Namah shivaya manthra rahasyam
As told by Swami Darshanànda Saraswati:
നമ:ശിവായ എന്നത് പഞ്ചാക്ഷരി മന്ത്രമാണ്.ഇത് വൈദിക മന്ത്രമാണ്. ശുക്ല യജുർവേദം 16-ാമധ്യായം ശ്രീ രുദ്രമാണ്. ഈ അധ്യായത്തിലെ 41-ാം മന്ത്രമാണ് - " നമ:ശം ഭവായ ചമയോഭവായ ചനമ: ശങ്കരായ ചനമ:ശിവായ ച ശിവതരായ ച" എന്നത് .ഈ മന്ത്രത്തിലെ ഒരു ഭാഗമാണ് നമ:ശിവായ എന്നത്.
ഹൈന്ദവ രിൽ തീവ്ര വൈഷ്ണവരൊഴിച് ഒട്ടുമിക്കവരും ഈ മന്ത്രം നിത്യേന ചൊല്ലി വരുന്നു. പക്ഷേ ഇതിന്റെ അർഥമറിഞ്ഞു ജപിക്കുന്നവർ എത്ര പേരുണ്ടാവും?
ജപം അർഥവിചാരമാണ്.തജ്ജപസ്തദർഥ ഭാവനം എന്ന് പതഞ്ജലി മഹർഷി യോഗദർശനത്തിൽ ജപത്തെ നിർവചിക്കുന്നു. ജപം എന്നത് മന്ത്രത്തിന്റെ അർഥ വിചാരമാണ്. അർഥമറിയാതെ മന്ത്രാക്ഷരങ്ങളാ വർത്തിച്ച് ചൊല്ലുന്നത് ജപമല്ല. അർഥമറിയാതെയുള്ള ആവർത്തനം ഭസ്മത്തിൽ ഹോമിക്കുന്നതു പോലെ പ്രയോജനരഹിതമാണ്. നമുക്ക് പഞ്ചാക്ഷരിയുടെ അർഥ വിചാരത്തിലേക്ക് വരാം.ശ്രീമദ് ശങ്കരാചാര്യരുടെ പ്രഥമ ശിഷ്യനായ പത്മപാദാചാര്യർ 26 ശ്ലോകങ്ങളിലായി നമ:ശിവായ മന്ത്രത്തിന്റെ വിവിധാർഥ തലങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ആ ശ്ലോകങ്ങളെ ആധാരമാക്കി നമ:ശിവായ മന്ത്രത്തിന്റെ രഹസ്യ ഭൂമിയിലേക്ക് ഒരു യാത്ര നാളെ മുതൽ ആരംഭിക്കുന്നു. യാത്രയിൽ ചേരാൻ ജിജ്ഞാസുക്കളെ സ പ്രണാമം സ്വാഗതം ചെയ്യുന്നു.(തുടരും)
നമ:ശിവായ മന്ത്രരഹസ്യം - 1. ത്യാഗോ ഹി നമസോവാച്യ: ആനന്ദ പ്രകൃതേ സ്തഥാ ഫലം പ്രത്യയ വാച്യം സ്യാത് ത്യാജ്യം പത്ര ഫലാദികം ത്യജാമീദമിദം സർവം ചതുർണാമിഹസിദ്ധയേ. - 1. അർഥം - നമസ: വാച്യം ത്യാഗ: ഹി = നമസ് എന്ന പദത്തിന്റെ വാച്യാർഥം ത്യാഗം എന്നാകുന്നു. തഥാ പ്രകൃതേ: ആനന്ദ: = അതുപോലെ പ്രകൃതിയുടെ അർഥം ആനന്ദമെന്നാണ്. പ്രത്യയ വാച്യം ഫലം സ്യാത് = പ്രത്യയത്തിന്റെ അർഥം ഫലം എന്നാ കുന്നു.ഇഹ ചതുർണാം സിദ്ധയേ= ഇവിടെ നാലിന്റെയും സിദ്ധിക്കായി ഇദം ഇദം സർവം ത്യജാമി = ഇതിനെ ഇതിനെ എന്നിങ്ങനെ സകലതും ഞാൻ ത്യജിക്കുന്നു. നമസ് എന്ന ശബ്ദത്തിന് ഉപേക്ഷിക്കുക എന്നർഥം. ഉദാഹരണത്തിന് ഏതദ് വോ അന്നം സോപകരണം നമ: എന്ന വാക്യത്തിന് ഈ അന്നം പാത്രത്തോടു കൂടി ഞാനുപേക്ഷിക്കുന്നു എന്നാണർഥം.കർമകാണ്ഡത്തിൽ ഇത്തരം പ്രയോഗങ്ങൾ സാധാരണയാണ്.ശിവായ എന്ന രൂപത്തിൽ ശിവ ശബ്ദം പ്രകൃതിയും' ആയ 'ശബ്ദംപ്രത്യയവുമാണ്. പ്രത്യയം ചേരാത്ത രൂപമാണ് പ്രകൃതി. ഇവിടെ ശിവ എന്ന പ്രകൃതി രൂപത്തിന് ആനന്ദം എന്നർഥം.(ശിവം - സുഖം നാമ സ്കനിഘണ്ടു) ആയ എന്നത് ചതുർഥീ വിഭക്തിയുടെ പ്രത്യയമായ ങേയുടെ പരിണാമമാണ് (ങേര് യ) ചതുർഥിയുടെ കാരകത്വം സംപ്രദാനത്തിലാണ്.( ചതുർഥീ സംപ്രദാനേ-അഷ്ടാ ധ്യായി) സംപ്രദാനത്തിൽ ദാനധർമം നിഹിതമാണ്. അപ്പോൾ ശിവായ എന്ന പദത്തിന് ആനന്ദമെന്ന ഫലം ലഭിക്കുന്നതിനു വേണ്ടി എന്നർഥമാവുന്നു. ആനന്ദം പുരുഷാർഥ ഫലമാണ്. ധർമം അർഥം കാമം മോക്ഷം എന്നിവയാണല്ലോ പുരുഷാർഥം. ഈ ആനന്ദലബ്ധിക്ക് പത്ര ഫലാദികം ത്യാജ്യം. പത്രം പുഷ്പം ഫലം എന്നിവയെ ത്യജിക്കണം. ഇവകൊണ്ടുള്ള ബാഹ്യ പൂജാവിധാനങ്ങളെ ത്യജിക്കണം.ബാഹ്യ പൂജയിൽ നിന്നും മാനസിക പൂജയിലേക്കും അനന്തരം ആത്മാരാധനയിലേയ്ക്കും വളരണം. അതു മാത്രം പോരാ ഇദമിദം സർവം ത്യജാമി ഇത് ഇത് എന്നു പറയുന്നതിനെ യെല്ലാം ഞാൻ ത്യജിക്കുന്നു. കാരണം, 'തദേവ ബ്രഹ്മ ത്വം വിദ്ധി നേ ദം യദിദമു പാസതേ(കേന ഉപനിഷത്) ഇത് ഇത് എന്ന് പറയുന്നതെല്ലാം ഇന്ദ്രിയ വിഷയമാണ്.ശിവൻ ഇന്ദ്രിയ വിഷയമല്ല.തത് - അത് - ആണ് ശിവൻ. അതിനെ കിട്ടാൻ ഇതിനെ ഉപേക്ഷിക്കണം. പരോക്ഷമായ ശിവനെ ലഭിക്കാൻ വേണ്ടി ഞാൻ പ്രത്യക്ഷമായ ഇന്ദ്രിയ വിഷയങ്ങളെ ഉപേക്ഷിക്കുന്ന. ഓം നമ:ശിവായ .ഹേ സർവേശ്വരാ, ഞാൻ നിരതിശയാന്ദമായ മോക്ഷ സുഖത്തിനായി ഇന്ദ്രിയ വിഷയങ്ങളെ- ദൃശ്യപ്രപഞ്ചത്തെയും അതിൽ നിന്നുണ്ടാവുന്ന സുഖദു:ഖങ്ങളെയും - അങ്ങയുടെ പാദ കമല ങ്ങളിൽ സമർപ്പിക്കുന്നു.
നമ:ശിവായ മന്ത്രരഹസ്യം - 2. അഥവാ നമസോവാച്യ: പ്രണാമോ ദൈന്യലബ്ധയേ ദൈന്യം സേവാ തഥാ ജ്ഞപ്തി: സിദ്ധി സർവസ്യവസ്തുന: നമാമി ദേവം ദേവേശംസകാമോf കാമ ഏവ വാ.അർഥം - നമസ്ശബ്ദത്തിന്റെ പ്രചലിതമായ ലൗകികാർഥം പ്രണാമം എന്നാണ്. പ്രണാമം ദൈന്യ ലബ്ധിക്കു വേണ്ടിയാണ്. ക്ഷയമെന്നർഥമുള്ള ദിങ് ധാതുവിൽ നിന്നാണ് ദൈന്യ പദ നിഷ്പത്തി.അനുഭവിക്കും തോറും ക്ഷയിക്കുന്നതാണ് ദൈന്യം.ഇത് ലൗകിക സുഖഭോഗങ്ങളല്ലാതെ മറ്റൊന്നല്ല. സുഖദു:ഖങ്ങളേകുന്ന ഭോഗ പ്രാപ്തിക്ക് ഹേതു കർമമാണ്. അതിനാൽ ഇവിടെ ദൈന്യമെന്ന പദത്തിന് കർമമെന്നർഥം. ലോകത്തിൽ കാര്യം കാണാൻ കാലു പിടിക്കുന്നതാണ് പ്രണാമം.എന്നാൽ ഈശ്വരനെ നിത്യവും പ്രണമിച്ചാൽ ദൈന്യമില്ലാതാവും, കർമമൊടുങ്ങും. ദൈന്യം, സേവ, ജ്ഞാനം ഈ മൂന്നിന്റെയും ഫലമായി സകലതും സിദ്ധമാവുന്നു. അതായത് പുരുഷാർഥങ്ങൾ ലഭിക്കുന്നു. ദൈന്യം കർമമാണ്. സേവ ഈശ്വരോപാസനയാണ്. ജ്ഞപ്തി ജ്ഞാനവും.കർമം ജ്ഞാനം ഉപാസന എന്നിവയിലൂടെ അഭ്യുദയവും നി: ശ്രേയസ്സും ലഭിക്കുന്നു. സകാമ കർമം അഭ്യുദയത്തിനും നിഷ്കാമ കർമം നി: ശ്രേയസ്സിനും കാരണമാവുന്നു. ഹേ മംഗളമൂർത്തിയായ പരമാത്മാവേ കർമ ക്ഷയത്തിനായി അങ്ങയെ പ്രണമിക്കുന്നു.
