Sunday 26 February 2023

Shivarathri

 മഹാശിവരാ:ശിവായ


ഏവർക്കും ആർഷവിദ്യാസമാജത്തിന്റെയും സഹോദരപ്രസ്ഥാനങ്ങളുടെയും മഹാശിവരാത്രി ആശംസകൾ..! 


മഹാശിവരാത്രിയുടെ മഹത്വം


ശ്രീപരമശിവന്റെ ആവിർഭാവദിനമാണ് ശിവരാത്രി. ആവിർഭാവം എന്നാൽ പ്രത്യക്ഷപ്പെടുക എന്നർത്ഥം. അകായനും നിരാകാരനും നിരവയവനും ആയ പരമശിവൻ മൂന്നു ലോകങ്ങളിലേയും ജീവികൾക്ക് മുന്നിൽ വേദം (ഈശ്വരജ്ഞാനം, സനാതനധർമ്മം) നൽകാനായി പ്രത്യക്ഷപ്പെട്ട സന്ദർഭങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നതിനുള്ള പുണ്യദിനമാണ് ശിവരാത്രി. 

കാരണലോകത്തിലെ ബ്രഹ്മർഷികളായ നാരായണഋഷിക്കും ബ്രഹ്മഋഷിക്കും ഉണ്ടായ മായയെ നീക്കി അവർക്ക് പൂർണജ്ഞാനം നൽകി മോക്ഷം നൽകുവാൻ, അഗ്നിശൈലമായി- കാരണജ്യോതിർലിംഗമായി ശ്രീപരമേശ്വരൻ പ്രത്യക്ഷനായതാണ് ഇതിൽ ആദ്യത്തേത് ! കാരണലോകത്തിൽ മഹാരുദ്രനായും, സൂക്ഷ്മലോകത്തിൽ ശിവശങ്കരഋഷിയായും സ്ഥൂലലോകത്തിലെ ഭൂമിയിൽ ആദിയോഗിയായ ആദിനാഥനായും (ദക്ഷിണാമൂർത്തി) ദിവ്യദേഹങ്ങൾ സ്വീകരിച്ചുകൊണ്ട് അദ്ദേഹം സനാതനധർമ്മം നൽകി. മായയുടെ കാളരാത്രിയെ നശിപ്പിച്ച് അജ്ഞാനത്തിന്റെ അന്ധകാരം നീക്കുവാനായി ശ്രീ പരമേശ്വരൻ ആവിർഭാവം ചെയ്ത ഈ സന്ദർഭങ്ങളെ അനുസ്മരിക്കുവാനാണ് നാം മഹാശിവരാത്രി ആചരിക്കുന്നത്. ത്രിഭുവനങ്ങളിൽ സനാതനധർമ്മം (വേദം) നൽകപ്പെട്ട നിർണായകസമയങ്ങളെ അനുസ്മരിച്ച് കാരുണ്യമൂർത്തിയായ പരമശിവനെ ഉപാസിക്കുന്ന ദിവ്യദിനം! സനാതനധർമ്മികൾ ആചരിക്കുന്ന പുണ്യദിനങ്ങളിൽ ഏറ്റവും മഹത്വം ശിവരാത്രിയ്ക്കാണ്. മഹാശിവരാത്രിവ്രതത്തിന്  വ്രതങ്ങളുടെ രാജാധിരാജസ്ഥാനം (ചക്രവർത്തിപദം)  

ഉണ്ടെന്ന് ഋഷികൾ സാക്ഷ്യപ്പെടുത്തുന്നു.


എന്നും നിലനിൽക്കുന്ന സനാതനനും വിശ്വത്തിന്റെയും കാലത്തിന്റേയും ജീവികളുടെയും നാഥനും ഈശ്വരനുമായ പരമേശ്വരനും ആണ് ശ്രീപരമശിവൻ.


വിശ്വേശ്വരനും  കാലേശ്വരനും  ആത്മേശ്വരനും ഭൂതേശ്വരനുമാണ് പരമശിവൻ. സകല ചരാചരങ്ങൾക്കും നാഥനായ സർവ്വേശ്വരനും അവിടുന്ന് തന്നെ !


കാരണലോകാധിപതികളായ ഭഗവാന്മാർ, സൂക്ഷ്മലോകവാസികളായ ദേവന്മാർ, സ്ഥൂലലോകജീവികൾ  എന്നിവരുടെയെല്ലാം ഈശ്വരനായതിനാലും തനിക്ക് തുല്യനായി മറ്റാരും ഇല്ലാത്തവനായതുകൊണ്ടും അദ്ദേഹം പരമേശ്വരനായി !


