Wednesday 7 September 2016

Ravana

രാവണജന്മഭൂമിയിലൂടെ......
=========================
.
വളരെ യാദൃച്ഛികമായാണ് രാവണന്റെ ജന്മസ്ഥലമെന്നു കരുതുന്ന ബിസ്റഖ് ഇന്ദ്രപ്രസ്ഥത്തിനടുത്താണ് എന്ന് ഞാനറിഞ്ഞത് - അപ്പോൾ മുതലതിനെക്കുറിച്ചുള്ള വിവരങ്ങൾ തേടിപ്പിടിച്ചുതുടങ്ങി...അവിടെ ഒരു പ്രാചീന ശിവക്ഷേത്രം ഉണ്ടെന്നറിഞ്ഞു. ഇപ്പോൾ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗറിലുള്ള ഗ്രെയ്റ്റർ നോയിഡവെസ്റ്റ് എന്നറിയപ്പെടുന്ന കോൺക്രീറ്റ് ജംഗിളിലൂടെ ഞാനും കൂട്ടുകാരി ഭാവനയും 'ചോദിച്ചു ചോദിച്ചു' പോകാൻ തീരുമാനിച്ചു. ചോദിച്ചവരെല്ലാം ബിഹാറിൽ നിന്നുള്ള കെട്ടിടനിർമ്മാണ തൊഴിലാളികളാണ്. അവർക്കു വലിയ അദ്ഭുതം.. ഒപ്പം സഹതാപവും- "ബിസ്റഖ് ഇതുതന്നെയാണ്… രാവണനോ? ... ഇവിടെയോ? .. ... നട്ടുച്ചവെയിലത്ത് രണ്ടുപെണ്ണുങ്ങൾ രണ്ടുപിള്ളേരെയും കൊണ്ട് രാവണനെ അന്വേഷിക്കുന്നു..."
.
ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന, കെട്ടിടനിർമാണ സാമഗ്രികൾ കൊണ്ട് വലിയട്രക്കുകൾ നിരന്തരംപോകുന്നതുമൂലം പൊട്ടിപ്പൊളിഞ്ഞ വഴികൾ….ഒടുവിൽ കുറച്ചു മുന്നോട്ടുപോയപ്പോൾ രണ്ടമ്പലങ്ങൾ കണ്ടു - കെട്ടിടനിർമാണ അവശിഷ്ടങ്ങൾക്കിടയിൽ കുറെ ദൂരെയായി .. അങ്ങോട്ടുപോകുന്ന വഴിമൊത്തം ചെളിമൂടിക്കിടക്കുന്നു. നടന്നു പോകാൻ പറ്റാത്ത വൃത്തികേട്. പുറത്തു രാവണജന്മഭൂമിയുടെ ബോർഡ് ഉണ്ട്. വണ്ടി നിർത്തി അകത്തേക്ക്കയറി. അമ്പലത്തിന്റെ അകം വളരെ വൃത്തിയാണ്. ഒരു പശുവുംപശുക്കുട്ടിയും അകത്തെ എരുത്തിലിലുണ്ട്.. അവിടെയുള്ള ആളുകൾ ഞങ്ങളെ സംശയത്തോടെ നോക്കി. ഉപദ്രവകാരികളല്ലെന്നു തോന്നിയപ്പോൾ അവർ താവ്ജി (വലിയച്ഛൻ) എന്ന് വിളിക്കുന്ന വൃദ്ധന്റെ അടുത്തേക്ക് ഞങ്ങളെ വിളിച്ചു. അവരിൽ നിന്നുംഞങ്ങൾ കേട്ടത് ഒരുജനതയുടെ വിശ്വാസത്തിന്റെ കഥയാണ്….
.
