Tuesday, 30 November 2021

Indian (Hindu) birthday celebration

 *പിറന്നാൾ ദിവസം ചെയ്യേണ്ടത്*


വർഷന്തോറും നമ്മുടെ ജനിച്ച മാസത്തിൽ നക്ഷത്രം വരുന്ന ദിവസമാണ് പിറന്നാളായി ആചരിക്കേണ്ടത്.


*ഇത് നമ്മുടെ ജീവിതത്തിൽ വർഷന്തോറും നിർബന്ധമായും ആചരിക്കേണ്ട ഒരു പുണ്യദിനമാണ്*.


*രാവിലെ പിറന്നാളുകാരൻ  (പിറന്നാളുകാരി) അച്ഛനേയും അമ്മയേയും നമസ്കരിച്ച് ക്ഷേത്രദര്‍ശനം ചെയ്യണം*. 


*വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി ഒരിലയിലത് തെക്കുഭാഗത്ത് കൊണ്ട് വച്ച് പിതൃക്കള്‍ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം*. പിന്നെയൊരില ഇഷ്ടദേവന് *വിളക്ക് കൊളുത്തി* സമര്‍പ്പിക്കണം. ഇതാണ് നമ്മുടെ സംസ്കാരം.


*നമ്മുടെ പല മംഗള കര്‍മ്മങ്ങളും അഗ്നിയെ സാക്ഷിയാക്കിയാണ് ചെയ്യുന്നത്. വിവാഹം കഴിക്കുന്നതുതന്നെ അഗ്നിസാക്ഷിയായിട്ടാണ്. മരിച്ചാല്‍ പോലും ചിതയില്‍ വച്ച് ദഹിപ്പിക്കുകയാണ്  ചെയ്യാറ്*.


അങ്ങനെയുള്ള *അഗ്നിയെ ഊതിക്കെടുത്തിയാണ് നമ്മളിന്ന് ബര്‍ത്ത് ഡേ ആഘോഷിക്കുന്നത്*. 


തമസോമാ ജ്യോതിര്‍ഗമയഃ ( *ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും*) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം *പ്രകാശത്തെ ഊതിക്കെടുത്താന്‍ അവരെ പഠിപ്പിക്കുന്നു*. അത് കണ്ട് മാതാപിതാക്കളും , ചുറ്റും കൂടി നില്‍ക്കുന്നവരും കൈയ്യടിച്ചു ചിരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ എന്ന് പാടുന്നു.


പ്രത്യക്ഷ ദൈവമായ പരമപ്രകാശത്തെ ഊതിക്കെടുത്തിക്കൊണ്ട് ഒരു പുതിയ വര്‍ഷം ആരംഭിച്ചാല്‍ എങ്ങിനെയാണ് ആ കുട്ടിയുടെ ജീവിതത്തില്‍ “ *ഹാപ്പിനെസ്സ്* ” ഉണ്ടാകുന്നത്?

അയ്യോ! *ഇതിലും ദുഷ്കരമാണ് അടുത്തത്*. *കേക്ക് കട്ടിങ്ങ്*. 


*പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം അവരുടെ പ്രവാചകന്‍റെ ശരീരവും, വീഞ്ഞ് രക്തവുമാണ്. അത് തന്നെയാണ് കേക്ക് കട്ടിങ്ങെന്ന ഈ പാശ്ചാത്യ ആചാരത്തിന് പിന്നിലുമുള്ളത്*. 


കേക്ക് പിറന്നാളാഘോഷിക്കുന്ന കുട്ടിയുടെ ശരീരത്തെ സൂചിപ്പിക്കുന്നു. *അത് അവന്‍റെ ശരീരം തന്നെയെന്ന് ഉറപ്പിക്കാന്‍ അവന്‍റെ പേരും അതിലെഴുതിവെക്കും*. 


എന്നിട്ട് അവനെക്കൊണ്ട്തന്നെ അത് കഷ്ണം കഷ്ണമായി മുറിക്കാന്‍ പറയുന്നു.

*സ്വന്തം ശരീരം മുറിച്ച് ആദ്യത്തെ കഷ്ണം അവന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വായിലും വച്ച് കൊടുക്കുന്നു. ഹയ്യോ! എന്തോരബദ്ധമാണിത്? നോക്കൂ. ഭാരതീയ ആത്മീയദര്‍ശനങ്ങള്‍ക്ക് ഇതൊന്നും ഒട്ടും യോജിച്ചതല്ല*.


പിറന്നാൾ ദിനത്തിൽ ആശംസിക്കാനും അനുഗ്രഹിക്കാനും ഋഗ്വേദത്തിൽ ഒരു മന്ത്രം ഉണ്ട് . നമ്മൾ പല അവസരത്തിലും ആ മന്ത്രം ചൊല്ലാറുമുണ്ട് .

എന്തുകൊണ്ട് പിറന്നാൾ ദിനത്തിൽ പാൽപായസം ഉണ്ടാക്കി അത് കുട്ടികൾക്ക് നൽകി കൊണ്ട് ആ അനുഗ്രഹമന്ത്രം നമുക്ക് പഠിച്ച് ചൊല്ലി കൂടാ …..?


മന്ത്രം താഴെ കൊടുക്കുന്നു . കൂടെ അർത്ഥവും . ആ മന്ത്രം എത്ര ശേഷ്ഠവും സന്ദർഭത്തിന് അനുയോജ്യവുമാണെന്ന് നോക്കുക .


*” ഓം ശതം ജീവ ശരദോ വർദ്ധമാന ശതം* *ഹേമന്താൻ ശതമു വസന്താൻ*

*ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു …..”*


അല്ലയോ കുട്ടീ നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ …..

എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ…


എത്ര നല്ല പ്രാർത്ഥന ആണെന്ന് നോക്കുക .


ഇത് കളഞ്ഞിട്ടാണ് നാം ഇംഗ്ലീഷിൽ ഹാപ്പി ബേർത്ത് ഡേ മാത്രം പാടുന്നത് .

ആലോചിക്കുക. എത്ര നല്ല ഒരു അനുഗ്രഹമന്ത്രത്തെയാണ് നാം വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞത് ? പിറന്നാൾ ദിനത്തിൽ വിവിധ ക്ഷേത്ര ദർശനം നടത്തുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. സാധരണ പുഷ്പാഞ്ജലിയാണ് പിറന്നാൾ ദിനത്തിൽ എല്ലാവരും കഴിക്കാറുള്ള വഴിപാട്. എന്നാൽ പിറന്നാൾ ദിനത്തിൽ കഴിപ്പീക്കേണ്ട ഏറ്റവും ഉത്തമമായ വഴിപാട്. ധാരയാണ്.

 

ശിവന് ധാര വഴിപാടായി നൽകുന്നത് ഐശ്വര്യവും ആരോഗ്യവും പ്രധാനം ചെയ്യും. ജലധാരയാണ് സാധാരണ ഗതിയിൽ വഴിപാട് നടത്താറുള്ളത്. ക്ഷീരധാരയും ഇളനിർധാരയും നടത്താവുന്നതാണ്. ധാരയുടെ പ്രസാദമായി ലഭിക്കുന്ന പായസം പിറന്നാൾ ദിനത്തിൽ കഴിക്കുന്നത് ആയൂരാരോഗ്യ സൌഖ്യത്തിന് ഉത്തമമാണ്.

 

ധാര നടക്കുന്ന സമയത്ത് ജന്മനക്ഷത്രക്കാർ ക്ഷേത്രത്തിൽ തന്നെ ഉണ്ടാകുന്നതാണ് നല്ലത്. ക്ഷേത്രത്തിൽ ധാരനടക്കുന്ന സമയത്ത് പഞ്ചാക്ഷരീ മന്ത്രം ജപിക്കണം. ശിവനു ധാര കഴിക്കുന്നതോടൊപ്പം ഗണപതി ഹോമം നടത്തുന്നതും ഉത്തമമാണ്.


*വിളക്ക് കൊളുത്തുന്നതുപോലും സൂര്യദേവനു നേരെയാണ്*. പകല്‍ സമയങ്ങളില്‍ കിഴക്കോട്ട് ദര്‍ശനമായും, വൈകുന്നേരങ്ങളില്‍ പടിഞ്ഞാറ് ദര്‍ശനമായും വിളക്ക് തെളിക്കുന്നു. “*അല്ലയോ സൂര്യദേവാ, ഒരു പക്ഷപാതവുമില്ലാതെ ഈ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടി അങ്ങ് സദാ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഞാനുമിതാ നിനക്കു മുന്നില്‍ കൊളുത്തിവെയ്ക്കുന്ന ഈ തിരിനാളത്തെ സ്വന്തം ആത്മാവായി കണ്ടുകൊണ്ട് സകല ജീവജാലങ്ങള്‍ക്കും നന്മ ചെയ്യ്ത് എന്‍റെ ജന്മം പ്രകാശപൂരിതമാക്കട്ടെ. അതിനായി എന്നെ അനുഗ്രഹിച്ചാലും ഭഗവാനേ*” എന്ന പ്രാര്‍ത്ഥനയോടെയാണ് വിളക്ക് കൊളുത്തേണ്ടത്. 


ഇതല്ലേ കുട്ടികള്‍ക്ക് നിങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത്? *അതോ വിളക്ക് ഊതിക്കെടുത്തി ഭ്രാന്തനെപ്പോലെ കൈകൊട്ടിച്ചിരിക്കാനോ?*


*പറ്റുമെങ്കില്‍ ആ കുഞ്ഞിനെ അശരണരായ ആളുകള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ പഠിപ്പിക്കുക. അത് അവനില്‍ കാരുണ്യവും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും വളര്‍ത്തും*. ഒപ്പം തനിക്കിന്നുള്ള സൌഭാഗ്യങ്ങളുടെ മൂല്യവും അവനറിയും.


*അതിമനോഹരമായ ഒരു സംസ്കാരം നമുക്കുള്ളപ്പോള്‍ എന്തിനാണ് പാശ്ചത്യന്‍റെ അറിവ്കേടിനെ അനുകരിക്കുന്നത്?* ഇനി ആരെങ്കിലും വിളക്ക് ഊതിക്കെടുത്തി പിറന്നാൾ ആഘോഷിക്കാനാവശ്യപ്പെട്ടാല്‍ ഇതെന്‍റെ സംസ്കാരമല്ലെന്ന് ഉറച്ചുതന്നെ പറയുക.


 *അറിവിന്‍റെ വിളക്കുകൊളുത്തി ഈ ലോകത്തെ പ്രകാശപൂരിതമാക്കുക…*

Friday, 26 November 2021

Vaikathashtami

 വൈക്കത്തഷ്ടമി🌹*


*നവമ്പർ 27ന്  അഷ്ടമി വിളക്ക്..........*


*നവമ്പർ 28ന്   തിരുആറാട്ട്....*



ദക്ഷിണ ഭാരതത്തിലെ അതി പുരാതനമായ ശിവക്ഷേത്രങ്ങളിൽ ഒന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ

വൈക്കത്തപ്പന്‍ ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്നതു മൂന്നു ഭാവങ്ങളിലാണെന്നാണു സങ്കല്‍പ്പം. രാവിലെ പന്തീരടി പൂജവരെയുള്ള സമയത്തു നിഖില ദേവാസുര ഗന്ധര്‍വ കിന്നരാദികളാലും സകല മുനിജന വൃന്ദങ്ങളാലും വന്ദിതനായ ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തി രൂപത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.


