Saturday 25 December 2021

Battle of Nedumkota

 ശക്തമായ ഒരു രാജ്യം മിസൈലുകളുപയോഗിച്ച് (ആദിരൂപത്തിലുള്ളവയെങ്കിലും) അവയില്ലാത്ത ഒരു രാജ്യവുമായി തോറ്റ ആദ്യത്തെ യുദ്ധം ഏതായിരിക്കും?


അതാണ് നെടുംകോട്ട യുദ്ധം. (Battle of Nedumkotta).  അത് നടന്നത് കേരളത്തിൽ ത്യശൂർ ജില്ലയിലാണ്.  മിസൈലുകളുടെ ആദിരൂപമായ ഒരുതരം റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ രാജ്യം ടിപ്പു സുൽത്താന്റെ നേതൃത്വത്തിലുള്ള മൈസൂർ.  ആൾബലവും ആയുധബലവും കുറവായിട്ടും ഇച്ഛാശക്തിയുടെയും ബുദ്ധിയുടെയും രാജ്യസ്നേഹത്തിന്റെയും ദൈവഭക്തിയുടെയും മാത്രം പിൻബലത്തിൽ ആ യുദ്ധത്തിൽ വിജയിച്ച രാജ്യം ധർമ്മരാജാ ഭരിച്ചിരുന്ന തിരുവിതാംകൂറും.  


1789 December 29-നാണ് ഇത് സംഭവിച്ചത്. 


കേരളക്കരയെ ആദ്യം ആക്രമിച്ച മൈസൂർ ഭരണാധിപൻ ഹൈദരലി ആയിരുന്നു.  അദ്ദേഹത്തിൻറെ മകൻ ടിപ്പു മൈസൂരിന്റെ ഭരണാധികാരിയായിരുന്നപ്പോൾ എടുത്ത തീരുമാനമാണ് തിരുവിതാംകൂറിനെ ആക്രമിക്കുകയും ടിപ്പുതന്നെ രാമൻ നായർ എന്ന് വിശേഷിപ്പിച്ച ധർമ്മരാജാവിനെ മതംമാറ്റുകയും ലോകത്തേറ്റവും വലിയ നിധിശേഖരമുള്ള ശ്രീപദ്മനാഭസ്വാമിക്ഷേത്രം കൊള്ളയടിക്കുകയും ചെയ്യുക എന്നുള്ളത്.  


അങ്ങനെ ടിപ്പു കോഴിക്കോടും മലബാറിന്റെ പല ഭാഗങ്ങളും കീഴടക്കി. എന്നാൽ  വടക്കുഭാഗത്ത് പഴശ്ശി രാജാവിന്റെ ചെറുത്തുനില്പിനെ പ്രതിരോധിക്കാനാതെ തെക്കോട്ടുനീങ്ങി.  


ടിപ്പു നയിച്ച മൈസൂർ സൈന്യത്തിന്റെ ഒരു വലിയ പ്രത്യേകതയായി ചില യൂറോപ്യൻമാർ രേഖപ്പെടുത്തയിരിക്കുന്നത് യുദ്ധങ്ങളിൽ അവരുപയോഗിക്കുമായിരുന്ന അവരുടെ റോക്കറ്റുകളെയാണ്.  ഇന്നത്തെ മിസൈലുകളുടെ ആദിരൂപങ്ങൾ.  ഈ റോക്കറ്റുകൾ ഉപയോഗിച്ച് ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ ചിത്രണം യു എസ്സിൽ (നാസയിൽ ആണെന്ന് തോന്നുന്നു) കണ്ടതായി നമ്മുടെ മുൻ രാഷ്ട്രപതി ശ്രീ. എ പി ജെ അബ്ദുൾ കലാം തന്റെ ആത്മകഥയായ വിങ്‌സ് ഓഫ് ഫയറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  


ചരിത്രപുസ്തകങ്ങളിലും മിലിട്ടറി ബുക്കുകളിലും അന്നത്തെ ഈ മാരകായുധങ്ങളെ മൈസൂറിയൻ റോക്കറ്റുകൾ എന്ന് വിശേഷിപ്പിക്കുന്നു.  


