Monday, 6 March 2017

A mother's advice to a daughter

ശുഭ സുപ്രഭാതം.....

ഒരു പകർപ്പെഴുത്ത്......

ഒരു പെൺകുഞ്ഞിന് അമ്മ പറഞ്ഞു കൊടുക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. മടിയും ചമ്മലും കാരണം ചില അമ്മമാർ ചില കാര്യങ്ങൾ മനപൂർവം പറയാറില്ല. അതു പോലെഎന്നോട് പറയാൻ മറന്ന കാര്യങ്ങൾ ഞാൻ എന്റെ പെൺകുഞ്ഞിനോട് തുറന്നു പറയാൻ തീരുമാനിച്ചു. ഇങ്ങനെയൊരു മുഖവുരയോടെയാണ് രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായ രക്ഷിത പെൺമക്കളോട് സംസാരിച്ചു തുടങ്ങിയത്.....

അക്കമിട്ടു നിരത്തി 11 കാര്യങ്ങളാണ് ആ അമ്മ പെൺകുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുത്തത്. അമ്മപറയാൻ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ശ്രദ്ധയിൽപ്പെടുത്തണം എന്ന നിർദേശം നൽകിയാണ് ആ അമ്മ സംസാരിച്ചു തുടങ്ങിയത്......

1. ഒരു പെൺകുട്ടിയായി ജനിച്ചതിൽ അഭിമാനിക്കുക

അടുത്ത ജന്മത്തിലെങ്കിലും ഒരു ആണായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. എന്നാൽ പെൺകുട്ടിയായി ജനിച്ചാൽ ജീവിതം എത്ര സുന്ദരമായിരിക്കണം എന്നു ചിന്തിക്കുന്നവരാകണം എന്റെ മക്കൾ. പെൺകുട്ടിയായിരുന്നുകൊണ്ടു തന്നെ ജീവിതം ആഘോഷിക്കണം. സ്വതന്ത്ര്യത്തോടെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ലോകത്തോട് ഉറക്കെ പറയണം ഒരു പെൺകുട്ടിയായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന്.

2. അറിവ് നേടുക

സ്കൂളിൽ പോയി നേടുന്ന വിദ്യാഭ്യാസത്തെക്കുറിച്ചോ അക്കാദമിക് ബിരുദങ്ങളെക്കുറിച്ചോ ഒന്നുമല്ല അമ്മയ്ക്ക് സംസാരിക്കാനുള്ളത്. നിങ്ങൾ നിങ്ങളെ അറിയുക, ചുറ്റുപാടുകളെ അറിയുക, നിങ്ങൾക്ക് അറിവുപകരാൻ സന്നദ്ധരായ നിരവധിയാളുകൾ ചുറ്റുമുണ്ട്. നല്ല വ്യക്തികളായി വളരാൻ അവരുടെ സഹായം തേടുക, നല്ല ശീലങ്ങൾ സ്വായത്വമാക്കുക. ഓരോ കുഞ്ഞു കാര്യത്തിൽ നിന്നും അറിവു നേടുക. ജീവിതത്തിലെ ഓരോ നിമിഷത്തിലും അറിവു സമ്പാദിക്കുക. ഇതെന്നെക്കൊണ്ടു പറ്റില്ല, എനിക്കിതിനു കഴിയില്ല എന്നീ വാക്കുകൾ ഒരിക്കലും ജീവിതത്തിൽ ഉപയോഗിക്കരുത്. കഴിയുന്നിടത്തോളം കാര്യങ്ങൾ സ്വന്തംകാലിൽ നിന്നു ചെയ്യുക. അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചു പഠിക്കുക.