മൂന്ന് ലോകങ്ങൾ (ഭൗതിക- ഊർജ -ബോധ മണ്ഡലങ്ങൾ  അഥവാ സത്വരജോസ്തമോലോകങ്ങളായ കാരണ - സൂക്ഷ്മ-സ്ഥൂല ലോകങ്ങൾ),കാലം, ജീവികൾ എന്നിവയുണ്ടാകുന്നതിനും മുമ്പ് ഉണ്ടായിരുന്ന ആദ്യനും , ഇവയെല്ലാം ഉണ്ടാകുമ്പോഴും പരിണമിക്കുമ്പോഴും അതിന് ശേഷവും തന്റെ സ്വഭാവത്തിലോ ശക്തി വിശേഷങ്ങളിലോ മഹിമയിലോ മാറ്റം ഇല്ലാതെയും സൃഷ്ടി - പരിണാമങ്ങൾക്കോ, പ്രകൃതി നിയമങ്ങൾക്കോ വിധേയനാകാതെയും നിലകൊള്ളുന്ന അവ്യയനും , അവസാനം എല്ലാം തന്നിലേയ്ക്ക്  ലയിപ്പിച്ച് ഏകമാത്ര സത്യസ്വരൂപനായി വിളങ്ങുന്ന കേവലനും ആയതിനാൽ അദ്ദേഹം സനാതനനായി.


വേദം വാഴ്ത്തുന്ന ശിവൻ, വിഷ്ണു, ബ്രഹ്മാവ്, രുദ്രൻ, ശംഭു, ശങ്കരൻ, ഇന്ദ്രൻ, മിത്രൻ എല്ലാം പരമേശ്വരൻ തന്നെ! ഒരേ ഒരുവൻ്റെ വ്യത്യസ്ത പേരുകൾ!


മംഗളമൂർത്തിയായതിനാൽ ശംഭുവും, പരമനന്മ പ്രദാനം ചെയ്യുന്ന ശങ്കരനും, എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന വിഷ്ണുവും, വിശ്വോത്പത്തിയ്ക്ക് കാരണമായതിനാലും ബൃഹത്തായ സ്വരൂപവും ജ്ഞാനവും ഉള്ളതിനാൽ ബ്രഹ്മാവും, എല്ലാവരേയും രമിപ്പിക്കുന്ന രാമനും, സർവ്വരേയും തന്നിലേക്ക് ആകർഷിക്കുന്ന കൃഷ്ണനും, സർവ്വ ദു:ഖദുരിതങ്ങളേയും പാപങ്ങളെയും സംഹരിക്കുന്ന ഹരനും, ജ്ഞാനം നൽകി മോക്ഷം നൽകുന്ന രുദ്രനും ആയ പരംജ്യോതിസച്ചിദാനന്ദസ്വരൂപിയായ ഏക പരബ്രഹ്മ തത്വമാണ് സനാതനധർമ്മത്തിലെ പരമശിവൻ.


ശ്രീപരമശിവനെ ഈശ്വരന്മാരുടെയെല്ലാം ഈശ്വരനായ  മഹേശ്വരനായും, കാരണ- സൂക്ഷ്മ-സ്ഥൂല ലോകങ്ങളുടെയെല്ലാം അധിപനായ വിശ്വനാഥനായും,  കാലത്തിന്റെ നാഥനായ മഹാകാളനായും,  ജീവികളുടെയെല്ലാം  ആശ്രയമായ പശുപതിയായും വേദോപനിഷത്തുക്കളും, ഋഷിപരമ്പരകളും  ഒരുപോലെ വർണ്ണിക്കുന്നു !


ജനനമരണ രഹിതനായ ഏകരക്ഷകനായതിനാൽ അജൈകപാത്തും എല്ലാത്തിന്റേയും അധിഷ്ഠാനമായതിനാൽ അഹിർബുദ്ധ്ന്യനുമാണ് അദ്ദേഹം. അകായനും, നിരാകാരനും, നിരവയവനും,   നിരാമയനും, അനീശ്വരനും, നിരാശ്രയനുമാണ് ശിവതത്വം.


ശിവരാത്രി:


പരമപ്രേമമൂർത്തിയും കാരുണ്യവാരിധിയും ഭോലേനാഥുമായ മൃത്യുഞ്ജയന്റെ മഹിമയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും, അദ്ദേഹം നൽകിയ സനാതനധർമ്മശാസ്ത്രത്തെക്കുറിച്ച് അവബോധവും കർത്തവ്യമനോഭാവവും സൃഷ്ടിക്കുവാനും കൂടുതൽ ആഴത്തിൽ അദ്ദേഹത്തെ ഉപാസിക്കുവാനും  ഋഷിമാർ തെരഞ്ഞെടുത്ത ദിവസമാണ് ശിവരാത്രി.


ശിവരാത്രിക്ക് പിന്നിൽ:


ഭുവനത്രയങ്ങളിൽ ഏറ്റവും ഉയർന്ന  ലോകമായ കാരണലോകത്തിലെ ഭഗവാൻമാരായ നാരായണ ഋഷിയ്ക്കും ബ്രഹ്മ ഋഷിയ്ക്കും  മുന്നിൽ പരമേശ്വരനായ പരമശിവൻ കാരണജ്യോതി ലിംഗസ്വരൂപനായി ആദ്യമായി പ്രത്യക്ഷനായി ! ലോകത്തിന്റെ മായ നീക്കി ജ്ഞാനപ്രകാശം നൽകാനായിരുന്നു ഈ പ്രത്യക്ഷദർശനം. ഇത് ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുദേവനും ഉൾപ്പടെയുള്ള  ഋഷിമാർ പല ദിവ്യസ്തോത്രങ്ങളിലൂടെ പരാമർശിക്കുന്നുണ്ട് ! ഈ ശുഭമുഹൂർത്തത്തിന്റെ സ്മരണാർത്ഥമായാണ് ഭക്തർ  ശിവരാത്രി ആചരിക്കുന്നത്. 


