Monday 11 April 2022

Patthamudayam

 പത്താമുദയം അഥവാ മേടപ്പത്ത്


(ഈ വർഷത്തെ പത്താമുദയം  മേടം 10 (23-04-2022, ശനിയാഴ്ച )ആണ്  അന്ന്  എല്ലാരും  കിഴങ്ങ്  വർഗ്ഗങ്ങൾ  നടാനുള്ളത്  നടുക...... 


കാർഷികവൃത്തി ഈശ്വരകർമ്മമെന്ന് വിശ്വസിച്ച നല്ലവരായ മനുഷ്യരുടെ അനുഷ്ഠാനമാണ് പത്താമുദയം. മേടവിഷു ശ്രീകൃഷ്ണ പ്രീതികരവും പത്താമുദയം സൂര്യപ്രീതികരവുമാകുന്നു. വിഷുദിനത്തിൽ ശ്രീകൃഷ്ണചിന്തയോടെ കൃഷിയിടങ്ങൾ പാകമാക്കും. സൂര്യപ്രീതി കർമ്മങ്ങളോടെ പത്താമുദയത്തിൽ അതിൽ വിത്തിറക്കും. ഇതാണ് ആചാരം... 


പത്താമുദയം  എന്താണെന്ന് അറിയാത്തവർക്ക് വേണ്ടി ഇത് പോസ്റ്റുന്നു ...കിഴങ്ങ്  വർഗ്ഗങ്ങൾ  എല്ലാം  ഈ  ദിവസം  നടാം.... 


മലയാളവർഷത്തിലെ മേടം പത്തിനാണു പത്താമുദയം.അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു.സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം.പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും.കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം.കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്.ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികൾക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകൾ നടക്കുന്നു.വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു. പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു.ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും. 


പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നു. വെറുതേയല്ല. ആചാരവും വിശ്വാസവും എന്നതിനൊക്കെ അപ്പുറം, മണ്ണും മഴയും, വിളവുമെല്ലാം അറിയുന്ന പഴമുറക്കാരുടെ അനുഭവപാഠമായിരുന്നു. മേടം പത്തിനു മലയാളികൾ പത്താമുദയം കൊണ്ടാടുന്നതിനു പിന്നിൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന കൃഷി അറിവുകളുടെ കുളിർമ്മയുണ്ട്. പൂർണ്ണമായും പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നുവല്ലോ പണ്ട്. പെയ്‌തു കിട്ടുന്ന മഴമാത്രമാണ് ആശ്രയം. കാലാവര്ഷത്തിന്റെയും തുലാവർഷത്തിന്റെയും കാര്യത്തിൽ സമ്പന്നമായിരുന്നു പഴമക്കാലം. ചാലിദളും വിത്തിറക്കലും തൈനടലുമെല്ലാം സൂര്യന്റെ യാത്രകളും ഞാറ്റുവേലകളുമെല്ലാം നോക്കി ചിട്ടപ്പെടുത്തിയത് സ്വാഭാവികം. തികച്ചും പ്രായോഗികവും. പത്താമത്തെ ദിവസമായ തൈകൾ നടാനുള്ള ഏറ്റവും നല്ല ദിവസമായി പഴമക്കാർ തീർച്ചപ്പെടുത്തിയതും ഈ പ്രായോഗികതയുടെ വളക്കൂറുള്ള മണ്ണിൽ നിന്നുകൊണ്ടു തന്നെ. 


ദക്ഷിണായന രേഖയിൽ നിന്ന് സൂര്യന്റെ വടക്കോട്ടുള്ള യാത്രയായ ഉത്തരായണത്തിനിടെ ഭൂമദ്ധ്യരേഖക്ക് നേരെ മുകളിൽ വരുന്ന ദിവസമാണ് വസന്തവിഷുവും രാവും പകലും തുല്യമായി വരുന്ന ദിവസമാണിത്. തുടർന്ന് വരുന്ന മേട വിഷു സംക്രമമാണ് മേട വിഷു സംക്രമമായി നാം ആചരിക്കുന്നത്. ആചാരപരമായ കാര്യങ്ങളിൽ നാം പിന്തുടരുന്ന  നിരയന രീതി അനുസരിച്ചു ഏപ്രിൽ 14 നടുത്താണ് മേട വിഷു സംക്രമം വരുന്നത്. അത് കഴിഞ്ഞു പത്താംദിവസമാണ് പത്താമുദയം. ഉത്തരാർദ്ധഗോളത്തിൽ കഴിയുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളിൽ ഒന്നാണിത്. ഭാരതീയ ജ്യോതിഷ പ്രകാരം മേടം സൂര്യന്റെ ഉച്ചരാശിയാണ്. മേടം 10 എന്നാത് അത്യുച്ചവും. മേടം 10 കഴിഞ്ഞാൽ അതിച്ചതിൽ നിന്നുള്ള ഇറക്കമാണ്.


