Saturday 3 September 2016

Onam - the spoil of pseudo intellectual distortion

പരശുരാമനും,മഹാബലിയും വാമനനും
******************************************

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്. അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില് വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി?

പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങള്ക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും
യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്യേഷണ യാത്ര..

തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂര്വ്വം പുരാതന
ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അപ്പോള് പുരാണത്തില് നിന്നും വന്ന ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളില് നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം.

അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തില് ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.

മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന്  ജഗത്തിൽ   അവതരിക്കേണ്ടി വന്നിട്ടുണ്ട്.

1. നരസിംഹാവതാരം -

പരമ വിഷ്ണു ഭക്തനും അസുര ചക്രവര്ത്തിയുമായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധര്മ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി.
അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാന് വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച
അസുര ചക്രവര്ത്തി ഹിരണ്യ കശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹർഷിയുടെ
സത്സംഗം കേൾക്കാൻ  ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോള് മുതൽ അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.
പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയില് ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെ അവസാനം മഹാവിഷ്ണു നരസിംഹ രൂപത്തിൽ  (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.
ഇന്നത്തെ ഡെക്കാൺ  പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ദ്ര പ്രദേശിലെ കുർണൂൽ ജില്ലയിൽ  ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒൻപതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ദ്രയിലെ ആഹോബിലം എന്ന പുണ്യ ദേശം.
ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.

2. വാമനാവതാരം-

പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവർത്തി. അതി ശക്തിമാനും നീതിമാനുമായിരുന്ന ബലി ചക്രവർത്തി
സമ്പല്സമൃദ്ധമായ ഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങള്
ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര മധ്യപ്രദേശ് അതിര്ത്തി പ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകള് സമ്പത്തില് മതിമറന്നാഹ്ലാതിക്കാൻ  തുടങ്ങി.
സമൂഹത്തിനോടുള്ള കടമയായ പഞ്ച യഗ്നങ്ങളും കര്മ്മങ്ങളും സ്വധര്മ്മങ്ങളും മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയില് ദുഖിതരായ ഇന്ദ്രാതി ദേവതകള് മഹാവിഷ്ണുവിനോട് സങ്കടം ഉണര്ത്തിച്ചു. ബലി ചക്രവര്ത്തിയുടെ കീഴില് അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധര്മ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയില്
അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്നതിനു വേണ്ടി ബലി ചക്രവര്ത്തി അശ്വമേധ യാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനന് ഒരു പാവം ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തില് ബലി ചക്രവര്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനന് ബാലിയോടാവശ്യപ്പെട്ടു. സമ്പല്സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം സ്ഥലം പോലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെ രാജ്യത്തില് എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാന് ബലി അനുവാദം നല്കി. അപ്പോള് വാമനന് പ്രപഞ്ചം മുഴുവന് നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയില് ഭൂമിയും രണ്ടാമത്തെ അടിയില് ആകാശവും അളന്ന വാമനന് മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോള്, അഹന്ത ശമിച്ച മഹാബലി തന്റെ മുന്പില് പുണ്യ ദര്ശനം നല്കിയ മഹാവിഷ്ണുവിന്റെ മുന്പില് ഭക്ത്യാദര പൂര്വ്വം ശിരസ്സ് നമിച്ചു. ബലി ചക്രവര്ത്തിയുടെ ശിരസ്സില് തൃപ്പാദം സ്പര്ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിർവഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നു മുതൽ  ബലി ചക്രവര്ത്തി 'മഹാബലി' എന്ന പേരിൽ  പ്രജകൾ എന്നും സ്മരിക്കുമെന്നും ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു. താൻ  അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വര്ഷത്തിലൊരിക്കൽ ഭൂമിയിൽ വന്നു കാണാൻ   അനുവദിക്കണമെന്ന് അപേക്ഷിച്ചു മഹാബലി. അന്നു മുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂര്വ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവര്ത്തിയെ വരവേല്ക്കാനായ് ഓരോ വര്ഷവും ചിങ്ങമാസത്തിലെ തിരുവോണ നാളില് ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ദ്രയിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തില് എത്തി?!! തുടര്ന്ന് വായിക്കുക...

3. പരശുരമാവതാരം-

ജമദഗ്നി മഹര്ഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാര്ജ്ജുനൻ ഭൂമിയില് പലതരത്തിലുള്ള അക്രമങ്ങള് അഴിച്ചുവിടാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹര്ഷിയുടെ പുത്രൻ പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാര്ജ്ജുനൻ തുടര്ന്നും നടത്തിയ ആക്രമണങ്ങളില് ജമദഗ്നി മഹര്ഷി കൊല്ലപ്പെടുന്നു. അതില് പ്രതികാരം ജ്വലിച്ച പരശുരാമന് ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തില് പരമശിവന്റെ ശിക്ഷണത്തിൽ പത്തു വര്ഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടര്ന്നുണ്ടായ സംഭവബഹുലമായ ജീവിതത്തില് ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാര് വധിക്കപെട്ടു. തന്റെ ശപഥം പൂര്ത്തിയാക്കി.
പരശുരാമന് പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി ബ്രാഹ്മണര്ക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവന് അനുഗ്രഹിച്ചു നല്കിയിരുന്ന മഴുവുമായി ഗോകര്ണ്ണത്തു എത്തി, താന് മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാന് വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരില് അറിയപ്പെട്ടത്. പരശുരാമന് കടലില് നിന്നും സൃഷ്ടിച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളില് (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവന് ശിവലയങ്ങളും ദുര്ഗാലയങ്ങളും അവര്ക്കുവേണ്ടി പരശുരാമന് നിര്മ്മിച്ചു. ബ്രാഹ്മണര് കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തില് കൃഷിയാവശ്യതിനും മറ്റു നിര്മ്മാണ ജോലികള്ക്കും മറ്റുമായി മറ്റു കുലങ്ങളില് പെട്ട നിരവധി ആളുകള് സമീപ നാട്ടുരാജ്യങ്ങളായ തമിള്, കര്ണ്ണാടക, ആന്ദ്ര എന്നീവിടങ്ങളില് നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തില് വിവിധ നാടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂര്വ്വദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണര്ക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേല്ക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയെകുന്നു.

നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തില് നിന്നും വന്ന ബ്രാഹ്മണര് അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകള്ക്ക് കൈമാറി. ആ കഥകൽ ഇന്ന് കേൾക്കുന്ന രൂപത്തിൽ ഇങ്ങനെ തുടങ്ങുന്നു" പണ്ട് പണ്ട് നമുടെ നാട്ടില് മഹാബലി എന്ന മഹാനായ രാജന് ഭരണം നടത്തിയിരുന്നു" . കാലക്രെമത്തില്, അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി.