എല്ലാ ഈശ്വരപ്രതീകങ്ങളും ദേവീദേവന്മാരുമെല്ലാം പരമശിവനെയാണ് ഉപാസിക്കുന്നതെന്ന് ഋഷികൾ സാക്ഷ്യപ്പെടുത്തുന്നു. ശ്രീപത്മനാഭന്റെ അനന്തശയനത്തിലെ ആദ്യകാലപ്രതിഷ്ഠകളിൽ ശിവോപാസന ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അവതാര പുരുഷന്മാരായ ബദരിനാഥും, ശ്രീരാമനും, ശ്രീകൃഷ്ണനും പരമേശ്വരഭക്തന്മാരായിരുന്നു എന്ന് വാല്മീകി രാമായണവും വ്യാസമഹാഭാരതവും വ്യക്തമാക്കുന്നുണ്ട് ! രാമേശ്വരനും ഗോപേശ്വരനും ആയി പരമശിവൻ വാഴ്ത്തപ്പെടുന്നത് അതുകൊണ്ടാണ്.


ശിവരാത്രിയുടെ പ്രാധാന്യം:

സനാതനധർമ്മസ്ഥാപനദിനം ആണ് മഹാശിവരാത്രി. 


മായയുടെ കാളരാത്രിയെ നശിപ്പിച്ചു കൊണ്ട്  അജ്ഞാനത്തിന്റെ അന്ധകാരം  നീക്കുവാനായി കാരണലോകത്തിൽ ജ്ഞാനജ്യോതിപ്രദായകനായി വിശ്വത്തിൽ ആദ്യമായി പരമേശ്വരൻ പ്രത്യക്ഷനായ സന്ദർഭത്തെ അനുസ്മരിക്കുന്ന ദിവസമാണ് ശിവരാത്രി. ഈ ദിനത്തിന്റെ ആചരണം സാധകജീവിതത്തിൽ മഹത്വമേറിയതാണ്.


1. മായയെ മുച്ചൂടും മുടിക്കുവാൻ (തീർക്കുവാൻ) മായാതീതനായ മഹേശ്വരന് മാത്രമേ സാധിക്കൂ എന്ന് ജീവികളെ ഓർമ്മിപ്പിക്കുന്നു. 


2. സനാതനധർമ്മത്തിലെ ഏകേശ്വര ദർശനത്തെ (ഏകം സത് വിപ്രാ: ബഹുധാ വദന്തി) ഉറപ്പിക്കുന്ന പുണ്യദിനമാണ് ശിവരാത്രി.  


3. അജ്ഞാനത്തെ നീക്കുന്ന - ജ്ഞാനം പകർന്ന് തന്ന് എല്ലാവരെയും ആത്മബോധമുള്ളവരാക്കുക അഥവാ ജീവികളെയെല്ലാം ഭഗവാന്മാരായി ഉയർത്തുക എന്നത് പരമേശ്വരന്റെ മഹത്തായ കാരുണ്യത്തിന്റെ ഏറ്റവും വലിയ  തെളിവാണ്. ഈശ്വരന്റെ ഈ കൃപയെ/സ്നേഹത്തെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ശിവരാത്രി.


4. പ്രേമമൂർത്തിയും മംഗളദായകനും കരുണാവാരിധിയുമായ പരമശിവൻ  ജ്ഞാനം നൽകുക മാത്രമല്ല, സനാതനധർമ്മത്തിന്റെ മഹത്തായ ആർഷഗുരുപരമ്പരാസമ്പ്രദായത്തിന്റെ സംസ്ഥാപകനുമായി ! കാരണ ലോകങ്ങളിൽ മഹാരുദ്രനായും സൂക്ഷ്മ ലോകങ്ങളിൽ ശിവശങ്കര ഋഷിയായും സ്ഥൂല ലോകത്തിലെ ഭൂമിയിൽ ദക്ഷിണാമൂർത്തി അഥവാ ആദിനാഥൻ (ആദിയോഗി) ആയും അദ്ദേഹം സനാതനധർമ്മം (വേദം) നൽകി. സദാശിവനായ അദ്ദേഹത്തിൽ നിന്ന് തന്നെയാണ് ഗുരുപാരമ്പര്യത്തിന്റെയും തുടക്കം. ആദിഗുരുവായ അദ്ദേഹം എല്ലാ ലോകങ്ങളിലുമുള്ള ഗുരുപരമ്പരയിലൂടെ തന്റെ ദൗത്യം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് യോഗിമാരുടെ അന്തർദർശനം (വെളിപാട്, Intuition) മുഖേനയും അദ്ദേഹം ജ്ഞാനം നൽകി, അഭംഗുരം ഇപ്പോഴും നൽകിവരുന്നു..! പരമേശ്വരനേയും അദ്ദേഹത്തിന്റെ മഹാകാരുണ്യത്തെയും, അദ്ദേഹം സ്ഥാപിച്ച ആർഷഗുരുപരമ്പരകൾ എന്ന സമ്പ്രദായത്തേയും  സനാതനധർമ്മജ്ഞാനലാഭത്തേയും സ്മരിക്കുന്ന ദിനം കൂടിയാണ് മഹാശിവരാത്രി! മറ്റൊരു പുണ്യദിനത്തിനും ഇത്രയും സവിശേഷതകളില്ല.


