Tuesday, 1 September 2026

Mahabali Across the World

 ലോകമെമ്പാടുമുള്ള പുരാണങ്ങളെ താരതമ്യം ചെയ്തു പഠിക്കുമ്പോൾ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്; നഷ്ടപ്പെട്ട ഒരു സുവർണ്ണ കാലഘട്ടവും, നീതിമാനായ ഒരു ഭരണാധികാരിയും, ചതിയിലൂടെയുള്ള അദ്ദേഹത്തിന്റെ പതനവും ഏതെങ്കിലും ഒരു നാടിന്റെയോ സംസ്കാരത്തിന്റെയോ മാത്രം കഥയല്ല, അതൊരു ആഗോള സങ്കൽപ്പമാണ്. 

ലോകത്തിന്റെ പല കോണുകളിലും നമ്മുടെ മഹാബലിയോട് അത്ഭുതകരമായ സാമ്യം പുലർത്തുന്ന ഇതിഹാസ കഥാപാത്രങ്ങളെ നമുക്ക് കാണാൻ കഴിയും. മനുഷ്യരെല്ലാവരും തുല്യരായിരുന്ന ആ പഴയ കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ കടലുകൾ താണ്ടി സമാനമായ കഥകളായി ഇന്നും ജീവിക്കുന്നു.


ഈജിപ്ഷ്യൻ പുരാണങ്ങളിലെ നീതിമാനായ രാജാവ് ഒസൈറിസിന്റെ കഥ ഇതിനൊരു മികച്ച ഉദാഹരണമാണ്. മനുഷ്യർക്ക് കൃഷിയും നിയമങ്ങളും നാഗരികതയുമെല്ലാം പകർന്നുനൽകിയ അദ്ദേഹത്തിന്റെ ഭരണകാലം ഈജിപ്തുകാർക്ക് അക്ഷരാർത്ഥത്തിൽ ഒരു സുവർണ്ണ കാലഘട്ടമായിരുന്നു. എന്നാൽ അസൂയാലുവായ സഹോദരൻ 'സെറ്റ്' ചതിയിലൂടെ ഒസൈറിസിനെ കൊലപ്പെടുത്തി അധികാരത്തിൽ നിന്നും താഴെയിറക്കി. 


ഒസൈറിസിനെ കൊലപ്പെടുത്തിയ ശേഷം സെറ്റ് അദ്ദേഹത്തിന്റെ ശരീരം പല കഷ്ണങ്ങളാക്കി ഈജിപ്തിലുടനീളം വലിച്ചെറിഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയായ ഐസിസ് ഈ ശരീരഭാഗങ്ങളെല്ലാം കണ്ടെത്തി കൂട്ടിച്ചേർക്കുകയും, മരണത്തിന്റെ ദേവനായ അനുബിസിന്റെയും സഹോദരിയായ നെഫ്തിസിന്റെയും  സഹായത്തോടെ അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഭൂമിയിൽ മനുഷ്യർക്ക് നന്മ ചെയ്തതിന് ശേഷം പാതാളത്തിലേക്ക് പോവുകയും, അവിടെ മരിച്ചവരുടെ ലോകത്തെ നീതിമാനായ വിധികർത്താവായി മാറുകയും ചെയ്ത ഒസൈറിസിന്റെ കഥയ്ക്ക് മഹാബലിയുടെ കഥയുമായി അഭേദ്യമായ ബന്ധമുണ്ട്. 


സമുദ്രങ്ങൾക്കപ്പുറം, അമേരിക്കൻ ഭൂഖണ്ഡത്തിലെ ആസ്ടെക് ജനതയുടെ വിശ്വാസങ്ങളിലും ഇതുപോലൊരു ഓർമ്മയുണ്ട്. പുരാതന മെക്സിക്കോയിലെ സമ്പന്നമായ 'ടോളൻ' നഗരം ഭരിച്ചിരുന്നത് ദൈവീക പരിവേഷമുള്ള ക്വെറ്റ്സാൽകോറ്റ്ൽ എന്ന രാജാവായിരുന്നു. കലകളും ശാസ്ത്രവും പകർന്നുനൽകിയ ആ സമാധാനപ്രിയനായ രാജാവിനെയും കാത്തിരുന്നത് ചതിയായിരുന്നു. 'ടെസ്കാറ്റ്ലിപ്പോക്ക' എന്ന മറ്റൊരു ദേവൻ അദ്ദേഹത്തെ തോൽപ്പിച്ച് നാടുകടത്തി. എന്നാൽ, തങ്ങളുടെ സുവർണ്ണ കാലം തിരികെ കൊണ്ടുവരാൻ പ്രിയപ്പെട്ട രാജാവ് വീണ്ടും വരുമെന്ന് ആസ്ടെക് ജനത വിശ്വസിച്ചുപോന്നു. നമ്മുടെ 'മാവേലി വരും' എന്ന സങ്കൽപ്പത്തിന് സമാനമായ മറ്റൊരു മനോഹരമായ കാത്തിരിപ്പ്!


യൂറോപ്പിലേക്ക് വരുമ്പോൾ, അയർലൻഡിലെ പ്രാചീന കെൽറ്റിക് പുരാണങ്ങളിൽ അധോലോകത്തേക്ക് പോകേണ്ടി വന്ന ഒരു രാജവംശത്തിന്റെ കഥയുണ്ട്. മാന്ത്രിക ശക്തികളുള്ള, നീതിമാന്മാരായ 'തുവാത്ത ദേ ഡാനൻ' എന്നൊരു രാജവംശത്തെ പിൽക്കാലത്ത് വന്ന മറ്റൊരു വിഭാഗം യുദ്ധത്തിൽ പരാജയപ്പെടുത്തി. സമാധാന വ്യവസ്ഥ പ്രകാരം ഭൂമിയുടെ മുകൾഭാഗം പുതിയ ആളുകൾക്കും, ഭൂമിക്കടിയിലുള്ള അദൃശ്യലോകം തോറ്റ രാജവംശത്തിനും നൽകി. വാമനൻ മഹാബലിയെ പാതാളത്തിലേക്ക് അയച്ചതുപോലെ, ഈ പഴയ രാജവംശം ഭൂമിക്കടിയിലെ തങ്ങളുടെ പുതിയ സാമ്രാജ്യത്തിൽ ഇപ്പോഴും നീതിയോടെ ഭരണം നടത്തി ജീവിക്കുന്നു എന്നാണ് കെൽറ്റിക് വിശ്വാസം.

