Feminism in the Holy Vedas
വേദങ്ങളിലെ സ്ത്രീ: പ്രായോഗികത എങ്ങനെ ?
ലേഖനം :രമ്യ അജിത്ത്
വേദവിദ്യാപ്രകാശൻ
വേദങ്ങളിലെ 'ഫെമിനിസം'
'മാതാ നിർമാത ഭവതി ' എന്നോതിയ വേദവാണിയുടെ ആഴവും പരപ്പുംതേടി യാത്ര ചെയ്‌താൽ യുഗങ്ങൾക്ക് മുൻപേ, അനേകം അനേകം കോടി തലമുറകൾക്കു മുൻപേ വൈദിക സംസ്കൃതി പിച്ചവച്ചു നടത്തിയ നമ്മുടെ നാടിന്റെ തനതു സംസ്കാരമായ ആർഷഭാരതസംസ്കാരത്തിന്റെ ബാല്യദശയിൽത്തൊട്ടുതന്നെ ' സ്ത്രീ ശക്തി 'യെന്ന പദവും തത് പദാർത്ഥവും ഒന്നിച്ചു വളർന്നു വന്നതായി കാണുവാൻ കഴിയും.
ലോക സാംസ്‌കാരിക പൈതൃകത്തിന്റെ മാതാവായ ഭാരതത്തിൽ വേദസംസ്കൃതി കൊത്തിവെച്ച മാതൃ സങ്കല്പത്തിന്റെ സമസ്ത ഭാവങ്ങളേയും സാക്ഷത്ക്കരിച്ച അനേകസഹസ്രം സ്ത്രീരത്‌നങ്ങൾ ഈ മണ്ണിൽ ജീവിച്ചിരിന്നു.
അതേ, ഉജ്ജ്വലമായ പാതിവ്രത്യത്തിന്റെയും, കളങ്കമില്ലാത്ത സ്നേഹവായ്‌പിന്റെയും, ശ്രേഷ്ഠമായ
ത്യാഗത്തിന്റെയുമെല്ലാം പ്രതീകമായി സ്ത്രീ, മകളായി പത്നിയായി ജനനിയായി വഴികാട്ടിയായി സുഹൃത്തായി മാതൃകയായി ആരാധ്യയായി താങ്ങും തണലുമായി മനുഷ്യകുലത്തിന്റെ നെടുംതൂണായി നിലകൊണ്ടു.
സർവജ്ഞാനമയമായ വൈദിക ശാസ്ത്രത്തെ വേദമാതാവെന്നു ദർശിച്ച ഋഷിത്വം,കർമ്മമണ്ഡലങ്ങളിലൂടെ സ്വന്തം സംസ്കാരത്തിന്റെ ഊർധ്വഗതിക്കായി അശ്രാന്ത പരിശ്രമം നടത്തിയ കാലങ്ങളിലൊക്കെയുംതന്നെ , ആ ദിവ്യ സംസ്കൃതി നൽകിയ ജ്ഞാനത്തിന്റെ പ്രയോഗിക തലങ്ങളിലെല്ലാം പുരുഷനൊപ്പം സ്ത്രീയേയും പങ്കാളിയാക്കിയിരിക്കാതെ തരമില്ല.
ധർമ്മനിഷ്ഠരായി, സംസ്കൃതരായി, കർമ്മനിരതരായി തലമുറകളെ വാർത്തെടുക്കുന്നതിന്റെ ധാർമികമായ ഉത്തരവാദിത്വം പുരുഷനു മാത്രമായിരുന്നിരിക്കില്ലല്ലോ. തന്നെയുമല്ല, ഒരുപടി കൂടി കടന്നു ചിന്തിച്ചാൽ സാംസ്‌കാരിക പൈതൃകത്തിന്റെ കണ്ണിയിൽ തങ്ങളുടെ മക്കളെ വിളക്കി ചേർക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നത് മാതാവായും, പത്നിയായും, ശാസിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും സ്നേഹിച്ചും സഹിച്ചും കൂടെ നിന്ന 'സ്ത്രീ'യെന്ന ധർമബിംബമായിരുന്നുവെന്ന് തിരിച്ചറിയാം.
അത്തരുണത്തിൽ ചിന്തിച്ചാൽ സ്ത്രീ ശാക്തീകരണം എന്ന വാക്യം പ്രാചീന കാലം മുതല്‍ ഭാരതത്തിന് തീർത്തും പരിചിതമല്ലാത്ത ഒന്നാണ്. കാരണം ഭാരതത്തെ സംബന്ധിച്ച് അനാദികാലം മുതല്‍ സ്ത്രീ ശക്തയാണ്. വേദങ്ങള്‍ സ്ത്രീയെ 'സഹസ്ര വീര്യാ' എന്നാണ് വിളിച്ചിരുന്നത്. അനന്തമായ ശക്തിയുടെ സ്രോതസ്സായ സ്ത്രീത്വം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കേന്ദ്രബിന്ദുവായിരുന്നു.ബൃഹദാരണ്യകോപനിഷത്തില്‍ മഹര്‍ഷി യാജ്ഞവല്ക്യനോട് വിദ്വല്‍സദസ്സില്‍വെച്ച് ധര്‍മ്മ ശാസ്ത്രവിഷയത്തില്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന ഗാര്‍ഗ്ഗിയെ നമുക്ക് കാണാം,അങ്ങനെ കൗസല്യാദേവിയെപോലെ വേദജ്ഞാനനിരതരും, യജ്ഞയാഗാദികളില്‍ കാര്‍മികത്വം വഹിച്ചവരും, സൂര്യാസാവിത്രി സാര്‍പരാജ്ഞി ലോപമുദ്ര ഉര്‍വശി യമി വൈവസ്വതി വാഗാംഭൃണി ഇന്ദ്രാണി അദിതിര്‍ദാക്ഷായണ ചന്ദ്രാ ബൃഹതി ജ്യോതാ കാമ്യാ മേനാ സുഭഗ സുയാമ വിശ്രുത യശസ്വതി തുടങ്ങിയ വേദമന്ത്രദ്രഷ്ടാക്കളായ നിരവധി ഋഷികകളും നമ്മുടെ വൈദികസംസ്കാരത്തിന്റെ ദീപസ്തംഭങ്ങളായി തെളിഞ്ഞ നാടാണിത്.
രാജ്യഭരണവും ഗൃഹസ്ഥ ധര്‍മ്മവും ഒരുപോലെ നയിച്ച, യുദ്ധങ്ങളില്‍പോലും പങ്കെടുത്ത ഝാന്‍സിറാണിയെപോലെയും ,തിരുവിതാംകൂറിന്റെ ഝാന്‍സിറാണി എന്നറിയപ്പെടുന്ന അക്കാമ്മ ചെറിയാനെപോലെയും,ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി യുദ്ധം ചെയ്ത കര്‍ണാടകത്തിലെ കിട്ടുര്‍ റാണി ചെന്നമ്മയെപോലെയും ,ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും,വനിതാ വിദ്യാഭ്യാസത്തിനും വേണ്ടി പൊരുതിയ സാവിത്രിബായ് ഫൂലെയും പോലെയുമുള്ളവർ സ്ത്രീത്വത്തിന് പകിട്ടേകി ഭാരതചരിത്രത്തില്‍ ഇടം നേടിയ ധീരവനിതകളാണ്.
ശ്രീരാമചന്ദ്രനെ രാജസിംഹാസനത്തിൽനിന്നും നിഷ്ക്കാസനം ചെയ്യിച്ച, ലോകപ്രശസ്തമായ കൈകേയിയുടെ വരം സ്വന്തം പതിയിൽ നിന്ന് അവർ നേടിയെടുത്ത അവസരം അടുക്കളയിൽ ഭോജനം നൽകുന്ന വേള ആയിരുന്നില്ല. അധർമ്മികളുമായുള്ള യുദ്ധത്തിൽ, യുദ്ധഭൂമിയിൽ സ്വന്തം പതനത്തിൽ താങ്ങായി നിന്നു തനിക്കു യുദ്ധരക്ഷയേകിയ പത്നിക്കു ദശരഥൻ നൽകിയ വരമായിരുന്നു അത് .
പതിയെ പതനത്തിൽ നിന്നും ഉയർത്തുന്നവൾ പത്നി. എത്ര ശ്രേഷ്ഠമായ പദാർത്ഥമാണത്. വൈദിക ഗുരുകുലങ്ങൾ സൃഷ്ടിച്ച മഹാപ്രതിഭയായ ധർമ്മവിഗ്രഹമായ ശ്രീരാമനെപ്പോലും, കാനനവാസത്തിന്റെ കഠിനതയിൽ സ്വധർമത്തിൽ നിന്നും താഴേക്ക് പതിക്കാതെയിരിക്കുവാൻ കൂടെയനുഗമിച്ചുകൊണ്ടു, രണ്ടു പുരുഷ കേസരികൾക്കു തുല്യം യാതൊരു വൈഷമ്യവും കാണിക്കാതെ സർവവും സഹിച്ചു വർത്തിച്ച രാജകന്യകയായ സീതാദേവിയെ പ്രപഞ്ചമുള്ളിടത്തോളം മറക്കുവാൻ മാലോകർക്ക് കഴിയില്ലല്ലോ.
രാവണന്റെ തടവറയിൽ അങ്ങേയറ്റം പ്രതിസന്ധികളിൽ കഴിയുമ്പോളും പാതിവ്രത്യത്തിന്റെ മൂർത്തീരൂപമായി ധർമസ്വരൂപിണിയായി നിലകൊണ്ട ജനകാത്മജ ആർഷസംസ്കാരത്തിന്റെ തിലകക്കുറിയാണ്.