5. പരമേശ്വരൻ ആദ്യമായി കാരണലോകത്തിൽ കാരണാഗ്നിപർവ്വതം പോലെ പ്രത്യക്ഷനായ സന്ദർഭത്തെ അനുസ്മരിച്ചുകൊണ്ടാണ് പിന്നീട് ശിവലിംഗാരാധനയും, ആന്തരികവും ബാഹ്യവുമായ ജ്യോതിസ്സിലും അഗ്നിയിലും ഈശ്വരനെ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സമ്പ്രദായങ്ങൾ ഉണ്ടായത് !


മഹാശിവരാത്രി എങ്ങനെ ആചരിക്കാം?

 

1. ശ്രീപരമേശ്വരദർശനം, മഹിമ അറിയുക. സാധകധർമ്മം അനുഷ്ഠിക്കുക


2. പരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ വിശ്വമംഗളത്തിനായി നൽകിയ സനാതധർമ്മത്തോടുള്ള പഞ്ചകർത്തവ്യങ്ങൾ (അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അധ്യാപനം, സംരക്ഷണം) നിർവ്വഹിക്കുകയും ഈ കടമകളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുകയും  ചെയ്യുക.


3. സനാതനധർമ്മം എന്ന മഹാശാസ്ത്രം പഠിപ്പിക്കുന്ന ജീവിതതത്വങ്ങൾ, അഭ്യാസങ്ങൾ, നിയമങ്ങൾ  എന്നിവയനുസരിച്ച് ജീവിക്കുക, യഥാർത്ഥ രീതിയിൽ പഞ്ചമഹാകർത്തവ്യങ്ങളും പഞ്ചമഹായജ്ഞവും എങ്ങനെ നിർവ്വഹിക്കണമെന്ന് പഠിക്കുക, അതനുസരിച്ച് ജീവിക്കുക


4.അദ്ധ്യാത്മിക സാധനകൾക്ക്  കൂടുതൽ സമയവും ഊർജ്ജവും  നൽകുക

പ്രാണായാമം, ജപം, ധ്യാനം, പ്രാർത്ഥന, സ്വാദ്ധ്യായം, സത്സംഗം എന്നിവയ്ക്ക് ഏറെ പ്രാധാന്യം നൽകണം. 


5. സാധനയ്ക്ക് സഹായകരമാകുന്ന തരത്തിലുള്ള വ്രതങ്ങൾ ശീലിക്കുക. 


6. ആദ്ധ്യാത്മിക നിയമങ്ങൾ പാലിക്കുക.


ഇങ്ങനെയാണ് ശിവരാത്രിവ്രതം ശരിയായി ആചരിക്കേണ്ടത്.


ജാഗ്രത:


ശിവരാത്രിയുടെ പേരിൽ ആധികാരികമല്ലാത്ത ചില അബദ്ധകഥകൾ ചിലർ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്നുണ്ട് ! സനാതനധർമ്മതത്വം അറിയാതെ ചില നിഷ്കളങ്കർ ഇതൊക്കെ വിശ്വസിക്കുന്നുമുണ്ട് !! അശാസ്ത്രീയമായതെന്തും തള്ളിക്കളയാനുള്ള സ്വാതന്ത്ര്യം സനാതനധർമ്മം നമുക്ക് നൽകുന്നുണ്ട് എന്ന് ഓർമ്മിക്കുക ! ആധികാരികമായ ആർഷഗുരുപരമ്പരകളിൽ നിന്ന് കേട്ട് നേരിട്ട്  പഠിക്കേണ്ട വിദ്യയാണ് സനാതനധർമ്മം. (ഗുരുമുഖത്ത് നിന്ന് ശ്രവിക്കേണ്ടതിനാലാണ് വേദത്തെ  ശ്രുതി എന്ന് വിശേഷിപ്പിക്കുന്നത്.) വേദോപനിഷത് ഗ്രന്ഥങ്ങളും, ഇതിഹാസങ്ങളും, ദാർശനിക കൃതികളും, ഋഷിമാർ രചിച്ച ദിവ്യ സ്തോത്രങ്ങളുമാണ് ആധികാരിക ഗ്രന്ഥങ്ങൾ ! ഇവയിലൊന്നും   ഇത്തരം അബദ്ധകഥകളില്ല. പ്രത്യക്ഷം, അനുമാനം, ശ്രുതി(വേദം) എന്നീ പ്രമാണങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ എവിടെയുണ്ടെങ്കിലും  അത് ത്യജിക്കാനുള്ള ആഹ്വാനവുമുണ്ട് !! പുരാണങ്ങൾ ആധികാരികമല്ല. അതിൽ നല്ലതും ചീത്തയും ഉണ്ട്.


