Shaheed Bhai Mani Singh
പാടാത്ത വീരഗാഥകൾ - ശഹീദ് ഭായ് മണി സിങ്ങ്
-------------------------------------------------------------
ഓരോ ദീപാവലിയുമോർമ്മിപ്പിക്കുന്നത് സ്വധർമ്മാനുഷ്ഠാനത്തിനായി ജീവൻ ത്യജിക്കേണ്ടി വന്ന ഭായ് മണി സിങ്ങിന്റെ ധീരതയെയാണ്. ദീപാവലി ആഘോഷിക്കാൻ, സ്വന്തം ആരാധനാലയത്തിൽ പ്രവേശിക്കാൻ , കപ്പം കൊടുക്കാൻ വിധിക്കപ്പെട്ട ഭാരതീയന്റെ നിവൃത്തികേടിനെയും കഷ്ടപ്പാടിനെയുമാണ്. സ്വന്തം മതം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയും അതിനു വഴങ്ങാത്തവരെ നിഷ്ക്കരുണം കൊന്നൊടുക്കുകയും ചെയ്ത മുഗളരുടെ ഹുങ്കിനെയാണ്, അസഹിഷ്ണുതയെയാണ്, ക്രൂരതയെയാണ്.
പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ , പഞ്ചാബിലെ ആലിപ്പൂരിലായിരുന്നു മണി റാമിന്റെ ജനനം. മദ്രി ബായിയും റാവു മായി ദാസുമായിരുന്നു മാതാപിതാക്കൾ. അദ്ദേഹത്തിന് പതിമൂന്നു വയസ്സുള്ളപ്പോൾ പിതാവ് അദ്ദേഹത്തെ ഗുരു ഹർറായിയുടെ അടുത്ത് കൊണ്ടുപോയി. പിന്നീട് രണ്ടു വർഷക്കാലം അവിടെ സേവാ പ്രവവൃത്തികൾ ചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ വിവാഹത്തിനായി വീട്ടിലേക്ക് തിരിച്ചുവിളിക്കപ്പെട്ടു. ജന്മി കുടുംബാംഗമായ സീതോ ബായ് ആയിരുന്നു വധു.
അതിനു ശേഷം ജ്യേഷ്ഠസഹോദരൻമാരായ ഭായ് ജേതാ സിംഹ് , ഭായ് ദയാൽ ദാസ് എന്നിവരോടൊത്ത് അദ്ദേഹം ഗുരുവിന്റെ സവിധത്തിലേക്കു മടങ്ങി. അദ്ദേഹത്തിന്റെ മരണം വരെ അവിടെത്തുടർന്നു. പിന്നീട് ഗുരു ഹർകിഷനെ ശുശ്രൂഷിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ മരണശേഷം ഗുരു തേജ് ബഹദുറിന്റെ സവിധത്തിൽ എത്തിച്ചേർന്നു.
ഹിന്ദുധർമ്മത്തെ സംരക്ഷിക്കാനുള്ള കശ്മീരി പണ്ഡിറ്റുകളുടെ അപേക്ഷ കണക്കിലെടുത്ത് ഗുരു തേജ് ബഹാദുർ ദില്ലിക്ക് തിരിക്കാൻ തീരുമാനിച്ചു. ദയാൽദാസ് കുറച്ചു ചെറുപ്പക്കാരോടൊപ്പം ഗുരുവിനെ അനുഗമിച്ചു. ജേതാസിങ്ങും മണി റാമും അനന്ത്പൂരിൽ തുടരാൻ നിയോഗിക്കപ്പെട്ടു. മുഗളരുടെ , ഇസ്ലാമിലേക്കുള്ള മതപരിവർത്തന ശ്രമങ്ങൾക്കെതിരെ ശക്തമായി നിലകൊണ്ട , കശ്മീരി പണ്ഡിറ്റുകളുടെ സംരക്ഷണമേറ്റെടുത്തിരുന്ന , ഗുരു തേജ് ബഹാദുറിനെ 1675 നവംബർ 11 ന് അറംഗസേബിന്റെ നിർദ്ദേശമനുസരിച്ച് പിടിച്ചുകെട്ടി ശിരച്ഛേദം ചെയ്ത് വധിച്ചു. ഒപ്പം ദയാൽ ദാസും മരണപ്പെട്ടു.