ഉത്തരേന്ത്യ മൊത്തം നവരാത്രി ആഘോഷിച്ചതിന്റവസാനമായി ദസ്സറക്കു രാവണനെ ദഹിപ്പിക്കുമ്പോൾ ഈ ഗ്രാമം ഇവിടെജനിച്ചു ലോകജേതാവായ രാവണനുവേണ്ടി യാഗം നടത്തിയിരുന്നു, മൊത്തം ഗ്രാമവാസികളും രാവണന്റെയും അനുഗ്രഹത്തിനായി പ്രാർത്ഥിച്ചിരുന്നു അവർ രാമനെപ്രാര്ഥിക്കാറുണ്ട്,രാമലീലയും ദീപാവലിയും ആഘോഷിക്കാറുണ്ട്, പക്ഷെ രാവണദഹനം നടത്തില്ല. അവർക്കു രാവണൻ ദുഷ്ടരാക്ഷസനല്ല - ഈ മണ്ണിൽ ജനിച്ചു,പഠിച്ചു, വളർന്നു, വിഖ്യാതനായി, വിവാഹിതനായി (രാവണപത്നിയായ മണ്ഡോദരിയുടെ സ്വദേശം ഇപ്പോഴത്തെ മീറട്ടായിരുന്നത്രെ), ലങ്കയിലേക്ക്കുടിയേറി പിന്നെ ലോകജേതാവായ മണ്ണിന്റെ മകനാണ്.
.
ബഹ്മപുത്രൻ പുലസ്ത്യന്റെ മകനായ വിശ്രവമഹർഷി തപസ്സുചെയ്ത സ്ഥലമായതിനാലാണ് ഈ ഗ്രാമത്തിനു വിസ്രഖ് എന്ന് പേരുവന്നത്. അത് ലോപിച്ചു ബിസ്റഖ് ആയി.വിശ്രവസ്സ് തന്റെ ദൈത്യഭാര്യയായ കൈകസിയോടൊപ്പം ജീവിച്ചസ്ഥലമാണിതത്രേ. പിതാവ് തന്റെ എല്ലാ വിദ്യകളും പകർന്നു കൊടുത്ത മകനായിരുന്നു മൂത്തവനായ ദശഗ്രീവൻ. അവിടെ നിന്നും അദ്ദേഹം സ്വയം കൂടുതൽ വിദ്യകളാർജിച്ചു. 64 കലകൾ അദ്ദേഹത്തിന് വഴങ്ങിയിരുന്നു- വേദപണ്ഡിതൻ, ഭരണതന്ത്രജ്ഞൻ ,മഹാഗായകൻ, വീണവാദകൻ, ജ്യോതിഷി, തന്ത്രി, വൈദ്യൻ.. കൈ വയ്ക്കാത്ത മേഖലകളില്ല, കൈ വച്ചമേഖലകളിലെല്ലാം അഗ്രഗണ്യൻ
.
രാമജാതകം എഴുതിയത് രാവണനത്രെ. അതിൽനിന്നും തന്റെവധം മുന്കൂട്ടിക്കണ്ട ത്രികാലജ്ഞാനിയായ രാവണൻ സീതയെ തട്ടിക്കൊണ്ടുപോകവഴി തന്റെ മോക്ഷപ്രാപ്തി തരപ്പെടുത്തുകയായിരുന്നത്രെ. അസുര സ്ത്രീയുടെ മകനാണെന്ന് കരുതി അസുരനാകണമെന്നില്ല, കുലമല്ല, വിദ്യയും ജീവിതചര്യയുമാണ് പ്രധാനം, ബ്രഹ്മജ്ഞാനി ബ്രാഹ്മണനാണ് എന്നവർ വിശ്വസിക്കുന്നു. ഏറ്റുതോൽപ്പിക്കുന്ന ശത്രുവിന്റെ ശക്തിപ്രതാപങ്ങൾ വിജയത്തിന്റെ മഹത്വം കൂട്ടും വിജയിയുടെ മാഹാത്മ്യം കൂട്ടും അതുകൊണ്ടുതന്നെ രാമമാഹാത്മ്യത്തിൽ ഒരു പങ്കുരാവണനും അവകാശപ്പെട്ടതല്ലേ. അവർക്കു രാവണൻ പ്രതിനായകനല്ല, മൂല്യച്യുതി സംഭവിച്ച, വീഴ്ചപറ്റിയ നായകനാണ്, മഹാനാണ്, ആരാധ്യനാണ്!!!
.
രാവണന് ലങ്ക പ്രാപ്തമായതു മറ്റൊരു കഥയാണ് പാർവതീ പരിണയ ശേഷം ഭാര്യാസമേതനായിതാമസിക്കാൻ ഒരു രമ്യ ഹർമ്യം പണികഴിക്കാൻ പരമേശ്വരൻ വിശ്വകർമ്മവിനോടാവശ്യപ്പെട്ടു. ദേവ ശില്പി കൊട്ടാരമല്ല ഒരു സ്വർണ നഗരിതന്നെ പണികഴിച്ചു. ആ മനോഹര ഭവനത്തിന്റെ ഗൃഹപ്രവേശപൂജ ചെയ്യാൻ ഏറ്റവും വിഖ്യാത പണ്ഡിതനും