Sunday, 23 February 2025

The Warriors of Kumbh

 കുംഭമേള രാഷ്ട്ര വിരുദ്ധർക്ക് എക്കാലത്തും വലിയ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. ഇന്ന് കുംഭമേളയെ കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിക ഭീകരവാദികളും അവഹേളിക്കുന്നതിന്റെ കാരണവും ഇത് തന്നെ..


ഭാരതത്തിലെ 13 അഘാഡകള്‍ ഒരുമിച്ചാണ് കുംഭമേള നടത്തുന്നത്.


നവീകരണങ്ങളുടെ പൊൻവെളിച്ചമാണ് മഹാകുംഭമേള. കുംഭമേളകളും അഖാഡകളും രാഷ്ട്ര നവോത്ഥാനത്തിന്റെ ഇതിഹാസ ചരിത്രമാണ്. സ്വാതന്ത്ര്യസമരവും അധിനിവേശ പ്രതിരോധവും ഭാരതത്തിൽ ശക്തിപ്പെടുത്തിയത് ഈ സന്യാസി വിപ്ലവങ്ങളാണ്. കുഭമേള വെറുമൊരു ഉത്സവ വൈബല്ല. അതൊരു രാഷ്ട്രത്തെ ഉണർത്തിച്ച സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.


ശ്രീ ശങ്കരന്റെ രാഷ്ട്രബോധം കൂടി ചേർന്നപ്പോൾ അതൊരു സ്വത്വ സ്വാഭിമാനത്തിന്റെ ദേശീയത സംഗമം കൂടി ആയി തീർന്നു. ഭാരതത്തിന്റ അഖണ്ഡതയും ഐക്യവും സമന്വയവും ഉറപ്പിച്ചെടുക്കുന്നതിൽ കുംഭമേളകൾ വലിയ സ്ഥാനം വഹിച്ചു.


അഘാഡകളിലെ സംന്യാസിമാര്‍ക്കും അവരുടെ പിന്തുണയുള്ള ആശ്രമങ്ങളിലെ സംന്യാസിമാര്‍ക്കും സ്‌നാനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് കുംഭമേള.


ധർമ്മസംരക്ഷണത്തിനുള്ള ആത്മീയ ശാരീരിക സമ്പ്രദായത്തില്‍ പരിശീലനം ഉള്ള സംന്യാസി സമൂഹമാണ് അഘാഡകൾ.


ക്ഷേത്രങ്ങള്‍, ഭാരതീയ സംസ്‌കാരം, ആരാധനാ സമ്പ്രദായം, സംന്യാസ മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ ഏതാക്രമണത്തേയും നേരിടാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു സന്യാസ സൈനിക വിഭാഗം രൂപപ്പെട്ടത്. ഭാരതത്തില്‍ വൈദേശിക അക്രമികള്‍ നടത്തിയ ആക്രമണങ്ങള്‍ നേരിടുന്നതില്‍ അഘാഡകള്‍ വലിയ പങ്ക് വഹിച്ചു.


13 അഘാഡകളാണുള്ളത്. ഇതില്‍ ഏഴെണ്ണം ശങ്കരാചാര്യര്‍ സ്ഥാപിച്ച ദശനാമി പരമ്പരയില്‍പ്പെട്ടവരാണ്. ജൂന അഘാഡയാണ് ഭാരതത്തിലെ ഏറ്റവും വലുതും പുരാതനവുമായ അഘാഡ. മഹാനിര്‍വ്വാണി, നിരഞ്ജിനി അഘാഡകളും പ്രധാനപ്പെട്ടവയാണ്. ശൈവ ബ്രഹ്മചാരികളുടേതാണ് അഗ്‌നി അഘാഡ. ജൂന, മഹാനിര്‍വ്വാണി, നിരഞ്ജിനി, അഗ്‌നി, ആവാഹന്‍, ആനന്ദ്, അടല്‍ എന്നിവയാണ് ശൈവ അഘാഡകള്‍. ദിഗംബര്‍ അനി, നിര്‍മ്മോഹി അനി, ശ്രീ നിര്‍വ്വാണി അനി എന്നീ മൂന്നെണ്ണം വൈഷ്ണവ അഘാഡകള്‍. രണ്ടെണ്ണം ഉദാസീനുകളുടേതാണ്, നയാ ഉദാസീന്‍, ബഡാ ഉദാസീന്‍. സിഖ് ഗുരുവായ ഗുരുനാനാക് ദേവിനെ ആചാര്യനായി കരുതി ആദരിക്കുന്നവരാണിവര്‍. ഇനിയൊന്നുള്ളതാണ് നിര്‍മ്മല്‍ അഘാഡ. മൊത്തം 13 അഘാഡകള്‍ ആണ് കുംഭമേളയില്‍ പങ്കെടുക്കുന്നതും അതിന്റെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിക്കുന്നതും.


എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പൂജനീയ ജഗത്ഗുരു ശങ്കരാചാര്യർ ഏഴ് അഖാഡകൾ സ്ഥാപിച്ചു. മഹാനിർവാണി, നിരഞ്ജനി, ജുന, അടൽ, അവഹൻ, അഗ്നി, ആനന്ദ് അഖാഡ എന്നിവ എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. 547 ൽ അബാന സ്ഥാപിച്ചതാണ് അഖാഡയുടെ ആദ്യകാല സ്ഥാപനം. 


സിഖ് ഗുരുക്കന്മാരുടെ "നിർമ്മൽ പന്ഥ്" നിർമ്മൽ അഖാഡ. "സിഖ് സമൂഹത്തെ താണ്ടി വേണം സനാതന ധർമ്മത്തെ തൊടാൻ" എന്നതായിരുന്നു ഗുരു നാനാക്ക് മുതൽ ഗുരു ഗോവിന്ദസിംഹൻ വരെയുള്ളവർ സിഖ് സമൂഹത്തെ പഠിപ്പിച്ചത്. അയോദ്ധ്യ രാമക്ഷേത്ര പ്രക്ഷോഭത്തിലെ ആദ്യത്തെ FIR ബാബാ ഫക്കീർ സിംഗ് ഖൽസയുടെ പേരിലായിരുന്നു.


കിന്നർ അഖാഡയുടെ മഹാമണ്ഡലേശ്വർ ലക്ഷിമി നാരായണ ത്രിപാഠിയാണ്, ട്രാൻസ് ജെൻഡർ ആണ്.


ദേശീയ നവോത്ഥാന പ്രവർത്തനവും ഭാരതം നേരിടുന്ന വെല്ലുവിളികളേയും ഒരേ പോലെ നേരിട്ടവരാണ് ഈ സന്യാസി ശ്രേഷ്ഠന്മാർ. ആക്രമണങ്ങൾ നേരിട്ട് ഇന്നും ധർമ്മോദ്ധാരണത്തിനായി നിലനിൽക്കുന്ന പരമ്പരയാണ് ജൂനാ അഖാഡ. 


ഭാരതത്തിലെ മുസ്ലീം ബ്രിട്ടീഷ് അധിനിവേശ ഭരണത്തിനെതിരെ അഖാഡകൾ ഒത്തുചേർന്ന് പ്രവർത്തിച്ചു.


1565 ൽ മധുസൂദന സരസ്വതിയുടെ നേതൃത്വത്തിൽ അക്രമങ്ങളെ ചെറുക്കാനും ജനങ്ങളെ സംരക്ഷിക്കാനുമുള്ള സായുധ സൈനിക ശക്തിയായി അഖാഡകൾ തയ്യാറാക്കാൻ തുടങ്ങി. 


1915 ൽ ഹരിദ്വാറിലെ കുംഭമേളയിൽ മദൻ മോഹൻ മാളവ്യജി, സ്വാമി ശ്രദ്ധാനന്ദൻ, ലാല ലജ്പത് റായി മഹാത്മാ ഗാന്ധി എന്നിവരടങ്ങുന്ന പ്രൗഡഗംഭീരമായ വേദിയിലാണ് ഹിന്ദു മഹാസഭ പിറന്നത്.


