Tuesday, 27 October 2020

കടപയാദി - Kadapayadi

 

ഹരിശ്രി ഗണപതായേ നമ: എന്നുള്ളതിൽ സരസ്വതി ഉൾക്കൊള്ളിച്ചു വച്ചിച്ചുള്ള കാര്യം ആർക്കും അറിയില്ല ... ഹൈന്ദവ വിശ്വാസം വെറും തെറ്റാണന്നും സെമറ്റിക്ക് മതങ്ങൾ പറയുന്നതാണ് മുഴുവൻ ശരിയെന്നും ഇർഫാൻ ഹബീബ്, റോമില ഥാപ്പർ, കേണൽ മെക്കാളെ എന്നിവർ നമ്മെ പഠിപ്പിച്ചു .. ഇന്നും അത് തുടരുന്നു...
കേരളത്തില് വ്യാപകമായി ഉപയോഗിച്ചിരു ന്നതും , ആര്യഭടീയത്തില് പ്രയോഗിച്ചിരിക്കു ന്നതും, ഒരുപക്ഷെ കേരളത്തില് തന്നെ ജന്മമെടുത്തതുമായ ഒരു അക്ഷരസംഖ്യാ സമ്പ്രദായമാണ് "പരല്പ്പേര്" അഥവാ 'കടപയാദി'. സംഖ്യകളെ സൂചിപ്പിക്കാന് വാക്കുകള് ഉപയോഗിക്കുകയാണ് ഇതില് ചെയ്യുന്നത്. തിരിച്ചും ആകാം. നമ്മുടെ മലയാളം അക്ഷരങ്ങള് ഓരോന്നിനും പൂജ്യം മുതല് ഒമ്പതുവരെയുള്ള ഒരു സംഖ്യാവില കല്പ്പിച്ചുനല്കി, അതിനനുസരിച്ച് വാക്കുകള്ക്ക് വിലയിടുന്ന ഏര്പ്പാടാണ് ഈ കടപയാദി. എങ്ങനെയാണെന്നറിയാന് ചിത്രം നോക്കൂ..
എല്ലാ സ്വരാക്ഷരങ്ങള്ക്കും പൂജ്യം എന്ന് വിലയിടുക..
വ്യഞ്ജനങ്ങളില് 'ക' മുതല് 'ങ' വരെയുള്ള അഞ്ചക്ഷരങ്ങളും 'ച' മുതല് 'ഞ' വരെയുള്ള അഞ്ചക്ഷരങ്ങളും ചേര്ത്ത് ഒന്ന് മുതല് പൂജ്യം വരെ വിലയിടുക. ഇതുപോലെ 'ട' വര്ഗ്ഗത്തിനും 'ത'വര്ഗ്ഗത്തിനും വില നല്കുക. 'പ' വര്ഗത്തിന് ഒന്ന് മുതല് അഞ്ചു വരെ വില നല്കിയശേഷം 'യ' മുതല് 'ഴ' വരെയുള്ള പത്ത് അക്ഷരങ്ങ ള്ക്കും ക്രമപ്രകാരം വിലയിടുക.'റ' യ്ക്ക് പൂജ്യം എന്നും നല്കുക. ഇതാണ് 'കടപ യാദി'യിലെ അക്ഷരങ്ങളും അവയുടെ മൂല്യം പേറുന്ന സംഖ്യകളും തമ്മിലുള്ള ബന്ധം.
ഈ സമ്പ്രദായപ്രകാരം വാക്കുകള്ക്ക് വിലനല്കുന്നതിന് ഒരു വാക്കിലെ ഓരോ അക്ഷരങ്ങളുടെയും വില ചേര്ത്തെഴുതി തിരിച്ചിട്ടാല് മതി. കണ്ഫ്യൂഷന് ആയാ. ദാ ദിങ്ങനെ.
'ഹരി' എന്ന വാക്കിന്റെ വില കാണണം. നമ്മുടെ പട്ടിക അനുസരിച്ച് 'ഹ'യുടെ വില 8 ആണ്. 'ര'യുടെ വില രണ്ടും. ചേര്ത്തെ ഴുതിയാല് 82. തിരിച്ചിട്ടാല് 28. അപ്പൊ ഹരിയുടെ വില 28.