നമ:ശിവായ മന്ത്രരഹസ്യം - 3 .ന ഞാ നിഷിധ്യതേ ഭാവ വികൃതിർ ജഗദാത്മന: മസനം ദേവദേവേശ നേഹ നാനാസ് തീതി ശബ്ദത:. - 3 .അർഥം - ഹേ ദേവ ദേവേശ= അല്ലയോ സർവേശ്വരാ നഞാ = നഞ് എന്ന നിഷേധാർഥത്തിലുള്ള അവ്യയം കൊണ്ട്, ജഗദാത്മന: മസനം = ജഗത്തിൽ വ്യാപിച്ചിരിക്കുന്ന പരമാത്മാവിന്റെ പരിണാമം എന്ന, ഭാവവികൃതി നിഷിധ്യതേ = ഭാവ വികാരം നിഷേധിക്കുന്നു, ഇഹനാനാ ന അസ്തി ഇതി= ഇവിടെ നാനാത്വമില്ല എന്ന് ശബ്ദത: = ശബ്ദ പ്രമാണമുള്ള തിനാൽ.ജഗത്തിലെല്ലാം വ്യാപിച്ചിരിക്കുന്നവനാണ് ജഗദാത്മാ.ആത്മ ശബ്ദത്തിന് വ്യാപിക്കുക എന്നർഥം. സർവാന്തര്യാമിയായ ഹേ ദേവ ദേവേശ, നമ: എന്നതിലെ നഞ് പ്രത്യയം നിഷേധാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നു. 'മ' എന്നത് മസനമാണ്.മസന മെന്നാൽ പരിണാമം. നമ: ശബദത്തിന് പരിണാമമില്ലാത്തത് എന്നർഥം. ഭാവ വികൃതി - ഭാവ ശബ്ദത്തിന് ഉണ്ടായത് എന്നർഥം. ഉണ്ടായവ വിശേഷ രൂപത്തിൽ കൃതമാണ് വി -കൃതമാണ്. ആരോ ഉണ്ടാക്കിയതാണ്. ജഗത്തുണ്ടായതായതിനാൽ നിരന്തരം പരിണാമശീലയാണ്.ഉണ്ടായ ജഗത്തിനെ വേണ്ട വിധം നോക്കി നടത്തുന്ന ഈശ്വരൻ ഉണ്ടായതല്ല, സ്വയംഭൂവാണ് അജമാണ്.ഉണ്ടായ ജഗത്തിലെല്ലാം അനാദിയും അജനുമായ പരമാത്മാവ് വ്യാപിച്ചിരിക്കുന്നു. ആ വ്യാപക വസ്തു പരിണാമിയല്ല, ഏക രസമാണ്. അങ്ങനെയുള്ള ഈശ്വരൻ ഏകമാണ് അനേകമില്ല. ദൃശ്യപ്രപഞ്ചം നാനാവിധമാണ്. ജീവാത്മാക്കളും അനേകമാണ്. ഇവയുടെയെല്ലാമീശ്വരൻ ഒന്നേയുള്ളു.അയേ തി ഗമയേത്യർഥേ തസ്മാത് ശുദ്ധോ സ്മി നിത്യശ: പ്രണാ മോദേഹ ദേഹ ഗേ ഹാദേരഭിമാനസ്യ നാശനം .4. അർഥം - അയ ഇതി = അയ എന്നത് ഗമയ ഇതി അർഥേ= ഗമിപ്പിക്കൂ എന്ന അർഥത്തിലുപയോഗിച്ചിരിക്കുന്നു. ദേഹ ഗേഹാദേ: = ദേഹംഗേഹം തുടങ്ങിയവയിൽ, അഭിമാനസ്യ നാശനം പ്രണാമ: = അഭിമാനത്തിന്റെ നശിപ്പിക്കലാണ് പ്രണാമം.തസ്മാത്= അതു കൊണ്ട് നിത്യശ: ശുദ്ധ: അസ്മി = നിത്യവും ശുദ്ധനാണ് ഞാൻ. അയഗതൗ എന്ന ധാതുവിൽ നിന്നും അയശബ്ദം നിഷ്പന്നമാവുന്നു. ഗതി ശബ്ദത്തിന് ഗമനം പ്രാപതി എന്നൊക്കെയർഥം. നമ:ശിവായ എന്നതിലെ അയശബ്ദത്തിന് ഗമിപ്പിക്കുന്നത് പ്രാപിപ്പിക്കുന്നത് എന്നർഥം ശിവായ = ശിവനെ പ്രാപിപ്പിക്കുന്നത്. പ്രണാമം എന്നത് ദേഹംഗേഹം എന്നിവയിലുള്ള അഭിമാനം നശിപ്പിക്കുന്നതാണ്.ശിവനെ പ്രാപിക്കണമെങ്കിൽ ശവത്തെ വെടിയണം. ശവം ജഡമാണ്. ജഡ പദാർഥങ്ങളോടുള്ള മമതയാണ് ദേഹാഭിമാനവും ഗേ ഹാഭിമാനവും മറ്റും. അഭിമാനത്യാഗം നമനം കൊണ്ടേ സാധ്യമാവൂ.എന്റെ എന്ന ഭാവമാണ് മമത. മമതയുള്ളവന് നിന്റെ എന്ന ഭേദബുദ്ധിയുണ്ടാവും. ഇവയുടെ കാരണം രാഗദ്വേഷങ്ങളാണ്.അതു തന്നെ കാമവും ക്രോധവും. കാമക്രോധങ്ങൾ നശിച്ചവന്റെ മനസ് ശുദ്ധമാവുന്നു. അങ്ങനെ ശുദ്ധനായവൻ ശിവനെ പ്രാപിക്കുന്നു.
നമ:ശിവായ മന്ത്രരഹസ്യം - 4 .ശിവോ ബ്രഹ്മാദി രൂപ: സ്യാത് ശക്തി ഭി: തി സൃഭി: സഹ അഥവാ തുര്യമേവ സ്യാത് നിർഗുണം ബ്രഹ്മ തത്പരം .ശിവൻ സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നു ശക്തികളോടുകൂടിയ ഥാക്രമം ബ്രഹ്മാവ് വിഷ്ണു, രുദ്രൻ എന്നീ മൂന്നു രൂപങ്ങൾ ധരിക്കുന്നു. പ മാത്മാവിന്റെ മാത്രം കർമ ക്ഷേത്രമാണ് സൃഷ്ടി, സ്ഥിതി, സംഹാരമെന്നിവ. ഈ മൂന്നിനും കൂടി ജഗദ് വ്യാപാരമെന്നു പറയുന്നു.പരമാത്മാവിന്റെ ശബള രൂപമാണിവിടെ വർണിച്ചത്. യസ്മിൻ സർവം ശേതേ തസ്മിൻ - ഏതിലാണോ സർവവും ശയിക്കുന്നത്-സ്ഥിതി ചെയ്യുന്നത് - അത് ശിവൻ.ആ ശബള രൂപത്തിൽ ജഗദ് വ്യാപാരം നടത്തുന്നു.ഇതിനപ്പുറം ശുദ്ധസ്വരൂപം നിർഗുണമാണ്.സാധകൻ തന്റെ തുരീയാവസ്ഥയിൽ നിർഗുണനും നിരാ കാരനും സർവവ്യാപിയുമായ ശിവനെ സാക്ഷാത്കരിക്കുന്നു.പരമാത്മാവിന് അവസ്ഥാത്രയങ്ങളോ അതിനപ്പുറം തുരീയമോ ഇല്ല. ജീവന്റെ നിലയിൽ നിന്നു നോക്കുമ്പോൾ അവനങ്ങനെ ധരിക്കുന്നുവെന്നു മാത്രം.നമസോ ന മനേശക്തി: നമനം ധ്യാനമേവ ച .ങേന്താത്താദാത്മ്യ സംബന്ധ: കഥ്യതേപ്രത്യഗാത്മനോ:- നമ ശബ്ദത്തിന് നമിക്കുക എന്നർഥം.നമനം ധ്യാനം തന്നെ ചതുർഥി വിഭക്തിയുടെ അവസാനം കൊണ്ട് ജീവാത്മാവിന്റെ താദാത്മ്യ സംബന്ധത്തെപ്പറയുന്നു. നമിക്കുക എന്നത് തന്നെയാണ് ധ്യാനം. വിഷയ സുഖാസ്വാദനമാണ് അഹന്തക്കു കാരണം. വിഷയ സുഖത്തിൽ താത്പര്യമില്ലാതാവുന്നതോടെ വിനയമുണ്ടാവുന്നു. നമ്രത അഹന്തയെ ഹനിക്കുന്നു. ചിത്തം ധ്യാന സജ്ജമാവുന്നു. ധ്യാനം നിർ വിഷയം മന:( സാംഖ്യം 6.25) മനസ്സിനെ വിഷയരഹിതമാക്കുകയാണ് ധ്യാനം.രൂപം, രസം, ഗന്ധം, സ്പർശം, ശബ്ദം എന്നിവയാണ് വിഷയങ്ങൾ. മനസ്സ് വൃത്തി രഹിതമാവുമ്പോൾ വിഷയവിമുക്തി സംഭവിക്കുന്നു. ശിവായ എന്നതിലെ ങേ പ്രത്യയം ജീവാത്മാവിന് പരമാത്മാവുമായുള്ള താദാത്മ്യ സംബന്ധത്തെ കാണിക്കുന്നു. താദാത്മ്യ ബന്ധം വ്യാപ്യ വ്യാപക ബന്ധമാണ്. പ്രണവോ ധനു: ശരോ ഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതേ അപ്രമത്തേന വേദ്ധവ്യം ശരവത്തന്മയോ ഭവേത് .( മുണ്ഡകം 2.2.4) പ്രണവം വില്ലാണ്. ജീവാത്മാവാണ് ശരം ബ്രഹ്മം ലക്ഷ്യമാണ്.ലക്ഷ്യത്തെ വേധിക്കണം. ശരം പോലെ തന്മയനാവണം, ഏകാഗ്രമാവണം.ലക്ഷ്യമായ പരമാത്മാവിൽ ചിത്തമേകാഗ്രമായ വൻ പരമാത്മാവിൽ സ്ഥിതി ചെയ്യുന്നു. ആ പരമാത്മാവ് തന്റെ ഓരോ കോശങ്ങളിലും വ്യാപിച്ചിരിക്കുന്ന എന്ന അനുഭവമുണ്ടാവുന്നു. ഈ വ്യാപ്യ വ്യാപ കാ നുഭവമാണ് തന്മയീഭാവം.