1664 ൽ ഔറംഗസീബ് വാരാണസി ആക്രമിച്ചപ്പോൾ കാത്തു രക്ഷിച്ചത് ഈ സന്യാസിമാരാണ്. അന്ന് ഔറംഗസീബിന്റെ മുഗളപ്പട തോറ്റോടി. പിന്നീട് 1669 ൽ വീണ്ടും ഔറങ്ങസീബ് വലിയൊരു സൈന്യത്തെ വാരാണസി കീഴടക്കാനയച്ചു, 40000 അധികം നാഗസാധുകളാണ് ആ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഔറങ്ങസീബ് വാരാണസി കീഴടക്കിയ അഹങ്കാരത്തിൽ പ്രയാഗ് കുംഭമേള തടയാൻ ശ്രമിച്ചുവെങ്കിലും നാഗ സാധുകളുടെ ത്രിശൂലത്തിന് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. സാധുക്കൾക്കൊപ്പം മറാത്താ സൈന്യം കൂടി ചേർന്നതോടെ സാധുകൾ കാശി തിരിച്ചു പിടിച്ചു. പിന്നീടാണ് ഉജ്ജയിനിയിലെ അഹല്യാ ഭായ് ഹോൾക്കറുടെ നേതൃത്വത്തിൽ കാശി ക്ഷേത്രം പുനർനിർമ്മിച്ചത്.


1666 ൽ ഹരിദ്വാറിലെ കുംഭമേളയും ഔറംഗസീബ് ആക്രമിച്ചു. മുഗൾ സൈന്യത്തിനെതിരെ സന്യാസിമാർ സംഘടിച്ച് യുദ്ധം ചെയ്തു പരാജയപ്പെടുത്തി.


1748 ലും 1757 ലും മഥുരയേയും വൃന്ദാവനത്തേയും തകർത്ത് ആയിരങ്ങളെ കൊന്നൊടുക്കി മുന്നേറിയ അഹ്മദ്ഷാ ആബാദലിയുടെ ഇസ്ലാമിക ആക്രമണത്തെ ഗോകുലത്തിൽ വെച്ചു തടഞ്ഞത് നഗ്‌നദേഹത്തോടെ ചിതാഭസ്മമണിഞ്ഞ് ത്രിശൂലം കൈയ്യിലേന്തി നിൽക്കുന്ന നാഗാ സാധുകളായിരുന്നു. നഗ്നദേഹികളായ ഇവർ എന്ത് ചെയ്യുമെന്ന് ഇസ്ലാമിക ആക്രമണകാരികൾ ചിന്തിച്ച് നിൽക്കുമ്പോഴേക്കും കാലഭൈരവന്റെ പടയാളികൾ അഫ്ഗാൻ പടയുടെ തലയരിഞ്ഞിട്ടു.


1751 മുതൽ 1753 വരെ നാഗ സന്യാസിയായ രാജേന്ദ്ര ഗിരിയുടെ നേതൃത്വത്തിൽ 32 ഗ്രാമങ്ങളിൽ നിന്ന് മുഗൾ ഭരണം തൂത്തെറിഞ്ഞു.


1751 ൽ അഹമ്മദ് ഖാൻ പ്രയാഗ് അക്രമിച്ച് വൻ കൊള്ള നടത്തുകയും നാലായിരത്തോളം സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. അന്ന് ത്രിവേണി സംഗമത്തിൽ തടിച്ചു കൂടിയ ആറായിരത്തിലേറെ നാഗ സന്യാസിമാർ അഫ്ഗാൻ സൈന്യത്തെ ആക്രമിക്കുകയും സ്ത്രീകളെ മോചിപ്പിക്കുകയും  ചെയ്തു.