അമ്പത്തൊന്നക്ഷരാളി...
ഇത്രയും പഠിച്ചു കഴിഞ്ഞ നമ്മള് വിചാരി ക്കും, അപ്പോ ഈ ‘അമ്പത്തൊന്നക്ഷരാളി’ എന്ന് പറയുന്നത് 51 മലയാള അക്ഷരങ്ങ ളെയെല്ലാം കൂടി ചേര്ത്തു പറയുന്നതാ യിരിക്കുമെന്ന്. അതുചിലപ്പോ കടപയാദിയെ പറ്റി കേട്ടിട്ടില്ലെങ്കിലും നമ്മള് അങ്ങനെ ചിന്തിച്ചിട്ടുണ്ടാകണം. എന്നാല് സത്യം അതല്ലാ. ഈ അമ്പത്തൊന്നക്ഷരാളി പ്രയോ ഗവും കടപയാദി സമ്പ്രദായത്തിലേതാണ്. “ഹരിശ്രീ ഗണപതയേ നമ:” എന്ന മന്ത്രത്തി ന്റെ സംഖ്യാരൂപമാണ് 51. അതെങ്ങനെ 51 ആകുന്നു എന്നറിയാന് ചിത്രം നോക്കൂ.

51 അക്ഷരങ്ങളിൽ ഴ , റ എന്നിവ ഉൾപ്പെടില്ല.എന്നാൽ അവസാനത്തെ 'ള 'കഴിഞ്ഞാൽ 'ക്ഷ' ആണ്.
'അ' മുതൽ 'ക്ഷ' വരെയാണ് (അകാരാദി ക്ഷകാര്യന്തം) അക്ഷരങ്ങൾ .ക്ഷ യ്ക്ക് പരല്പേരനുസരിച്ച് 6 ആണ് വില. കൂട്ടക്ഷരമായതിനാൽ രണ്ടാമത്തെ ഷ യുടെ വില തന്നെ.

ഇനിയെങ്കിലും നമ്മൾ ഭാരതിയരുടെ ശക്തി മനസ്സിലാക്കൂ...


----------------------
ഓം ' ഹരി ശ്രീ ഗണപതയെ നമ:

ഹരി = 28 ശ്രീ= 2 ഗ= 3, ണ = 5, പ= 1 ത= 6, യേ - 1 ന= o, മ= 5 മൊത്തം 51 ഹരിശ്രീ ഗണപതയേ നമ: എന്നത് 51 അക്ഷരങ്ങളെ കുറിക്കുന്നു.

അന്പത്തൊന്നക്ഷരാളിയായ സരസ്വതിയെ സൂചിപ്പിക്കുന്നു. ഗണം കൂട്ടമാണ് ഭൂതഗണങ്ങളുടെ അധിപതിയായ ശിവൻ അല്ലെങ്കിൽ ഭൂതനാഥനായ അയ്യപ്പൻ പിന്നെ വിഘ്നേശ്വരനായ ഗണപതി ഇവരെയൊക്കെ സൂചിപ്പിക്കുന്നതാണ് ഗണപതി ശബ്ദം.ശിവനുള്ളിടത്ത് പാർവതിയുടെ സാന്നിദ്ധ്യമൊഴിച്ചുകൂട്ടാൻ വയ്യ. കേ നോ പനിഷത്തിൽ ഹൈമവതി - പാർവതി - വിദ്യാദേവതയാണ്.കൂടാതെ ഹരി വിഷ്ണുവിനേയും ശ്രീലക്ഷമീദേവിയേയും കുറിക്കുന്നു. അപ്പോൾ ഹരിശ്രീ ഗണപതയേ നമഃ എന്നത് 51 അക്ഷരങ്ങളെയും അക്ഷര സ്വരൂപിണിയായ സരസ്വതിയേയും ഗണപതി ശിവൻ അയ്യപ്പൻ പാർവതി വിഷ്ണു ലക്ഷമി എന്നീ ദേവതകളെയും സ്മരിക്കുന്നു. എത്ര മനോഹരം അല്ലേ?