പില്ക്കാലത്ത് ആന്ദ്രയിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിര്ത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടതിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേല്ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് മഹാബലിയെ കേരളത്തിൽ വന്നല്ല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് എന്നും, പിന്നീട് ചരിത്രമെങ്ങനെ മരിമറഞ്ഞു എന്നും ഇതില് നിന്നും വ്യക്തമാകുന്നു . നമുടെ പൂർവ്വികരു നമുക്ക് കൈമാറിയ വസന്തങ്ങളുടെയും സന്തോഷത്തിന്റെയും സമ്പല് സമൃദ്ധിയുടെയുംടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകള്ക്കും പകര്ന്നു നല്കാം.
##############

മഹാബലിയും പരശുരാമനെറിയാത്ത മഴുവും

വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. പതിവുചോദ്യങ്ങളുമായി ബുദ്ധിരാക്ഷസന്മാര്‍ എത്തിയിരിക്കുന്നു. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല. ഇതൊക്കെ വെറും മിത്തുകള്‍.

അങ്ങനെ പറയാന്‍ വരട്ടെ. പണ്ടുമുതലേ പാടിപ്പഴകിയ “പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോ” നമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത്. ഭാര്‍ഗ്ഗവഭൂമി നമ്മുടെ മലയാളമല്ലേ? ആണെന്നു പറയാന്‍ വരട്ടെ. സ്കന്ദപുരാണാന്തര്‍ഗതമായ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തി പറയുന്നുണ്ട്.
‘വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം’
(സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം)
അര്‍ത്ഥം – ‘വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്‍വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില്‍ കിടക്കുന്നു,’ ഇതാകുന്നു ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തിനിര്‍ണ്ണയം.
അപ്പോള്‍ നമ്മുടെ മലയാളഭൂമിയേതാണ്?
‘മലയാദ്രിമാഹാത്മ്യം’ എന്ന ഗ്രന്ഥത്തില്‍ ഈ മലയാളഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

‘മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ
പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ
പൂര്‍വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ’

‘വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്‍വ്വതവും പടിഞ്ഞാറ് സമുദ്രവും.’

ഈ കാരണങ്ങളാല്‍ ഭാര്‍ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നു.ഭാര്‍ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന്‍ കന്യാകുമാരിയോ മുതല്‍ ‘നാസിക’ അല്ലെങ്കില്‍ സൌരാഷ്ട്രം വരെയാണ്. “സുബ്രഹ്മണ്യാല്‍സുരാഷ്ട്രാന്തമുദ്ധൃത്യഭാര്‍ഗ്ഗവോ മുനി:” എന്നു മലയാചല മാഹാത്മ്യത്തില്‍ കാണുന്നു. കാവ്യസംഹിതയില്‍ കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്‍പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു.

“തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം. ശൂര്‍പ്പാരകേതിരാമസ്യ ക്ഷേത്രം.” എന്നാണു ഇതിനു പ്രമാണം. പിന്നെ ഭാര്‍ഗ്ഗവന്‍, ഖരന്‍ പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല്‍ മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.

“നന്ദീശസംഹിതയില്‍’ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു.

“ഗുഹ്യകാദ്രി(ഹിമവല്‍പാര്‍ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് ‘കാമരൂപ’മെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്‍ഷമാണ്. അതില്‍, വിശിഷ്ടകര്‍മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്‍ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു. കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല്‍ തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്‍പ്പാരകമെന്നും പറയുന്ന ’രാമക്ഷേത്രം’, ഇവയാകുന്നു വിഭാഗങ്ങള്‍. തലക്കാവേരി മുതല്‍ തെക്കന്‍കന്യാകുമാരി വരെ ഭൂതലസ്വര്‍ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല്‍ കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു.

അപ്പോള്‍ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും. പരശുരാമന് മുന്‍പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു. അതിനാല്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല.

ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം. ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത്. ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍  കടന്നുചെന്നത്. സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്.

ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു. യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു. മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട്‌ മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു. അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്.

 “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും. യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല.”

വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി. എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട്‌ മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു. വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു. മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട്‌ ബലി പറഞ്ഞു

“ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”

അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും  ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു .
ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു.

അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം. ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്?
വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ. എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം. മലയാളഭൂമിയാണ് ബലിസത്മം. മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു. രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു. രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട്. മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു.

ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല. ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു.

ഇന്നലെകളുടെ നേർക്കാഴ്ചകൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഹരികൃഷ്ണൻ ഹരിദാസ് എഴുതിയത്.

അഭിപ്രായങ്ങൾ താഴെയുള്ള ലിങ്ക് ക്ലിക് ചെയ്ത് fb പോസ്റ്റിൽ രേഖപ്പെടുത്തുക .