1855 ൽ ഹരിദ്വാർ കുംഭമേളയിൽ വച്ചാണ് ഓമാന്ദ്‌ ജിയും അദ്ദേഹത്തിന്റെ ഗുരു പൂർണാനന്ദ്‌ ജിയും ചേർന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യ സമരത്തിനായ് ഒരു പദ്ധതി തയ്യാറാക്കിയത്. രാജ്യമെമ്പാടും ഒത്തുകൂടിയ സന്ന്യാസി സംഗമത്തിലൂടെ പദ്ധതി ഭാരതത്തിലുടനീളം പ്രചരിപ്പിക്കുകയും ചെയ്തു. ഇതാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം. ബ്രിട്ടീഷ് ഭരണ നേതൃത്വം കുംഭമേള നഗരിയെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു.


1858 ൽ പ്രയാഗ് കുംഭമേളയിൽ ദശാനാമി സന്യാസി ക്യാമ്പിൽ വച്ച് നാനാസാഹേബ്, ധുന്ധു പന്ത്, ബാലസഹെബ് പേഷ്വ, അജ്മുള്ള ഖാൻ, കുൻവർസിംഗ് എന്നിവർ വൈദേശിക ശക്തിയെ ഭാരതത്തിൽ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തു. ഇതിൽ നൂറുകണക്കിന് സന്ന്യാസിമാരും പങ്കെടുത്തു.


ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ മഹാത്മാ ഗാന്ധിജി പങ്കെടുത്ത ആദ്യ പൊതു പരിപാടി കുംഭമേള ആയിരുന്നു.


അയോധ്യയിലെ ക്ഷേത്രം തകർത്ത് അതിനുമുകളിൽ വിദേശ അക്രമിയായ ബാബർ പണിത കെട്ടിടം പൊളിച്ച് വീണ്ടും പഴയ ആ ക്ഷേത്രം തന്നെ അവിടെ വരണം എന്ന് തീരുമാനിച്ചതും പ്രക്ഷോഭം നയിച്ചതും നിയമവഴികളിൽ സഞ്ചരിച്ചതും അഘാഡകൾ ആയിരുന്നു.


ബ്രിട്ടീഷുകാർക്കെതിരെ സംഘടിതമായ ആദ്യത്തെ സമരം നടന്നത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും മുൻപ് 1700 ൽ ബംഗാളിലെ സന്ന്യാസികളുടെ നേതൃത്വത്തിലായിരുന്നു. ബംഗാളിലെ സന്യാസിമാർ 18 ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പണ്ഡിറ്റ് ഭാബാനി ചരൺ പഥക്കിൻ്റെ നേതൃത്വത്തിൽ ജൽപായ്ഗുരിയിലെ മുർഷിദാബാദ് , ബൈകുന്തപൂർ വനാന്തരങ്ങളിൽ സ്വാതത്ര്യ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. 1799 ലെ ചുവാർ കലാപവും 1855-56 ലെ സന്താൽ കലാപവും ഉത്തമ സമരങ്ങളായിരുന്നു. ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ആനന്ദമഠം (1882), ദേവി ചൗധുരാനി (1884) എന്നീ ബംഗാളി നോവലുകളിലാണ് കലാപത്തെക്കുറിച്ചുള്ള ഏറ്റവും നല്ല ഓർമ്മപ്പെടുത്തൽ ഉണ്ടായത്. സുപ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം ആനന്ദമഠം എന്ന നോവലിൽ നിന്നും വന്നതാണ്.


ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നികുതി ചുമത്തൽ മൂലം കഷ്ടത്തിലായ ബംഗാളിലെ കർഷകരെ സംഘടിപ്പിച്ചായിരുന്നു സന്ന്യാസികൾ കമ്പനിക്കെതിരെ യുദ്ധത്തിനിറങ്ങിയത്.


1770 ലും 1771 ലും 1784 ലും ഗംഭീരയുദ്ധങ്ങൾ നടന്നു. 1763 മുതൽ 1802 വരെ തുടർച്ചയായ യുദ്ധങ്ങൾ. ലക്ഷക്കണക്കിന് സന്ന്യാസികളും ഗ്രാമീണരും ഈ യുദ്ധങ്ങളിൽ ഭാരതാംബയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ട്. 1770-71 ൽ ആരംഭിച്ച സന്ന്യാസി കലാപമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളുടെ തുടക്കം.