Wednesday, 21 October 2020

The Suktams ...

വിശ്വാനി ദേവ സവിതര് ദുരിതാനി പരാ സുവ . യദ് ഭദ്രം തന്ന ആ സുവ .

ഇത് വേദത്തിലെ ഒരു പ്രാർഥനയാണ്. ഞങ്ങളുടെ ദുരിതങ്ങൾ അകലെ പോകട്ടെ. സുഖം വന്നു ചേരട്ടെ. എന്നതാണ് പ്രാർഥന. മനുഷ്യരുടെ സകല പ്രാർഥനകളുടെയും രത്‌നച്ചുരുക്കം ഇത്രമാത്രമാണ്.

സകലരും പ്രാർഥിക്കുന്നത് തന്നിലില്ലാത്തതിനെയാണ്. തന്നിലില്ലാത്തതും ഈശ്വരനിലുള്ളതുമായ ധർമങ്ങളെ ഗുണങ്ങളെ ഐശ്വര്യാദികളെ ലഭിക്കാനാണ് പ്രാർഥന.

പ്രാർഥന കൊണ്ടുള്ള പ്രയോജനം 1. പ്രാർഥിക്കുന്നവന്റെ അഹംഭാവം ഇല്ലാതാവുന്നു. 2 കർമ ക്ഷേത്രത്തിൽ ഉത്സാഹമുണ്ടാവുന്നു. 3. സഹായം
 ലഭിക്കുന്നു.
പ്രാർഥിക്കുന്ന വിഷയത്തിനനുസരിച്ച് പ്രയത്നിക്കുകയും വേണം. കഴിയുന്നത്ര പ്രയത്‌നിച്ചതിനു ശേഷമേ പ്രാർഥിക്കാവൂ. പ്രാർഥന സഹായമഭ്യർഥിക്കലാണ്. പ്രയത്നിക്കുന്നവനേ സഹായത്തിന്റെ ആവശ്യമുള്ളു. കുർവന്നേവേഹ കർമാണി - കർമം ചെയ്തു കൊണ്ടു തന്നെ ജീവിതകാലം കഴിക്കണം എന്ന ഈശ്വരാ ജ്ഞ ലംഘിക്കുന്നവന് സത്യത്തിൽ പ്രാർഥിക്കാനവകാശമില്ല.

 ഐകമത്യസൂക്തം, സംവാദസൂക്തം, സംഘടനാ സൂക്തം എന്നിങ്ങനെ പല പേരുകളിലറിയപ്പെടുന്നത് ഋഗ്വദത്തിലെ അവസാനത്തെ 4 മന്ത്രങ്ങളാണ്. ഇത് ഋഗ്വേദത്തിന്റെ ഉപസംഹാരമാണ്. 

