Wednesday, 7 September 2016

Ravana

രാവണജന്മഭൂമിയിലൂടെ......
=========================
.
വളരെ യാദൃച്ഛികമായാണ് രാവണന്റെ ജന്മസ്ഥലമെന്നു കരുതുന്ന ബിസ്റഖ് ഇന്ദ്രപ്രസ്ഥത്തിനടുത്താണ് എന്ന് ഞാനറിഞ്ഞത് - അപ്പോൾ മുതലതിനെക്കുറിച്ചുള്ള വിവരങ്ങൾ തേടിപ്പിടിച്ചുതുടങ്ങി...അവിടെ ഒരു പ്രാചീന ശിവക്ഷേത്രം ഉണ്ടെന്നറിഞ്ഞു. ഇപ്പോൾ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗറിലുള്ള ഗ്രെയ്റ്റർ നോയിഡവെസ്റ്റ് എന്നറിയപ്പെടുന്ന കോൺക്രീറ്റ് ജംഗിളിലൂടെ ഞാനും കൂട്ടുകാരി ഭാവനയും 'ചോദിച്ചു ചോദിച്ചു' പോകാൻ തീരുമാനിച്ചു. ചോദിച്ചവരെല്ലാം ബിഹാറിൽ നിന്നുള്ള കെട്ടിടനിർമ്മാണ തൊഴിലാളികളാണ്. അവർക്കു വലിയ അദ്ഭുതം.. ഒപ്പം സഹതാപവും- "ബിസ്റഖ് ഇതുതന്നെയാണ്… രാവണനോ? ... ഇവിടെയോ? .. ... നട്ടുച്ചവെയിലത്ത് രണ്ടുപെണ്ണുങ്ങൾ രണ്ടുപിള്ളേരെയും കൊണ്ട് രാവണനെ അന്വേഷിക്കുന്നു..."
.
ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന, കെട്ടിടനിർമാണ സാമഗ്രികൾ കൊണ്ട് വലിയട്രക്കുകൾ നിരന്തരംപോകുന്നതുമൂലം പൊട്ടിപ്പൊളിഞ്ഞ വഴികൾ….ഒടുവിൽ കുറച്ചു മുന്നോട്ടുപോയപ്പോൾ രണ്ടമ്പലങ്ങൾ കണ്ടു - കെട്ടിടനിർമാണ അവശിഷ്ടങ്ങൾക്കിടയിൽ കുറെ ദൂരെയായി .. അങ്ങോട്ടുപോകുന്ന വഴിമൊത്തം ചെളിമൂടിക്കിടക്കുന്നു. നടന്നു പോകാൻ പറ്റാത്ത വൃത്തികേട്. പുറത്തു രാവണജന്മഭൂമിയുടെ ബോർഡ് ഉണ്ട്. വണ്ടി നിർത്തി അകത്തേക്ക്കയറി. അമ്പലത്തിന്റെ അകം വളരെ വൃത്തിയാണ്. ഒരു പശുവുംപശുക്കുട്ടിയും അകത്തെ എരുത്തിലിലുണ്ട്.. അവിടെയുള്ള ആളുകൾ ഞങ്ങളെ സംശയത്തോടെ നോക്കി. ഉപദ്രവകാരികളല്ലെന്നു തോന്നിയപ്പോൾ അവർ താവ്ജി (വലിയച്ഛൻ) എന്ന് വിളിക്കുന്ന വൃദ്ധന്റെ അടുത്തേക്ക് ഞങ്ങളെ വിളിച്ചു. അവരിൽ നിന്നുംഞങ്ങൾ കേട്ടത് ഒരുജനതയുടെ വിശ്വാസത്തിന്റെ കഥയാണ്….
.
ഉത്തരേന്ത്യ മൊത്തം നവരാത്രി ആഘോഷിച്ചതിന്റവസാനമായി ദസ്സറക്കു രാവണനെ ദഹിപ്പിക്കുമ്പോൾ ഈ ഗ്രാമം ഇവിടെജനിച്ചു ലോകജേതാവായ രാവണനുവേണ്ടി യാഗം നടത്തിയിരുന്നു, മൊത്തം ഗ്രാമവാസികളും രാവണന്റെയും അനുഗ്രഹത്തിനായി പ്രാർത്ഥിച്ചിരുന്നു അവർ രാമനെപ്രാര്ഥിക്കാറുണ്ട്,രാമലീലയും ദീപാവലിയും ആഘോഷിക്കാറുണ്ട്, പക്ഷെ രാവണദഹനം നടത്തില്ല. അവർക്കു രാവണൻ ദുഷ്ടരാക്ഷസനല്ല - ഈ മണ്ണിൽ ജനിച്ചു,പഠിച്ചു, വളർന്നു, വിഖ്യാതനായി, വിവാഹിതനായി (രാവണപത്നിയായ മണ്ഡോദരിയുടെ സ്വദേശം ഇപ്പോഴത്തെ മീറട്ടായിരുന്നത്രെ), ലങ്കയിലേക്ക്കുടിയേറി പിന്നെ ലോകജേതാവായ മണ്ണിന്റെ മകനാണ്.
.
ബഹ്മപുത്രൻ പുലസ്ത്യന്റെ മകനായ വിശ്രവമഹർഷി തപസ്സുചെയ്ത സ്ഥലമായതിനാലാണ് ഈ ഗ്രാമത്തിനു വിസ്രഖ് എന്ന് പേരുവന്നത്. അത് ലോപിച്ചു ബിസ്റഖ് ആയി.വിശ്രവസ്സ് തന്റെ ദൈത്യഭാര്യയായ കൈകസിയോടൊപ്പം ജീവിച്ചസ്ഥലമാണിതത്രേ. പിതാവ് തന്റെ എല്ലാ വിദ്യകളും പകർന്നു കൊടുത്ത മകനായിരുന്നു മൂത്തവനായ ദശഗ്രീവൻ. അവിടെ നിന്നും അദ്ദേഹം സ്വയം കൂടുതൽ വിദ്യകളാർജിച്ചു. 64 കലകൾ അദ്ദേഹത്തിന് വഴങ്ങിയിരുന്നു- വേദപണ്ഡിതൻ, ഭരണതന്ത്രജ്ഞൻ ,മഹാഗായകൻ, വീണവാദകൻ, ജ്യോതിഷി, തന്ത്രി, വൈദ്യൻ.. കൈ വയ്ക്കാത്ത മേഖലകളില്ല, കൈ വച്ചമേഖലകളിലെല്ലാം അഗ്രഗണ്യൻ
.
രാമജാതകം എഴുതിയത് രാവണനത്രെ. അതിൽനിന്നും തന്റെവധം മുന്കൂട്ടിക്കണ്ട ത്രികാലജ്ഞാനിയായ രാവണൻ സീതയെ തട്ടിക്കൊണ്ടുപോകവഴി തന്റെ മോക്ഷപ്രാപ്തി തരപ്പെടുത്തുകയായിരുന്നത്രെ. അസുര സ്ത്രീയുടെ മകനാണെന്ന് കരുതി അസുരനാകണമെന്നില്ല, കുലമല്ല, വിദ്യയും ജീവിതചര്യയുമാണ് പ്രധാനം, ബ്രഹ്മജ്ഞാനി ബ്രാഹ്മണനാണ് എന്നവർ വിശ്വസിക്കുന്നു. ഏറ്റുതോൽപ്പിക്കുന്ന ശത്രുവിന്റെ ശക്തിപ്രതാപങ്ങൾ വിജയത്തിന്റെ മഹത്വം കൂട്ടും വിജയിയുടെ മാഹാത്മ്യം കൂട്ടും അതുകൊണ്ടുതന്നെ രാമമാഹാത്മ്യത്തിൽ ഒരു പങ്കുരാവണനും അവകാശപ്പെട്ടതല്ലേ. അവർക്കു രാവണൻ പ്രതിനായകനല്ല, മൂല്യച്യുതി സംഭവിച്ച, വീഴ്ചപറ്റിയ നായകനാണ്, മഹാനാണ്, ആരാധ്യനാണ്!!!
.
രാവണന് ലങ്ക പ്രാപ്തമായതു മറ്റൊരു കഥയാണ് പാർവതീ പരിണയ ശേഷം ഭാര്യാസമേതനായിതാമസിക്കാൻ ഒരു രമ്യ ഹർമ്യം പണികഴിക്കാൻ പരമേശ്വരൻ വിശ്വകർമ്മവിനോടാവശ്യപ്പെട്ടു. ദേവ ശില്പി കൊട്ടാരമല്ല ഒരു സ്വർണ നഗരിതന്നെ പണികഴിച്ചു. ആ മനോഹര ഭവനത്തിന്റെ ഗൃഹപ്രവേശപൂജ ചെയ്യാൻ ഏറ്റവും വിഖ്യാത പണ്ഡിതനും തന്റെ പരമഭക്തനുമായ രാവണൻ തന്നെ വേണം എന്ന് മഹാദേവൻ ആഗ്രഹിക്കുകയും രാവണ കാർമ്മികത്വത്തിൽ പൂജയും ഗൃഹപ്രവേശവും മംഗളകരമാവുകയും ചെയ്തു. കാർമ്മികൻ ദക്ഷിണ സ്വീകരിക്കണമെന്നും എന്താണ് ദക്ഷിണയായി ആഗ്രഹിക്കുന്നത് എന്ന് ശിവനാരാഞ്ഞപ്പോൾ സൗന്ദര്യാരാധകനായ രാവണൻ ആവശ്യപ്പെട്ടതു ലങ്കാപുരി തന്നെയാണ്. യാതൊരു വൈമനസ്യവുമില്ലാതെ ലങ്ക രാവണനുനല്കി അനുഗ്രഹിച്ചു പരിവാര സമേതം ശിവൻ കൈലാസത്തിലേക്ക് മടങ്ങിപ്പോയി. വേറൊരു ഭാഷ്യം കൂടെയുണ്ട്.ലങ്കാപുരിയുടെ നിര്മാണശേഷം ശിവന് പുനര്വിചിന്തനമുണ്ടായത്രേ - കൈലാസാധിപനെങ്ങനെ കൈലാസത്തെ കൈയൊഴിയാൻ സാധിക്കും.ഈ ചിന്ത മനസ്സിലാക്കിയാണത്രെ രാവണൻ ലങ്ക ആവശ്യപ്പെട്ടത്. എന്തായാലും അതോടുകൂടി ഈനാടിനു രാവണനെ നഷ്ടമായി
.
രാവണൻ എന്നപേര് ദശഗ്രീവനു ലഭിച്ചത്പിന്നീടാണ്. കൈലാസത്തിനെ ലങ്കയിലേക്ക് പിഴുതുമാറ്റാൻ നടത്തിയശ്രമം ശിവൻ തള്ളവിരലമർത്തി തടഞ്ഞപ്പോൾ ദശാനൻ പുറപ്പെടുവിച്ച അലർച്ചയിൽ നിന്നാണ് രാവണൻ എന്ന പേരുണ്ടായത് (the one who roars aloud).
രാവണൻ പ്രജാക്ഷേമതല്പരനായ രാജാവായിരുന്നത്രെ. മരണാസന്നനായ രാവണന്റെ കാൽപ്പാദങ്ങളിലിരുന്നാണ് രാമനിർദ്ദേശമനുസരിച്ചു ലക്ഷ്മണൻ ഭരണതന്ത്രജ്ഞത പഠിക്കുന്നത് - എതിരാളിയെ നിസ്സാരനായിക്കണരുതെന്നതും വിമർശിക്കുന്ന മന്ത്രിയെ വിശ്വസിക്കാമെന്നതും ഇതിൽപ്പെടുന്നു.
.
വിശ്രവസ്സു കാട്ടിൽക്കണ്ട സ്വയംഭൂവായ അഷ്ടകോണാകൃതിയുള്ള (ഇത് ഒരു സവിശേഷതയാണ്) ശിവലിംഗത്തിനെ ആരാധിച്ചിരുന്നത്രെ. ഇതായിരുന്നത്രെ രാവണന്റെ ആരാധ്യമൂർത്തി. അതാണത്രേ ഇപ്പോഴും ഇവിടെയുള്ള പ്രാചീന ശിവക്ഷേത്രത്തിലുള്ളത്. ഒരുകാലത്തു ഇവിടെ യമുനഒഴുകിയിരുന്നത്രെ. ഇപ്പോഴുo ഇവിടെ 21 അടി കുഴിച്ചാൽ വെള്ളം കിട്ടുo.ഈ അമ്പലത്തിൽ നിന്നും ഗാസിയാബാദിലുള്ള ദുഗ്ദ്ധേശ്വർ മഹാദേവക്ഷേത്രത്തിലേക്ക് നീളുന്ന ഭൂഗർഭ പാത ഉണ്ടായിരുന്നു. ഇവിടെനടന്ന ആർക്കിയോളോജിക്കൽ ഖനനങ്ങളിൽ ഒരുപാട് ചരിത്രപ്രാധാന്യമുള്ള സാധനങ്ങൾ ലഭിച്ചിട്ടുണ്ട്
.
ഉത്തർപ്രദേശിൽ കഴിഞ്ഞ കുറേവർഷങ്ങൾ ഭൂമി കൈയേറലുകളുടെയും കൈയൂക്കുള്ളവൻ രാജാവ് എന്നിന്റെയുമാണ്… പ്രൗഢമായ ഒരു ഗതകാലത്തിന്റെ,റിയൽഎസ്റ്റേറ്റ് വിപ്ലവത്തിൽ ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞ ഒരു ഗ്രാമത്തിന്റെ കഥയാണ് ഇന്നത്തെ ബിസ്റഖിനു പറയാനുള്ളത് ബ്രിട്ടീഷ് ഭരണകാലത്ത് ബിസ്റാഖ് പോലീസ്സ്റ്റേഷൻ വളരെ പ്രശസ്തമായിരുന്നു. ഇന്ദ്രപ്രസ്ഥത്തിന്റെ പലഭാഗങ്ങളുo (മലയാളികൾ തിങ്ങിപ്പാർക്കുന്ന മയൂർ വിഹാരുൾപ്പെടെ) ഇവിടുത്തെ നിയന്ത്രണത്തിലായിരുന്നു. ഇവിടെ ഒരാശുപത്രിയുമുണ്ടായിരുന്നു. ഒരു ദീർഘദൂര ബസ്സർവീസും. ഇത് സ്വാതന്ത്യ്രത്തിനു മുമ്പത്തേക്കഥയാണ്. പക്ഷെ ദില്ലി വികസിച്ചതോടെ പല പരിസരപ്രദേശങ്ങളും പുറകോട്ടുപോയി - അതിലൊന്ന് ഈസ്ഥലവും. പിന്നെ ദില്ലിയിലെ പാർപ്പിട ദൗർലഭ്യം കൂടിയതോടെ അടുത്തുള്ള ഗ്രാമങ്ങൾ റിയൽഎസ്റ്റേറ്റ്കാർ കൈവശമാക്കി - അതിലൊന്നാണ് ബിസ്റഖ്- മായാവതിയുടെ കാലത്തു പാതക്കിരുവശങ്ങളിലുള്ള സ്ഥലങ്ങളെല്ലാം അവരുടെകൈയിലായി.
.
ഇതിനിടയിൽ ഈ ഗ്രാമത്തിൽ പലപ്രശ്നകാരികളും താമസമാക്കി. ഈ വേലിയേറ്റത്തിൽ പലരുംതങ്ങളുടെ ഭൂമി റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾക്ക് വിൽക്കുകയും പണവുമായി ഈഗ്രാമം വിട്ടുപോകുകയും ചെയ്തു. ഗ്രാമത്തിന്റെ പ്രധാനവീഥികൾ നഗരമായി മാറിക്കൊണ്ടിരിക്കുന്നു - അംബര ചുംബികളായ, അനേകം കെട്ടിട സമുച്ഛയങ്ങൾ,ഇവിടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവയിൽ ഒന്നിൽ ആൾക്കാർ താമസമാക്കിത്തുടങ്ങി. അവശേഷിക്കുന്ന കുറച്ചു ഗ്രാമീണർ ഉൾഗ്രാമത്തിൽ താമസമുണ്ട്. ... ഒരുപാട് ഒഴിഞ്ഞുപോക്കുകൾകണ്ട ഈ ഗ്രാമത്തിന്റെ ഇന്നത്തെ അന്തേവാസികൾ 800 കുടുംബങ്ങളിൽ താഴെയാണ്, അതിൽതന്നെ പലരും പുറത്തുനിന്നു വന്നവരും. കൂണുപോലെ മുളച്ചു ആൽപോലെ വളർന്നു പന്തലിച്ചു നിൽക്കുകയാണ് ഇവിടുത്തെ ഫ്ലാറ്റ് സമുച്ഛയങ്ങൾ. അവരുടെ കുടുംബസംഖ്യ 5000 കവിയും. ഇപ്പോൾ തന്നെ ഈ നാടിൻറെ ഇളം തലമുറ ഇവിടെ രാവണദഹനം നടക്കില്ലെങ്കിലും ചുറ്റുപാടുകളിലുമുള്ള ഉത്സവങ്ങളിൽ പങ്കെടുക്കാനായി പോയിത്തുടങ്ങി. വിശ്വാസം മുറുകെപ്പിടിക്കുന്ന കുറച്ചു പഴയആൾക്കാർ ബാക്കിയുണ്ട്. അടുത്ത 4-5 വർഷങ്ങൾക്കുള്ളിൽ ഇതും അപ്രത്യക്ഷമാകും.
.
വിശ്വാസം അതല്ലേ എല്ലാം!!! ഈ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യം റിയൽ എസ്റ്റേറ്റ്തരംഗത്തിൽ മുങ്ങിപ്പോകാതിരിക്കാൻ മോഹൻ മന്ദിർ യോഗാശ്രo ട്രസ്റ്റ് മുന്കയ്യെടുത്തു ഒരു രാവണക്ഷേത്ര നിർമ്മാണം നടക്കുന്നുണ്ട്. ശിവക്ഷേത്രത്തിൽ വച്ചാരാധിച്ചിരുന്ന രാവണവിഗ്രഹം ഇവിടെ പ്രതിഷ്ടിക്കാനിരിക്കയായിരുന്നു പക്ഷെ പുനഃപ്രതിഷ്ഠക്കുമുന്പേ അതാരോ തച്ചുടച്ചു. ഒന്ന് രണ്ടു മാസത്തിനകം പുനഃപ്രതിഷ്ഠ നടക്കും. അപ്പോൾ വരണം എന്നക്ഷണം സ്വീകരിച്ചു പൂജാരിയായ മിശ്രാജി തന്ന പ്രസാദവും വാങ്ങി ഞങ്ങൾ തിരിച്ചുനടന്നു.
.
തിരിച്ചുള്ളയാത്രയിൽ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു,മനസ്സിലെ വിങ്ങലായിരുന്നു രാവണൻ.. ത്രേതായുഗത്തിൽ മോക്ഷം ലഭിച്ചു എന്ന് കരുതുന്ന രാവണന് ഈ കലിയുഗത്തി ലും മോക്ഷമില്ലെ? രാവണനെ ആരാധിക്കുന്ന ഈ നാട്ടിൽ എന്താണ് രാവൺ എന്നപേരുള്ള കുട്ടികളില്ലാത്തത്? ഒരുപക്ഷെ രാവണ ക്ഷേത്രം അവശേഷിച്ചേക്കാം. അദ്ദേഹം ആരാധിച്ചിരുന്നതെന്നു കരുതുന്ന ശിവലിംഗവും, പ്രാചീനശിവക്ഷേത്രവും. പക്ഷെ ആചാരങ്ങൾ അപ്രത്യക്ഷമാകും. ഈ കഥകളെല്ലാം നമുക്ക് തള്ളിക്കളയാം. രാവണൻ ബ്രാഹ്മണനാകട്ടെ അസുരനാകട്ടെ... സ്ത്രീയെ കൂട്ടമാനഭംഗപ്പെടുത്തുന്നവരുടെ നാട്ടിൽ, അതിനെ ന്യായീകരിക്കുന്നവരുടെ ഇടയിൽ രാവണൻ കുറ്റക്കാരനാകുമോ? സീതയെ തട്ടിക്കൊണ്ടു പോയ രാക്ഷസരാജാവ് അവരെ ബലാത്ക്കാരം ചെയ്തിട്ടില്ല, മനംമാറ്റത്തിനായി കാത്തിരുന്നിട്ടേയുള്ളു... ഇത്തവണ രാവണദഹനത്തിന് ഞാനുണ്ടാകില്ല…