വിദ്യാഭ്യാസ വിഷയത്തില്‍ ശ്രേഷ്ഠത കൈവരുന്നതിനും സല്‍ബുദ്ധിയും ശുദ്ധജ്ഞാനവും ലഭിക്കുന്നതിനും രാവിലെ ദര്‍ശനം നടത്തുന്നതു നല്ലതത്രേ. പന്തീരടി പൂജയ്ക്കു ശേഷം ഉച്ചപൂജയോട് അനുബന്ധിച്ചു കിരാതമൂര്‍ത്തി സങ്കല്‍പ്പത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.


അര്‍ജുനന്റെ അഹങ്കാരം ശമിപ്പിച്ചു പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച വീരാളിയായ വൈക്കത്തപ്പനെ ഉച്ചയ്ക്കു ദര്‍ശിച്ചാല്‍ ശത്രുദോഷങ്ങളും തടസ്സങ്ങളും നീങ്ങി സര്‍വകാര്യവിജയവും വിശേഷപ്പെട്ട അനുഗ്രഹങ്ങളും ലഭിക്കുമെന്നാണു വിശ്വാസം.


വൈകുന്നേരം ലോകമാതാവായ പാര്‍വതി ദേവിയോടു കൂടി സകുടുംബം വിരാജിക്കുന്ന മംഗളരൂപത്തിലാണു ഭക്തര്‍ വൈക്കത്തപ്പനെ ദര്‍ശിക്കുന്നത്. പാര്‍വതി ദേവിയെ മടിയില്‍ ഇടതുഭാഗത്തിരുത്തി മക്കളായ ഗണപതിയെയും സുബ്രഹ്മണ്യനെയും ഇരുവശങ്ങളിലുമായി ചേര്‍ത്തിരുത്തി ലാളിക്കുന്ന ഗൃഹസ്ഥാശ്രമിയായ വൈക്കത്തപ്പനെ എല്ലാ ദേവഗണങ്ങളാലും യക്ഷകിന്നര ദൈത്യാദികളാലും ഋഷിമാരാലും ആരാധിക്കപ്പെടുന്നവനായി സങ്കല്‍പ്പിച്ചു ദര്‍ശനം നടത്തുന്നതു ശ്രേയസ്‌കരമെന്നാണു വിശ്വാസം. വൈക്കത്തപ്പനെ ദര്‍ശിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണു വൈകുന്നേരമെന്നാണു പഴമക്കാര്‍ പറയുന്നത്.


ശക്തിപഞ്ചാക്ഷരീ മന്ത്രധ്വനികള്‍ ഒഴുകുന്ന വേമ്പനാട്ടുകായലിന്റെ തീരത്ത് പൊന്‍താഴികക്കുടം ചൂടിയ പുണ്യസങ്കേതം. വൈക്കത്തമ്പലത്തിന്റെ പ്രശസ്തിക്കു അനേകായിരം വര്‍ഷങ്ങളുടെ അനുഭവ സാക്ഷ്യം. മിത്തുകളിലും ഐതിഹ്യങ്ങളിലുമുറങ്ങുന്ന ക്ഷേത്രക്കെട്ടുകള്‍ക്ക് പറയാനേറെ കഥകള്‍. പലതും വര്‍ഷങ്ങളായി നാവുകളിലൂടെ പകര്‍ന്നുവന്നവ, രേഖപ്പെടുത്താന്‍ വിട്ടുപോയവ.


*വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ശിവക്ഷേത്രങ്ങള്‍. മൂന്നു ശിവക്ഷേത്രങ്ങളും തമ്മില്‍ ഒരേ അകലം. അതിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം.*


*ത്രേതായുഗത്തില്‍ മാല്യവാന്‍ എന്ന രാക്ഷസതപസ്വിയില്‍ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരന്‍ എന്ന അസുരന്‍ ചിദംബരത്തില്‍ കഠിനതപസ്സു തുടങ്ങി. സന്തുഷ്ടനായ കൈലാസനാഥന്‍ ആവശ്യമായ വരങ്ങള്‍ നല്‍കി, കൂടെ ശ്രേഷ്ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും. മൂന്നു ശിവലിംഗങ്ങളുമായി ഖരന്‍ യാത്രയാരംഭിച്ചു. ഇടയ്ക്ക് ശിവലിംഗങ്ങള്‍ ഭൂമിയില്‍ വച്ച് വിശ്രമിച്ച ഖരന് പിന്നീടത് അവിടെ നിന്ന് ഇളക്കാന്‍ സാധിച്ചില്ല. മഹാതപസ്വിയായ വ്യാഘ്രപാദ മഹര്‍ഷിയെ കണ്ടപ്പോള്‍ ശിവലിംഗങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് ഖരന്‍ മോക്ഷം നേടി. അതിൽ ഏറ്റവും ശക്തിയേറിയതും ഉജ്ജ്വല തേജസ്സോടെ വിളങ്ങിയതും ആദ്യത്തെ ശിവലിംഗം ആയിരുന്നു .അന്ന് വലതു കൈകൊണ്ട് വച്ച ആദ്യത്തെ ശിവലിംഗമാണ് ഇന്ന് വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ.*