അതിനാൽ ആര് പറഞ്ഞാലും  എവിടെ എഴുതിയാലും അബദ്ധങ്ങൾ  തള്ളിക്കളയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല എന്ന് സാരം. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം: "കാളകൂടവിഷം ആമാശയത്തിലേക്ക് ഇറങ്ങാതിരിക്കാൻ പാർവ്വതി  പരമശിവന്റെ തൊണ്ടയ്ക്ക് പിടിച്ചു! വിഷം ഇറങ്ങാതിരിക്കാൻ  ഉറക്കമൊഴിഞ്ഞു. അതാണ് ശിവരാത്രി " എന്നിങ്ങനെ ചില അസംബന്ധകഥകൾ ശിവരാത്രിയുടെ പേരിൽ പ്രചരിക്കുന്നുണ്ട് !!


 ഈശ്വരമഹിമ മനസിലാക്കാതെയുള്ള ഇത്തരം  ബാലിശകഥകളുടെ പ്രചാരകരാകാതിരിക്കാനുള്ള വിവേകം കാട്ടുക !

ഈ പഴങ്കഥയിലെ  ചില  അബദ്ധങ്ങളും യുക്തിയില്ലായ്മയും ചൂണ്ടിക്കാട്ടാം!


1. ഈശ്വരൻ സനാതനും ജനിമൃതിരഹിതനുമാണ്. മൃത്യുഞ്ജയനായ അദ്ദേഹത്തിന് വിഷബാധയോ മരണമോ ഉണ്ടാകുമോ?അതോ ഈ യാഥാർത്ഥ്യം  പാർവ്വതിയ്ക്കറിയില്ല എന്നാണോ?


2.ഉഗ്രവിഷമുള്ള വാസുകിയെ കണ്ഠാഭരണമാക്കിയ മഹാദേവന് വിഷബാധ എങ്ങനെയുണ്ടാകും?


3. പാമ്പിൻ വിഷം കുടിച്ചാൽ ആർക്കും കുഴപ്പമൊന്നുമുണ്ടാകില്ല എന്നറിയുക. മൂർഖന്റേയും അണലിയുടെയും വിഷം കുടിക്കുന്നവരുണ്ട് (അൾസർ ഉള്ളവർ സൂക്ഷിക്കുക!). പാമ്പിൻ വിഷം രക്തത്തിൽ കലർന്നാലേ  പ്രശ്നമുള്ളൂ. (വിഷസഞ്ചിയുമായി  ആയുഷ്കാലം പാമ്പ് പോലും ജീവിക്കുന്നുണ്ടല്ലോ?!) 


4. രക്തത്തിൽ കലർന്ന് ശാരീരികപ്രവർത്തനങ്ങളിൽ കുഴപ്പം സൃഷ്ടിക്കുന്നത് കൊണ്ടാണ് മരണം ഉണ്ടാകുന്നത്. നിരാകാരനും, നിരവയവനും, അകായനുമായ ശ്രീ പരമേശ്വരന് ഇതൊക്കെ എങ്ങനെ ബാധകമാകും?!


5. ജീവികൾക്ക് സനാതനധർമ്മം നൽകാൻ വന്ന പരമേശ്വരന്റെ  പ്രത്യക്ഷരൂപമായ ആദിനാഥൻ (ശിവശങ്കരഋഷി , ദക്ഷിണാമൂർത്തി) കാരുണ്യമൂർത്തിയായതിനാൽ ലോകത്തെ രക്ഷിക്കാൻ കാളകൂടവിഷം കുടിച്ചിരിക്കാം. എന്നാൽ അദ്ദേഹത്തിന്റേത് അച്ഛനും അമ്മയ്ക്കും ജനിച്ച ജന്മശരീരമല്ല. പ്രത്യക്ഷരൂപം അഥവാ ഭവദേഹം (മായാശരീരം)  മാത്രമായ ഈ ദിവ്യശരീരത്തിൽ അഗ്നി, കാറ്റ്, വിഷം, ആയുധം മുതലായവ എങ്ങനെ ബാധിക്കും? സൂക്ഷ്മ ശരീരികളായ പിതൃക്കൾ പോലും സ്ഥൂലലോകത്തിലെ ഈ ഭീതികൾക്കതീതരാണെന്ന് യോഗികൾ പ്രസ്താവിക്കുന്നു ! (ശവസംസ്കാര രീതികൾ ദഹിപ്പിക്കുക, കുഴിച്ചിടുക, പുഴയിൽ ഒഴുക്കുക എന്നിങ്ങനെയാണെന്ന് ഓർമ്മിക്കുക.)


