Tuesday 13 September 2022

Aratupuzha velayudhapaniker

 ചരിത്രത്തിൽ എവിടെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ 💞 ❓


ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുമ്പ് 1852ല്‍ അവര്‍ണര്‍ക്കായി ശിവക്ഷേത്രം സ്ഥാപിച്ച ധീര വിപ്ലവകാരിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. കാര്‍ത്തികപ്പള്ളിയിലെ മംഗലത്ത് കേരളീയ ശൈലിയില്‍ നിര്‍മിച്ച ജ്ഞാനേശ്വരം ക്ഷേത്രത്തിലാണ് ഈ പ്രതിഷ്ഠ. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും നാലുവര്‍ഷം മുമ്പായിരുന്നു ഇത് .


ജാതീയതയ്ക്കും നീതിനിഷേധത്തിനുമെതിരെ ഇടിമിന്നല്‍ പോലെ ജ്വലിച്ച പടവാളാണ് പണിക്കര്‍. ഭ്രാന്താലയമായിരുന്ന മലയാള ദേശം പുതുക്കിപ്പണിയാനുള്ള നവോഥാനവിപ്ലവങ്ങള്‍ക്ക് ആദ്യം തിരികൊളുത്തിയത് പണിക്കരായിരുന്നു എന്ന് പറയാം .


അവര്‍ണര്‍ക്കായി ക്ഷേത്രം നിര്‍മിക്കുകയും പാഠശാലയും കഥകളി യോഗവും വായനശാലയും സ്ഥാപിക്കുകയും അനീതികള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത പണിക്കരെക്കുറിച്ച് ഇപ്പോഴും കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല എന്നതാണ് വസ്തുത .


മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യാവശ്യത്തിനായി പായ്‌ക്ക പ്പലുകളും മൂവായിരത്തിലധികം പറ നെൽപ്പാടങ്ങളും സ്വന്തമായുള്ള ധനിക കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശിയായിരുന്നു വേലായുധ പ്പണിക്കർ. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്തുള്ള മംഗലം ഇടയ്ക്കാട് എന്ന സ്ഥലത്ത്  1825ലാണ് പണിക്കരുടെ ജനം.  കല്ലിശേരിൽ വേലായുധചേകവർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം.


പാരമ്പര്യമായി ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും സംസ്കൃതവും പഠിച്ചു. കുതിരകള്‍, രണ്ട് ആന, ബോട്ട്, ഓടിവള്ളം, പല്ലക്ക്, തണ്ട് എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.  സ്വന്തമായി അനേകം വീരന്മാരുള്ള ഒരു പട തന്നെ പണിക്കർക്ക് ഉണ്ടായിരുന്നു .പ്രശസ്തമായ  വാരണപ്പള്ളി തറവാട്ടിലെ ‘വെളുത്ത’യെന്ന സ്ത്രീയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്


*അച്ചിപ്പുടവ സമരം 


1866 ല്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം. അന്ന് ഈഴവ സ്ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ തുണി മറയ്ക്കുന്നത്  കുറ്റമായിരുന്നു.  സവർണ വിഭാഗക്കാർക്ക് മാത്രമേ മനോഹരമായ വസ്ത്രങ്ങൾ ധരിക്കാൻ അവകാശമുണ്ടായിരുന്നുള്ളൂ. സവർണ സ്ത്രീകൾ ധരിക്കുന്ന കണങ്കാൽ വരെ എത്തുന്ന ഇരട്ട തുണിയാണ് അച്ചിപുടവ . ഇത് നെയ്തുണ്ടാക്കിയിരുന്നത് ഈഴവ സ്ത്രീകളുമായിരുന്നു .


കായംകുളത്തിനടുത് പത്തിയൂരിൽ അച്ചിപ്പുടവ ഉടുത്ത് നടന്ന ഒരു ഈഴവ യുവതിയുടെ പുടവ സവർണ്ണർ വലിച്ചു കീറി കളഞ്ഞു.  ഇതറിഞ്ഞ പണിക്കർ ഏതാനും ഈഴവ യുവതികളെ അച്ചിപുടവ ഉടുപ്പിച്ച് പത്തിയൂരിൽ പരേഡ് ചെയ്യിച്ചു.തുടർന്ന് എല്ലാ സ്ത്രീകൾക്കും മാന്യമായ വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി കീഴാളരെ ഒരുമിപ്പിച്ച്‌  വേലായുധപ്പണിക്കര്‍ പണമുടക്കിന് ആഹ്വാനം ചെയ്തു. കൃഷി അടക്കമുള്ള ജോലികളിൽ നിന്ന് ഈഴവർ അടക്കമുള്ള പിന്നാക്ക ജാതിക്കാർ മാറി നിന്നു.