വൈദിക പരമ്പര കന്യാഗുരുകുലങ്ങളിലൂടെ വിദ്യാസമ്പന്നരായി വളർത്തിയ സ്ത്രീ എന്നും അവളുടെ ശക്തി തിരിച്ചറിഞ്ഞിരുന്നു. അറിവിനാല്‍ പ്രോജ്വലിച്ച, സമസ്ത വിജ്ഞാനങ്ങളുടെയും കേദാരമായ ആ വേദഭാരതത്തില്‍, സമൂഹത്തിന് മാതൃകയായിത്തീര്‍ന്ന അനവധി സ്ത്രീരത്‌നങ്ങള്‍ സുവര്‍ണശോഭയോടെ തിളങ്ങി.
ഗർഭാധാനം മുതൽ ഗൃഹസ്ഥ ധർമംവരേയോ, ശേഷം സന്യാസാശ്രമത്തിലേക്കു കടന്ന് അന്ത്യേഷ്ടി നാൾവരേയോയുള്ള ഒരു ജീവിതകാലഘട്ടം മുഴുവനും നിലനിൽക്കുന്ന ആത്മാവിന്റെ രഥയാത്രയിൽ അമ്മയെന്ന ദീപം തെളിക്കുന്ന പ്രകാശത്തിനപ്പുറം ഒരുവനു കാണുവാൻ എളുപ്പമോ?
ഗുരുപരമ്പരകളിലൂടെ വൈദിക സംസ്കാരത്തിന്റെ കണ്ണിയായി പരുഷനോടൊപ്പം ചേർത്തു സ്ത്രീയേയും പരിഷ്‌ക്കരിക്കാതെ മാറ്റി നിർത്തപ്പെട്ടിരുന്നുവെങ്കിൽ, ആത്യന്തികമായ കർമ ജ്ഞാന ഉപാസനാകാണ്ഡങ്ങളിലൂടെയുള്ള മാനവകുലത്തിന്റെ സപര്യയിൽ ബൃഹത്തായ വൈദിക പരമ്പരകൾ എങ്ങനെ ഈ ഭൂമിയിൽ ഉടലെടുത്തുവെന്ന് നമുക്ക് ഊഹിക്കുവാൻ കൂടി ഇന്ന് സാധിക്കുമോ?
വേദങ്ങളിലൂന്നിയ സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ മുഖം, അനാചാരങ്ങളുടെയും, അന്ധ വിശ്വാസങ്ങളുടെയും മൂടുപടങ്ങൾക്കപ്പുറം വിസ്‌മൃതമായപ്പോൾ, നമ്മെ ഗ്രസിച്ച ആചാരഹീനത്വത്തിന്റെ മങ്ങിയ കാഴ്ചകൾ, മുകളിൽ സൂചിപ്പിച്ച പരിഷ്കൃതസമൂഹത്തിലേക്കുള്ള മാനവസംസ്കാരത്തിന്റെ ഊർധ്വഗമനത്തിന്റെ പാതയിൽ നിന്നും നമ്മെ തെന്നിമാറ്റിച്ചു.സ്ത്രീ വിദ്വേഷത്തിന്റെയും അടിച്ചമർത്തലുകളുടേയും ഇടുങ്ങിയ മധ്യകാല അനാചാരങ്ങളിൽ ഉടക്കി അവ നമ്മെ വഴിമുട്ടിച്ചു കളഞ്ഞു.
സവിശേഷമായ ശാസ്ത്രജ്ഞാനപഠനം, വൈദിക സാംസ്‌കാരിക പദ്ധതികളിലൂടെയുള്ള ആചരണ പ്രബുദ്ധത എന്നിവ കൈവിട്ടപ്പോൾ വന്നുചേർന്ന വികലവും അപക്വവുമായ അബദ്ധ ധാരണകൾ സംഭാവന ചെയ്ത നിറം മങ്ങിയ ചരിത്രത്തിന്റെ ഛയാചിത്രങ്ങൾ മാത്രമേയുള്ളൂ നമ്മുടെ കണ്മുന്നിൽ.
ഗുരു പരമ്പര കനിഞ്ഞു നൽകിയ ഉപനയനം അഥവാ വിശേഷ ജ്ഞാനത്തെ ദർശിക്കുവാനുള്ള ദിവ്യചക്ഷുസ്സ് നമുക്ക് നഷ്ടപ്പെട്ടു.
കന്യാഗുരുകുലങ്ങളിലൂടെ വേദങ്ങളും വൈദികാചരണങ്ങളും പഠിച്ചു, ഉജ്ജ്വലമായ സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി അവ സ്വജീവിതത്തിൽ ആചരിച്ചു പകർത്തിയ മഹിതകളായ സ്ത്രീകൾ പാലിച്ച വ്രതവും, അവർ തലമുറകൾക്ക് പകർന്നു നൽകിയ, സ്ത്രീയെ സമാരാധ്യയായി ലോകത്തിൽ ആദ്യമായി അവതരിപ്പിച്ച ദിവ്യ സംസ്കൃതിയിലെ വിശേഷജ്ഞാനവും നമുക്കിന്നു അന്യമായി.
ഗർഭാധാന സംസ്കാരത്തിലാരംഭിക്കുന്ന ഒരു വ്യക്തിയുടെ ധാർമികവും, മാനസികവും, ശാരീരികവുമായുള്ള വളർച്ചയുടെ ഓരോ ഘട്ടത്തിലും ആ വ്യക്തിയെ നിലനിർത്തുന്ന അവിഭാജ്യമായ ബന്ധത്തിന്റെ ശക്തിയാണ് അമ്മയെന്ന സത്യം.വേദം അതിനാൽത്തന്നെ ഉദ്ഘോഷിച്ചു മാതാ നിർമാതാ ഭവതി '.
സാംസ്‌കാരികമായും, ധാർമികമായും ഉറച്ച പ്രതിഭാധനനായ ഒരു വ്യക്തിയെ സൃഷ്ടിക്കുന്നതിൽ ഗുരുനാഥനോടു ചേർന്നുനിന്ന് സ്വന്തം കുട്ടിയെ പരിഷ്ക്കരിക്കുന്നതിനും, വേണ്ടതായ അവസരങ്ങൾ നൽകുന്നതിനും ഓരോ കുടുംബത്തിലും സ്ത്രീക്കും പുരുഷനും തുല്യമായ ഉത്തരവാദിത്തമാണുണ്ടായിരുന്നത് എന്ന് നമ്മുടെ പൂർവ ചരിത്ര ഗ്രന്ഥങ്ങളും വേദഭാഷ്യങ്ങളുമായ ബ്രാഹ്മണങ്ങളും, ആരണ്യകങ്ങളും,ഉപനിഷത്തുക്കളും ,മനുസ്മൃതി രാമായണം മഹാഭാരതം തുടങ്ങിയ സ്മൃതിഗ്രന്ഥങ്ങളും പഠിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നു.
ആചാര്യനും, അച്ഛനും, മുൻപേ വേദവ്രതനിഷ്ഠയായ അമ്മയാണ് ഒരുവന്റെ സാംസ്‌കാരിക വിദ്യാഭ്യാസത്തിന് തുടക്കമിടുന്നത് എന്ന് ഇത്തരം ശാസ്ത്രങ്ങളിൽനിന്നെല്ലാം തന്നെ നമുക്കു ഉൾകൊള്ളാൻ സാധിക്കും. പൂർണത തേടിയുള്ള അഥവാ മോക്ഷത്തിലേക്കുള്ള മനുഷ്യന്റെ യാത്രയിൽ മാതാവ് പിതാവിനേയും, പിതാവ് ആചാര്യനേയും, ആചാര്യൻ ഈശ്വരനേയും സാക്ഷാത്ക്കരിക്കുവാൻ സഹായിക്കുന്നു. മാതാ പിതാ ഗുരു ദൈവം എന്നെല്ലാം പറയുന്നതിന്റെ യഥാർത്ഥ പൊരുൾ തിരിച്ചറിയാൻ വേദങ്ങൾ മുന്നോട്ടു വെച്ചിട്ടുള്ള സ്ത്രീ സങ്കല്പം നാം സാംസ്‌കാരിക വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കണം.മാതൃവാൻ പിതൃവാൻ ആചാര്യവാൻ പുരുഷോ വേദ : എന്നാണല്ലോ പറഞ്ഞിരിക്കുന്നത്.
വേദത്തിന്റെ ദൃഷ്ടിയിൽ, വ്യഷ്ടിയിൽ നിന്ന് സമഷ്ടിയിലേക്ക് വ്യാപിപ്പിക്കുന്ന സമസ്ത ജ്ഞാനത്തെയും അമ്മ സ്വയം ധരിച്ചു കുഞ്ഞിന് പകരുന്നു. ഗുരുനാഥന്റെ ചിറകിലേറി അറിവിന്റെ അനന്ത വിഹായസ്സിലേക്ക് ഉയരും വരേയ്ക്കും , സ്വഗൃഹത്തിൽ നിന്ന് ആരംഭിക്കുന്ന വൈദികചര്യകളിലൂടെ ഒരുവൻ അമ്മയും അച്ഛനുമെന്ന ദേവതകൾ പ്രകാശിപ്പിക്കുന്ന ജ്ഞാനപ്രപഞ്ചത്തിലാണ് വളരുന്നത്.