Women and Vedas

ക്ഷേത്രാരാധനയിലെ ലിംഗസമത്വവും ഹിന്ദുത്വവും :

ആരാധനയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നത് വേദകാലം മുതലുള്ള നമ്മുടെ പാരമ്പര്യമാണ്. വേദകാലത്ത് ഏതാണ്ട് 30-35 സ്ത്രീ ഋഷികള്‍ ഉണ്ടായിരുന്നു. വേദത്തിലെ മന്ത്രങ്ങള്‍ ഋഷീശ്വരന്മാര്‍ക്ക് വെളിപ്പെട്ടു എന്നു പറയുന്നു. അങ്ങനെ വെളിപ്പെട്ടവരില്‍ പുരുഷന്മാര്‍ മാത്രമല്ല 35 ഓളം സ്ത്രീകളുമുണ്ട്. ഒരു മന്ത്രമാണ് ഗായത്രി. ഗായത്രി സ്ത്രീകള്‍ ചൊല്ലരുത് എന്ന് ചില യാഥാസ്ഥിതികര്‍ പറയാറുണ്ട്. ദേവതകളെല്ലാം സ്ത്രീകളാണല്ലോ. ഗായത്രിമന്ത്രത്തിന്റെ ദേവത തന്നെ സ്ത്രീയാണല്ലോ. അപ്പോള്‍ വേദങ്ങള്‍ സ്ത്രീകള്‍ക്ക് ചൊല്ലാന്‍ പാടില്ല എന്നു പറയുന്നതില്‍ എന്തര്‍ത്ഥം? വേദങ്ങള്‍ക്കുശേഷം ഉപനിഷത്തുക്കള്‍ വന്നു. ഉപനിഷത്ത് കാലത്തും സ്ത്രീകള്‍ക്ക് തുല്ല്യ അവസരവും അവകാശവുമാണ് നല്‍കിയിരുന്നത്. ഐതരേയബ്രാഹ്മണത്തില്‍ ഒരു ബ്രാഹ്മണന് ശൂദ്രസ്ത്രീയില്‍ മഹീപാല്‍ എന്നൊരു മകനുണ്ടായി. പണ്ട് അങ്ങനെയൊക്കെ ഉണ്ടാകുമായിരുന്നു. മഹീപാലിന്റെ അമ്മയായ ‘ഇതര’ അയാള്‍ക്ക് വേദാധ്യയനം ചെയ്തുകൊടുത്തു. തുടര്‍ന്ന് മഹീപാല്‍ വിദ്വല്‍സഭയില്‍ ചര്‍ച്ചയ്ക്ക് പോയി വിജയം വരിച്ചു. അദ്ദേഹം അവിടെ അവതരിപ്പിച്ച ബ്രാഹ്മണത്തെ മഹീപാലിന്റെ ബ്രാഹ്മണം എന്ന് എല്ലാവരും അംഗീകരിക്കാന്‍ തയ്യാറായി. അപ്പോള്‍ മഹീപാല്‍ എഴുന്നേറ്റുനിന്നു പറഞ്ഞു. ‘ഈ ബ്രാഹ്മണത്തിന്റെ യഥാര്‍ത്ഥ കര്‍ത്താവ് എന്റെ അമ്മയായ ‘ഇതര’യാണ്. അതുകൊണ്ട് ഇതിന് എന്റെ അമ്മയുടെ പേരാണ് കൊടുക്കേണ്ടത്’ അതോടെ അതിന്റെ പേര് ഐതരേയബ്രാഹ്മണം എന്നാക്കി മാറ്റി. ഇതരയുടെ ബ്രാഹ്മണം എന്നര്‍ത്ഥം. രാമായണ കാലഘട്ടത്തില്‍ ദശരഥന് ശ്രാദ്ധം ഊട്ടാന്‍ വേണ്ടി കൈകേയിയും കൗസല്യയും പങ്കെടുക്കുന്നതായി വാല്മീകി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ശ്രാദ്ധമൂട്ടാനുള്ള അധികാരം അന്നുണ്ടായിരുന്നു. ഇത് പറയുമ്പോള്‍ കേരളീയര്‍ക്ക് പുതുമ തോന്നില്ല. കാരണം മുഴുവന്‍ ഭാരതത്തില്‍, കേരളത്തില്‍ മാത്രമാണ് ശ്രാദ്ധമൂട്ടാനും പിണ്ഡം വെക്കാനും സ്ത്രീകള്‍ക്ക് അധികാരമുള്ളത്. വേദം അധ്യയനം ചെയ്യാനുള്ള അധികാരവും അന്ന് സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു. വേദകാലത്തും ഉപനിഷത്കാലത്തും ഉപനയനകര്‍മ്മം അഥവാ പൂണൂല്‍ ധാരണം സ്ത്രീകള്‍ക്കുമുണ്ടായിരുന്നു.ദയാനന്ദസരസ്വതി ആര്യസമാജം രൂപീകരിച്ചപ്പോള്‍ പുരുഷന്മാര്‍ക്ക് ബ്രഹ്മോപദേശം, യജ്ഞോപവീതധാരണം, പൂണൂല്‍ കല്ല്യാണം ഉള്ളതുപോലെ ത്രൈവര്‍ണ്ണികര്‍ക്കും സ്ത്രീകള്‍ക്കും പൂണൂല്‍ ധാരണം, ഉപനയനകര്‍മ്മം എന്നിവ നടത്തി. അത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
അന്ന് സന്യാസിനിമാര്‍ വേദം പ്രചരിപ്പിക്കാന്‍ വേണ്ടി നടന്നിരുന്നു. ആ സന്യാസിനിമാരെ ബ്രഹ്മവാദിനി എന്നാണ് പറഞ്ഞിരുന്നത്. അതുപോലെ ഗാര്‍ഹസ്ഥ്യം വരെ അതിനുവേണ്ടി പ്രവര്‍ത്തിച്ചവരും ഗാര്‍ഹസ്ഥ്യത്തിനുശേഷവും അതിനുവേണ്ടി പ്രവര്‍ത്തിച്ചവരും ഉണ്ടായിരുന്നു. അവര്‍ക്കാണ് ‘സദ്യോദ്‌വാഹ’ എന്നാണ് പേരിട്ടിരുന്നത്. ഈ സദ്യോദ്‌വാഹ, ബ്രഹ്മവാദിനി എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് ധര്‍മ്മത്തിനും മന്ത്രത്തിനും അധികാരം ഉണ്ടായിരുന്നു. ഏ.ഡി. 400-500 കാലഘട്ടത്തിനുശേഷം മുസ്ലീംഭരണകാലത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതായപ്പോള്‍ അവര്‍ വീട്ടില്‍ ഒതുങ്ങി. അപ്പോഴാണ് നമ്മുടെ ആരാധനാസമ്പ്രദായത്തില്‍ സ്ത്രീകളുടെനേരെ വിവേചനം വന്നത്. കാളിദാസന്റെ കുമാരസംഭവകാലത്ത് ഉമയ്ക്ക് തപസ്സു ചെയ്യാന്‍ സാധിച്ചിരുന്നു. പാരമ്പര്യം വച്ചുനോക്കിയാല്‍ സ്ത്രീക്ക് ഒരു തരത്തിലും വിവേചനമില്ല എന്നു കാണാന്‍ സാധിക്കും.
ഈ കാഴ്ചപ്പാടോടു കൂടിയാണ് ആര്‍.എസ്.എസ്. ഈ വിഷയത്തെ നോക്കുന്നത്. അല്ലാതെ ഭരണഘടന നല്‍കുന്ന ആരാധനാസ്വാതന്ത്ര്യം എന്ന അവകാശം മാത്രം നോക്കിയല്ല. ഈ പാരമ്പര്യത്തിന്റെ ഇന്നത്തെ തുടര്‍ച്ചയാണ് മണ്ണാറശാല പോലുള്ള സ്ഥലങ്ങളില്‍ പൂജാരിണിയെ കാണുന്നതില്‍ പ്രകടമാകുന്നത്. അതിലെന്താ തെറ്റ്? പരമ്പരാഗതമായിട്ട് അതുവന്നു. അപ്പോള്‍ പരമ്പരാഗതം എന്നുപറയുമ്പോള്‍ നമുക്ക് അറിയാന്‍ സാധിക്കാത്ത അത്രയും പഴക്കം എന്നല്ലേ?
ശബരിമലക്ഷേത്രത്തില്‍ എന്തുകൊണ്ട് യുവതികളായ സ്ത്രീകള്‍ക്ക് പോകാന്‍ പാടില്ല?
ചിലര്‍ പറയുന്നത് 41 ദിവസത്തെ വ്രതത്തെക്കുറിച്ചാണ്. അത് സ്ത്രീക്ക് സാധ്യമല്ലല്ലോ? ഈ 41 ദിവസത്തെ വ്രതം എന്ന് നിശ്ചയിച്ച യോഗത്തില്‍ ഒരൊറ്റ സ്ത്രീയും ഉണ്ടായിട്ടുണ്ടാകില്ല. ഉണ്ടായിരുന്നെങ്കില്‍ ആ സ്ത്രീ പറഞ്ഞേനേ, ഇത് ഞങ്ങള്‍ക്ക് സാധ്യമല്ല എന്ന്. അപ്പോള്‍ ആ സ്ത്രീക്ക് പറ്റുന്ന തരത്തില്‍ തീരുമാനം വരുമായിരുന്നു. 41 ദിവസത്തെ വ്രതം ആര് നിശ്ചയിച്ചു? പുരുഷവിഭാഗം നിശ്ചയിച്ചു. പുരുഷന്‍ പുരുഷനുവേണ്ടി മാത്രം നിശ്ചയിക്കുമ്പോഴേ 41 ദിവസത്തെ ചിന്ത വരൂ. അന്നത്തെ ആ വേളയില്‍ അയാള്‍ സ്ത്രീകളെക്കുറിച്ചു ചിന്തിച്ചിരുന്നെങ്കില്‍ കുടുംബസ്ഥനും ഈശ്വരഭക്തനുമായ അയാള്‍ അവര്‍ക്കുവേണ്ടി വേറെ ചിന്തിച്ചേനേ, തീര്‍ച്ച.
നമ്മള്‍ സ്വീകരിക്കുന്ന താല്‍ക്കാലിക തപസ്സിന്റെ കാലഘട്ടമാണ് വ്രതം. അനുഷ്ഠിക്കുന്നവനെ പരിഗണിച്ചുകൊണ്ടാണ് വ്രതകാലം തീരുമാനിക്കുക. രഘുവംശത്തില്‍ ഒരു കഥയുണ്ട്. ദീലിപ് മഹാരാജാവ് കാമധേനുവിനെ പ്രസാദിപ്പിക്കാന്‍ വേണ്ടി കാമധേനുവിന്റെ കിടാവായ നന്ദിനിയെ പൂജിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതാണ് കഥ. ദിലീപ് മഹാരാജാവും ഭാര്യ സുദക്ഷിണയും നന്ദിനിയെ പൂജിക്കാന്‍ തീരുമാനിച്ചു. വ്രതം നോല്‍ക്കണം. അപ്പോള്‍ ആ വ്രതം എത്ര ദിവസത്തെതായിരിക്കണം? രാജാവും രാജ്ഞിയും കൂടിയിട്ട് എടുക്കേണ്ട വ്രതം 41 ദിവസം ആയിരുന്നെങ്കില്‍ അത് രാജാവിന് മാത്രമേ സാധിക്കൂ. അപ്പോള്‍ വ്രതം 21 ദിവസത്തെക്കാക്കി മാറ്റി. ‘സപ്ത വ്യതീയുസ് ത്രിഗൂണാനി ദിനാനി’ എന്നാണ് കാളിദാസന്‍ വിവരിക്കുന്നത്. മൂന്നിരട്ടി 21 ദിവസത്തെ വ്രതം എന്നാണ്. അത് രാജാവിനും രാജ്ഞിക്കും വിഘ്‌നം കൂടാതെ നോല്‍ക്കാനായി. ഇതൊക്കെ മനുഷ്യന് നിശ്ചയിക്കാവുന്നതാണ്. അതു നിശ്ചയിച്ചു കഴിഞ്ഞാല്‍ അതനുസരിച്ച് അവര്‍ക്ക് ജീവിക്കാന്‍ സാധിക്കും.
സ്വന്തം ഭാര്യയേയും അമ്മയേയും മകളെയും പ്രതിക്കൂട്ടില്‍ കയറ്റുമ്പോള്‍ യഥാസ്ഥിതികവാദികളായ ഇക്കൂട്ടര്‍ ഓര്‍ക്കാത്ത ഒരു കാര്യമുണ്ട്. സാധാരണ ആര്‍ത്തവവേളയില്‍ ഹിന്ദുസ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുകയോ വിളക്കുകൊളുത്തുകയോ പ്രസാദം സ്വീകരിക്കുകയോ ഒന്നും ചെയ്യില്ല. ആരും പറയാതെ ഇക്കാര്യം അനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്കല്ലേ ഈശ്വരഭക്തി ഏറെയുള്ളത്? സാംസ്‌കാരികമൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നവരെ ഭാരതമെന്നും ആധുനികവിദ്യാഭ്യാസം കിട്ടിയവരെ ഇന്ത്യയെന്നും ചില ബുദ്ധിജീവികള്‍ വിശേഷിപ്പിക്കാറുണ്ട്. ഈ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ ഭാരതവും പുരുഷന്മാര്‍ ഇന്ത്യയുമാണെന്നു പറയേണ്ടി വരും. ചില കുടുംബ ബൈഠക്കുകളില്‍ പങ്കെടുക്കുമ്പോള്‍ മകന്റെയോ മകളുടെയോ പിറന്നാള്‍ എന്നാണെന്ന ചോദ്യത്തിനു ഭര്‍ത്താക്കന്മാര്‍ ഉത്തരം മുട്ടുമ്പോള്‍ ഭാര്യമാര്‍ കൃത്യമായി പറഞ്ഞുതരും. ഭര്‍ത്താവിന്റെ അച്ഛന്റെ ചരമദിനം, നക്ഷത്രം തുടങ്ങിയവപോലും അവര്‍ ഓര്‍ത്തിരിക്കും. വിവാഹത്തിനുമുമ്പ് തനിക്കു ഒരു പരിചയവുമില്ലാത്ത ഒരാളുടെ വിവരങ്ങള്‍ വരെ ഓര്‍ത്തുവെക്കുന്ന അമ്മമാരുടെയും ഭാര്യമാരുടെയും ശുഷ്‌കാന്തിയും ശ്രദ്ധയും എത്രയാണെന്നു പറയേണ്ടതില്ലല്ലോ. അത്തരം ശ്രദ്ധാലുക്കളായ സ്ത്രീജനങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് തടസ്സമോ നിയന്ത്രണമോ വെക്കുന്നതു ശരിയാണോ? അവര്‍ക്കറിയാം അവരുടെ ശൗചാശൗചങ്ങള്‍. അതവര്‍ കാത്തുകൊള്ളും. അവരോടുള്ള അവിശ്വാസമായിരിക്കരുത് തീരുമാനത്തിന്റെ അടിസ്ഥാനം. അവരെ അവിശ്വസിച്ചാല്‍ അതിന്റെ അര്‍ത്ഥം പുരുഷന്‍ സ്വന്തം അമ്മയേയും ഭാര്യയേയും മകളേയും അവിശ്വസിക്കുന്നു എന്നാണ്.
മൂന്നോ നാലോ ശബരിമല കയറുന്നതിന്റെ അദ്ധ്വാനമുണ്ട് ഹിമാലയത്തിലെ യമുനോത്രിയിലെത്താന്‍. 13 കി. മീ. ദൂരം ഉയരത്തില്‍ നടന്നുകയറണം. സമുദ്രനിരപ്പില്‍നിന്നും 12000 അടി ഉയരത്തിലാണത്. ഞാന്‍ അവിടെ പോയിട്ടുണ്ട്. അങ്ങോട്ടു പോകാന്‍ കുതിരപ്പുറത്തുകയറാന്‍ ആത്മധൈര്യമില്ലാതെ ഞാന്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് മൂന്നുനാലു സ്ത്രീകള്‍ മേലെ പോയി ദര്‍ശനം കഴിഞ്ഞ് കുതിരപ്പുറത്തുവരുന്നതു കണ്ടത്. സ്ത്രീകള്‍ക്കു കുതിരപ്പുറത്തു പോകാമെങ്കില്‍ എനിക്കും സാധിക്കില്ലേ എന്നു തോന്നി. എനിക്ക് ആത്മധൈര്യം തന്നത് അവരാണ്.
പരശുരാമന്‍ മാതൃഹത്യാപാപം തീര്‍ക്കാന്‍ മുങ്ങിക്കുളിച്ചത് ബ്രഹ്മപുത്രാനദിക്ക് കിഴക്കുള്ള പരശുരാംകുണ്ഡില്‍ ആണ്. അവിടെ എത്തിപ്പെടാന്‍ വളരെ പ്രയാസമാണ്. മകരസംക്രമദിനത്തില്‍ മാത്രമേ അവിടെ പോകാനാകൂ. മലകയറിക്കയറി ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള അവിടെ തണുത്തു വിറയ്ക്കുന്ന അന്തരീക്ഷത്തില്‍ മകരസംക്രമത്തിനു തീര്‍ത്ഥാടനത്തിനെത്തിയപ്പോള്‍ കണ്ടത് സ്ത്രീകളും പുരുഷന്മാരും വേര്‍തിരിവില്ലാതെ അവിടെ ദര്‍ശനത്തിനെത്തിയതാണ്. തീര്‍ത്ഥമാടി വരുക മാത്രമല്ല, ബ്രഹ്മപുത്രയില്‍ ഇറങ്ങി മുങ്ങി കരയ്ക്കുകയറി നനഞ്ഞ വസ്ത്രം മുഴുവന്‍ വലിച്ചെറിയണം. അതു മുജ്ജന്മം പോലെയാണ്. ഇതു നിര്‍വ്വഹിക്കുമ്പോള്‍ തൊട്ടടുത്തുണ്ടാവുക ഒരു സ്ത്രീയായിരിക്കും. അവളുടെ സമീപം വേറൊരു പുരുഷനായിരിക്കും. ആ സമയത്ത് ആര്‍ക്കാണ് ദുഷ്ടബുദ്ധി തോന്നുക? അത്തരം ചിന്തയ്ക്ക് അവിടെ പോകണോ? ഭക്തിയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ലൈംഗികവിവേചനത്തിനു സ്ഥാനമില്ല. ഭക്തിയാണ് പ്രേരണയെങ്കില്‍ കാമപരമായി ചിന്തിക്കുന്ന പ്രശ്‌നമില്ല. ശബരിമലയില്‍ ഈ ചിന്തയോടെ, ഭക്തിയോടെ ദര്‍ശനം നടത്താനുള്ള അവസരം നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും എന്തിന് നിഷേധിക്കണം?