*കഴുത്തില്‍ ഇറുക്കി വച്ചിരുന്നത് കടുത്തുരുത്തിയിലും ഇടതു കയ്യിലേത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ചാരാധിക്കുന്നു.*

*ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തിയാല്‍ കൈലാസത്തില്‍ പോയി ശിവദര്‍ശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.*


*🌷ക്ഷേത്ര രൂപവര്‍ണന*


10 ഏക്കറോളം വരുന്ന വിസ്തൃത സ്ഥലത്താണ് കിഴക്കോട്ട് ദര്‍ശനമായുള്ള വൈക്കം ക്ഷേത്രം. കിഴക്കെ ഗോപുരത്തിനടുത്തായി പ്രത്യേകം മതിലും തറയും കെട്ടി ആലും മാവും പ്ലാവും ഒന്നിച്ചു വളരുന്നു. ,


*🌷സര്‍പ്പ സാന്നിധ്യങ്ങള്‍*


ക്ഷേത്രമതിലിനകത്ത് തെക്കുവശത്തായി പ്രത്യേക ആല്‍ത്തറയില്‍ സര്‍പ്പചൈതന്യങ്ങളെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ സര്‍പ്പബലിയും പൂജകളും നടത്തും.


*🌷വൈക്കത്തെ ഭസ്മം*


ക്ഷേത്രത്തിലെ ഏറ്റവും പ്രധാന പ്രസാദം ഭസ്മമാണ്. തിരുവൈക്കത്തപ്പന്‍ ബ്രാഹ്മണ വേഷം ധരിച്ച് ദേഹണ്ഡം ചെയ്തുവെന്ന് വിശ്വസിക്കുന്ന വലിയ അടുക്കളയിലെ അടുപ്പില്‍ നിന്ന് എടുക്കുന്ന ചാരമാണ് വിശിഷ്ടമായ ഈ പ്രസാദം. ഇതിന് അദ്ഭുതസിദ്ധികള്‍ ഉണ്ടെന്നു ഭക്തര്‍ വിശ്വസിക്കുന്നു. വിഷബാധ, ഭയം, അപസ്മാരം, വ്രണം മുതലായ രോഗങ്ങള്‍ക്ക് ആശ്വാസമായി ഈ ഭസ്മം ഉപയോഗിക്കുന്നു.


*🌷വരുണജപം*


നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്താണ് പശ്ചിമ ദിക്കിന്റെ അധിപനായ വരുണന്റെ പ്രതിഷ്ഠ. ചുറ്റിലും കരിങ്കല്ലു കൊണ്ട് രണ്ടടിയോളം വിസ്താരത്തില്‍ തളം പോലെയുണ്ടാക്കി മദ്ധ്യഭാഗത്താണ് വരുണന്റെ ബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത്. കഠിനമായ വരള്‍ച്ചയുണ്ടാകുന്ന സമയത്ത് ഈ തളത്തില്‍ ശുദ്ധജലം നിറച്ച് വരുണദേവനെ പൂജിച്ച് ആ ശുദ്ധജലം തൊട്ട് വരുണമന്ത്രം ജപിച്ചാല്‍ മഴ പെയ്യുമെന്നാണു വിശ്വാസം.


*🌷പ്രധാന വഴിപാടുകള്‍*


അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാട് പ്രാതല്‍ ആണ്. ദാനങ്ങളിലെ ഉത്തമദാനമാണത്രെ പ്രാതല്‍. വാതില്‍ മാടങ്ങളിലും തിരുമുറ്റം, മണ്ഡപം, ചുറ്റമ്പലം എന്നീ സ്ഥലങ്ങളിലും ഇലവച്ച് ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കുന്നു. സര്‍വ്വാണി സദ്യയും ഇതിന്റെ ഭാഗമാണ്. പിന്നീടുള്ള പ്രധാന വഴിപാടുകള്‍ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. ഇതില്‍ ഏറ്റവും അടുത്തകാലത്തായി പ്രചാരത്തില്‍ വന്നവഴിപാടാണ് ആലുവിളക്ക് തെളിയിക്കല്‍. മുന്നൂറ്റി അറുപത്തിയഞ്ചു തിരിത്തട്ടുകളോടു കൂടിയതും അശ്വത്ഥവൃക്ഷത്തിന്റെ രൂപത്തോടു കൂടിയതുമായ ഈ വിളക്ക്



---------


വൈക്കത്തഷ്ടമി വിട പറച്ചിൽ


വർണാഭമായതും ഭക്തി സാന്ദ്രമായതും ആയ വിട പറച്ചിൽ.അഷ്ടമിയുടെ നിശബ്ദത സമയവും കണ്ണിനു ഇമ്പം എക്കുന്നതും അത്യപൂർവ കാഴ്ചകളിലും ഒന്നാണ് വിട പറച്ചിൽ ചടങ്ങ്.2 ആനകളിലൂടെ വൈക്കത്തപ്പൻ ഉദയനാപുരത്തപ്പൻ അവതരിക്കുമ്പോൾ നമുക്ക് ഇനി എത്ര കാഴ്ച്ചകൾ വേറെ കണ്ടാലും ഇത്തോളം മതി വരാത്ത ഭക്തി പൂർവം ആയ കാഴ്ച ആക്കുന്നു.ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിച്ചതിനു ശേഷമെത്തുന്ന മകനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേൽക്കുന്നു.കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു.ഇത് "കൂടി പൂജ' എന്നാണ് അറിയപ്പെടുന്നത്.തുടർന്ന് "വലിയ കാണിക്ക" ആരംഭിക്കുന്നു.കറുകയിൽ വലിയ കൈമളുടെ കാണിക്കയാണാദ്യം.തുടർന്ന് മറ്റാളുകളും കാണിക്കയിടുന്നു.തുടർന്ന് ഉദയനാപുരത്തപ്പന്റെ ഹൃദയസ്പൃക്കായ വിടവാങ്ങൽ നടക്കുന്നു.അകമ്പടിയായി ആ സമയത്ത് വാദ്യങ്ങൾ ഉണ്ടാകാറില്ല.അഥവാ ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം.ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ "വിട പറച്ചിൽ" എന്നാണ് പറയുക.അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു.ജഗദീശ്വരനായിട്ടുപോലും പുത്രനായ സുബ്രഹ്മണ്യനെപ്പറ്റിയോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം

Wednesday, 17 November 2021

Thrikarthika vratham

 #തൃക്കാർത്തിക

#Thrikarthika Vratham


വൃശ്ചികമാസത്തിലെ കാർത്തികയും പൗർണമിയും ഒന്നിച്ചുവരുന്ന ദിനമാണ് ദേവിയുടെ ജന്മദിനം. ദേവിയുടെ പിറന്നാൾ ഭക്തർ തൃക്കാർത്തികയായി കൊണ്ടാടുന്നു. ഈ വർഷം തൃക്കാർത്തിക വരുന്നത് നവംബർ 19 വെള്ളിയാഴ്ചയാണ്. ദേവീപ്രീതിയ്ക്ക് അത്യുത്തമമായ തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തിൽ ചിരാതുകൾ  തെളിച്ചു പ്രാർഥിക്കുന്നതും ദേവീ കടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്ര ദു:ഖശമനത്തിനും കാരണമാകുന്നു. തൃക്കാര്‍ത്തിക ദിനത്തിൽ  ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഇത്തവണ ദേവീ പ്രാധാന്യമുള്ള വെള്ളിയാഴ്ച ദിനത്തിൽ തൃക്കാർത്തിക വരുന്നതിനാൽ ദേവീക്ഷേത്രങ്ങളിൽ നാരങ്ങാവിളക്ക്, നെയ്‌വിളക്ക് എന്നിവ സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്.


മനസ്സിലെ മാലിന്യങ്ങൾ നീക്കി കുടുംബത്തിൽ ഐശ്വര്യം നിറക്കുന്നതാണ് തൃക്കാർത്തികവ്രതം. കുടുംബത്തിൽ എല്ലാവരും ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മൂന്നു ദിവസമാണ് വ്രതാനുഷ്ഠാനം.  വ്രതദിനത്തിൽ പൂർണ ഉപവാസം പാടില്ല .തൃക്കാർത്തികയുടെ തലേന്ന് പകലുറക്കം, മത്സ്യമാംസാദികൾ, എണ്ണതേച്ചുകുളി എന്നിവ ഒഴിവാക്കുക. വീടും പരിസരവും വൃത്തിയാക്കി പുണ്യാഹമോ ചാണക വെള്ളമോ തളിച്ച് ശുദ്ധീകരിക്കുക .കാർത്തികയുടെ അന്ന് കുളിച്ചു ശരീരശുദ്ധി വരുത്തി ദേവീനാമങ്ങൾ ജപിച്ചശേഷം മാത്രം ജലപാനം ചെയ്യുക .അന്നേദിവസം ഒരിക്കലൂണ് അഭികാമ്യം .അത് ദേവീക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമാണെങ്കിൽ അത്യുത്തമം . ലളിതാസഹസ്രനാമം,മഹാലക്ഷ്മീസ്തവം എന്നിവ ഭക്തിപൂർവ്വം ജപിക്കുക .ദേവീക്ഷേത്ര ദർശനവും നന്ന്.  സന്ധ്യാസമയത്തു ദേവിയെ വീട്ടിലേക്കു ക്ഷണിക്കുന്നു എന്ന സങ്കല്പത്തിൽ കുടുംബാഗങ്ങൾ എല്ലാവരും ചേർന്ന് കാർത്തിക വിളക്കു തെളിയിച്ചു ഭക്തിയോടെ ദേവീകീർത്തനങ്ങൾ ജപിക്കുക. പിറ്റേന്ന് രോഹിണിദിനത്തിലും വ്രതം അനുഷ്ഠിക്കണം. ഇങ്ങനെ മൂന്നു ദിവസം തെളിഞ്ഞ  മനസോടെ  വ്രതമനുഷ്ഠിച്ചു  പ്രാർഥിച്ചാൽ ഭഗവതിയുടെ അനുഗ്രഹത്തോടെ പെട്ടെന്ന് ഫലസിദ്ധിയുണ്ടാവുമെന്നാണ് വിശ്വാസം. 


കുടുംബത്തിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും ദുരിതമോചനത്തിനും ഉത്തമമത്രേ തൃക്കാർത്തിക വ്രതം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയുകയും  സർവ ദോഷങ്ങൾക്കും തടസങ്ങൾക്കും അറുതിയുണ്ടാവുകയും ചെയ്യും. നവരാത്രി വ്രതം പോലെ വിദ്യാർഥികൾ ഈ വ്രതം അനുഷ്ഠിക്കുന്നത് വിദ്യാപുരോഗതിക്ക്‌ കാരണമാവും.