അമ്മയുടെ ഗർഭത്തിൽ ഇരിക്കുമ്പോൾത്തൊട്ട്, പിറന്നു വീണു 'കുഞ്ഞേ നീ വേദമാകുന്നു (വേദോfസി)'എന്ന് കാതിൽ ഓതുമ്പോളും, നാവിൽ തേനും വയമ്പും നൽകി പേരു വിളിച്ചു അന്നമൂട്ടി പിച്ച വച്ചു വളർത്തുമ്പോളുമെല്ലാം ആർഷസംസ്കൃതിയുടെ സന്തതികൾ അമ്മയിൽ നിന്നും, കുടുംബത്തിൽ നിന്നും അറിയുന്ന വേദപാഠങ്ങൾ അവരിൽ വരുത്തുന്ന പരിവർത്തനങ്ങൾ വളരെ വലുതാണ്.
ആധുനിക ശാസ്ത്രപരീക്ഷണങ്ങൾ ഗർഭസ്ഥശിശുവിന്റെ സംസ്കാരത്തെക്കുറിച്ചും ചിന്താശേഷിയെക്കുറിച്ചും,വികാരവിചാരങ്ങളെക്കുറിച്ചുമെല്ലാം കണ്ടെത്താൻ, ഏറെ സമീപസ്ഥമായ കാലങ്ങളിൽ ശ്രമിച്ചു തുടങ്ങുമ്പോൾ, യുഗാന്തരങ്ങൾക്കപ്പുറം വൈദിക സംസ്കൃതിയുടെ വരദാനമായ ഷോഡശ സംസ്കാരക്രിയകളെക്കുറിച്ചു നാം മനസിലാക്കണം.ഗൃഹത്തിൽ അണയാതെ സൂക്ഷിച്ച പഞ്ചമഹായജ്ഞങ്ങളെന്ന അഗ്നികളെക്കുറിച്ച് അറിയണം.അപ്പോൾ നാം തിരിച്ചറിയും നമ്മെ പരിഷ്ക്കരിച്ചു നാമാക്കിയ വേദമാതാവിനെയും, നമ്മെ ചേർത്തു നിർത്തി വസിക്കാൻ യോഗ്യമായതെല്ലാം നൽകിയ ഭൂമിദേവിയേയും,നമ്മെ സംരക്ഷിച്ചു നിലനിർത്തിയ ഭാരതാംബയേയും,പിന്നേ അന്നവും അറിവും സ്നേഹവും തന്നു വളർത്തിയ നമ്മുടെ സ്വന്തം അമ്മയേയും.
അന്നവതിയായി വിദ്യാദേവി സരസ്വതിയേയും,അന്നദാതാക്കളായി ഭൂമിയേയും, ഗോക്കളേയും, പാലിക്കുന്ന രാഷ്ട്രദേവിയേയും, ആരാധ്യരായി സ്വമാതാവിനൊപ്പം കാണുവാൻ നമ്മെ ആദ്യമായി പഠിപ്പിച്ചതും വേദമാതാവാണ്. ആ വേദങ്ങൾ ആട്ടെ സമൂഹ യജ്ഞത്തിൽ സ്ത്രീക്കും പുരുഷനും തുല്യപങ്കാണ് കല്പിച്ചിരിക്കുന്നത്.കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും
വിദ്യാസമ്പന്നരായ സ്ത്രീകൾക്കും പുരുഷൻമാർക്കും എല്ലാ കർമങ്ങളിലും ഒരേ പ്രാധാന്യമാണ് അവിടെ ഉള്ളത്.
പുരുഷൻ മാത്രം സാംസ്‌കാരികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസത്തിന് അർഹനായിരുന്നുവെങ്കിൽ പിന്നെ എങ്ങനെയാണ് പണ്ടേയ്ക്ക് പണ്ടേ നമ്മുടെ ചരിത്രങ്ങൾ രേഖപ്പെടുത്തിയ സമസ്ത മേഖലകളിലും മഹനീയരായി ശോഭിച്ചിരുന്ന സ്ത്രീകൾക്കു പുരുഷനോടോപ്പമോ അതിൽ മേലെയോ വിരാചിക്കുവാൻ ഈ രാഷ്ട്രത്തിൽ കഴിഞ്ഞത്?
വേദങ്ങൾ ഉറച്ച സ്വരത്തിൽ ഉദ്ഘോഷിക്കുന്ന സ്ത്രീ പുരുഷ സമത്വമെന്ന ആശയം പ്രയോഗികമായി നടപ്പിലാക്കുവാൻ സാധിക്കാത്ത വിധം അപരിഷ്കൃതരായിരുന്ന സമാജത്തിനോ സമൂഹത്തിനോ അത്രമേൽ ദൃഢവും സുദീർഘവുമായിരുന്ന ആർഷ പാരമ്പര്യത്തിന്റെ അവകാശികളായിത്തീരുവാൻ കഴിയുമോ?
സാംസ്‌കാരികമായും ധാർമികമായും ഉയരേണ്ട ഉത്തരവാദിത്തം പുരുഷനിൽ മാത്രം നിക്ഷിപ്തമായാൽ മതിയായിരിക്കുമോ?
ഇന്നും സുശക്തമായ ഒരു ഉത്കൃഷ്ട രാഷ്ട്ര നിർമ്മിതിയെക്കുറിച്ചോ, സാമൂഹിക കൗടുംബിക ഭദ്രതയെ ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചോയെല്ലാം ചിന്തിക്കുമ്പോൾ വിദ്യയും അറിവും പുരുഷനു മാത്രം നൽകിയാൽ മതി എന്നാണോ ?
ഉത്തരം ചരിത്രാതീതകാലങ്ങളിലേക്ക് ഊളിയിട്ടു തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.
എന്തായിരുന്നു സ്ത്രീക്ക് ഭാരതം നല്‍കിയ സ്ഥാനം? വേദങ്ങള്‍ സ്ത്രീയെ എത്ര മഹനീയമായി കണ്ടു?
സ്ത്രീ-പുരുഷ സമന്വയത്താല്‍ വിരചിച്ച കൗടുംബിക സാമൂഹ്യ പുരോഗതിയുടെ വാങ്മയ ചിത്രം നമുക്ക് ആര്‍ഷഗ്രന്ഥങ്ങളില്‍ കാണാം.'യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ' എന്ന് ആപ്തവാക്യം. സ്ത്രീകള്‍ വാഴ്ത്തപ്പെടുന്നിടത്ത് ദേവതകള്‍ രമിക്കുന്നുവെന്നര്‍ഥം.
ഇതുവരെയും ഏറെ ചർച്ച ചെയ്ത വിഷയമാണ് വേദങ്ങൾ മുന്നോട്ടുവെച്ച സ്ത്രീ പുരുഷ സമത്വം. സ്ത്രീകൾക്കുള്ള ആചരണ സ്വാതന്ത്ര്യം എന്നതിലുപരി ഈവിഷയത്തിൽ നാം മനസ്സിലാക്കേണ്ട വസ്തുത,വിവാഹയജ്ഞത്തോടെ പുരുഷന്റെ നേർപാതിയായി ജീവിതമാരംഭിക്കുന്ന സ്ത്രീ, അവന്റെ നിത്യ യജ്ഞങ്ങളിൽ എല്ലാം തന്നെ അവിഭാജ്യ ഘടകമാണ് എന്നുള്ളതാണ്.
ഓരോ വൈദിക പദ്ധതിയും സ്ത്രീക്കും പുരുഷനും കൂടിയുള്ളതാണ്. രണ്ടുപേരും ചേർന്നു മക്കളോടോപ്പമാണ് പഞ്ചമഹാ യജ്ഞങ്ങൾ നിത്യവും ആചരിക്കേണ്ടത് എന്നാണ് വേദങ്ങൾ നിഷ്കർഷിച്ചിട്ടുള്ളത്.സ്ത്രീക്കു വേദം നിഷിദ്ധമായിരുന്നുവെങ്കിൽ പിന്നെ ഇതെല്ലാം എപ്രകാരം നിലനിർത്തി എന്നുവേണം അനുമാനിക്കുവാൻ?
സ്ത്രീ-പുരുഷ സമന്വയത്തിൽ കുടുംബത്തിൽ നിലനിർത്തിയിരുന്ന യജ്ഞ സംസ്കാരത്താൽ വാർത്തെടുക്കപ്പെട്ട വേദാധികാരികൾ അഥവാ വേദവിദ്യാഭ്യാസം യഥായോഗ്യം നേടിയവർ ആയിരുന്നു ഭാരതത്തിലെ ബാലികാ ബാലന്മാർ എന്ന് വേദസംസ്കാരം അതിന്റെ പൂർണതയിൽ നിലകൊണ്ട കാലഘട്ടങ്ങളിലെ ചരിത്രം പരിശോധിച്ചപ്പോൾ നാം കണ്ടു.
യഥേമാം വാചം കല്യാണീം.........
തുടങ്ങിയ നിരവധി വേദമന്ത്രങ്ങളിലൂടെ
സ്ത്രീ പുരുഷ സമത്വമാണ് വേണ്ടതെന്നും ,സ്ത്രീകൾക്ക് യജ്ഞാധികാരമുണ്ടയെന്നും ,വേദാധികാരത്തിന് യാതൊരു വിധത്തിലുള്ള ജാതി മത ലിംഗ പ്രായ ഭേദങ്ങളും ഇല്ലായെന്നും അടിവരയിട്ട് പറയുന്നതായി ചതുർവേദങ്ങളിൽ ദൃഷ്ടാന്തങ്ങൾ ധാരാളമായി ഉണ്ട്.