നമഃ ശിവായ മന്ത്രരഹസ്യം - 5. അഥവാ ദാസ ഏവാഹം, അഹംദാസ ഇതീരണം, ഇത്യേവ നമ ഇത്യുക്തം, വേ ദൈ: ശാസ്ത്രൈ ശ്ച സർവശ:(7) ഞാൻ അവിടുത്തെ ദാസനാണ് എന്ന ഭാവം ഭക്ത്യുപാസനയിൽ ഉൾപ്പെടുന്നു. ഭാഗവതത്തിൽ പ്രഹ്ളാദൻ അവതരിപ്പിക്കുന്ന നവവിധാന ഭക്തിയിൽ ഒന്നാണ് ദാസ്യം.ദാസ്യഭക്തിയുടെ ഉത്തമോദാഹരണമാണ് ശ്രീ ഹനുമാൻ. നമ: ശബദത്തിന്റെ ഒരർഥമാണ് ഈ ദാസ്യഭക്തി.മാത്രമല്ല ശിവായ എന്ന പദത്തിലെ പ്രത്യയമായ 'അയ' കൊണ്ട് സാധിക്കുന്ന സംപ്രദാനത്തിന്റെ സമർപ്പണ ഭാവവും ദാസ്യഭക്തിയിലലിഞ്ഞു ചേർന്നിരിക്കുന്നു. നമ:ശിവായ - ശിവനു വേണ്ടി തന്റെ തനു മന ധനമെല്ലാം സമർപ്പിക്കുക, തന്റെ സകലപ്രവർത്തികളും എന്തിനു തന്റെ ജീവിതം തന്നെയും പൂർണമായി ശിവനു സമർപ്പിക്കുക.ശിവന്റെ ആജ്ഞാനുവർത്തിയായി കാലം കഴിക്കുക.ഞാനെന്റെയല്ല അങ്ങയുടെ, അങ്ങയുടെ മാത്രം എന്നാണ് നമഃ ശിവായ എന്നത് കൊണ്ട് അർഥമാക്കേണ്ടത്. അഥവേദമിദം സർവം ത്യജാമിപരമാത് പതയേ ,അർഥം ധർമം ച കാമംച വാഞ്ഛം ച ജഗദീശ്വരം.(8) ധർമം അർഥം കാമം മോക്ഷം എന്നിവയാണ് പുരുഷാർഥങ്ങൾ.ഇവയിൽ മോക്ഷമാണ് പ്രധാനം. മോക്ഷത്തിലേക്കെത്തിക്കുന്നതാണ് മറ്റു മൂന്നും .ഈശ്വര പദത്തിലേക്കുള്ള യാത്രയിൽ ധർമാർഥ കാമങ്ങൾ പൊതിച്ചോറാണ്. ഇവയൊക്കെ ഈശ്വരൻ നമുക്ക് നല്കിയതാണ്. വേദ മാതാവ് പറയുന്നു - ആയു: പ്രാണം പ്രജാം പശും കീർത്തിം ദ്രവിണം ബ്രഹ്മ വർച്ചസം മഹ്യം ദത്വാ വ്രജത ബ്രഹ്മലോകം."ആയുസ് പ്രാണൻ സന്തതി നാല്ക്കാലി സമ്പത്ത്, കീർത്തി പണം ബ്രഹ്മവർച്ച സ് എന്നിവ ഞാൻ നിനക്ക് നല്കിയതാണ്. ഈ ലോകത്തിലെ ജീവിതത്തിനു വേണ്ടിയാണിവ നല്കിയത്.ഇവയൊന്നും തന്നെ പരലോകത്തിൽ പ്രയോജനപ്രദമല്ല. അതിനാൽ ബ്രഹ്മലോകത്തിലേക്ക് പോവുന്ന തിനു മുൻപ് ഞാൻ തന്നതെല്ലാം തിരിച്ചുനല്കണം. കളിപ്പാട്ടത്തിലും കളിയിലും മുഴുകിയ കുഞ്ഞിനെ അമ്മ ശ്രദ്ധിക്കുകയില്ല. കളിപ്പാട്ടം വലിച്ചെറിഞ്ഞിട്ട് അമ്മയെ വിളിച്ചു കരഞ്ഞാൽ അമ്മയോടിയെത്തി കുഞ്ഞിനെ വാരിപ്പുണരും. മാത്രമല്ല വാത്സല്യ ദുഗ്ദ്ധം വയർ നിറയെ ത്തരുകയും ചെയ്യും.പരമേശ്വരനെ ലഭിക്കാനായി ലോകമെന്ന കളിപ്പാട്ടത്തെ ത്യജിക്കണം. ഇതിനെ വിട്ടാലേ അതു ലഭിക്കൂ.
നമ:ശിവായ മന്ത്രരഹസ്യം (6) - ഏതാൻ മന്ത്രാർഥ തത്ത്വജ്ഞൈർ, വേദ വേദാന്ത തത്പരൈ:, നിർണീതം തത്ത്വ ഗർഭം യത്, വിജ്ഞേയം മുക്തി ലബ്ധയേ (9) വേദം വേദാന്തം എന്നിവയിൽ തത്പരരും മന്ത്രാർഥം തത്ത്വത്തോടു കൂടി അറിയുന്നവരും വേണം തത്ത്വ രഹസ്യം നിർണയിക്കുവാൻ. അവർ നിർണയിച്ചതത്ത്വ രഹസ്യം സാധകർ അറിയണം. ആ അറിവുകൊണ്ട് ആത്യന്തികമായ ദുരിത നിവൃത്തിയുണ്ടാക്കണം.അതിന് തത്ത്വദർശികളായ ആചാര്യന്മാരുടെ പാദങ്ങളിൽ പ്രണമിക്കണം. തദ്വിദ്ധി പ്രണി പാതേ ന പരിപ്രശ്നേന സേവയാ എന്ന് ഭഗവദ് ഗീത.അഹന്ത വിട്ട് ഗുരുപാദങ്ങളിൽ സാഷ്ടാംഗനമസ്കാരം ചെയ്യണം.ഗുരു സേവ ചെയ്തു കൊണ്ട് സംശയ ദൂരീകരണം നടത്തണം. കേവലം പുസ്തക പഠനമോ കലാശാലാ വിദ്യാഭ്യാസമോ ശുഷ്ക പാണ്ഡിത്യം നല്കിയേക്കാം. ഗുരു സേവ ചെയ്യാതെ തത്ത്വജ്ഞാനമുണ്ടാവുകയില്ല. നമ്രത, ജിജ്ഞാസ, ഗുരു ശുശ്രൂഷ ഈ മൂന്നും മന്ത്രാർഥം തത്ത്വത്തോടു കൂടിയറിയാൻ അത്യന്താപേക്ഷിതമാണ്. അഥവാ മുക്തി ലാഭായ, സേയം തത്ത്വം വിവേകത: ,ഭിന്നം ബു ദ്ധ്വാഹൃദാ ദേവം, മന്ത്രേണേശം ജഗദ് ഗുരും.(10) അല്ലെങ്കിൽ ജഗദ് ഗുരുവും സർവലോകനിയന്താവും പ്രകാശ സ്വരൂപനുമായ ശിവനെ തന്നിൽ നിന്നും ഭിന്നമായി അറിഞ്ഞ് ഹൃദയം കൊണ്ട് മന്ത്ര ഭാവനയിലൂടെ വിവേക പൂർവം തത്ത്വത്തെ ധ്യാനിക്കണം. ഈശ്വരൻ ജഗദ് ഗുരുവാണ്.പുർവേഷാമപി ഗുരു: കാലേ നാനവ ഛേദാത്. പൂർവികരായ ഗുരുക്കന്മാരുടെയും പരമഗുരുവാണ് ഈശ്വരൻ.ആ ഗുരുജഗത്തിന്റെ സ്വരൂപവും സ്വഭാവവുമറിയുന്നു. ആ അറിവിനെ മനുഷ്യർക്ക് വേദം മുഖേന നല്കുന്നു. ആ ശിവൻ ഈശനാണ് - ലോക നിയാമകനാണ്. സൃഷ്ടിയെ നോക്കി നടത്തുന്നവനാണ്.ദേവനാണ് - പ്രകാശ സ്വരൂപനാണ്. സൂര്യചന്ദ്രാദിഗ്രഹങ്ങൾക്കം അനേകകോടി നക്ഷത്രങ്ങൾക്കും പ്രകാശം നല്കുന്നവനാണ്. തസ്യ ഭാസാ സർവമിദം വിഭാതി. അവന്റെ പ്രകാശം കൊണ്ട് ഇതെല്ലാം പ്രകാശിക്കുന്നു. അങ്ങനെയുള്ള ഈശ്വരനെ തന്നിൽ നിന്നും ഭിന്ന നാണെന്നറിഞ്ഞ് ഉപാസിക്കണം. ഉപാസകനായ ജീവൻ ആത്മാവാണ്. ഉപാ സ്യനായ ഈശ്വരൻ പരമാത്മാവാണ്. ജീവാത്മാവിനെ പരമാത്മാവിൽ നിന്നും ഭിന്നനാകുന്നത് പരമ എന്ന വിശേഷമാണ്. ജീവാത്മാവ് ഏകദേശിയാണ് പരമാത്മാവ് സർവദേശിയാണ്. ജീവാത്മാവ് അല്പജ്ഞനാണ് പരമാത്മാവ് സർവജ്ഞനാണ്. ജീവാത്മാവ് അല്പശക്തനാണ് പരമാത്മാവ് സർവശക്തനാണ്.ഇങ്ങനെ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ഈശ്വരാദേശത്തെ മനനം ചെയ്യണം. ഈശ്വരാദേശമാണ് മന്ത്രം.ഇങ്ങനെ തത്ത്വബോധത്തോടെ ഈശ്വരനെ അറിയണം. ഈ അറിവ് മുക്തിയെ നല്കുന്നു.