വിഷ്ണുപൂജയിൽ ഏറ്റവും പ്രാധാന്യമുള്ള തുളസിയുടെ അവതാരം തൃക്കാർത്തിക ദിനത്തിലായിരുന്നു. പാലാഴിമഥന സമയത്ത് സർവ ഐശ്വര്യങ്ങളുമായി മഹാലക്ഷ്മി ആവിർഭവിച്ചത് വൃശ്ചികമാസത്തിലെ കാർത്തിക നാളിലെന്നാണ് വിശ്വാസം. ഉമാമഹേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യനെ എടുത്തുവളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ ദേവതയായ കൃത്തികളാണ് .അതിനാൽ തൃക്കാർത്തിക ദിവസം ദീപം തെളിച്ചു പ്രാർഥിച്ചാൽ മഹാദേവന്റെയും ദേവിയുടെയും സുബ്രമണ്യന്റെയും  മഹാവിഷ്ണുവിന്റേയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുമെന്ന് പറയപ്പെടുന്നു. 


പ്രശസ്തമായ കുമാരനല്ലൂർ തൃക്കാർത്തിക


കേരളത്തിലെ പഴയ മുപ്പത്തിരണ്ട് നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണ് കുമാരനല്ലൂർ . സുബ്രഹ്മണ്യനായി നിര്‍മ്മിച്ച അമ്പലം പിന്നീട് ദേവീക്ഷേത്രമായി മാറുകയാണുണ്ടായത്. കുമാരനല്ലൂര്‍ ഭഗവതിയുടെ പിറന്നാൾ‍ ദിനത്തിലെ തൃക്കാർത്തിക ആഘോഷം പ്രസിദ്ധമാണ്. ഉത്സവകാലത്ത് എല്ലാ ദിവസവും ദേവിക്ക് ആറാട്ടുണ്ടെന്നത് മറ്റെവിടെയും ഇല്ലാത്തൊരു പ്രത്യേകതയാണ്. കാർത്തിക നാളിലാണ് പള്ളിവേട്ടയും. 


ഒരിക്കൽ വൃശ്ചികത്തിലെ കാർത്തിക നാളിൽ തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ വില്വമംഗലം സ്വാമിയാർക്ക് തന്റെ ദിവ്യ ദൃഷ്ടികൊണ്ട് മനസിലായി ശ്രീകോവിലിൽ വടക്കും നാഥനില്ലെന്ന്. ഭഗവാനെതേടി ക്ഷേത്രപരിസരത്ത് അന്വേഷിച്ചപ്പോൾ തെക്ക് വശത്തെ മതിലിന് സമീപം ഭഗവാന്റെ സാമിപ്യം തിരിച്ചറിഞ്ഞു. കാര്യം തിരക്കിയ സ്വാമിയാരോട് ആറാട്ട് കഴിഞ്ഞെത്തുന്ന കുമാരനെല്ലൂർ ദേവിയെ ദർശിക്കാൻ എത്തിയതാണെന്ന് പറഞ്ഞു. ഇന്നും വൃശ്ചികത്തിലെ കാർത്തിക നാളിൽ വടക്കും നാഥക്ഷേത്രത്തിലെ മധ്യപൂജ തെക്ക് വശത്താണ്.


ചെമ്പരത്തി, ചുവന്ന പട്ട്, കൊമ്പനാന, എന്നിവയ്ക്ക്  നാലമ്പലത്തില്‍ പ്രവേശനമില്ല . ഭദ്രദീപം തെളിയിക്കൽ ,മഞ്ഞളഭിഷേകം എന്നിവ പ്രധാനമാണ്.

Friday, 5 November 2021

Shaheed Bhai Mani Singh

 പാടാത്ത വീരഗാഥകൾ - ശഹീദ് ഭായ് മണി സിങ്ങ്

-------------------------------------------------------------


ഓരോ ദീപാവലിയുമോർമ്മിപ്പിക്കുന്നത്  സ്വധർമ്മാനുഷ്ഠാനത്തിനായി ജീവൻ ത്യജിക്കേണ്ടി വന്ന ഭായ് മണി സിങ്ങിന്റെ ധീരതയെയാണ്. ദീപാവലി ആഘോഷിക്കാൻ, സ്വന്തം ആരാധനാലയത്തിൽ പ്രവേശിക്കാൻ ,  കപ്പം കൊടുക്കാൻ വിധിക്കപ്പെട്ട ഭാരതീയന്റെ നിവൃത്തികേടിനെയും കഷ്ടപ്പാടിനെയുമാണ്. സ്വന്തം മതം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയും അതിനു വഴങ്ങാത്തവരെ നിഷ്ക്കരുണം കൊന്നൊടുക്കുകയും ചെയ്ത മുഗളരുടെ ഹുങ്കിനെയാണ്, അസഹിഷ്ണുതയെയാണ്, ക്രൂരതയെയാണ്.


പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ , പഞ്ചാബിലെ ആലിപ്പൂരിലായിരുന്നു മണി റാമിന്റെ ജനനം. മദ്രി ബായിയും റാവു മായി ദാസുമായിരുന്നു മാതാപിതാക്കൾ. അദ്ദേഹത്തിന് പതിമൂന്നു വയസ്സുള്ളപ്പോൾ പിതാവ് അദ്ദേഹത്തെ ഗുരു ഹർറായിയുടെ അടുത്ത് കൊണ്ടുപോയി. പിന്നീട് രണ്ടു വർഷക്കാലം അവിടെ സേവാ പ്രവവൃത്തികൾ ചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ വിവാഹത്തിനായി വീട്ടിലേക്ക് തിരിച്ചുവിളിക്കപ്പെട്ടു. ജന്മി കുടുംബാംഗമായ സീതോ ബായ് ആയിരുന്നു വധു. 