അതിമാരകമായിരുന്നു ഇവ.  ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയതുപ്രകാരം ടിപ്പുവിന്റെ റോക്കറ്റ് ബ്രിഗേഡിലെ പട്ടാളക്കാരുടെ അംഗസംഖ്യ മാത്രം അയ്യായിരത്തോളം വരുമായിരുന്നു.  ടിപ്പുവിന്റെ  സേനാനായകരിൽ ഒരാളായിരുന്ന മിർ സൈനുലാബിദീൻ സുഷ്‌ടാരി എഴുതിയ ഫയ്ത്തുൽ മുജാഹിദീൻ എന്ന മിലിട്ടറി മാനുവൽ അനുസരിച്ചാണ് ഈ ബ്രിഗേഡ് പ്രവർത്തിച്ചിരുന്നത്.  മൈസൂർ കമാൻഡർമാരായ മിർ ഗുലാം ഹുസൈനും മുഹമ്മദ് മിർ ഹുളീൻ മീറൻസും അതിനു നേതൃത്വം നൽകിയിരുന്നു.  റോക്കറ്റുകൾ ആയിരം യാർഡ് പറക്കാൻ ശേഷിയുള്ളവയായിരുന്നു.  ചിലത് ആകാശത്തിൽ വച്ച് പൊട്ടിത്തെറിക്കുന്നവയെങ്കിൽ ചിലത് ഭൂമിയിൽ പതിച്ച ശേഷം ഉയർന്നുചാടി ശത്രുക്കളിൽ നാശംവിതയ്ക്കുന്നവയായിരുന്നു.  ചില റോക്കറ്റുകളിൽ കൂർത്ത ഇരുമ്പുമുനകളും മറ്റുചിലവയിൽ ബയണറ്റുകൾ പോലെ നീണ്ടുകൂർത്തതും വശങ്ങളിൽ മൂർച്ചയുള്ളതുമായ അഗ്രങ്ങളും ഘടിപ്പിച്ചിരുന്നു.  അവ പറക്കുമ്പോൾ ചലനം ക്രമരഹിതമാകുന്നതിനാൽ താഴേക്കു പതിക്കുന്ന സമയത്ത് വട്ടത്തിൽ കറങ്ങുന്ന ഈ മുനകൾ എതിരാളികളുടെ ദേഹങ്ങൾ കീറിമുറിക്കാൻ പര്യാപ്തമായിരുന്നു.  ഇത്തരം ഒരു സൈന്യത്തെയായിരുന്നു തിരുവുതാംകൂറിന് നേരിടേണ്ടിയിരുന്നത്.  


ടിപ്പുവിന്റെ ആക്രമണം സമാഗതമാകുമെന്നത് ഉറപ്പായിരുന്നതിനാൽ തിരുവിതാംകൂർ അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു.   അതിനായി അതിശക്തമായ ഒരു പട തയ്യാറാക്കി.  കൊച്ചി രാജ്യത്തിനുള്ളിൽ തിരുവിതാംകൂറിന് ചില മേഖലകൾ ഉണ്ടെന്നത് മുതലാക്കി.  അവയ്ക്കടുത്തുള്ള കോട്ടകൾ യൂറോപ്യന്മാരിൽനിന്നും വിലയ്ക്കും വാങ്ങി അവയെ യോജിപ്പിച്ചുകൊണ്ട് കേരളത്തിന് കുറുകേ തിരുവിതാംകൂർ സൈന്യം ഒരു കോട്ട കെട്ടി. 


ചൈന മംഗോളിയൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ വന്മതിൽ ഉണ്ടാക്കിയപോലെ കേരളത്തിലും ഒരു വന്മതിൽ.  കേരളത്തെ തെക്കും വടക്കുമായി ഭാഗിച്ചുകൊണ്ട് ഇന്നത്തെ തൃശൂർ ജില്ലക്കകത്ത്, കിഴക്കുപടിഞ്ഞാറായി നാൽപ്പതു കിലോമീറ്റർ നീളത്തിൽ ഒരു നീണ്ട കോട്ട. അതായിരുന്നു, നെടുംകോട്ട. 


ഇതൊരു കൽക്കോട്ടയായിരുന്നില്ല. മൺകോട്ടയായിരുന്നു. മൺകോട്ട ആയിരുന്നെങ്കിലും അതിനുള്ളിൽ നിരവധി ട്രാപ്പുകൾ ഉണ്ടായിരുന്നു.  തിരുവിതാംകൂർ സൈന്യത്തിന് മനസ്സിലാക്കാവുന്നതും എതിരാളികൾക്ക് ദുർഗ്രഹവുമായ ഗൂഢവഴികൾ അതിനുള്ളിൽ തയ്യാറാക്കപ്പെട്ടിരുന്നു.  കോട്ടയ്ക്കുള്ളിലേക്ക് ശത്രുക്കൾക്ക് പ്രവേശിക്കാൻ പാകത്തിൽ പൊഴികൾ ഉണ്ടായിരുന്നു എങ്കിലും ഇടുങ്ങിയ ആ പൊഴികളിലൂടെ കയറിവരുന്നവർ ഒളിച്ചിരിക്കുന്ന തിരുവിതാംകൂർ സൈനികരാൽ കശാപ്പുചെയ്യപ്പെടുമായിരുന്നു.  കോട്ടയ്ക്കുമുന്നിൽ വെള്ളത്തിനടിയിൽ കൂർത്ത കുറ്റികൾ നാട്ടിയ അപകടം പിടിച്ച കിടങ്ങുകളും തയ്യാറാക്കെപ്പെട്ടിരുന്നു. 