Varnashraman

വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍
എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും തെറ്റിധരിക്കപ്പെട്ടിട്ടുള്ളതുമായ ഒരു വിഷയമാണ് വര്‍ണ്ണാശ്രമങ്ങള്‍. ഭാരതീയ ചരിത്രം പരിശോധിച്ചാല്‍ വര്‍ണ്ണം എന്ന സങ്കല്‍പ്പത്തെ ജാതിയാക്കി മാറ്റി സ്വദേശികളും വിദേശികളും ചെയ്ത് കൂട്ടിയ അപരാധങ്ങള്‍ക്ക് കണക്കുണ്ടാവില്ല. യാഥാസ്ഥികര്‍ ആയ ചിലരും വിദേശികളും ഭാരതചരിത്രത്തെ പ്രത്യേകിച്ചും വൈദികചരിത്ര വളച്ചൊടിക്കാന്‍ ഉപയോഗിച്ചിട്ടുള്ള പദമാണ് വര്‍ണ്ണം. ഭാരതീയ വൈദിക ചരിത്രത്തില്‍ വര്‍ണ്ണാശ്രമങ്ങള്‍ അതിന്റെ യതാര്‍ത്ഥ അര്‍ത്ഥത്തില്‍ എങ്ങനെയാണു ഉപയോഗിച്ചിരുന്നത് എന്ന് നോക്കാം
ദുര്‍ലഭം ത്രയമേവൈതത് ദൈവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷത്വം മഹാപുരുഷസംശ്രയ: (വിവേക ചൂഡാമണി)
പുണ്യപാപകര്‍മ്മങ്ങളുടെ ഫലം അനുഭവിക്കുവാനാണ് മനുഷ്യനായി ജനിക്കുന്നത്. അതുകൊണ്ട് എല്ലാ മനുഷ്യര്‍ക്കും പുണ്യഫലമായി സുഖവും പാപഫലമായി ദുഖവും അനുഭവിച്ചേ മതിയാകൂ. എന്നാല്‍ മനുഷ്യ ജന്മത്തിന് ഒരു മേന്മയുണ്ട്.
യഥാദര്ശേ തഥാത്മനി യഥാ സ്വപ്നേ തഥാ പിതൃലോകേ
യഥാപ്സു പരീവ ദദൃശേ തഥാ ഗന്ധര്‍വലോകേ
ഛായാതപയോരിവ ബ്രഹ്മലോകേ (കഠോപനിഷത്) എന്നാണു ശ്രുതി. കണ്ണാടിയില്‍ എപ്രകാരം വസ്തുക്കള്‍ പ്രതിബിംബിക്കുന്നുവോ അപ്രകാരം ജ്ഞാനസ്വരൂപനായ ഈശ്വരന്‍ അന്ത:ക്കരണത്തില്‍ പ്രതിബിംബിക്കുന്നു. നിര്‍മ്മലമായ കണ്ണാടിയില്‍ വസ്തുവിന്റെ പ്രതിബിംബം വ്യക്തമായിരിക്കും. കണ്ണാടി മലിനമാണെങ്കില്‍ പ്രതിബിംബം അവ്യക്തമായിരിക്കും. അതുപോലെ അന്ത:ക്കരണം നിര്‍മ്മലമാണെങ്കില്‍ ഈശ്വരപ്രതിബിംബം സലക്ഷണമായിരിക്കും. മലിനമാണെങ്കില്‍ പ്രതിബിംബം അവ്യക്തമായിരിക്കും. അന്തക്കരണത്തില്‍ മാലിന്യം വിഷയവാസനകളാണ്. വിഷയവാസനകള്‍ അന്ത:ക്കരണത്തെ എപ്പോഴും ബാഹ്യവിഷയാഭിമുഖമായി വിക്ഷേപിപ്പിക്കുക തന്നെ ചെയ്യും
ഇഹചേദവേദീദഥ സത്യമസ്തി
നചേദിഹാവേദീന്മഹതീ വിനഷ്ടി (കേനോപനിഷത്ത്)
ഈ ജീവിതത്തില്‍ തന്നെ ഈശ്വരതത്വം ബോധിക്കാന്‍ സാധിച്ചാല്‍ ജീവിതം സഫലമാകും. അല്ലെങ്കില്‍ നഷ്ടം വളരെ വലുതാണ് എന്ന് ശ്രുതി നിര്‍ദ്ദേശിക്കുന്നു. മോചിക്കുവാനുള്ള ആഗ്രഹമാണ് മുമുക്ഷുത്വം. മോചിക്കേണ്ടത് ജീവസൃഷ്ടമായ പ്രപഞ്ചത്തില്‍ നിന്നാണ്. ജീവന്‍ സ്വയം സൃഷ്ടിച്ചു വച്ചിരിക്കുന്ന ബന്ധനങ്ങളില്‍ നിന്നും മോചിക്കുമ്പോഴാണ് തന്റെ യഥാര്‍ത്ഥ സ്വരൂപം ബോധിക്കാന്‍ സാധിക്കുന്നത്.
മനുഷ്യന്റെ എല്ലാ ഇന്ദ്രിയങ്ങളെയും ബാഹ്യവിഷയങ്ങളെ മാത്രം അറിയാന്‍ കഴിയുന്ന വിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.അതുകൊണ്ട് അന്തരാത്മചൈതന്യമായി സ്വയം പ്രകാശമാനമായിരിക്കുന്ന ഈശ്വരനെ അറിയാന്‍ സാധിക്കുന്നില്ല. ബഹിര്‍മുഖമായി മാത്രം വര്‍ത്തിക്കുന്ന ഇന്ദ്രിയങ്ങളെയും അന്ത:ക്കരണത്തെയും ക്രമേണ വിഷയങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചു സാന്ദ്രാനന്ദാവബോധസ്വരൂപമായി അന്തരാത്മാവായിരിക്കുന്ന ഈശ്വരതത്വത്തെ സാക്ഷാത്കരിക്കാനുള്ള പദ്ധതികളാണ് മഹര്‍ഷീശ്വരന്മാര്‍ വര്‍ണ്ണാശ്രമധര്‍മ്മങ്ങളിലൂടെ ബോധിപ്പിച്ചിരിക്കുന്നത്. ശ്രുതിപ്രസിദ്ധമായ വിധികളെല്ലാം തന്നെ മനുഷ്യനെ നേരിട്ടോ പരമ്പരയായോ ഈശ്വരസാക്ഷാത്കാരത്തിലേക്ക് നയിക്കുന്നതാണ്. പുരുഷാര്‍ത്ഥങ്ങള്‍-ജീവിതം പ്രയോജനമുള്ളതാക്കാന്‍ വേണ്ട സാധനങ്ങള്‍-നാലാണ്. അവ ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം ഇവയാണ്. ഇവയില്‍ മോക്ഷമാണ് പരമപുരുഷാര്‍ത്ഥം.
"ജഗത:സ്ഥിതികാരണം പ്രാണിനാം സാക്ഷാദ്‌ അഭ്യുദയനി:ശ്രേയസഹേതു സ: ധര്‍മ്മം" എന്ന് ആചാര്യപാദര്‍ ധര്‍മ്മത്തെ നിര്‍വചിച്ചിരിക്കുന്നു. ഈ ധര്‍മ്മം അനുഷ്ഠിക്കേണ്ടത് വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ പാലിച്ചു കൊണ്ടാണ്. ഇന്ന് വര്‍ണ്ണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ ശാസ്ത്രീയാടിസ്ഥാനം എന്തെന്നറിയാതെ ചന്ദ്രഹാസമിളക്കുന്നവരുണ്ട്. വര്‍ണ്ണം ജാതിവ്യവസ്ഥയല്ല.ഓരോരുത്തരുടെയും ഗുണഘടനയ്ക്കനുസരിച്ചു സ്വാഭാവികമായി ഉള്ളതാണു.
എല്ലാ പ്രാണികളിലും സത്വം രജസ്സ് തമസ്സ് എന്നീ മൂന്നു ഗുണങ്ങള്‍ ഉണ്ട്.എന്നാല്‍ അവയില്‍ ഏതിനാണോ പ്രാധാന്യം അതനുസരിച്ചായിരിക്കും പ്രവൃത്തി. സത്വപ്രധാനിക്ക് ഇന്ദ്രിയമനോനിയന്ത്രണം, തപസ്സ്, ശൌചം, ക്ഷമ, ഋജുത്വം, ജ്ഞാനം, വിജ്ഞാനം, ആസ്തിക്യം മുതലായവയോടു കൂടിയ കര്‍മ്മങ്ങള്‍ മാത്രമേ സ്വാഭാവികമായി ചെയ്യാന്‍ സാധിക്കൂ. അദ്ദേഹം ബ്രാഹ്മണനാണ്. രാജസപ്രധാന സാത്വികതാമസഗുണമുള്ളവര്‍ക്ക് ശൌര്യം, കര്‍മ്മനിപുണത, ധര്‍മ്മയുദ്ധങ്ങളില്‍ നിന്നും പിന്തിരിയാതിരിക്കുക, ദാനം, നിയന്ത്രണം മുതലായവയോടു കൂടിയ കര്‍മ്മങ്ങള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. അദ്ദേഹം ക്ഷത്രിയനാണ്. രാജസപ്രധാന താമസസാത്വികഗുണമുള്ളവര്‍ക്ക് കൃഷി വാണിജ്യം ഗോരക്ഷ തുടങ്ങിയവയിലായിരിക്കും അഭിരുചി. അവര്‍ വൈശ്യരാണ്. താമസപ്രധാനിക്ക് പരിചര്യാത്മകമായ കര്‍മ്മങ്ങള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. മനുഷ്യരുടെ ഗുണമനുസരിച്ച് സ്വാഭാവികമായി സ്വാഭാവികമായി സ്വീകരിക്കുന്ന കര്‍മ്മമാണ് വര്‍ണ്ണം കൊണ്ട് വൈദികകാലത്ത്‌ ഉദ്ദേശിച്ചിട്ടുള്ളത്. ഒരേ അച്ഛനും അമ്മയ്ക്കും നാല് വര്‍ണ്ണത്തില്‍ പെട്ട മക്കള്‍ ഉണ്ടായിരുന്നു എന്നും അവര്‍ യാതൊരു ഉച്ചനീചത്വവുമില്ലാതെ കഴിഞ്ഞിരുന്നു എന്നും വേദത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയും. ഗുണഘടന അനുസരിച്ചേ മനുഷ്യന് കര്‍മ്മം ചെയ്യുവാന്‍ സാധിക്കൂ. അതാണ്‌ വ്യക്തിയുടെയും സമൂഹത്തിന്റെയും സുസ്ഥിതിക്കും അഭിവൃദ്ധിക്കും യോജിച്ചതും . ഗുണകര്‍മ്മമനുസരിച്ചുള്ള ഈ ചാതുര്‍വര്‍ണ്ണ്യ വിഭജനം ജാതിവ്യവസ്ഥയല്ല എന്നതിന് മറ്റൊരു ഉദാഹരണം സംഗീതശാസ്ത്രത്തില്‍ സ്വരങ്ങള്‍ക്ക് വര്‍ണ്ണത്വം കല്പിച്ചിട്ടുണ്ട് എന്നതാണ്. സ്വരങ്ങളുടെ കര്‍മ്മവും ഗുണവും അനുസരിച്ചാണ് ഈ വിഭജനം. ഇതേ രീതിയില്‍ ധനുര്‍വേദത്തിലും ആയുധങ്ങളെ ഗുണങ്ങള്‍ അനുസരിച്ച് നാലു വര്‍ണ്ണങ്ങളില്‍ പെടുത്തിയിട്ടുണ്ട്.നാരദ വിരചിത സംഗീതമകരന്ദം എന്ന ഗ്രന്ഥം ഇപ്രകാരം പറയുന്നു.
ബ്രഹ്മജാതീസമൌജ്ഞേയോ രിധൌക്ഷത്രിയജാതികൌ
നിഗൌവൈശ്യാവിതിപ്രോക്തൌ പഞ്ചമ: ശൂദ്രജാതിക:
അതായത് സ മ എന്നീ സ്വരങ്ങള്‍ ബ്രാഹ്മണവര്‍ണ്ണത്തെയും രി ധ എന്നിവ ക്ഷത്രിയനെയും നി ഗ എന്നിവ വൈശ്യനെയും പ എന്ന സ്വരം ശൂദ്രനെയും കുറിക്കുന്നു.
ചാതുർവര്ണ്യം മയാ സൃഷ്ടം എന്ന ഗീതാവചനം, വര്ണാശ്രമവിഭാഗശ്ച ത്രേതായാം കൃതവാൻ, കര്മക്രിയാ വിശേഷേണ ചാതുർവര്ണ്യം പ്രതിഷ്ഠിതം എന്ന് ഗായത്രീ തന്ത്രവും, ലോകാനാന്തു വിവൃദ്ധ്യര്ഥം എന്നു മനുസ്മൃതിയും പറയുന്നു. ആദൌ കൃതയുഗെ വര്ണൌ നൃണാം ഹംസ ഇതി സ്മൃതഃ. ന വിശേഷോസ്തി വര്ണാനാം സർവം ബ്രഹ്മമിദം ജഗത് എന്ന് മഹാഭാരതവും പറയുന്നു. ഏകവര്ണം ഇദം പൂർവം വിശ്വമാസീത് യുധിഷ്ഠിരഃ. ബ്രഹ്മണാ പൂർവസൃഷ്ടം ഹി കര്മഭിർ വര്ണതാം ഗതം.
സ്വധര്‍മ്മമനുഷ്ഠിച്ച്‌ ലൗകികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയെ പ്രാപിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം ഇവയാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം വിദ്യാഭ്യാസ കാലഘട്ടമാണ്. പണ്ട് വേദങ്ങളും വേദാംഗങ്ങളുമായിരുന്നു പാഠ്യവിഷയങ്ങള്‍.
അഷ്ടാംഗവിധമൈഥുനത്യാഗത്തോടു കൂടിയ വേദപഠനം വ്രതമായി ആചരിക്കുകയാണ് ബ്രഹ്മചര്യാശ്രമത്തില്‍ ചെയ്യേണ്ടത്‌. അവിടെ സകല ധര്‍മ്മങ്ങളും പഠിച്ചു തനിക്ക് അനുയോജ്യമായ ധര്‍മ്മം തെരഞ്ഞെടുക്കണം. ബ്രഹ്മചര്യം സമാപിച്ചാല്‍ തനിക്ക് അനുരൂപയായ സഹധര്‍മിണിയെ സ്വീകരിച്ചു ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കാം. കൂടെ ധര്‍മ്മമനുഷ്ഠിക്കുന്നവളാണല്ലോ സഹധര്‍മ്മിണി. ഗൃഹസ്ഥാശ്രമി തന്റെയും തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭ്യുദയത്തിനും നിശ്രേയസ്സിനും വേണ്ട കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. അഗ്നിഹോത്രം, തപസ്സ്, സത്യം, വേദപഠനം, പാഠനം, അതിഥിസത്കാരം, വൈശ്വദേവം മുതലായ ഇഷ്ടകര്‍മ്മങ്ങളും, കിണര്‍, തടാകം, ദേവാലയം, ഉദ്യാനം, മുതലായവ നിര്‍മ്മിക്കുക അന്നദാനം നടത്തുക തുടങ്ങിയ പൂര്‍ത്ത കര്‍മ്മങ്ങളും തന്നെ ആശ്രയിക്കുന്നവരെ സംരക്ഷിക്കുക ഒന്നിനെയും ഹിംസിക്കാതിരിക്കുക മുതലായ ദത്ത കര്‍മ്മങ്ങളും ഗൃഹസ്ഥാശ്രമി അനുഷ്ഠിക്കേണ്ടതാണ്. സ്വാദ്ധ്യായവും പ്രവചനവും സ്വധര്‍മ്മമായിത്തന്നെ ഗൃഹസ്ഥാശ്രമിയും അനുഷ്ഠിക്കണം. ലൌകികഭോഗങ്ങള്‍ അനുഭവിച്ചു ഒരിക്കലും പൂര്‍ണ്ണ തൃപ്തിയുണ്ടാകുകയില്ല എന്ന് മനസ്സിലാക്കുന്ന ഗൃഹസ്ഥാശ്രമിക്ക് ക്രമേണ ഭോഗ്യവിഷയങ്ങളില്‍ വിരക്തി ഉണ്ടാകും. തന്റെ മകന് ഒരു കുട്ടി ഉണ്ടായാല്‍ മകനെ ഗൃഹഭാരം ഏല്‍പ്പിച്ചു വാനപ്രസ്ഥം ചെയ്യണം. അവിടെ ആധ്യാത്മിക സാധനകള്‍ തീവ്രമായി അനുഷ്ഠിച്ച്‌ പൂര്‍ണ്ണവിരക്തനായാല്‍ സംന്യാസാശ്രമം സ്വീകരിക്കാം. എന്നാല്‍ പൂര്‍ണ്ണവിരക്തിയും മോക്ഷേഛയും ഉള്ള ഒരാള്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും സംന്യാസം സ്വീകരിക്കാം.
“ബ്രഹ്മചര്യാദ്വാ ഗൃഹാദ്വാ വനാദ്വാ യദഹരേവ വിരേജത് തദഹരേവ പ്രവ്രജേത്” എന്നും വിധിയുണ്ട്.
സംന്യാസം സ്വീകരിക്കുന്ന ഒരാള്‍ ജീവസൃഷ്ടമായ പ്രപഞ്ചത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിക്കത്തക്ക സാധനാക്രമങ്ങള്‍ പാലിക്കണം എന്നാണ് യതിധര്‍മ്മം വിധിക്കുന്നത്. താന്‍ തന്നെ സൃഷ്ടിച്ചു തനിക്ക് തന്നെ ബന്ധനമായിത്തീര്‍ന്ന പ്രപഞ്ചത്തില്‍ നിന്നും വിവേകപൂര്‍വ്വം മോചിച്ചു തന്റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുകയെന്നതാണ് മോക്ഷം. “മുക്തിര്‍ ഹിത്വാന്യഥാഭാവം സ്വരൂപേണ വ്യവസ്ഥിതി “ എന്ന് ഭാഗവതവും മുക്തിയെ നിര്‍വചിച്ചിട്ടുണ്ട്. ഒരു ജീവന് സമ്പാദിക്കാവുന്നതില്‍ വച്ച് ഏറ്റവും മഹത്തായ ഈ സ്ഥിതി പരമശാന്തിസ്വരൂപമാണ്‌. ഈ അവസ്ഥയില്‍ എത്തിച്ചേരാന്‍ വേണ്ട മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന ജ്ഞാനികളും തത്വദര്‍ശികളുമായ ആചാര്യന്മാരാണ് മഹാപുരുഷന്മാര്‍.
ഈ അവസ്ഥയില്‍ എത്തിച്ചേരുവാന്‍ കഠിനമായ പ്രയത്നം തന്നെ വേണം. ഫലത്തിന്റെ ഔത്കൃഷ്ട്യമനുസരിച്ചു മാര്‍ഗ്ഗവും കഠിനമായിരിക്കുമല്ലോ. “ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥം” എന്ന് ശ്രുതിയിലും “യത്തദഗ്രേ വിഷമിവ പരിണാമേമൃതോപമം” എന്ന് സ്മൃതിയിലും പറയുന്നുണ്ട്.
ധര്‍മ്മാനുഷ്ഠാനത്തിനുതകുന്ന രീതിയില്‍ ഗുണകര്‍മ്മവിഭാഗമനുസരിച് ലൗകികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയെ പ്രാപിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളാണ് വര്‍ണ്ണാശ്രമങ്ങള്‍ എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
Harikrishnan Haridas