തന്റെ പരമഭക്തനുമായ രാവണൻ തന്നെ വേണം എന്ന് മഹാദേവൻ ആഗ്രഹിക്കുകയും രാവണ കാർമ്മികത്വത്തിൽ പൂജയും ഗൃഹപ്രവേശവും മംഗളകരമാവുകയും ചെയ്തു. കാർമ്മികൻ ദക്ഷിണ സ്വീകരിക്കണമെന്നും എന്താണ് ദക്ഷിണയായി ആഗ്രഹിക്കുന്നത് എന്ന് ശിവനാരാഞ്ഞപ്പോൾ സൗന്ദര്യാരാധകനായ രാവണൻ ആവശ്യപ്പെട്ടതു ലങ്കാപുരി തന്നെയാണ്. യാതൊരു വൈമനസ്യവുമില്ലാതെ ലങ്ക രാവണനുനല്കി അനുഗ്രഹിച്ചു പരിവാര സമേതം ശിവൻ കൈലാസത്തിലേക്ക് മടങ്ങിപ്പോയി. വേറൊരു ഭാഷ്യം കൂടെയുണ്ട്.ലങ്കാപുരിയുടെ നിര്മാണശേഷം ശിവന് പുനര്വിചിന്തനമുണ്ടായത്രേ - കൈലാസാധിപനെങ്ങനെ കൈലാസത്തെ കൈയൊഴിയാൻ സാധിക്കും.ഈ ചിന്ത മനസ്സിലാക്കിയാണത്രെ രാവണൻ ലങ്ക ആവശ്യപ്പെട്ടത്. എന്തായാലും അതോടുകൂടി ഈനാടിനു രാവണനെ നഷ്ടമായി
.
രാവണൻ എന്നപേര് ദശഗ്രീവനു ലഭിച്ചത്പിന്നീടാണ്. കൈലാസത്തിനെ ലങ്കയിലേക്ക് പിഴുതുമാറ്റാൻ നടത്തിയശ്രമം ശിവൻ തള്ളവിരലമർത്തി തടഞ്ഞപ്പോൾ ദശാനൻ പുറപ്പെടുവിച്ച അലർച്ചയിൽ നിന്നാണ് രാവണൻ എന്ന പേരുണ്ടായത് (the one who roars aloud).
രാവണൻ പ്രജാക്ഷേമതല്പരനായ രാജാവായിരുന്നത്രെ. മരണാസന്നനായ രാവണന്റെ കാൽപ്പാദങ്ങളിലിരുന്നാണ് രാമനിർദ്ദേശമനുസരിച്ചു ലക്ഷ്മണൻ ഭരണതന്ത്രജ്ഞത പഠിക്കുന്നത് - എതിരാളിയെ നിസ്സാരനായിക്കണരുതെന്നതും വിമർശിക്കുന്ന മന്ത്രിയെ വിശ്വസിക്കാമെന്നതും ഇതിൽപ്പെടുന്നു.
.
വിശ്രവസ്സു കാട്ടിൽക്കണ്ട സ്വയംഭൂവായ അഷ്ടകോണാകൃതിയുള്ള (ഇത് ഒരു സവിശേഷതയാണ്) ശിവലിംഗത്തിനെ ആരാധിച്ചിരുന്നത്രെ. ഇതായിരുന്നത്രെ രാവണന്റെ ആരാധ്യമൂർത്തി. അതാണത്രേ ഇപ്പോഴും ഇവിടെയുള്ള പ്രാചീന ശിവക്ഷേത്രത്തിലുള്ളത്. ഒരുകാലത്തു ഇവിടെ യമുനഒഴുകിയിരുന്നത്രെ. ഇപ്പോഴുo ഇവിടെ 21 അടി കുഴിച്ചാൽ വെള്ളം കിട്ടുo.ഈ അമ്പലത്തിൽ നിന്നും ഗാസിയാബാദിലുള്ള ദുഗ്ദ്ധേശ്വർ മഹാദേവക്ഷേത്രത്തിലേക്ക് നീളുന്ന ഭൂഗർഭ പാത ഉണ്ടായിരുന്നു. ഇവിടെനടന്ന ആർക്കിയോളോജിക്കൽ ഖനനങ്ങളിൽ ഒരുപാട് ചരിത്രപ്രാധാന്യമുള്ള സാധനങ്ങൾ ലഭിച്ചിട്ടുണ്ട്
.