മൈസൂറിന്റെ സൈന്യബലം നാല്പത്തിനായിരത്തിനടുത്തായിരുന്നു.  തിരുവിതാംകൂറിന്റേത് അതിന്റെ പകുതിയിൽ താഴെയും. 


മലബാര്‍ കീഴടക്കി തെക്ക് തിരുവിതാംകൂറിലേക്ക് പടയോട്ടം ആരംഭിച്ച ടിപ്പുവിന് നേരിടേണ്ടി വന്നത് ഇത്തരത്തിൽ ഒരു വമ്പന്‍ പടക്കോട്ട കെട്ടി ബുദ്ധിയും ധീരതയും കൈമുതലാക്കി കാത്തു നിന്ന രാജാ കേശവദാസ് എന്ന ചാണക്യനെയും വൈക്കം പത്മനാഭപിള്ള എന്ന വീരനെയുമാണ്.


തിരുവുതാംകൂർ സൈന്യത്തിന് അന്നാർക്കും പുറത്തറിയാത്ത അംഗബലം വളരെ കുറവായ ഒരു കമാൻഡോ ഗ്രൂപ്പ് ഉണ്ടായിരുന്നു.  അതിലുള്ളത് ആകെ ഇരുപതുപേർ.  അവരുടെ നായകൻ വൈക്കം പദ്മനാഭപിള്ളയും. 


ഓര്‍ക്കണം, മൈസൂറിന്റെ വൻപടയെ അതിന്‍റെ പടനായകനെ കൊന്ന്, ടിപ്പുവിനെ തനിച്ചാക്കി വെട്ടി വീഴത്തിയത് കോട്ടയ്ക്കകത്തെ ട്രാപ്പുകൾ സമർഥമായി വിനിയോഗിച്ചുകൊണ്ട് മൈസൂർ പടയിൽ പലതവണ ഗറില്ലാ ആക്രമണങ്ങൾ നടത്തിയ ആ ഇരുപതംഗ ചാവേര്‍ പടയാണ്. ചരിത്രത്തില്‍ ഇതു പോലത്തെ സംഭവങ്ങള്‍ വിരളമാണ്.  


അവർക്ക് ആ പോരാട്ടത്തിൽ വിജയിച്ചേ മതിയാകുമായിരുന്നുള്ളൂ. കാരണം, മൈസൂർ സൈന്യത്തിന് ഈ യുദ്ധം വിജയിച്ചിരുന്നു എങ്കിൽ മുൻപുണ്ടായ പല വിജയങ്ങൾ പോലെ ഇതും വെറുമൊരു വിജയം മാത്രമേ ആകുമായിരുന്നുള്ളൂ. 


എന്നാൽ തിരുവുതാംകൂറിന് അതായിരുന്നില്ല.


മൈസൂർ ആക്രമണം മൂലം മലബാറിലെ വലിയൊരുജനത അഭയം പ്രാപിച്ചത് തെക്കുള്ള തിരുവിതാംകൂറിൽ ആയിരുന്നു.  അതിനും തെക്ക് പിന്നെ സമുദ്രമേയുള്ളൂ.  തോറ്റാൽ ഓടിപ്പോകാൻ വേറെയിടമില്ല.  തോറ്റാൽ മണ്ണും പെണ്ണിന്റെ മാനവും സ്വത്തുക്കളും അപഹരിക്കപ്പെടും. ക്ഷേത്രങ്ങളും വിശ്വാസങ്ങളും തകർക്കപ്പെടും. കൂട്ടക്കുരുതിയും നടക്കും.  എങ്ങനെയും ജയിക്കുകയല്ലാതെ തിരുവിതാംകൂർ സൈന്യത്തിന് വേറെ വഴിയില്ലായിരുന്നു.  