സനാതന ധർമത്തിന്റെയും,ഭാരതീയ തനതു സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെയും ആധാര ശിലകളായ ചതുർ വേദങ്ങളിലെ സമഗ്രമായ ഇത്തരം ഉൽകൃഷ്ട ആശയങ്ങൾ പിൻപറ്റി ഉടലെടുത്ത വേദഭാഷ്യശാസ്ത്രങ്ങളായ ഉപനിഷത്തുകളിലും,യോഗ സാംഖ്യ ന്യായ വൈശേഷിക മീമാംസ വേദാന്താദി ഷഡ് ദർശനങ്ങളിലും,ബ്രാഹ്മണ ആരണ്യകങ്ങളിലും മഹാഭാരതം രാമായണം മനുസ്മൃതി ആദിയായ സ്‌മൃതികളിലുമെല്ലാം നമുക്ക് സ്ത്രീയെ, ശക്തി സ്രോതസ്സായിക്കണ്ടു ആരാധിക്കുന്നതു കാണാം.
വേദാദി ശാസ്ത്രങ്ങൾ അഭ്യസിച്ചു ജീവിതത്തിൽ പ്രയോഗികമായി നടപ്പിലാക്കി ലോകത്തിന് മാതൃകകളായിത്തീർന്ന,ധർമ വിഗ്രഹമായ ശ്രീരാമദേവനും യോഗേശ്വരനായ ശ്രീകൃഷ്ണ ഭാഗവാനുമെല്ലാം സ്ത്രീകളെ അത്യധികം ആദരിച്ചിരുന്നവരും, ഏകപത്നീ വ്രതശുദ്ധിയോടെ കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും, അവരെ അത്യധികം ബഹുമാനിക്കുകയും ചെയ്തിരുന്നതായി രാമായണം മഹാഭാരതം എന്നീ പേരുകളിൽ ഇന്നുള്ള നിരവധി കഥാഖ്യായികകളുടെ മൂലസ്രോതസ്സുകളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നീ ഇതിഹാസങ്ങളിൽ കാണാം.ഇപ്രകാരം ഈ പറഞ്ഞ ഭാരതത്തിൽ വേദാധിഷ്ഠിതമായി ഉടലെടുത്ത ശാസ്ത്രങ്ങളിലോ, ചരിത്രരേഖകളിലോ എവിടെയും സ്ത്രീ വിരുദ്ധതയോ, സ്ത്രീകളെ ഉപഭോഗ വസ്തുക്കളായി കണ്ടവരെ വാഴ്ത്തുന്നതായോ, അതു ശ്രേഷ്ഠ സംസ്കാരത്തിന്റെ ഭാഗമായി കണക്കാക്കുന്നതായോ പറഞ്ഞിട്ടില്ല. തന്നെയുമല്ല അത്തരം അധമപ്രവർത്തികൾ ചെയ്യുന്നവരെ ജീവൻ കൊടുക്കേണ്ടി വന്നാലും പൊരുതി ഇല്ലായ്മ ചെയ്ത ചരിത്രം നിരവധിയുണ്ട് താനും.
സനാതന ധർമ്മത്തിന്റെ വക്താക്കളായി വൈദിക ഗുരുകുലങ്ങൾ സംഭാവന ചെയ്ത ആര്യന്മാർ അഥവാ ശ്രേഷ്ഠരായ ആര്യാവർത്തമെന്ന ഭാരതരാഷ്ട്രത്തിന്റെ സന്തതികളായ വീരന്മാർ എല്ലാവരുംതന്നെ സ്ത്രീകളെ അപമാനിക്കുന്നവരേയും, അടിച്ചമർത്തുന്നവരേയും കുലദ്രോഹികളായിക്കണ്ടു വകവരുത്തുകയാണ് ചെയ്തിട്ടുള്ളത്.
സ്ത്രീ, അനന്യ സാധ്യതകളുടെ അണയാത്ത അഗ്നി.
സ്ത്രീശാക്തീകരണം എന്ന വാക്കേ പൂർവഭാരതത്തിനു അന്യമായിരുന്നു .സ്ത്രീ ശക്തയാണ്.
സ്ത്രീയെ പരാശക്തിയെന്ന് പേരിട്ടു വിളിച്ചു ആപ്തന്മാർ.
പ്രകൃതിപോലും മാതാവിന് തുല്യമെന്ന് വേദം നമ്മോട് പറഞ്ഞു
മാതാ ഭൂമി പുത്രോ ...
സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളായ സംതുലിതമായ ഒരു സാംസ്‌കാരിക ചരിത്രഭൂമിക നമുക്കായി തുറന്നിട്ട ഋഷിയുടെ പാദമുദ്രകള്‍ പിന്തുടര്‍ന്നവരായിരുന്നു നാം.അഭയംകരിയായി
സ്ത്രീയെ നാം ആരാധിച്ചു.
എന്നാല്‍ ഇന്ന് നാരിവിദ്വേഷികളും സ്ത്രീപീഡകരുമടങ്ങിയ ജനതതികള്‍ പെരുകിയ ഉപഭൂഖണ്ഡത്തിലെ അസംസ്‌കൃത വര്‍ഗ്ഗമായി ഭാരതീയര്‍ സമീപകാലത്ത് മുദ്ര കുത്തപ്പെട്ടിരിക്കുന്നു.
വേദപഠനം നിലച്ച ഇരുണ്ട മധ്യകാലത്താകട്ടെ, സമൂഹമധ്യത്തില്‍ നിന്നുപോലും സ്ത്രീ പിന്‍വലിക്കപ്പെട്ടു.
എന്തേ നമ്മുടെ സ്ത്രീത്വം തലമുറകള്‍ മാറിമറിഞ്ഞപ്പോള്‍ ഇത്രമേല്‍ ദയനീയമായി? യുഗാന്തരങ്ങളായി മനുഷ്യവര്‍ഗത്തെ പെറ്റുപോറ്റിയ സ്ത്രീയെ ഇത്രമേല്‍ അവഗണിക്കാനും നിന്ദിക്കാനും നാമെങ്ങനെ പഠിച്ചു? ഒട്ടും ഭാരതീയമല്ല നമ്മുടെ അത്തരം വികലദര്‍ശനങ്ങള്‍. 'പാദസ്പര്‍ശം ക്ഷമസ്വ മേ' എന്ന് ചൊല്ലി ഭൂമിയെപ്പോലും വന്ദിച്ചുണര്‍ന്ന ധര്‍മം അപചയിച്ചതുതന്നെയല്ലേ കാരണം?
വൈദേശിക ആധിപത്യത്തിലും, ആക്രമണങ്ങളിലും പെട്ടുലഞ്ഞും, ധാർമിക വിദ്യാഭ്യാസത്തിൽ ശ്രദ്ധയില്ലാതേയും ആചരണ പ്രബുദ്ധത പ്രായേണ നഷ്ടപ്പെട്ട്, വൈകല്യം ബാധിച്ച ജനതയുടെ നട്ടെല്ല് തകര്‍ത്ത മധ്യകാലഘട്ടത്തിലെ ഈ സാംസ്‌കാരിക അധഃപതനത്തിന് എന്താണ് പരിഹാരം?
ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ആചാര്യശ്രീ രാജേഷ് നല്‍കിയത്. ഭാര്യയായ ശ്രീമതി മീരയോടൊപ്പമാണ് താന്‍ പറയുന്നത് ചെയ്യുന്നുണ്ടെന്ന് കാട്ടിക്കൊണ്ട് സ്ത്രീകളുടെ അവകാശത്തിന്റെ മുദ്ര കാട്ടിക്കൊടുത്തുകൊണ്ടിരിക്കുന്നത്.
പാശ്ചാത്യ നാടുകളില്‍പോലും സ്ത്രീകള്‍ക്ക് വോട്ടവകാശം,രാഷ്ട്രത്തിന്റെ ഭരണച്ചുമതല എന്നിവയെല്ലാം കഴിഞ്ഞ നൂറ്റാണ്ടുകളിൽ ലഭിച്ചിട്ടും, ബഹിരാകാശസഞ്ചാരം നടത്തിയിട്ടുപോലും, ഇവിടെ സ്ത്രീകൾക്ക് വേദാധികാരം ലഭ്യമല്ല എന്നത് ഏറെ ശോചനീയമായ ഒരു വസ്തുതയാണ്.എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ പുറകോട്ടുപോയി ആചാര്യശ്രീ രാജേഷ് പ്രാരംഭം കുറിച്ച പ്രവര്‍ത്തനങ്ങളിലൂടെ കടന്നുവന്നാല്‍ അത്ഭുതാവഹമായ പരിവര്‍ത്തനം നമുക്ക് ദര്‍ശിക്കാം.