ഉത്തർപ്രദേശിൽ കഴിഞ്ഞ കുറേവർഷങ്ങൾ ഭൂമി കൈയേറലുകളുടെയും കൈയൂക്കുള്ളവൻ രാജാവ് എന്നിന്റെയുമാണ്… പ്രൗഢമായ ഒരു ഗതകാലത്തിന്റെ,റിയൽഎസ്റ്റേറ്റ് വിപ്ലവത്തിൽ ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞ ഒരു ഗ്രാമത്തിന്റെ കഥയാണ് ഇന്നത്തെ ബിസ്റഖിനു പറയാനുള്ളത് ബ്രിട്ടീഷ് ഭരണകാലത്ത് ബിസ്റാഖ് പോലീസ്സ്റ്റേഷൻ വളരെ പ്രശസ്തമായിരുന്നു. ഇന്ദ്രപ്രസ്ഥത്തിന്റെ പലഭാഗങ്ങളുo (മലയാളികൾ തിങ്ങിപ്പാർക്കുന്ന മയൂർ വിഹാരുൾപ്പെടെ) ഇവിടുത്തെ നിയന്ത്രണത്തിലായിരുന്നു. ഇവിടെ ഒരാശുപത്രിയുമുണ്ടായിരുന്നു. ഒരു ദീർഘദൂര ബസ്സർവീസും. ഇത് സ്വാതന്ത്യ്രത്തിനു മുമ്പത്തേക്കഥയാണ്. പക്ഷെ ദില്ലി വികസിച്ചതോടെ പല പരിസരപ്രദേശങ്ങളും പുറകോട്ടുപോയി - അതിലൊന്ന് ഈസ്ഥലവും. പിന്നെ ദില്ലിയിലെ പാർപ്പിട ദൗർലഭ്യം കൂടിയതോടെ അടുത്തുള്ള ഗ്രാമങ്ങൾ റിയൽഎസ്റ്റേറ്റ്കാർ കൈവശമാക്കി - അതിലൊന്നാണ് ബിസ്റഖ്- മായാവതിയുടെ കാലത്തു പാതക്കിരുവശങ്ങളിലുള്ള സ്ഥലങ്ങളെല്ലാം അവരുടെകൈയിലായി.
.
ഇതിനിടയിൽ ഈ ഗ്രാമത്തിൽ പലപ്രശ്നകാരികളും താമസമാക്കി. ഈ വേലിയേറ്റത്തിൽ പലരുംതങ്ങളുടെ ഭൂമി റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾക്ക് വിൽക്കുകയും പണവുമായി ഈഗ്രാമം വിട്ടുപോകുകയും ചെയ്തു. ഗ്രാമത്തിന്റെ പ്രധാനവീഥികൾ നഗരമായി മാറിക്കൊണ്ടിരിക്കുന്നു - അംബര ചുംബികളായ, അനേകം കെട്ടിട സമുച്ഛയങ്ങൾ,ഇവിടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവയിൽ ഒന്നിൽ ആൾക്കാർ താമസമാക്കിത്തുടങ്ങി. അവശേഷിക്കുന്ന കുറച്ചു ഗ്രാമീണർ ഉൾഗ്രാമത്തിൽ താമസമുണ്ട്. ... ഒരുപാട് ഒഴിഞ്ഞുപോക്കുകൾകണ്ട ഈ ഗ്രാമത്തിന്റെ ഇന്നത്തെ അന്തേവാസികൾ 800 കുടുംബങ്ങളിൽ താഴെയാണ്, അതിൽതന്നെ പലരും പുറത്തുനിന്നു വന്നവരും. കൂണുപോലെ മുളച്ചു ആൽപോലെ വളർന്നു പന്തലിച്ചു നിൽക്കുകയാണ് ഇവിടുത്തെ ഫ്ലാറ്റ് സമുച്ഛയങ്ങൾ. അവരുടെ കുടുംബസംഖ്യ 5000 കവിയും. ഇപ്പോൾ തന്നെ ഈ നാടിൻറെ ഇളം തലമുറ ഇവിടെ രാവണദഹനം നടക്കില്ലെങ്കിലും ചുറ്റുപാടുകളിലുമുള്ള ഉത്സവങ്ങളിൽ പങ്കെടുക്കാനായി പോയിത്തുടങ്ങി. വിശ്വാസം മുറുകെപ്പിടിക്കുന്ന കുറച്ചു പഴയആൾക്കാർ ബാക്കിയുണ്ട്. അടുത്ത 4-5 വർഷങ്ങൾക്കുള്ളിൽ ഇതും അപ്രത്യക്ഷമാകും.