നമ:ശിവായ മന്ത്രരഹസ്യം - 7. നമേരചിനമ: പ്രോക് തോ ജന്താ സ്യാത് ജഗദീശ്വരേ, തസ്മാദ് ദാസോ ഹമിത്യേ വം മത്വാ മാം പ്രാപയാത്മനി (11).നമ്ധാതുവിന് അച് പ്രത്യയ യോഗത്തിൽ നമ: ശബ്ദം പറയപ്പെടുന്നു.ഇതിന്റെയർഥം സംഹർത്താവ് എന്നാണ്.ശിവൻ സംഹാരകനാണ്. ഞാൻ ആ സംഹർത്താവിന്റെ ദാസനാണ്. എനിക്ക് ആത്മാവിൽ പരമാത്മാ ദർശനമുണ്ടാവട്ടെ.' പ്രേത്യഅസ്മാത് ലോകാത് അമൃതാ: ഭവന്തി ( കേനം.2.5 ) ഈ ലോകത്തിൽ മരിച്ചിട്ട് അമൃത നാവുന്നു. ഈ ലോകമെന്നത് വിഷയ ലോകം. വിഷയ ലോകം ബോധതലമാണ്. ബോധതലത്തിലുറങ്ങി പ്രതിബോധതലത്തിലുണർന്നാലേ അമൃതപ്രാപ്തിയുണ്ടാവൂ. പരമാത്മാവ് ബോധവിദിതമല്ല, പ്രത്യുത പ്രതിബോധവിദിതമാണ്. 'പ്രതിബോധവിദിതം മതം അമൃതത്വം ഹി വിന്ദതേ ' (കേനം 2.4) ആത്മജ്ഞാനം ബോധവൃത്തിയുടെ ഫലമല്ല.പ്രതിബോധം ആത്മജ്ഞാനം നല്കുന്നു. എന്താണ് പ്രതിബോധം ?ഇന്ദ്രിയങ്ങൾ വിഷയങ്ങളെ ഗ്രഹിക്കുന്നതാണ് ആഹാരം.നിരാഹാരം വിഷയങ്ങളെ ഗ്രഹിക്കാതിരിക്കലാണ്.സംഹാരം വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളുടെ ഉൾവലിയലാണ്. വിഷയങ്ങൾക്കെതിരെയുള്ളതിനെ ആഹരിക്കലാണ് പ്രത്യാഹാരം. പ്രത്യാഹാരത്തിന്റെ ഫലമായി ചിത്തവൃത്തികൾ നിരുദ്ധമാവുന്നു. ചിത്തവൃത്തികളുടെ നിരുദ്ധാവസ്ഥയിലുണ്ടാവുന്ന ജ്ഞാനം പ്രതി ബോധമാവുന്നു.ഇത് നിർവികല്പ സമാധിയിൽ യോഗികൾക്കുണ്ടാവുന്ന അബാഹ്യ പ്രത്യക്ഷമാണ്.അതായത് നിർവികല്പ സമാധിയിൽ ആത്മാവിൽ പരമാത്മ ദർശനമുണ്ടാവുന്നു.മനസ്സിലോ ബുദ്ധിയിലോ പരമാത്മ ദർശനമുണ്ടാവുകയില്ല. കാരണം പരമാത്മാവ് ബുദ്ധിഗ്രാഹ്യമല്ലെന്നതു തന്നെ. ആത്മനി പ്രാപയ- പരമാത്മാവിനെ ഓരോരുത്തർക്കും അവരവരുടെ ആത്മാവിൽ മാത്രമേ പ്രാപിക്കാനാവൂ. പ്രാപിക്കുന്നവൻ ജീവാത്മാവും പ്രാപ്യവസ്തുപരമാത്മാവുമാണ്.
നമ:ശിവായ മന്ത്രരഹസ്യം - 8. അസ്മിൻ ശേതേജ ഗത് സർവം, തന്മയം ശബ്ദഗാമിയത്, തദ്വനാത് ശിവ ഇത്യുക്തം, കാരണം ബ്രഹ്മ തത്പരാ:. (12) അർഥം - സകലജഗത്തും ഇവ നിൽ ശയിക്കുന്നു. യാതൊന്നാണോ ശബ്ദഗാമി അത് തന്മയമാവുന്നു. എന്തുകൊണ്ടെന്നാൽ അതിനുമപ്പുറമുള്ളതാണ് ബ്രഹ്മം. അത് പൂജനീയമായതിനാൽ ശിവൻ എന്നു പറയപ്പെട്ടു. ഉണ്ടായി നിലനിന്ന് ഇല്ലാതാവുന്നതാണ് ജഗത്.( ജ= ജായതേ .ഗ - ഗ ഛതി, ത-സ്ഥീയതേ ) സകലജഗത്തും ശിവനിൽ സ്ഥിതി ചെയ്യുന്നു. ഈശ്വരനാണ് സകല ലോകങ്ങളുടെയും ആധാരവും ആശ്രയവും.ജീവൻ ശബ്ദത്തോടൊപ്പം സഞ്ചരിക്കുമ്പോൾ ഈശ്വരനെ പ്രാപിക്കുന്നു. ശബ്ദം വേദമാണ്.ശ്രീവേദവ്യാസൻ പറയുന്നു - "ദ്വേ ബ്രഹ്മണിവേദിതവ്യേ ശബ്ദ ബ്രഹ്മപരം ബ്രഹ്മച .ശബ്ദ ബ്രഹ്മണി നി ഷ്ണാ ത: പരം ബ്രഹ്മമധിഗച്ഛതി " (മഹാഭാരതം ശാന്തി പർവം) രണ്ടു ബ്രഹ്മത്തെയറിയണം. ശബ്ദ ബ്രഹ്മത്തെയും പരബ്രഹ്മത്തെയും. ശബ്ദ ബ്രഹ്മത്തിൽ നിഷ്ണാതനായവൻ പരബ്രഹ്മത്തെയറിയുന്നു. ശബ്ദബ്രഹ്മം വേദമാണ്. ഈശ്വര്യജ്ഞാനമായ വേദപoനത്തിലൂടെയേ പരബ്രഹ്മത്തെയറിയാൻ സാധിക്കുകയുള്ളു. വേറെ വഴിയില്ല. വേദമൂലമാണ് പ്രണവം. പ്രണവം ഈശ്വരനെ നാമധേയമാണ്.തസ്യ വാചക: പ്രണവ: ( യോഗദർശനം ) ഈശ്വരന്റെ ശബ്ദ രൂപം പ്രണവമാണ്, ഓംകാരമാണ്. പ്രണവത്തെ അനുഗമിക്കുന്നവൻ ഈശ്വരനുമായി തന്മയനാവുന്നു. ശബ്ദത്തെ അനുഗമിക്കുകയെന്നാൽ അർഥ വിചാരം ചെയ്യൽ. തജ്ജപസ്തദർഥ ഭാവനം ( യോഗദർശനം) പ്രണവ ത്തെ ജപിക്കുകയെന്നാൽ പ്രണവത്തിന്റെ അർഥത്തെ വിചാരം ചെയ്യുകയാണ്. പ്രണവ ജപം സാധകനെ ഈശ്വരനിൽ തന്മയനാക്കുന്നു. ഉപാ സ്യനായ ശിവന്റെ നാമം വനമെന്നാണ്. തദ് ഹ തദ് വനം നാമതദ് വനമിത്യുപാസിതവ്യം ( കേനം 4.6) വനമെന്നതിന് ഭക്തിക്കു വിഷയം (വന് - സംഭക്തൗ ) എന്നർഥം. അതായത് പൂജനീയം. പൂജനീയ നായതിനാൽ ശിവൻ ഉപാ സ്യനാവുന്നു. ഈ ശിവനിലേക്ക് പ്രസ്ഥാനം ചെയ്യുന്നവനാണ് വാനപ്രസ്ഥി, കാടുകയറുന്നവനല്ല. വാനപ്രസ്ഥിയുടെ മറ്റൊരു പേരാണ് വൃക്ഷ നികേതനൻ - വൃക്ഷ മൂലം വിടാക്കിയവൻ എന്നത്.വാനപ്രസ്ഥിയുടെ വാസസ്ഥലം വൃക്ഷത്തിന്റെ ചുവടാണ്. എന്താണ് വൃക്ഷം? വൃശ്ച് - ഛേദനേ എന്ന ധാതുവിൽ നിന്നാണ് വൃക്ഷ ശബ്ദ നിഷ്പത്തി.സംസാരദുഃഖത്തെ മുറിച്ചുകളയുന്നതാണ് വൃക്ഷം.ആ വൃക്ഷം വേദമാണ്. വേദോ വൃക്ഷ: തസ്യ മൂലം പ്രണവ: (മഹി ധരൻ - കൃത്യ കല്പതരു) ആ വേദത്തിന്റെ മൂലമാണ് പ്രണവം. പ്രണവത്തിൽ വസിക്കുന്നവനാണ് വാനപ്രസ്ഥി.വനമെന്ന് പേരുള്ള ശിവൻ ഇദമല്ല. പര യാ ണ്, അതാണ്. പര ശ്രേഷ്ഠമാണ്. അതിനാൽ ബൃഹത്താണ്, ബ്രഹ്മമാണ്. ബൃഹത്വാദ് ബ്രഹ്മ.