നാഗസന്ന്യാസിമാരുടെ ഒത്തുകൂടലും ആയുധ പരിശീലനവും വസ്ത്രമുപേക്ഷിച്ചുള്ള സമ്പ്രദായവും ബ്രിട്ടീഷുകാരെ ഏറെ ചൊടിപ്പിച്ചു. 1771-ൽ വാറൽ ഹേസ്റ്റിങ്സ് ഒരു കാരണവുമില്ലാതെ, നൂറ്റമ്പത് സന്ന്യാസിമാരെ കൊല്ലാൻ ഉത്തരവിട്ടു.


അകാരണമായി കൂട്ടക്കൊല നടത്തിയ ഭരണകൂടത്തിനെതിരെ 1500 ഓളം വരുന്ന സന്ന്യാസികൾ നേരിട്ട് യുദ്ധത്തിനിറങ്ങി. അമ്പും വില്ലും കുന്തവും വാളും കഠാരയുമായിരുന്നു സന്ന്യാസി സൈന്യത്തിൻ്റെ ആയുധങ്ങൾ. തോക്കും പീരങ്കികളുമായി ഇവരെ ബ്രിട്ടീഷ് സൈന്യം, ക്യാപ്റ്റൻ തോമസിൻ്റെ നേതൃത്വത്തിൽ നേരിട്ടപ്പോൾ തുടക്കത്തിൽ, സന്ന്യാസിസൈന്യം ചിതറിപ്പോയെങ്കിലും ഒളിത്താവളങ്ങളിൽ ഒത്തുകൂടി ഗറില്ലാ യുദ്ധമുറകളിലൂടെ ബ്രിട്ടനെ നേരിട്ടു. ബംഗാളിൽ ജായ്പായ് ഗുരിയിലെ മൂർഷിദാബാദ്, ബൈകുന്ത് പുർ തുടങ്ങിയ ഇടങ്ങളിലെ വനങ്ങളിൽ തമ്പടിച്ച സന്ന്യാസിസൈന്യം ബ്രിട്ടീഷ് സൈന്യത്തിനെതിരെ യുദ്ധം ചെയ്തു. ഗംഗാ ബ്രഹ്മപുത്രാ നദീതടങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്നും പുറത്തുവന്ന് ആക്രമണങ്ങൾ നടത്തി തോക്കും പീരങ്കികളും പിടിച്ചെടുത്തു, ബ്രിട്ടീഷ് ഭരണകൂടം കൈവശം വെച്ച മില്ലുകളും ഫാക്ടറികളും ആക്രമിച്ച് കീഴടക്കി, അവിടെനിന്ന് കിട്ടിയതെല്ലാം ഗ്രാമീണർക്ക് വിതരണം ചെയ്തു. യുദ്ധത്തിൽ വിജയം സന്ന്യാസിസമൂഹത്തിനായിരുന്നു. തങ്ങളെ ആക്രമിക്കാൻ നേതൃത്വം നൽകിയ ക്യാപ്റ്റൻ തോമസിനെ സന്ന്യാസികൾ പിടികൂടി വധിച്ചു. പണ്ഡിറ്റ് ഭവാനിചരൺ പഥക്കിൻ്റെ നേതൃത്വത്തിലായിരുന്നു പ്രധാന യുദ്ധങ്ങൾ. 1791ലെ യുദ്ധത്തിൽ അദ്ദേഹം ജീവത്യാഗം ചെയ്തപ്പോൾ ദേവി ചൗധുറാണി എന്ന ധീരവനിത യുദ്ധത്തിൻ്റെ നേതൃത്വം ഏറ്റെടുത്തു.