പണി മുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തിക നില തകരാറിലായി. പണിമുടക്കിൽ പങ്കെടുത്ത എല്ലാ തൊഴിലാളികള്‍ക്കും  ജീവിക്കുവാനുള്ള പണം വേലായുധപ്പണിക്കർ നൽകുകയും ചെയ്തു .  സവര്‍ണപ്രമാണിമാര്‍  സമരത്തിനു മുമ്പില്‍ മുട്ടുമടക്കി . ഒത്തുതീർപ്പിന്  തയ്യാറാവുകയും ആപ്രദേശങ്ങളിലെ സ്ത്രീകൾക്ക് അച്ചിപുടവ  ഉടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ഈ സംഭവമാണ് പിൽക്കാലത്ത് അച്ചിപ്പുടവ സമരമെന്നപേരിൽ അറിയപ്പെട്ടത് .


*മൂക്കുത്തി സമരം 


അക്കാലത്ത്  അവർണ്ണ സ്ത്രീകൾക്ക് സ്വര്‍ണ്ണമൂക്കുത്തി ധരിക്കാനുള്ള അവകാശം ഇല്ലായിരുന്നു. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു  ചന്തയിൽ പോയ സ്ത്രീയുടെ മൂക്കുത്തി സവർണ്ണ മേലാളന്മാർ മാംസത്തോടെ പറിച്ചു കളഞ്ഞു . ഈ വിവരമറിഞ്ഞ പണിക്കര്‍ 1000 മൂക്കുത്തികൾ  നിര്‍മിച്ച് പന്തളത്തെ സ്ത്രീകളെ വിളിച്ചുകൂട്ടി മൂക്കുകുത്തിച്ച് സ്വര്‍ണ്ണമൂക്കുത്തി അണിയിച്ചു.  ഇനിയും അവ പറിച്ചെടുത്ത് കളയാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ എന്ന് പണിക്കർ വെല്ലു വിളിച്ചു,. ആരും മുന്നോട്ട് വന്നില്ല


ഈ സംഭവത്തെ തുടർന്ന് പണിക്കർ ദിവസങ്ങളോളം പന്തളത്തു തങ്ങി. ശക്തനായ പണിക്കരെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല .


*ഏത്താപ്പ് സമരം


മൂക്കുത്തി സമരത്തിന്റെ  തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പ് സമരം. കായംകുളത്ത് ഒരു അവര്‍ണസ്ത്രീ നാണം മറയ്ക്കാന്‍ മാറില്‍ ഏത്താപ്പിട്ടപ്പോള്‍ സവര്‍ണര്‍  സ്ത്രീകളുടെ മേല്‍മുണ്ടു വലിച്ചു കീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ അവരെ പ്രമാണിമാര്‍ കൂവി ആക്ഷേപിച്ചു വിട്ടു. അവിടെയും പണിക്കര്‍  ശക്തമായി രംഗത്തെത്തി . വിവരമറിഞ്ഞു കുറെ മേല്‍മുണ്ടുമായി വേലായുധപണിക്കർ അദ്ധേഹത്തിന്റെ തണ്ടുവച്ച വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. ഈ സമരത്തിലും വിജയം വേലായുധപ്പണിക്കരുടെ ഭാഗത്തായിരുന്നു .


*കഥകളിയോഗം


1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്ഥാപിച്ചും പണിക്കര്‍ ചരിത്രത്തില്‍ ഇടംനേടി. ഇതിനെതിരെ കലാപമുയര്‍ത്തിയ സവര്‍ണരെ എതിരിട്ട് അവരുടെ കേന്ദ്രങ്ങളിലായിരുന്നു അവതരണം. പണിക്കരും കഥകളി പഠിച്ച് അരങ്ങേറ്റം നടത്തിയിരുന്നു . ആഢ്യസവര്‍ണരുടെ ഇല്ലങ്ങളിലും സവര്‍ണ ക്ഷേത്രങ്ങളിലും മാത്രം അരങ്ങേറിയിരുന്ന കഥകളി എന്ന കലാരൂപത്തെ ഈഴവര്‍ക്കും കെട്ടിയാടാന്‍ കഴിയുന്ന ഒരു കലയാക്കി മാറ്റിയത് വേലായുധപ്പണിക്കരായിരുന്നു. നമ്പൂതിരി ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും മാത്രമേ കഥകളി നടക്കൂ എന്നതിനാല്‍ അവര്‍ണര്‍ക്ക് ഒളിച്ചും പാത്തും പതുങ്ങിയും മാത്രമേ നോക്കിക്കാണാന്‍ കഴിഞ്ഞിരുന്നുള്ളു. ഈഴവരുടെ കഥകളി അരങ്ങേറ്റമെന്നത് സ്വപ്നംകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല.