https://www.facebook.com/groups/450064555118899/permalink/590511984407488/
----------------------------------------------------------------------------------------------
ഷെയര്‍ ചെയ്യുക ...
മഹാബലിയെന്ന് കേള്‍ക്കുന്ന മാത്രയില്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ കപ്പടാമീശയും ഉന്തിയ വയറുമുള്ള ഒരു പൊണ്ണത്തടിയന്‍ ഓലക്കുടയുമായി വരുന്ന ഒരു അപഹാസ്യചിത്രമാണ് തെളിയുന്നത്. പുരാണകഥാപാത്രങ്ങളെ ഇത്തരത്തില്‍ വികൃതമായി ചിത്രീകരിക്കുവാനും പുരാണകഥകളെ വളച്ചൊടിച്ച് അസംബന്ധങ്ങള്‍ പലതും പ്രചരിപ്പിക്കുവാനും ചില കുത്സിതമതികളും മാധ്യമങ്ങളും മത്സരിക്കുകയാണ്. ഹൈന്ദവധര്‍മ്മത്തെ അപമാനിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള ഇത്തരത്തിലുള്ള കുത്സിതപ്രവര്‍ത്തനങ്ങളെ ശക്തമായും യുക്തമായും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
നല്ലവനും സത്യസന്ധനുമായ മഹാബലിയുടെ കാലത്തെപ്പറ്റി കേരളത്തിലെങ്ങും പ്രചാരമുള്ള ഒരു നാടന്‍ പാട്ടാണിത്. നല്ലവനായ മഹാബലിയെന്ന ദളിതനായ അസുരചക്രവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ച്, ബലി അടക്കിവാണിരുന്ന മൂന്നുലോകവും രണ്ടടികൊണ്ടളന്നുകൈക്കലാക്കി മൂന്നാമത്തെ കാലടിവെയ്ക്കുവാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലിയുടെ തലയില്‍ കാല്‍വെച്ച് പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയത്രെ. പ്രതിവര്‍ഷം ചക്രവര്‍ത്തിക്ക് തന്റെ പ്രജകളെ കാണുന്നതിനുവേണ്ടി വാമനന്‍ പ്രത്യേക അനുവാദം കൊടുത്തുവെന്നും അതനുസരിച്ച് മഹാബലി തന്റെ പ്രജകളെ കാണുവാന്‍ കേരളത്തിലേക്ക് എല്ലാവര്‍ഷവും ചിങ്ങത്തിലെ തിരുവോണത്തിന് വരുന്നതാണ് ഓണാഘോഷമെന്നുമാണ് കേരളത്തില്‍ പ്രചാരത്തിലുള്ള ഓണക്കഥ.
പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഒന്നും തന്നെ ഇതിന് ഉപോല്‍ബലകങ്ങളായ പരാമര്‍ശങ്ങളോ വിവരണങ്ങളോ ഇല്ലാതെ ഈ അസത്യമായ ഓണക്കഥ കേരളത്തില്‍ മാത്രം എങ്ങനെ പ്രചാരണത്തില്‍ വന്നു? ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലും വെട്ടം മാണിയുടെ പുരാണനിഘണ്ടുവിലും കുട്ടികള്‍ക്ക് പഠിക്കുവാനുള്ള പാഠപുസ്തകങ്ങളിലുമെല്ലാം വാമനമൂര്‍ത്തി മാവേലിമന്നനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന് എഴുതിവെച്ചിരിക്കുന്നതാണ് അത്യന്തം ഖേദകരമായിത്തോന്നുന്നത്.
ശ്രീമദ്ഭാഗവതത്തിലെ അഷ്ടമസ്‌കന്ധത്തിലെ 15-ാമത് അദ്ധ്യായം മുതല്‍ 23-ാമത് അദ്ധ്യായം വരെയുള്ള ഭാഗമാണ് വാമനചരിതമെന്ന മഹാബലിയുടെ കഥയ്ക്കാധാരമായിട്ടുള്ളത്.
സര്‍വ്വേശ്വരനായ ഭഗവാന്‍ ശ്രീഹരി ഒന്നുമില്ലാത്തവനെപ്പോലെ എന്തിനാണ് മൂന്നടി മണ്ണ് യാചിച്ചത്? എല്ലാം ലഭിച്ചിട്ടും നിരപരാധിയായ ബലിയെ ബന്ധിച്ചതെന്തിനാണ്? എന്നിങ്ങനെയുള്ള പരീക്ഷിത്തിന്റെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ് ഭാഗവതത്തില്‍ ശ്രീശുകബ്രഹ്മര്‍ഷി മഹാബലിയുടെ കഥ വിവരിക്കുന്നത്.
ദേവേന്ദ്രനാല്‍ തോല്‍പ്പിക്കപ്പെട്ട്,നിഗ്രഹിക്കപ്പെട്ട ബലിക്ക് ശുക്രാചാര്യരുടെ മൃതസഞ്ജീവനികൊണ്ട് ജീവിതം തിരിച്ചുകിട്ടി. സ്വര്‍ഗ്ഗം ജയിക്കുവാന്‍ ആഗ്രഹിച്ച മഹാബലിയെക്കൊണ്ട് ഗുരുനാഥന്‍ 'വിശ്വജിത്ത്' എന്ന യാഗം ചെയ്യിപ്പിച്ചു. മുത്തച്ഛനായ പ്രഹ്ലാദന്‍ നല്‍കിയ വാടാത്ത മാല്യമണിഞ്ഞ് ഗുരു അനുഗ്രഹിച്ചു നല്‍കിയ ദിവ്യരഥമേറി ബലി ദേവലോകം പിടിച്ചടക്കുവാനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ പടപ്പുറപ്പാടുകണ്ട് പരിഭ്രമിച്ച ഇന്ദ്രന്‍ ഗുരുവായ ബൃഹസ്പതിയെ കണ്ട് ബലിയുടെ പുനര്‍ജ്ജന്മത്തിന്റെയും തിരിച്ചുവരവിന്റെയും കാരണമാരാഞ്ഞു. ''ശുക്രാചാര്യരാണ് ശിഷ്യനെ തേജസ്വിയാക്കിത്തീര്‍ത്തത്. വിഷ്ണുഭഗവാനല്ലാതെ മറ്റാര്‍ക്കും ബലിയെ നേരിടാനുള്ള ശക്തിയില്ല. ഏതൊരു ഗുരുവിന്റെ അനുഗ്രഹത്താലാണോ ബലി പ്രതാപശാലിയായിത്തീര്‍ന്നത് അതേ ശുക്രാചാര്യരുടെ ഉപദേശത്തിന് വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ബലിയില്‍ നിന്ന് ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗം തിരിച്ച് കിട്ടും. ഇപ്പോള്‍ കാലം അസുരന്മാര്‍ക്കനുകൂലമായതിനാല്‍ കാത്തിരിക്കുക'' എന്ന ഗുരുവിന്റെ ഉപദേശപ്രകാരം യുദ്ധംചെയ്യാതെ ദേവന്മാര്‍ ഭൂമിയില്‍ വേഷംമാറി സഞ്ചരിച്ചു.