 

ഗ്രീക്ക് പുരാണത്തിലെ പ്രൊമിത്യൂസിനെയും ഇതിനോട് ചേർത്ത് വായിക്കാം. ഹൈന്ദവ പുരാണത്തിലെ അസുരന്മാർക്ക് സമാനമായ 'ടൈറ്റൻ' വംശജനായിരുന്ന അദ്ദേഹം മനുഷ്യർക്ക് തീ ഉൾപ്പെടെയുള്ള അറിവുകൾ നൽകി അവരെ സ്നേഹിച്ചു. ഇതിന്റെ പേരിൽ ദേവന്മാരുടെ രാജാവായ സ്യൂസ് അദ്ദേഹത്തെ ക്രൂരമായി ശിക്ഷിക്കുകയും പർവ്വതത്തിൽ ചങ്ങലക്കിടുകയും ചെയ്തു. മനുഷ്യർക്ക് നന്മ ചെയ്തതിന്റെ പേരിൽ ദേവന്മാരാൽ ശിക്ഷിക്കപ്പെട്ട കഥാപാത്രം എന്ന നിലയിൽ പ്രൊമിത്യൂസും മഹാബലിയും ഒരേ ചിന്തയുടെ രണ്ടു വകഭേദങ്ങളാണ്.


കഥാപാത്രങ്ങളുടെ പശ്ചാത്തലത്തിൽ മഹാബലിയുടെ കഥയോട് ഏറ്റവും അത്ഭുതപ്പെടുത്തുന്ന സാമ്യം ഒളിഞ്ഞുകിടക്കുന്നത് പുരാതന റോമിലാണ്. റോമൻ പുരാണത്തിലെ രാജാവായ സാറ്റേണിൻ്റെ കഥയ്ക്ക് മഹാബലിയുമായി സാമ്യമുണ്ട്. സാറ്റേൺ ഭരിച്ചിരുന്ന കാലം റോമാക്കാർക്ക് ഒരു സുവർണ്ണ കാലഘട്ടമായിരുന്നു. അന്ന് മനുഷ്യർക്കിടയിൽ വലിപ്പച്ചെറുപ്പങ്ങളോ, കള്ളമോ ചതിയോ, ദാരിദ്ര്യമോ ഉണ്ടായിരുന്നില്ല; കൃത്യം നമ്മുടെ 'മാവേലി നാടുവാണീടും കാലം' പോലെ തന്നെ! എന്നാൽ പിന്നീട് ഇന്ദ്രന് സമാനനായ ജൂപ്പിറ്റർ എന്ന ദേവൻ സാറ്റേണിനെ യുദ്ധത്തിൽ തോൽപ്പിക്കുകയും ആ സുവർണ്ണകാലം അവസാനിക്കുകയും ചെയ്തു. 


എങ്കിലും, തങ്ങളുടെ പ്രിയപ്പെട്ട രാജാവിൻ്റെ സ്മരണയ്ക്കായി റോമാക്കാർ ഡിസംബർ മാസത്തിൽ 'സാറ്റേണാലിയ' എന്നൊരു ഉത്സവം ഒരാഴ്ചയോളം ആഘോഷിച്ചിരുന്നു. ആ ദിവസങ്ങളിൽ റോമിലെ അടിമകൾക്കും ഉടമകൾക്കും ഒരേ അവകാശങ്ങളായിരുന്നു. വിരുന്നുകളും സമ്മാനങ്ങൾ കൈമാറലുമൊക്കെയായി നമ്മുടെ ഓണത്തോട് കിടപിടിക്കുന്ന ഒരു ആഘോഷമായിരുന്നു അത്. 


റോമൻ കഥയ്ക്ക് സമാനമായി ഗ്രീക്ക് പുരാണത്തിൽ പറയപ്പെടുന്ന മറ്റൊരു കഥയാണ് ക്രോണസിന്റേത്. റോമൻ പുരാണത്തിലെ സാറ്റേണിന്റെ ഗ്രീക്ക് രൂപമാണ് 'ക്രോണസ്', അതുപോലെ ജൂപ്പിറ്ററിന് സമാനനായ ഗ്രീക്ക് ദേവനാണ് 'സ്യൂസ്'. ഗ്രീക്ക് പുരാണപ്രകാരം സ്യൂസ്, ക്രോണസിനെ യുദ്ധത്തിൽ തോൽപ്പിക്കുകയും തുടർന്ന് പാതാളത്തിന് സമാനമായ 'ടാർടാറസ്' എന്ന അധോലോകത്തേക്ക് അദ്ദേഹത്തെ നാടുകടത്തുകയും ചെയ്തു. മഹാബലിയെ പാതാളത്തിലേക്ക് അയച്ച സംഭവത്തോട് വളരെ അടുത്തുനിൽക്കുന്ന ഒന്നാണ് ഗ്രീക്ക് പുരാണത്തിലെ ഈ നാടുകടത്തലും. 


മഹാബലിയുടെ കഥകൾ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും, അതിർത്തികൾ കടന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ആഴത്തിൽ വേരുറപ്പിച്ചിട്ടുണ്ട്. കർണാടകയിലെ തുളുനാട്ടിൽ ദീപാവലി സമയത്ത് 'ബലി പാഡ്യമി' എന്ന പേരിലും, മഹാരാഷ്ട്രയിൽ 'ബലി പ്രതിപദ' എന്ന പേരിലും മഹാബലിയെ ഇന്നും സ്വാഗതം ചെയ്യാറുണ്ട്. ഹൈന്ദവ-ബുദ്ധ മതങ്ങളുടെ സ്വാധീനം വഴി കംബോഡിയയിലെ വിശ്വപ്രസിദ്ധമായ അങ്കോർ വാട്ട്, പ്രസാത് ക്രവാൻ എന്നീ ക്ഷേത്രങ്ങളിലെ കരിങ്കൽ ചുവറുകളിൽ വാമനൻ മൂന്നടി മണ്ണ് അളക്കുന്നതിൻ്റെയും മഹാബലിയെ പാതാളത്തിലേക്ക് അയക്കുന്നതിൻ്റെയും മനോഹരമായ ശില്പങ്ങൾ ഇന്നും കാണാം. 