Saturday, 3 September 2016

Onam - the spoil of pseudo intellectual distortion

പരശുരാമനും,മഹാബലിയും വാമനനും
******************************************

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്. അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില് വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി?

പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങള്ക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും
യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്യേഷണ യാത്ര..

തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂര്വ്വം പുരാതന
ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അപ്പോള് പുരാണത്തില് നിന്നും വന്ന ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളില് നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം.

അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തില് ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.

മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന്  ജഗത്തിൽ   അവതരിക്കേണ്ടി വന്നിട്ടുണ്ട്.

1. നരസിംഹാവതാരം -

പരമ വിഷ്ണു ഭക്തനും അസുര ചക്രവര്ത്തിയുമായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധര്മ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി.
അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാന് വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച
അസുര ചക്രവര്ത്തി ഹിരണ്യ കശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹർഷിയുടെ
സത്സംഗം കേൾക്കാൻ  ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോള് മുതൽ അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.
പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയില് ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെ അവസാനം മഹാവിഷ്ണു നരസിംഹ രൂപത്തിൽ  (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.
ഇന്നത്തെ ഡെക്കാൺ  പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ദ്ര പ്രദേശിലെ കുർണൂൽ ജില്ലയിൽ  ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒൻപതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ദ്രയിലെ ആഹോബിലം എന്ന പുണ്യ ദേശം.
ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.

2. വാമനാവതാരം-

പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവർത്തി. അതി ശക്തിമാനും നീതിമാനുമായിരുന്ന ബലി ചക്രവർത്തി
സമ്പല്സമൃദ്ധമായ ഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങള്
ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര മധ്യപ്രദേശ് അതിര്ത്തി പ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകള് സമ്പത്തില് മതിമറന്നാഹ്ലാതിക്കാൻ  തുടങ്ങി.
സമൂഹത്തിനോടുള്ള കടമയായ പഞ്ച യഗ്നങ്ങളും കര്മ്മങ്ങളും സ്വധര്മ്മങ്ങളും മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയില് ദുഖിതരായ ഇന്ദ്രാതി ദേവതകള് മഹാവിഷ്ണുവിനോട് സങ്കടം ഉണര്ത്തിച്ചു. ബലി ചക്രവര്ത്തിയുടെ കീഴില് അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധര്മ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയില്
അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്നതിനു വേണ്ടി ബലി ചക്രവര്ത്തി അശ്വമേധ യാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനന് ഒരു പാവം ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തില് ബലി ചക്രവര്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനന് ബാലിയോടാവശ്യപ്പെട്ടു. സമ്പല്സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം സ്ഥലം പോലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെ രാജ്യത്തില് എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാന് ബലി അനുവാദം നല്കി. അപ്പോള് വാമനന് പ്രപഞ്ചം മുഴുവന് നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയില് ഭൂമിയും രണ്ടാമത്തെ അടിയില് ആകാശവും അളന്ന വാമനന് മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോള്, അഹന്ത ശമിച്ച മഹാബലി തന്റെ മുന്പില് പുണ്യ ദര്ശനം നല്കിയ മഹാവിഷ്ണുവിന്റെ മുന്പില് ഭക്ത്യാദര പൂര്വ്വം ശിരസ്സ് നമിച്ചു. ബലി ചക്രവര്ത്തിയുടെ ശിരസ്സില് തൃപ്പാദം സ്പര്ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിർവഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നു മുതൽ  ബലി ചക്രവര്ത്തി 'മഹാബലി' എന്ന പേരിൽ  പ്രജകൾ എന്നും സ്മരിക്കുമെന്നും ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു. താൻ  അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വര്ഷത്തിലൊരിക്കൽ ഭൂമിയിൽ വന്നു കാണാൻ   അനുവദിക്കണമെന്ന് അപേക്ഷിച്ചു മഹാബലി. അന്നു മുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂര്വ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവര്ത്തിയെ വരവേല്ക്കാനായ് ഓരോ വര്ഷവും ചിങ്ങമാസത്തിലെ തിരുവോണ നാളില് ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ദ്രയിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തില് എത്തി?!! തുടര്ന്ന് വായിക്കുക...

3. പരശുരമാവതാരം-

ജമദഗ്നി മഹര്ഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാര്ജ്ജുനൻ ഭൂമിയില് പലതരത്തിലുള്ള അക്രമങ്ങള് അഴിച്ചുവിടാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹര്ഷിയുടെ പുത്രൻ പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാര്ജ്ജുനൻ തുടര്ന്നും നടത്തിയ ആക്രമണങ്ങളില് ജമദഗ്നി മഹര്ഷി കൊല്ലപ്പെടുന്നു. അതില് പ്രതികാരം ജ്വലിച്ച പരശുരാമന് ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തില് പരമശിവന്റെ ശിക്ഷണത്തിൽ പത്തു വര്ഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടര്ന്നുണ്ടായ സംഭവബഹുലമായ ജീവിതത്തില് ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാര് വധിക്കപെട്ടു. തന്റെ ശപഥം പൂര്ത്തിയാക്കി.
പരശുരാമന് പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി ബ്രാഹ്മണര്ക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവന് അനുഗ്രഹിച്ചു നല്കിയിരുന്ന മഴുവുമായി ഗോകര്ണ്ണത്തു എത്തി, താന് മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാന് വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരില് അറിയപ്പെട്ടത്. പരശുരാമന് കടലില് നിന്നും സൃഷ്ടിച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളില് (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവന് ശിവലയങ്ങളും ദുര്ഗാലയങ്ങളും അവര്ക്കുവേണ്ടി പരശുരാമന് നിര്മ്മിച്ചു. ബ്രാഹ്മണര് കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തില് കൃഷിയാവശ്യതിനും മറ്റു നിര്മ്മാണ ജോലികള്ക്കും മറ്റുമായി മറ്റു കുലങ്ങളില് പെട്ട നിരവധി ആളുകള് സമീപ നാട്ടുരാജ്യങ്ങളായ തമിള്, കര്ണ്ണാടക, ആന്ദ്ര എന്നീവിടങ്ങളില് നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തില് വിവിധ നാടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂര്വ്വദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണര്ക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേല്ക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയെകുന്നു.

നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തില് നിന്നും വന്ന ബ്രാഹ്മണര് അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകള്ക്ക് കൈമാറി. ആ കഥകൽ ഇന്ന് കേൾക്കുന്ന രൂപത്തിൽ ഇങ്ങനെ തുടങ്ങുന്നു" പണ്ട് പണ്ട് നമുടെ നാട്ടില് മഹാബലി എന്ന മഹാനായ രാജന് ഭരണം നടത്തിയിരുന്നു" . കാലക്രെമത്തില്, അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി.

പില്ക്കാലത്ത് ആന്ദ്രയിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിര്ത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടതിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേല്ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് മഹാബലിയെ കേരളത്തിൽ വന്നല്ല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് എന്നും, പിന്നീട് ചരിത്രമെങ്ങനെ മരിമറഞ്ഞു എന്നും ഇതില് നിന്നും വ്യക്തമാകുന്നു . നമുടെ പൂർവ്വികരു നമുക്ക് കൈമാറിയ വസന്തങ്ങളുടെയും സന്തോഷത്തിന്റെയും സമ്പല് സമൃദ്ധിയുടെയുംടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകള്ക്കും പകര്ന്നു നല്കാം.
##############

മഹാബലിയും പരശുരാമനെറിയാത്ത മഴുവും

വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. പതിവുചോദ്യങ്ങളുമായി ബുദ്ധിരാക്ഷസന്മാര്‍ എത്തിയിരിക്കുന്നു. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല. ഇതൊക്കെ വെറും മിത്തുകള്‍.

അങ്ങനെ പറയാന്‍ വരട്ടെ. പണ്ടുമുതലേ പാടിപ്പഴകിയ “പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോ” നമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത്. ഭാര്‍ഗ്ഗവഭൂമി നമ്മുടെ മലയാളമല്ലേ? ആണെന്നു പറയാന്‍ വരട്ടെ. സ്കന്ദപുരാണാന്തര്‍ഗതമായ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തി പറയുന്നുണ്ട്.
‘വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം’
(സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം)
അര്‍ത്ഥം – ‘വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്‍വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില്‍ കിടക്കുന്നു,’ ഇതാകുന്നു ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തിനിര്‍ണ്ണയം.
അപ്പോള്‍ നമ്മുടെ മലയാളഭൂമിയേതാണ്?
‘മലയാദ്രിമാഹാത്മ്യം’ എന്ന ഗ്രന്ഥത്തില്‍ ഈ മലയാളഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

‘മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ
പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ
പൂര്‍വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ’

‘വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്‍വ്വതവും പടിഞ്ഞാറ് സമുദ്രവും.’

ഈ കാരണങ്ങളാല്‍ ഭാര്‍ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നു.ഭാര്‍ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന്‍ കന്യാകുമാരിയോ മുതല്‍ ‘നാസിക’ അല്ലെങ്കില്‍ സൌരാഷ്ട്രം വരെയാണ്. “സുബ്രഹ്മണ്യാല്‍സുരാഷ്ട്രാന്തമുദ്ധൃത്യഭാര്‍ഗ്ഗവോ മുനി:” എന്നു മലയാചല മാഹാത്മ്യത്തില്‍ കാണുന്നു. കാവ്യസംഹിതയില്‍ കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്‍പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു.

“തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം. ശൂര്‍പ്പാരകേതിരാമസ്യ ക്ഷേത്രം.” എന്നാണു ഇതിനു പ്രമാണം. പിന്നെ ഭാര്‍ഗ്ഗവന്‍, ഖരന്‍ പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല്‍ മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.

“നന്ദീശസംഹിതയില്‍’ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു.

“ഗുഹ്യകാദ്രി(ഹിമവല്‍പാര്‍ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് ‘കാമരൂപ’മെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്‍ഷമാണ്. അതില്‍, വിശിഷ്ടകര്‍മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്‍ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു. കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല്‍ തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്‍പ്പാരകമെന്നും പറയുന്ന ’രാമക്ഷേത്രം’, ഇവയാകുന്നു വിഭാഗങ്ങള്‍. തലക്കാവേരി മുതല്‍ തെക്കന്‍കന്യാകുമാരി വരെ ഭൂതലസ്വര്‍ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല്‍ കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു.

അപ്പോള്‍ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും. പരശുരാമന് മുന്‍പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു. അതിനാല്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല.

ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം. ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത്. ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍  കടന്നുചെന്നത്. സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്.

ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു. യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു. മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട്‌ മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു. അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്.

 “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും. യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല.”

വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി. എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട്‌ മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു. വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു. മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട്‌ ബലി പറഞ്ഞു

“ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”

അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും  ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു .
ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു.

അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം. ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്?
വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ. എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം. മലയാളഭൂമിയാണ് ബലിസത്മം. മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു. രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു. രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട്. മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു.

ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല. ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു.

ഇന്നലെകളുടെ നേർക്കാഴ്ചകൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഹരികൃഷ്ണൻ ഹരിദാസ് എഴുതിയത്.