ത്രൈലോക്യജേതാവായ മഹാബലിയുടെ ഇന്ദ്രപദവി സ്ഥിരമാക്കിത്തീര്‍ക്കുവാനായി ശുക്രമഹര്‍ഷി ബലിയെക്കൊണ്ട് നൂറ് അശ്വമേധയാഗങ്ങള്‍ കഴിപ്പിച്ചു. ഗുരുവിന്റെ അനുഗ്രഹത്താല്‍ മഹാബലിയുടെ കീര്‍ത്തി ലോകമെമ്പാടും വ്യാപിച്ചു. അസുരന്മാര്‍ സ്വര്‍ഗ്ഗാധിപത്യം നേടിയതും തന്റെ മക്കള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നതും കണ്ട് ദേവമാതാവായ അദിതി അത്യന്തം ദുഃഖിതയായിത്തീര്‍ന്നു. ദേവന്മാരുടെ അച്ഛനും തന്റെ ഭര്‍ത്താവുമായ കശ്യപന്‍ ഒരിക്കല്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വ്യസനിച്ചിരിക്കുന്ന അദിതിയെക്കണ്ട് ദുഃഖകാരണമാരാഞ്ഞു. നഷ്ടപ്പെട്ട ഐശ്വര്യവും സ്ഥാനമാനങ്ങളും തന്റെ പുത്രന്മാര്‍ക്ക് തിരിച്ചുകിട്ടുവാന്‍ താന്‍ എന്തുചെയ്യണമെന്ന് അദിതി കശ്യപപ്രജാപതിയോട് ചോദിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ദേവമാതാവായ അദിതി പയോവ്രതമനുഷ്ഠിച്ച് ഭഗവാനെ ആരാധിച്ചു. പാല്‍മാത്രമാഹരിച്ചുകൊണ്ട് വിഷ്ണുഭഗവാനെ വ്രതനിഷ്ഠയോടെ പൂജിക്കുന്ന പന്ത്രണ്ടുദിവസത്തെ പയോവ്രതത്താല്‍ സംപ്രീതനായ ഭഗവാന്‍ പതിമൂന്നാം നാള്‍ വ്രതാവസാനത്തില്‍ അദിതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് ഗദ്ഗദകണ്ഠയായി അദിതിമാതാവ് ഭഗവാനെ സ്തുതിച്ചു. അദിതിയുടെ സ്തുതിയാല്‍ സംപ്രീതനായ ഭഗവാന്‍ ''അമ്മേ, ശത്രുക്കളാല്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട അനാഥരായിത്തീര്‍ന്ന പുത്രന്മാരെ ഓര്‍ത്ത് ദുഃഖിക്കുന്ന അമ്മയുടെ മനോരഥം എനിക്കറിയാം. ഈശ്വരാനുകൂലത്ത്വം യഥേച്ഛമുള്ളതുകൊണ്ട് ഇപ്പോള്‍ അസുരന്മാരെ ജയിക്കുക എളുപ്പമല്ല. എന്നാല്‍ എന്നെ ആരാധിച്ചു നടത്തിയ പയോവ്രതം നിഷ്ഫലമാകുവാനും പാടില്ല. അതുകൊണ്ട് ഞാന്‍ തന്നെ അമ്മയുടെ മകനായവതരിച്ച് ദേവന്മാരെ രക്ഷിച്ചുകൊള്ളാം'' എന്നരുളിച്ചെയ്ത് അന്തര്‍ധാനം ചെയ്തു.
ഭഗവദനുഗ്രഹത്താല്‍ തന്നില്‍ ഈശ്വരചൈതന്യം പ്രവേശിച്ചതറിഞ്ഞ കശ്യപന്‍ അദിതിയില്‍ വീര്യാധാനം ചെയ്തു. ഗര്‍ഭഗതവിഷ്ണുവിനെ ബ്രഹ്മാദിദേവതകള്‍ വന്ന് സ്തുതിച്ചു. അങ്ങനെ ചിങ്ങത്തിലെ വെളുത്ത ദ്വാദശിയും തിരുവോണവും കൂടിയ ദിവസം ഉത്രട്ടാതിയുടെ അവസാനത്തെ പതിനഞ്ചുനാഴികയും തിരുവോണത്തിന്റെ ആദ്യത്തെ നാലുനാഴികയും കൂടിയ അഭിജിത്ത് എന്ന ശുഭമുഹൂര്‍ത്തത്തില്‍ മഹാപ്രഭുവായ ഭഗവാന്‍ അവതരിച്ചു. (ശ്രീമദ് ഭാഗവതം ഢകകക/18/5)
വെളുത്ത ദ്വാദശിയിലെ സൂര്യന്‍ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ വിജയ എന്ന മുഹൂര്‍ത്തത്തിലാണ് ശ്രീഹരിയവതരിച്ചത്. ചതുര്‍ബാഹുവായി എല്ലാ ആയുധങ്ങളോടുംകൂടിയാണ് ഭഗവാനവതരിച്ചത്. എല്ലാവരും സ്തുതിച്ച് വന്ദിച്ചപ്പോള്‍ ശ്രീഹരി ഒരു നടന്‍ വേഷം മാറുന്നതുപോലെ പെട്ടെന്ന് വാമനവടുവായി മാറി (ഭാഗ:ഢകകക/18/12). കശ്യപപ്രജാപതി ഉണ്ണിയുടെ ഉപനയനം നടത്തി. സൂര്യദേവന്‍ നേരിട്ട് ഗായത്രീമന്ത്രമുപദേശിച്ചു. ഉമാദേവിയില്‍ നിന്ന് ഭിക്ഷയും സ്വീകരിച്ച് വാമനമൂര്‍ത്തി മഹാബലിയുടെ യജ്ഞശാലയിലേക്ക് പുറപ്പെട്ടു.
മഹാബലി നര്‍മ്മദാനദിയുടെ വടക്കേതീരത്തുള്ള 'ഭൃഗുകച്ഛം' എന്ന തീര്‍ത്ഥഭൂമിയില്‍ 99 യാഗങ്ങള്‍ കഴിഞ്ഞ് നൂറാമത്തെ അശ്വമേധയാഗമാരംഭിച്ചിരുന്നു. യാഗശാലയില്‍ എത്തിച്ചേര്‍ന്ന ഉജ്ജ്വല തേജസ്സോടുകൂടിയ ബാലനെക്കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് എതിരേറ്റ് സ്വീകരിച്ചു. കുടയും ദണ്ഡവും കമണ്ഡലുവുമായി ഭിക്ഷാംദേഹിയായി തന്റെ യജ്ഞശാലയില്‍ സമാഗതനായ ബ്രഹ്മചാരിക്കുട്ടിയെ മഹാബലി നമസ്‌കാരപൂര്‍വ്വം പാദപൂജ ചെയ്തു. 'എന്ത് വേണമെങ്കിലും ചോദിച്ചോളൂ. ഞാന്‍ നിനക്ക് എന്തും നല്‍കും' എന്ന് വാഗ്ദാനവും നല്‍കി.
മഹാബലിയുടെ സ്വാഗതവചസ്സുകള്‍ കേട്ട് സന്തുഷ്ടനായ ഭഗവാന്‍ ബലിയെ പ്രശംസാവചനങ്ങള്‍കൊണ്ട് മൂടി. ''ദാനശീലരില്‍ ശ്രേഷ്ഠനായ അങ്ങയില്‍ നിന്ന് ഞാന്‍ എന്റെ കാല്‍കൊണ്ടളന്നെടുക്കാവുന്ന മൂന്നടി മണ്ണ് മാത്രമാണ് ആഗ്രഹിക്കുന്നത്'' എന്ന ബ്രഹ്മചാരിയുടെ യാചന കേട്ടപ്പോള്‍ (പദാനി ത്രീണി ദൈത്യേന്ദ്ര സംമിതാനി പദാ മമ. ഭാഗ: ഢകകക/19/17)'ത്വം ബാലോ ബലിശമതി:- 'നീ കണ്ടാല്‍ മാത്രമല്ല സ്വഭാവം കൊണ്ടും കുട്ടിതന്നെ. മൂന്ന് ലോകത്തിനുമധിപതിയായ എന്നെ ഇത്രയൊക്കെ സ്തുതിച്ചിട്ട് വെറും മൂന്നടിമണ്ണാണോ ആവശ്യപ്പെടുന്നത്? എന്നോടൊരിയ്ക്കല്‍ യാചിച്ചൊരാള്‍ പിന്നീട് ഒരിയ്ക്കലും മറ്റൊരാളോട് യാചിക്കാനിടവരരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. അതിനാല്‍ അങ്ങ് വരം മാറ്റി ചോദിച്ചുകൊള്ളൂ.' എന്ന് അല്പം അഹങ്കാരവും പരിഹാസവും കലര്‍ന്ന സ്വരത്തോടെ മഹാബലി പറഞ്ഞു ('മാം വചോഭിഃ സമാരാധ്യ ലോകാനാമേകമീശ്വരം' ഭാഗ:ഢകകക/18/19). മറ്റൊന്നും വേണ്ടെന്ന വാമനന്റെ മറുപടികേട്ട മഹാബലി ''അങ്ങയുടെ ആഗ്രഹം പോലെ സ്വീകരിക്കൂ.'' എന്ന് പറഞ്ഞ് ജലസഹിതം ദാനം ചെയ്യുവാനായി ജലപാത്രം കയ്യിലെടുത്തു. കപടവേഷധാരിയായി വന്ന വിഷ്ണുവിന് സര്‍വ്വസ്വവും ദാനം ചെയ്യാനൊരുമ്പെട്ട ശിഷ്യനെ ശുക്രാചാര്യന്‍ തടഞ്ഞു. ദാനം നല്കാതിരിക്കുന്നതിനുവേണ്ടി ഗുരുനാഥന്‍ പലപലന്യായങ്ങളും പറഞ്ഞുവെങ്കിലും മഹാബലി അതൊന്നും ചെവിക്കൊണ്ടില്ല.