ഗുരു തേജ് ബഹാദുറിനു ശേഷം , മകനായ ഗുരു ഗോബിന്ദ് സിംഗ് സിക്കുകാരുടെ പത്താമത്തെ ഗുരുവായി വാഴിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തായിരു മണിറാം . ഗോബിന്ദ് സിംഹ് ഗുരുവായതിനു ശേഷവും അവർ തമ്മിലുള്ള സൗഹൃദം തുടർന്നു. ഗുരുവിന്റെ വിശ്വസ്ത അനുചരനും അനുയായിയുമായിരുന്നു മണി റാം.
വിദഗ്ധനായ പോരാളിയും സിഖ് ധാർമ്മിക വിഷയത്തിൽ അഗാധ പണ്ഡിതനുമായിരുന്നു മണി റാം. നിരവധി യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുത്തു . അദ്ദേഹം തന്റെ അസാമാന്യമായ പോരാട്ട വീര്യം പ്രദർശിപ്പിച്ച , 1690 ലെ നന്ദൗനിലെ യുദ്ധം വിജയിച്ച ശേഷം ഗുരു അദ്ദേഹത്തിന് ദിവാൻ എന്ന പദവി നൽകി.
ദിവാൻ എന്ന നിലയിൽ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം ഗുരുവിനെ പ്രതിനിധീകരിച്ച് യാത്ര ചെയ്തു. ഗുരു ധാർമ്മിക കാര്യങ്ങൾക്കായി മാത്രം ചെലവഴിച്ച മൂന്നു വർഷക്കാലം പാവ്ഡാ സാഹിബ് ഗുർദ്വാരയിൽ ഗുരുവിനൊപ്പം മണിറാമുമുണ്ടായിരുന്നു.
ഗുരു ഗോബിന്ദ് സിങ് 1699 ൽ ബൈശാഖി ദിവസം സിഖ് ധർമ്മ സംരക്ഷണത്തിനായി 'ഖാൽസാ' എന്ന സായുധ വിഭാഗം രൂപീകരിച്ചപ്പോൾ ഗുരുവിൽ നിന്ന് നേരിട്ട് 'അമൃത് സഞ്ചാർ ' സ്വീകരിച്ചു . മണിറാം മണി സിങ് ആയി. പ്രതിജ്ഞ സ്വീകരിച്ചു. ശിഷ്ട ജീവിതം വാഹെഗുരുവിനു മാത്രമായി സമർപ്പിച്ചു. അതെ ദിവസം മണിസിംഗിന്റെ മൂന്നു സഹോദരന്മാരും അഞ്ചു മക്കളും ഖാൽസകളായി പ്രതിജ്ഞ ചെയ്തു.
ഗുരു ഗോബിന്ദ് സിങ് അദ്ദേഹത്തെ അമൃത് സറിലെ ഹർമന്ദിർ ഗുർദ്വാരയിൽ (പ്രസിദ്ധമായ സുവർണ്ണക്ഷേത്രം ) ഗ്രന്ഥി ആയി നിയമിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി ജാട്ട് കർഷകർ ഖാൽസാ സൈന്യത്തിൽ ചേർന്നു . അവർ ഗ്രാമങ്ങളിൽ പോയി കൂടുതൽ പേരെ സൈന്യത്തിലേക്കു ചേർത്തു . അവരുടെ സംഖ്യ നാൾക്കുനാൾ വർദ്ധിച്ചു വന്നു.
സിഖ് സാഹിത്യത്തിനും മണി സിംഗ് അമൂല്യമായ സംഭാവനകൾ നൽകി. ഗുരു ഗോബിന്ദ് സിങ് ഗ്രന്ഥ് സാഹേബ് വിവരിക്കുമ്പോൾ പകർത്തിയെഴുതിയതു മണിസിങ് ആയിരുന്നു. ഗുരുവിന്റെ ഉപദേശങ്ങൾ ക്രോഡീകരിച്ചു 'ദശം ഗ്രന്ഥ് ' എഴുതി. ഗ്യാൻ രത്‌നാവലി , ഭഗത് രത്‌നാവലി തുടങ്ങിയവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്. സിഖുകാരുടെ നിത്യ പ്രാർത്ഥനയായ 'ആർദാസ് ' ഇന്ന് കാണുന്ന രീതിയിൽ ക്രമീകരിച്ചത് അദ്ദേഹമാണ്.
