചുകാലം മുമ്പുവരെ ദേവിയുടെ ഈ ഉടയാട ഭക്തര്‍ക്ക് നല്‍കുമായിരുന്നു. ഉടയാട കിട്ടാനായി മുന്‍കൂര്‍ ബുക്ക് ചെയ്യാം. ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം വരെയുള്ള ബുക്കിങ് നീണ്ടിരുന്നു. എന്നാല്‍ ഇടക്കാലത്ത് നടത്തിയ ദേവപ്രശ്‌നത്തില്‍ ഇങ്ങനെ ചെയ്യരുതെന്ന് വിധിയുണ്ടായതോടെ അത് നിര്‍ത്തലാക്കി.

ചെങ്ങന്നൂര്‍ ദേവിയുടെ തൃപ്പൂത്താറാട്ടിന്‌ ക്ഷേത്രത്തോളം പഴക്കമുണ്ട്. എന്നാൽ കേണല്‍ മണ്ട്രോയുടെ വരവോടെയാണ് ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളെക്കുറിച്ചുംആചാരങ്ങളെക്കുറിച്ചും ലോകം അറിയുന്നത്. കൊല്ലവര്‍ഷം 987 മീനമാസത്തിലാണ് (1812 AD), ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം , ക്ഷേത്ര യോഗക്കാരുടെ ഭരണത്തില്‍ നിന്നും സര്‍ക്കാര്‍ കൈയേറ്റത്. അതിനുശേഷം കേണല്‍ മണ്ട്രോയും കുടുംബവും രണ്ടു മാസക്കാലം ചെങ്ങന്നൂരില്‍ താമസിച്ചു ക്ഷേത്രത്തിലെ പടിത്തരം നിശ്ചയിച്ചു ,ഏതാനും ജോലിക്കാരെയും ഏര്‍പ്പെടുത്തി പതിവ്ചെലവ് ക്രമപ്പെടുത്തുന്ന കൂട്ടത്തില്‍ തിരുപ്പൂപ്പടിയന്തിരത്തിന്‍റെ ചെലവ് കൂടി കണക്കില്‍ കാണുകയും, തിരുപ്പൂപ്പിനെ സംബന്ധിച്ച് അവിശ്വാസം നിമിത്തം അതിനുള്ള ചെലവ് പടിത്തരത്തില്‍ നിന്നും കുറവ് ചെയ്യുന്നതിന് സായിപ്പ് ആജ്ഞാപിക്കുകയും ചെയ്യ്തു.

ഇപ്പ്രകാരം കുറവ് ചെയ്ത പടിത്തരത്തില്‍ ക്ഷേത്രയോഗക്കാരെ കൊണ്ട് ഒപ്പിടുവിച്ചു വാങ്ങുവാന്‍ സായിപ്പ് ശ്രമിച്ചതില്‍, സായിപ്പിന്‍റെ ആജ്ഞയെ പ്രതിഷേധിക്കുന്നതിലുള്ള ഭയവും അപ്രാപ്തിയും നിമിത്തം മൂത്തേടത്ത് പണ്ടാരത്തിലെ ഒരംഗം മാത്രം ഒപ്പ് വച്ച് കൊടുക്കുകയും ശേഷം അംഗങ്ങള്‍ പടിതരം കുറവ് ചെയ്യുന്നതിനെ ദോഷമാണെന്ന് വാദിക്കുകയും ഒപ്പ് വയ്യ്ക്കാതെ പിന്മാറുകയും ചെയ്യ്തു. അനന്തരം ആ കര്‍ക്കിടമാസത്തില്‍ ദേവിക്ക് തൃപ്പൂത്ത് ആകുകയും അതെ സമയം തന്നെ കേണല്‍ മണ്ട്രോയുടെ ഭാര്യയ്ക്ക് രക്താതിസാരവും കുട്ടികള്‍ക്ക് മറ്റു അസുഖങ്ങളും ആരംഭിക്കുകയും ചെയ്യ്തു എന്നാണ് പറയപ്പെടുന്നത്.

പലവിധ ചികിത്സകൊണ്ടും ഭേദമാകാത്തതിനെ തുടര്‍ന്ന് , ഇതെല്ലാം ദേവീ കൊപമാണെന്ന് വിശ്വസ്ത ഭൃത്യന്‍ സായിപ്പിനെ അറിയിച്ചു. സായിപ്പിനെ അനുഗമിച്ചിരുന്ന ഹൈന്ദവ ഉദ്യോഗസ്ഥരില്‍ ഒരാളിന്‍റെ ഉപദേശപ്രകാരം ഒരു ജ്യോത്സ്യനെ വരുത്തി പ്രശ്നം വച്ചതില്‍ ഭഗവതിയുടെ തൃപൂപ്പിനെ അവിശ്വസിച്ചു പടിത്തരത്തില്‍ കുറവ് ചെയ്യ്തതിലുണ്ടായ ദേവീകോപമാണ് രോഗഹേതുവെന്നു വെളിപ്പെടുകയും ചെയ്തു. ഇതു കേട്ടിട്ട് സായ്പ് “എന്നാൽ മദാമ്മയുടെ സുഖക്കേട് ഉടനെ ഭേദമാകട്ടെ, ആ ദേവസ്വത്തിലെ പതിവു കണക്കു പൂർവസ്ഥിതിയിൽ ആക്കിയേക്കാം. എന്നു മാത്രമല്ല ആണ്ടു തോറും ദേവി ആദ്യം ഋതുവാകുമ്പോള്‍ അത് സംബന്ധിച്ചുള്ള ചെലവുകൾ പലിശകൊണ്ടു കഴിയാൻ തക്കവണ്ണമുള്ള സംഖ്യ ഞാൻ എന്‍റെ കൈയിൽ നിന്നു ആ ദേവസ്വത്തിൽ ഏല്പിക്കുകയും ചെയ്തേക്കാം എന്നു പറയുകയും ഉടനെ ഒരു സംഖ്യ എടുത്തു പ്രത്യേകം കെട്ടിവയ്ക്കുകയും ചെയ്തു.