''ഒരു സാധാരണഗൃഹസ്ഥനെ സംബന്ധിച്ചിടത്തോളം അവിടുന്ന് ഇപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണ്, സ്വീകാര്യവുമാണ്. പക്ഷേ മുത്തച്ഛനായ പ്രഹ്ലാദനില്‍നിന്ന് സത്യത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ഞാന്‍, തരാമെന്ന് പ്രതിജ്ഞ ചെയ്തിട്ട് ഒരു വഞ്ചകനെപ്പോലെ എങ്ങനെ അത് നിരാകരിക്കും? യജ്ഞേശ്വരനായ ഭഗവാന്‍ വിഷ്ണുതന്നെയാണ് തന്റെ മുന്നില്‍ വേഷപ്രച്ഛന്നനായി വന്നിരിക്കുന്നതെങ്കില്‍ ആ ഭഗവാന് ഞാനീ ഭൂമി നല്‍കുന്നതിലുപരിയായി പുണ്യകരമായിട്ടെന്തുണ്ട്?'' എന്ന ശിഷ്യന്റെ മറുപടി കേട്ടപ്പോള്‍ തന്റെ ഉപദേശം അംഗീകരിക്കാത്തവനും സത്യസന്ധനും ധീരനുമായ മഹാബലിയെ ശുക്രാചാര്യര്‍ ''നിന്റെ എല്ലാവിധ ഐശ്വര്യങ്ങളുമധികാരവും നഷ്ടപ്പെട്ടുപോകട്ടെ''എന്ന് ശപിച്ചു.
ദാനസങ്കല്പം കഴിഞ്ഞതും വാമനന്‍ മൂന്നുലോകവും നിറഞ്ഞ വിശ്വരൂപത്തെ സ്വീകരിച്ചു. (തദ് വാമനം രൂപം അവര്‍ധതാദ്ഭുതം ഹരേരനന്തസ്യ ഗുണത്രയാത്മകം (ഭാഗ:ഢകകക/21/21))ഒരടികൊണ്ട് അധോലോകങ്ങളും രണ്ടാമത്തെ അടികൊണ്ട് ഊര്‍ധ്വലോകങ്ങളും അളന്നെടുത്ത് മൂന്നാമത്തെ അടി എവിടെവെക്കണമെന്ന വാമനമൂര്‍ത്തിയുടെ ചോദ്യത്തിന് 'ലോകാനാമേകമീശ്വരം' എന്നഹങ്കരിച്ച മഹാബലിക്ക് മറുപടിയില്ലാതായി. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ നരകവാസമായിരിക്കും ഫലമെന്നും വാമനന്‍ ബലിയെ ഓര്‍മ്മിപ്പിച്ചു.
''തനിക്ക് നരകത്തെയോ വരുണപാശത്തെയോ തെല്ലും ഭയമില്ല. വാക്ക് പാലിക്കാന്‍ പറ്റാത്തതാണെന്റെ ഖേദം. അതിനാല്‍ എന്റെ വാക്ക് വീണ്‍വാക്കാകാതിരിക്കാന്‍, പ്രഹ്ലാദന്റെ പേരക്കുട്ടി പ്രതിജ്ഞ ലംഘിച്ചവനാണെന്ന ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാന്‍ മഹാപ്രഭോ! ഞാനെന്നെത്തന്നെ നിവേദ്യമായി അങ്ങയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങയുടെ തൃപ്പാദമെന്റെ ശിരസ്സില്‍ വെച്ച് മൂന്നാമത്തെ അടി അളന്നെടുത്ത് എന്നെ സത്യവ്രതനാക്കേണമേ.''
(യദ്യുത്തമശ്ലോക ഭവാന്മമേരിതം
വചോ വ്യളീകം സുരവര്യ മന്യതേ
കരോമ്യതം തന്ന ഭവേത് പ്രലംഭനം
പദം തൃതീയം കുരു ശീര്‍ഷ്ണി മേ നിജം
ഭാഗ:ഢകകക/22/2)
എന്ന് മഹാബലി വാമനനോഭ്യര്‍ത്ഥിച്ചു. ഈ സമയത്ത് ബ്രഹ്മാവും പ്രഹ്ലാദനുമവിടെ സമാഗതരായി. ബ്രഹ്മാവ് മഹാബലിയെ രക്ഷിക്കണമേ, നിഗ്രഹിക്കരുതേ എന്ന് ഭഗവാനോഭ്യര്‍ത്ഥിച്ചു. വിശ്വരൂപിയായിരുന്ന വാമനന്‍ ബ്രഹ്മചാരിക്കുട്ടിയായി മാറി തന്റെ തൃപ്പാദം ബലിയുടെ ശിരസ്സില്‍ സ്പര്‍ശിച്ച് അനുഗ്രഹിച്ചതുകണ്ട ഭക്തോത്തമനായ പ്രഹ്ലാദനാകട്ടെ ''ഭഗവന്‍! ഈ ബലിയുടെ സ്വത്ത് അങ്ങ് പിടിച്ചുപറിച്ചിട്ടില്ല. ഒരു കാലത്ത് ഇന്ദ്രന്‍ ഐശ്വര്യത്താല്‍ മദോന്മത്തനായെന്ന് കണ്ടപ്പോള്‍ ലോകാധിപത്യം ഇന്ദ്രനില്‍നിന്നെടുത്ത് താല്‍ക്കാലികമായി ബലിയുടെ കൈവശമേല്പിച്ചു. ഇവനും ഇന്ദ്രനെപ്പോലെ ഐശ്വര്യമദം കൊണ്ട് ദുഷിച്ചുപോകുന്നുവെന്ന് കണ്ടപ്പോള്‍ അങ്ങത് തിരിച്ചെടുക്കുന്നു. ഇതൊരനുഗ്രഹമാണ്, നിഗ്രഹമല്ല'' എന്ന് വിനയാന്വിതനായി ഭഗവാനോടുണര്‍ത്തിച്ചു. (ഭാഗ:ഢകകക/23/610)
''ബന്ധഹേതുവായ അജ്ഞാനം നശിച്ച് ശുദ്ധനായ മഹാബലിയ്ക്ക് ബന്ധനമല്ല മുക്തിയാണ് നല്‍കേണ്ടത്'' എന്ന ബ്രഹ്മാവിന്റെ വാക്ക് കേട്ട് ഭഗവാന്‍ പറഞ്ഞു. ''ഹേ ബ്രഹ്മന്‍! ഞാനൊരു ഭക്തനെയനുഗ്രഹിക്കുവാന്‍ ആഗ്രഹിച്ചാല്‍ ആദ്യം അവന്റെ ഐശ്വര്യത്തെയപഹരിക്കും. ഐശ്വര്യമദംകൊണ്ട് ഉന്മത്തനായ മനുഷ്യന്‍ ലോകത്തെയും എന്നെയും അപമാനിക്കുന്നു (ഭാഗ:ഢകകക/22/24). ദാനവദൈത്യന്മാരിലഗ്രഗണ്യനായ ഈ മഹാബലി ആര്‍ക്കും ജയിക്കാന്‍ കഴിയാത്ത മായയെപ്പോലുമിന്ന് ജയിച്ചിരിക്കുന്നു. ദൃഢവ്രതനായ മഹാബലി ധനമെല്ലാം നഷ്ടപ്പെട്ടിട്ടും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിട്ടും ശത്രുക്കളാല്‍ ബന്ധിക്കപ്പെട്ടിട്ടും ഗുരുശാപമേല്‍ക്കേണ്ടി വന്നിട്ടും പലവിധ ക്ലേശങ്ങളനുഭവിക്കേണ്ടി വന്നിട്ടും സത്യവ്രതനായതുകൊണ്ട് സത്യത്തില്‍നിന്ന് വ്യതിചലിച്ചില്ല. ആയതിനാല്‍ ദേവന്മാര്‍ക്കുപോലും പ്രാപിക്കാനാകാത്ത സുദുര്‍ലഭസ്ഥാനമാണ് ഞാനിവന് കൊടുക്കുന്നത്. (ഏഷ മേ പ്രാപിതഃ സ്ഥാനം ദുഷ്പ്രാപമമരൈപി. സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ ഭാഗ:ഢകകക/22/31). ഇനി വരുന്ന സാവര്‍ണിമന്ന്വന്തരത്തിലെ ഇന്ദ്രപദമാണ് ഞാനെന്റെ മഹാബലിയ്ക്ക് നല്‍കുന്നത്. അതുവരെ, വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച സ്വര്‍ഗവാസികള്‍പോലും പോകുവാനാഗ്രഹിയ്ക്കുന്ന സുതലത്തില്‍ വസിക്കട്ടെ ഇന്ദ്രസേന! അങ്ങയ്ക്ക് മംഗളം ഭവിക്കട്ടെ. അങ്ങ് ബന്ധുമിത്രാദികളോടുകൂടി ദേവന്മാര്‍ക്കും പ്രാപ്യമല്ലാത്ത സുതലത്തിലേക്ക് പോവുക. ഇനി ലോകപാലന്മാര്‍ക്കുപോലും അങ്ങയെ ആക്രമിക്കുവാന്‍ സാധ്യമല്ല. അങ്ങയുടെ കല്പനയെ ലംഘിക്കുന്ന അസുരന്മാരെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാനങ്ങയെ ഒരാപത്തും വരാതെ രക്ഷിക്കുന്നതാണ്. സുതലത്തില്‍ സന്നിഹിതനായ തന്നെ എന്നും അങ്ങയ്ക്ക് കാണുവാന്‍ കഴിയും (ഭാഗ:ഢകകക/22/3236) എന്നിപ്രകാരം വാമനമൂര്‍ത്തി മഹാബലിയെ അനുഗ്രഹിച്ചു. വാമനന്റെ ഇപ്രകാരമുള്ള അനുഗ്രഹവചസ്സുകള്‍ കേട്ട് കൃതാര്‍ത്ഥനായ മഹാബലി ഗദ്ഗദകണ്ഠനായി പറഞ്ഞു.