അഗ്നി മീഡേ എന്നാരംഭിക്കുന്ന പ്രഥമ സൂക്തത്തിലെ സ്തോതാവ് ഞാൻ എന്ന വ്യക്തിയാണ്. തുടർന്ന് വരുന്ന മധ്യഭാഗങ്ങളിൽ ധീമഹി ഞങ്ങൾ ധ്യാനിക്കുന്നു എന്ന് ഞാൻ ഞങ്ങളായി വളരുന്നു. ബ്രഹ്‌മചര്യാശ്രമത്തിലെ ഞാൻ ഗാർഹസ്ഥ്യത്തിലെ ഞങ്ങളായി വളരുന്നു. വാനപ്രസ്ഥത്തിലെ തപസ്സിനു ശേഷം ഞാൻ ഞങ്ങൾ , നീ നിങ്ങൾ എന്ന ഭേദ ചിന്ത ഇല്ലാതാവുന്നു. ഞാനും നീയും ഞങ്ങളും നിങ്ങളും നമ്മളിൽ ലയിച്ചേകീ ഭവിക്കുന്നു. സന്യാസാശ്രമത്തിൽ പ്രവേശിക്കുന്നു. വേദ പഠനം കൊണ്ട് പ്രാപിക്കേണ്ട ബ്രഹ്മലോകം ഈ നമ്മൾ എന്ന ലോകമാണ്. എങ്ങനെയായാൽ ഞാനും നീയും നമ്മൾ ആയി മാറുമെന്ന് ഐകമത്യസൂക്തമോതുന്നു. ഈ ഒന്നാവലാണ് മോക്ഷം. ഒന്നായാൽ നന്നായി. നന്നായാൽ ഒന്നായി. നാളെ മുതൽ ഇതിലെ ഓരോ മന്ത്രവും നമുക്ക് മനനം ചെയ്യാം. അങ്ങനെ മന്ത്രത്തിന്റെ രഹസ്യ അറകളുടെ പൂട്ട് തുറക്കാം.

ഐകമത്യസൂക്തം.
ഓം സംസമിദ്യുവ സേവൃഷന്നഗ്‌നേ വിശ്വാന്യര്യ ആ ഇള സ്പദേ സമിധ്യയ സേ സനോ വസൂന്യാ ഭര.

ഋഷി:- സംവനന ആങ്ഗിരസ: ദേവതാ - അഗ്നി: ഛന്ദ: - അനുഷ്ടുപ് .

അർഥം - ഹേബലവാനും തേജസ്വിയുമായ ഭഗവൻ, അങ്ങ് സകലതിന്റെയും സ്വാമിയാണ്. അവിടുന്ന് സകലതും നിശ്ചയ പൂർവം ഉത്തമ രീതിയിൽ കൂട്ടിച്ചേർക്കുന്നു. അപ്രകാരം തന്നെ സമ്യക്കായി വേറെ വേറെയാക്കുന്നു. മാത്രമല്ല ഭൂമിയിൽ അഥവാ വാണിയിൽ നന്നായി പ്രകാശിക്കുന്നു. ആ നീ ഞങ്ങൾക്ക് നാലു പുറത്തു നിന്നും സകല പ്രകാരത്തിലും ധനം നല്കട്ടെ.
ഭാഷ്യം - ഹേ വൃഷൻ അഗ്നേ അര്യ
വൃഷ - ശക്തി ബന്ധോ എന്ന ധാതുവിൽ നിന്നും വൃഷൻശബ്ദമുണ്ടാവുന്നു. സർവശക്തൻ, ബലവാൻ എന്നർഥം. ബലമസി ബലം മയി ധേഹി. അവിടുന്നു ബലമാകുന്നു. എന്നിൽ ബലം നിറച്ചാലും.
ഗത്യർഥമുള്ള അഗ് ധാതുവിനോട് നി പ്രത്യയം ചേർത്ത് അഗ്നി പദമുണ്ടാക്കുന്നു. അഗ്നി കസ്മാത്? അഗ്രണീ ഭവതീതി ( നിരുക്തം 7 - 15 ) എന്തുകൊണ്ട് അഗ്നി ? മുന്നിൽ നിന്നു നയിക്കുന്നതിനാൽ. അഗ്നി ഏവരുടെയും മാർഗദർശകനാണ്.