6. കഴുത്തിന് കുത്തിപ്പിടിച്ചാൽ വിഷം ഇറങ്ങില്ല എന്നത് മിഥ്യാധാരണയാണ്! (മനുഷ്യനാണെങ്കിൽ ശ്വാസം മുട്ടി മരിക്കുകയും ചെയ്യും!)


7.രാത്രി ഉറക്കമൊഴിഞ്ഞാൽ വിഷം ബാധിക്കില്ല: ഇത്  പ്രാചീനകാലത്തെ അന്ധവിശ്വാസം മാത്രം! 


8. ശിവരാത്രി എന്ന് പറയുന്നത് രാത്രിയിൽ ഉറക്കമൊഴിയുന്നതിനുള്ള ഒരു വ്രതം മാത്രമല്ലെന്ന്  മനസിലാക്കുക. ഒരു ദിവസം മുഴുവൻ അഥവാ ശിവരാത്രിദിനം പ്രഭാതം മുതൽ പിറ്റേ ദിവസം പ്രഭാതം വരെ ഈശ്വരസ്മരണയോടെ കഴിയാനുള്ള പരിശ്രമമാണ് ആ ദിനത്തിന്റെ പ്രത്യേകത. ആരോഗ്യവും മനസും കഴിവും ഉള്ളവർക്ക് ചില വ്രതങ്ങൾ എടുക്കാം എന്ന് മാത്രം. മനോവാക്ശരീര നിയന്ത്രണമാണ് വ്രതം. ബ്രഹ്മചര്യവ്രതം, മൗനവ്രതം, മിതാഹാരവ്രതം, ഉപവാസ വ്രതം, നിദ്രാ ജാഗരണവ്രതം (ഉറക്കം ഉപേക്ഷിക്കൽ) എന്നിങ്ങനെ വ്രതങ്ങൾ കഴിവനുസരിച്ച് സ്വീകരിക്കാം. ചൈത്ര - അശ്വനി മാസ നവരാത്രികൾ പോലെ  ശിവരാത്രിദിനത്തിലും രാത്രികാലസാധനക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മാത്രം ! അല്ലാതെ "രാത്രി"യെന്നും "നിദ്രാജാഗരണ വ്രതം" എന്നും കേട്ട്   "വിഷം ഇറങ്ങാതിരിക്കാൻ രാത്രി ഉറങ്ങാതിരുന്നു" എന്ന മട്ടിലുള്ള അബദ്ധങ്ങളുടെ വക്താക്കൾ ആകാതിരിക്കുക!


പരമേശ്വരമഹിമയെക്കുറിച്ചുള്ള സാമാന്യ ധാരണ പോലുമില്ലാതെ വിശ്വനാഥനെ അപഹസിക്കുന്ന രീതിയിലുള്ള പഴങ്കഥകളും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന ഗതികേടിലേയ്ക്ക് ചെന്നു വീഴരുത് എന്നാണ് ആർഷവിദ്യാസമാജത്തിന്റെ എല്ലാവരോടുമുള്ള വിനീതമായ അഭ്യർത്ഥന.


അതുപോലെ മഹാശിവരാത്രി ആചരണത്തിന്റെ പേരിൽ മറ്റുള്ളവർക്ക് ശബ്ദശല്യമാകുന്ന രീതിയിലുള്ള മന്ത്രജപമോ ക്ഷേത്രങ്ങളിലെ ജപയന്ത്രങ്ങളുടെ ഉപയോഗമോ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് ! മൗനമാണ് ക്ഷേത്രങ്ങളിൽ അത്യാവശമായി വേണ്ടത്. ഭക്തർക്കിഷ്ടമുള്ള ജപമോ പ്രാർത്ഥനയോ എകാഗ്രതയോടെ ചൊല്ലാനുള്ള സാഹചര്യം ഒരുക്കുകയാണ് അഭികാമ്യം. ഇടയ്ക്ക് നടക്കുന്ന നല്ല ഭജനകൾ ഭക്തിയുടെ അന്തരീക്ഷം ഉണ്ടാക്കും. എന്നാൽ മന്ത്രം അങ്ങനെയല്ല. മന്ത്രം രഹസ്യഭാഷണമാണ്. മനനം ചെയ്യേണ്ടതിനാലാണ് അത് മന്ത്രമായത്. അടുത്തിരിക്കുന്നവർ പോലും കേൾക്കാതെ തന്നോട് തന്നെ ചൊല്ലി തന്നിൽ ലയിപ്പിക്കേണ്ട തത്വമാണ് മന്ത്രം ! അതുകൊണ്ട് അർത്ഥം മനസിലാക്കി ആർക്കും ഒരു ശല്യവും പ്രയാസവും അനുഭവപ്പെടാത്തരീതിയിൻ വേണം എല്ലാ അനുഷ്ഠാനങ്ങളും  നിർവഹിക്കേണ്ടത്. അല്ലെങ്കിൽ മറ്റൊരാളുടെ സാധനയ്ക്ക് ഭംഗം ഉണ്ടാക്കിയ ദോഷം നമ്മെ ബാധിക്കും. അന്യന്റെ സമാധാനം നശിപ്പിക്കുന്നതും സനാതനധർമ്മപ്രകാരം തെറ്റാണ്.