വമ്പൻ സൈന്യവും അന്നത്തെത്തകാലത്ത് അചിന്ത്യമായിരുന്ന സാങ്കേതികതയും കയ്യിലുണ്ടായിട്ടും തിരുവിതാംകൂർ സൈന്യത്തെ ആദ്യയുദ്ധമായ നെടുംകോട്ട തോൽപ്പിക്കാൻ മൈസൂർ പട്ടാളത്തിനായില്ല.  അതിനുള്ള കാരണം നെടുംകോട്ട എന്ന വൻകോട്ട തന്നെയായിരുന്നു.  കോട്ടയ്ക്കുമുകളിൽ അമ്പെയ്ത്തുകാരും കുന്തമെറിയുന്നവരും പീരങ്കികളും പ്രതിരോധം തീർത്തെങ്കിൽ, കോട്ടയ്ക്കകത്തെ പൊഴികളിലൂടെ മൈസൂർ സൈന്യത്തിലെ നിരവധിപേരെ അരിഞ്ഞുവീഴ്ത്താനും അപ്രതീക്ഷിതമായ അവസരങ്ങളിൽ കോട്ടയ്ക്കുവെളിയിലിറങ്ങി ആക്രമണം നടത്താനും തിരുവുതാംകൂർ സൈന്യത്തിനായി.  ശക്തിക്കുമേൽ ബുദ്ധിയും തന്ത്രവും പ്രയോഗിച്ചാണ് അവരത് സാധ്യമാക്കിയത്.  അവരുടെ നീക്കങ്ങൾ മൈസൂർ സൈന്യത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു.  അവരുടെ തന്ത്രങ്ങൾ മൂലം ചില സമയങ്ങളിൽ മൈസൂർ സൈന്യം ആളറിയാതെ പരസ്പരവും കൊന്നുവീഴ്ത്തി.  


അവർ ബുദ്ധിപൂർവ്വം പോരാടി.  നെടുംകോട്ട യുദ്ധത്തിൽ ജയിച്ചു.  പിന്നെ മൈസൂരുമായി മൂന്നുമാസം കഴിഞ്ഞുനടന്ന ആലുവാ യുദ്ധത്തിൽ ജയിച്ചു.  പിന്നീട ദിണ്ടിഗലിൽ ബ്രിട്ടീഷ് സൈന്യത്തിനൊപ്പം മൈസൂരിനെതിരെ മറ്റൊരു യുദ്ധത്തിലും വിജയിച്ചു.  നാലാമത് മൈസൂറിനെ നാലാം ആംഗ്ലോ- മൈസൂർ യുദ്ധത്തിൽ തോൽപ്പിക്കുന്നതിലും തിരുവിതാംകൂർ സൈന്യം പങ്കാളികളായി.  


തിരുവിതാംകൂർ സൈന്യത്തിന്റെ പോരാട്ടവീര്യം അതിശക്തമായിരുന്നു. കളരി പഠിച്ച, ചെരുപ്പുപയോഗിക്കാനറിയാത്ത നാടൻ സൈനികരായിരുന്നു അവരിൽ മിക്കവരും. നായരും ഈഴവരും ക്രൈസ്തവരും പട്ടാണിയും പതിനായിരത്തിനുമേലുള്ള തിരുവിതാംകൂറിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു.  എങ്കിലും ബുദ്ധിപൂർവ്വം ഗറില്ലാ വാർഫെയറിലൂടെ യുദ്ധവിജയം സമ്മാനിച്ചത് പ്രധാനമായും ആ ഇരുപതംഗ യൂണിറ്റാണ്. 


ചെറിയ ഒരു ഗ്രൂപ്പിന് വലിയൊരു സൈന്യത്തിനുമേൽ വിജയം വരിക്കാനാകുമോ? അതറിയണമെങ്കിൽ 300 എന്ന ഇംഗ്ലീഷ് സിനിമ കണ്ടാൽ മതി.  പേർഷ്യൻ രാജാവായ സെർക്സസ് ഗ്രീസിനെ ആക്രമിച്ചപ്പോൾ സ്പാർട്ടയിലെ മുന്നൂറു യുദ്ധവീരന്മാർ പേർഷ്യയുടെ വൻസൈന്യത്തെ ചെറുത്ത വീരഗാഥയാണത്. അത് നമ്മളിൽ നിരവധിപേർ കണ്ടിട്ടുണ്ടാകും. 


300 പോലത്തെ സിനിമകള്‍ക്ക് കയ്യടിക്കുന്ന നമ്മുടെ ഇന്നത്തെ തലമുറകളില്‍ എത്ര പേര്‍ക്ക് ഈ ചരിത്രമറിയാം? സ്വന്തം പൈതൃകത്തില്‍ ഇത്രയും വലിയ പോരാട്ടവീര്യം ഒളിഞ്ഞിരുപ്പുണ്ടെന്ന് എത്ര പേര്‍ക്കറിയാം?


നമ്മൾ മലയാളികളുടെ ധീരപൈതൃകമാണത്.  


അതിന്റെ ദിനമാണ് ഡിസംബര്‍ 29...

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home