അതിനു ശേഷം ജ്യേഷ്ഠസഹോദരൻമാരായ ഭായ് ജേതാ സിംഹ് , ഭായ് ദയാൽ ദാസ് എന്നിവരോടൊത്ത് അദ്ദേഹം ഗുരുവിന്റെ സവിധത്തിലേക്കു മടങ്ങി.  അദ്ദേഹത്തിന്റെ മരണം വരെ അവിടെത്തുടർന്നു. പിന്നീട് ഗുരു ഹർകിഷനെ ശുശ്രൂഷിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ മരണശേഷം ഗുരു തേജ് ബഹദുറിന്റെ സവിധത്തിൽ എത്തിച്ചേർന്നു. 


ഹിന്ദുധർമ്മത്തെ സംരക്ഷിക്കാനുള്ള കശ്മീരി പണ്ഡിറ്റുകളുടെ അപേക്ഷ കണക്കിലെടുത്ത് ഗുരു തേജ് ബഹാദുർ ദില്ലിക്ക് തിരിക്കാൻ തീരുമാനിച്ചു.  ദയാൽദാസ് കുറച്ചു ചെറുപ്പക്കാരോടൊപ്പം ഗുരുവിനെ അനുഗമിച്ചു. ജേതാസിങ്ങും മണി റാമും അനന്ത്പൂരിൽ തുടരാൻ നിയോഗിക്കപ്പെട്ടു. മുഗളരുടെ , ഇസ്ലാമിലേക്കുള്ള മതപരിവർത്തന ശ്രമങ്ങൾക്കെതിരെ ശക്തമായി നിലകൊണ്ട , കശ്മീരി പണ്ഡിറ്റുകളുടെ സംരക്ഷണമേറ്റെടുത്തിരുന്ന , ഗുരു തേജ് ബഹാദുറിനെ 1675 നവംബർ 11 ന് അറംഗസേബിന്റെ നിർദ്ദേശമനുസരിച്ച് പിടിച്ചുകെട്ടി ശിരച്ഛേദം ചെയ്ത് വധിച്ചു. ഒപ്പം ദയാൽ ദാസും മരണപ്പെട്ടു. 


ഗുരു തേജ് ബഹാദുറിനു ശേഷം , മകനായ ഗുരു ഗോബിന്ദ് സിംഗ് സിക്കുകാരുടെ പത്താമത്തെ ഗുരുവായി വാഴിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തായിരു മണിറാം . ഗോബിന്ദ് സിംഹ് ഗുരുവായതിനു ശേഷവും അവർ തമ്മിലുള്ള സൗഹൃദം തുടർന്നു. ഗുരുവിന്റെ വിശ്വസ്ത അനുചരനും അനുയായിയുമായിരുന്നു മണി റാം. 


വിദഗ്ധനായ പോരാളിയും സിഖ് ധാർമ്മിക വിഷയത്തിൽ അഗാധ പണ്ഡിതനുമായിരുന്നു  മണി റാം. നിരവധി യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുത്തു . അദ്ദേഹം തന്റെ  അസാമാന്യമായ പോരാട്ട വീര്യം പ്രദർശിപ്പിച്ച , 1690 ലെ നന്ദൗനിലെ യുദ്ധം വിജയിച്ച ശേഷം ഗുരു അദ്ദേഹത്തിന് ദിവാൻ എന്ന പദവി നൽകി. 


ദിവാൻ എന്ന നിലയിൽ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം ഗുരുവിനെ പ്രതിനിധീകരിച്ച് യാത്ര ചെയ്തു. ഗുരു ധാർമ്മിക കാര്യങ്ങൾക്കായി മാത്രം ചെലവഴിച്ച മൂന്നു വർഷക്കാലം പാവ്ഡാ സാഹിബ് ഗുർദ്വാരയിൽ ഗുരുവിനൊപ്പം മണിറാമുമുണ്ടായിരുന്നു. 


ഗുരു ഗോബിന്ദ് സിങ് 1699 ൽ ബൈശാഖി ദിവസം സിഖ് ധർമ്മ സംരക്ഷണത്തിനായി 'ഖാൽസാ' എന്ന സായുധ വിഭാഗം രൂപീകരിച്ചപ്പോൾ ഗുരുവിൽ നിന്ന് നേരിട്ട് 'അമൃത് സഞ്ചാർ ' സ്വീകരിച്ചു . മണിറാം മണി സിങ് ആയി. പ്രതിജ്ഞ സ്വീകരിച്ചു. ശിഷ്ട ജീവിതം വാഹെഗുരുവിനു മാത്രമായി സമർപ്പിച്ചു. അതെ ദിവസം മണിസിംഗിന്റെ മൂന്നു സഹോദരന്മാരും അഞ്ചു മക്കളും ഖാൽസകളായി  പ്രതിജ്ഞ ചെയ്തു.  


ഗുരു ഗോബിന്ദ് സിങ് അദ്ദേഹത്തെ അമൃത് സറിലെ  ഹർമന്ദിർ ഗുർദ്വാരയിൽ (പ്രസിദ്ധമായ സുവർണ്ണക്ഷേത്രം ) ഗ്രന്ഥി ആയി നിയമിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി ജാട്ട് കർഷകർ ഖാൽസാ സൈന്യത്തിൽ ചേർന്നു . അവർ ഗ്രാമങ്ങളിൽ പോയി കൂടുതൽ പേരെ സൈന്യത്തിലേക്കു ചേർത്തു . അവരുടെ സംഖ്യ നാൾക്കുനാൾ വർദ്ധിച്ചു വന്നു. 