ഇളകിമറിഞ്ഞൊഴുകുന്ന കൊളേറിയ തീസ്ത നദിയിൽ, പാതിരാവിൽ തോണിയും ബോട്ടുമിറക്കി വന്ന്, അപ്രതീക്ഷിത ആക്രമണങ്ങളിലൂടെ സന്ന്യാസികൾ ബ്രിട്ടനെ വശംകെടുത്തി. തിരിച്ചടിക്കാനാവും മുമ്പ് ഇവർ കോൾകൊണ്ട നദിയിൽ ബോട്ടിലേറി കാട്ടിൽ അപ്രത്യക്ഷമാകും. സാധനകളിലൂടെ നേടിയ മറ്റ് പല സിദ്ധികളും സന്ന്യാസികൾ യുദ്ധത്തിൽ ഫലപ്രദമായി ഉപയോഗിച്ചു.


1773 ൽ നടന്ന കലാപങ്ങൾക്കിടയിൽ വാറൽ ഹേസ്റ്റിങ്‌സ്, ബംഗാളിലേയും ബീഹാറിലേയും എല്ലാ സന്ന്യാസിമാരേയും പുറത്താക്കാൻ ഉത്തരവിട്ടു. തുടർന്നു നടന്ന കലാപത്തിൽ, സന്ന്യാസിമാർ ബോഗ്റ, മിമൻസിങ് എന്നീ സ്വതന്ത്ര പ്രവിശ്യകൾ സ്ഥാപിച്ച് ബ്രിട്ടീഷ് സൈന്യത്തെ വെല്ലുവിളിച്ചു. മിമൻസിങ്ങും ധാക്കയും രംഗ്പൂരും ബോഗ്റയും അടങ്ങുന്ന ഇടങ്ങളിൽ ഉറച്ചു നിന്ന് പോരാടിയ സന്ന്യാസികൾ ബ്രിട്ടൻ്റെ ഉറക്കം കെടുത്തി.


1764 ലെ ബക്സർ യുദ്ധമാണ് നമ്മളെ പഠിപ്പിച്ച ചരിത്രകാരൻമാർ അംഗീകരിച്ച ആദ്യയുദ്ധമെങ്കിലും, യഥാർത്ഥ യുദ്ധം 1700 ൽ തുടങ്ങിയിരുന്നു. 1757 ലെ പ്ലാസി യുദ്ധത്തിനു ശേഷം സന്ന്യാസി - ഈസ്റ്റിന്ത്യാ കമ്പനിയുദ്ധങ്ങൾ അതിൻ്റെ പാരമ്യത്തിലെത്തി. 1799 ൽ നടന്ന ചുവാർ കലാപവും 1855-ൽ നടന്ന സന്താൾ കലാപവും സന്ന്യാസിമാർ നടത്തിയ യുദ്ധത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു. 1820 വരെ സന്ന്യാസികൾ കോളനിവത്ക്കരണത്തിനെതിരെ ചെറുത്തുനിൽപ് തുടർന്നു.


ഇന്ന്, ഭാരതത്തിൽ ജനിച്ച് ജീവിച്ച്, പിറന്ന നാടിനെ കുറ്റം പറയുന്ന അനേകരെപ്പോലെ, അന്നും രാജ്യത്തെ ഒറ്റുന്ന അനേകർ ഉണ്ടായിരുന്നു. ഈ ദേശദ്രോഹികളെ കൂട്ടുപിടിച്ച് സന്ന്യാസികൾക്കെതിരെ താത്ക്കാലിക വിജയം ബ്രിട്ടൻ നേടി.


മുഗൾ കാലഘട്ടത്തിൽമാത്രം, യുദ്ധങ്ങളിൽ, ഏതാണ്ട് ഇരുപത് ലക്ഷത്തോളം സന്ന്യാസികൾ മുഗള ക്രൂരതയ്ക്ക് ഇരയായി ജീവത്യാഗം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാർക്ക് ജയിൽ, അറസ്റ്റ് തുടങ്ങിയ രീതികളായിരുന്നെങ്കിലും അഞ്ച് ലക്ഷത്തോളം സന്ന്യാസികൾ ഈ കാലത്തും ജീവൻ വെടിഞ്ഞിട്ടുണ്ട്.