(ഇത്യുക്തവന്തം പുരുഷം പുരാതനം
മഹാനുഭാവോളഖിലസാധുസമ്മതഃ
ബദ്ധാഞ്ജലിര്‍ബാഷ്പകലാകുലേക്ഷണോ
ഭക്ത്യുദ്ഗലോ ഗദ്ഗദയാ ഗിരാബ്രവീത് (ഭാഗ:ഢകകക/23/1)
''ഭഗവാനേ! അങ്ങയുടെ കാരുണ്യാതിരേകം അത്യാശ്ചര്യകരം തന്നെ. ഞാനങ്ങയെ നമസ്‌കരിക്കുവാനുദ്ദേശിച്ചപ്പോഴേക്കും തപോദാനാദികളിലൂടെ പോലും ലഭിക്കാത്ത ഫലമെനിയ്ക്കങ്ങ് നല്‍കിയനുഗ്രഹിച്ചിരിക്കുന്നു''. ഇത്രയും പറഞ്ഞ് മഹാബലി ത്രിമൂര്‍ത്തികളെയും വണങ്ങി അത്യന്തം സന്തോഷത്തോടെ അസുരന്മാരോടൊപ്പം സുതലത്തിലേയ്ക്ക് പോകാനൊരുങ്ങി.(ഭാഗ:ഢകകക/23/1112) ഇന്ദ്രാനുജനായ വാമനമൂര്‍ത്തി (ഉപേന്ദ്രന്‍) ഇന്ദ്രന് അര്‍ഹതപ്പെട്ട സ്വര്‍ഗത്തെ നല്‍കിയശേഷം മാതാവായ അദിതിയെ നമസ്‌കരിച്ച് തന്റെ അവതാരദൗത്യം നിറവേറ്റിയതായി അറിയിച്ചു. ഭഗവദ്ഭക്തിയില്‍ മുങ്ങിയ പ്രഹ്ലാദന്‍''ബ്രഹ്മാദിദേവന്മാര്‍ക്കുപോലും നല്‍കാത്ത കാരുണ്യമങ്ങ് ഞങ്ങളില്‍ പ്രദര്‍ശിപ്പിച്ചല്ലോ. ഇതിന് ഞങ്ങള്‍ക്കര്‍ഹതയുണ്ടോ ഭഗവാനേ'' എന്ന് ചോദിച്ചപ്പോള്‍ ''വത്സാ, പ്രഹ്ലാദ! നിങ്ങളെല്ലാവരും സുതലത്തിലേക്ക് പോയ്‌ക്കൊള്‍ക. പൗത്രാദികളോടൊപ്പം സുഖമായി കഴിയുക. സുതലദ്വാരത്തില്‍ ഗദാപാണിയായ ഞാന്‍ നിനക്ക് സദാ ദര്‍ശനമേകും'' എന്ന് ഭഗവാന്‍ പ്രഹ്ലാദനെയനുഗ്രഹിച്ച് മഹാബലിയോടൊപ്പം സുതലത്തിലേയ്ക്ക് യാത്രയാക്കി. മഹാബലിയുടെ യാഗത്തില്‍ വന്ന ന്യൂനത പരിഹരിച്ച് യാഗം പൂര്‍ത്തിയാക്കാന്‍ ശുക്രാചാര്യരോട് വാമനമൂര്‍ത്തി നിര്‍ദ്ദേശിച്ചതനുസരിച്ച് ശുക്രാചാര്യര്‍ യാഗം പൂര്‍ത്തിയാക്കി. ബ്രഹ്മാവ് പിന്നീട് ലോകരുടെയും ലോകപാലന്മാരുടെയുമെല്ലാം പിതാവായി വാമനമൂര്‍ത്തിയെ നിശ്ചയിച്ചു.(ഭാഗ:ഢകകക/23/21) ബ്രഹ്മശിവാദികള്‍ ഭഗവാന്റെ കൃത്യത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സ്വസ്ഥാനങ്ങളിലേക്ക് പോയി. ഇപ്പോള്‍ നടന്നുവരുന്ന മന്വന്തരത്തിലവതരിച്ച വാമനമൂര്‍ത്തിയുടെ അവതാരകഥയുടെ സാരാംശമിപ്രകാരമാണ് ശ്രീമദ് ഭാഗവതത്തില്‍ അഷ്ടമ സ്‌കന്ധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
ശ്രീമദ് ഭാഗവതത്തിലോ നാരായണീയത്തിലോ മറ്റേതെങ്കിലും പ്രാമാണികഗ്രന്ഥങ്ങളിലോ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് പറയുന്നില്ല. മറിച്ച് സത്യസന്ധനും ധര്‍മ്മിഷ്ഠനുമായ മഹാബലിയെ വാമനമൂര്‍ത്തി പരീക്ഷിക്കുകയും പരീക്ഷണത്തില്‍ വിജയിച്ച ബലിയെ വാമനന്‍ അനുഗ്രഹിക്കുകയുമാണ് ചെയ്‌തെന്നാണ് പ്രാമാണികഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്. ശബ്ദതാരാവലിയിലും പുരാണനിഘണ്ടുവിലും ചില ഭാഗവതകഥാസംഗ്രഹഗ്രന്ഥങ്ങളിലും പ്രാമാണിക ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ പറഞ്ഞുവരുന്ന തെറ്റായകഥ എങ്ങനെ വന്നുവെന്നതജ്ഞാതമാണ്.വായ്‌മൊഴിയായി പറഞ്ഞുപരന്ന ചില നാടോടിക്കഥകളെയാധാരമാക്കി കഥയെ വികൃതവും വികലവുമാക്കിയതാകാം.
കേരളമുള്‍പ്പെടെയുള്ള പരശുരാമക്ഷേത്രം മഹാബലിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നില്ല. പരശുരാമന്‍ ഇരുപത്തിയൊന്ന് തവണ ഭാരതം മുഴുവന്‍ സഞ്ചരിച്ച് ദുഷ്ടക്ഷത്രിയനിഗ്രഹം നടത്തി പിടിച്ചെടുത്ത ദേശമെല്ലാം കശ്യപമഹര്‍ഷിയ്ക്കും ബ്രാഹ്മണര്‍ക്കുമായി ദാനം ചെയ്തു. ദാനം കൊടുത്ത ഭൂമിയില്‍ താമസിക്കുന്നത് ശരിയല്ലാത്തതിനാല്‍ സമുദ്രത്തോട് ഭൂമിചോദിച്ചുവാങ്ങുവാനുള്ള കശ്യപമഹര്‍ഷിയുടെ ഉപദേശപ്രകാരം പരശുരാമന്റെ പ്രാര്‍ത്ഥനയുടെ ഫലമായി സമുദ്രം മാറി കരയായി ഉയര്‍ന്നുവന്നതാണ് പരശുരാമക്ഷേത്രമായ നമ്മുടെ കേരളം. കന്യാകുമാരിക്കടുത്തുള്ള മഹേന്ദ്രപര്‍വതത്തില്‍ തപസ്സനുഷ്ഠിച്ചുവന്ന പരശുരാമന്‍ അവിടെ നിന്ന് മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണെന്നും പറഞ്ഞുവരുന്നു. പരശുരാമാവതാരം വാമനാവതാരത്തിന് ശേഷമാണ് സംഭവിച്ചതെന്നിരിക്കെ മഹാബലിയുടെ കാലത്ത് നിലവില്ലാതിരുന്ന കേരളത്തില്‍ മഹാബലി എങ്ങനെ നാടുവാഴിയായി? തമിഴ്‌നാട്ടിലുള്ളതുപോലെ കേരളത്തിലും പുതുവര്‍ഷപ്പിറപ്പ് മേടം ഒന്നിന് വിഷുദിനത്തിലായിരുന്നുവത്രെ. ചേരമാന്‍പെരുമാള്‍ രാജാവ് യുദ്ധത്തില്‍ കൊല്ലം നഗരം കീഴ്‌പ്പെടുത്തിസ്വന്തമാക്കിയതിന്റെ ഓര്‍മ്മയ്ക്കാണ് 1191 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലവര്‍ഷമാരംഭിച്ചതെന്നാണ് ചരിത്രം. ചിങ്ങമാസം പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞുള്ള വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും മാസമാണ്. ചിങ്ങത്തില്‍ സൂര്യന്‍ സ്വക്ഷേത്രബലവാനാകയാല്‍ സൂര്യനെയടിസ്ഥാനപ്പെടുത്തിയുള്ള ചിങ്ങംതൊട്ടുള്ള കാലനിര്‍ണയവും ഉത്തമം തന്നെയെന്ന് തോന്നിയിരിക്കാം. വിളവെടുപ്പുത്സവവും പുതുവര്‍ഷപ്പിറപ്പും ഒന്നിച്ചാഘോഷിക്കാമല്ലോ എന്ന കാഴ്ചപ്പാടായിരിക്കണം ഓണമഹോത്സവത്തിന്റെ തുടക്കം. മഹാബലിയുടെ മഹാസാമ്രാജ്യമായിരുന്ന ഭാരതത്തില്‍ മറ്റൊരിടത്തുമില്ലാത്ത ഓണം കേരളത്തില്‍ മാത്രമെങ്ങനെവന്നു? കേരളത്തിന്റെ ഉത്തരഭാഗത്ത് ഓണം അത്രമാത്രം പ്രധാനവുമല്ല. ശ്രീമദ്ഭാഗവതം പോലെയുള്ള പുരാണഗ്രന്ഥങ്ങളെയനുസന്ധാനം ചെയ്താല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്.