.
വിശ്വാസം അതല്ലേ എല്ലാം!!! ഈ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യം റിയൽ എസ്റ്റേറ്റ്തരംഗത്തിൽ മുങ്ങിപ്പോകാതിരിക്കാൻ മോഹൻ മന്ദിർ യോഗാശ്രo ട്രസ്റ്റ് മുന്കയ്യെടുത്തു ഒരു രാവണക്ഷേത്ര നിർമ്മാണം നടക്കുന്നുണ്ട്. ശിവക്ഷേത്രത്തിൽ വച്ചാരാധിച്ചിരുന്ന രാവണവിഗ്രഹം ഇവിടെ പ്രതിഷ്ടിക്കാനിരിക്കയായിരുന്നു പക്ഷെ പുനഃപ്രതിഷ്ഠക്കുമുന്പേ അതാരോ തച്ചുടച്ചു. ഒന്ന് രണ്ടു മാസത്തിനകം പുനഃപ്രതിഷ്ഠ നടക്കും. അപ്പോൾ വരണം എന്നക്ഷണം സ്വീകരിച്ചു പൂജാരിയായ മിശ്രാജി തന്ന പ്രസാദവും വാങ്ങി ഞങ്ങൾ തിരിച്ചുനടന്നു.
.
തിരിച്ചുള്ളയാത്രയിൽ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു,മനസ്സിലെ വിങ്ങലായിരുന്നു രാവണൻ.. ത്രേതായുഗത്തിൽ മോക്ഷം ലഭിച്ചു എന്ന് കരുതുന്ന രാവണന് ഈ കലിയുഗത്തി ലും മോക്ഷമില്ലെ? രാവണനെ ആരാധിക്കുന്ന ഈ നാട്ടിൽ എന്താണ് രാവൺ എന്നപേരുള്ള കുട്ടികളില്ലാത്തത്? ഒരുപക്ഷെ രാവണ ക്ഷേത്രം അവശേഷിച്ചേക്കാം. അദ്ദേഹം ആരാധിച്ചിരുന്നതെന്നു കരുതുന്ന ശിവലിംഗവും, പ്രാചീനശിവക്ഷേത്രവും. പക്ഷെ ആചാരങ്ങൾ അപ്രത്യക്ഷമാകും. ഈ കഥകളെല്ലാം നമുക്ക് തള്ളിക്കളയാം. രാവണൻ ബ്രാഹ്മണനാകട്ടെ അസുരനാകട്ടെ... സ്ത്രീയെ കൂട്ടമാനഭംഗപ്പെടുത്തുന്നവരുടെ നാട്ടിൽ, അതിനെ ന്യായീകരിക്കുന്നവരുടെ ഇടയിൽ രാവണൻ കുറ്റക്കാരനാകുമോ? സീതയെ തട്ടിക്കൊണ്ടു പോയ രാക്ഷസരാജാവ് അവരെ ബലാത്ക്കാരം ചെയ്തിട്ടില്ല, മനംമാറ്റത്തിനായി കാത്തിരുന്നിട്ടേയുള്ളു... ഇത്തവണ രാവണദഹനത്തിന് ഞാനുണ്ടാകില്ല…

2 Comments:

At 14 March 2019 at 09:42 , Blogger Unknown said...

ആരും ഒരു കമന്റെ പോലും കുറിച്ച് കാണാത്തതിൽ ദുഃഖം തോന്നുന്നു. ചരിത്രത്തോടുള്ള അവഗണന അതിലുപരി അജ്ഞത അല്ലാതെ എന്ത് പറയാൻ. സ്നേഹം ഒരുപാടു സ്നേഹം. രാമനെ അറിഞ്ഞകാലം മുതൽ രാവണനെയും അറിയുന്നു.

 
At 14 August 2019 at 05:00 , Blogger Unknown said...

രാവണൻ.. മാന്യനായ വ്യക്തി. ഇന്ത്യൻ വംശജൻ എന്നറിഞ്ഞതിൽ സന്തോഷം

 

Post a Comment

Subscribe to Post Comments [Atom]

<< Home