നമ:ശിവായ മന്ത്രരഹസ്യം - 9. ന മാ യസ്യാസ്തി ലക്ഷമീശ, സോഹം ദേവോ ന സംശയ:, തസ്മാൻ മേ പ്രാപയ ഹൈവ ,ലക്ഷ്മീം വിദ്യാം സനാതനീം.(13) പ്രകാശ സ്വരൂപനും ഐശ്വര്യ നിയാമകനുമായ ജഗദീശ്വരാ, യാതൊരുവന് ലക്ഷ്മീദേവി ഇല്ലാതിരിക്കുന്നുവോ അവനാണ് ഞാൻ. അതു കൊണ്ട് സനാതനവും ഐശ്വര്യം നല്കുന്നതുമായ വിദ്യയെ എനിക്കിപ്പോൾത്തന്നെ പ്രാപിക്കണം. ഹേജഗദീശ, അവിടുന്ന് ദേവനാണ്. സ്വയം പ്രകാശ സ്വരൂപനും ലോകത്തിന് പ്രകാശം നല്കുന്നവനുമാണ്.ലക്ഷ്മീനാണ്. സകല സമ്പത്തിനു മുടയവനാണ്. കസ്യ സ്വിദ്ധനം (ഈശം.1. ) ഈ ധനം 'ക'യുടെ - പ്രജാപതിയുടെ യാണ്.(ക: നാമ പ്രജാപതി ) ഈശ്വരൻ സമ്പത്തിന്നുടമ മാത്രമല്ല സമ്പത്തിനെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നവനുമാണ്. അല്ലയോ ഭഗവാനേ, എനിക്ക് ചിര സ്ഥായിയായസമ്പത്തില്ല. അതു കൊണ്ട് എനിക്ക് എന്നും നിലനില്ക്കുന്ന ഐശ്വര്യമുണ്ടാവാനുള്ള വിദ്യയെ നല്കിയാലും."താം മ ആവഹ ജാതവേദോ ലക്ഷ്മീം അനപഗാമിനീം " ( ശ്രീസൂക്തം - 2) ഹേ ജാതവേദസേ, ഇറങ്ങിപ്പോകാത്ത ലക്ഷ്മിയെക്കൊണ്ടു വന്നാലും .ലക്ഷ്മി ചിര സ്ഥായിയാവണം. ഗൃഹത്തിലെന്നുമുണ്ടാവണം. അതിനെന്തു ചെയ്യണം. ഒരേയൊരു വഴിയേയുള്ളു. ധ്യേയം ശ്രീപതി രൂപ മജസ്രം.ലക്ഷ്മീപതിയെ നിരന്തരം ഭജിക്കുക .വിഷ്ണു സ്തുതി കേൾക്കുന്നത് ലക്ഷമീദേവിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. എവിടെ വിഷ്ണുവിന്റെ നാമസങ്കീർത്തനവും കഥാകഥനവും നടക്കുന്നുവോ അവിടെ ലക്ഷ്മീദേവി കയറിച്ചെല്ലുന്നു.ലക്ഷ്മി ചെല്ലുന്നിടത്ത് ഭൗതികസമ്പത് സമൃദ്ധിയുണ്ടാവുന്നു. കാശുണ്ടായാൽ പിന്നെന്തു നാരായണൻ? നമ്മൾ വിഷ്ണുഭജനം നിർത്തുന്നു.ലക്ഷ്മീദേവി പടിയിറങ്ങുന്നു.ലക്ഷ്മി ചഞ്ചലയാണെന്നു നാം കുറ്റപ്പെടുത്തുന്നു.സത്യത്തിലാർക്കാണ് ചാഞ്ചല്യം? നാല് കാശു കണ്ടപ്പോൾ നാരായണനെ മറന്ന നമ്മൾക്കോ നാരായണ സ്തുതിയുളളിടത്തേ ഞാനുള്ളു എന്ന് ദൃഢതയുള്ള ലക്ഷ്മിദേവിക്കോ? നിരന്തരം നാരായണ കഥകൾ പറയൂ ലക്ഷ്മി അവിടെ സ്ഥിരമായുണ്ടാവും.
നമ:ശിവായ മന്ത്രരഹസ്യം - 10. യസ്മാദാനന്ദരൂപ സ്ത്വം, ദേവൈർ വേ ദൈർ നിഗദ്യസേ, തസ്മാൻ മേ ദേഹി യോഗീശ ഭദ്രം ജ്ഞാനം സുഭാവനം (14) അർഥം -യാതൊരു കാരണം കൊണ്ട് വിദ്വാന്മാരും വേദങ്ങളും അങ്ങ് ആനന്ദ സ്വരൂപമാണെന്ന നിഗമനത്തിലെത്തി ചേർന്നിരിക്കുന്നുവോ അക്കാരണങ്ങളാൽത്തന്നെ മഹായോഗിയായ അങ്ങ് എനിക്ക് സ്വാധ്യായത്തിനുതകുന്ന മംഗളദായകമായ ജ്ഞാനം നല്കിയാലും.സച്ചിദാനന്ദം എന്നത് ഈശ്വരന്റെ സ്വരൂപ ലക്ഷണമാണ്. സത് + ചിത്+ ആനന്ദം. ഈശ്വരന്റെ നിർവചനമാണിത്.ഈശ്വരൻ, ജീവാത്മാവ്, പ്രകൃതി എന്നീ മൂന്ന് അനാദിത്ത്വങ്ങളിൽ ഈശ്വരന്റെ മാത്രം സ്വഭാവമാണ് ആനന്ദം. പ്രകൃതി സത് മാത്രമാണ്. ജീവാത്മാക്കൾ സത് + ചിത്=സത് ചിത് ആണ് .ഈശ്വരൻ സത് + ചിത്+ ആനന്ദമാണ്. പ്രകൃതിയിൽ നിന്നും ജീവാത്മാക്കളിൽ നിന്നും ഈശ്വരനെ വ്യതിരിക്തനാക്കുന്നത് ആനന്ദമാണ്. ആനന്ദം ബ്രഹ്മണോ വിദ്വാൻ, രസോ വൈസ: എന്നീ ഉപനിഷത് വാക്യങ്ങൾ ഈശ്വരന്റെ ആനന്ദ സ്വരൂപത്തിന് പ്രമാണമാണ്. ജീവാത്മാവ് ആനന്ദരഹിതനാണ് അതിനാൽ അവൻ സദാ ആനന്ദത്തെ അന്വേഷിക്കുന്നു. "നേതരോ fനു പപത്തേ: ( ബ്രഹ്മസൂത്രം 1.1.16) ഈ സൂത്രഭാഷ്യത്തിൽ ശ്രീശങ്കരൻ പറയുന്നു - "നേതര: ഇതര :ഈശ്വരാന്യ: സംസാരീ ജീവ ഇത്യർഥ: ന ജീവ ആനന്ദമയ ശബ്ദേ നാഭിധീയതേ "ഇതര ശബ്ദത്തിന് ഈശ്വരനിൽ നിന്നന്യന്നും സംസാരിയുമായ ജീവനെന്നർഥം. ജീവൻ ആനന്ദമയ ശബ്ദത്താലറിയപ്പെടുന്നില്ല. രസോ വൈ സ: രസം ഹിഏ വായം ലബ്ധ്വാ ആനന്ദീഭവതി (തൈത്തിരിയോപനിഷത്) അവൻ - ഈശ്വരൻ -ആനന്ദമാവുന്നു. ആ ആനന്ദം ലഭിച്ചിട്ട് ജീവാത്മാവ് ആനന്ദം അനുഭവിക്കുന്നു. അനുഭവിക്കുന്നവനും അനുഭവിക്കപ്പെടുന്ന വസ്തുവും ഒന്നല്ല. അതിനാൽ ജീവാത്മാവും ബ്രഹ്മവും ഒന്നല്ല. ആനന്ദം എന്ന ഈശ്വരൻ ഭദ്രമാണ്. ഭദ് - ധാതുവിന് കല്യാണം സുഖം എന്നർഥം. ഭദ് - നെ നല്കുന്നത് ഭദ്രം.മംഗളം സുഖം എന്നിവയെ നല്‌കുന്നതാണ് ഭദ്രം. ആനന്ദം ജ്ഞാനമാണ്. തത്ര നിരതിശയം സർവജ്ഞ ബീജം ( യോഗദർശനം 1.25) ഈശ്വരനിൽ നിരതിശയമായ സർവജ്ഞ ബീജം സ്ഥിതി ചെയ്യുന്നു. സകല ജ്ഞാനത്തിന്റെയും വിത്ത് ഈശ്വരനാണ്. മാത്രമല്ല ആ ജ്ഞാനം സുഭാവനമാണ്. നന്നായി വിചാരം ചെയ്യാൻ യോഗ്യമാണ്. ഹേ ജഗദീശ്വരാഭദ്രവും ജ്ഞാനവും സുഭാവനവുമായ ആനന്ദത്തെ ഞങ്ങൾക്ക് നല്കിയാലും.