വേദങ്ങൾ സ്ത്രീയെ എങ്ങനെ ബഹുമാനിച്ചു എന്നും വേദങ്ങള്‍ എത്രമാത്രം ജീവിതസുഗന്ധിയാണെന്നും മഹര്‍ഷി ദയാനന്ദ സരസ്വതിക്കുശേഷം നമുക്ക് കാട്ടിത്തന്നത് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി ആചാര്യശ്രീ രാജേഷാണ്. 2014-ല്‍ അദ്ദേഹം ജനസാഗരത്തെ സാക്ഷിയാക്കി ആഘോഷിച്ച കോഴിക്കോട് സോമയാഗം വേദത്തിന്റെ മാനുഷികമുഖം കാട്ടിത്തരുന്നതാണ്. 'മനുര്‍ഭവ' എന്നാണ് വേദവചനം. മനുഷ്യനാകൂ! അതെ, നമ്മള്‍ ഏവരും വിദ്യ അഭ്യസിച്ചു മനുഷ്യാരാകാനും ദിവ്യഗുണശാലികളാകാനുമാണ് വേദം പറഞ്ഞത്. ആ വേദം ഒരിക്കലും സ്ത്രീനിന്ദയുടെ പക്ഷത്തല്ല. ഹിംസയുടെയും ചൂഷണത്തിന്റെയും പക്ഷത്തല്ല. സകലര്‍ക്കും വേണ്ടിയാണ് വേദം. വേദം ഞങ്ങള്‍ക്ക് ചൊല്ലാമോ എന്ന് സംശയിച്ചുനിന്ന സ്ത്രീകളും കുട്ടികളും നാനാതുറകളിലുള്ള മനുഷ്യരും വേദമന്ത്രരുചിയില്‍ ആറാടുന്ന കാഴ്ചയാണ് നാം ആചാര്യശ്രീയുടെ വൈദികനവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ കണ്ടത്.
സ്ത്രീ പുരുഷന്റെ നിഴലല്ല, വെളിച്ചമാണ് എന്ന് ആചാര്യശ്രീ കുടുംബങ്ങളെ മനോഹരമായി പഠിപ്പിച്ചത് വാക്കുകളിലൂടെയല്ല, അവരെ വേദപഠനത്തിലും വേദപ്രചാരണത്തിലും പുരുഷനൊപ്പം ചേര്‍ത്തായിരുന്നു.
സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി അവര്‍ക്ക് വൈദിക വിദ്യാഭ്യാസം നല്‍കി.സര്‍വര്‍ക്കും വേദം പഠിക്കാമെന്ന് വേദങ്ങളെത്തന്നെ പ്രമാണമാക്കി അദ്ദേഹം ഉദ്ഘോഷിച്ചു. ലിംഗ വിവേചനം നിലനില്‍ക്കുന്ന സമൂഹത്തിലെ സ്ത്രീകള്‍ക്ക് വേദാധ്യയനം അപ്രാപ്യമായ ഈ കാലഘട്ടത്തില്‍ എല്ലാ സ്ത്രീകളോടും സധൈര്യം വേദം പഠിക്കുവാനായി അവരുടെ കുടുംബത്തോടൊപ്പം വരുവാന്‍ ക്ഷണിച്ചു.
പിന്നീട്, സര്‍വ തുറകളിലുമുള്ള പതിനായിരക്കണക്കിന് സ്ത്രീകള്‍ പ്രായ വ്യത്യാസമില്ലാതെ, തങ്ങള്‍ക്ക് അന്നുവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന വേദമന്ത്രങ്ങള്‍ പഠിക്കുന്ന ഐതിഹാസിക വിപ്ലവത്തിനാണ് ഭാരതം സാക്ഷ്യം വഹിച്ചത്! യജ്ഞങ്ങള്‍ അവര്‍ നിത്യ ജീവിതത്തില്‍ അനുശീലിച്ചു.തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് മുകളില്‍ വേദമെന്ന അറിവിന്റെ ചിറകുകളില്‍ ഉയരാന്‍ അവര്‍ക്ക് സാധിച്ചു.
പൂര്‍വ ശോഭ മങ്ങി സമൂഹത്തിന്റെ അതിര്‍വരമ്പുകളിലേക്ക് പിന്തള്ളപ്പെട്ട സ്ത്രീകളെ വീണ്ടും മുഖ്യധാരയിലേക്ക് ആനയിച്ചുകൊണ്ട് കാശ്യപ വേദ റിസര്‍ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചു.ആചാര്യശ്രീ രാജേഷിനൊപ്പം ആചാര്യപത്നി ശ്രീമതി മീര കെ രാജേഷിന്റെ സജീവ സാന്നിധ്യം കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കുചേരുന്നതിന് വനിതകള്‍ക്ക് ഊര്‍ജ്ജം പകരുന്നു. ഫൗണ്ടേഷന്റെ മുഖപത്രമായ ഹിരണ്യ മാസികയുടെ സാരഥിയായ ശ്രീമതി മീര രാജേഷ് ധർമവിഷയത്തിൽ യാതൊരു വിട്ടു വീഴ്ചയ്‌ക്കും തയ്യാറല്ലാത്ത മഹനീയ വ്യക്തിത്വമാണ്.
വേദപ്രണേതാവായ പതിക്കു മുന്നിൽ നടന്നു നയിക്കുന്ന, സ്വന്തം വ്യക്തിപരവും കുടുംബപരവുമായ താല്പര്യങ്ങൾക്കുപരിയായി പതിയെ സമൂഹത്തിനുകൂടി സമർപ്പിച്ചു അദ്ദേഹത്തിന്റെ ധാർമിക ഉത്തരവാദിത്തത്തെ പൂർത്തീകരിക്കാൻ
ധർമനിഷ്ഠയായ ആ വൈദിക നൽകുന്ന കൈത്താങ്ങ് സമൂഹത്തിന് ഏറെ വിലപ്പെട്ടതാണ്. മാതൃ സമിതിയുടെയും ആര്യവാഹിനിയുടെയും അമരക്കാരിയായ ശ്രീമതി മീര രാജേഷ് കാശ്യപ കുടുംബത്തിലെ സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങളിൽ അവസാനവാക്കാണ്.
വേദ പഠനത്തില്‍ മികവ് തെളിയിക്കുന്നതിനൊപ്പം ഫൗണ്ടേഷന്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളിലും, വേദ പ്രചാരണത്തിലും, സര്‍വോപരി ഫൗണ്ടേഷന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കും എന്നും സ്ത്രീകള്‍ തങ്ങളുടെ മനസ്സും ശക്തിയും നല്‍കി. വേദം എന്ന സര്‍വ ജ്ഞാനമയമായ ത്രയീ വിദ്യ, അവരിലെ നൈസര്‍ഗികമായ ചൈതന്യത്തെ, നിസ്സീമമായ ഉദാരതയെ, പ്രതിഭയെയെല്ലാം ഉണര്‍ത്തി.
ഈശ്വരസിദ്ധമായ ജ്ഞാനപ്രകാശം, അവരുടെ ഇരുള്‍ വീണ വഴികളില്‍ പ്രഭ ചൊരിഞ്ഞപ്പോള്‍,വിജയിക്കുവാനുള്ള അഭിവാഞ്ഛ അവര്‍ക്കുള്ളില്‍ നാമ്പിട്ടു. അതുവരെയില്ലാത്ത ഐശ്വര്യ സമൃദ്ധികള്‍ക്കായി പരിശ്രമിക്കുവാന്‍ അവര്‍ തയ്യാറായി , മാര്‍ഗദീപങ്ങളായി ഗുരുനാഥനും ഗുരുപത്നിയും .
പുരുഷന്‍മാരോടോപ്പം ചേര്‍ന്ന് കാശ്യപ കൂട്ടായ്മയില്‍ നിരവധി സ്ത്രീകള്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചു.ബൃഹസ്പതേഷ്ടി,ഗായത്രിയജ്ഞം,പവിത്രമംഗല്യഹോമം,മഹാമൃത്യുഞ്ജയഹോമം,സരസ്വതിയജ്ഞം തുടങ്ങിയ ബൃഹദ് യജ്ഞങ്ങളില്‍ കേരളത്തിലും,വിദേശങ്ങളിലും മഹിളകള്‍ കാര്‍മികത്വം വഹിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളവും, ഒട്ടേറെ വിദേശ രാജ്യങ്ങളിലുമായി, വിപുലമായ വേദാദി ശാസ്ത്രങ്ങളിലെ ഗഹനമായ വിഷയങ്ങളെ അധികരിച്ചു, ആചാര്യശിഷ്യരായ അനേകം സ്ത്രീകള്‍ പതിനായിരങ്ങള്‍ക്ക് വിദ്യ പകര്‍ന്നു. പൂര്‍വ ഋഷിവാടങ്ങളിലും,കന്യാഗുരുകുലങ്ങളിലും പ്രശോഭിച്ചിരുന്ന ഋഷികകള്‍ ഇവിടെ പുനരവതരിപ്പിക്കപ്പെട്ടു.
സ്ത്രീകള്‍ സംതൃപ്തരെങ്കില്‍, കുടുംബവും, സമൂഹവും, രാഷ്ട്രവും, വരാനിരിക്കുന്ന തലമുറയും സമസ്ത ലോകവും അഭിവൃദ്ധി പ്രാപിക്കുമെന്ന ഋഷിവചനം,നൂറ്റാണ്ടുകള്‍ക്കിപ്പുറം ആചാര്യശ്രീ രാജേഷിലൂടെ പ്രതിധ്വനിച്ചു.
സ്വന്തം കുടുംബത്തിലെ അംഗങ്ങളായ അച്ഛന്മാര്‍ക്കും, ഭര്‍ത്താക്കന്മാര്‍ക്കും, സഹോദരന്മാര്‍ക്കും, മക്കള്‍ക്കുമൊപ്പം ലോകമെമ്പാടുമുള്ള അനേക സഹസ്രം മലയാളി വനിതകള്‍ യജ്ഞകര്‍മങ്ങളില്‍ പങ്കെടുക്കുന്ന ചിത്രം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആചാര്യശ്രീ രാജേഷ് എന്ന യുവഋഷി തന്റെ മനസ്സില്‍ വരച്ചിട്ടതാണ്. വേദങ്ങളിലെ മഹിത സാംസ്‌കാരിക ആശയങ്ങള്‍ക്ക് ചിറകുകളേകി, ആ പ്രതിഭ സാക്ഷാത്ക്കരിച്ച ഈ ലക്ഷ്യങ്ങള്‍ ഇന്ന് വൈദിക നവോഥാനത്തിന്റെ പാതയിൽ പതിഞ്ഞ സുവർണ മുദ്രകളാണ്.