ഉഷ്‌ണകാലത്തിന്റെ പാരമ്യമായ മേടം പത്തിന് തൈകൾ നട്ടാൽ തുടർന്നുള്ള ദിവസങ്ങളിൽ ചൂട് കുറഞ്ഞ്, ക്രമേണ മഴക്കാലത്തിലേക്കു പ്രവേശിക്കും. ഇടവപ്പാതിക്കു കാലവർഷം തുടങ്ങും എന്ന കണക്ക് പണ്ടൊന്നും തെറ്റാറില്ല. അതുകൊണ്ടു തന്നെ പത്താമുദയത്തിനു തൈ നട്ട് ആദ്യ ദിവസങ്ങളിൽ ചെറുതായി നനച്ചുകൊടുത്താൽ അത് മണ്ണിൽ പിടിക്കുമെന്ന് പഴമക്കാർ അനുഭത്തിലൂടെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത്. അന്ധവിശ്വാസമല്ല ഇത് അനുഭവപാഠമാണ്.


വിവരണങ്ങൾക്കു കടപ്പാട് വിവിധ കാർഷിക മാധ്യമങ്ങൾ

Shiveli Shribali

 ശീവേലി അഥവാ ശ്രീബലി എന്താണ്..?" ഇത് പലപ്പോഴും പലരും ചോദിക്കുന്ന ചോദ്യമാണ്...   


ഒരു ക്ഷേത്രത്തിലെ മുഖ്യ ദേവത തൻറെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് നേരിൽ കാണാൻ പുറത്തിറങ്ങുന്ന ചടങ്ങാണ് ശീവേലി അഥവാ ശ്രീബലി എഴുന്നെള്ളിപ്പ്... ഇതിന് പ്രത്യേക ശീവേലിവിഗ്രഹം ഉണ്ടായിരിക്കും... ഇതിന് അര അടിമുതൽ ഒന്നര അടിവരെയാണ് ഉയരം നിശ്ചയിച്ചിട്ടുള്ളത്... ആ വിഗ്രഹത്തിന് യഥാർത്ഥ പ്രതിഷ്ഠാമൂർത്തിയുടെ ഭാവമായിരിക്കും... 


ഉദാഹരണത്തിന്, ശിവ ക്ഷേത്രങ്ങളിൽ ശ്രീകോവിലിൽ ശിവലിംഗ പ്രതിഷ്ഠ മാത്രമേ ഉണ്ടാകാറുള്ളൂ... പൊതുവെ നാട്ടാർക്ക് അറിയാവുന്നത് ശിവൻ അഥവാ മഹാദേവൻ ആണെന്നായിരിക്കും... ഇത് ഊട്ടി ഉറപ്പിക്കാൻ ക്ഷേത്രത്തിന് മുൻപിൽ തന്നെ "ഓം നമഃ ശിവായ" എന്നെഴുതിയ ഫലകവും കാണും... പക്ഷെ യഥാർത്ഥ മൂർത്തി മറ്റൊന്നായിരിക്കും... അതായത്, നടരാജനോ, കിരാതമൂർത്തിയോ, ഭൈരവനോ അങ്ങനെ എന്തെങ്കിലും... പക്ഷെ ശീവേലിവിഗ്രഹം ഈ യഥാർത്ഥ മൂർത്തീ ഭാവത്തിലുള്ളതായിരിക്കും... ഏതായാലും അതവിടെ നിൽക്കട്ടെ... 


ശീവേലി അഥവാ ശ്രീബലി പതിവായി ദിവസവും നടക്കുന്ന ചടങ്ങായതുകൊണ്ട് ഇത് നിത്യശിവേലി എന്നറിയപ്പെടുന്നു... "ശീവേലി മുടങ്ങിയാൽ ശ്രീദേവി (ഐശ്വര്യം) മടങ്ങും" എന്നൊരു ചൊല്ലുതന്നെയുണ്ട്... സാധാരണ ക്ഷേത്രങ്ങളിൽ ഉഷഃപൂജ, എതൃത്തപൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ പൂജകളാണ് പതിവായി നടത്താറ്...