1708 ൽ ഗുരു ഗോബിന്ദ് സിംഗ് മരണമടഞ്ഞു. 1737 ൽ ലാഹോറിലെ മുഗൾ ഭരണാധികാരികൾ അമൃത് സറിൽ സിഖുകാർ പ്രവേശിക്കുന്നത് നിരോധിച്ചു. ഇത് മറികടക്കാൻ ഗവർണ്ണർ സഖറിയാ ഖാനോട് അമൃത്സർ ഗുർദ്വാരയിൽ ദീപാവലി ആഘോഷിക്കാനുള്ള അനുവാദം ചോദിച്ചു. 5000 രൂപാ കപ്പം നൽകണമെന്ന നിബന്ധനയോടെ അനുമതി നൽകപ്പെട്ടു !
ഗുർദ്വാരയിൽ എത്തിച്ചേരുന്ന സിഖ് മതാനുയായികളിൽ നിന്ന് തുക സമാഹരിച്ചു നൽകാമെന്നായിരുന്നു മണി സിംഗിന്റെ കണക്കുകൂട്ടൽ. അദ്ദേഹം നിരവധി പേർക്ക് ക്ഷണക്കത്തുകൾ അയച്ചു. പക്ഷെ അവിടെയെത്തിച്ചേരുന്ന സിഖുകാരെ ചതിയിൽ കൊലപ്പെടുത്താൻ സഖറിയാ ഖാൻ പദ്ധതിയിട്ടു. അതിനായി ഒരു സൈന്യത്തെ രഹസ്യമായി അമൃത് സറിലേക്കയച്ചു . അതിനെക്കുറിച്ചു രഹസ്യ വിവരം ലഭിച്ച മണി സിങ് ആഘോഷത്തിന് വരുന്നതിൽ നിന്ന് പിന്തിരിയാൻ അഭ്യർത്ഥിച്ചു അനുയായികൾക്ക് സന്ദേശമയച്ചു . അതിന്റെ ഫലമായി ആരും തന്നെ ആഘോഷത്തിന് എത്തിച്ചേർന്നില്ല. മുഗളരുടെ പദ്ധതി നടപ്പിലായില്ല. പക്ഷെ അവർ മണിസിങിനോട് പണം ആവശ്യപ്പെട്ടു. ആഘോഷം നടക്കാത്തതുകൊണ്ടു പണം സമാഹരിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു.
മണി സിങ്ങിന് വധശിക്ഷ വിധിക്കപ്പെട്ടു. ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുകയാണെങ്കിൽ വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കാമെന്ന് നിർദ്ദേശമുണ്ടായി . പക്ഷെ തന്റെ വിശ്വാസം ത്യജിക്കുന്നതിലും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിലും ഭേദം മരണം വരിക്കുകയാണെന്നു അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തെ ജീവനോടെ അംഗ പ്രത്യംഗം അറുത്തുമാറ്റി, ഓരോ സന്ധികളും തിരിച്ചൊടിച് ഇഞ്ചിഞ്ചായി അതിക്രൂരമായി വധിക്കാൻ കല്പനയായി. ശിക്ഷ നടപ്പിലാക്കാൻ വന്ന ആരാച്ചാർ തന്റെ കൃത്യം അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ നിന്ന് ആരംഭിക്കാൻ തുനിഞ്ഞപ്പോൾ അക്ഷോഭ്യനായി , വിനീതനായി 'തന്റെ ശരീരത്തിലെ സന്ധികൾ ആരംഭിക്കുന്നത് വിരലുകളിൽ നിന്നാണ് ' എന്ന് പറഞ്ഞു കൈവിരലുകൾ ആരാച്ചാർക്ക് ബലി പീഠത്തിൽ വച്ച് കൊടുത്തു. ശരീരം മുഴുവൻ വിരലുകൾ മുതൽ ഇഞ്ചിഞ്ചായി അറുത്തു മാറ്റി വധശിക്ഷ നടപ്പിലാക്കപ്പെട്ടു.
അസാമാന്യ ധീരതയോടെ സ്വധർമ്മ സംരക്ഷണത്തിൽ ഉറച്ചു നിന്ന മണി സിംഗിന്റെ നാമം അനശ്വരമായി. അദ്ദേഹം മരണം വരിച്ച നഖാസ് ചൗക്ക് അന്നുമുതൽ ശഹീദ് ഗഞ്ച് ആയി. അദ്ദേഹം മരണം വരിച്ച രീതി സിഖുകാരുടെ നിത്യ പ്രാർത്ഥനയുടെ ഭാഗമായി....
അവലംബം : വിവിധ വെബ് സൈറ്റുകൾ
- ഇന്നലെകളുടെ നേർക്കാഴ്ചകൾ
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home