* സത്യസന്ധനും ധര്‍മ്മിഷ്ഠനും നീതിമാനുമായിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല.
* ''ലോകാനാമേകമീശ്വരം'' എന്ന് തന്റെ ഐശ്വര്യത്തിലല്പമഹങ്കരിച്ചുപോയ ബലിയുടെയഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് ചെയ്തത്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി, ദേവന്മാര്‍പോലും കൊതിക്കുന്ന (സുതലം സ്വര്‍ഗ്ഗിഭിഃ പ്രാര്‍ത്ഥ്യം) സുതലത്തിന്റെ അധിപതിയാക്കിയുയര്‍ത്തി. അടുത്ത മന്വന്തരമായ സാവര്‍ണിമന്വന്തരത്തില്‍ ഇന്ദ്രസേനനെന്ന മഹാബലിയെ ഇന്ദ്രപദത്തിലേക്ക് ഉയര്‍ത്തുവാനും തീരുമാനിച്ചു. (സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ)
* മന്വന്തരമെന്നാല്‍ മനുവിന്റെ കാലഘട്ടമെന്നര്‍ത്ഥം. ഒരു മന്വന്തരത്തില്‍ ഇന്ദ്രനും മനുവും സപ്തര്‍ഷികളും മനുപുത്രന്മാരുമെല്ലാം ലോകരക്ഷയ്ക്കായി നിയോഗിക്കപ്പെടുകയാണ്. ഒരു മന്വന്തരത്തില്‍ ദേവേന്ദ്രനായി നിയമിക്കപ്പെട്ടാല്‍ അടുത്ത മന്വന്തരം വരെ അദ്ദേഹം തന്നെ ഇന്ദ്രപദത്തില്‍ തുടരുമെന്നാണ് ഭഗവന്നിയോഗം. അഹങ്കാരം കാരണം മഹാബലി ഈ ഈശ്വരനിയമം ലംഘിച്ചുകൊണ്ടാണ് ദേവലോകത്തെയാക്രമിച്ച് കീഴടക്കിയത്. അതുകൊണ്ടുതന്നെയാണ് മഹാവിഷ്ണു വാമനനായവതരിച്ച് മഹാബലിയില്‍ നിന്ന് ദേവലോകം കരസ്ഥമാക്കിയതും ഇന്ദ്രന് തിരിച്ച് നല്‍കിയതും.
* ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയും ചൂടിവരുന്ന മഹാബലിയാണ് ഓണത്തപ്പന്‍ എന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകംകൊണ്ടും മറ്റും തൃക്കാക്കരയപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിയ്ക്കാണ്, മഹാബലിയ്ക്കല്ല. ദക്ഷിണകേരളത്തിലെങ്ങും ഈ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുമുണ്ട്.
* മഹാബലിയുടെ സാമ്രാജ്യമെന്നത് ഉത്തര ഭാരതത്തിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മ്മദാനദിയുടെ തീരത്തെ 'ഭൃഗുകച്ഛ' മെന്ന തീര്‍ത്ഥഭൂമിയിലാണ്. (അന്ന് നിലവിലില്ലാതിരുന്ന കേരളത്തിലല്ല).
* മഹാബലി സത്യസന്ധനും പരാക്രമിയുമായ ധീരയോദ്ധാവായിരുന്നു. കൊമ്പന്‍മീശക്കാരനായ കുടവയറനല്ല. മഹാബലിയെ ഇപ്രകാരം വിചിത്രമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത തിരുവിതാകൂര്‍ രാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വീരപുരുഷനായ യുവാവായ മഹാബലിയുടെ ഒരു മനോഹരമായ ചിത്രം നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ചില മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
* പരശുരാമക്ഷേത്രത്തിലേക്ക് നമ്പൂതിരിമാര്‍ കുടിയേറിപ്പാര്‍ത്തു തുടങ്ങിയത് ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നും ബ്രാഹ്മണരായതിനാല്‍ അവര്‍ വാമനജയന്തി ആഘോഷിച്ചുതുടങ്ങിയതാവാമെന്നും ചില അഭിജ്ഞര്‍ പറയുന്നു. പില്‍ക്കാലത്ത് ആ നമ്പൂതിരിമാര്‍ ജന്മികളായപ്പോള്‍ വിളവെടുപ്പുത്സവവും വാമനജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്നുമാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. മഹാബലി കേരളം കാണാന്‍ വരുന്നുവെന്നുള്ള കഥ ജനങ്ങളെയാകര്‍ഷിക്കാന്‍വേണ്ടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതായിരിക്കാം.
പുരാണങ്ങളില്‍ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നമ്മുടെ വിലപ്പെട്ട നിധികളായ അവയെ വികലവും വികൃതവുമായി ചിത്രീകരിക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്ത കാലത്തായി ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെയും നമ്മുടെ ആദര്‍ശമൂര്‍ത്തികളെയുമെല്ലാം വികൃതമായി ചിത്രീകരിക്കുന്ന, പരസ്യമായി പരിഹസിക്കുന്ന പ്രവണത പതിവാക്കിയിരിക്കുന്നു. ഈ ദുഷ്പ്രവണതയെ ശക്തിയായും, യുക്തിയുക്തമായും ചെറുത്ത് തോല്പിക്കേണ്ടത് ആദര്‍ശധീരരായ ദേശാഭിമാനികളുടെ കര്‍ത്തവ്യമാണ്. നമ്മുടെയിടയില്‍ ചില കുത്സിതബുദ്ധികള്‍ മനഃപൂര്‍വ്വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളക്കഥപോലെയുള്ള കെട്ടുകഥകളെ നാം ജനമനസ്സില്‍ നിന്നും തൂത്തെറിയുകതന്നെവേണം.
Kesari Weekly