ഇന്തോനേഷ്യയിലെ ബാലി ദ്വീപിന് ആ പേര് ലഭിച്ചത് മഹാബലിയിൽ നിന്നാണെന്ന ഒരു പ്രാദേശിക ഐതിഹ്യവും (കൂടുതൽ അറിയപ്പെടുന്ന ബാലി ഐതിഹ്യം വേറെയുണ്ട്), ലാവോസ്, മ്യാൻമർ എന്നിവിടങ്ങളിലെ പ്രാദേശിക പുരാണങ്ങളും ഈ കഥയുടെ സ്വാധീനം വ്യക്തമാക്കുന്നു. തായ്‌ലൻഡുകാരാകട്ടെ, മഹാബലിയെ 'ഭൂമിയുടെ അവകാശി' ആയാണ് കണക്കാക്കുന്നത്. 'ചാവോ ക്രങ് ബലി' എന്നറിയപ്പെടുന്ന അദ്ദേഹത്തെ അവർ ഭൂമിയുടെ രക്ഷാധികാരിയായി ആരാധിക്കുകയും, പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുൻപായി സ്പിരിറ്റ് ഹൗസുകളിൽ കുടിയിരുത്തി അദ്ദേഹത്തോട് അനുവാദം ചോദിക്കുകയും ചെയ്യുന്നു.


ഭൂമിശാസ്ത്രപരമായി ഇത്രയേറെ അകന്നുനിൽക്കുന്ന രാജ്യങ്ങളിൽ എന്തുകൊണ്ടാണ് ഒരേപോലെയുള്ള കഥകൾ ഉണ്ടാകുന്നത്? നരവംശ ശാസ്ത്രജ്ഞർ നൽകുന്ന ഉത്തരം ലളിതവും മനോഹരവുമാണ്. ലോകത്ത് എവിടെയാണെങ്കിലും മനുഷ്യരുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും വലിയ സമാനതകളുണ്ട്. പണ്ട് എപ്പോഴോ ഒരു കാലത്ത് മനുഷ്യരെല്ലാവരും തുല്യരായിരുന്ന, കള്ളവും ചതിയുമില്ലാത്ത ഒരു ഉട്ടോപിയ കാലമുണ്ടായിരുന്നു എന്നും, ഒരു മഹാനായ ഭരണാധികാരി അത് എന്നെങ്കിലും തിരികെ കൊണ്ടുവരും എന്നുമുള്ള മനുഷ്യന്റെ പൊതുവായ ആഗ്രഹത്തിന്റെയും പ്രത്യാശയുടെയും പ്രതിഫലനമാണ് ഇത്തരം ഇതിഹാസ കഥകൾ. 


നീതിമാനായ ഒരു ഭരണാധികാരിയും മനുഷ്യരെല്ലാവരും ഒന്നായിരുന്ന ഒരു സുവർണ്ണകാലവും ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഒരു പൊതുവായ സ്വപ്നമായിരുന്നു എന്ന് ഈ കഥകൾ നമ്മോട് പറഞ്ഞുവെക്കുന്നു.


✍️ജയൻ കൂടൽ

Sunday, 21 June 2026

NSS and RSS

 https://www.facebook.com/share/1JFYGPTqSa/


ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും RSS ആണെന്ന് പറഞ്ഞ മന്നത്ത് പത്മനാഭനാൽ സ്ഥാപിക്കപ്പെട്ട സംഘടനയാണ് NSS.. !!


ആർഎസ്എസ്  സർസംഘചാലകായിരുന്ന പൂജനീയ ഗുരുജിയുടെ നിർദ്ദേശ പ്രകാരം കന്യാകുമാരി വിവേകാനന്ദപ്പാറയിൽ സ്മാരകം നിർമ്മിക്കാൻ എത്തിയ ഏകനാഥറാനഡെ രൂപീകരിച്ച വിവേകാനന്ദ സ്മാരക സേവാസമിതിയുടെ രണ്ടാമത്തെ അധ്യക്ഷൻ്റെ പേര് ചിലപ്പോൾ വി ഡി സതീശന് അറിയുമായിരിക്കും....

മന്നത്ത് പത്മനാഭൻ. !

മന്നം രോഗശയ്യയിൽ ആയപ്പോൾ ഗുരുജി പെരുന്നയിലെത്തി എൻഎസ്എസ് സ്ഥാപകനെ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. !


വി ഡി സതീശൻ്റെ പാർട്ടി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ നേരിടാൻ ആർഎസ്എസ് രൂപീകരിച്ച ലോക് സംഘർഷ സമിതിയുടെ അധ്യക്ഷൻ മറ്റൊരു എൻഎസ്എസ്  സെക്രട്ടറി ആയിരുന്നു. പേര് എം.പി മന്മഥൻ. 

സംഘപരിവാർ സംഘടനയായ കേരള ക്ഷേത്രസംരക്ഷണ സമിതി സ്ഥാപിച്ചത് എൻഎസ്എസ് സ്ഥാപക പ്രസിഡൻ്റ് ആയിരുന്ന കെ.കേളപ്പൻ ആയിരുന്നു.

ആർഎസ്എസ് നേതാവ് അല്ലായെങ്കിലും വി. ഡി സതീശനും കൂട്ടരും സംഘിപ്പട്ടം ചാർത്തി കൊടുക്കുന്ന വീര സവർക്കറെ എൻഎസ്എസ് രജത ജൂബിലി വർഷമായ 1940 ൽ പെരുന്നയിൽ എത്തിച്ചതും മന്നത്ത് പത്മനാഭൻ ആയിരുന്നു. . !!


ആ NSS ന്റെ, ജനറൽ സെക്രട്ടറിയ്ക്കാണ് ഇന്ന് മുഖ്യമന്ത്രി സന്ദർശന അനുമതി നിഷേധിച്ചത് എങ്കിൽ അത് എന്ത് കൊണ്ട് ആയിരിക്കും എന്ന് ആത്മപരിശോധന നടത്താൻ NSS നേതൃത്വം തയ്യാറാവണം. നേരത്തേ സൂചിപ്പിച്ച ആത്മാഭിമാനത്തിന്റെ പാത കൈയ്യൊഴിഞ്ഞ് കോൺഗ്രസിന് മുന്നിൽ തലചൊറിഞ്ഞ് നിന്ന് നക്കാപ്പിച്ച നേടിയെടുക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ അപമാനം എന്ന് തിരിച്ചറിയാൻ ഇനിയും ഒരു നിമിഷം പോലും വൈകിക്കൂട..! ഇത്തരം അപമാനങ്ങൾക്ക് പരിഹാരം, സാക്ഷാൽ മന്നത്ത് പത്മനാഭൻ കാണിച്ചു തന്ന ഹിന്ദു ഐക്യം മാത്രമാണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം.