 അതുകൊണ്ടുതന്നെ അപൂർവ്വം ക്ഷേത്രങ്ങളിൽ എതൃത്തശീവേലി, ഉച്ചശീവേലി, അത്താഴശീവേലി എന്നീ മൂന്ന് ശീവേലികളും നടത്താറുണ്ടെങ്കിലും, സാധാരണ ക്ഷേത്രങ്ങളിൽ രണ്ട് സമയങ്ങളിലാണ് ശീവേലി നടത്താറ്... അത് ഉച്ചശീവേലിയെന്നതും അത്താഴശീവേലിയെന്നതും മാത്രമാണ്...


 അതായത്, ക്ഷേത്ര ഭൂതഗണങ്ങളും, ക്ഷേത്രപാലകനും, ദ്വാരപാലകരും, സപ്തമാതൃക്കളും, അഷ്ടദിക്ക്പാലകരും തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്ന സമയമാണിത്... നാലമ്പലത്തിനുള്ളിൽ അഷ്ടദിക്ക്പാലകരും, സപ്തമാതൃക്കളും, ദ്വാരപാലകരും പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളും, ക്ഷേത്രപാലകനും ഉണ്ടാകും... 


ക്ഷേത്ര മേൽശാന്തിയും കീഴ്ശാന്തിമാരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശീവേലിവിഗ്രഹവുമായി പുറത്തേക്ക് എഴുന്നള്ളി നിവേദ്യങ്ങൾ നൽകുന്നു... മേൽശാന്തി ഹവിസ്സ്-ജല-ഗന്ധ-പുഷ്പാദികളുമായി മുൻപിലും ഒരു കീഴ്ശാന്തി ശീവേലി വിഗ്രഹം തലയിൽ ചുമന്നുകൊണ്ട് പിന്നിലും നടന്ന് പ്രദക്ഷിണം വെയ്ക്കുന്നു... മൂന്ന് പ്രദക്ഷിണമാണ് കണക്ക്... 


ഉത്സവക്കാലത്ത് ശീവേലിക്ക് മൂന്ന് പ്രദക്ഷിണം എന്നതിന് പ്രാദേശികഭേദമനുസരിച്ച് മാറ്റങ്ങൾ വരുത്താറുണ്ട്... ഉത്സവക്കാലത്ത് ആനപ്പുറത്തായിരിക്കും ശീവേലി വിഗ്രഹം എഴുന്നെള്ളിക്കുക... 

 ശീവേലിക്ക് ശേഷം ശാന്തിമാർ ശീവേലി വിഗ്രഹവുമായി ശ്രീലകത്തേക്ക് (ശ്രീകോവിലിലേയ്ക്ക്) തിരിച്ചുകയറുന്നു... 

 


ഇനി ആനയില്ലാ ശീവേലിയെക്കുറിച്ച് തുടരാം... 


ഗുരുവായൂരിലെ ആനയില്ലാ ശീവേലി:


ഗുരുവായൂരിലെ ആനയില്ലാ ശീവേലിപ്രസിദ്ധമാണ്... പണ്ട് ഗുരുവായൂരിൽ ഉത്സവക്കാലത്ത് മറ്റുസ്ഥലങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരികയായിരുന്നു പതിവത്രെ... ഒരിക്കൽ ഒരു ഉത്സവക്കാലത്ത് ആനകളെ കൊണ്ടുവരാതിരിക്കുകയോ ആനകൾ എത്തിപ്പെടാതിരിക്കുകയോ ചെയ്തു... 


ആനകൾ ഇല്ലാതെ ആദ്യമായി ശീവേലി മുടങ്ങുമെന്ന് കണ്ടപ്പോൾ അന്ന് ഉച്ചതിരിഞ്ഞ് തൃക്കണാമതിലകം ക്ഷേത്രത്തിലെ ഉത്സവത്തിന് നിറുത്തിയിരുന്ന ആനകൾ സ്വയം കൂട്ടത്തോടെ ഗുരുവായൂരിൽ ഓടിയെത്തിയെന്നാണ് ഐതിഹ്യം... ഇതിൻറെ ഓർമ്മയ്ക്കായാണ് ഉത്സവക്കാലത്ത് ആദ്യ ദിവസത്തെ ആനയില്ലാ ശീവേലി ഗുരുവായൂരിൽ നടത്തുന്നത്... "ശീവേലി മുടങ്ങിയാൽ ശ്രീദേവി (ഐശ്വര്യം) മടങ്ങും" എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന സംഭവമാണിത്...