നമ:ശിവായ മന്ത്രരഹസ്യം - 11. യസ്മാത് ത്വം നേതിനേതീതി, ന ഞർഥം മാസിവേദജം, തസ്മാത് നമോfസി ഭദ്രം മേ,യതോ ജാതോ നമോ നമ:(15)യാതൊരു കാരണത്താൽ ഇതല്ല ഇതല്ല എന്ന നിഷേധത്തിലൂടെ നിന്നെ അളക്കുന്നു അതു കൊണ്ട് നീ അളവില്ലാത്തവനാണ്. നീ വേദത്തിൽ നിന്നുണ്ടായ ഭദ്രമാണ്. അളവുള്ള എന്റെ ജനനത്തിനു കാരണമായ അവന് നമസ്ക്കാരം. അറിവിന്റെ മാർഗമാണ് വിധിയും നിഷേധവും.ഈശ്വരൻ ഇന്ദ്രിയവിഷയ മോ ബുദ്ധിഗമ്യമോ അല്ലാത്തതിനാൽ ഈശ്വരൻ' ഇങ്ങനെ'യാണെന്നു പറയാനാവില്ല. ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ ഒടുങ്ങാത്ത പൊരുൾ നാം കണ്ടെത്തുന്നു. ആ ഒടുങ്ങാത്ത പൊരുളാണീശ്വരൻ. അത് ഒടുങ്ങാത്തതായതു കൊണ്ട് അതിനളവില്ല."ന തസ്യ പ്രതിമാ അസ്തി യസ്യ നമ മഹദ്യശ: " ( യജു. 32.3) ഈശ്വരൻ വേദജമാണ്, ഭദ്രമാണ്. വേദത്തിലൂടെയേ ഈശ്വരനെ അറിയാനാവൂ.ശബ്ദ ബ്രഹ്മണി നിഷ്ണാത: പരം ബ്രഹ്മമധിഗച്ഛതി എന്ന വ്യാസവചനം സ്മരണീയം. പരമാത്മാവിനളവില്ല. അദ്ദേഹം വിഭുവാണ്. പക്ഷേ ഞാൻ അളവുള്ളവനാണ്, പരിച്ഛിന്നനാണ്. ശ്വേതാശ്വത രോപനിഷത്തിലെ ജ്ഞാ ജ്ഞൗ ദ്വാവ ജാവീശാനീശാവജാ..... (1,9) എന്ന മന്ത്രം ഭാഷ്യംചെയ്യവേ ശ്രീ ശങ്കരൻ പറയുന്നു - "ജ്ഞ അജ്ഞ രണ്ടും രണ്ടാണ്. ഈശ്വരൻ സർവജ്ഞനും ജീവൻ അല്പജ്ഞനുമാണ്. ഇവ രണ്ടും ജന്മാദി രഹിതമാണ്. പരമാത്മാവ് സർവേശ്വരനാണ്. ജീവൻ അനീശ്വരനും.പരമേശ്വരൻ സർവജ്ഞനും ജീവൻ അസർവജ്ഞനുമാണ്. പരമേശ്വരൻ സർവകൃത്തും ജീവൻ അസർവകൃത്തുമാണ്. പരമേശ്വരൻ എല്ലാറ്റിനേയും പോഷിപ്പിക്കുന്നു. ജീവൻ ശരീരത്തെ മാത്രം പോഷിപ്പിക്കുന്നു.പരമേശ്വരൻ സർവാത്മാവാണ്. ജീവൻ അങ്ങനെയല്ല. പരമേശ്വരൻ സർവൈശ്വര്യ വാനും ആപ്ത കാമനുമാണ്.ജീവനാകട്ടെ അല്പൈ ശ്വര്യ വാനും അനാപ്ത കാമനുമാണ്. അതിനാൽ ഞാൻ പരമാത്മസ്വരൂപമായ ശിവനല്ല. ജീവാത്മാവ് ശരീരം സ്വീകരിക്കുന്നത് ജനനവും ശരീരമുപേക്ഷിക്കുന്നത് മരണവുമാണ്. പരിച്ഛിന്നനാകയാൽ ജീവാത്മാവിന് ശരീരത്തിൽ മാത്രമേ സ്ഥിതിയുള്ളു. ഈ ശരീരത്തിനളവുണ്ട്. ജീവാത്മാവ് ജനിച്ചതല്ല അത് അനാദിയാണ്. എന്നാൽ എന്റെ ഈ ശരീരഗ്രഹണത്തിന് നിമിത്ത കാരണം ഈശ്വരനാണ്. ആ ഈശ്വരനെ ഞാൻ നമസ്കരിക്കുന്നു.
നമ:ശിവായ മന്ത്രരഹസ്യം - 12. ശിവം ശിവമഥാപ്രാപ്ത:, ശിവായേതി നിഗദ്യ സേ, ശിവായ മേ തഥാപ്രാപ്ത്യാ, ശിവായം കുരു സർവദാ. (16) ഇപ്രകാരം സർവ മംഗളവും നിരതിശയവുമായ ശിവതത്ത്വത്തെ പ്രാപിച്ച അങ്ങ് ശിവനെ പ്രാപിച്ചവനായി പറയപ്പെടുന്നു. അപ്രകാരം ശിവനാൽ പൂർണമായും പ്രാപിക്കപ്പെട്ട എന്നെ സർവദാശിവനെ പ്രാപിച്ചവനാക്കൂ.ശിവതത്ത്വം മംഗളമാണ്, നിരതിശയമാണ്.ശിവൻ പൂർണമായും ശുദ്ധനാണ്.ശിവനിൽ ശിവത്വമേയുള്ളു. മറ്റു കലർപ്പുകളൊന്നുമില്ല. മായമില്ലാത്ത ഒരു പദാർഥമുണ്ടെങ്കിൽ അത് ശിവനാണ്.ശിവൻ പരിപൂർണമായും ശിവമയമാണ്. സാധനയിലൂടെ ശിവനെ പ്രാപിച്ചാൽ മാത്രമേ എനിക്ക് ശിവത്വം കിട്ടുകയുള്ളു. ഹേ പരമ പവിത്രനും മംഗള സ്വരൂപനമായ ഭഗവൻ അവിടുന്ന് എന്നെ പരമ പവിത്രനും മംഗള പ്രദനുമാക്കിയാലും. അങ്ങ് ലോകത്തിനു പകാരം ചെയ്യുന്നതു പോലെ ലോകോപകാരിയാവാൻ ഞാനും സമർഥനാകട്ടെ. ഞാനെപ്പോഴും അങ്ങയിൽത്തന്നെ വസിക്കട്ടെ. തന്നിലില്ലാത്തതും ഈശ്വരനിലുള്ളതുമായ ഗുണങ്ങളെ തന്നിലേയ്ക്കാവാഹിക്കുന്നതാണ് പ്രാർഥന.ലൗകിക വിഷയങ്ങൾ ചോദിക്കുന്നത് പ്രാർഥനയല്ല, യാചനയാണ്. ഭക്തൻ യാചകനല്ല.സത്യമ സി സത്യം മയിധേ ഹി അവിടുന്നു സത്യമാണ്. ആ സത്യമെനിക്കു നല്കിയാലും എന്ന് പ്രാർഥിക്കുമ്പോൾ വാക്കിലും പ്രവൃത്തിയിലും സത്യസന്ധരാകാനുള്ള പരിശ്രമവും കൂടിയുണ്ടാവണം. എങ്കിലേ അത് പ്രാർനയാവൂ.ശിവായം കുരു സർവദാ എന്ന പ്രാർഥന ഒരു നിതാന്ത രഹസ്യം വെളിപ്പെടുത്തുന്നു.സാധകൻ എല്ലായ്പ്പോഴും ശിവനെ പ്രാപിച്ചവനേ ആകുന്നുള്ളു. ഒരിക്കലും ശിവനാകുന്നില്ല. അപ്പോൾ ശിവം ഭൂത്വാശിവം യജേത് എന്നതിനെന്താണർഥം? ശിവനായിട്ട് ശിവനെയജിക്കണമെന്നല്ലേ? അല്ല.സംസ്കൃത ഭാഷയിൽ പ്രഥമ ഗണത്തിലും ദശമഗണത്തിലും ഭൂ ധാതു വരുന്നുണ്ട്. പ്രഥമഗണത്തിലെ ഭൂ ധാതു വിന് ആവുക എന്നർഥം. ദശമഗണത്തിലെ ഭൂ ധാതുവിന് പ്രാപിക്കുക എന്നർഥം. ശിവം ഭൂത്വാ എന്നിടത്ത് ദശമഗണത്തിലെ ഭൂ ധാതുവിന്റെ അർഥമെടുക്കണം.ശിവനെ പ്രാപിച്ചിട്ട് ശിവനെയജിക്കണം. പ്രാപിക്കാനായി ഉപാസന ചെയ്യണം. യജനം അഥവാ പൂജ സത്ക്കാരമാണ്. സത്കാരം സത്ക്കരിക്കുന്നവനെ പ്രാപിച്ചിട്ടേ ചെയ്യാൻ സാധിക്കൂ.യജനം സംഗതീകരണമാണ്, കൂടി ചേരലാണ്.
നമ:ശിവായ മന്ത്രരഹസ്യം - 13. ശിവാം യാതോ മഹാ ഭദ്ര, നമോ മായയാfധ്രുവം, തതോനമായമഹ്യം മ:ശിവായം കുരു സർവഥാ .(17) അല്ലയോ മഹാഭദ്ര ഞാൻ മായ ഹേതുവായി ഉറപ്പില്ലാത്തവനായി. അതിനാൽ വിദ്യാവിഹീനനായ എനിക്ക് സകലതും എല്ലാ പ്രകാരത്തിലുംമംഗളമാക്കിയാലും. ശിവൻ മഹാഭദ്രനാണ്.ദുരിതാനി പരാസുവ യദ്ഭദ്രം തന്ന ആസുവ(ഋഗ്വേദം) ദുരിതങ്ങൾ അകലെയാവണം.ഭദ്രം വന്നു ചേരണം. ദുരിതങ്ങൾ അനവധിയാണ്.ഭദ്രം ഒന്നേയുള്ളു. ആ ഒന്നാണ് ശിവൻ. അവൻ മഹാഭദ്രനാണ്. മഹത്തായ മംഗളവും സുഖവും നല്കുന്നവനാണ്. മായ പ്രകൃതിയാണ്. മായാം തു പ്രകൃതിം വിദ്യാത് (ശ്വേതാശ്വതരോപനിഷത്) മായ ഇല്ലാത്തതല്ല, മിഥ്യയല്ല. പ്രകൃതി നിത്യ പരിണാമശീലയാണ്. ആ പ്രകൃതിയോടുള്ള ആകർഷണം എന്നെ ചഞ്ചലനാക്കുന്നു.തന്മൂലം ഞാൻ അവിദ്യയുടെ പിടിയിലകപ്പെടുന്നു. ഈ അവിദ്യ വേണ്ടാത്തതല്ല. മൃത്യുവിനെക്കടക്കാൻ അവിദ്യയാവശ്യമാണ്. അവിദ്യയാമൃത്യും തീർത്വാ വിദ്യയാf മൃതമശ് നുതേ (ഈ ശാവാസ്യം ) വിദ്യകൊണ്ട് അമൃത നാവണമെങ്കിൽ അവിദ്യകൊണ്ട് മൃത്യുവിനെ ജയിക്കണം. ഉർവാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയമാf മൃതാത്.ഉർവാരുക പഴം പോലെ മൃത്യു ബന്ധനത്തിൽ നിന്നും വിട്ടു പോരണം. പഴത്തിന്റെ ഞെട്ടാണ് മൃത്യു ബന്ധനം. ഞെട്ടുണ്ടെങ്കിലേ കായ മുഴുകുകയും പഴുക്കകയും ചെയ്യൂ.മുഴുക്കാനും പഴുക്കാനും ബന്ധനമാവശ്യമാണ്. പഴുത്താൽ സ്വയമേവ ഞെട്ടറ്റു കൊള്ളും. ചിരട്ടയുടെ ബന്ധനത്തിൽ നിന്നും കൊപ്ര വിട്ടു പോരാൻ വിഷയരസം വറ്റണം. പ്രകൃതിയോടുള്ള ബന്ധനമാണ് മൃത്യു ബന്ധനം. പ്രകൃതി - പുരുഷ വിവേക ഖ്യാതി നേടുന്നതോടുകൂടി അവിദ്യ നശിക്കുന്നു. വിദ്യ നേടുന്നു.വിദ്യകൊണ്ട് മോക്ഷ സ്വരൂപമായ ആനന്ദമനുഭവിക്കുന്നു. ശിവസായൂജ്യം നേടുന്നു.