ഋ - ഗ തൗ എന്ന ധാതുവിൽ നിന്നാണ് അര്യ പദനിഷ്പത്തി. ഗതിക്ക് ഗമനം പ്രാപ്തി ജ്ഞാനം എന്ന് ത്രിവിധാർഥം. പ്രപഞ്ചത്തിലെല്ലാടവും ഗമിച്ച് സകലയിടത്തും വ്യാപിച്ചിരിക്കുന്നതിനാലും ഏവരുടേയും പ്രാപ്തി സ്ഥാനമാകയാലും സകല അറിവിന്റെയും ഉറവിടമാകയാലും അര്യൻ പരമാത്മാവാണ്. ആ പരമാത്മാവ് സകലതിന്റെയും സ്വാമിയാണ് പ്രഭുവാണ്.
വിശ്വാനി ഇത് സമ് സമ് ആയുവ സേ

ഈശ്വരൻ പ്രവേശിച്ച് വസിക്കുന്ന ഇടമാണ് വിശ്വം. ഇക്കാണുന്ന സകല ഇടവും ഈശ്വരന്റെ വ്യാപ്യസ്ഥാനമാണ്. യു-ധാതുവിന് മിശ്രണം അമിശ്രണം എന്ന് ദ്വിവിധാർഥം. ലോകരചനയുടെ കാരണം പരമാണുക്കളുടെ സംശ്ലേഷണ വിശ്ലേഷണമാണ്. ഈ കൂട്ടിച്ചേർക്കലും വിഘടിക്കലും വേണ്ട രീതിയിൽ നടപ്പാക്കുന്നത് അണോരണീയാനും മഹതോ മഹീയാനുമായ പരമാത്മാവാണ്.

ഇള സ്പദേ സം ഇദ്ധ്യ സേ ഇള ഭൂമിയാണ്. പദ് ധാതുവിന് സ്ഥിതി, ഗതി എന്ന് രണ്ടു വിധത്തിലർഥം. ഇന്ധ് - ധാതുവിന് ദീപ്തി എന്നഥം. ഭൂമിയുടെ സ്ഥിതിക്കും ഗതിക്കും മാർഗദർശനമേകുന്നത് ഈശ്വരന്റെ ജ്ഞാന പ്രകാശമാണ്.

സ: ന: വസൂനി ആ ഭര.
ആ ഈശ്വരൻ ഞങ്ങൾക്ക് വസിക്കാൻ വേണ്ടതെല്ലാം - വാസസ്ഥാനവും ധനധാന്യാദികളും - ആഭര- എല്ലായിടത്തു നിന്നും പ്രാപ്തമാക്കിയാലും. ജീവിക്കാൻ എന്തെല്ലാമാവശ്യമാണോ അതെല്ലാം എന്നാണ് വസൂനി പദത്തിനർഥം. അതെല്ലാം നിറയെ വേണം ഒട്ടും കുറയാൻ പാടില്ല.