ഓർക്കുക, നാടിൻറെയും നാട്ടാരുടേയും ഐശ്വര്യത്തിനായി ശീവേലി എഴുന്നള്ളിപ്പിന് ക്ഷേത്ര മേൽശാന്തിയും കീഴ്ശാന്തിമാരും വാദ്യമേളക്കാരും ഗജവീരന്മാരും മാത്രം പോരാ, പ്രധാനമായും അവരെ അനുഗമിക്കാൻ ഭക്തർ വേണമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.....


സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 

ന്യായേന മാർഗേണ മഹീം മഹീശാഃ 

ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം 

ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ


Monday 4 April 2022

Thirunavaya temple


*തിരുനാവായ നാവാമുകുന്ദക്ഷേത്രം*

കേരളത്തിൽ മലപ്പുറം ജില്ലയിൽ തിരുനാവായ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. 


മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, നാവാമുകുന്ദൻ എന്നപേരിൽ ഈ ക്ഷേത്രേശൻ അറിയപ്പെടുന്നു. ഐതിഹ്യപ്രകാരം നവയോഗികൾ എന്നറിയപ്പെടുന്ന സഹോദരന്മാരായ ഒമ്പത് സന്ന്യാസിവര്യന്മാരാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. 


ഇവരിൽ ആദ്യത്തെ എട്ട് വിഗ്രഹങ്ങൾ അന്തർദ്ധാനം ചെയ്തുവെന്നും അവസാനത്തെ യോഗി പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിലുള്ളതെന്നും വിശ്വസിച്ചുവരുന്നു. തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഇതിഹാസ പ്രശസ്തമായ മാമാങ്കം നടന്നിരുന്നത്. കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന്റെ ഉടമസ്ഥയിലാണ് ഇന്നും തിരുനാവായ ക്ഷേത്രം. 

ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം. ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം. 


ഹൈന്ദവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദനായി" ഐശ്വര്യദായിനിയായ മഹാലക്ഷ്മിയോടൊപ്പം കുടികൊള്ളുന്നു. "ലക്ഷ്മീ നാരായണ" സങ്കൽപ്പത്തിലാണ് ആരാധന. ഉപദേവതകളായി ഗണപതി, അയ്യപ്പൻ എന്നിവർക്കും സന്നിധികളുണ്ട്.


ഐതിഹ്യപ്പെരുമകളാൽ സമ്പന്നമാണ് നിളാതീരത്തെ നാവാമുകുന്ദക്ഷെത്രവും നാവായ് മുകുന്ദ പെരുമാളും. മലയാളത്തിലും, തമിഴിലും ധാരാളം പുസ്തകങ്ങൾ ഇവിടുത്തെ തേവരുടെ ഐതിഹ്യകഥകൾ പറയുന്നുണ്ട്. ഒൻപതുയോഗികൾ ഇവിടെ പ്രതിഷ്ഠനടത്തിയെങ്കിലും ഒൻപതാമത്തെ തവണ പാൽപായസം തരാമെന്ന വ്യവസ്ഥയിലാണ് പ്രതിഷ്ഠ ഉറച്ചതെന്നും ഐതിഹ്യം പറയുന്നു. 


നാവാമുകുന്ദക്ഷേത്രത്തിനടിയിൽ നിരവധി വിഗ്രഹങ്ങളുണ്ടെന്ന് വിശ്വാസമുള്ളതിനാൽ ഇവിടെ അധികം പ്രദക്ഷിണം വച്ചിരുന്നില്ല. ആദ്യം പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ എവിടെയൊക്കെയാണെന്നറിയാത്തതിനാൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളും തിരുനാവായ വാദ്ധ്യാനും മുട്ടുകുത്തിയാണ് പ്രദക്ഷിണം വച്ചിരുന്നതും തൊഴുതിരുന്നതുമത്രെ.


നവയോഗികളായ കവി, ഹരി, അംബരീഷൻ, പ്രബുദ്ധൻ, പിപ്പലായനൻ, ആവിർഭൂത്രൻ, ഭൂമിളൻ, ചമസ്സൻ, കരഭാജൻ എന്നിവർക്ക് മഹാവിഷ്ണു ഇവിടെ ദർശനം നൽകിയിട്ടൂണ്ട്. ധാരാളം യാഗങ്ങൾ നടത്തി പ്രസിദ്ധിയാർജ്ജിച്ച നവയോഗികളുടെ സാന്നിധ്യം സ്ഥലനാമത്തിനു കാരണമായി എന്നു കരുതുന്നു. “തിരുനവയോഗി” എന്നു പറയെപ്പെട്ടിരുന്നത് പിന്നീട് ലോപിച്ച് "തിരുനാവായ" എന്നുമായിമാറിയെന്ന് ഒരു ഐതിഹ്യം.