പാണക്കാടും അരമനകളിലും കയറിയിറങ്ങി നടക്കുന്ന മുഖ്യമന്ത്രി,

NSS ജനറൽ സെക്രട്ടറിയ്ക്ക് സന്ദർശനാനുമതി നിഷേധിച്ചു എങ്കിൽ അത് പ്രതിക്ഷേധാർഹം തന്നെയാണ്.. !! ഇന്ന് മുഖ്യമന്ത്രി സന്ദർശന അനുമതി നിഷേധിച്ചത് കേവലം സുകുമാരൻ നായർ എന്ന വ്യക്തിയ്ക്കല്ല.. !! NSS എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയ്ക്കാണ്.. !! കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അദ്ദേഹം എങ്കിൽ പാണക്കാട് തങ്ങളും അരമന മേധാവികളും പറയുന്നത് മാത്രമല്ല NSS പറയുന്നതും SNDP പറയുന്നതും മറ്റു ഹിന്ദു സംഘടനകൾക്ക് പറയാനുള്ളതും കേൾക്കുക  തന്നെ വേണം.. !! അതിനുള്ള കരുത്ത് നേടുക എന്നതാണ് പരിഹാരം.. !!


അന്ന് താക്കോൽ സ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളാണെന്ന് തുറന്ന് പറയാനുള്ള ധീരത പ്രകടിപ്പിച്ച NSS ജനറൽ സെക്രട്ടറി, അതേ ധൈര്യം തിരിച്ചു കൊണ്ടു വരാൻ തയ്യാറാവണം... !!

 അന്നത്തെ യുഡിഫ് ഭരണകാലത്ത് കേരളം ഭരിക്കുന്നത് '3 കു' മാരാണെന്ന്.. [കുഞ്ഞൂഞ്ഞ് , കുഞ്ഞുമാണി , കുഞ്ഞാലിക്കുട്ടി.] പറഞ്ഞ അതേ NSS..!

രാമക്ഷേത്ര നിർമ്മാണത്തിന് ലക്ഷങ്ങൾ സംഭാവന നൽകിയ NSS ........!

ശബരിമല പ്രക്ഷോഭത്തിന് സർവ്വ പിന്തുണയും നൽകിയ NSS .......!!

ഗണപതി മിത്താണെന്ന് ആക്ഷേപിച്ചപ്പോൾ ശക്തമായി പ്രതികരിച്ച NSS ..!!


ആ NSS തിരിച്ചു വരണം....!!!


കടപ്പാട്:

അമ്പലം അജയന്

Tuesday, 17 February 2026

Treachery and capture of Pazhasi Raja

 പഴശ്ശിരാജയെ ഒറ്റിക്കൊടുത്തവർ

കേരളവർമ്മ പഴശ്ശിരാജയുടെ അന്ത്യത്തെക്കുറിച്ചും അദ്ദേഹത്തെ ഒറ്റിക്കൊടുത്തവരെക്കുറിച്ചും ബ്രിട്ടീഷ് രേഖകളിൽ, പ്രത്യേകിച്ച് തലശ്ശേരി സബ് കളക്ടറായിരുന്ന ടി.എച്ച്. ബാബറുടെ (Thomas Hervey Baber) റിപ്പോർട്ടുകളിൽ വ്യക്തമായ സൂചനകളുണ്ട്.
‎പഴശ്ശിരാജയെ നേരിട്ട് യുദ്ധത്തിൽ തോൽപ്പിക്കാൻ കഴിയാതിരുന്ന ബ്രിട്ടീഷുകാർ ചാരന്മാരെയും പ്രാദേശികമായ ഒറ്റിക്കൊടുക്കലുകളെയും ആശ്രയിച്ചു. പ്രധാനമായും രണ്ട് വ്യക്തികളുടെ പേരുകളാണ് ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നത്:പഴയവീടൻ ചന്തു, കാനറ മേനോൻ പിന്നെ ഒരു പ്രാദേശിക തറവാട് കാരണവർ ആയിരുന്ന പഴുപ്പത്തൂർ കരണവർ.