കഥകളിയോഗം സ്ഥാപിക്കുകയെന്നത് സവര്‍ണ മേധാവിത്തത്തോടുള്ള വെല്ലുവിളിയായി സ്വീകരിച്ച വേലായുധപണിക്കര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. മംഗലം ക്ഷേത്രത്തില്‍ കഥകളിക്ക് പ്രവേശനമുണ്ടായിരുന്നതിനാല്‍ അവിടെവച്ച് കഥകളി അഭ്യസിക്കാന്‍ തീരുമാനിച്ചു. കഥകളി ആചാര്യനായ അമ്പലപ്പുഴ മാധവകുറുപ്പിന്റെ സഹായത്തോടെ ക്ഷേത്രത്തിനുചുറ്റുമുള്ള കലാതാല്‍പ്പര്യമുള്ള കുറെ ഈഴവ ചെറുപ്പക്കാരെ കഥകളി പരിശീലിപ്പിച്ച് വേലായുധപണിക്കര്‍ ഒരു കഥകളി യോഗം സ്ഥാപിച്ച് അരങ്ങേറ്റം നടത്തി. വേലായുധപ്പണിക്കരുടെ നാലുമക്കളും കഥകളി പഠിച്ച് വേഷമിട്ടിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.


വേലായുധപണിക്കരുടെ കഥകളിയോഗം പ്രസിദ്ധിയാര്‍ജിക്കുകയും അതോടൊപ്പം എന്തുവിലകൊടുത്തും ഇതിനെ എതിര്‍ക്കാന്‍ സവര്‍ണര്‍ രംഗത്തുവരികയും ചെയ്തു. ഈഴവ ചെറുപ്പക്കാര്‍ കഥകളിയിലെ ദേവരൂപങ്ങള്‍ കെട്ടിയാടുന്നത് സവര്‍ണര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമായിരുന്നു. സവര്‍ണര്‍ സംഘടിതരായി ദിവാന്‍ജിക്ക് മുമ്പാകെ പരാതി നല്‍കി. കഥകളിയിലെ കഥാപാത്രങ്ങള്‍ പുരാണ പ്രസിദ്ധിയുള്ള ദേവന്മാരും ബ്രാഹ്മണരും രാജാക്കന്മാരും അസുരന്മാരുമൊക്കെയാണ്. മുഖത്തു പച്ചതേച്ച്, ചുട്ടികുത്തി, തലയില്‍ രാജപ്രൗഢിക്കു ചേരുന്ന കിരീടം വെച്ചാണ് വേഷങ്ങള്‍ രംഗത്തുവരുന്നത്. ആ വേഷം വിനോദത്തിനാണെങ്കില്‍പോലും അയിത്ത ജാതിക്കാരായ ഈഴവര്‍ കെട്ടുന്നതും കളിക്കുന്നതും ധര്‍മ്മനീതിക്കെതിരാണെന്നും കളിക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും ദൈവവിരോധമുണ്ടാകുമെന്നും ദിവാനയച്ച പരാതിയില്‍ സവര്‍ണര്‍ ബോധിപ്പിച്ചു. ജാതി ഹിന്ദുക്കള്‍ ഇത് സഹിക്കില്ലെന്നും സമാധാനലംഘനമുണ്ടാകുമെന്നും അവര്‍ ദിവാനെ ധരിപ്പിച്ചു. ദിവാന്‍ ടി മാധവറാവു ഇരുകക്ഷികളെയും വിളിച്ചുവരുത്തി. പുരാണങ്ങളും ഇതിഹാസങ്ങളും നിരത്തി വേലായുധപ്പണിക്കര്‍ തന്നെയാണ് ശക്തമായ വാദം നടത്തിയത്. സവര്‍ണരുടെ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും മറ്റു നിയമതടസങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ കഥകളി നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള വിധിയാണ് ദിവാന്‍ പുറപ്പെടുവിച്ചത്.


*ശിവ പ്രതിഷ്ഠ


അവര്‍ണരെ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തുനിര്‍ത്തുന്നതിനൊപ്പം നീതിനിഷേധിക്കുന്നത് പണിക്കരെ വേദനിപ്പിച്ചു. ഇതിനു പരിഹാരം കാണാൻ  അദ്ദേഹം ബ്രാഹ്മണവേഷത്തില്‍ വൈക്കം ക്ഷേത്രത്തില്‍ താമസിച്ച് ക്ഷേത്രനിര്‍മാണവും ആചാരങ്ങളും പഠിച്ചു.  നാട്ടിലേക്കു മടങ്ങുംമുമ്പ് ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: “അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ് എന്തുചെയ്യും?”പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക് നൂറുരൂപയും സ്വര്‍ണവും കൊടുത്തു വേണ്ടതു ചെയ്തുകൊള്ളൂ എന്ന് പറഞ്ഞ് മംഗലത്തേക്ക് മടങ്ങി. തിരികെയെത്തിയ വേലായുധപ്പണിക്കർ മംഗലത്തു 1852ല്‍ ജ്ഞാനേശ്വരം ക്ഷേത്രം സ്ഥാപിച്ചു . മാവേലിക്കര കണ്ടിയൂര്‍ മറ്റത്തില്‍ വിശ്വനാഥന്‍ ഗുരുക്കള്‍ എന്ന തന്ത്രിയാണ് പ്രതിഷ്ഠ നടത്തിയത്. എല്ലാജാതി മതസ്ഥര്‍ക്കും അവിടെ പ്രവേശനം അനുവദിച്ചിരുന്നു. അയിത്തജാതിക്കാരന്റെ ഈ ധിക്കാരം സവര്‍ണപ്രമാണിമാരെ പ്രകോപിപ്പിച്ചു. എങ്കിലും വേലായുധപണിക്കരുടെ പ്രതാപവും ആയോധനകലകളിലുള്ള പ്രാവീണ്യവും ആള്‍ബലവും മൂലം അവര്‍ നിശബ്ദരായി.


കൂടാതെ 1853ല്‍ ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണംകരയിലും ഒരു ശിവക്ഷേത്രനിര്‍മാണം അദ്ദേഹം നടത്തിയിട്ടുണ്ട്. ക്ഷേത്രനിര്‍മ്മാണവും വിഗ്രഹപ്രതിഷ്ഠയും അവര്‍ണരുടെ ധര്‍മാചരണത്തിന് എതിരാണെന്നു പറഞ്ഞു സവര്‍ണര്‍ ദിവാന് പരാതി അയച്ചു. പ്രതിഷ്ഠാകര്‍മം മുടക്കുന്നതിനായി ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പ്രശ്‌നം സനാതനവും ആചാരത്തെ സംബന്ധിച്ചതുമാകയാല്‍ ദിവാന്‍ ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തുകയുണ്ടായി. അവര്‍ണര്‍ക്കായി ക്ഷേത്രനിര്‍മാണവും ശിവപ്രതിഷ്ഠയും മുമ്പ് നടന്നിട്ടുണ്ടെന്ന് ദിവാന് മുമ്പില്‍ തെളിവു കൊടുക്കുകയും, അതിന് മുന്‍ അനുഭവമായി മംഗലത്തു നടന്ന ശിവപ്രതിഷ്ഠ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ദിവാന്റ തീരുമാനം ക്ഷേത്രനിര്‍മാണത്തിനനുകൂലമായിരുന്നു.  അങ്ങനെ സവര്‍ണരുടെ ഭീഷണിക്കും ഭരണകൂടത്തിന്റെ ഇടപെടലിനും എതിരെ പോരാടിയാണ് തണ്ണീര്‍മുക്കത്ത് വേലായുധ പണിക്കര്‍ ക്ഷേത്രം നിര്‍മിക്കുന്നത്.


*സഞ്ചാര സ്വാതന്ത്ര്യം


‘ഹോയ്‌’ വിളിച്ച്‌ അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന ആ കാലത്ത്  ഒരു ദിവസം പണിക്കരും പരിവാരങ്ങളും വയല്‍ വരമ്പിലൂടെ നടക്കുംബോള്‍ മറുവശത്തു നിന്നു ‘ഹോയ്‌’ വിളി. ഇടപ്പള്ളി രാജാവിന്റെ മകന്‍ രാമന്‍ മേനോന്റെ എഴുന്നള്ളിത്തായിരുന്നു അത് ‌. അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ എന്നു തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു.  ‘ധിക്കാരി’യായ പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്റെ കല്‍പ്പിച്ചു . പക്ഷെ പണിക്കരുടെ കായിക ബലത്തിന്റെ മുൻപിൽ രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി .  സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു ആ പ്രദേശത്തു കീഴാളരാരും ‘ഹോയ്‌’ വിളി കേട്ട്‌ ഓടി മാറേണ്ടി വന്നില്ല.


ഒരിക്കൽ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാട് കൊണ്ടുപോയ സാളഗ്രാമം കൊള്ളയടിച്ചവരില്‍നിന്നു അതു തിരികെവാങ്ങി തിരുവിതാംകൂര്‍ രാജാവിനു നല്‍കി. ഇതിന്റെ പേരില്‍ മഹാരാജാവില്‍നിന്നു വീരശൃംഖലയും പണിക്കരെന്ന സ്ഥാനപ്പേരും സമ്പാദിച്ചു.


സവര്‍ണര്‍ക്ക് എന്നും തലവേദനയായി പണിക്കര്‍ മാറി. അവര്‍ണരുടെ പ്രശ്‌നങ്ങള്‍ക്കും നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ മഹാധീരനായിരുന്നു പണിക്കര്‍. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള സിംഹഗര്‍ജനമുയര്‍ത്തിയ ആ മനുഷ്യസ്നേഹി 1874 ല്‍ ധനു 24ന് തന്റെ ആദര്‍ശങ്ങള്‍ക്കായി രക്തസാക്ഷിയായി. കായംകുളം കായലിലൂടെ ബോട്ടില്‍ കൊല്ലത്തേക്ക് പോകുമ്പോള്‍ ഉറങ്ങുകയായിരുന്ന അദ്ദേഹത്തിൻ്റെ നെഞ്ചിൽ ശത്രുക്കൾ ചതിപ്രയോഗത്തിലൂടി കത്തി കുത്തിയിറക്കി കൊലപ്പെടുത്തുകയായിരുന്നു .


ചരിത്ര സാക്ഷ്യമായി വേലായുധപ്പണിക്കാരുടെ തറവാടിന്റെ അവശിഷ്ടങ്ങൾ ഇന്നും മംഗലത്തുണ്ട് . വാരണപ്പള്ളിയിൽ ശ്രീനാരായണ ഗുരു നിന്നു  പഠിച്ചിരുന്ന കാലത്ത് പണിക്കരുടെ മകനും ശ്രീനാരായണ ഗുരുവും സുഹൃത്തുക്കളായി മാറിയിരുന്നു . പണിക്കരെ നേരിൽ കാണുവാൻ ഗുരു മംഗലത്ത് എത്തിയെങ്കിലും കാണുവാൻ സാധിച്ചിരുന്നില്ല . പിൽക്കാലത്ത്  അരുവിപ്പുറം ശിവപ്രതിഷ്ഠയിൽ തുടങ്ങി ഗുരു കേരളത്തിൽ നടത്തിയ സാമൂഹ്യ പരിഷ്കരണത്തിൽ വേലായുധപ്പണിക്കർ ഒരു പ്രചോദനമായിരുന്നിരിക്കണം .


തന്റെ ഹ്രസ്വമായ ജീവിതകാലത്ത് അധഃകൃതരുടെ ഉന്നമനത്തിനുവേണ്ടി പോരാടിയ ധീരോജ്ജ്വലനായ മറ്റൊരു നേതാവും വേലായുധപ്പണിക്കരെപോലെ ഉണ്ടാവില്ല. ആ സിംഹഗര്‍ജ്ജനം സവര്‍ണരെ വിറപ്പിച്ചു. അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും കോട്ടകളില്‍ വിള്ളലുണ്ടാക്കി. കേരളത്തിലെ നവോഥാന പ്രസ്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായിരുന്നു  പണിക്കർ  .


നൂറ്റാണ്ടിനിപ്പുറം അദ്ദേഹത്തിന്റെ സ്വത്തുക്കൾ കടൽ കയറിയും അന്യാധീനപ്പെട്ടും നഷ്ടമായെങ്കിലും തറവാടിന്റെ ശേഷിപ്പുകൾ നിലനിൽക്കുന്നു., ഒരു ചരിത്ര സ്മാരകം പോലെ ..


തയാറാക്കിയത്  :ഗുരുപ്രസാദ്( Guru Prasad )


വിവരങ്ങൾക്ക് കടപ്പാട് : അഡ്വ. ഇ രാജന്‍, സതീഷ് ഗോപി , സുരേഷ് എസ് പി എൽ , മംഗലം നിവാസികൾ

https://guruyugam.com/aarattupuzha-velayudhapanikkar/

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home