Tuesday, 1 September 2026

Mahabali Across the World

 ലോകമെമ്പാടുമുള്ള പുരാണങ്ങളെ താരതമ്യം ചെയ്തു പഠിക്കുമ്പോൾ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്; നഷ്ടപ്പെട്ട ഒരു സുവർണ്ണ കാലഘട്ടവും, നീതിമാനായ ഒരു ഭരണാധികാരിയും, ചതിയിലൂടെയുള്ള അദ്ദേഹത്തിന്റെ പതനവും ഏതെങ്കിലും ഒരു നാടിന്റെയോ സംസ്കാരത്തിന്റെയോ മാത്രം കഥയല്ല, അതൊരു ആഗോള സങ്കൽപ്പമാണ്. 

ലോകത്തിന്റെ പല കോണുകളിലും നമ്മുടെ മഹാബലിയോട് അത്ഭുതകരമായ സാമ്യം പുലർത്തുന്ന ഇതിഹാസ കഥാപാത്രങ്ങളെ നമുക്ക് കാണാൻ കഴിയും. മനുഷ്യരെല്ലാവരും തുല്യരായിരുന്ന ആ പഴയ കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ കടലുകൾ താണ്ടി സമാനമായ കഥകളായി ഇന്നും ജീവിക്കുന്നു.


ഈജിപ്ഷ്യൻ പുരാണങ്ങളിലെ നീതിമാനായ രാജാവ് ഒസൈറിസിന്റെ കഥ ഇതിനൊരു മികച്ച ഉദാഹരണമാണ്. മനുഷ്യർക്ക് കൃഷിയും നിയമങ്ങളും നാഗരികതയുമെല്ലാം പകർന്നുനൽകിയ അദ്ദേഹത്തിന്റെ ഭരണകാലം ഈജിപ്തുകാർക്ക് അക്ഷരാർത്ഥത്തിൽ ഒരു സുവർണ്ണ കാലഘട്ടമായിരുന്നു. എന്നാൽ അസൂയാലുവായ സഹോദരൻ 'സെറ്റ്' ചതിയിലൂടെ ഒസൈറിസിനെ കൊലപ്പെടുത്തി അധികാരത്തിൽ നിന്നും താഴെയിറക്കി. 


ഒസൈറിസിനെ കൊലപ്പെടുത്തിയ ശേഷം സെറ്റ് അദ്ദേഹത്തിന്റെ ശരീരം പല കഷ്ണങ്ങളാക്കി ഈജിപ്തിലുടനീളം വലിച്ചെറിഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയായ ഐസിസ് ഈ ശരീരഭാഗങ്ങളെല്ലാം കണ്ടെത്തി കൂട്ടിച്ചേർക്കുകയും, മരണത്തിന്റെ ദേവനായ അനുബിസിന്റെയും സഹോദരിയായ നെഫ്തിസിന്റെയും  സഹായത്തോടെ അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഭൂമിയിൽ മനുഷ്യർക്ക് നന്മ ചെയ്തതിന് ശേഷം പാതാളത്തിലേക്ക് പോവുകയും, അവിടെ മരിച്ചവരുടെ ലോകത്തെ നീതിമാനായ വിധികർത്താവായി മാറുകയും ചെയ്ത ഒസൈറിസിന്റെ കഥയ്ക്ക് മഹാബലിയുടെ കഥയുമായി അഭേദ്യമായ ബന്ധമുണ്ട്. 