അഭിപ്രായങ്ങൾ താഴെയുള്ള ലിങ്ക് ക്ലിക് ചെയ്ത് fb പോസ്റ്റിൽ രേഖപ്പെടുത്തുക .

https://www.facebook.com/groups/450064555118899/permalink/590511984407488/
----------------------------------------------------------------------------------------------
ഷെയര്‍ ചെയ്യുക ...
മഹാബലിയെന്ന് കേള്‍ക്കുന്ന മാത്രയില്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ കപ്പടാമീശയും ഉന്തിയ വയറുമുള്ള ഒരു പൊണ്ണത്തടിയന്‍ ഓലക്കുടയുമായി വരുന്ന ഒരു അപഹാസ്യചിത്രമാണ് തെളിയുന്നത്. പുരാണകഥാപാത്രങ്ങളെ ഇത്തരത്തില്‍ വികൃതമായി ചിത്രീകരിക്കുവാനും പുരാണകഥകളെ വളച്ചൊടിച്ച് അസംബന്ധങ്ങള്‍ പലതും പ്രചരിപ്പിക്കുവാനും ചില കുത്സിതമതികളും മാധ്യമങ്ങളും മത്സരിക്കുകയാണ്. ഹൈന്ദവധര്‍മ്മത്തെ അപമാനിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള ഇത്തരത്തിലുള്ള കുത്സിതപ്രവര്‍ത്തനങ്ങളെ ശക്തമായും യുക്തമായും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
നല്ലവനും സത്യസന്ധനുമായ മഹാബലിയുടെ കാലത്തെപ്പറ്റി കേരളത്തിലെങ്ങും പ്രചാരമുള്ള ഒരു നാടന്‍ പാട്ടാണിത്. നല്ലവനായ മഹാബലിയെന്ന ദളിതനായ അസുരചക്രവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ച്, ബലി അടക്കിവാണിരുന്ന മൂന്നുലോകവും രണ്ടടികൊണ്ടളന്നുകൈക്കലാക്കി മൂന്നാമത്തെ കാലടിവെയ്ക്കുവാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലിയുടെ തലയില്‍ കാല്‍വെച്ച് പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയത്രെ. പ്രതിവര്‍ഷം ചക്രവര്‍ത്തിക്ക് തന്റെ പ്രജകളെ കാണുന്നതിനുവേണ്ടി വാമനന്‍ പ്രത്യേക അനുവാദം കൊടുത്തുവെന്നും അതനുസരിച്ച് മഹാബലി തന്റെ പ്രജകളെ കാണുവാന്‍ കേരളത്തിലേക്ക് എല്ലാവര്‍ഷവും ചിങ്ങത്തിലെ തിരുവോണത്തിന് വരുന്നതാണ് ഓണാഘോഷമെന്നുമാണ് കേരളത്തില്‍ പ്രചാരത്തിലുള്ള ഓണക്കഥ.
പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഒന്നും തന്നെ ഇതിന് ഉപോല്‍ബലകങ്ങളായ പരാമര്‍ശങ്ങളോ വിവരണങ്ങളോ ഇല്ലാതെ ഈ അസത്യമായ ഓണക്കഥ കേരളത്തില്‍ മാത്രം എങ്ങനെ പ്രചാരണത്തില്‍ വന്നു? ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലും വെട്ടം മാണിയുടെ പുരാണനിഘണ്ടുവിലും കുട്ടികള്‍ക്ക് പഠിക്കുവാനുള്ള പാഠപുസ്തകങ്ങളിലുമെല്ലാം വാമനമൂര്‍ത്തി മാവേലിമന്നനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന് എഴുതിവെച്ചിരിക്കുന്നതാണ് അത്യന്തം ഖേദകരമായിത്തോന്നുന്നത്.
ശ്രീമദ്ഭാഗവതത്തിലെ അഷ്ടമസ്‌കന്ധത്തിലെ 15-ാമത് അദ്ധ്യായം മുതല്‍ 23-ാമത് അദ്ധ്യായം വരെയുള്ള ഭാഗമാണ് വാമനചരിതമെന്ന മഹാബലിയുടെ കഥയ്ക്കാധാരമായിട്ടുള്ളത്.
സര്‍വ്വേശ്വരനായ ഭഗവാന്‍ ശ്രീഹരി ഒന്നുമില്ലാത്തവനെപ്പോലെ എന്തിനാണ് മൂന്നടി മണ്ണ് യാചിച്ചത്? എല്ലാം ലഭിച്ചിട്ടും നിരപരാധിയായ ബലിയെ ബന്ധിച്ചതെന്തിനാണ്? എന്നിങ്ങനെയുള്ള പരീക്ഷിത്തിന്റെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ് ഭാഗവതത്തില്‍ ശ്രീശുകബ്രഹ്മര്‍ഷി മഹാബലിയുടെ കഥ വിവരിക്കുന്നത്.
ദേവേന്ദ്രനാല്‍ തോല്‍പ്പിക്കപ്പെട്ട്,നിഗ്രഹിക്കപ്പെട്ട ബലിക്ക് ശുക്രാചാര്യരുടെ മൃതസഞ്ജീവനികൊണ്ട് ജീവിതം തിരിച്ചുകിട്ടി. സ്വര്‍ഗ്ഗം ജയിക്കുവാന്‍ ആഗ്രഹിച്ച മഹാബലിയെക്കൊണ്ട് ഗുരുനാഥന്‍ 'വിശ്വജിത്ത്' എന്ന യാഗം ചെയ്യിപ്പിച്ചു. മുത്തച്ഛനായ പ്രഹ്ലാദന്‍ നല്‍കിയ വാടാത്ത മാല്യമണിഞ്ഞ് ഗുരു അനുഗ്രഹിച്ചു നല്‍കിയ ദിവ്യരഥമേറി ബലി ദേവലോകം പിടിച്ചടക്കുവാനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ പടപ്പുറപ്പാടുകണ്ട് പരിഭ്രമിച്ച ഇന്ദ്രന്‍ ഗുരുവായ ബൃഹസ്പതിയെ കണ്ട് ബലിയുടെ പുനര്‍ജ്ജന്മത്തിന്റെയും തിരിച്ചുവരവിന്റെയും കാരണമാരാഞ്ഞു. ''ശുക്രാചാര്യരാണ് ശിഷ്യനെ തേജസ്വിയാക്കിത്തീര്‍ത്തത്. വിഷ്ണുഭഗവാനല്ലാതെ മറ്റാര്‍ക്കും ബലിയെ നേരിടാനുള്ള ശക്തിയില്ല. ഏതൊരു ഗുരുവിന്റെ അനുഗ്രഹത്താലാണോ ബലി പ്രതാപശാലിയായിത്തീര്‍ന്നത് അതേ ശുക്രാചാര്യരുടെ ഉപദേശത്തിന് വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ബലിയില്‍ നിന്ന് ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗം തിരിച്ച് കിട്ടും. ഇപ്പോള്‍ കാലം അസുരന്മാര്‍ക്കനുകൂലമായതിനാല്‍ കാത്തിരിക്കുക'' എന്ന ഗുരുവിന്റെ ഉപദേശപ്രകാരം യുദ്ധംചെയ്യാതെ ദേവന്മാര്‍ ഭൂമിയില്‍ വേഷംമാറി സഞ്ചരിച്ചു.
ത്രൈലോക്യജേതാവായ മഹാബലിയുടെ ഇന്ദ്രപദവി സ്ഥിരമാക്കിത്തീര്‍ക്കുവാനായി ശുക്രമഹര്‍ഷി ബലിയെക്കൊണ്ട് നൂറ് അശ്വമേധയാഗങ്ങള്‍ കഴിപ്പിച്ചു. ഗുരുവിന്റെ അനുഗ്രഹത്താല്‍ മഹാബലിയുടെ കീര്‍ത്തി ലോകമെമ്പാടും വ്യാപിച്ചു. അസുരന്മാര്‍ സ്വര്‍ഗ്ഗാധിപത്യം നേടിയതും തന്റെ മക്കള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നതും കണ്ട് ദേവമാതാവായ അദിതി അത്യന്തം ദുഃഖിതയായിത്തീര്‍ന്നു. ദേവന്മാരുടെ അച്ഛനും തന്റെ ഭര്‍ത്താവുമായ കശ്യപന്‍ ഒരിക്കല്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വ്യസനിച്ചിരിക്കുന്ന അദിതിയെക്കണ്ട് ദുഃഖകാരണമാരാഞ്ഞു. നഷ്ടപ്പെട്ട ഐശ്വര്യവും സ്ഥാനമാനങ്ങളും തന്റെ പുത്രന്മാര്‍ക്ക് തിരിച്ചുകിട്ടുവാന്‍ താന്‍ എന്തുചെയ്യണമെന്ന് അദിതി കശ്യപപ്രജാപതിയോട് ചോദിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ദേവമാതാവായ അദിതി പയോവ്രതമനുഷ്ഠിച്ച് ഭഗവാനെ ആരാധിച്ചു. പാല്‍മാത്രമാഹരിച്ചുകൊണ്ട് വിഷ്ണുഭഗവാനെ വ്രതനിഷ്ഠയോടെ പൂജിക്കുന്ന പന്ത്രണ്ടുദിവസത്തെ പയോവ്രതത്താല്‍ സംപ്രീതനായ ഭഗവാന്‍ പതിമൂന്നാം നാള്‍ വ്രതാവസാനത്തില്‍ അദിതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് ഗദ്ഗദകണ്ഠയായി അദിതിമാതാവ് ഭഗവാനെ സ്തുതിച്ചു. അദിതിയുടെ സ്തുതിയാല്‍ സംപ്രീതനായ ഭഗവാന്‍ ''അമ്മേ, ശത്രുക്കളാല്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട അനാഥരായിത്തീര്‍ന്ന പുത്രന്മാരെ ഓര്‍ത്ത് ദുഃഖിക്കുന്ന അമ്മയുടെ മനോരഥം എനിക്കറിയാം. ഈശ്വരാനുകൂലത്ത്വം യഥേച്ഛമുള്ളതുകൊണ്ട് ഇപ്പോള്‍ അസുരന്മാരെ ജയിക്കുക എളുപ്പമല്ല. എന്നാല്‍ എന്നെ ആരാധിച്ചു നടത്തിയ പയോവ്രതം നിഷ്ഫലമാകുവാനും പാടില്ല. അതുകൊണ്ട് ഞാന്‍ തന്നെ അമ്മയുടെ മകനായവതരിച്ച് ദേവന്മാരെ രക്ഷിച്ചുകൊള്ളാം'' എന്നരുളിച്ചെയ്ത് അന്തര്‍ധാനം ചെയ്തു.
ഭഗവദനുഗ്രഹത്താല്‍ തന്നില്‍ ഈശ്വരചൈതന്യം പ്രവേശിച്ചതറിഞ്ഞ കശ്യപന്‍ അദിതിയില്‍ വീര്യാധാനം ചെയ്തു. ഗര്‍ഭഗതവിഷ്ണുവിനെ ബ്രഹ്മാദിദേവതകള്‍ വന്ന് സ്തുതിച്ചു. അങ്ങനെ ചിങ്ങത്തിലെ വെളുത്ത ദ്വാദശിയും തിരുവോണവും കൂടിയ ദിവസം ഉത്രട്ടാതിയുടെ അവസാനത്തെ പതിനഞ്ചുനാഴികയും തിരുവോണത്തിന്റെ ആദ്യത്തെ നാലുനാഴികയും കൂടിയ അഭിജിത്ത് എന്ന ശുഭമുഹൂര്‍ത്തത്തില്‍ മഹാപ്രഭുവായ ഭഗവാന്‍ അവതരിച്ചു. (ശ്രീമദ് ഭാഗവതം ഢകകക/18/5)
വെളുത്ത ദ്വാദശിയിലെ സൂര്യന്‍ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ വിജയ എന്ന മുഹൂര്‍ത്തത്തിലാണ് ശ്രീഹരിയവതരിച്ചത്. ചതുര്‍ബാഹുവായി എല്ലാ ആയുധങ്ങളോടുംകൂടിയാണ് ഭഗവാനവതരിച്ചത്. എല്ലാവരും സ്തുതിച്ച് വന്ദിച്ചപ്പോള്‍ ശ്രീഹരി ഒരു നടന്‍ വേഷം മാറുന്നതുപോലെ പെട്ടെന്ന് വാമനവടുവായി മാറി (ഭാഗ:ഢകകക/18/12). കശ്യപപ്രജാപതി ഉണ്ണിയുടെ ഉപനയനം നടത്തി. സൂര്യദേവന്‍ നേരിട്ട് ഗായത്രീമന്ത്രമുപദേശിച്ചു. ഉമാദേവിയില്‍ നിന്ന് ഭിക്ഷയും സ്വീകരിച്ച് വാമനമൂര്‍ത്തി മഹാബലിയുടെ യജ്ഞശാലയിലേക്ക് പുറപ്പെട്ടു.
മഹാബലി നര്‍മ്മദാനദിയുടെ വടക്കേതീരത്തുള്ള 'ഭൃഗുകച്ഛം' എന്ന തീര്‍ത്ഥഭൂമിയില്‍ 99 യാഗങ്ങള്‍ കഴിഞ്ഞ് നൂറാമത്തെ അശ്വമേധയാഗമാരംഭിച്ചിരുന്നു. യാഗശാലയില്‍ എത്തിച്ചേര്‍ന്ന ഉജ്ജ്വല തേജസ്സോടുകൂടിയ ബാലനെക്കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് എതിരേറ്റ് സ്വീകരിച്ചു. കുടയും ദണ്ഡവും കമണ്ഡലുവുമായി ഭിക്ഷാംദേഹിയായി തന്റെ യജ്ഞശാലയില്‍ സമാഗതനായ ബ്രഹ്മചാരിക്കുട്ടിയെ മഹാബലി നമസ്‌കാരപൂര്‍വ്വം പാദപൂജ ചെയ്തു. 'എന്ത് വേണമെങ്കിലും ചോദിച്ചോളൂ. ഞാന്‍ നിനക്ക് എന്തും നല്‍കും' എന്ന് വാഗ്ദാനവും നല്‍കി.
മഹാബലിയുടെ സ്വാഗതവചസ്സുകള്‍ കേട്ട് സന്തുഷ്ടനായ ഭഗവാന്‍ ബലിയെ പ്രശംസാവചനങ്ങള്‍കൊണ്ട് മൂടി. ''ദാനശീലരില്‍ ശ്രേഷ്ഠനായ അങ്ങയില്‍ നിന്ന് ഞാന്‍ എന്റെ കാല്‍കൊണ്ടളന്നെടുക്കാവുന്ന മൂന്നടി മണ്ണ് മാത്രമാണ് ആഗ്രഹിക്കുന്നത്'' എന്ന ബ്രഹ്മചാരിയുടെ യാചന കേട്ടപ്പോള്‍ (പദാനി ത്രീണി ദൈത്യേന്ദ്ര സംമിതാനി പദാ മമ. ഭാഗ: ഢകകക/19/17)'ത്വം ബാലോ ബലിശമതി:- 'നീ കണ്ടാല്‍ മാത്രമല്ല സ്വഭാവം കൊണ്ടും കുട്ടിതന്നെ. മൂന്ന് ലോകത്തിനുമധിപതിയായ എന്നെ ഇത്രയൊക്കെ സ്തുതിച്ചിട്ട് വെറും മൂന്നടിമണ്ണാണോ ആവശ്യപ്പെടുന്നത്? എന്നോടൊരിയ്ക്കല്‍ യാചിച്ചൊരാള്‍ പിന്നീട് ഒരിയ്ക്കലും മറ്റൊരാളോട് യാചിക്കാനിടവരരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. അതിനാല്‍ അങ്ങ് വരം മാറ്റി ചോദിച്ചുകൊള്ളൂ.' എന്ന് അല്പം അഹങ്കാരവും പരിഹാസവും കലര്‍ന്ന സ്വരത്തോടെ മഹാബലി പറഞ്ഞു ('മാം വചോഭിഃ സമാരാധ്യ ലോകാനാമേകമീശ്വരം' ഭാഗ:ഢകകക/18/19). മറ്റൊന്നും വേണ്ടെന്ന വാമനന്റെ മറുപടികേട്ട മഹാബലി ''അങ്ങയുടെ ആഗ്രഹം പോലെ സ്വീകരിക്കൂ.'' എന്ന് പറഞ്ഞ് ജലസഹിതം ദാനം ചെയ്യുവാനായി ജലപാത്രം കയ്യിലെടുത്തു. കപടവേഷധാരിയായി വന്ന വിഷ്ണുവിന് സര്‍വ്വസ്വവും ദാനം ചെയ്യാനൊരുമ്പെട്ട ശിഷ്യനെ ശുക്രാചാര്യന്‍ തടഞ്ഞു. ദാനം നല്കാതിരിക്കുന്നതിനുവേണ്ടി ഗുരുനാഥന്‍ പലപലന്യായങ്ങളും പറഞ്ഞുവെങ്കിലും മഹാബലി അതൊന്നും ചെവിക്കൊണ്ടില്ല.
''ഒരു സാധാരണഗൃഹസ്ഥനെ സംബന്ധിച്ചിടത്തോളം അവിടുന്ന് ഇപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണ്, സ്വീകാര്യവുമാണ്. പക്ഷേ മുത്തച്ഛനായ പ്രഹ്ലാദനില്‍നിന്ന് സത്യത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ഞാന്‍, തരാമെന്ന് പ്രതിജ്ഞ ചെയ്തിട്ട് ഒരു വഞ്ചകനെപ്പോലെ എങ്ങനെ അത് നിരാകരിക്കും? യജ്ഞേശ്വരനായ ഭഗവാന്‍ വിഷ്ണുതന്നെയാണ് തന്റെ മുന്നില്‍ വേഷപ്രച്ഛന്നനായി വന്നിരിക്കുന്നതെങ്കില്‍ ആ ഭഗവാന് ഞാനീ ഭൂമി നല്‍കുന്നതിലുപരിയായി പുണ്യകരമായിട്ടെന്തുണ്ട്?'' എന്ന ശിഷ്യന്റെ മറുപടി കേട്ടപ്പോള്‍ തന്റെ ഉപദേശം അംഗീകരിക്കാത്തവനും സത്യസന്ധനും ധീരനുമായ മഹാബലിയെ ശുക്രാചാര്യര്‍ ''നിന്റെ എല്ലാവിധ ഐശ്വര്യങ്ങളുമധികാരവും നഷ്ടപ്പെട്ടുപോകട്ടെ''എന്ന് ശപിച്ചു.
ദാനസങ്കല്പം കഴിഞ്ഞതും വാമനന്‍ മൂന്നുലോകവും നിറഞ്ഞ വിശ്വരൂപത്തെ സ്വീകരിച്ചു. (തദ് വാമനം രൂപം അവര്‍ധതാദ്ഭുതം ഹരേരനന്തസ്യ ഗുണത്രയാത്മകം (ഭാഗ:ഢകകക/21/21))ഒരടികൊണ്ട് അധോലോകങ്ങളും രണ്ടാമത്തെ അടികൊണ്ട് ഊര്‍ധ്വലോകങ്ങളും അളന്നെടുത്ത് മൂന്നാമത്തെ അടി എവിടെവെക്കണമെന്ന വാമനമൂര്‍ത്തിയുടെ ചോദ്യത്തിന് 'ലോകാനാമേകമീശ്വരം' എന്നഹങ്കരിച്ച മഹാബലിക്ക് മറുപടിയില്ലാതായി. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ നരകവാസമായിരിക്കും ഫലമെന്നും വാമനന്‍ ബലിയെ ഓര്‍മ്മിപ്പിച്ചു.
''തനിക്ക് നരകത്തെയോ വരുണപാശത്തെയോ തെല്ലും ഭയമില്ല. വാക്ക് പാലിക്കാന്‍ പറ്റാത്തതാണെന്റെ ഖേദം. അതിനാല്‍ എന്റെ വാക്ക് വീണ്‍വാക്കാകാതിരിക്കാന്‍, പ്രഹ്ലാദന്റെ പേരക്കുട്ടി പ്രതിജ്ഞ ലംഘിച്ചവനാണെന്ന ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാന്‍ മഹാപ്രഭോ! ഞാനെന്നെത്തന്നെ നിവേദ്യമായി അങ്ങയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങയുടെ തൃപ്പാദമെന്റെ ശിരസ്സില്‍ വെച്ച് മൂന്നാമത്തെ അടി അളന്നെടുത്ത് എന്നെ സത്യവ്രതനാക്കേണമേ.''
(യദ്യുത്തമശ്ലോക ഭവാന്മമേരിതം
വചോ വ്യളീകം സുരവര്യ മന്യതേ
കരോമ്യതം തന്ന ഭവേത് പ്രലംഭനം
പദം തൃതീയം കുരു ശീര്‍ഷ്ണി മേ നിജം
ഭാഗ:ഢകകക/22/2)