‎ആരായിരുന്നു പഴയവീടൻ ചന്തു?
‎തുടക്കത്തിൽ പഴശ്ശിരാജയുടെ അതീവ വിശ്വസ്തനും സൈനിക സഹായിയുമായിരുന്നു പഴയവീടൻ ചന്തു. കുറിച്യർക്കും മറ്റ് ഗോത്രവർഗ്ഗക്കാർക്കുമിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന ഇദ്ദേഹം, വനമേഖലകളിലെ യുദ്ധതന്ത്രങ്ങളിൽ രാജാവിനെ സഹായിച്ചിരുന്നു. പഴശ്ശിരാജയുടെ ഒളിത്താവളങ്ങളെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും കൃത്യമായ അറിവുള്ള ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഇയാൾ.
‎ബ്രിട്ടീഷുകാർ പഴശ്ശിരാജയെ പിടിക്കാൻ കഴിയാതെ വന്നപ്പോൾ, അദ്ദേഹത്തിന്റെ കൂടെയുള്ളവരെ സ്വാധീനിക്കാൻ വലിയ തുക പ്രതിഫലം പ്രഖ്യാപിച്ചു. സബ് കളക്ടർ ടി.എച്ച്. ബാബർ പഴയവീടൻ ചന്തുവിനെ വശത്താക്കുന്നതിൽ വിജയിച്ചു. വൻതുക പ്രതിഫലമായി നൽകാം എന്നും, ഭാവിയിൽ അധികാരസ്ഥാനങ്ങൾ നൽകാമെന്നും ബ്രിട്ടീഷുകാർ ഇയാൾക്ക് വാഗ്ദാനം നൽകി. ചന്തുവിനെ തടവിലാക്കുമെന്ന ഭീഷണിയും ബ്രിട്ടീഷുകാർ ഉയർത്തിയിരുന്നു.
‎1805 നവംബർ മാസത്തിൽ, പഴശ്ശിരാജ വയനാട്ടിലെ പുൽപ്പള്ളിക്കടുത്തുള്ള മാവിലാംതോടിന് സമീപം ഒളിവിൽ കഴിയുകയാണെന്ന വിവരം ബ്രിട്ടീഷുകാർക്ക് ചോർത്തിക്കൊടുത്തത് ചന്തുവാണ്.
‎​ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാബറും സംഘവും കാട്ടിലൂടെ അതീവ രഹസ്യമായി നീങ്ങുകയും രാജാവിനെ വളയുകയും ചെയ്തു.
‎​ചന്തു നൽകിയ കൃത്യമായ വഴികാട്ടലില്ലായിരുന്നെങ്കിൽ ബ്രിട്ടീഷ് സൈന്യത്തിന് അത്ര പെട്ടെന്ന് രാജാവിന്റെ ഒളിത്താവളത്തിൽ എത്താൻ സാധിക്കുമായിരുന്നില്ല.
‎രാജാവിനെ ഒറ്റിക്കൊടുത്തതിന് പ്രതിഫലമായി ബ്രിട്ടീഷുകാർ ഇയാൾക്ക് പണവും ഭൂമിയും നൽകി. എന്നാൽ നാട്ടുകാരുടെയും മറ്റ് പോരാളികളുടെയും കണ്ണിൽ ഇയാൾ വലിയൊരു വഞ്ചകനായി മുദ്രകുത്തപ്പെട്ടു. ​പഴശ്ശിരാജയുടെ മരണശേഷം അദ്ദേഹത്തിന്റെ അനുയായികൾ, പ്രത്യേകിച്ച് എടച്ചേന കുങ്കന്റെ നേതൃത്വത്തിലുള്ളവർ വഞ്ചകരെ വേട്ടയാടിയിരുന്നു. ​പഴയവീടൻ ചന്തുവിന്റെ പിന്നീടുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നും, ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും ചരിത്ര സൂചനകളുണ്ട്.
‎കാനറ മേനോൻ (Canara Menon).
‎ബ്രിട്ടീഷ് രേഖകളിൽ, പ്രത്യേകിച്ച് ടി.എച്ച്. ബാബറുടെ ഡയറിക്കുറിപ്പുകളിലും റിപ്പോർട്ടുകളിലും വളരെ പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്ന വ്യക്തിയാണ് കാനറ മേനോൻ (Canara Menon). പഴശ്ശിരാജയെ പിടികൂടാൻ ബ്രിട്ടീഷുകാരെ സഹായിച്ച പ്രധാന സ്വദേശി ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.
‎തലശ്ശേരി സബ് കളക്ടറായിരുന്ന ടി.എച്ച്. ബാബറുടെ വിശ്വസ്തനായ സഹായിയും അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു പ്രധാന ഉദ്യോഗസ്ഥനുമായിരുന്നു കാനറ മേനോൻ. ബ്രിട്ടീഷ് ഭരണകൂടവും പ്രാദേശിക ജനവിഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന് ബാബർ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇദ്ദേഹത്തെയായിരുന്നു.
‎1805 നവംബറിൽ പഴശ്ശിരാജയെ കണ്ടെത്താനായി ബാബർ നടത്തിയ നീക്കങ്ങളിൽ കാനറ മേനോൻ മുൻപന്തിയിലുണ്ടായിരുന്നു. വയനാട്ടിലെ ഗോത്രവർഗ്ഗക്കാരിൽ നിന്നും മറ്റും വിവരങ്ങൾ ശേഖരിക്കാനും അവരെ ബ്രിട്ടീഷുകാർക്ക് അനുകൂലമാക്കാനും മേനോൻ വലിയ പങ്ക് വഹിച്ചു. 1805 നവംബർ 30-ന് പുൽപ്പള്ളിക്കടുത്തുള്ള മാവിലാംതോടിന്റെ തീരത്ത് പഴശ്ശിരാജയെയും സംഘത്തെയും വളഞ്ഞ സൈനിക വിഭാഗത്തോടൊപ്പം കാനറ മേനോനും ഉണ്ടായിരുന്നു.
‎പഴശ്ശി ഒളിച്ചിരിക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ ബ്രിട്ടീഷുകാർ വിഷമിക്കുമ്പോൾ, പഴുപ്പത്തൂർ കരണവരാണ് ആ രഹസ്യം ബാബറിന് ചോർത്തിക്കൊടുത്തത്.
‎​കാടിനുള്ളിലെ രഹസ്യവഴികളും പഴശ്ശിയുടെ താവളവും അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തിന് കാണിച്ചുകൊടുത്തു. ബ്രിട്ടീഷ് സൈന്യം അപ്രതീക്ഷിതമായി അവരെ വളഞ്ഞു.​ ടി.എച്ച്. ബാബർ തന്റെ ഔദ്യോഗിക റിപ്പോർട്ടുകളിൽ ഒരു 'പ്രാദേശിക വിവരദാതാവിനെ' (Informant) കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പഴശ്ശിയുടെ മരണശേഷം ബാബർ ഇദ്ദേഹത്തിന് പാരിതോഷികങ്ങൾ നൽകിയതായും പറയപ്പെടുന്നു.
‎പിൽക്കാലത്ത് ജനങ്ങൾക്കിടയിൽ ഇദ്ദേഹം ഒരു ചതിയനായി മുദ്രകുത്തപ്പെട്ടു.​ പ്രാദേശിക ഐതിഹ്യങ്ങൾ പ്രകാരം, പഴശ്ശിയെ ചതിച്ച പഴുപ്പത്തൂർ കരണവർക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും പിന്നീട് വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്ന് പറയപ്പെടുന്നു. പഴശ്ശിയെപ്പോലൊരു വീരനെ ഒറ്റിക്കൊടുത്തതിന്റെ പേരിൽ ആ തറവാടിന് 'ദൈവകോപം' ഉണ്ടായെന്നാണ് പഴയ തലമുറ വിശ്വസിച്ചിരുന്നത്.
‎ബാബറുടെ റിപ്പോർട്ടുകൾ പ്രകാരം, കാട്ടിലെ ഒളിത്താവളത്തിൽ വെച്ച് പഴശ്ശിരാജയെ ആദ്യം കണ്ടതും അദ്ദേഹത്തെ പിടികൂടാൻ ശ്രമിച്ചതും കാനറ മേനോൻ ആയിരുന്നു. ​ഈ സമയത്ത് രാജാവ് തന്റെ തോക്ക് മേനോന്റെ നെഞ്ചിന് നേരെ ചൂണ്ടി വെടിയുതിർക്കാൻ ശ്രമിച്ചു.
‎​എന്നാൽ തോക്കിന്റെ മരുന്നിന് ഈർപ്പം തട്ടിയതിനാലോ മറ്റോ അത് പ്രവർത്തിച്ചില്ല.
‎​ഉടൻ തന്നെ മേനോന്റെ കൂടെയുണ്ടായിരുന്ന ബ്രിട്ടീഷ് സൈനികർ രാജാവിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. (എന്നാൽ, ബ്രിട്ടീഷുകാർക്ക് ജീവനോടെ പിടികൊടുക്കാതിരിക്കാൻ രാജാവ് തന്റെ രത്നമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തുവെന്നും ഒരു പ്രാദേശിക വിശ്വാസമുണ്ട്.)
‎മരണസമയത്ത് പോലും രാജാവ് കാണിച്ച പ്രൗഢിയെ ബാബർ പ്രശംസിക്കുന്നുണ്ട്. "എന്നെ തൊട്ട് അശുദ്ധനാക്കരുത്" എന്ന് അദ്ദേഹം ആജ്ഞാപിച്ചതായി ബാബർ രേഖപ്പെടുത്തിയിട്ടുണ്ട്.
‎പഴശ്ശിരാജയുടെ അന്ത്യത്തിന് ശേഷം ബാബർ അയച്ച ഔദ്യോഗിക റിപ്പോർട്ടുകളിൽ കാനറ മേനോന്റെ ധീരതയെയും കൃത്യനിഷ്ഠയെയും പുകഴ്ത്തുന്നുണ്ട്. രാജാവിനെ വധിച്ച ദൗത്യത്തിൽ നിർണ്ണായക പങ്ക് വഹിച്ചതിന് മേനോന് ബ്രിട്ടീഷ് സർക്കാർ പ്രതിഫലവും ഉയർന്ന പദവികളും നൽകി ആദരിച്ചു.
‎ബ്രിട്ടീഷുകാർക്ക് വലിയ സേവനം ചെയ്തെങ്കിലും, നാട്ടുകാരായ പഴശ്ശി ഭക്തർക്ക് കാനറ മേനോൻ ഒരു വഞ്ചകനായിരുന്നു. പഴശ്ശിരാജയുടെ മരണത്തിന് വർഷങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ അനുയായികൾ മേനോനെ വധിക്കാൻ പലതവണ ശ്രമിച്ചിരുന്നു. ഒടുവിൽ 1812-ലെ കുറിച്യ ലഹളയുടെ കാലത്തോ അതിനോടനുബന്ധിച്ചോ പഴശ്ശി അനുകൂലികൾ കാനറ മേനോനെ വധിച്ചതായാണ് ചില ചരിത്ര സൂചനകൾ വ്യക്തമാക്കുന്നത്.
‎ബ്രിട്ടീഷുകാർ നൽകിയ ആദരവ്
‎പഴശ്ശിരാജയുടെ മൃതദേഹം ബഹുമാനപൂർവ്വം സംസ്കരിക്കാൻ ബാബർ കാണിച്ച താല്പര്യം അക്കാലത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ അപൂർവ്വമായിരുന്നു.​ശത്രുവായിരുന്നിട്ടും പഴശ്ശിരാജയുടെ ധീരതയെ ബാബർ ബഹുമാനിച്ചിരുന്നു.
‎​"നമ്മുടെ കമ്പനിക്ക് ഒൻപത് വർഷത്തോളം കനത്ത നാശനഷ്ടങ്ങൾ വരുത്തിയ വ്യക്തിയാണെങ്കിലും, അദ്ദേഹത്തിന്റെ ധീരതയും നിശ്ചയദാർഢ്യവും സമാനതകളില്ലാത്തതാണ്." - ബാബർ റിപ്പോർട്ടിൽ കുറിച്ചു.
‎​അദ്ദേഹത്തിന്റെ ഭൗതികശരീരം സബ് കളക്ടറുടെ സ്വന്തം പല്ലക്കിൽ കയറ്റി മാനന്തവാടിയിൽ എത്തിക്കുകയും, എല്ലാവിധ രാജകീയ ആചാരങ്ങളോടും കൂടി സംസ്കരിക്കുകയും ചെയ്തു. ഇന്ന് ആ സ്ഥലത്താണ് പഴശ്ശി സ്മാരകം നിലകൊള്ളുന്നത്.
‎പഴശ്ശിരാജയെ നേരിട്ടുള്ള യുദ്ധത്തിൽ തോൽപ്പിക്കാൻ ബ്രിട്ടീഷുകാർക്ക് കഴിയില്ലായിരുന്നു എന്ന് വില്യം ലോഗൻ പോലും സൂചിപ്പിക്കുന്നുണ്ട്. സ്വദേശികളായ ആളുകളുടെ ചതിയും സഹായവും ഇല്ലായിരുന്നെങ്കിൽ പഴശ്ശിയെ പിടികൂടുക എന്നത് ബ്രിട്ടീഷുകാർക്ക് അസാധ്യമായിരുന്നു. പഴുപ്പത്തൂർ കരണവറെപ്പോലെയുള്ളവരുടെ ഒറ്റിക്കൊടുക്കലുകളാണ് കേരള സിംഹത്തിന്റെ വീഴ്ചയ്ക്ക് പ്രധാന കാരണമായത്.
✍️ Sreekala Prasad