സിഖ് സാഹിത്യത്തിനും മണി സിംഗ് അമൂല്യമായ സംഭാവനകൾ നൽകി. ഗുരു ഗോബിന്ദ് സിങ് ഗ്രന്ഥ് സാഹേബ് വിവരിക്കുമ്പോൾ പകർത്തിയെഴുതിയതു മണിസിങ് ആയിരുന്നു. ഗുരുവിന്റെ ഉപദേശങ്ങൾ ക്രോഡീകരിച്ചു 'ദശം ഗ്രന്ഥ് ' എഴുതി. ഗ്യാൻ രത്‌നാവലി , ഭഗത് രത്‌നാവലി തുടങ്ങിയവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്. സിഖുകാരുടെ നിത്യ പ്രാർത്ഥനയായ 'ആർദാസ് ' ഇന്ന് കാണുന്ന രീതിയിൽ ക്രമീകരിച്ചത് അദ്ദേഹമാണ്. 


1708 ൽ ഗുരു ഗോബിന്ദ് സിംഗ് മരണമടഞ്ഞു. 1737 ൽ ലാഹോറിലെ മുഗൾ ഭരണാധികാരികൾ അമൃത് സറിൽ സിഖുകാർ പ്രവേശിക്കുന്നത് നിരോധിച്ചു. ഇത് മറികടക്കാൻ ഗവർണ്ണർ സഖറിയാ ഖാനോട് അമൃത്സർ ഗുർദ്വാരയിൽ ദീപാവലി ആഘോഷിക്കാനുള്ള അനുവാദം ചോദിച്ചു. 5000 രൂപാ കപ്പം നൽകണമെന്ന നിബന്ധനയോടെ അനുമതി നൽകപ്പെട്ടു !


ഗുർദ്വാരയിൽ എത്തിച്ചേരുന്ന സിഖ് മതാനുയായികളിൽ നിന്ന് തുക സമാഹരിച്ചു നൽകാമെന്നായിരുന്നു മണി സിംഗിന്റെ കണക്കുകൂട്ടൽ. അദ്ദേഹം നിരവധി പേർക്ക് ക്ഷണക്കത്തുകൾ അയച്ചു. പക്ഷെ അവിടെയെത്തിച്ചേരുന്ന സിഖുകാരെ ചതിയിൽ കൊലപ്പെടുത്താൻ സഖറിയാ ഖാൻ പദ്ധതിയിട്ടു. അതിനായി ഒരു സൈന്യത്തെ രഹസ്യമായി അമൃത് സറിലേക്കയച്ചു . അതിനെക്കുറിച്ചു രഹസ്യ വിവരം ലഭിച്ച മണി സിങ് ആഘോഷത്തിന് വരുന്നതിൽ നിന്ന് പിന്തിരിയാൻ അഭ്യർത്ഥിച്ചു അനുയായികൾക്ക് സന്ദേശമയച്ചു . അതിന്റെ ഫലമായി ആരും തന്നെ ആഘോഷത്തിന് എത്തിച്ചേർന്നില്ല. മുഗളരുടെ പദ്ധതി നടപ്പിലായില്ല. പക്ഷെ അവർ മണിസിങിനോട് പണം ആവശ്യപ്പെട്ടു. ആഘോഷം നടക്കാത്തതുകൊണ്ടു പണം സമാഹരിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. 


മണി സിങ്ങിന് വധശിക്ഷ വിധിക്കപ്പെട്ടു. ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുകയാണെങ്കിൽ വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കാമെന്ന് നിർദ്ദേശമുണ്ടായി . പക്ഷെ തന്റെ വിശ്വാസം ത്യജിക്കുന്നതിലും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിലും ഭേദം മരണം വരിക്കുകയാണെന്നു അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തെ ജീവനോടെ അംഗ പ്രത്യംഗം അറുത്തുമാറ്റി, ഓരോ സന്ധികളും തിരിച്ചൊടിച് ഇഞ്ചിഞ്ചായി അതിക്രൂരമായി വധിക്കാൻ കല്പനയായി. ശിക്ഷ നടപ്പിലാക്കാൻ വന്ന ആരാച്ചാർ  തന്റെ കൃത്യം അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ നിന്ന് ആരംഭിക്കാൻ തുനിഞ്ഞപ്പോൾ അക്ഷോഭ്യനായി , വിനീതനായി 'തന്റെ ശരീരത്തിലെ സന്ധികൾ ആരംഭിക്കുന്നത് വിരലുകളിൽ നിന്നാണ് ' എന്ന് പറഞ്ഞു കൈവിരലുകൾ ആരാച്ചാർക്ക് ബലി പീഠത്തിൽ വച്ച് കൊടുത്തു. ശരീരം മുഴുവൻ വിരലുകൾ മുതൽ ഇഞ്ചിഞ്ചായി അറുത്തു മാറ്റി വധശിക്ഷ നടപ്പിലാക്കപ്പെട്ടു. 


അസാമാന്യ ധീരതയോടെ സ്വധർമ്മ സംരക്ഷണത്തിൽ ഉറച്ചു നിന്ന മണി സിംഗിന്റെ നാമം അനശ്വരമായി. അദ്ദേഹം മരണം വരിച്ച നഖാസ് ചൗക്ക് അന്നുമുതൽ ശഹീദ് ഗഞ്ച് ആയി. അദ്ദേഹം മരണം വരിച്ച രീതി സിഖുകാരുടെ നിത്യ പ്രാർത്ഥനയുടെ ഭാഗമായി....


അവലംബം : വിവിധ വെബ് സൈറ്റുകൾ


- ഇന്നലെകളുടെ നേർക്കാഴ്ചകൾ