എന്ന് മഹാബലി വാമനനോഭ്യര്‍ത്ഥിച്ചു. ഈ സമയത്ത് ബ്രഹ്മാവും പ്രഹ്ലാദനുമവിടെ സമാഗതരായി. ബ്രഹ്മാവ് മഹാബലിയെ രക്ഷിക്കണമേ, നിഗ്രഹിക്കരുതേ എന്ന് ഭഗവാനോഭ്യര്‍ത്ഥിച്ചു. വിശ്വരൂപിയായിരുന്ന വാമനന്‍ ബ്രഹ്മചാരിക്കുട്ടിയായി മാറി തന്റെ തൃപ്പാദം ബലിയുടെ ശിരസ്സില്‍ സ്പര്‍ശിച്ച് അനുഗ്രഹിച്ചതുകണ്ട ഭക്തോത്തമനായ പ്രഹ്ലാദനാകട്ടെ ''ഭഗവന്‍! ഈ ബലിയുടെ സ്വത്ത് അങ്ങ് പിടിച്ചുപറിച്ചിട്ടില്ല. ഒരു കാലത്ത് ഇന്ദ്രന്‍ ഐശ്വര്യത്താല്‍ മദോന്മത്തനായെന്ന് കണ്ടപ്പോള്‍ ലോകാധിപത്യം ഇന്ദ്രനില്‍നിന്നെടുത്ത് താല്‍ക്കാലികമായി ബലിയുടെ കൈവശമേല്പിച്ചു. ഇവനും ഇന്ദ്രനെപ്പോലെ ഐശ്വര്യമദം കൊണ്ട് ദുഷിച്ചുപോകുന്നുവെന്ന് കണ്ടപ്പോള്‍ അങ്ങത് തിരിച്ചെടുക്കുന്നു. ഇതൊരനുഗ്രഹമാണ്, നിഗ്രഹമല്ല'' എന്ന് വിനയാന്വിതനായി ഭഗവാനോടുണര്‍ത്തിച്ചു. (ഭാഗ:ഢകകക/23/610)
''ബന്ധഹേതുവായ അജ്ഞാനം നശിച്ച് ശുദ്ധനായ മഹാബലിയ്ക്ക് ബന്ധനമല്ല മുക്തിയാണ് നല്‍കേണ്ടത്'' എന്ന ബ്രഹ്മാവിന്റെ വാക്ക് കേട്ട് ഭഗവാന്‍ പറഞ്ഞു. ''ഹേ ബ്രഹ്മന്‍! ഞാനൊരു ഭക്തനെയനുഗ്രഹിക്കുവാന്‍ ആഗ്രഹിച്ചാല്‍ ആദ്യം അവന്റെ ഐശ്വര്യത്തെയപഹരിക്കും. ഐശ്വര്യമദംകൊണ്ട് ഉന്മത്തനായ മനുഷ്യന്‍ ലോകത്തെയും എന്നെയും അപമാനിക്കുന്നു (ഭാഗ:ഢകകക/22/24). ദാനവദൈത്യന്മാരിലഗ്രഗണ്യനായ ഈ മഹാബലി ആര്‍ക്കും ജയിക്കാന്‍ കഴിയാത്ത മായയെപ്പോലുമിന്ന് ജയിച്ചിരിക്കുന്നു. ദൃഢവ്രതനായ മഹാബലി ധനമെല്ലാം നഷ്ടപ്പെട്ടിട്ടും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിട്ടും ശത്രുക്കളാല്‍ ബന്ധിക്കപ്പെട്ടിട്ടും ഗുരുശാപമേല്‍ക്കേണ്ടി വന്നിട്ടും പലവിധ ക്ലേശങ്ങളനുഭവിക്കേണ്ടി വന്നിട്ടും സത്യവ്രതനായതുകൊണ്ട് സത്യത്തില്‍നിന്ന് വ്യതിചലിച്ചില്ല. ആയതിനാല്‍ ദേവന്മാര്‍ക്കുപോലും പ്രാപിക്കാനാകാത്ത സുദുര്‍ലഭസ്ഥാനമാണ് ഞാനിവന് കൊടുക്കുന്നത്. (ഏഷ മേ പ്രാപിതഃ സ്ഥാനം ദുഷ്പ്രാപമമരൈപി. സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ ഭാഗ:ഢകകക/22/31). ഇനി വരുന്ന സാവര്‍ണിമന്ന്വന്തരത്തിലെ ഇന്ദ്രപദമാണ് ഞാനെന്റെ മഹാബലിയ്ക്ക് നല്‍കുന്നത്. അതുവരെ, വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച സ്വര്‍ഗവാസികള്‍പോലും പോകുവാനാഗ്രഹിയ്ക്കുന്ന സുതലത്തില്‍ വസിക്കട്ടെ ഇന്ദ്രസേന! അങ്ങയ്ക്ക് മംഗളം ഭവിക്കട്ടെ. അങ്ങ് ബന്ധുമിത്രാദികളോടുകൂടി ദേവന്മാര്‍ക്കും പ്രാപ്യമല്ലാത്ത സുതലത്തിലേക്ക് പോവുക. ഇനി ലോകപാലന്മാര്‍ക്കുപോലും അങ്ങയെ ആക്രമിക്കുവാന്‍ സാധ്യമല്ല. അങ്ങയുടെ കല്പനയെ ലംഘിക്കുന്ന അസുരന്മാരെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാനങ്ങയെ ഒരാപത്തും വരാതെ രക്ഷിക്കുന്നതാണ്. സുതലത്തില്‍ സന്നിഹിതനായ തന്നെ എന്നും അങ്ങയ്ക്ക് കാണുവാന്‍ കഴിയും (ഭാഗ:ഢകകക/22/3236) എന്നിപ്രകാരം വാമനമൂര്‍ത്തി മഹാബലിയെ അനുഗ്രഹിച്ചു. വാമനന്റെ ഇപ്രകാരമുള്ള അനുഗ്രഹവചസ്സുകള്‍ കേട്ട് കൃതാര്‍ത്ഥനായ മഹാബലി ഗദ്ഗദകണ്ഠനായി പറഞ്ഞു.
(ഇത്യുക്തവന്തം പുരുഷം പുരാതനം
മഹാനുഭാവോളഖിലസാധുസമ്മതഃ
ബദ്ധാഞ്ജലിര്‍ബാഷ്പകലാകുലേക്ഷണോ
ഭക്ത്യുദ്ഗലോ ഗദ്ഗദയാ ഗിരാബ്രവീത് (ഭാഗ:ഢകകക/23/1)
''ഭഗവാനേ! അങ്ങയുടെ കാരുണ്യാതിരേകം അത്യാശ്ചര്യകരം തന്നെ. ഞാനങ്ങയെ നമസ്‌കരിക്കുവാനുദ്ദേശിച്ചപ്പോഴേക്കും തപോദാനാദികളിലൂടെ പോലും ലഭിക്കാത്ത ഫലമെനിയ്ക്കങ്ങ് നല്‍കിയനുഗ്രഹിച്ചിരിക്കുന്നു''. ഇത്രയും പറഞ്ഞ് മഹാബലി ത്രിമൂര്‍ത്തികളെയും വണങ്ങി അത്യന്തം സന്തോഷത്തോടെ അസുരന്മാരോടൊപ്പം സുതലത്തിലേയ്ക്ക് പോകാനൊരുങ്ങി.(ഭാഗ:ഢകകക/23/1112) ഇന്ദ്രാനുജനായ വാമനമൂര്‍ത്തി (ഉപേന്ദ്രന്‍) ഇന്ദ്രന് അര്‍ഹതപ്പെട്ട സ്വര്‍ഗത്തെ നല്‍കിയശേഷം മാതാവായ അദിതിയെ നമസ്‌കരിച്ച് തന്റെ അവതാരദൗത്യം നിറവേറ്റിയതായി അറിയിച്ചു. ഭഗവദ്ഭക്തിയില്‍ മുങ്ങിയ പ്രഹ്ലാദന്‍''ബ്രഹ്മാദിദേവന്മാര്‍ക്കുപോലും നല്‍കാത്ത കാരുണ്യമങ്ങ് ഞങ്ങളില്‍ പ്രദര്‍ശിപ്പിച്ചല്ലോ. ഇതിന് ഞങ്ങള്‍ക്കര്‍ഹതയുണ്ടോ ഭഗവാനേ'' എന്ന് ചോദിച്ചപ്പോള്‍ ''വത്സാ, പ്രഹ്ലാദ! നിങ്ങളെല്ലാവരും സുതലത്തിലേക്ക് പോയ്‌ക്കൊള്‍ക. പൗത്രാദികളോടൊപ്പം സുഖമായി കഴിയുക. സുതലദ്വാരത്തില്‍ ഗദാപാണിയായ ഞാന്‍ നിനക്ക് സദാ ദര്‍ശനമേകും'' എന്ന് ഭഗവാന്‍ പ്രഹ്ലാദനെയനുഗ്രഹിച്ച് മഹാബലിയോടൊപ്പം സുതലത്തിലേയ്ക്ക് യാത്രയാക്കി. മഹാബലിയുടെ യാഗത്തില്‍ വന്ന ന്യൂനത പരിഹരിച്ച് യാഗം പൂര്‍ത്തിയാക്കാന്‍ ശുക്രാചാര്യരോട് വാമനമൂര്‍ത്തി നിര്‍ദ്ദേശിച്ചതനുസരിച്ച് ശുക്രാചാര്യര്‍ യാഗം പൂര്‍ത്തിയാക്കി. ബ്രഹ്മാവ് പിന്നീട് ലോകരുടെയും ലോകപാലന്മാരുടെയുമെല്ലാം പിതാവായി വാമനമൂര്‍ത്തിയെ നിശ്ചയിച്ചു.(ഭാഗ:ഢകകക/23/21) ബ്രഹ്മശിവാദികള്‍ ഭഗവാന്റെ കൃത്യത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സ്വസ്ഥാനങ്ങളിലേക്ക് പോയി. ഇപ്പോള്‍ നടന്നുവരുന്ന മന്വന്തരത്തിലവതരിച്ച വാമനമൂര്‍ത്തിയുടെ അവതാരകഥയുടെ സാരാംശമിപ്രകാരമാണ് ശ്രീമദ് ഭാഗവതത്തില്‍ അഷ്ടമ സ്‌കന്ധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
ശ്രീമദ് ഭാഗവതത്തിലോ നാരായണീയത്തിലോ മറ്റേതെങ്കിലും പ്രാമാണികഗ്രന്ഥങ്ങളിലോ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് പറയുന്നില്ല. മറിച്ച് സത്യസന്ധനും ധര്‍മ്മിഷ്ഠനുമായ മഹാബലിയെ വാമനമൂര്‍ത്തി പരീക്ഷിക്കുകയും പരീക്ഷണത്തില്‍ വിജയിച്ച ബലിയെ വാമനന്‍ അനുഗ്രഹിക്കുകയുമാണ് ചെയ്‌തെന്നാണ് പ്രാമാണികഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്. ശബ്ദതാരാവലിയിലും പുരാണനിഘണ്ടുവിലും ചില ഭാഗവതകഥാസംഗ്രഹഗ്രന്ഥങ്ങളിലും പ്രാമാണിക ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ പറഞ്ഞുവരുന്ന തെറ്റായകഥ എങ്ങനെ വന്നുവെന്നതജ്ഞാതമാണ്.വായ്‌മൊഴിയായി പറഞ്ഞുപരന്ന ചില നാടോടിക്കഥകളെയാധാരമാക്കി കഥയെ വികൃതവും വികലവുമാക്കിയതാകാം.
കേരളമുള്‍പ്പെടെയുള്ള പരശുരാമക്ഷേത്രം മഹാബലിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നില്ല. പരശുരാമന്‍ ഇരുപത്തിയൊന്ന് തവണ ഭാരതം മുഴുവന്‍ സഞ്ചരിച്ച് ദുഷ്ടക്ഷത്രിയനിഗ്രഹം നടത്തി പിടിച്ചെടുത്ത ദേശമെല്ലാം കശ്യപമഹര്‍ഷിയ്ക്കും ബ്രാഹ്മണര്‍ക്കുമായി ദാനം ചെയ്തു. ദാനം കൊടുത്ത ഭൂമിയില്‍ താമസിക്കുന്നത് ശരിയല്ലാത്തതിനാല്‍ സമുദ്രത്തോട് ഭൂമിചോദിച്ചുവാങ്ങുവാനുള്ള കശ്യപമഹര്‍ഷിയുടെ ഉപദേശപ്രകാരം പരശുരാമന്റെ പ്രാര്‍ത്ഥനയുടെ ഫലമായി സമുദ്രം മാറി കരയായി ഉയര്‍ന്നുവന്നതാണ് പരശുരാമക്ഷേത്രമായ നമ്മുടെ കേരളം. കന്യാകുമാരിക്കടുത്തുള്ള മഹേന്ദ്രപര്‍വതത്തില്‍ തപസ്സനുഷ്ഠിച്ചുവന്ന പരശുരാമന്‍ അവിടെ നിന്ന് മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണെന്നും പറഞ്ഞുവരുന്നു. പരശുരാമാവതാരം വാമനാവതാരത്തിന് ശേഷമാണ് സംഭവിച്ചതെന്നിരിക്കെ മഹാബലിയുടെ കാലത്ത് നിലവില്ലാതിരുന്ന കേരളത്തില്‍ മഹാബലി എങ്ങനെ നാടുവാഴിയായി? തമിഴ്‌നാട്ടിലുള്ളതുപോലെ കേരളത്തിലും പുതുവര്‍ഷപ്പിറപ്പ് മേടം ഒന്നിന് വിഷുദിനത്തിലായിരുന്നുവത്രെ. ചേരമാന്‍പെരുമാള്‍ രാജാവ് യുദ്ധത്തില്‍ കൊല്ലം നഗരം കീഴ്‌പ്പെടുത്തിസ്വന്തമാക്കിയതിന്റെ ഓര്‍മ്മയ്ക്കാണ് 1191 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലവര്‍ഷമാരംഭിച്ചതെന്നാണ് ചരിത്രം. ചിങ്ങമാസം പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞുള്ള വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും മാസമാണ്. ചിങ്ങത്തില്‍ സൂര്യന്‍ സ്വക്ഷേത്രബലവാനാകയാല്‍ സൂര്യനെയടിസ്ഥാനപ്പെടുത്തിയുള്ള ചിങ്ങംതൊട്ടുള്ള കാലനിര്‍ണയവും ഉത്തമം തന്നെയെന്ന് തോന്നിയിരിക്കാം. വിളവെടുപ്പുത്സവവും പുതുവര്‍ഷപ്പിറപ്പും ഒന്നിച്ചാഘോഷിക്കാമല്ലോ എന്ന കാഴ്ചപ്പാടായിരിക്കണം ഓണമഹോത്സവത്തിന്റെ തുടക്കം. മഹാബലിയുടെ മഹാസാമ്രാജ്യമായിരുന്ന ഭാരതത്തില്‍ മറ്റൊരിടത്തുമില്ലാത്ത ഓണം കേരളത്തില്‍ മാത്രമെങ്ങനെവന്നു? കേരളത്തിന്റെ ഉത്തരഭാഗത്ത് ഓണം അത്രമാത്രം പ്രധാനവുമല്ല. ശ്രീമദ്ഭാഗവതം പോലെയുള്ള പുരാണഗ്രന്ഥങ്ങളെയനുസന്ധാനം ചെയ്താല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്.
* സത്യസന്ധനും ധര്‍മ്മിഷ്ഠനും നീതിമാനുമായിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല.
* ''ലോകാനാമേകമീശ്വരം'' എന്ന് തന്റെ ഐശ്വര്യത്തിലല്പമഹങ്കരിച്ചുപോയ ബലിയുടെയഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് ചെയ്തത്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി, ദേവന്മാര്‍പോലും കൊതിക്കുന്ന (സുതലം സ്വര്‍ഗ്ഗിഭിഃ പ്രാര്‍ത്ഥ്യം) സുതലത്തിന്റെ അധിപതിയാക്കിയുയര്‍ത്തി. അടുത്ത മന്വന്തരമായ സാവര്‍ണിമന്വന്തരത്തില്‍ ഇന്ദ്രസേനനെന്ന മഹാബലിയെ ഇന്ദ്രപദത്തിലേക്ക് ഉയര്‍ത്തുവാനും തീരുമാനിച്ചു. (സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ)
* മന്വന്തരമെന്നാല്‍ മനുവിന്റെ കാലഘട്ടമെന്നര്‍ത്ഥം. ഒരു മന്വന്തരത്തില്‍ ഇന്ദ്രനും മനുവും സപ്തര്‍ഷികളും മനുപുത്രന്മാരുമെല്ലാം ലോകരക്ഷയ്ക്കായി നിയോഗിക്കപ്പെടുകയാണ്. ഒരു മന്വന്തരത്തില്‍ ദേവേന്ദ്രനായി നിയമിക്കപ്പെട്ടാല്‍ അടുത്ത മന്വന്തരം വരെ അദ്ദേഹം തന്നെ ഇന്ദ്രപദത്തില്‍ തുടരുമെന്നാണ് ഭഗവന്നിയോഗം. അഹങ്കാരം കാരണം മഹാബലി ഈ ഈശ്വരനിയമം ലംഘിച്ചുകൊണ്ടാണ് ദേവലോകത്തെയാക്രമിച്ച് കീഴടക്കിയത്. അതുകൊണ്ടുതന്നെയാണ് മഹാവിഷ്ണു വാമനനായവതരിച്ച് മഹാബലിയില്‍ നിന്ന് ദേവലോകം കരസ്ഥമാക്കിയതും ഇന്ദ്രന് തിരിച്ച് നല്‍കിയതും.
* ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയും ചൂടിവരുന്ന മഹാബലിയാണ് ഓണത്തപ്പന്‍ എന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകംകൊണ്ടും മറ്റും തൃക്കാക്കരയപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിയ്ക്കാണ്, മഹാബലിയ്ക്കല്ല. ദക്ഷിണകേരളത്തിലെങ്ങും ഈ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുമുണ്ട്.
* മഹാബലിയുടെ സാമ്രാജ്യമെന്നത് ഉത്തര ഭാരതത്തിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മ്മദാനദിയുടെ തീരത്തെ 'ഭൃഗുകച്ഛ' മെന്ന തീര്‍ത്ഥഭൂമിയിലാണ്. (അന്ന് നിലവിലില്ലാതിരുന്ന കേരളത്തിലല്ല).
* മഹാബലി സത്യസന്ധനും പരാക്രമിയുമായ ധീരയോദ്ധാവായിരുന്നു. കൊമ്പന്‍മീശക്കാരനായ കുടവയറനല്ല. മഹാബലിയെ ഇപ്രകാരം വിചിത്രമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത തിരുവിതാകൂര്‍ രാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വീരപുരുഷനായ യുവാവായ മഹാബലിയുടെ ഒരു മനോഹരമായ ചിത്രം നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ചില മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
* പരശുരാമക്ഷേത്രത്തിലേക്ക് നമ്പൂതിരിമാര്‍ കുടിയേറിപ്പാര്‍ത്തു തുടങ്ങിയത് ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നും ബ്രാഹ്മണരായതിനാല്‍ അവര്‍ വാമനജയന്തി ആഘോഷിച്ചുതുടങ്ങിയതാവാമെന്നും ചില അഭിജ്ഞര്‍ പറയുന്നു. പില്‍ക്കാലത്ത് ആ നമ്പൂതിരിമാര്‍ ജന്മികളായപ്പോള്‍ വിളവെടുപ്പുത്സവവും വാമനജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്നുമാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. മഹാബലി കേരളം കാണാന്‍ വരുന്നുവെന്നുള്ള കഥ ജനങ്ങളെയാകര്‍ഷിക്കാന്‍വേണ്ടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതായിരിക്കാം.
പുരാണങ്ങളില്‍ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നമ്മുടെ വിലപ്പെട്ട നിധികളായ അവയെ വികലവും വികൃതവുമായി ചിത്രീകരിക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്ത കാലത്തായി ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെയും നമ്മുടെ ആദര്‍ശമൂര്‍ത്തികളെയുമെല്ലാം വികൃതമായി ചിത്രീകരിക്കുന്ന, പരസ്യമായി പരിഹസിക്കുന്ന പ്രവണത പതിവാക്കിയിരിക്കുന്നു. ഈ ദുഷ്പ്രവണതയെ ശക്തിയായും, യുക്തിയുക്തമായും ചെറുത്ത് തോല്പിക്കേണ്ടത് ആദര്‍ശധീരരായ ദേശാഭിമാനികളുടെ കര്‍ത്തവ്യമാണ്. നമ്മുടെയിടയില്‍ ചില കുത്സിതബുദ്ധികള്‍ മനഃപൂര്‍വ്വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളക്കഥപോലെയുള്ള കെട്ടുകഥകളെ നാം ജനമനസ്സില്‍ നിന്നും തൂത്തെറിയുകതന്നെവേണം.
Kesari Weekly