ഐകമത്യസൂക്തം - 2
സം ഗച്ഛധ്വം സംവദ ധ്വം സംവോ മനാംസി ജാനതാം ദേവാ ഭാഗം യഥാപൂർവേ സംജാനാനാ ഉപാസതേ . (2)
നിങ്ങളുടെ വഴിത്താര ഒന്നാവട്ടെ. വാക്കുകൾ ഒന്നാവട്ടെ. മനസ്സൊന്നാവട്ടെ. എപ്രകാരമാണോ പൂർവികർ ഏക മനസ്സോടെ കർത്തവ്യ കർമങ്ങൾ ചെയ്തിരുന്നത് അപ്രകാരം നിങ്ങളും ചെയ്യുവിൻ.
സംഗച്ഛധ്വം സംവദ ധ്വം വ: സംമനാംസി ജാനതാം.
സം ഉപസർഗം സമതയെക്കാണിക്കുന്നു. നടത്ത ഒന്നിച്ച് ചേർന്നാവണം. ഒന്നിച്ച് ചേർന്ന് നടക്കണമെങ്കിൽ ലക്ഷ്യമൊന്നായിരിക്കണം. നടത്ത ആചരണമാണ്. ആചരണം സദാചാര നിരതമാവണം. മാനവരാശിയുടെ ലക്ഷ്യം പുരുഷാർഥമാണ്. അവ ധർമാർഥ കാമമോക്ഷങ്ങളാണ്. നടത്ത ധർമത്തെ പ്രതിനിധാനം ചെയ്യുന്നു. മറ്റു മൂന്നും നേടാനുള്ള യത്നത്തിൽ ധർമം വിടാതെ കൂടെയുണ്ടാവണം. മനുഷ്യൻ സാമൂഹ്യ ജീവിയായിരിക്കുമ്പോൾത്തന്നെ വേറെ വേറെ വ്യക്തികളുമാണ്. വൈയക്തിക നിലയിൽ പുരുഷാർഥം ധർമാർഥ കാമമോക്ഷങ്ങളാണ്.
 സമാജ പുരുഷന്റെ പുരുഷാർഥം മതി കൃതി സ്ഥിതിഗതികളാണ്. വ്യക്തികളിൽ ഇവ നേടാനുള്ള സാധനങ്ങളാണ് യഥാക്രമം ശിരസ്കൈകൾ ഊരു പാദം എന്നിവ. സമൂഹത്തിലാവട്ടെ ഇവയുടെ സ്ഥാനം ബ്രാ ഹ്മണർ ക്ഷത്രിയർ വൈശ്യർ ശൂദ്രർ എന്നിവർ നിർവഹിക്കുന്നു. സംഗച്ഛധ്വമെന്നത് സമാജത്തിന്റെ ഗതി എന്ന പുഷാർഥത്തെ സൂചിപ്പിക്കുന്നു. സമാജത്തിലെ സകലരുടെയും വഴിത്താരയൊന്നാകണമെങ്കിൽ അവരുടെ വാക്കും മനസ്സു മൊന്നാവണം. മനസാ വചസാ കർമണാ ഒറ്റക്കെട്ടായി മുന്നേറിയാലേ വിജയമുണ്ടാവൂ. അതിന് ഈശ്വര വാണിയായ വേദം നമ്മുടെ വാണിയാവണം. വേദ പഠനവും പാഠനവും സമൂഹത്തിലെ വൈചാരികവും വൈകാരികവുമായ ഭിന്നതയില്ലാതാക്കും. അപ്പോൾ ദേവപൂജ സംഗതീകരണം ദാനം എന്ന മൂന്നും സമഞ്ജസമായ ടങ്ങുന്ന യജ്ഞം ശ്രേഷ്ഠ കർമമായി, പോകേണ്ട വഴിയായി മുന്നിൽത്തെളിയും. 'കുർവന്നേ വേഹ കർമാണി ജിജീവിഷേത് ശതം സമാ: ഏവം ത്വയി നാന്യഥേതോ fസ്തി (യജു 40. 2) ആയുഷ്ക്കാലം മുഴുവൻ നിഷ്ക്കാമകർമ മനുഷ്ഠിക്കുകയല്ലാതെ വേറെ വഴിയില്ല. ആ ഒരൊറ്റ വഴിയേയുള്ളു. ഈ മാർഗമോതുന്ന ഒരേയൊരു വാണിയാണ് പദം. വേദ വിചാരം വൈവിധ്യ ചിന്തകളകറ്റി ഒരേയൊരു വിചാരത്തിലെത്തിക്കുന്നു. ഒരേ വിചാരം ഒരേ ഭാഷ ഒരൊറ്റ കർമം -യജ്ഞം - അതാണ് സമാജ ജീവിത ധർമം .
.
യഥാപൂർവേ സംജാനാനാ ദേവാ :ഭാഗം ഉപാസത.
പൂർവേഷാമപി ഗുരുവായ പരമാത്മാവ് നല്കിയ വേദവഴി തന്നെ വഴി. നമ്മുടെ പൂർവികർ പോയ വഴി അതാണ്. അതു തന്നെയാവണം നമ്മുടെയും വഴി. വഴിയെക്കുറിച്ച് സംശയമുണ്ടാവുമ്പോൾ 'മഹാജനോ യേന ഗത: സ പന്ഥാ മഹാന്മാർ പോയ വഴി തന്നെ വഴി എന്ന് നിർണയിക്കയാണുചിതം.