3. സുഹൃത്തുക്കളെ ബുദ്ധിപൂർവം തിരഞ്ഞെടുക്കുക

കാണുന്നവരെയെല്ലാം സുഹൃത്തുക്കളാക്കാതെ നിന്നെ നന്നായി മനസിലാക്കുന്ന വിശ്വസ്തരായ ആളുകളെ മാത്രം സുഹൃത്തുക്കളാക്കുക. അതൊരിക്കലും അത്രയെളുപ്പമാവണമെന്നില്ല. അനുഭവങ്ങളാണ് ജീവിതത്തിൽ ഓരോ പുതിയ പാഠങ്ങൾ പഠിപ്പിക്കുക. നിനക്ക് രണ്ടോ മൂന്നോ സുഹൃത്തുക്കൾ മാത്രമേയുള്ളൂവെങ്കിൽ നീ സങ്കടപ്പേടേണ്ട. ഒരു പക്ഷെ നിന്നെ ആജീവനാന്തം തുണയ്ക്കാൻ പോകുന്നത് അവരുടെ സൗഹൃദമാകും. നിൻെറ സുഹൃത്തുക്കളോട് എന്നും നീ സ്നേഹവും വിശ്വസ്തതയും കാട്ടണം. ഓർക്കുക, നല്ല സുഹൃത്തുക്കൾ നിധിയാണ്. ആജീവനാന്തകാലം ഹൃദയത്തോട് ചേർത്തുപിടിക്കേണ്ട നിധി.

4. പറ്റില്ല എന്നു പറയാൻ പഠിക്കുക

ഈ ലോകത്തുള്ള എല്ലാവരെയും സന്തോഷിപ്പിച്ച് ജീവിക്കാം എന്ന് കരുതരുത്. അത് ശുദ്ധമണ്ടത്തരമാണ്. നിനക്ക് ശരി എന്നു പൂർണബോധ്യമുള്ള കാര്യങ്ങൾ ചെയ്യുക. മോശം എന്നു നിനക്കു തോന്നുന്ന കാര്യങ്ങൾക്ക് മറ്റുള്ളവർ നിർബന്ധിച്ചാൽ അവരോട് പറ്റില്ല എന്നു പറയാൻ ശ്രദ്ധിക്കുക. ശക്തമായും എന്നാൽ മാന്യമായും നോ പറയാൻ ശീലിക്കുക. കാരണം ധാർഷട്യത്തോടെയുള്ള പ്രതികരണം നിനക്ക് ശത്രുക്കളെ സൃഷ്ടിക്കും.

5. പ്രായോഗിക ബുദ്ധി ഉപയോഗിക്കുക

പ്രായോഗികമായി ചിന്തിച്ച് തീരുമാനമെടുത്താൽ ജീവിതത്തിലെ അബദ്ധങ്ങളിൽ ചെന്നു ചാടാതെ സൂക്ഷിക്കാം. ഗൗരവമുള്ള കാര്യങ്ങളിൽ പെട്ടന്നു തീരുമാനമെടുക്കാതെ സാവധാനം ആലോചിച്ച് പ്രായോഗികമായ തീരുമാനങ്ങളെടുക്കുക. വേണമെങ്കിൽ മാത്രം മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. ദൈവം നൽകിയ ബുദ്ധിയുപയോഗിച്ച് ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാൻ ശ്രദ്ധിക്കുക.