*******
തിരുവോണവും വാമനജയന്തിയും (എന്റെ വീക്ഷണം)
---------------------------------------------------------
ഇത്രയും കാലം ഏവർക്കും പരിഹാസ്യനും സർവോപരി കോമഡി താരവും ആയിരുന്ന കൊടവയറൻ "മഹാബലി"യെ ഇന്ന് ഏവരും അംഗീകരിക്കത്തക്ക നിലയിൽ, സർവ്വ മതസ്ഥരും ആദരിക്കുന്ന നല്ലവനായ ഒരു മഹാരാജാവ് എന്ന രീതിയിൽ  ആക്കിത്തന്ന മഹത്തായ ആശയത്തിന് (ആരുടെ ആയാലും) നന്ദി. ഓണം കേരളീയരുടെ ഉത്സവം ആണെന്നതിൽ ആർക്കും തർക്കമില്ലെന്നു ഇപ്പൊ ഉറപ്പായല്ലോ.
ഇനി "വാമന ജയന്തി".., എന്റെ പൊന്നു സഹോദരന്മാരെ, മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയ വിഷ്ണുവിന്റെ 5 ആമത്തെ അവതാരം ആയിരുന്നു വാമനാവതാരം. അപ്പൊ വാമന ജയന്തി ഇല്ലാതെ ഓണം ഇല്ലല്ലോ. എന്റെ ചെറിയ അറിവ് പ്രകാരം, മലയാള മാസമായ ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള വെളുത്ത പക്ഷത്തിനോട് അടുത്തുള്ള ദ്വാദശിയാണ് "വാമനജയന്തി" അഥവാ "വാമന ദ്വാദശി". 2014ൽ സെപ്റ്റംബർ 6നു വാമനജയന്തിയും, സെപ്റ്റംബർ 7നു തിരുവോണവും ആയിരുന്നു. 2015ൽ ചിങ്ങമാസത്തിലെ ആദ്യത്തിൽ ആയിരുന്നു തിരുവോണം. അതുകാരണം, ആഗസ്റ്റ് 28നു തിരുവോണവും, സെപ്റ്റംബർ 24നു വാമനജയന്തിയും വന്നു. ഈ വർഷത്തെ, 2016, "മാതൃഭൂമി" കലണ്ടർ എടുത്തിട്ട് ഇടതുവശത്തെ വിശേഷദിവസങ്ങൾ നോക്കുക. വാമനജയന്തി സെപ്റ്റംബർ 14 നു കാണാം. (മാതൃഭൂമി ഇനി സംഘി കലണ്ടർ ആണെന്ന് പറഞ്ഞുകളയല്ലേ അന്തംകമ്മീസ്). പക്ഷെ ഏകാദശി വളരെ കുറവായിരുന്നകാരണം സെപ്റ്റംബർ 13 നു ദ്വാദശി വന്നു. അത് കാരണം, വാമന ജയന്തി അഥവാ വാമന ദ്വാദശി 13നും 14നും  ആശംസിക്കാം. (ദ്വാദശി തീരും വരെ). സെപ്റ്റംബർ 13നു വാമന ജയന്തിയും സെപ്റ്റംബർ 14നു തിരുവോണവും ആണ് 2016ൽ.

ഇനി ഇതൊക്കെ തെറ്റാണു എന്ന് പറഞ്ഞു വരുന്നവർക്ക് സ്വാഗതം. അപ്പോഴും നിങ്ങൾ മാവേലി ഉണ്ടെന്നു വിശ്വസിക്കുന്നല്ലോ. അദ്ദേഹത്തെ അംഗീകരിക്കുന്നല്ലോ. അത് മതി. വിവേകാനന്ദ സ്വാമികളെ, ചട്ടമ്പിസ്വാമികളെ ഒക്കെ അംഗീകരിച്ചപോലെ ഇപ്പോൾ മഹാബലിയെ അംഗീകരിച്ചവർക്ക് നല്ല നമസ്കാരം.

Sabarimala




*ശബരിമലയാത്ര​*

ഭക്തിയും, ഭഗവാനും നാമരൂപങ്ങള്‍ക്കതീതമായി ഒന്നായി മാറുന്ന ഈശ്വരസന്നിധിയും ശബരിമലയല്ലാതെ മറ്റൊന്ന് ലോകത്തില്‍ കാണാന്‍ കഴിയില്ല.

*അതുകൊണ്ടുതന്നെ കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പ്രകൃതിയെ അനുഭവിച്ചുള്ള തീര്‍ത്ഥാടനത്തിലൂടെ ഭക്തന് മോക്ഷമാര്‍ഗം നല്‍കുന്ന തീര്‍ത്ഥാടനം മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും*.

പതിനെട്ട് പുരാണങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ട് മലകളുടെ കേന്ദ്രബിന്ദുവാണ് മഞ്ഞണിഞ്ഞുണരുന്ന മഹാക്ഷേത്രം സ്ഥിതിചെയ്യുന്ന ശബരിമല.

*ആത്മാവും ശരീരവും പരിശുദ്ധമാക്കി ഇരുമുടിക്കെട്ടുമായി ഉപനിഷത് വാക്യമായ* ‘*തത്വമസി*’ *ആലേഖനം ചെയ്ത തങ്കശ്രീകോവിലിനു മുന്നില്‍ സത്യാന്വേഷണവുമായി എത്തുന്ന ഭക്തന് പഞ്ചഭൂതങ്ങളുടെ നാഥനായ അയ്യപ്പ ദര്‍ശനം നന്മയിലേക്കുള്ള നേര്‍വഴിയാണ് കാണിച്ചുതരുന്നത്*.

ഇവിടെ പ്രകൃതിയോട് നീതിപുലര്‍ത്തുന്ന സമീപനം കൈക്കൊള്ളുവാന്‍ ഓരോ ഭക്തനും തയ്യാറെടുക്കേണ്ടതുണ്ട്. *ആചാരങ്ങളും കീഴ്‌വഴക്കങ്ങളും തെറ്റിക്കാതെ നിരവധി പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനം പരമ്പരാഗത പാതകള്‍ വഴിയും ഇടത്താവളങ്ങള്‍ വഴിയുമാകുമ്പോള്‍ പ്രകൃതിയെ അനുഭവിച്ചറിയുവാന്‍ ഓരോരുത്തര്‍ക്കും കഴിയുന്നു*.

ശബരിമല എന്ന കാനന ക്ഷേത്രം ലോകപ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറിയതോടെ അയ്യപ്പ ഭക്തരുടെ സഞ്ചാരപഥങ്ങളില്‍ കാതലായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

പമ്പാതടം വരെ ഇന്ന് വാഹനങ്ങളില്‍ എത്തിച്ചേരാനുള്ള സൗകര്യങ്ങളുണ്ട്. കാലത്തിന്റെ മാറ്റമനുസരിച്ച് ഹെലികോപ്ടറില്‍ എത്താനുള്ള സംവിധാനങ്ങളും രൂപപ്പെട്ടുവരുന്നു. എന്നിരുന്നാലും *പരമ്പരാഗത പാതയിലൂടെയുള്ള കാല്‍നട യാത്രയുടെ അനുഭൂതി അനുഭവിക്കാനുള്ള തീവ്രമായ ആഗ്രഹം മനസ്സിനുള്ളില്‍ കാത്തുസൂക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നില്ല എന്നത് ആശ്ചര്യമാണ്*.

എരുമേലിയില്‍ നിന്നാണ് പരമ്പരാഗത പാതയിലൂടെയുള്ള ശബരിമല തീര്‍ത്ഥാടന യാത്ര ആരംഭിക്കുന്നത്.

മുമ്പ് മണ്ഡലകാലത്തിന്റെ അവസാന കാലങ്ങളിലായിരുന്നു കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ തിരക്ക് കൂടുതലായി ഉണ്ടാവുക. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടകെട്ട് എരുമേലിയില്‍ നടക്കുന്നതുവരെ ഇത് തുടരും. *ഇപ്പോള്‍ മണ്ഡലകാലം ആരംഭിക്കുമ്പോള്‍ മുതല്‍ കാനനപാതയിലൂടെ സന്നിധാനത്തേക്ക് നീങ്ങാനുള്ള ആവേശം അയ്യപ്പ ഭക്തര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി കാണാം. ദേവസ്വം നിയന്ത്രണത്തില്‍ ഒരുക്കങ്ങളൊന്നും ആയില്ലെങ്കിലും പരമ്പരാഗത പാതയിലെ പുല്ലുകള്‍ നീക്കി വഴികള്‍ തിട്ടപ്പെടുത്തി പഴമയെ ഉള്‍ക്കൊണ്ട് സഞ്ചരിക്കുവാനുള്ള പ്രവണത കൂടിവരുന്നതായിട്ടാണ് ഇവിടങ്ങളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്*.

വാനോളം ഉയര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കിടയില്‍ കൂടി ‘ശരണമന്ത്രം’ ജപിച്ച് താപസ്സനെപ്പോലെ മലകളും, കോട്ടകളും താണ്ടി നീങ്ങുമ്പോള്‍ ശരീരത്തിന് കൈവരുന്ന ഉണര്‍വ് മറ്റൊരു യാത്രകളിലും തീര്‍ത്ഥാടകന് കൈവരില്ല.

*അതുതന്നെയാണ് ശബരിമല യാത്ര ഇന്നും വേറിട്ടുനില്‍ക്കുന്ന അനുഭവമായി പ്രഗത്ഭര്‍ ചൂണ്ടിക്കാട്ടുന്നത്*

*എരുമേലി കൊച്ചമ്പലത്തില്‍ പേട്ടകെട്ടി വലിയമ്പലത്തില്‍ ദര്‍ശനം നടത്തി സ്‌നാനം കഴിഞ്ഞ് അയ്യപ്പ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന എരുമേലി പുത്തന്‍ വീട്ടിലെത്തി നമസ്‌കരിച്ച ശേഷമാണ് കാനനപാതയിലൂടെയുള്ള യാത്രക്ക് തുടക്കമാവുക*.

അയ്യപ്പന്‍ മഹിഷി നിഗ്രഹം നിറവേറ്റിയ ശേഷമുള്ള വാളും കാപ്പുകളും സൂക്ഷിച്ചിരിക്കുന്ന പൂജാമുറി ഇവിടെ ഭക്തര്‍ക്ക് നേരില്‍ ദര്‍ശിക്കാം. *ഇതിനുശേഷം പേരൂര്‍തോട്ടിലേക്കുള്ള യാത്ര കോട്ടപ്പടി എന്ന സ്ഥലം കടന്നാണ്. ഇവിടം മുതല്‍ അയ്യപ്പന്റെ പൂങ്കാവനമാണ്. വനയാത്രയില്‍ സന്നിധാനം വരെയുള്ള ഏഴ് കോട്ടകളില്‍ ആദ്യത്തേതാണ് ഇത്. ചെറിയ പച്ചില പറിച്ച് അര്‍പ്പിച്ചിട്ടുവേണം കോട്ടപ്പടി കടക്കേണ്ടത്*.

എരുമേലിയില്‍ നിന്ന് പുറപ്പെട്ട ഭഗവാന്‍ അയ്യപ്പന്‍ ആദ്യം വിശ്രമിച്ചത് പേരൂര്‍തോട്ടിലാണ്. *ഇവിടുത്തെ ചെറിയ നദിയാണ് നാടും കാടുമായി വേര്‍തിരിക്കുന്നത്*. ഇവിടെ നിന്ന് എത്തുന്നത് ഇരുമ്പൂന്നിക്കരയിലാണ്. *ഇവിടെ ശിവ-സുബ്രഹ്മണ്യ- ദേവീ ക്ഷേത്രദര്‍ശനം നടത്തി യാത്ര തുടരുമ്പോള്‍ അരശുമുടിക്കോട്ടയാണ് സ്വാമി ഭക്തരുടെ ആദ്യ ആശ്രയസ്ഥലം*. തുടര്‍ന്ന് *പേരൂര്‍തോടിന്റെ താഴ്‌വരയായ കാളകെട്ടിയിലേക്കുള്ള പ്രയാണമായി*.

 മഹിഷി വധത്തിനുശേഷം അയ്യപ്പന്‍ നടത്തിയ ആനന്ദനൃത്തം കാണാനെത്തിയ പരമശിവന്‍, തന്റെ വാഹനമായ നന്ദികേശനെ നിര്‍ത്തിയ സ്ഥലമാണ് കാളകെട്ടി എന്നറിയപ്പെടുന്നത്*.

*അഴുത*

കാളകെട്ടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ പിന്നിടുന്നതോടെ അഴുതയില്‍ എത്തിച്ചേരും. *അഴുതാ നദിയില്‍ കുളികഴിഞ്ഞ് ഗുരുസ്വാമിമാരുടെ നിര്‍ദ്ദേശ പ്രകാരം കന്നി അയ്യപ്പന്മാര്‍ ഒരു കല്ലെടുത്ത് കുത്തനെയുള്ള മലകയറി കല്ലിടുംകുന്നില്‍ നിക്ഷേപിക്കുന്നത് പരമ്പരാഗത ചടങ്ങാണ്*.

അഴുതയില്‍ നിന്ന് യാത്ര തുടങ്ങുമ്പോഴേ അയ്യപ്പന്മാര്‍ പൂര്‍ണ്ണമായും പ്രകൃതിയുടെ കുളിര്‍മയിലേക്ക് സ്വയം എത്തിച്ചേരും. *യഥാര്‍ത്ഥ മലകയറ്റവും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. കീഴ്ക്കാംതൂക്കായ അഴുതമേട് കയറി തുടങ്ങുമ്പോള്‍ തന്നെ ഭക്തിയുടെ പാരമ്യതയിലേക്ക് ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരും*.

*കല്ലിടുംകുന്ന്*

അഴുതയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് കല്ലിടുംകുന്ന്. ഇവിടെ മഹിഷിയുടെ ശരീരം കല്ലിട്ടുമൂടിയതാണെന്നും, *ഉദയനന്റെ കോട്ടയുടെ കിടങ്ങുകള്‍ ഭഗവാന്‍ അയ്യപ്പന്റെ സൈന്യം കല്ലിട്ടുമൂടിയതാണെന്നും രണ്ടുപക്ഷമുണ്ട്*.

എങ്കിലും പരമ്പരാഗത ചടങ്ങെന്ന നിലയില്‍ അഴുതയില്‍ നിന്ന് കൈവശം എടുത്ത കല്ല് ഇവിടെ നിക്ഷേപിച്ച് വലംതിരിഞ്ഞ് യാത്ര തുടരുന്നു. *അല്‍പം പിന്നിടുന്നതോടെ ഇഞ്ചിപ്പാറ കോട്ടയിലെത്തും*. അഴുതമേട് കയറ്റം അവസാനിക്കുന്ന ഇവിടെ ഇഞ്ചിപ്പാറ മൂപ്പന്റെയും കോട്ടയില്‍ ശാസ്താവിന്റെയും ക്ഷേത്രങ്ങളുണ്ട്.

*കരിമല*

ഇഞ്ചിപ്പാറയില്‍ നിന്ന് ഇറക്കമിറങ്ങിയെത്തുന്നത് *മുക്കുഴിയിലാണ്*. ഇവിടുത്തെ ഗണപതി, ദേവി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി *പുതുശേരി മലയടിവാരത്തിലൂടെ പതിനൊന്ന് കിലോമീറ്റര്‍ കൊടുംകാട്ടില്‍ കൂടി സഞ്ചരിച്ചെത്തുമ്പോഴാണ് തീര്‍ത്ഥാടകനെ ഉള്ളഴിഞ്ഞ് ശരണം വിളിപ്പിക്കുന്ന കരിമലയാത്ര ആരംഭിക്കുന്നത്*.

*കരിയിലാംതോടിന്റെ താഴ്‌വാരമായ ഇവിടം കരിമല ഉദയനന്റെ ആസ്ഥാനമായിരുന്നു. വനദുര്‍ഗ്ഗ, കരിമലനാഥന്‍, കൊച്ചുകടുത്ത എന്നീ ശക്തികളുടെ ആരാധനാ സ്ഥാനങ്ങളും ഉണ്ട്*.

ദുഷ്ടമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇവിടം. ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന കരിമലയിലേക്ക് ഇവിടെ നിന്ന് കയറിത്തുടങ്ങും. *ഒരുതട്ട് കയറി അടുത്തതിലേക്ക് എത്തും. അങ്ങനെ ഏഴ് തട്ടുകള്‍ താണ്ടിയാലേ മലമുകളിലെത്തൂ*.

ശരണംവിളികള്‍ ഉച്ചസ്ഥിതിയിലാകുന്നതും ഈ മലകയറ്റത്തിലാണ്. *ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധിയില്‍ ഭഗവാന്‍ അയ്യപ്പനെ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ കരുത്തില്‍ മാത്രമേ കരിമല കയറ്റം പൂര്‍ണ്ണമാക്കാനാവൂ*.

മലയുടെ മുകളില്‍ ഒരിക്കലും വറ്റാത്ത കിണറും, കുളവുമുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ദാഹശമനം വരുത്താന്‍ ഇത് സഹായകമാവുന്നു. *നാലാമത്തെ കോട്ടയായ കരിമല കൊച്ചുകടുത്ത സ്വാമിയുടെയും ഭഗവതിയുടെയും അധിവാസ ഭൂമിയാണ്*. ‘*വ്രതഭംഗം വരുത്തിയവരെ കരിമല കടത്തിവിടാറില്ല*’ എന്നാണ് പഴമക്കാര്‍ പറയുന്നത്.

*വലിയാനവട്ടം*-*ചെറിയാനവട്ടം*

കാഠിന്യമേറിയ കരിമല കയറിയാല്‍ പിന്നെ അതിലും *കഠിനമായ ഇറക്കമാണ്*. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലൂടെ ഇറങ്ങിച്ചെല്ലുന്നത് സമതല പ്രദേശത്തേക്കാണ്-വലിയാനവട്ടം, അല്‍പ്പം മുന്നോട്ടു ചെല്ലുമ്പോള്‍ ചെറിയാനവട്ടവും.

*ഇവിടെയാണ് അയ്യപ്പന്മാര്‍ വിശ്രമിക്കുന്നത്. തുടര്‍ന്നുള്ള യാത്ര പമ്പാതടത്തിലേക്കാണ്. പുണ്യപമ്പയിലെ സ്‌നാനം അയ്യപ്പ ഭക്തന്റെ ക്ഷീണമെല്ലാം തീര്‍ത്ത് ആനന്ദത്തിലെത്തിക്കും*. ഒപ്പം ആത്മീയമായ ഉണര്‍വും, ശാന്തമായ മനസും കൈവരിക്കുവാന്‍ സഹായിക്കുന്നു.

*നീലിമല*

അയ്യപ്പ സന്നിധിയിലേക്കുള്ള യാത്രയുടെ അവസാനഭാഗമാണ് *പമ്പയില്‍ നിന്ന് നീലിമല കയറ്റത്തോടെ ആരംഭിക്കുന്നത്. പമ്പാഗണപതിയെ ദര്‍ശിച്ച ശേഷമാണ് മൂന്ന് തട്ടുകളായുള്ള നീലിമല കയറ്റം ആരംഭിക്കുന്നത് . നീലമല കയറി അപ്പാച്ചിമേട് പിന്നിട്ട് ഭക്തര്‍ എത്തുന്നത് ശബരിപീഠത്തിലാണ്.

*രാമായണത്തിലെ ഭക്തശിരോമണിയായ ശബരി തപസ്സുചെയ്ത സ്ഥലമാണ് ഈ പുണ്യസങ്കേതം*. ഇവിടെ നിന്ന് ഒരുകിലോമീറ്റര്‍ പിന്നിടുമ്പോള്‍ *ശരംകുത്തിയാല്‍ത്തറയില്‍* എത്തും. *അയ്യപ്പനും സൈന്യവും തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം*.

*പരമ്പരാഗത തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കുന്ന എരുമേലിയില്‍ കുടികൊള്ളുന്ന ശാസ്താവ് ചാപപാണിയായ പുലിവാഹനനാണ്*.

*ശബരിമലയിലെ ശാസ്താവ് യോഗാരൂഢനും ചിന്മുദ്രയില്‍ കൂടി മൗനവ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുന്ന പരമാചാര്യനുമാണ്*. അതുകൊണ്ടുതന്നെ *എരുമേലിയില്‍ നിന്ന് കന്നി അയ്യപ്പന്മാര്‍ കൊണ്ടുവന്നിട്ടുള്ള ശരക്കോല്‍ ശരംകുത്തിയാല്‍ത്തറയില്‍ അര്‍പ്പിക്കും. അതിനപ്പുറത്തേക്ക് ആയുധ സാന്നിധ്യമില്ല*.

*പതിനെട്ടാംപടി*

ശരംകുത്തിയാല്‍ കഴിഞ്ഞാലുടന്‍ ഭക്തര്‍ എത്തിച്ചേരുന്നത് *പൊന്നുപതിനെട്ടാംപടി സ്ഥിതി ചെയ്യുന്ന സ്വാമിയുടെ സന്നിധാനത്തിലേക്കാണ്*.

*ഇരുമുടിക്കെട്ടുള്ളവര്‍ക്കു മാത്രമേ പതിനെട്ടാംപടി കയറി സ്വാമി ദര്‍ശനത്തിന് അവകാശമുള്ളു. മലദൈവങ്ങള്‍ കുടിയിരുത്തപ്പെട്ട ഈ പടികള്‍ ഭഗവല്‍ സന്നിധിയെ പ്രാപിക്കുവാനായി ആരോഹണം ചെയ്യേണ്ട പതിനെട്ടു പടികളാണ്*. നാലാള്‍ ഉയരത്തില്‍ ചതുരാകാരമായിട്ടാണ് പതിനെട്ടാംപടിയ്ക്കകം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്

*പതിനെട്ടാംപടി സംശുദ്ധസ്ഥാനവും, സത്യധര്‍മ്മങ്ങളുടെ ആസ്ഥാനമാകയാല്‍ പടിക്കിരുവശവുമായി കറുപ്പ, കടുത്ത സ്വാമികള്‍ ഭൂതവൃന്ദങ്ങളോടുകൂടി കാത്തുനില്‍ക്കുന്നു*.

പതിനെട്ടാംപടി കയറി സ്വാമി ദര്‍ശനം നടത്തി ശബരീശപാദങ്ങളില്‍ തന്റെ പാപഭാരങ്ങള്‍ സമര്‍പ്പിക്കുന്നതോടെ ഭക്തന്റെ തീര്‍ത്ഥയാത്ര പൂര്‍ണ്ണത കൈവരിക്കുന്നു. ഒപ്പം ഭക്തനും ഭഗവാനും ഒന്നായി തീരുന്നു.

*സ്വാമിയേ ശരണമയ്യപ്പ*

ഇനി എരുമേലി എത്തുമ്പോൾ വപരൻ മസ്ജിദ് കേറതെ പോകണം എന്ന് അറിയുക നിങ്ങള്‍ക്ക്
കാരണം അവിടെ ഭന്ഡരപെട്ടി യിൽ രുപ ഇടുക പതിവ് കാഴ്ചയാണ് ഇനി അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ ഒരോരുത്തർ ആണ്
###########
ശബരിമല സ്ത്രീ പ്രവേശനവും സുപ്രീം കോടതി നിരീക്ഷണവും
വീഴ്ച പറ്റിയത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും .

1.  ശബരിമലയില്‍ സ്ത്രീ പ്രവേശനം അസാധ്യമോ ?

 ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷിദ്ധമല്ല. പക്ഷെ സ്ത്രീകള്‍ക്ക് പ്രായപരിധി നിശ്ചയിക്കപെട്ടിട്ടുണ്ട്.

2. എന്താണ് അതിന്‍റെ അടിസ്ഥാനം ?
 ശബരിമല തീര്‍ത്ഥാടനം നടത്തേണ്ടത് മണ്ഡലകാലം (41ദിവസം) കഠിനവ്രതം എടുത്തതിനു ശേഷമാണ്. സാധാരണഗതിയില്‍ സ്ത്രീകള്‍ക്ക് ഒരു മണ്ഡലകാലം മുറിയാതെ വ്രതം സ്വീകരിക്കുവാന്‍ പ്രയാസമുണ്ട്. അതിനിടയില്‍ ഋതുവാകുവാന്‍ ഇടയുണ്ട് .

 പൊതുവേ വ്രതകാലത്തും ക്ഷേത്രത്തിലും വര്‍ജ്ജിക്കേണ്ട അശുദ്ധികളുടെ കൂട്ടത്തില്‍ പറയപ്പെട്ടതാണ് 'രക്ത സ്പര്‍ശം' . (" രക്തസ്പര്‍ശോ ശവസ്പര്‍ശ രേതസ്പര്‍ശ സ്തഥൈവ  ച") ശവസ്പര്‍ശം , രേതസ്സിന്‍റെ സ്പര്‍ശം ഇവയും വര്‍ജ്ജിക്കേണ്ടത് തന്നെ.
ഏതു തരത്തില്‍ പെട്ടതാണെങ്കിലും ഏതു ജീവിയുടെയാണെങ്കിലും  രക്തം,ശവം,ശുക്ലം തുടങ്ങിയവയുടെ സ്പർശനം അശുദ്ധി തന്നെയാണ്.

3. ശബരിമല തീർത്ഥാടനം പഴയ കാലത്ത് പൂർണ്ണമായും കാൽനടയായും കല്ലും മുള്ളും കാടും മലയും താണ്ടി തന്നെയായിരുന്നു.
ശരീരക്ലേശം കൊണ്ട് ക്രമം തെറ്റിയും ഋതുവാകുവാനുമുള്ള സാധ്യതകൾ ഉണ്ട്. അപ്രതീക്ഷിതമായി വ്രത ഭംഗം ഉണ്ടാവുന്നത് സ്ത്രീകൾക്കും മാനസിക പ്രയാസം ഉണ്ടാക്കും .

4. പിന്നെ ഒരു വിശ്വാസം  പറയുന്നത്   ശബരിമല ധർമ്മശാസ്താവ് നിത്യ നൈഷ്ഠികബ്രഹ്മചാരി സങ്കല്‍പ്പത്തിലാണ് ആരാധിക്കപ്പെടുന്നത് . സാധാരണ നൈഷ്ഠിക ബ്രഹ്മചാരികൾക്കു ധർമാചാര്യന്മാർ വിധിക്കുന്ന നിഷ്ഠ ദേവനും ബാധകമായി തീരുന്നുണ്ട്.  ( അത് കൊണ്ട് തന്നെയാണ് തീര്‍ത്ഥാടകര്‍ക്ക് കഠിന വ്രതം നിശ്ചയിക്കപ്പെട്ടതും)
 നൈഷ്ഠിക ബ്രഹ്മചര്യം പാലിക്കുന്ന ഏതൊരു വ്യക്തിക്കും എതിര്‍ലിംഗത്തില്‍പെടുന്ന വ്യക്തിയുമായി ഇടപഴകുന്നതിനു  ധര്‍മ്മശാസ്ത്രങ്ങള്‍ നിയന്ത്രണം വിധിച്ചിട്ടുണ്ട്.

കോടതിയുടെ പരാമര്‍ശം

മത വിശ്വാസപരമായ കാര്യങ്ങളില്‍ കോടതി അന്തിമ വാക്കായി മാറുന്നത് ഉചിതമായ കാര്യമല്ല.
ധർമാചരണപദ്ധതിയിൽ കൈകടത്തുമ്പോഴുള്ള കരുതലും പാകതയും ബഹു.സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറയാന്‍ ആകില്ല.

കാലാനുസൃതമായി  നിരവധി പരിവര്‍ത്തനങ്ങള്‍ക്ക്  വിധേയമായതാണ് ഹിന്ദു ധര്‍മ്മം.
അതിലൊക്കെ തീരുമാനം ഉണ്ടാക്കി നടപ്പിലാക്കിയത് ഇവിടുത്തെ ആചാര്യ സമൂഹമാണ്.
ഈ വിഷയത്തിലും ആചാര്യന്മാരുടെ അഭിപ്രായം മാനിക്കുന്നതാണ് പ്രായോഗികവും ധാര്‍മ്മികവുമായ രീതി. " ആചാര്യ സമയ പ്രമാണം വേദാശ്ച " എന്നത് ആചാര വിഷയങ്ങളില്‍ ആചാര്യന്മാരുടെ അഭിപ്രായം പ്രമാണമാണെന്ന സൂചനയാണ്.

അത് കൊണ്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ധര്‍മ്മ ആചാര്യന്മാരുടെ സഭ വിളിച്ചു കൂട്ടി അവര്‍ എടുക്കുന്ന തീരുമാനം എന്തായാലും കോടതിയെ ബോധ്യപ്പെടുത്തെണ്ടതാണ്.

കോടതി നിരീക്ഷിച്ചത് പോലെ ശബരിമല അടക്കമുള്ള  ഹിന്ദു ക്ഷേത്രങ്ങള്‍,  പൊതുസ്ഥാപനങ്ങളല്ല. അവ ഹിന്ദു സമൂഹത്തിലെ പ്രത്യേക "Religious Denomination"ന്‍റെ സര്‍വ്വസ്വമാണ്.

ക്ഷേത്ര വിശ്വാസികള്‍ അടങ്ങുന്നതാണ് ആ  Religious denomination .
ഹിന്ദുക്കളുടെ ഇടയിൽ തന്നെയുള്ള ക്ഷേത്ര വിശ്വാസികളല്ലാത്ത ഇതര വിഭാഗങ്ങൾ പോലും ഇക്കാര്യങ്ങളിൽ ഇടപെടാൻ പാടില്ലാത്തതാകുന്നു. ഈ Religious denominationന്റെ പ്രതിനിധി ചമഞ്ഞ് സർക്കാർ കയ്യടക്കി വച്ചിരിക്കുന്നത് മോചിപ്പിച്ച് ക്ഷേത്രങ്ങൾ  വിശ്വാസികളെ ഏൽപ്പിക്കുകയാണ് കോടതി ചെയ്യേണ്ടത്.

കുറിപ്പ് : സ്ത്രീകള്‍ രജസ്വലകളാകുന്ന പ്രക്രിയയെ വളരെ ഉദാത്തമായാണ് ധർമശാസ്ത്രങ്ങൾ നോക്കിക്കാണുന്നത്. സ്ത്രീകള്‍ മൂലതഃ പവിത്രകളാണ് എന്തെന്നാല്‍ - "സ്ത്രിയഃ പവിത്രമതുലം
നൈതാ ദുഷ്യന്തി കർഹിചിത്
മാസി മാസി രജോ യാസാം
ദുഷ്കൃതാന്യപകർഷതി."
ഒാരോ മാസവും രജസ്വലകളാകുന്നതുകൊണ്ട് എല്ലാ ദുഷ്കൃതങ്ങളെയും നീക്കി പവിത്രകളായി മാറുന്ന അവര്‍ ഒരിക്കലും ദോഷയുക്തകളാകുന്നില്ല എന്നാണ് ഈ സ്മൃത്യംശത്തിൻെറ സാരം.
-- ഭാർഗ്ഗവറാം.                                          
Read more »