Ricebag Rajaram Mohan Roy


 

Monday, 16 February 2026

വ്രതം ?

 🙏🙏🙏🙏🙏🙏🙏🙏🙏🙏


ശിവരാത്രി - സന്ദേശം.                      


🙏🙏🙏🙏🙏🙏🙏🙏🙏🙏


ശിവരാത്രിവ്രതം


എന്താണീ വ്രതം ?

എന്തിനാണിതനുഷ്ഠിക്കുന്നത്?


വ്രതം സ്വയം വരിക്കുന്നതാണ്. മറ്റൊരാളിന്റെ പ്രേരണ മൂലം സംഭവിക്കേണ്ടതല്ല.  


വ്രത സ്വീകരണത്തിനുള്ള മന്ത്രത്തിൽ പറയുന്നു - 

അനൃ താത് സത്യമുപൈമി എന്ന്. ഞാൻ അസത്യത്തെ ഉപേക്ഷിച്ച് സത്യത്തെ സ്വീകരിക്കുന്നു. അപ്പോൾ സത്യത്തെ സ്വീകരിക്കുന്നതും സകലവിധ കള്ളത്തരങ്ങളെയും ഉപേക്ഷിക്കുന്നതുമാണ് , വ്രതം. 


പട്ടിണി കിടന്നാൽ അത് വ്രതമാവുകയില്ല. ശിവരാത്രിയിൽ പ്രധാനം ജാഗരണമാണ്. നിദ്ര അഥവാ ആലസ്യം ഒഴിവാക്കലാണ്. 