6. പ്രണയിക്കുക – സമയവും സന്ദർഭവും നോക്കി നല്ല പങ്കാളിയെ മാത്രം

ഒരു അമ്മ എന്ന നിലയിൽ പ്രണയത്തെക്കുറിച്ച് ഞാൻ നിന്നോട് തുറന്നു സംസാരിക്കേണ്ടതുണ്ട്. പ്രണയം മനോഹരമായ ഒരു വികാരമാണ്. ഏതു നിമിഷവും ആരോടും പ്രണയം തോന്നാം. പക്ഷെ അതിന് കൃത്യമായ സമയവും സന്ദർഭവും ഉചിതമായ പങ്കാളിയെയും കിട്ടുമ്പോൾ മാത്രമാണ് പ്രണയം പൂർണമാവുക. അങ്ങനെയല്ലാതെ വരുന്പോഴാണ് പ്രണയങ്ങൾ ദുരന്തങ്ങളാവുന്നത്. നിന്നെ അറിയുന്ന നിനക്ക് അറിയുന്ന ഒത്തുപോകുമെന്ന് നിനക്ക് പൂർണ്ണബോധ്യമുള്ള ഒരാളെ മാത്രം പ്രണയിക്കുക. അയാളോട് 100 ശതമാനം സത്യസന്ധത പുലർത്തുക. പ്രണയത്തിനിടയിൽ പലവട്ടം ഹൃദയം വ്രണപ്പെടാം വികാരങ്ങൾ വ്രണപ്പെടാം. അപ്പോഴെല്ലാം ഒന്നോർക്കുക. പ്രണയം ചിലപ്പോഴൊക്കെ വേദനകളും സമ്മാനിക്കും. ആ തിരിച്ചറിവോടെവേണം പ്രണയിക്കാൻ. പ്രണയനിമിഷങ്ങളെല്ലാം ആഘോഷിക്കുക. പ്രണയത്തെ ഒരുക്കലും ഭാരമായി കാണാൻ പാടില്ല.

പ്രണയം, വിശ്വസ്ത‌ത പരസ്പര ധാരണ ഇതൊക്കയാണ് ഒരു ബന്ധം ഊഷ്മളാക്കി നിലനിർത്തുന്നത്. അതുകൊണ്ട് പരസ്പരം പഴിചാരാതെ, ഭരിക്കാതെ പങ്കാളിയെയും തുല്യരായി പരിഗണിക്കാനുള്ള ഒരു മനസുണ്ടാവണം. എന്നു കരുതി സ്വന്തം അസ്തിത്വം പണയം വെയ്ക്കരുത്. പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും മുന്നോട്ടു പോവുക.

7. പ്രണയിക്കാം അവനവനെത്തന്നെ

സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുക, സ്വയം സ്നേഹിക്കുക. തന്നോടുതന്നെ സ്നേഹമില്ലാത്ത ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല. അതുകൊണ്ട് മനസിനു സന്തോഷം തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക. മനസിനോട് നിരന്തരം സംസാരിക്കുക. അങ്ങനെ മനസിൽ പൊസിറ്റീവ് എനർജി നിറച്ച് സ്വയം പ്രകാശിക്കുക.

8. വിവാഹം എപ്പോൾ വേണമെന്ന് നിനക്കു തീരുമാനിക്കാം....

‍വിവാഹം എന്നത് നിന്റെ മാത്രം തീരുമാനത്തിനു വിടുന്നു. ഞാനോ നിന്റെ അച്ഛനോ നിന്നെ നിർബന്ധിച്ചാൽ പോലും നീ വിവാഹത്തിന് തയ്യാറാവരുത്. നിന്റെ മനസ് എപ്പോൾ ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുവോ ആ നിമിഷമല്ലാതെ വിവാഹത്തെക്കുറിച്ച് നീ ചിന്തിക്കരുത്. അച്ഛന്റെയും അമ്മയുടെയും കടമനിർവഹിക്കാ‌നോ ഭാരമിറക്കിവെയ്ക്കാനോ സഹോദരങ്ങൾക്ക് നേരത്തെ വിവാഹം കഴിക്കുന്നതിനോ ഒന്നും നീ നിന്റെ ജീവിതത്തെ ബലികഴിക്കരുത്. കാരണം ആ ഒരു ദിവസംകൊണ്ട് ഞങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും ജീവിച്ചു തീർക്കേണ്ടത് നീ മാത്രമാണ്. അതുകൊണ്ട് ഒന്നിനുവേണ്ടിയും ആർക്കുവേണ്ടിയും നീ ധൃതിപിടിച്ച് വിവാഹിതയാവരുത്. മനസുകൊണ്ടും ശരീരംകൊണ്ടും ഒരു പങ്കാളി വേണമെന്നു തോന്നുമ്പോൾ മാത്രം നിനക്ക് ഇണങ്ങുന്ന ഒരാളെ മാത്രം നീ പങ്കാളിയാക്കുക. അതിന് അച്ഛനമ്മമാരുടെ പൂർണ്ണ പിന്തുണ നിനക്കുണ്ടാവും.