സമുദ്രങ്ങൾക്കപ്പുറം, അമേരിക്കൻ ഭൂഖണ്ഡത്തിലെ ആസ്ടെക് ജനതയുടെ വിശ്വാസങ്ങളിലും ഇതുപോലൊരു ഓർമ്മയുണ്ട്. പുരാതന മെക്സിക്കോയിലെ സമ്പന്നമായ 'ടോളൻ' നഗരം ഭരിച്ചിരുന്നത് ദൈവീക പരിവേഷമുള്ള ക്വെറ്റ്സാൽകോറ്റ്ൽ എന്ന രാജാവായിരുന്നു. കലകളും ശാസ്ത്രവും പകർന്നുനൽകിയ ആ സമാധാനപ്രിയനായ രാജാവിനെയും കാത്തിരുന്നത് ചതിയായിരുന്നു. 'ടെസ്കാറ്റ്ലിപ്പോക്ക' എന്ന മറ്റൊരു ദേവൻ അദ്ദേഹത്തെ തോൽപ്പിച്ച് നാടുകടത്തി. എന്നാൽ, തങ്ങളുടെ സുവർണ്ണ കാലം തിരികെ കൊണ്ടുവരാൻ പ്രിയപ്പെട്ട രാജാവ് വീണ്ടും വരുമെന്ന് ആസ്ടെക് ജനത വിശ്വസിച്ചുപോന്നു. നമ്മുടെ 'മാവേലി വരും' എന്ന സങ്കൽപ്പത്തിന് സമാനമായ മറ്റൊരു മനോഹരമായ കാത്തിരിപ്പ്!


യൂറോപ്പിലേക്ക് വരുമ്പോൾ, അയർലൻഡിലെ പ്രാചീന കെൽറ്റിക് പുരാണങ്ങളിൽ അധോലോകത്തേക്ക് പോകേണ്ടി വന്ന ഒരു രാജവംശത്തിന്റെ കഥയുണ്ട്. മാന്ത്രിക ശക്തികളുള്ള, നീതിമാന്മാരായ 'തുവാത്ത ദേ ഡാനൻ' എന്നൊരു രാജവംശത്തെ പിൽക്കാലത്ത് വന്ന മറ്റൊരു വിഭാഗം യുദ്ധത്തിൽ പരാജയപ്പെടുത്തി. സമാധാന വ്യവസ്ഥ പ്രകാരം ഭൂമിയുടെ മുകൾഭാഗം പുതിയ ആളുകൾക്കും, ഭൂമിക്കടിയിലുള്ള അദൃശ്യലോകം തോറ്റ രാജവംശത്തിനും നൽകി. വാമനൻ മഹാബലിയെ പാതാളത്തിലേക്ക് അയച്ചതുപോലെ, ഈ പഴയ രാജവംശം ഭൂമിക്കടിയിലെ തങ്ങളുടെ പുതിയ സാമ്രാജ്യത്തിൽ ഇപ്പോഴും നീതിയോടെ ഭരണം നടത്തി ജീവിക്കുന്നു എന്നാണ് കെൽറ്റിക് വിശ്വാസം.

 

ഗ്രീക്ക് പുരാണത്തിലെ പ്രൊമിത്യൂസിനെയും ഇതിനോട് ചേർത്ത് വായിക്കാം. ഹൈന്ദവ പുരാണത്തിലെ അസുരന്മാർക്ക് സമാനമായ 'ടൈറ്റൻ' വംശജനായിരുന്ന അദ്ദേഹം മനുഷ്യർക്ക് തീ ഉൾപ്പെടെയുള്ള അറിവുകൾ നൽകി അവരെ സ്നേഹിച്ചു. ഇതിന്റെ പേരിൽ ദേവന്മാരുടെ രാജാവായ സ്യൂസ് അദ്ദേഹത്തെ ക്രൂരമായി ശിക്ഷിക്കുകയും പർവ്വതത്തിൽ ചങ്ങലക്കിടുകയും ചെയ്തു. മനുഷ്യർക്ക് നന്മ ചെയ്തതിന്റെ പേരിൽ ദേവന്മാരാൽ ശിക്ഷിക്കപ്പെട്ട കഥാപാത്രം എന്ന നിലയിൽ പ്രൊമിത്യൂസും മഹാബലിയും ഒരേ ചിന്തയുടെ രണ്ടു വകഭേദങ്ങളാണ്.