ഏവർക്കും   ശിവരാത്രി ആശംസിക്കുന്നു! ഓം നമഃശിവായ


ആർഷവിദ്യാസമാജം 🚩



#######

ന =നഭസ്സു

മ =മനസ്സ്

ശി = ശിരസ്സ്‌

വ = വചസ്

യ = യശസ്സ് അഞ്ചും  ശുദ്ധമാകട്ടെ


ഭാരതത്തിലെ എല്ലാ ആചാരങ്ങള്‍ക്കും ചന്ദ്രനുമായോ അല്ലെങ്കില്‍ സൂര്യനുമായോ ബന്ധമുണ്ടാകും .

 ശിവ രാത്രിയില്‍   ചന്ദ്രന്‍  ശോഷിക്കും  ഔഷധസസ്യങ്ങളില്‍ വിഷ ദോഷം ഉണ്ടാകും   ജീവ ജാലങ്ങളില്‍ ഗുണം കുറയും. 


വെളുത്ത പക്ഷങ്ങളില്‍ മരം മുറിച്ചാല്‍ ഉച്ച് കുത്തും ഊറാന്‍ തിന്ന് ജനലും വാതിലും നശിക്കും .ചന്ദ്ര ഗുണം നോക്കിയേ മരം മുറിക്കാവൂ .

 വേലിയേറ്റത്തിലും ഇറക്കത്തിലും ചന്ദ്രന് പങ്കുണ്ട് . ചിലപ്പോള്‍ കൈമുറിഞ്ഞാല്‍ അധികമായി രക്തം പോകും മാസമുറയിലും ചന്ദ്രന്‍റെ ആകര്‍ഷണം ഉണ്ട് . പലപ്പോഴും ചന്ദ്രന്‍റെ ആകര്‍ഷണം കൂടിയും കുറഞ്ഞും ഇരിക്കും ചില സമയങ്ങളില്‍ ദോഷവും ഉണ്ടാകും . ആയതിനാലാണ് ഏകാദശി വൃതമെടുക്കാന്‍ കാരണം . അമാവാസിക്കും പൌര്‍ണ്ണമിക്കും അഞ്ചു ദിവസം മുന്‍പാണ് ഏകാദശി .


എന്താണ് ഹലാഹലം ?  ഏകാദശി മുതല്‍ അമാവാസി വരെ  പ്രകൃതിയില്‍ ഉണ്ടാകാറുള്ള ജലം വായു എന്നിവയുടെ  മലിനീകരണത്തെ വിഷ്മയമെന്നോ ഹലാഹലമെന്നോ വിളിക്കാം  . അത് ചില മാസങ്ങളില്‍ കൂടുകയും കുറയുകയും ചെയ്യും . ഏകാദശിയിലെ വൃതാനുഷ്ട്ടാനം  അമാവാസിയിലെ ദോഷങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയാകുന്നു . അപസ്മാരവും ആസ്തമയും അമാവാസിയില്‍ കൂടാറുണ്ടല്ലോ അതിനുള്ള മുന്നൊരുക്കങ്ങളാണ് എല്ലാ  വൃത അനുഷ്ട്ടാനങ്ങളും  .  


മനുഷ്യന്‍റെ മനസിന്‍റെ   ഓരോ ചലനങ്ങളും  ചന്ദ്രനെ ആസ്പദിച്ചാണ് മുന്നോട്ടു പോകുന്നത് ഭാരതത്തിലെ   ഒട്ടുമിക്കആഘോഷങ്ങളും    ആചാരങ്ങളും ചന്ദ്രനുമായി ബന്ധപ്പെട്ടു കിടക്കുന്നു   . പലമതങ്ങളുടെയും  ആചാരങ്ങളിലും ചന്ദ്രപ്പിറവി നോക്കാറുണ്ട്  .     ഏകാദശി മുതല്‍ ധനുമാസത്തിലെ  തിരുവാതിരയില്‍ തുടങ്ങി  വാസന്ത പഞ്ചമിയും കടന്നു  ശ്രാവണമാസത്തിലെ ഗുരു പൂര്‍ണ്ണിമയും  നുകര്‍ന്നും  അവിടന്നങ്ങോട്ട്  കൃഷ്ണ പക്ഷത്തിലെ ജന്മാഷട്ട്മിയില്‍ മതിമറന്നു സന്തോഷിക്കുന്നതും ചന്ദ്രനെ ആസ്പദമാക്കി കൊണ്ട് തന്നെയാണ്,


കര്‍ക്കിടകത്തില്‍ കറുത്തവാവിലും ചന്ദ്രനാണ് പ്രധാനം.