ഐകമത്യസൂക്തം - 3.
സമാനോ മന്ത്ര: സമിതി: സമാനീ സമാനം മന: സഹ ചിത്തമേഷാം. സമാനം മന്ത്രമഭിമന്ത്രയേ വ: സമാനേന വോ ഹവിഷാജുഹോമി - 3.
ഋഷി:- ഗൃത്സമദ: ദേവതാ - ബൃഹസ്പതി: ഛന്ദ: - ജഗതി.
അർഥം - മന്ത്രം സമാനമാകട്ടെ. സഭ ഏവർക്കും സമാനമാകട്ടെ. മനസ്സ് ഒരു പോലെയാകട്ടെ. ഈ എല്ലാവരുടെയും ചിത്തം യോജിപ്പുള്ളതാവട്ടെ. നിങ്ങൾക്കെല്ലാവർക്കുമായി ഒരേവിചാരത്തെ ഞാൻ നിശ്ചയ പൂർവം നല്കുന്നു. ഒരേയൊരു ഹവിസ് കൊണ്ട് ഹവനം ചെയ്യാനുള്ള ആദേശം നല്കുന്നു.
ഭാഷ്യം
മന്ത്രം സമാന:
മനനാത് ത്രായതേതി മന്ത്ര: മനനം ചെയ്യുന്നതു വഴി ത്രാണനം ചെയ്യുന്നതാണ് മന്ത്രം. മന്-ധാതുവിന് വിചാരം ചെയ്യുക എന്നാണർഥം. വിചാരം കർമത്തിനു കാരണമാകുന്നു. വിചാരത്തിന്റെ ഫലമാണ് കർമം. വിചാരമെന്നാൽ ജ്ഞാനം. ജ്ഞാനം കർമത്തിലവസാനിക്കുന്നു. വിചാരം എല്ലാവർക്കും സമാനമാവണം. സമാജത്തിലെ ഓരോ വ്യക്തിയുടെയും വിചാരം സമാജത്തിന്റെ നന്മയും ഉത്ക്കർഷവുമാവണം. വിരുദ്ധ വിചാരം വിരുദ്ധ കർമങ്ങളിലേക്ക് നയിക്കുന്നു. തന്മൂലം സമാജത്തിന്റെ കെട്ടുറപ്പും പുരോഗതിയും തടസ്സപ്പെടുന്നു. സമാജത്തിന് ഒരേയൊരുവിയാര മേയുണ്ടാകാവൂ.
സമിതി സമാനി.
സമിതി സംഘടനയാണ്. സംഘടനയിലെ അംഗങ്ങൾക്ക് തുല്യ അധികാരാവകാശങ്ങളാണുള്ളത്. അംഗങ്ങളെല്ലാം സമാനരാണ്. ആരും തമ്മിൽ ഉച്ചനീച ഭേദങ്ങളില്ല.
മന:സമാനം ഏഷാം ചിത്തം സഹ
എല്ലാവരും ഒരേ കാര്യം മനനം ചെയ്യട്ടെ. സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങളും അവ പ്രാപിക്കാനുള്ള മാർഗവുമാകണം സമിതിയിലെ അംഗങ്ങളുടെ വിചാരം. ഈ എല്ലാവരും അവരവരുടെ ജ്ഞാനത്തിനു ചേർന്ന വിധത്തിൽ വിചാരം ചെയ്യണം. ഓരോരുത്തരുടെയും പ്രവൃത്തി മണ്ഡലങ്ങൾ വ്യത്യസ്തമായിരിക്കും. ജ്ഞാനത്തിന്റെ തോതും വ്യത്യസ്തമായിരിക്കും. അതിനാൽ മത ഭേദങ്ങളിൽ കടിച്ചു തൂങ്ങാതെ അവയെ സമിതിയുടെ ദൃഷ്ടിയിൽ സമന്വയിപ്പിക്കണം. ഏവർക്കും സ്വീകാര്യമായ വിധത്തിൽ വിചാരം ചെയ്തുറപ്പിച്ച് ഭിന്ന വീക്ഷകരുടെയും ചിത്തത്തിനോട് ചേർന്ന് പോപണം. ചർച്ചയിൽ വിഭിന്ന വീക്ഷണങ്ങൾ വരാമെങ്കിലും തീരുമാനം കഴിവതും ഏകകണ്ഠമാവണം. എടുത്ത തീരുമാനം നടപ്പാക്കുന്നതിൽ ഭിന്നത പാടില്ല.
വ: സമാനം മന്ത്രം അഭി മന്ത്രയേ
നിങ്ങൾക്ക് മനനം ചെയ്യുന്നതിന് ഞാൻ സമാന മന്ത്രത്തെപ്പറയുന്നു. മനനം ചെയ്യുന്നവിഷയം ഏവർക്കും പ്രാപിക്കാനും അനുഷ്ഠിക്കാനും യോഗ്യമാവണം. വിചാരം ചെയ്താൽ അതു നമ്മെത്രാണനം ചെയ്യുന്നതാവണം. നമ്മെ പാലിക്കുന്നതും ഊട്ടുന്നതുമാവണം. അങ്ങനെയുള്ള മന്ത്രത്തെ - വേദത്തെ - ഞാൻ നിങ്ങൾക്കുപദേശിക്കുന്നതു പോലെ നിങ്ങളും മറ്റുള്ളവർക്കുപദേശിക്കണം.
വ: സമാനേനഹ വിഷാജുഹോമി .
നിങ്ങൾക്കു വേണ്ടി ഞാൻ ഒരേയൊരു ഹവിസുകൊണ്ട് ഹോമം ചെയ്യുന്നു. യജ്ഞത്തിന്റെ ഏറ്റവും മുഖ്യമായ അംശം സമർപ്പണമാണ്. ഇദം ന മമ എന്നതാണ് ത്യാഗത്തിന്റെ കാതൽ. ഏവർക്കും സമാനമായിട്ടുള്ളതും ത്യജിക്കേണ്ടതുമായ വസ്തുവാണ് അഹന്ത അഥവാ സ്വാർഥത.സ്വാർഥതയെയജ്ഞാഗ്നിയിൽ ഹവിസ്സാക്കണം. സമിതിയാണ് പ്രധാനം, വ്യക്തിയല്ല. സമിതിയിൽ ഏവരും പരതന്ത്രരാണ്.