നമ:ശിവായ മന്ത്രരഹസ്യം - 13. ശിവമേഷി യതോ ജ്ഞപ്ത്യാ, ശിവായ സ്ത്വം പ്രപദ്യസേ, ന തേ മായാ യതോ ജ്ഞപ്ത്യാ, നമോ വേദൈ പ്രപദ്യതേ.( 18) യാതൊരു ജ്ഞാനം കൊണ്ട് നീ ശിവനെ പ്രാപിക്കുന്നുവോ അക്കാരണത്താൽ നീ ശിവായൻ എന്നറിയപ്പെടുന്നു. ഏതൊരു കാരണം കൊണ്ട് നിന്റെ മായ ഇല്ലാതാവുന്നുവോ ആ ജ്ഞാനത്തിലൂടെ വേദങ്ങളാൽ നമൻ എന്നറിയപ്പെടുന്നു. ജ്ഞാനം കൊണ് ശിവനെ പ്രാപിക്കുന്നു. ജ്ഞാനാത് മുക്തി: (സാം'ഖ്യം) അറിവാണ് ഈശ്വര പ്രാപ്തിക്കു കാരണം." വേദാഹ മേതം പുരുഷം മഹാന്തം ആദിത്യവർണം ത മ സ:പരസ്താത് തമേവ വിദിത്വാ അതി മൃത്യുമേതിനാf ന്യപന്ഥാവിദ്യതേ അയനായ " ( പുരുഷസൂക്തം -യജുർവേദം) തമസിനപ്പുറം ആദിത്യനെപ്പോലെ പ്രകാശിക്കുന്ന മഹാനായ പുരുഷനെ ഞാനറിയുന്നു. അവനെ അറിഞ്ഞിട്ടു തന്നെ മൃത്യുവിനെ കടക്കുന്നു. മൃത്യു ദു:ഖമൊഴിവാക്കാൻ വേറെ വഴിയില്ല. ശിവനെ അറിയാനൊരു വഴിയേയുള്ളു, ശിവായ നാവുക.ശിവായ ശബ്ദം ചതുർഥീ വിഭക്തിയാണ്.അത് സംപ്രദാന കാരകമാണ്.ഇവിടെ സമ്യക്കായി - പൂർണമായി - ദാനം ചെയ്യണം. എന്തിനെ ദാനം ചെയ്യണം? നമ്മുടെ സകലമാന സമ്പത്തും നമുക്ക് ലഭിച്ചതാണ്. സത്യത്തിൽ അവയൊന്നും നമ്മുടെതല്ല. ഈ ശരീരം, പേര്, വസ്ത്രാഭരണങ്ങൾ, ഭുമിയാദിയായ സമ്പത്തുക്കൾ ഒന്നും തന്നെ നമ്മൾ ഉണ്ടാക്കിയതല്ല. ഇതെല്ലാം അവൻ തന്നതാണ്. ഇവയൊന്നും ദാനം ചെയ്യാൻ നമുക്കധികാരമില്ല. കാരണം ഇവയുടെയൊന്നും ഉടയവൻനാമല്ല. എനിക്കു സ്വന്തമായി ഞാൻ മാത്രമേയുള്ളു. അതിനാൽ ആത്മ നിവേദനമാണ് സംപ്രദാനം. ഈ ആത്മ നിവേദനത്തെ ഈശ്വരപ്രണിധാനം എന്നു പറയുന്നു.'ഈശ്വരപ്രണിധാനാദ്വാ, (യോഗദർശനം) പരമഗുരുവായ ഈശ്വരന് സമർപ്പിക്കുന്നതുകൊണ്ടും മുക്തി ലഭിക്കുന്നു. ശിവായൻ തന്നെത്തന്നെ ഈശ്വരന് മുക്ത്യാർ നല്കിയവനാണ്. ലൗകിക വിഷയങ്ങളിലുള്ള ആസക്തിയാണ് മായ.ലൗകിക സുഖഭോഗങ്ങൾ ആത്യന്തികമായി ദു:ഖത്തിലേക്ക് നയിക്കുന്നു. ഭോഗേ രോഗ ഭയം. ബുദ്ധി അഥവാ ചിത്തം വിഷയങ്ങളിൽ നിന്നും പിന്തിരിഞ്ഞ് ഈശ്വരനിൽ മുഴുകുമ്പോൾ നിരതിശയാനന്ദം ലഭിക്കുന്നു. ഈ ആനന്ദം നല്കുന്ന അറിവാണ് പ്രകൃതി - പുരുഷ വിവേക ജ്ഞാനം. ഈ ജ്ഞാനമുണ്ടാവുന്നതോടുകൂടി മായാബന്ധനം - പ്രകൃതി ബന്ധനം -ഒഴിയുന്നു. അപ്പോൾ നമൻ ആവുന്നു. ആരാണ് നമൻ? മന: എന്ന പദം തിരിച്ചിട്ടാൽ നമ: എന്നാവും. വിഷയങ്ങളിൽ മുഴുകിയ മനസ്സിനെ അവിടെ നിന്നും തിരിച്ചെടുത്ത് ഈശ്വരനിൽ മുഴുകുമ്പോൾ നമൻ ആവും. ഹേ ഭഗവൻ എന്റെ മനസ്സെപ്പോഴും അങ്ങയിൽ മുഴുകട്ടെ.
നമ:ശിവായ മന്ത്രരഹസ്യം - 14. നമോfഹം ശിവായോfഹം, നമോ മഹ്യാം നമോ നമ:, നമോ നമായ ശുദ്ധായ, മംഗലായ നമോ നമ:(19) ഞാൻ പരിണാമ രഹിതനാണ്. ഞാൻ ശിവനെ പ്രാപിച്ചവനാണ്.മഹത്തായ പരിണാമ രഹിതനു നമസ്കാരം. ശുദ്ധനായ അളവില്ലാത്തവന് നമസ്കാരം. മംഗള സ്വരൂപന് വീണ്ടും വീണ്ടും നമസ്കാരം.ലോകത്തിൽ രണ്ടേ രണ്ട് പദാർഥങ്ങളേയുള്ളു. ചേതനവും അചേതനവും. അചേതന പദാർഥംപ്രകൃതിയാണ്. ചേതന പദാർഥത്തിന് പുരുഷൻ, ആത്മാവ് എന്നെല്ലാം നാമധേയം. പുരുഷൻ രണ്ടു വിധം പിണ്ഡപുരുഷനും ബ്രഹ്മാണ്ഡ പുരുഷനും. ഇവ തന്നെ യഥാക്രമം ജീവാത്മാവും പരമാത്മാവും. പ്രകൃതി പുരുഷയോരന്യത് സർവമനിത്യം (സാംഖ്യം) പ്രകൃതിയും പുരുഷനും നിത്യമാണ്. ബാക്കിയെല്ലാം അനിത്യമാണ്.പരിണാമം അചേതന പദാർഥത്തിനു മാത്രമേയുള്ളു. ചേതന പദാർഥമായ പുരുഷൻ അവ്യയനാണ് - മാറ്റമില്ലാത്തവനാണ്. പുരുഷന്റെ ഈ ക്ഷണം പ്രകൃതിയുടെ സാമ്യാവസ്ഥക്കു മാറ്റമുണ്ടാക്കുന്നു. അതാണ് സൃഷ്ടിയുടെ ആരംഭം.പരമാത്മാവ് ശുദ്ധനാണ്. സ്വയം ശുദ്ധനായിരുന്നു കൊണ്ട് അന്യമായതിനെ ശുദ്ധമാക്കുന്നു. അതുപോലെ പരമാത്മാവ് മംഗളമാണ്, ഭദ്രമാണ്. ജീവാത്മാക്കൾ അനേകമാണ് അശുദ്ധവുമാണ്. വിഷയ ബന്ധം ജീവാത്മാവിനെ അശുദ്ധമാക്കുന്നു. വിഷയ ബന്ധം വിടുന്ന തോടുകൂടി ജീവൻ ശുദ്ധനാവുന്നു. ശുദ്ധനാവുമ്പോൾ ശിവനെ പ്രാപിക്കുന്നു. ശിവനെ പ്രാപിക്കുന്നതോടെ സ്വരൂപത്തിലവസ്ഥിതനാവുന്നു.തദാദ്രഷ്ടു: സ്വരൂപേ fവസ്ഥാനം ( യോഗദർശനം 1.3 ) ചിത്തവൃത്തികൾ നിരുദ്ധമാവുമ്പോൾ അതായത് അസംപ്രജ്ഞാത സമാധിയിൽ ജീവാത്മാവ് സ്വരൂപത്തിൽ -ആനന്ദത്തിൽ സ്ഥിതി ചെയ്യുന്നു.സ്വരൂപേ എന്ന പദം സപ്തമീ വിഭക്തിയിലാണ്. സപ്തമിഅധികരണ കാരകമാണ്. ജീവാത്മാവിന്റെ ആധാരം ശിവനെന്ന ആനന്ദമാണ്.ബ്രഹ്മവിദ്ബ്രഹ്മണി സ്ഥിത: എന്ന് ഭഗവദ് ഗീതാ.ബ്രഹ്മത്തെയറിഞ്ഞവൻ ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നു.