ഭാരതത്തിൻ്റെ ആത്മാഭിമാനം രക്ഷിക്കാൻ ഇരുപത് ലക്ഷത്തോളം സന്ന്യാസിമാരാണ് വീരചരമം പ്രാപിച്ചിരിക്കുന്നത്.


ഓരോ കുംഭമേളയിലും 'എങ്ങനെ ഭാരതാംബയെ മോചിപ്പിക്കാം' എന്ന ചർച്ചയായിരുന്നു നടന്നത്. ഭഗത് സിംഗിനേയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും മറ്റനേകം നേതാക്കളേയും സന്ന്യാസികൾ പ്രത്യേകം ക്ഷണിച്ച് വരുത്തി കുംഭമേളയിൽവെച്ച് പദ്ധതികൾ ആസൂത്രണം ചെയ്തതായും പറയപ്പെടുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ വിത്ത് വീണതുപോലും ഒരു കുംഭമേളയിലാണ്.


ധർമ്മത്തേക്കുറിച്ച് കൃത്യമായ ധാരണയുള്ള ജ്ഞാനികളാണ് കുംഭമേള നടത്തിപ്പിലെ അഘാഡകളുടെ തലപ്പത്ത് ഇരിക്കുന്നത്. മഹന്ത്, മണ്ഡലേശ്വർ, മഹാമണ്ഡലേശ്വർ തുടങ്ങി ജ്ഞാനികളുടെ വലിയൊരു നിരതന്നെയാണ് ഈ സൈന്യത്തെ നയിക്കാനും ദിശാബോധം നൽകാനും സദാ ജാഗരൂകരായി ഇരിക്കുന്നത്.


പണ്ഡിതന്മാരാണെങ്കിലും, നിരായുധരും സമാധാനപ്രിയരുമായ ഭാരത സമൂഹത്തിന് ശൈവ വൈഷ്ണവ അഖാഢകളിലെ സായുധ സന്ന്യാസിമാർ വലിയ സംരക്ഷണമാണ് നൽകിയത്. 


ഈ അഖാഡകൾ കാരണം ഇസ്‌ലാമിന്റെ ആക്രമണം സിന്ധിന്റെ അതിർത്തിയിൽ നിർത്താൻ കഴിഞ്ഞെന്നത് ചരിത്രപരമായ വസ്തുതയാണ്.


അഖാഡകളുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ സന്ന്യാസിമാരും വിശുദ്ധ വേദങ്ങളിലും ആയുധങ്ങളിലും ഒരേ പോലെ വിദഗ്ധരാണ്.


അഖിൽ ഭാരതീയ അഖാഡ പരിഷത്ത് ABAP ഹിന്ദു സമൂഹത്തിലെ അഖാഡ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാരതത്തിലെ സന്യാസികളുടെ ഐക്യ സംഘടനകളിലൊന്നാണ്. നിർമോഹി അഖാഡയും (അയോധ്യയിലെ രാമജന്മഭൂമി തർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്) ശ്രീ ദത്താത്രേയ അഖാഡയും അതിന്റെ ഭാഗമായ രണ്ട് അഖാഡകളാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദിശങ്കര അദ്വൈത അഖാഡയും ഇപ്പോൾ അഖാഡ പരിഷത്തിൻ്റെ ഭാഗമാണ്.


ഒരു അഖാഡയുമായി ബന്ധപ്പെട്ട എല്ലാ സന്ന്യാസിമാരും കുംഭമേളയിലെ ഒരിടത്ത് താമസിക്കുന്നു, അവിടെ അവർ പരസ്പരം ചർച്ചകൾ നടത്തി ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നു.


2025 ലെ കുംഭമേളയിലും സർവ്വ മേഖലയിലും ഭാരതത്തെ കുറിച്ച് നിരവധി ചർച്ചകളും സംവാദങ്ങളും നടന്നു കഴിഞ്ഞു. 


നമ്മുക്ക് കാണാം... രാഷ്ട്ര ധർമ്മ സംരക്ഷണത്തിന്റെ ആ വരും നാളുകൾ..

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home