കഥാപാത്രങ്ങളുടെ പശ്ചാത്തലത്തിൽ മഹാബലിയുടെ കഥയോട് ഏറ്റവും അത്ഭുതപ്പെടുത്തുന്ന സാമ്യം ഒളിഞ്ഞുകിടക്കുന്നത് പുരാതന റോമിലാണ്. റോമൻ പുരാണത്തിലെ രാജാവായ സാറ്റേണിൻ്റെ കഥയ്ക്ക് മഹാബലിയുമായി സാമ്യമുണ്ട്. സാറ്റേൺ ഭരിച്ചിരുന്ന കാലം റോമാക്കാർക്ക് ഒരു സുവർണ്ണ കാലഘട്ടമായിരുന്നു. അന്ന് മനുഷ്യർക്കിടയിൽ വലിപ്പച്ചെറുപ്പങ്ങളോ, കള്ളമോ ചതിയോ, ദാരിദ്ര്യമോ ഉണ്ടായിരുന്നില്ല; കൃത്യം നമ്മുടെ 'മാവേലി നാടുവാണീടും കാലം' പോലെ തന്നെ! എന്നാൽ പിന്നീട് ഇന്ദ്രന് സമാനനായ ജൂപ്പിറ്റർ എന്ന ദേവൻ സാറ്റേണിനെ യുദ്ധത്തിൽ തോൽപ്പിക്കുകയും ആ സുവർണ്ണകാലം അവസാനിക്കുകയും ചെയ്തു. 


എങ്കിലും, തങ്ങളുടെ പ്രിയപ്പെട്ട രാജാവിൻ്റെ സ്മരണയ്ക്കായി റോമാക്കാർ ഡിസംബർ മാസത്തിൽ 'സാറ്റേണാലിയ' എന്നൊരു ഉത്സവം ഒരാഴ്ചയോളം ആഘോഷിച്ചിരുന്നു. ആ ദിവസങ്ങളിൽ റോമിലെ അടിമകൾക്കും ഉടമകൾക്കും ഒരേ അവകാശങ്ങളായിരുന്നു. വിരുന്നുകളും സമ്മാനങ്ങൾ കൈമാറലുമൊക്കെയായി നമ്മുടെ ഓണത്തോട് കിടപിടിക്കുന്ന ഒരു ആഘോഷമായിരുന്നു അത്. 


റോമൻ കഥയ്ക്ക് സമാനമായി ഗ്രീക്ക് പുരാണത്തിൽ പറയപ്പെടുന്ന മറ്റൊരു കഥയാണ് ക്രോണസിന്റേത്. റോമൻ പുരാണത്തിലെ സാറ്റേണിന്റെ ഗ്രീക്ക് രൂപമാണ് 'ക്രോണസ്', അതുപോലെ ജൂപ്പിറ്ററിന് സമാനനായ ഗ്രീക്ക് ദേവനാണ് 'സ്യൂസ്'. ഗ്രീക്ക് പുരാണപ്രകാരം സ്യൂസ്, ക്രോണസിനെ യുദ്ധത്തിൽ തോൽപ്പിക്കുകയും തുടർന്ന് പാതാളത്തിന് സമാനമായ 'ടാർടാറസ്' എന്ന അധോലോകത്തേക്ക് അദ്ദേഹത്തെ നാടുകടത്തുകയും ചെയ്തു. മഹാബലിയെ പാതാളത്തിലേക്ക് അയച്ച സംഭവത്തോട് വളരെ അടുത്തുനിൽക്കുന്ന ഒന്നാണ് ഗ്രീക്ക് പുരാണത്തിലെ ഈ നാടുകടത്തലും. 