തുരുവാതരിയില്‍ പൂര്‍ണ്ണ ചന്ദ്രനെ നുകരാന്‍ അംഗനമാര്‍  രാത്രിയും ആടിയും പാടിയും രാത്രി കഴിച്ചു കൂട്ടുന്നു .


  .ശിവരാത്രി ആഘോഷത്തിലും കറുത്തവാവിലെ  ചന്ദ്രന്‍ ഉണ്ട്.


പൌര്‍ണ്ണമിയില്‍ മനസ്സ് സന്തോഷിക്കും.    കുയിലുകള്‍ ഇണയെ ആകര്‍ഷിക്കാന്‍  കൂവും.  അമാവാസിയില്‍ ഉന്മേഷക്കുറവുണ്ടാകും.

 പൂര്‍ണ്ണ  ചന്ദ്രന്‍ ശോഷിച്ചു അമാവാസിയില്‍ എത്തുന്ന കാല ഘട്ടo രോഗങ്ങള്‍ മൂര്ചിക്കും മനസ്സും രോഗവും തമ്മില്‍ ബന്ധിച്ചിരിക്കുന്നു . അപസ്മാരവും ആസ്മയും അമാവാസിയില്‍ മൂര്ചിക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടല്ലോ .


 ഋഗ് വേദത്തിലെ പുരുഷ സൂക്തത്തില്‍  ഈശ്വരശക്തിയെ കുറിച്ച് വർണ്ണിക്കുന്ന ഭാഗത്തില്‍ 


 .ചന്ദ്ര മ  മന’സോ ജാതഃ  ....  ചന്ദ്രന്‍ മനസ്സായി ജനിച്ചു .

 ചക്ഷുസ്   സൂര്യോ’ അജായത |

മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച’ | പ്രാണാവായര’ജായത ||

നാഭ്യാ’ ആസീദന്തരി’ക്ഷo  | ശീര്‍ഷ്ണോ  ദ്യൗഃ സമ’വര്‍ത്തത  |

പദ്ഭ്യാം ഭൂമിര്‍ ദിശ;   ശ്രോത്രാ’ത് | തഥാ’ ലോകാഗ്മ് അക’ല്പയന് ||


ഋഗ് പത്താം മണ്ഡലത്തില്‍ കൊടുത്ത വരികളില്‍ ;;ചന്ദ്ര മ  മന’സോ ജാതഃ ;;ചന്ദ്രനെ  മനസ്സുമായി ബന്ധപ്പെടുത്തിയിരിക്കുന്നു


 ഈശ്വരന്‍റെ മനസ്സ് ''ചന്ദ്രനും  | '' കണ്ണ് സൂര്യനായും ജനിച്ചു .


 പുരുഷ  സൂക്തത്തെ കുറിച്ചുള്ള  പോസ്റ്റ് ആയി ഇതെടുക്കരുത്  ശിവ രാത്രിയെ വിവരിച്ചപ്പോള്‍  മനസ്സുമായി ചന്ദ്രന് ബന്ധമുണ്ടെന്നു മനസിലാക്കാൻ  പുരുഷ സൂക്തത്തിലെ വരികൾ എടുത്തു എന്ന് മാത്രം .


ചന്ദ്രനിലെ  ശോഷണമാണ് ശിവരാത്രി ദിവസത്തിലെ പ്രത്യേകത  ചന്ദ്രന്‍ ഔഷധിയാണ് ആയതിനാല്‍.

പ്രകൃതിയെ  അറിഞ്ഞു  ജീവിക്കണമെന്ന് ആയുര്‍വേദവും    ജോതിഷമെന്ന   ആറാം ശാസ്ത്രവും സര്‍വ്വത്ര പറയുന്നുണ്ട്  ജോതിഷഗ്രന്ഥപ്രകാരം ചന്ദ്രനില്‍  വര്‍ഷത്തില്‍ രണ്ടു പ്രാവിശം കടുത്ത  ദോഷമുണ്ടാകും .


 അതിലൊന്ന് ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിലായി  വരുന്ന വിനായക ചതുര്‍ഥിയും കുംഭ  മാസത്തിലെ ചതുര്‍ ദശിയുമായ ശിവ രാത്രിയുമാണ്    ഭൂമിയിലെ മനുഷ്യനടക്കം സര്‍വ്വ സസ്യജീവ ജാലങ്ങള്‍ക്കും ചന്ദ്ര ദോഷത്താല്‍ ഔഷധഗുണം കുറഞ്ഞു   വിഷ രസം ഉണ്ടാകും .


 ജലരൂപത്തിലുള്ള   ഭക്ഷണങ്ങൾ ഉച്ചയ്ക്ക് ശേഷം   കഴിക്കരുത് വിശപ്പിനു ഒരിക്കല്‍ മാത്രം ഭക്ഷിക്കുക അതും പകൽ  പന്ത്രണ്ടു മണിക്ക് മുന്നേ   കഴിക്കുക സഹനശക്തിയുള്ളവര്‍ കരിക്കിന്‍ വെള്ളം മാത്രം കുടിച്ചു കഴിയുക .