നമ:ശിവായ മന്ത്രരഹസ്യം - 15. നമോ നമസനം ശംഭോ,നിരാകാരായ തേ നമ:, നിർഗുണം നിഷ്ക്രിയം ശാന്തം, ഇത്യാദ്യാ: ശ്രുതയോ ജഗു:( 20) ഹേ ശംഭോ അവിടത്തേക്ക് പരിണാമമില്ല. അങ്ങ് വികാരരഹിതനാണ്. നിരാകാരനായ അങ്ങേയ്ക്ക് നമസ്കാരം.അങ്ങയെ നിർഗുണം നിഷ്ക്രിയം ശാന്തം എന്നീ വിശേഷണങ്ങൾ കൊണ്ട് വേദങ്ങൾ സ്തുതിക്കുന്നു.പരമാത്മാവ് അഥവാ ഈശ്വരൻ ചേതനതത്ത്വമാണ്. അത് മറ്റൊന്നായി പരിണമിക്കുകയില്ല. അത് അവ്യയമാണ്.ശിവൻ ആപ്തകാമനാകയാൽ കാമ ക്രോധാദി വികാരങ്ങളുമില്ല. ഈശ്വരന് ആകൃതിയില്ല. ഏകദേശിക്കേ ആകൃതിയുണ്ടാവൂ. സകലയിടത്തും അതിനപ്പുറവും വ്യാപിച്ചിരിക്കുന്നവന് ആകൃതിയില്ല. ഈശ്വരൻ ഒരിക്കലും ശരീരമെടുക്കുന്നില്ല." സപര്യഗാത് ശുക്രമകായമ വ്രണമ സ്നാവിരം'' (ഈശം.8) ഈശ്വരൻ എല്ലായിടത്തും വ്യാപിച്ചവനും പ്രകാശവാനും സ്ഥൂല സൂക്ഷ്മ ശരീരങ്ങളില്ലാത്തവനുമാണ്. " അപാണി പാദോ ജവനോഗ്രഹീതാ, പശ്യത്യക്ഷു: സശൃണോത്യകർണ:, സവേത്തി വേദ്യം ന ച തസ്യാസ്തി വേത്താ, തമാഹുര ഗ്ര്യം പുരുഷം മഹാന്തം.( ശ്വേതാശ്വത രോപനിഷത് 3.19 ) അവൻ പാദങ്ങളില്ലാതെ നടക്കുന്നു. കൈകളില്ലാതെ പിടിക്കുന്നു. കണ്ണുകളില്ലെങ്കിലും കാണുന്നു. ചെവികളുടെ സഹായം കൂടാതെ കേൾക്കുന്നു. അവയവ രഹിതനായ പരമേശ്വരന് സൃഷ്ടിസ്ഥിതി സംഹാരാദി ജഗദ് വ്യാപാരങ്ങൾ ചെയ്യുന്നതിന് കരചരണാദി അവയവങ്ങളുടെ ആവശ്യമില്ല. ഈശ്വരൻ നിഷ്ക്രിയനാണ്. കർമങ്ങൾ രണ്ടു വിധം - സ്വാർഥ കർമവും നിസ്വാർഥ കർമവും. സ്വാർഥ കർമത്തിന് സകാമ കർമമെന്നും നിസ്വാർഥ കർമത്തിന് നിഷ്കാമ കർമമെന്നും നാമം. ഈശ്വരൻ നിഷ്ക്രിയൻ എന്നതിന് സകാമ കർമം ചെയ്യാത്തവൻ എന്നർഥം. ഈശ്വരന്റെ ജഗത് സൃഷ്ടി ജീവാത്മാക്കളുടെ ഭോഗത്തിനും അപവർഗത്തിനുമാണ്. ഭോഗാപവർഗാഭ്യാം ദൃശ്യം ( യോഗദർശനം) ഈശ്വരൻ നിർഗുണ നാണ്. ഈശ്വരനിൽ പ്രകൃതി ഗുണങ്ങളായ സത്വര ജ സ്തമോഗുണങ്ങളില്ല.അതിനാൽത്തന്നെ ശാന്തനാണ്.അശാന്തിയുടെ കാരണം രജോഗുണമാണ്.
നമ:ശിവായ മന്ത്രരഹസ്യം - 16. നമോ ബ്രഹ്മ നിരാകാരം, ശിവായം ശിവ സർവദാ, അതോfഹം ച നമാ ഭദ്ര, ശിവായോfഹം ന സംശയം:(21) ശിവൻ നിരാകാരനും പൂർണനും ബൃഹത്തുമാവുന്നു.അതു കൊണ്ട് ഹേ മംഗളരൂപ, ഞാനും വികാരരഹിതനും ശിവനെ പ്രാപിച്ചവനുമാകുന്നു. ഇതിൽ സംശയമേയില്ല. ശിവൻ ബ്രഹ്മമാണ്. ഏറ്റവും ബൃഹത്താണ്. ബൃഹത്വാത് ബ്രഹ്മ.വിശ്വതോ വൃത്വാദ് അത്യതിഷ്ഠദ്ദശാംഗുലം.(യ ജു. 31. 1) എല്ലായിടത്തും വ്യാപിച്ച് പത്തംഗുലം അതിക്രമിച്ചു നില്ക്കുന്ന പരമാത്മാവ് ഏറ്റവും വലുതാണ്. അതിനേക്കാൾ വലുതായി മറ്റൊന്നില്ല. ശിവൻ നിരാകാരമാണ്. ആകാരം അതായത് ആകൃതിയില്ലാത്തവനാണ്. അതിരുകളും അളവുമുള്ള തിനേ ആകൃതിയുണ്ടാവൂ. ന തസ്യ പ്രതിമാ അസ്തി. യസ്യ നാമ മഹദ്യശ:( യജുർവേദം) ഈശ്വരന് അളവില്ല.അതിനാൽ ആകാരവുമില്ല. സർവവ്യാപിയായ പരമേശ്വരന് സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളില്ല.അതിനാലും നിരാകാരനാണ്.ശിവൻ ശിവായനും കൂടിയാണ്. പരമാത്മാവ് തന്റെ നിരതിശയമഹിമയോലുന്ന സൃഷ്ടിയിലൂടെ മനനശീലരായ മനുഷ്യരെ തന്നിലേക്കാകർഷിക്കുന്നു. ശിവനിലേക്കുള്ള അയം -ഗതി -നല്കുന്നു. അങ്ങനെ ശിവനെ പ്രാപിച്ചവനും വികാരരഹിതനാണ്. യമ നിയമാദി യോഗ സാധനയിലൂടെ ശിവനെ പ്രാപിക്കുന്നവന്റെ ചിത്തവൃത്തികൾ നിരുദ്ധമാവുന്നു. ചിത്തവൃത്തികൾ നിരുദ്ധമായവൻസം പ്രജ്ഞാത സമാധിയുടെ അന്തിമ തലത്തിൽ ഋതംഭര പ്രജ്ഞ നേടുന്നു. തത്ഫലമായി മുൻ ചിത്തവൃത്തികളുടെ ഫലമായുണ്ടായ സംസ്കാരം വെന്തുപോവുന്നു. അതോടു കൂടി അസംപ്രജ്ഞാത സമാധിയിൽ പരമാത്മ ദർശനമുണ്ടാവുന്നു. ആത്മാവിൽ പരമാത്മ ദർശനം. ഈ സന്ദർഭത്തിൽ, "ഭിദ്യന്തേ ഹൃദയ ഗ്രന്ഥി:, ഛിദ്യന്തേ സർവ സംശയാ: ,ക്ഷീയന്തേ ചാസ്യ കർമാണി, തസ്മിൻ ദൃഷ്ടേ പരാവരേ.(മുണ്ഡകം.2.2.9) സാധകന്റെ ഹൃദയ ഗ്രന്ഥി പൊട്ടുന്നു. സകല സംശയങ്ങളും തീരുന്നു. സകല കർമങ്ങളും ക്ഷയിക്കുന്നു. ഈ അവസ്ഥയിൽ പരനെ - ശ്രേഷ്ഠനെ - അവരൻ - ശ്രേഷ്Oത കുറഞ്ഞവൻ സാക്ഷാത്കരിക്കുന്ന. പരൻ പരമാത്മാവാണ്. അവരൻ ജീവാത്മാവും.ഹൃദയം വാസനകളുടെ ഇരിപ്പിടമാണ്. ഹൃദയ ഗ്രന്ഥി പൊട്ടുന്നതോടെ വാസനാ ബീജം ദഗ്ദ്ധമാവുന്നു. വിത്തിന് മുളയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. വാസനകളുടെ ബന്ധനത്തിൽ നിന്നും ജീവൻ മുക്തനാവുന്നു. ഈ ബന്ധനവിമുക്തിയാണ് ഹൃദയഗ്രന്ഥി വി ഭേദനം.ശിവ സാക്ഷാത്കാരത്തോടെ കിട്ടേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞു. അറിയേണ്ടതെല്ലാം അറിഞ്ഞു കഴിഞ്ഞു സംതൃപതി സന്തുഷ്ടിയായിത്തീരുന്നു.സദ്യയിൽ പ്രഥമൻ വിളമ്പി ക്കഴിഞ്ഞാൽ പിന്നൊന്നും കിട്ടാനില്ല. പിന്നെയെല്ലാം ശാന്തം. ഓം ശാന്തി: ശാന്തി: ശാന്തി: .ശ്രീമദ് പത്മപാദാചാര്യ വിരചിത നമ:ശിവായ മന്ത്രരഹസ്യം സമാപ്തം. അസ്യ ഭാഷാ ഭാഷ്യമപി സമാപ്തം. ഓം ശം ഭൂയാത്.

<< Home