ഗൃഹസ്ഥധര്‍മികളായ പതിയും പത്നിയും യജ്ഞത്തെ കുടുംബത്തിന്റെ കേന്ദ്രമായി പ്രതിഷ്ഠിക്കുന്നു.
സ്ത്രീയുടെയും പുരുഷന്റെയും സംതുലിത സങ്കലനമാണ് ഐശ്വര്യത്തിനും ഭദ്രതയ്ക്കും കാരണമെന്നറിഞ്ഞ് വൈദിക ധര്‍മമാചരിക്കുന്നവര്‍ ഒന്നിച്ചു ചേര്‍ന്ന് ജീവിതമെന്ന യജ്ഞത്തിനായി തയ്യാറെടുക്കുന്ന വേദികളാണ് ഫൗണ്ടേഷന്റെ പാഠശാലകളും, യജ്ഞശാലകളും.
കാശ്യപാ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ മാതൃസമിതിയും, യുവതികളുടെ കൂട്ടായ്മയായ ആര്യവാഹിനിയും ഫൗണ്ടേഷന്റെ ജീവനാഡികളാണ്.സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ആര്യവാഹിനിയിലെ പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കുമായി ആചാര്യശ്രീയും മീരാമ്മയും നിരവധി വ്യക്തിത്വ വികസന ക്ലാസുകളും ക്യാമ്പുകളും സഘടിപ്പിച്ചു വരുന്നു.ആചാര്യശ്രീ രാജേഷ് നേരിട്ടും, കൂടാതെ സാംസ്‌കാരിക രംഗത്തും ഉന്നത ഔദ്യോഗിക പദവികളിലും പ്രവര്‍ത്തിക്കുന്ന മഹത് വ്യക്തികളും, വ്യത്യസ്ത വിഷയങ്ങള്‍ അധികരിച്ചു എടുക്കുന്ന ക്ലാസുകള്‍ പെണ്‍കുട്ടികളില്‍ സാമൂഹ്യാവബോധം,സ്വാശ്രയശീലം, നേതൃത്വപാടവം എന്നിവ വളര്‍ത്താന്‍ പര്യാപ്തമാണ്.ഭാരതീയ കുടുംബവ്യവസ്ഥയില്‍ സ്ത്രീകള്‍ക്കുള്ള ഉത്തരവാദിത്വബോധവും,പ്രാധാന്യവും പെണ്‍കുട്ടികള്‍ക്ക് കൗമാരപ്രായം തൊട്ടുതന്നെ മനസ്സിലാക്കി കൊടുക്കുവാന്‍ ഇത്തരം പഠനപദ്ധതികളിലൂടെ ഫൗണ്ടേഷന്‍ ശ്രദ്ധയൂന്നുന്നു.
ആധുനിക ലോക ചരിത്രത്തിലെ അവിസ്മരണീയമായ ഒരു സംരംഭമായിരുന്നു 2014 ലിലെ കോഴിക്കോട് സോമയാഗം.ഈശ്വരീയമായ പ്രപഞ്ചസൃഷ്ടി നാടകീയമായി പുനരവതരിപ്പിക്കുന്ന ഭാരതീയ വൈദിക ആചരണമായ സോമയാഗത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന ദക്ഷിണാഫ്രിക്കക്കാരിയാണ് അനസൂയ ഖുശാല്‍. ഈ ഒരു മേഖലയില്‍ ദീര്‍ഘനാളത്തെ പഠനഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്ന ഇന്ത്യന്‍ വംശജയും ജോഹന്നാസബര്‍ഗില്‍ ഐ.ടി.കണ്‍സള്‍ട്ടന്റുമായ അനസൂയ ഖുശാല്‍ പറയുന്നത്, ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന കോഴിക്കോട് സോമയാഗത്തില്‍ പങ്കെടുത്തതിലൂടെ തന്റെ ഏറ്റവും വലിയ ഒരു ജീവിതാഭിലാഷമാണ് പൂര്‍ത്തീകരിക്കപ്പെട്ടതെന്നാണ്.
കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ 2014-ഇല്‍ നടത്തിയ ഏഴുദിവസങ്ങള്‍ നീണ്ടുനിന്ന വടക്കെ മലബാറിലെ തന്നെ ആദ്യത്തെ സോമയാഗമായ കോഴിക്കോട് സോമയാഗത്തില്‍ പങ്കെടുക്കുവാന്‍ മാത്രമായി അമ്പത്തിമൂന്നുകാരിയായ അനസൂയ ഇന്ത്യയിലെത്തി.വ്യക്തികള്‍ക്കും,പ്രകൃതിക്കും,സമസ്തജിവജാലങ്ങള്‍ക്കും ഗുണത്തെ പ്രദാനം ചെയ്യുന്ന സോമയാഗം വേദഭൂമിയായ കോഴിക്കോടില്‍ അവിസ്മരണീയമാക്കിയ അചാര്യശ്രീയുടെ ശിഷ്യരായ കേരളത്തിലെ വനിതകളെ എത്ര തന്നെ പ്രശംസിച്ചാലും മതിവരില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഉറച്ച കാല്‍വെയ്പ്പുകളോട്ടെ വേദധര്‍മത്തില്‍ ചരിക്കുവാനും,ആ ധര്‍മത്തിനായി ഏതു കഠിനമായ ഉദ്യമവും അക്ഷീണപരിശ്രമംകൊണ്ട് നടപ്പിലാക്കാനും ശേഷിയുള്ള കരുത്തരായ തപസ്വിനികളെയാണ് താന്‍ കോഴിക്കോട് സോമയാഗത്തില്‍ കണ്ടതെന്ന് അനസൂയ ഖുശാല്‍ പറഞ്ഞു.വേദദാനം ചെയ്ത ഗുരുനാഥനുള്ള ദക്ഷിണയാണ് ഞങ്ങള്‍ കാശ്യപയിലെ ഓരോ സ്ത്രീകള്‍ക്കും വേദപ്രചാരണം.
ഏഴു ദിവസം നീണ്ടുനിന്ന, പതിമൂന്നരലക്ഷം ജനങ്ങള്‍ പങ്കെടുത്ത സോമയാഗത്തില്‍, അത്രയും ജനപങ്കാളിത്തം ഉറപ്പുവരുത്തിയത് വേദപഠിതാക്കളായ അമ്മമാരുടെയും യുവതികളുടെയും വേദപ്രചാരണമാണ്. സോമയാഗത്തിന്റെ പ്രൗഢവേദികളില്‍ അവതരണം മുതല്‍ സദസ്സുകളുടെ ക്രമീകരണം, അന്നശാലാ നിയന്ത്രണം ,അവതരണം തുടങ്ങിയ ഏല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിച്ചത് കാശ്യപ കുടുംബത്തിലെ ആയിരക്കണക്കിന് സ്ത്രീകളാണ്.അവരുടെ സേവനം കോഴിക്കോട്ടുകാരുടെ ഹൃദയത്തില്‍നിന്ന് ഇനിയും മാഞ്ഞു കാണില്ല.കോഴിക്കോട് സംഘടിപ്പിച്ച സോമയാഗത്തിന് മുന്നോടിയായി നടന്ന സമൂഹ അഗ്നിഹോത്രയജ്ഞം എല്ലാവിഭാഗങ്ങളിലുംപെട്ട സ്ത്രീ-പുരുഷന്മാരുടെ സമ്മേളനമായി മാറി.1008 ഹോമകുണ്ഡങ്ങളില്‍ ആചാര്യശിഷ്യരായ അഗ്നിഹോത്രികള്‍ ലിംഗഭേദമില്ലാതെഅഗ്നിഹോത്ര യജ്ഞം ചെയ്തു.
മാഘ മഹോത്സവത്തോടനുബന്ധിച്ചു മലപ്പുറം സ്വദേശിനികളായ 108 സ്ത്രീകള്‍ കേരളത്തിന്റെ മഹത്തായ വൈദിക പൈതൃകമുറങ്ങുന്ന തിരുന്നാവായ മണല്‍പ്പുറത്തു അഗ്നിഹോത്ര യജ്ഞം നടത്തി. കേരളത്തിലെ തിരുപ്പതിയെന്ന് അറിയപ്പെടുന്ന നാവാമുകുന്ദന്റെ മണ്ണില്‍ ആചാര്യശ്രീയുടെ ശിഷ്യരായ സ്ത്രീകള്‍ നടത്തിയ ഈ യജ്ഞം അന്ന് ഏവരിലും ആശ്ചര്യത്തിന്റെ അനുഭൂതികള്‍ പടര്‍ത്തി.
അറബിക്കടലിനെയും അസ്തമയസൂര്യനേയും സാക്ഷി നിര്‍ത്തി വൈദികധര്‍മ പ്രചാരണചരിത്രത്തില്‍ ഐതിഹാസികമായ ഏടുകള്‍ എഴുതിചേര്‍ത്ത വേദാധികാര വിളംബരസമ്മേളനമാണ് പ്രജ്ഞാനം ബ്രഹ്മ.