നവയോഗികൾ ഓരോരുത്തരും അവരവരുടേതായി ഓരോ വിഷ്ണുവിഗ്രഹം സൂക്ഷിച്ചിരുന്നു. അവർ ഓരോരുത്തരും തങ്ങളുടേതായ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. എന്നാൽ പ്രതിഷ്ഠ കഴിഞ്ഞ ഉടനെ അവ അന്തർദ്ധാനം ചെയ്തു. കൃത്യമായ ചിട്ടകളൊന്നുമില്ലാതെ പ്രതിഷ്ഠാകർമ്മങ്ങൾ നടത്തിയതുകാരണമാണ് അവ അന്തർദ്ധാനം ചെയ്തതെന്ന് നവയോഗികളിലെ ഇളയവനായ കരഭാജൻ മനസ്സിലാക്കി. 


അതായത് അഭിഷേകം, അർച്ചന, നിവേദ്യം, ദീപം തുടങ്ങിയവ പ്രതിഷ്ഠാകർമ്മത്തിന് നിർബന്ധങ്ങളാണ്. അവയൊന്നുമില്ലാതെ പ്രതിഷ്ഠ നടത്തിയതാണ് അന്തർദ്ധാനത്തിന് കാരണം. തുടർന്ന് അദ്ദേഹം തന്റെ കൈവശമുള്ള വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചപ്പോൾ നിളാനദിയിലെ (ഭാരതപ്പുഴ) ജലം കൊണ്ട് അഭിഷേകവും താമരപ്പൂക്കൾ കൊണ്ട് അർച്ചനയും നടത്തി 


പാൽപ്പായസം നേദിച്ച് നെയ്വിളക്ക് കത്തിച്ചാണ് പ്രതിഷ്ഠാകർമ്മം നടത്തിയത്. ഇന്നും കാലാവസ്ഥാഭേദമെന്യേ ക്ഷേത്രത്തിൽ അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിയ്ക്കുന്നത് ഭാരതപ്പുഴയിലെ ജലമാണ്. അതിനാൽ ക്ഷേത്രത്തിൽ കുളവും കിണറുമില്ല. താമരമാലയും നെയ്വിളക്കും പാല്പായസവും ഇവിടെ പ്രധാന വഴിപാടുകളായിത്തന്നെ തുടരുന്നു.


ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മി-നാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകൾ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകൾ അപൂർവ്വമത്രേ. ഇതിനാധാരമായി പറയപ്പെടുന്നത് നാവാമുകുന്ദന്റെ ഭക്തവാത്സല്യം വെളിപ്പെടുത്തുന്ന ഒരു കഥയാണ്. 


വിഷ്ണുഭക്തനായ ആദിഗണേശൻ ബ്രാഹ്മമുഹൂർത്തത്തിൽ നിളയിൽ സ്നാനം ചെയ്ത്, അടുത്തുള്ള താമരപ്പൊയ്കയിൽ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കൾ പറിച്ചുകൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തിൽ അർച്ചന നടത്തിയിരുന്നു. ഒരു അക്ഷയതൃതീയനാളിൽ താമരപ്പൂക്കൾ ശേഖരിക്കാൻ ചെന്നപ്പോൾ, മറ്റാരോ താമരപ്പൂക്കൾ പറിച്ചതിനാൽ, ആദിഗണേശന് താമരപ്പൂവ് ഒന്നും ലഭിച്ചില്ല. 

ഇതിൽ കുണ്ഠിതനായ ഗണേശൻ തന്റെ സങ്കടം നവാമുകുന്ദനോട് ഉണർത്തിക്കാൻ ചെന്നപ്പോൾ മുകുന്ദവിഗ്രഹം താമരപ്പൂക്കളാൽ മൂടിയിരിക്കുന്നതായി കണ്ടു. തനിക്ക് മുൻപ് ആരോ താമരപ്പൂക്കൾ പറിച്ച് അർച്ചന നടത്തിയിരുന്നു. അതിനാലാണ് ഇവിടെ താമര മാലക്ക് പ്രാധാന്യം ഉണ്ടായത് എന്ന് പറയുന്നത്