അടുത്ത തൃപ്പൂത്ത് കൊല്ലവര്‍ഷം 988 ചിങ്ങമാസത്തിലോ അതിനോടടുത്ത മാസത്തിലോ ആണ് സാധാരണ ക്രമത്തിനുണ്ടാകേണ്ടിയിരുന്നത്. അതിന്‍റെ ചിലവിലേക്ക്‌ വിശേഷാല്‍ എഴുനൂറു പണം കൂടി പടിത്തരത്തില്‍ കൂടുതല്‍ ചേര്‍ക്കുന്നതിനും ആ സംഖ്യ കൊണ്ട് കളഭമാട്ടവും, ബ്രാഹ്മണര്‍ക്ക് വിശേഷാല്‍ സദ്യയും നടത്തുന്നതിനും ആ ക്രമത്തിനു ആണ്ടില്‍ ആദ്യമുണ്ടാകുന്ന എല്ലാ തൃപ്പൂത്തും വിശേഷാല്‍ അടിയന്തിരമായി ഗണിച്ചു കൊണ്ടാടുന്നതിനും നിശ്ചയിച്ച് മണ്ട്രോ ,ദേവിയെ പ്രാര്‍ത്ഥിച്ചു.മണ്ട്രോയുടെ പ്രാര്‍ത്ഥനാനുസരണം മദാമ്മയ്ക്ക് അസുഖം ശമനമുണ്ടായി. ആ അസുഖ വിവരം അന്ന് നാട് വാണിരുന്ന “റാണി ലക്ഷ്മി ഭായി തമ്പുരാട്ടിയെ , സായിപ്പ് എഴുത്ത്മൂലം അറിയിച്ചിരുന്നു.

ആ ആണ്ടുപിറപ്പിലെ ആദ്യ തൃപ്പൂത്ത് , വിശേഷാല്‍ പൂജയും ,പതിവനുസരിച്ച് കര്‍മ്മാദികള്‍ നടത്തിക്കുകയും ,ചെങ്ങന്നൂര്‍ ദേവിക്ക് ചാര്‍ത്തുന്നതിനായി കെണല്‍ മണ്ട്രോയുടെ പേര് കൊത്തിയ പനംതണ്ടന്‍വളകള്‍ കൂടി ആ ദിവസം നടയ്ക്കു വയ്ക്കുകയും ചെയ്യ്തു.ആ വള ഇന്നും എല്ലാ ആണ്ടു പിറപ്പിലെ ആദ്യ തൃപ്പൂതിനു ദേവിയുടെ കൈയ്യില്‍ ചാര്‍ത്തി വരുന്നു. ആ പുതുക്കിയ പടിതര വിവരം ദേവസ്വം പതിവ് കണക്കില്‍ ഇന്നും അന്നത്തെ പ്രകാരം കാണുന്നു . ഈ കണക്കു കൊല്ലവര്‍ഷം 987 (1812 AD) ല്‍ നിശ്ചയിച്ചു പതിവ് കണക്കിനെ ആവര്‍ത്തിച്ചു കൊല്ലവര്‍ഷം 994 ല്‍ എഴുതിയതാണ് (AD 1819). കൊല്ലവര്‍ഷം 988 ചിങ്ങം 11നാണ് (AD 1813) സായിപ്പ് തിരുവാഭരണം നടക്ക് വെച്ചത്. 78 ഗ്രാമും, 400 മില്ലി ഗ്രാമും, 800 മില്ലിഗ്രാമും വീതമുള്ള രണ്ട് കാപ്പുകള്‍, 81 ഗ്രാം വരുന്ന അരപ്പട്ടയും ഉള്‍പ്പെട്ടതാണ് തിരുവാഭരണം. വിദേശി വിശ്വാസവുമായി ബന്ധപ്പെട്ട് ഈ തിരുവാഭരണം ഇന്നും എല്ലാ ആണ്ട് പിറന്ന ആദ്യ തൃപ്പൂത്തിനും ചാര്‍ത്തി വരുന്നു.

ഈ പനംതണ്ടന്‍വളകള്‍ ആറന്‍മുളയില്‍ ദേവസ്വംബോര്‍ഡിന്റെ സ്ട്രോങ് റൂമിലായിരുന്നു സൂക്ഷിച്ചിരുന്നത്. പിന്നീട് ഭക്തജനങ്ങളുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്ന് മലയാളവര്‍ഷാരംഭത്തിലെ ആദ്യ തൃപ്പൂത്തിന് ദേവിക്ക് ഈ വളയും ഒഡ്യാണവും അങ്കിയും ചാര്‍ത്തി ദീപാരാധന നടത്താന്‍ തുടങ്ങി. തൃപ്പൂത്ത് തുടങ്ങി പന്ത്രണ്ട് ദിവസം ദേവിയുടെ ഇഷ്ടവഴിപാടായ ഹരിദ്ര  പുഷ്പാഞ്ജലിയ്ക്കും വന്‍തിരക്കാണ്.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home