Monday, 25 October 2021

Daivadashakam

 ✳️ദൈവദശകം – അര്‍ത്ഥം✳️

~~~~~~~~~~~~~~~~~~~~~~~~~

1️⃣


ദൈവമേ! കാത്തുകൊള്‍കങ്ങു

കൈവിടാതിങ്ങു ഞങ്ങളേ;

നാവികന്‍ നീ ഭവാബ്ധിക്കോ‌-

രാവിവന്‍തോണി നിന്‍പദം.


അല്ലയോ ദൈവമേ,അങ്ങ് ഞങ്ങളെ കൈവിടാതെ കാത്തുകൊള്ളേണമേ. ജനനം,ജീവിതം, മരണം എന്നിവയാലുള്ള സംസാരസമുദ്രത്തെ കടത്തുന്ന നാവികനാണ് അവിടുന്ന്.അതിനുള്ള വലിയ ആവികപ്പലാണ് നിൻ പദം 


2⃣


ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-

ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍

നിന്നിടും ദൃക്കുപോലുള്ളം

നിന്നിലസ്‌പന്ദമാകണം 


പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവിനെയും തൊട്ടു തൊട്ടു എണ്ണി കഴിഞ്ഞാൽ പിന്നെ എണ്ണാൻ ഒരു വസ്തുവും ഇല്ലാതെയായി തീരുന്നു. ഈ അവസരത്തിൽ കണ്ണുകൾ എങ്ങനെ നിശ്ചലമായി നിലക്കുമോ അതുപോലെ എന്‍റെ  ഉള്ളം യാതൊരു സ്പന്തനവുമില്ലാതെ, നിശ്ചലമായി അങ്ങയിൽ ലയിച്ചു പരിലസിക്കണം


3⃣


അന്നവസ്ത്രാദി മുട്ടാതെ

തന്നു രക്ഷിച്ചു ഞങ്ങളെ

ധന്യരാക്കുന്ന നീയൊന്നു-

തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.


അന്നം,വസ്ത്രം തുടങ്ങിയവ യാതൊരു മുട്ടും കൂടാതെതന്നു ഞങ്ങളെ രക്ഷിച്ചു പോരുകയും ധന്യരാക്കുകയും ചെയ്യുന്ന നീയൊന്നുമാത്രമാണ് ഞങ്ങള്ക്ക് തമ്പുരാനായിട്ടുള്ളത്


4⃣


ആഴിയും തിരയും കാറ്റും-

ആഴവും പോലെ ഞങ്ങളും

മായയും നിന്‍ മഹിമയും

നീയുമെന്നുള്ളിലാകണം 


അല്ലയോ ദൈവമേ! ആഴി ( സമുദ്രം), തിര, കാറ്റ് ആഴം എന്നിവ എങ്ങനെ വേറിടാതെ ഒന്നിച്ചിരിക്കുന്നുവോ  അതുപോലെ ഞങ്ങളും, മായയും നിന്‍റെ  മഹിമയും നീയും ഒന്നുതന്നെയാണെന്ന സത്യം അനുഭവിച്ചറിയാൻ അവിടുന്ന് അനുഗ്രഹിച്ചാലും.


5⃣


നീയല്ലോ സൃഷ്ടിയും സൃഷ്ടാ-

വായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ,സൃഷ്ടി-

യ്ക്കുള്ള സാമഗ്രിയായതും   


അല്ലയോ ദൈവമേ! നീ തന്നെയാണ് സൃഷ്ടിയും നീ തന്നെയാണ് സർവത്തിന്‍റെ യും സ്രഷ്ടാവും, സൃഷ്ടിക്കപെട്ടിട്ടുള്ള സർവതും നീ തന്നെയാണ്. സൃഷ്ടിക്കു വേണ്ടി ഉപയോഗിച്ചിട്ടുള്ള സർവസാമഗ്രികളും നീ തന്നെയാണ്


6⃣


നീയല്ലോ മായയും മായാ-

വിയും മായാവിനോദനും

നീയല്ലോ മായയെനീക്കി -

സ്സായൂജ്യം നല്‍കുമാര്യനും.


അല്ലയോ ദൈവമേ! നീ തന്നെയാണ് മായ, നീ തന്നെയാണ് മായാവി, നീ തന്നെയാണ് മായയെ ഉപയോഗിച്ച് വിനോദിക്കുന്നത്. മായയെ നീക്കി സായുജ്യം നൽകുന്ന ഗുരുവും നീ തന്നെയാണ്.


7⃣


നീ സത്യം ജ്ഞാനമാനന്ദം

നീ തന്നെ വര്‍ത്തമാനവും

ഭൂതവും ഭാവിയും വേറ

ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.


അല്ലയോ ദൈവമേ! നീ സത്യമാണ്, ജ്ഞാനമാണ് , ആനന്ദമാണ്. ഒന്ന് ചിന്തിച്ചാൽ ത്രികാലങ്ങലായ വർത്തമാനവും , ഭൂതവും, ഭാവിയും വ്യസ്തസ്തമല്ലാത്ത ഒന്നുതന്നെയാണ് എന്ന് വെളിവാക്കിതരുന്ന മൊഴിയും - നാദവും  നീ തന്നെയാണ


8⃣


അകവും പുറവും തിങ്ങും

മഹിമാവാര്‍ന്ന നിന്‍ പദം

പുകഴ്ത്തുന്നൂ ഞങ്ങളങ്ങു

ഭഗവാനേ, ജയിയ്ക്കുക. 


അല്ലയോ ദൈവമേ! അകത്തും പുറത്തും തിങ്ങി നിറഞ്ഞുനിൽക്കുന്ന മഹിമനിറഞ്ഞ നിൻപദത്തെ  ഞങ്ങൾ പുകഴ്ത്തുന്നു. അല്ലയോ ഭാഗവാനെ, അങ്ങ് ജയിച്ചാലും.


9⃣


ജയിയ്ക്കുക മഹാദേവ,

ദീനാവനപരായണാ,

ജയിയ്ക്കുക ചിദാനന്ദ,

ദയാസിന്ധോ ജയികുക


അല്ലയോ ദൈവമേ! ദീനന്മാരായവരെ രക്ഷിച്ചു അനുഗ്രഹിക്കുന്ന -മഹാദേവനായ അവിടുന്ന് ജയിച്ചാലും. ചിദാനന്ദാ ജയിച്ചാലും കാരുണ്യക്കടലേ ജയിച്ചാലും.


🔟


ആഴമേറും നിന്‍ മഹസ്സാ-

മാഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം

വാഴണം വാഴണം സുഖം


അല്ലയോ ദൈവമേ! ആഴമേറിയ നിന്മഹസ്സാകുന്ന ജ്യതിസ്സാകുന്ന ആഴിയിൽ ഞങ്ങൾ എല്ലാവരും മുങ്ങിലയിച്ചു നിത്യമായി വാഴണം. ഭൗതിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും നിത്യമായ സുഖം അനുഭവിക്കുവാൻ അനുഗ്രഹിച്ചാലും.


🔶🔶🔶🔶


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home