ആചാര്യശ്രീയുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് ശിഷ്യര്‍ വേദധര്‍മ പ്രചാരണത്തിനായി ജീവിതം സമര്‍പ്പിക്കുന്നുവെന്ന് പ്രതിജ്ഞ ചെയ്ത സുദിനം. വൈദിക ബിരുധം നല്‍കി വേദ പഠനത്തില്‍ മികവു പുലര്‍ത്തിയ സ്വന്തം ശിഷ്യരായ സ്ത്രീകളെ ആദരിച്ചുകൊണ്ട് വൈദിക നവോത്ഥാനത്തിന് ആചാര്യശ്രീ രാജേഷ് പുതുജീവനേകി. ആചാര്യശിഷ്യരും വേദപഠിതാക്കളുമായ 2500 സ്ത്രീകള്‍ ഒന്നിച്ചുനിന്ന് പ്രജ്ഞാനം ബ്രഹ്മയുടെ വേദിയില്‍ വേദമന്ത്രങ്ങള്‍ ഉരുക്കഴിച്ചു.
ഇന്ന് രണ്ടു പതിറ്റാണ്ടുകളായി പതിനായിരക്കണക്കിന് ധീരവനിതകളുടെ കണ്ഠങ്ങളില്‍ നിന്നും അനുസ്യൂതം വേദമന്ത്രധാര പ്രവഹിച്ചുകൊണ്ടിരിക്കുന്നു.യുഗങ്ങള്‍ക്കിപ്പുറം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വേദം ചൊല്ലാമെന്നും യജ്ഞാദി കര്‍മ്മങ്ങളില്‍ ശ്രേഷ്ഠ സ്ഥാനമുണ്ടെന്നും ജനകീയമാക്കിക്കൊണ്ട് ആചാര്യശ്രീ മാതൃകയായിത്തീര്‍ന്നു.
കേരളത്തിലങ്ങോളമിങ്ങോളമുള്ള എല്ലാ പ്രമുഖ നഗരങ്ങളിലുമായി നടത്തിയ സമൂഹ അഗ്നിഹോത്രയജ്ഞങ്ങളില്‍ പങ്കെടുത്ത ആയിരമോ,രണ്ടായിരമോ മൂവായിരത്തിലധികമോ ആചാര്യശിഷ്യരില്‍ അനേകം സ്ത്രീകളും പെണ്‍കുട്ടികളും പുരുഷന്‍മാരോടൊപ്പം സമഭാവനയുടെ അഗ്നി തെളിയിച്ചു.
സ്വന്തം പ്രവര്‍ത്തനമേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും, കുടുംബത്തിനും നാടിനും അഭിമാനമായിത്തീരുകയും ചെയ്ത വ്യക്തിത്വങ്ങളായ മഹത്
വനിതകള്‍ വിശിഷ്ടാതിഥികളായി എത്തുന്ന ലോകവനിതാ ദിനാചരണങ്ങള്‍ ഏറെ കൗതുകകരവും വിജ്ഞാനപ്രദവുമായ സമ്മേളനങ്ങളാണ്. കേരളത്തിലെ മികച്ച സ്ത്രീ സംരംഭകരും, വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ പ്രസിദ്ധരായ വനിതകളും, പ്രശസ്ത കലാകാരികളും,സാഹിത്യരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച സ്ത്രീകലും, തങ്ങളുടെ സ്വാനുഭവങ്ങളും, ജീവിത വിജയസൂത്രവാക്യങ്ങളും പങ്കുവെക്കുന്ന ബൃഹദ് സദസ്സ് . അയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍, പൊതുവായി സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളും, പരിഹാരങ്ങളും, തൊഴില്‍ സംരംഭങ്ങളും, തയ്യാറെടുപ്പുകളും, നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു.അത്യുന്നതമായ ജീവിതശ്രേണിയിലേക്ക് നടന്നുകയറുവാന്‍ വേദവിദ്യാഭ്യാസത്തിലൂടെ നല്‍കുന്ന അദ്ധ്യാത്മിക ഉന്നതിയും, പാരമ്പര്യമായ അറിവുകളും പ്രദാനം ചെയ്യുന്നതോടൊപ്പംതന്നെ ,നൂതന ശൈലികളും, പരിചയപ്പെടുത്തുക എന്നതാണ് ഇത്തരം സമ്മേളനങ്ങള്‍, തികച്ചും സാധാരണക്കാരായ സ്ത്രീകള്‍ക്കുവേണ്ടി സംഘടിപ്പിച്ചുകൊണ്ട് അചാര്യശ്രീയും ആചാര്യപത്‌നിയും ലക്ഷ്യമിടുന്നത്.
വിധവകള്‍ക്കും, വൃദ്ധരായ സ്ത്രീകള്‍ക്കും പ്രത്യേക പെന്‍ഷന്‍ പദ്ധതിയും,പാവപ്പെട്ട കുടുംബങ്ങളിലെ രോഗികളായ സ്ത്രീകള്‍ക്കു ചികിത്സ സഹായവും ഒരു ദശബ്ദക്കാലമായി നടത്തുന്നു. പെണ്‍കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനും, ഉപരി പഠനത്തിനും ധനസഹായവും, പഠനസാമഗ്രികളുടെ വിതരണവും എല്ലാം വര്‍ഷാരംഭത്തിലും മുടക്കമില്ലാതെ ഫൗണ്ടേഷന്‍ ചെയ്തുവരുന്നു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള എല്ലാ വിഭാഗം സ്ത്രീകള്‍ക്കും സ്വയം പര്യാപ്തത ഉറപ്പുവരുത്തുവാന്‍ ചെറുകിട സംരംഭങ്ങള്‍ക്കാവശ്യമായ ധനസഹായം, തൊഴില്‍ സാമഗ്രികള്‍ വിതരണം, തൊഴില്‍അവസരങ്ങള്‍ നല്‍കുക എന്നിവയെല്ലാം കാശ്യപകൂട്ടായ്മ നടപ്പിലാക്കുന്നു.വനമേഖലകളിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനായുള്ള 'സ്വാസ്ഥ്യം' പദ്ധതിയുടെ ഭാഗമായി ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ക്ക് ചികിത്സയും,പോഷകാഹാരവും പ്രദാനം ചെയ്യുവാന്‍ ആരംഭിച്ചു.
സ്ത്രീകളുടെ സാമൂഹികജീവിതത്തില്‍ ലോകത്തെമ്പാടും നിഴലുകള്‍ നീണ്ടുവരുന്ന സായംകാലങ്ങളെന്നപോലെ ഭയചകിതമായ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കാശ്യപാശ്രമത്തില്‍നിന്ന് പ്രത്യുഷസ്സിന്റെ മണവും മര്‍മരവും വന്നണയുന്ന പകലിനേക്കുറിച്ചുള്ള പ്രത്യാശ സ്ഫുരിക്കുന്ന വാര്‍ത്തകള്‍ വന്നണയുകയാണ്. 'വസുധ' പോലെ കാശ്യപാശ്രമം നടപ്പാക്കിയ അന്നദാനപദ്ധതികളില്‍ കര്‍മകുശലമായ ബാഹ്യലോകത്തിന്റെ വര്‍ണങ്ങളെത്തൊട്ട് സ്ത്രീകള്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു. അതെ, കാശ്യപാശ്രമം കഴിഞ്ഞ 20 വര്‍ഷമായി സൗരഭ്യമാര്‍ന്ന ഒരു സംസ്‌കാരത്തെ വെച്ചുനീട്ടുകയാണ്. ഭാവനാനിഷ്ഠമായ ചില ഉള്‍ക്കാഴ്ചകള്‍ നമ്മിലേക്ക് പകര്‍ന്നുതരികയാണ്.
വൈദിക വിദ്യാഭ്യാസം ലഭിച്ചു ആചരണങ്ങളിലൂടെ സംസ്കൃതരായ ഭാരതീയ സമൂഹത്തിൽ നിന്നും ,ആ വിദ്യാഭ്യാസം ചുരുങ്ങിയ ആളുകളിൽ മാത്രം ഭാഗികമായി നിലനിന്നു .എങ്കിലും നൂറ്റാണ്ടുകളായി വന്ന അപചയം കൊണ്ടു ,സ്ത്രീ എന്ന ശക്തി സ്വരൂപത്തെ സമൂഹത്തിൽ തുല്യ സ്ഥാനത്തു നിർത്താൻ മധ്യകാലഘട്ടത്തിൽ ഭാരതീയരും വിസ്മരിച്ചു .51 ഓളം മന്ത്ര ദ്രഷ്ടാക്കളായ ഋഷികകളെക്കുറിച്ചു പ്രത്യേകമായി വേദങ്ങളിൽ എടുത്തു പറയുന്നു. വിദ്യാ സമ്പന്നരായ സ്ത്രീകൾ ആയിരുന്നു വീരപുരുഷന്മാർക്ക് ഭാരതത്തിൽ ജന്മം നൽകിയത്. യജ്ഞങ്ങളിൽ നിത്യ കർമ്മങ്ങളിൽ പദ്ധതികൾ പോലും ആവിഷ്കരിച്ചിരിക്കുന്നത് സ്ത്രീക്കും പുരുഷനും ഒന്നിച്ചിരുന്ന് ആചരിക്കുവാൻ ആണ്.
ബ്രഹ്‌മചര്യേണ കന്യാ യുവാനം വിന്ദതേ പതിമ് (അഥര്‍വവേദം 11.5.18)
പെൺകുട്ടികൾ പഠനം (വേദശാസ്ത്രഅദ്ധ്യയനം ) പൂർത്തിയാക്കിയ ശേഷം മാത്രമേ പതിയെ സ്വീകരിക്കുവാൻ പാടുള്ളൂ എന്ന് നിർദേശിക്കുന്ന ഈ മന്ത്രം നോക്കൂ.ഇതിൽ എല്ലാം അടങ്ങുന്നു. സ്ത്രീക്കു വേദം നൽകിയ വിദ്യാഭ്യാസ സ്വാതന്ദ്ര്യം ,തുടർന്നുള്ള അവളുടെയും കുടുബത്തിന്റെയും സുസുസ്ഥിതിക്ക് വലിയ പങ്കു വഹിക്കുന്ന അവളുടെ സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത അങ്ങനെ എല്ലാം.
വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രഭരണം പോലുള്ള ഭാരിച്ച ചുമതലകൾ സ്ത്രീകൾ നിർവഹിച്ചതിൽ നിന്നും,സകല കലകളിലും പ്രാഗത്ഭ്യം തെളിയിച്ചതിൽ നിന്നും ,സ്വന്തം ഭാവിവരനെ സ്വയംവരത്തിലൂടെ തീരുമാനിക്കുന്ന വ്യവസ്ഥിതിയിൽ നിന്നും,വൈദിക വിദ്യാഭ്യാസം നേടിയ സ്ത്രീകളും പുരുഷന്മാരുമായ ഗൃഹസ്ഥധർമ്മികൾ നിത്യ നൈമിത്തിക യജ്ഞ സാംസ്കാര ക്രിയകൾ ആചരിച്ചിരുന്നത്തിൽ നിന്നുമെല്ലാം സാംസ്കാരികമായി ഇടക്കാലത്തു ഭാരതം അധഃപതിച്ചു .
എന്നാൽ ഇതേ ഭാരതീയർ വിവിധ വൈദേശിക അധിനിവേശങ്ങളുടെയും ,അതിക്രമണങ്ങളുടെയും,അടിച്ചേല്പിക്കലു കളുടെയും,അരക്ഷിതത്വത്തിന്റെയും,അനാചാരണ അന്ധവിശ്വാസങ്ങളുടെയും പേരിൽ സ്ത്രീയെ വൈദിക വിദ്യാഭ്യാസ യഃജ്ഞ സംസ്കാരങ്ങളിൽ നിന്നും അകറ്റി.വിവാഹ ചടങ്ങു പോലും യജ്ഞ ധർമ്മം ഇല്ലാത്ത ,സംസ്കാര പദ്ധതിയല്ലാത്ത കേവല പ്രക്രിയ ആയി തരം താഴ്ന്നുപോയി.
സനാതന ധർമ്മികൾക്കു അവരുടെ ധർമ്മം തന്മൂലം എന്താണെന്ന് കൂടി അറിയാത്ത അവസ്ഥ ആയിത്തീർന്നു. എന്ന് മുതൽ വൈദിക സൂര്യപ്രഭാവം ഭാരതത്തിൽ മങ്ങി തുടങ്ങിയോ, അന്ന് മുതൽ അന്ധവിശ്വാസങ്ങളുടെ കാർമേഘങ്ങൾ നിഴലിച്ചു .
വൈദികവിദ്യാഭ്യാസത്തിന്റെ ആരംഭ കാലഘട്ടം മുതൽക്കുതന്നെ ഭാരതത്തിത്തിൽ സ്ത്രീകൾക്ക് കുടുംബത്തിലും ,പഠനത്തിലും,സമൂഹത്തിലും എവിടെയും തുല്യസ്ഥാനം ആണ് നൽകിയിരുന്നത്.3000 കൊല്ലങ്ങൾക്കു മുൻപുവരെ ഭാരതീയർക്കു സുപരിചിതമായിരുന്ന സ്‌ത്രീ പുരുഷ സമത്വം എന്ന വൈദികസംസ്കാരം പ്രായേണ കുറഞ്ഞു കുറഞ്ഞു വരുന്നതാണ് പിന്നീട് കണ്ടത്. എപ്പോൾ മുതൽ ഭൂരിഭാഗം ജനങ്ങൾ വിവിധ കാരണങ്ങൾ കൊണ്ടു വൈദിക വിദ്യാഭ്യാസ ആചരണ പദ്ധതികൾ കൈവിട്ടു തുടങ്ങിയോ അപ്പോൾ മുതൽ അന്ധവിശ്വാസങ്ങൾ രൂപപ്പെട്ടു, സ്ത്രീ സുരക്ഷിതത്വത്തിനു മങ്ങലേറ്റു.
സമ്മിശ്രമായ കൃത്യതയില്ലാത്ത വിദ്യാഭ്യാസ ആചരണങ്ങൾ,വൈദേശിക അധിനിവേശ അധിപത്യങ്ങൾ ഒക്കെകൊണ്ടു ഭാരതം വിവർണ്ണമായി. പലരും സ്വന്തം രാഷ്ട്രത്തിന്റെ അന്തസത്തയെ കുറിച്ചു കേട്ടുകേൾവി പോലും ഇല്ലാത്തവർ ആയിത്തീർന്നു.
സ്വാതന്ത്ര ഭാരത നിർമ്മിതിക്കു ശേഷമുള്ള വിദ്യാഭ്യാസത്തിന്പോലും സ്ത്രീ പുരുഷ സമത്വത്തിൽ വൈദിക ദർശനം ഉൾകൊണ്ടിരുന്ന മഹിമ സമൂഹത്തിൽ നിലനിർത്താൻ പര്യാപ്തമായിരുന്നില്ല.
ഇന്ന് വളരെ സമീപകാലത്ത് മാത്രം ഇതര രാഷ്ട്രങ്ങൾ ശ്രദ്ധയൂന്നി തുടങ്ങിയ ലിംഗ സമത്വം ,ഭാരതത്തെ ബാധിക്കുന്ന ഒരു വിഷയമേ ആയിരുന്നില്ല.കാരണം ഭാരതത്തെ സംബന്ധിച്ചു വൈദിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഈ ചിന്ത നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഭാരതത്തിനു പ്രബലമായ സാംസ്കാരിക മികവ് നൽകിയിരുന്നു
അതിന്റെ തെളിവാണ് ഈശ്വര സങ്കല്പം ലോകത്തിൽ ആദ്യമായി ആവിഷ്കരിച്ചു അവതരിപ്പിച്ച ,അല്ലെങ്കിൽ അത്തരം ഒരു ദാർശനികത്വം സിദ്ധിച്ച വൈദിക സംസ്കാരത്തിൽ ,ഏക തത്വമായ ഈശ്വരന്റെ അതുല്യമായ ഗുണഗണങ്ങളുടെ വർണ്ണനകൾ ,വിവിധ ദേവതാ സങ്കല്പങ്ങളിലൂടെ ദർശിച്ചപ്പോൾ പോലും സ്ത്രീത്വത്തിനു വളരെയധികം പ്രാധാന്യം നൽകിയിരുന്നത്.
എല്ലാ ജ്ഞാനത്തിന്റെയും, പ്രതിഭയുടെയും ഉറവിടമായ ആദിസ്രോതസ്സായ ഈശ്വരനിൽ നിന്നും ആരംഭിച്ച അനന്തമായ ജ്ഞാന പ്രവാഹത്തെ സരസ്വതി എന്നാണ് വിളിച്ചത്.ഭാരതം ലോകത്തിനു സമർപ്പിച്ച ഏറ്റവും ഉജ്വലമായ വൈദിക മന്ത്രം ,പ്രചോദനമേകുന്ന,പ്രേരകമായ ബുദ്ധിയെ ഉണർത്തുന്ന പ്രതിഭയുണർത്തുന്ന വൈദികമന്ത്രംപോലും അറിയപ്പെടുന്നത് ഗായത്രി മന്ത്രം എന്നപേരിലാണ്.ഏവരെയും ഐശ്വര്യത്തിലേക്ക് ഉണർത്തിയെഴുന്നേൽപ്പിക്കുന്ന ദേവതയെ 'ഉഷാദേവി ' എന്നാണ് വേദം വിളിച്ചത്.എത്ര മഹ്യമായ സ്ഥാനത്താണ് വേദങ്ങൾ സ്ത്രീത്വത്തെ കാണുന്നത്.
സ്ത്രീ ശക്തീ എന്ന സങ്കല്പം വൈദികസംസ്കൃതിയുടെ മുഖമുദ്രയാണ് .ഇന്ന് ആചാര്യശ്രീ രാജേഷ് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷനിലൂടെ ഈ സങ്കല്പം (വേദാധികാരം) സാർവജനീനമാക്കി. യജ്ഞം ചെയ്യുന്ന അഗ്നിഹോത്രികളായ സ്ത്രീകൾ, ,ഉപനയിക്കപ്പെട്ട സ്ത്രീകൾ,വൈദികരായി അഭിക്ഷിതരായ സ്ത്രീകൾ ഒക്കെ ഭാരതത്തിൽ ഇന്ന് വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിൽ വിവിധ ധർമ്മങ്ങളിൽ കർമ്മോൽസുകരായി ജ്വലിക്കുന്നു. സ്വസംസ്കൃതി നൽകിയ സ്വാതന്ദ്ര്യത്തിൽ അവരുടെ ഗൃഹങ്ങളിലും സമാജത്തിലും ജീവിക്കുന്നു.
ഓം ശ്രീ ഗുരുഭ്യോ നമഃ
എല്ലാ അറിവുകൾക്കും ഗുരുപാദങ്ങൾ തന്നെ ശരണം 🕉️
രമ്യ അജിത്ത്
വേദവിദ്യാപ്രകാശൻ
കോഴിക്കോട്
8075752481
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home