*******
തിരുവോണവും വാമനജയന്തിയും (എന്റെ വീക്ഷണം)
---------------------------------------------------------
ഇത്രയും കാലം ഏവർക്കും പരിഹാസ്യനും സർവോപരി കോമഡി താരവും ആയിരുന്ന കൊടവയറൻ "മഹാബലി"യെ ഇന്ന് ഏവരും അംഗീകരിക്കത്തക്ക നിലയിൽ, സർവ്വ മതസ്ഥരും ആദരിക്കുന്ന നല്ലവനായ ഒരു മഹാരാജാവ് എന്ന രീതിയിൽ  ആക്കിത്തന്ന മഹത്തായ ആശയത്തിന് (ആരുടെ ആയാലും) നന്ദി. ഓണം കേരളീയരുടെ ഉത്സവം ആണെന്നതിൽ ആർക്കും തർക്കമില്ലെന്നു ഇപ്പൊ ഉറപ്പായല്ലോ.
ഇനി "വാമന ജയന്തി".., എന്റെ പൊന്നു സഹോദരന്മാരെ, മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയ വിഷ്ണുവിന്റെ 5 ആമത്തെ അവതാരം ആയിരുന്നു വാമനാവതാരം. അപ്പൊ വാമന ജയന്തി ഇല്ലാതെ ഓണം ഇല്ലല്ലോ. എന്റെ ചെറിയ അറിവ് പ്രകാരം, മലയാള മാസമായ ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള വെളുത്ത പക്ഷത്തിനോട് അടുത്തുള്ള ദ്വാദശിയാണ് "വാമനജയന്തി" അഥവാ "വാമന ദ്വാദശി". 2014ൽ സെപ്റ്റംബർ 6നു വാമനജയന്തിയും, സെപ്റ്റംബർ 7നു തിരുവോണവും ആയിരുന്നു. 2015ൽ ചിങ്ങമാസത്തിലെ ആദ്യത്തിൽ ആയിരുന്നു തിരുവോണം. അതുകാരണം, ആഗസ്റ്റ് 28നു തിരുവോണവും, സെപ്റ്റംബർ 24നു വാമനജയന്തിയും വന്നു. ഈ വർഷത്തെ, 2016, "മാതൃഭൂമി" കലണ്ടർ എടുത്തിട്ട് ഇടതുവശത്തെ വിശേഷദിവസങ്ങൾ നോക്കുക. വാമനജയന്തി സെപ്റ്റംബർ 14 നു കാണാം. (മാതൃഭൂമി ഇനി സംഘി കലണ്ടർ ആണെന്ന് പറഞ്ഞുകളയല്ലേ അന്തംകമ്മീസ്). പക്ഷെ ഏകാദശി വളരെ കുറവായിരുന്നകാരണം സെപ്റ്റംബർ 13 നു ദ്വാദശി വന്നു. അത് കാരണം, വാമന ജയന്തി അഥവാ വാമന ദ്വാദശി 13നും 14നും  ആശംസിക്കാം. (ദ്വാദശി തീരും വരെ). സെപ്റ്റംബർ 13നു വാമന ജയന്തിയും സെപ്റ്റംബർ 14നു തിരുവോണവും ആണ് 2016ൽ.

ഇനി ഇതൊക്കെ തെറ്റാണു എന്ന് പറഞ്ഞു വരുന്നവർക്ക് സ്വാഗതം. അപ്പോഴും നിങ്ങൾ മാവേലി ഉണ്ടെന്നു വിശ്വസിക്കുന്നല്ലോ. അദ്ദേഹത്തെ അംഗീകരിക്കുന്നല്ലോ. അത് മതി. വിവേകാനന്ദ സ്വാമികളെ, ചട്ടമ്പിസ്വാമികളെ ഒക്കെ അംഗീകരിച്ചപോലെ ഇപ്പോൾ മഹാബലിയെ അംഗീകരിച്ചവർക്ക് നല്ല നമസ്കാരം.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home