ഐകമത്യസൂക്തം - 4.
സമാനീവ ആകൂതി: സമാനാ ഹൃദയാ നിവ: സമാനമസ്തു വോ മനോ യഥാ വ: സുസഹാസതി. -4.
ഋഷി:- സംവനന ആങ്ഗിരസ:ദേവതാ - സംജ്ഞാനം ഛന്ദ: - അനുഷ്ടുപ്
അർഥം
നിങ്ങളുടെ ലക്ഷ്യം സമാനമാകട്ടെ. ഹൃദയം ഏകരൂപമാകട്ടെ. വിചാരം ഒരു പോലെയാവട്ടെ. എപ്രകാരമായാൽ നന്നായി ചേർന്നിരിക്കുമോ അപ്രകാരമാകട്ടെ.
ഭാഷ്യം
വ: ആകൂതി: സമാനി.
ആകൂതി എന്നാൽ സങ്കല്‌പം. സമ്യക്കായി കല്പിച്ചതാണ് സങ്കല്‌പം. ഇത് കൂലംകഷമായ മനനത്തിനു ശേഷമുള്ള നിർണയമാണ്. അതുകൊണ്ടു തന്നെ ധ്യേയമാണ്. അന്തിമ നിർണയത്തിൽ യാതൊരു വൈരുദ്ധ്യവുമുണ്ടാ വാൻ പാടില്ല. സങ്കല്പം സമാനമാവണം. ഒരേ അളവിലുള്ളതാകണം. സഹനാവവതു സഹനൗ ഭുനക്തു. വ്യക്തിയേയും സമൂഹത്തെയും രക്ഷിക്കുന്നതാകണം. ഇരു കