Thirunavaya temple
*തിരുനാവായ നാവാമുകുന്ദക്ഷേത്രം*
കേരളത്തിൽ മലപ്പുറം ജില്ലയിൽ തിരുനാവായ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം.
മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, നാവാമുകുന്ദൻ എന്നപേരിൽ ഈ ക്ഷേത്രേശൻ അറിയപ്പെടുന്നു. ഐതിഹ്യപ്രകാരം നവയോഗികൾ എന്നറിയപ്പെടുന്ന സഹോദരന്മാരായ ഒമ്പത് സന്ന്യാസിവര്യന്മാരാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്.
ഇവരിൽ ആദ്യത്തെ എട്ട് വിഗ്രഹങ്ങൾ അന്തർദ്ധാനം ചെയ്തുവെന്നും അവസാനത്തെ യോഗി പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിലുള്ളതെന്നും വിശ്വസിച്ചുവരുന്നു. തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഇതിഹാസ പ്രശസ്തമായ മാമാങ്കം നടന്നിരുന്നത്. കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന്റെ ഉടമസ്ഥയിലാണ് ഇന്നും തിരുനാവായ ക്ഷേത്രം.
ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം. ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം.
ഹൈന്ദവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദനായി" ഐശ്വര്യദായിനിയായ മഹാലക്ഷ്മിയോടൊപ്പം കുടികൊള്ളുന്നു. "ലക്ഷ്മീ നാരായണ" സങ്കൽപ്പത്തിലാണ് ആരാധന. ഉപദേവതകളായി ഗണപതി, അയ്യപ്പൻ എന്നിവർക്കും സന്നിധികളുണ്ട്.
ഐതിഹ്യപ്പെരുമകളാൽ സമ്പന്നമാണ് നിളാതീരത്തെ നാവാമുകുന്ദക്ഷെത്രവും നാവായ് മുകുന്ദ പെരുമാളും. മലയാളത്തിലും, തമിഴിലും ധാരാളം പുസ്തകങ്ങൾ ഇവിടുത്തെ തേവരുടെ ഐതിഹ്യകഥകൾ പറയുന്നുണ്ട്. ഒൻപതുയോഗികൾ ഇവിടെ പ്രതിഷ്ഠനടത്തിയെങ്കിലും ഒൻപതാമത്തെ തവണ പാൽപായസം തരാമെന്ന വ്യവസ്ഥയിലാണ് പ്രതിഷ്ഠ ഉറച്ചതെന്നും ഐതിഹ്യം പറയുന്നു.
നാവാമുകുന്ദക്ഷേത്രത്തിനടിയിൽ നിരവധി വിഗ്രഹങ്ങളുണ്ടെന്ന് വിശ്വാസമുള്ളതിനാൽ ഇവിടെ അധികം പ്രദക്ഷിണം വച്ചിരുന്നില്ല. ആദ്യം പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ എവിടെയൊക്കെയാണെന്നറിയാത്തതിനാൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളും തിരുനാവായ വാദ്ധ്യാനും മുട്ടുകുത്തിയാണ് പ്രദക്ഷിണം വച്ചിരുന്നതും തൊഴുതിരുന്നതുമത്രെ.
നവയോഗികളായ കവി, ഹരി, അംബരീഷൻ, പ്രബുദ്ധൻ, പിപ്പലായനൻ, ആവിർഭൂത്രൻ, ഭൂമിളൻ, ചമസ്സൻ, കരഭാജൻ എന്നിവർക്ക് മഹാവിഷ്ണു ഇവിടെ ദർശനം നൽകിയിട്ടൂണ്ട്. ധാരാളം യാഗങ്ങൾ നടത്തി പ്രസിദ്ധിയാർജ്ജിച്ച നവയോഗികളുടെ സാന്നിധ്യം സ്ഥലനാമത്തിനു കാരണമായി എന്നു കരുതുന്നു. “തിരുനവയോഗി” എന്നു പറയെപ്പെട്ടിരുന്നത് പിന്നീട് ലോപിച്ച് "തിരുനാവായ" എന്നുമായിമാറിയെന്ന് ഒരു ഐതിഹ്യം.
നവയോഗികൾ ഓരോരുത്തരും അവരവരുടേതായി ഓരോ വിഷ്ണുവിഗ്രഹം സൂക്ഷിച്ചിരുന്നു. അവർ ഓരോരുത്തരും തങ്ങളുടേതായ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. എന്നാൽ പ്രതിഷ്ഠ കഴിഞ്ഞ ഉടനെ അവ അന്തർദ്ധാനം ചെയ്തു. കൃത്യമായ ചിട്ടകളൊന്നുമില്ലാതെ പ്രതിഷ്ഠാകർമ്മങ്ങൾ നടത്തിയതുകാരണമാണ് അവ അന്തർദ്ധാനം ചെയ്തതെന്ന് നവയോഗികളിലെ ഇളയവനായ കരഭാജൻ മനസ്സിലാക്കി.
അതായത് അഭിഷേകം, അർച്ചന, നിവേദ്യം, ദീപം തുടങ്ങിയവ പ്രതിഷ്ഠാകർമ്മത്തിന് നിർബന്ധങ്ങളാണ്. അവയൊന്നുമില്ലാതെ പ്രതിഷ്ഠ നടത്തിയതാണ് അന്തർദ്ധാനത്തിന് കാരണം. തുടർന്ന് അദ്ദേഹം തന്റെ കൈവശമുള്ള വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചപ്പോൾ നിളാനദിയിലെ (ഭാരതപ്പുഴ) ജലം കൊണ്ട് അഭിഷേകവും താമരപ്പൂക്കൾ കൊണ്ട് അർച്ചനയും നടത്തി
പാൽപ്പായസം നേദിച്ച് നെയ്വിളക്ക് കത്തിച്ചാണ് പ്രതിഷ്ഠാകർമ്മം നടത്തിയത്. ഇന്നും കാലാവസ്ഥാഭേദമെന്യേ ക്ഷേത്രത്തിൽ അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിയ്ക്കുന്നത് ഭാരതപ്പുഴയിലെ ജലമാണ്. അതിനാൽ ക്ഷേത്രത്തിൽ കുളവും കിണറുമില്ല. താമരമാലയും നെയ്വിളക്കും പാല്പായസവും ഇവിടെ പ്രധാന വഴിപാടുകളായിത്തന്നെ തുടരുന്നു.
ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മി-നാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകൾ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകൾ അപൂർവ്വമത്രേ. ഇതിനാധാരമായി പറയപ്പെടുന്നത് നാവാമുകുന്ദന്റെ ഭക്തവാത്സല്യം വെളിപ്പെടുത്തുന്ന ഒരു കഥയാണ്.
വിഷ്ണുഭക്തനായ ആദിഗണേശൻ ബ്രാഹ്മമുഹൂർത്തത്തിൽ നിളയിൽ സ്നാനം ചെയ്ത്, അടുത്തുള്ള താമരപ്പൊയ്കയിൽ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കൾ പറിച്ചുകൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തിൽ അർച്ചന നടത്തിയിരുന്നു. ഒരു അക്ഷയതൃതീയനാളിൽ താമരപ്പൂക്കൾ ശേഖരിക്കാൻ ചെന്നപ്പോൾ, മറ്റാരോ താമരപ്പൂക്കൾ പറിച്ചതിനാൽ, ആദിഗണേശന് താമരപ്പൂവ് ഒന്നും ലഭിച്ചില്ല.
ഇതിൽ കുണ്ഠിതനായ ഗണേശൻ തന്റെ സങ്കടം നവാമുകുന്ദനോട് ഉണർത്തിക്കാൻ ചെന്നപ്പോൾ മുകുന്ദവിഗ്രഹം താമരപ്പൂക്കളാൽ മൂടിയിരിക്കുന്നതായി കണ്ടു. തനിക്ക് മുൻപ് ആരോ താമരപ്പൂക്കൾ പറിച്ച് അർച്ചന നടത്തിയിരുന്നു. അതിനാലാണ് ഇവിടെ താമര മാലക്ക് പ്രാധാന്യം ഉണ്ടായത് എന്ന് പറയുന്നത്
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home