ഇത് ഒരു ദിവസം മാത്രം പോരാ. ജീവിതത്തിൽ ഒരു നിമിഷം പോലും അലസനാവരുതെന്ന സന്ദേശമാണ് ശിവരാത്രിയിലെ ജാഗരണം നല്കുന്നത്. 


എന്തിലാണ് ജാഗരണം വേണ്ടത് ? കഠ ഉപനിഷത് പറയുന്നു - ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത. എഴുന്നേല്ക്കൂ. ജാഗ്രതയോടെ നില്ക്കൂ. ശ്രേഷ്ഠരായ ആചാര്യന്മാരെ സമീപിച്ച് അറിവു നേടൂ. 


അറിവു നേടുന്നതിലാണ് ജാഗ്രത വേണ്ടത്. അറിവ് നേടുന്നതിന് ഉറക്കമിളയ്ക്കണം. ആലസ്യം വിട്ട് ഉദ്യമിക്കണം. അങ്ങനെയായാൽ സത്യം ശിവം സുന്ദരം എന്ന നില പ്രാപിക്കാം.


 സത്യം സുന്ദരമാണ് ശിവമാണ് - മംഗളകരവും സുഖദായകവുമാണ്. അതിനാൽ സത്യമുപൈമി.


സ്വാമിദർശനാനന്ദ

Monday, 9 February 2026

Ranujacharya of Srirangam

1000 വർഷങ്ങൾക്കിപ്പുറവും അഴുകാതെ നിലനിൽക്കുന്ന ശരീരം – ശ്രീരംഗം ക്ഷേത്രത്തിലെ രാമാനുജാചാര്യർ. 


ഇന്ത്യയിലെ ഏറ്റവും വലിയ വൈഷ്ണവ ക്ഷേത്രമായ ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിൽ, ഇന്നും അത്ഭുതമായി നിലനിൽക്കുന്ന ഒരു ദൃശ്യമാണ് ശ്രീ രാമാനുജാചാര്യരുടെ ശരീരം.


ക്രി.വ. 1017–1137 കാലഘട്ടത്തിൽ ജീവിച്ച വിശിഷ്ടാദ്വൈത വേദാന്തത്തിന്റെ സ്ഥാപകൻ,

ശ്രീ വൈഷ്ണവ സമ്പ്രദായത്തിന്റെ ആചാര്യൻ,108 ദിവ്യദേശങ്ങളുടെ ക്രമീകരകൻ —ശ്രീരാമാനുജാചാര്യർ.


ആത്മാവും ബ്രഹ്മനും  ഒരുപോലെ അല്ല

പക്ഷേ പൂർണ്ണമായി വേറിട്ടതുമല്ല.

ഇതാണ് “വിശിഷ്ടാദ്വൈതം”. 


വിശദമായി പറഞ്ഞാൽ ആത്മാവും ബ്രഹ്മവും വ്യത്യസ്തമാണ്.ഓരോ ജീവിയിലും ഉള്ളതാണ് ആത്മാവ്.

എന്നാൽ പരമമായ സത്യമാണ് ബ്രഹ്മം.

ഇവ രണ്ടും ഒന്നല്ല. ആത്മാവിന് സ്വന്തമായ വ്യക്തിത്വമുണ്ട്. 


എന്നാൽ അവ തമ്മിൽ അകറ്റാനാവാത്ത ബന്ധം ഉണ്ട്.

ആത്മാവ് ബ്രഹ്മത്തിൽ ആശ്രിതമാണ്. 

ശരീരം–ആത്മാവ് ബന്ധം പോലെ. 

ശരീരം വേറെയായാലും ആത്മാവില്ലാതെ നിലനിൽക്കില്ലല്ലോ. 


എല്ലാ ആത്മാക്കളും ബ്രഹ്മത്തിൽ ഏകീകരിച്ചിരിക്കുന്നു.അനേകം ആത്മാക്കൾ ഉണ്ട്.പക്ഷേ അവയെല്ലാം ബ്രഹ്മത്തിൽ അടങ്ങിയവയാണ്. 


ബ്രഹ്മമാണ് എല്ലാറ്റിന്റെയും ആധാരം.


മോക്ഷത്തിൽ ആത്മാവ് ബ്രഹ്മത്തോടൊപ്പം ഐക്യം നേടുന്നു. 


ഉപ്പു കടലിൽ കലക്കിയാൽ ഉപ്പ് നിലനിൽക്കുന്നു. പക്ഷേ കടലിൽ നിന്നും വേർതിരിക്കാൻ കഴിയില്ല. 

ഇതുപോലെ ആത്മാവ് ബ്രഹ്മത്തോടൊപ്പം ലയിച്ചിരിക്കുന്നു. 


ചുരുക്കി പറഞ്ഞാൽ ആത്മാവും ബ്രഹ്മവും വേറെയാണ്.പക്ഷേ വേർപിരിയാത്ത ബന്ധത്തിൽ ആണിവർ. മോക്ഷത്തിൽ ആത്മാവ് ബ്രഹ്മത്തോടൊപ്പം ദൈവീക ഐക്യം അനുഭവിക്കുന്നു. ഇതാണ് ഭക്തിയും ശരണാഗതിയും പ്രധാനമാക്കുന്ന വിശിഷ്ടാദ്വൈത സിദ്ധാന്തം


എന്നാൽ  ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാ ന്തത്തിൽ “ആത്മാവും ബ്രഹ്മവും ഒന്നാണ്”


 മാധ്വാചാര്യരുടെ ദ്വൈത സിദ്ധാ ന്തത്തിൽ "ആത്മാവും ബ്രഹ്മവും പൂർണ്ണമായി വെവ്വേറെയാണ്”


രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈത സിദ്ധാന്തത്തിൽ “വെവ്വേറെയെങ്കിലും, രണ്ടും തമ്മിൽ ഒരുമിച്ചുള്ള ഏകത്വം”


അദ്ദേഹത്തിന്റെ ശരീരം ശ്രീരംഗം ക്ഷേത്രത്തിലെ “താനിയൻ മണ്ഡപത്തിൽ” ഇന്നും സമാധിയായി അന്ന് ഇരുന്ന അതേ സ്ഥിതിയിൽ സൂക്ഷിച്ചിരിക്കുന്നു.