9. നിന്റെ അച്ഛനമ്മമാരെപ്പോലെ പങ്കാളിയുടെ രക്ഷിതാക്കളെയും സ്നേഹിക്കുക

വിവാഹം കഴിഞ്ഞാൽ ചിലപ്പോഴൊക്കെ നിന്റെ മുൻഗണനാപട്ടികയിൽ ചില്ലറ വ്യത്യാസങ്ങൾ വരുത്തേണ്ടി വരും. എന്നെയും നിന്റെ അച്ഛനെയും സ്നേഹിക്കുന്നതുപോലെ നീ പങ്കാളിയുടെ മാതാപിതാക്കളെയും സ്നേഹിക്കണം. ജീവിതത്തിൽ ചില അടിയന്തിര സന്ദർഭങ്ങളുണ്ടാവുമ്പോൾ ചിലപ്പോൾ നിനക്ക് രണ്ടുകൂട്ടരോടും ഒരുപോലെ നീതിപുലർത്താൻ പറ്റിയെന്നു വരില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പ്രായോഗിക ബുദ്ധി ഉപയോഗിക്കുക. ഇപ്പോൾ നിന്റെ സ്നേഹവും സഹകരണവും ആർക്കാണോ വേണ്ടതെന്ന് തിരിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കുക. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒരിക്കലും ഒളിച്ചോടാതിരിക്കുക.

10. സന്ധിചെയ്യാം, ത്യാഗം ചെയ്യാം – അത് അർഹിക്കുന്നവർക്കുവേണ്ടി മാത്രം

ജീവിതത്തിൽ നിരവധിയവസരങ്ങളിൽ സന്ധി ചെയ്യേണ്ടി വരാം. ചിലപ്പോൾ ത്യാഗം ചെയ്യേണ്ടി വരാം. പക്ഷെ അതൊക്കെ അർഹിക്കുന്നവർക്കുവേണ്ടി മാത്രം ചെയ്യുക. നിന്നിലെ പെണ്ണിനെ ബഹുമാനിക്കാത്തവർക്കുവേണ്ടി ജീവിതം പാഴാക്കാതിരിക്കുക. അസ്തിത്വത്തേക്കാൾ വലുതല്ല ഒന്നും എന്ന് തിരിച്ചറിയുക. മറ്റുള്ളവർക്ക് ഭാരമാകുമെന്ന തോന്നൽ ഉണ്ടാവാതെ മനസിനെ എന്നും സന്തോഷത്തോടെ നിലനിർത്തുക.

11. ഞങ്ങളുണ്ട് എന്തിനും കൂടെ....

പ്രിയപ്പെട്ട മകളേ, അവസാനമായി പറയാൻ ഒന്നേയുള്ളൂ. നീ നേരിടുന്ന എന്തു പ്രശ്നത്തെക്കുറിച്ചും നിനക്ക് എന്നോടോ അച്ഛനോടോ തുറന്നു പറയാം. ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളോട് ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾ നിങ്ങളോട് ഇങ്ങനെ പറയുന്നത്. നിനക്കെന്തു പ്രശ്നമുണ്ടായാലും അത് ഞങ്ങളോടു തുറന്നു പറയാം. അതൊരു മോശം കാര്യമാവാം നല്ലകാര്യമാകാം. എന്തു പ്രശ്നമായാലും നമുക്കത് ഒരുമിച്ചു നേരിടാം. ഞങ്ങളുടെ ഹൃദയത്തിൻെറയും ആത്മാവിൻെറയും ഭാഗമാണ് നീ.....ജീവിതത്തിൽ വിജയവും പരാജയവും ഉണ്ടായേക്കാം. അതിനെയൊക്കെ തൻറേടത്തോടെ നേരിട്ട് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. ഞങ്ങളുടെ സ്നേഹവും അനുഗ്രഹവും എപ്പോഴും നിന്റെ കൂടെയുണ്ടാവും.m

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home