മഹാബലിയുടെ കഥകൾ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും, അതിർത്തികൾ കടന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ആഴത്തിൽ വേരുറപ്പിച്ചിട്ടുണ്ട്. കർണാടകയിലെ തുളുനാട്ടിൽ ദീപാവലി സമയത്ത് 'ബലി പാഡ്യമി' എന്ന പേരിലും, മഹാരാഷ്ട്രയിൽ 'ബലി പ്രതിപദ' എന്ന പേരിലും മഹാബലിയെ ഇന്നും സ്വാഗതം ചെയ്യാറുണ്ട്. ഹൈന്ദവ-ബുദ്ധ മതങ്ങളുടെ സ്വാധീനം വഴി കംബോഡിയയിലെ വിശ്വപ്രസിദ്ധമായ അങ്കോർ വാട്ട്, പ്രസാത് ക്രവാൻ എന്നീ ക്ഷേത്രങ്ങളിലെ കരിങ്കൽ ചുവറുകളിൽ വാമനൻ മൂന്നടി മണ്ണ് അളക്കുന്നതിൻ്റെയും മഹാബലിയെ പാതാളത്തിലേക്ക് അയക്കുന്നതിൻ്റെയും മനോഹരമായ ശില്പങ്ങൾ ഇന്നും കാണാം. 


ഇന്തോനേഷ്യയിലെ ബാലി ദ്വീപിന് ആ പേര് ലഭിച്ചത് മഹാബലിയിൽ നിന്നാണെന്ന ഒരു പ്രാദേശിക ഐതിഹ്യവും (കൂടുതൽ അറിയപ്പെടുന്ന ബാലി ഐതിഹ്യം വേറെയുണ്ട്), ലാവോസ്, മ്യാൻമർ എന്നിവിടങ്ങളിലെ പ്രാദേശിക പുരാണങ്ങളും ഈ കഥയുടെ സ്വാധീനം വ്യക്തമാക്കുന്നു. തായ്‌ലൻഡുകാരാകട്ടെ, മഹാബലിയെ 'ഭൂമിയുടെ അവകാശി' ആയാണ് കണക്കാക്കുന്നത്. 'ചാവോ ക്രങ് ബലി' എന്നറിയപ്പെടുന്ന അദ്ദേഹത്തെ അവർ ഭൂമിയുടെ രക്ഷാധികാരിയായി ആരാധിക്കുകയും, പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുൻപായി സ്പിരിറ്റ് ഹൗസുകളിൽ കുടിയിരുത്തി അദ്ദേഹത്തോട് അനുവാദം ചോദിക്കുകയും ചെയ്യുന്നു.


ഭൂമിശാസ്ത്രപരമായി ഇത്രയേറെ അകന്നുനിൽക്കുന്ന രാജ്യങ്ങളിൽ എന്തുകൊണ്ടാണ് ഒരേപോലെയുള്ള കഥകൾ ഉണ്ടാകുന്നത്? നരവംശ ശാസ്ത്രജ്ഞർ നൽകുന്ന ഉത്തരം ലളിതവും മനോഹരവുമാണ്. ലോകത്ത് എവിടെയാണെങ്കിലും മനുഷ്യരുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും വലിയ സമാനതകളുണ്ട്. പണ്ട് എപ്പോഴോ ഒരു കാലത്ത് മനുഷ്യരെല്ലാവരും തുല്യരായിരുന്ന, കള്ളവും ചതിയുമില്ലാത്ത ഒരു ഉട്ടോപിയ കാലമുണ്ടായിരുന്നു എന്നും, ഒരു മഹാനായ ഭരണാധികാരി അത് എന്നെങ്കിലും തിരികെ കൊണ്ടുവരും എന്നുമുള്ള മനുഷ്യന്റെ പൊതുവായ ആഗ്രഹത്തിന്റെയും പ്രത്യാശയുടെയും പ്രതിഫലനമാണ് ഇത്തരം ഇതിഹാസ കഥകൾ. 


നീതിമാനായ ഒരു ഭരണാധികാരിയും മനുഷ്യരെല്ലാവരും ഒന്നായിരുന്ന ഒരു സുവർണ്ണകാലവും ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഒരു പൊതുവായ സ്വപ്നമായിരുന്നു എന്ന് ഈ കഥകൾ നമ്മോട് പറഞ്ഞുവെക്കുന്നു.


✍️ജയൻ കൂടൽ

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home