 ഏകദേശം 1000 വർഷത്തിലേറെയായി

ശരീരത്തിൽ യാതൊരു പുഴുക്കലോ അഴുകലോ ഇല്ല. മുടി, മുഖവടിവ്, കൈകാലുകൾ — എല്ലാം വ്യക്തമായി കാണാം പ്രതിദിനം ചന്ദനം, കർപ്പൂരം, കുങ്കുമം, എണ്ണ തുടങ്ങിയവ പൂശി പൂജ നടത്തുന്നു


ഇത് യോഗസിദ്ധി കൊണ്ട് വന്നുചേർന്ന അവസ്ഥയെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. സാക്ഷാൽ ദൈവീക സാന്നിധ്യം


പ്രത്യേക ഔഷധതൈലങ്ങളും ചന്ദനലേപവും സ്ഥിരമായ അന്തരീക്ഷ താപനിലയും പിന്നെ ഇരിപ്പുസമാധിയും (Padmasana posture) ഇതൊക്കെയാണ് ഈ അവസ്ഥയുടെ കാരണങ്ങളായുള്ള ശാസ്ത്രീയ വിശദീകരണം.


 1000 വർഷം ശരീരം ഇങ്ങനെ നിലനിൽക്കുന്നത് ശാസ്ത്രത്തിനും ചോദ്യം തന്നെയാണ്.


എന്നാൽ ഭക്തർക്കിത്  അത്ഭുതമല്ല…ഒരു “ജീവിക്കുന്ന ആചാര്യൻ” തന്നെയാണ്.


വിശ്വാസമോ ശാസ്ത്രമോ -എന്തായാലും ശ്രീരംഗത്തെ ഈ ദൃശ്യമാണ് ഇന്ത്യയുടെ ആത്മീയ പൈതൃകത്തിന്റെ അഭിമാനം.

Tuesday, 26 August 2025

Pookalam

 ♥️♥️♥️♥️♥️♥️♥️♥️♥️♥️

അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. എന്നാല്‍ അത്തം മുതല്‍ തിരുവോണം വരെ പൂവിടുമ്പോള്‍ എന്താണ് അതിന്റെ പ്രത്യേകത എന്താണ് അതിന്റെ പിന്നിലുള്ള ഐതിഹ്യം എന്ന് പലര്‍ക്കും അറിയില്ല.


അത്തം സൂര്യദേവന്റെ ജന്മനാളാണ്. അത്തം മുതലുള്ള എല്ലാ പൂക്കളങ്ങളിലും തുമ്പയും മുക്കുറ്റിയും പ്രധാന ഇനങ്ങളാണ്.

ചിത്തിരപ്പൂക്കളത്തിൽ പ്രാധാന്യം വെളുത്ത പുഷ്‌പങ്ങൾക്കാണ്.


ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം.


വിശാഖത്തിന് വൃത്താകൃതിയിൽ പൂക്കൾ ഇടകലർത്തിയാണു കളമൊരുക്കുക.


അനിഴത്തിനു പൂക്കളം അഞ്ചുനിറത്തിലുള്ള പൂക്കൾകൊണ്ട് അഞ്ചുവരിയായി നിർമിക്കണം.


തൃക്കേട്ടയ്‌ക്കു പൂക്കളം ആറു നിറത്തിലുള്ള പൂക്കൾകൊണ്ടാവണമെന്നാണു വിശ്വാസം.

മൂലത്തിന് മൂടുവോളംപൂ’ എന്നാണു പറയുക.


പൂരാടത്തിനു പൂരപ്പറമ്പുവരെ’ നീളുന്ന പൂക്കളമാണ്. കാക്കപ്പൂവ് പ്രധാനവുമാണ്.


ഉത്രാടനാളിൽ സമൃദ്ധമായി പൂക്കൾകൊണ്ടു പൂക്കളമൊരുക്കുന്നു.

തിരുവോണനാളിൽ തൃക്കാക്കരയപ്പന്റെ വരവുമായി.

പണ്ടു നാട്ടുപൂക്കളായിരുന്നു പൂക്കളത്തിൽ. മഹാബലിയുടെ ഇഷ്‌ടപുഷ്‌പമാണു തുമ്പ. ചാണകം മെഴുകിയ തറയിൽ തുമ്പയും തുളസിയുംകൊണ്ട് ഒറ്റവരി അത്തത്തിന്, തിരുവോണമാകുമ്പോൾ അത് 10 വരിയാകും.


അത്തപ്പൂക്കളത്തിന് തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരൈതിഹ്യം ഉണ്ട് .


അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയ്യപ്പന്‌ എഴുന്നള്ളി ഇരിക്കുവാൻ വേണ്ടിയാണ് പൂക്കളം ഒരുക്കിയിരുന്നത് . എന്നാൽ തൃക്കാക്കരയിൽ നിന്ന് ദൂരെ വസിക്കുന്നവർക്ക് തൃക്കാക്കരയപ്പന്റെ അടുത്ത് ചെന്ന് പൂക്കളം ഒരുക്കാൻ കഴിയാതെ വന്നപ്പോൾ , അവരുടെ സങ്കട നിവർത്തിക്കായി , വീടുകളിൽ തന്നെ പൂക്കളം ഒരുക്കി അതിൽ തന്നെ പ്രതിഷ്ഠിച്ചു ആരാധിച്ചു കൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുമതി നൽകി എന്നും അതിൽ പിന്നെയാണ് വീടുകളിൽ പൂക്കളം ഒരുക്കി തുടങ്ങിയത് എന്നും പറയപ്പെടുന്നു. 

മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ, ചക്രവർത്തിയായിരുന്ന മഹാബലിയെ കൊണ്ട് പോയി, തന്റെ പ്രജകളെ കാണാൻ വർഷത്തിൽ ഒരു ദിവസം ഭൂമിയിലേക്ക് എഴുന്നെള്ളാൻ ചക്രവർത്തിക്ക് വാമനൻ അനുമതി നൽകിയെന്നും,  അതിൻ പ്രകാരം ചിങ്ങമാസത്തിലെ തിരുവോണം നാളിൽ എഴുന്നെള്ളുന്ന മാവേലിയെ സ്വീകരിക്കാൻ ആണ് പൂക്കളം ഒരുക്കുന്നതെന്നും കരുതപ്പെടുന്നു.!!


മലയാളികളുടെ ജീവിതത്തിലെ ഈ വർഷത്തെ ഓണക്കാലത്തിന്റെ ആരംഭം, എല്ലാ ഏവർക്കും ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഓണക്കാലം  ആയിരിക്കട്ടെ എന്ന്  ഹൃദയപൂർവം ആശംസിക്കുന്നു.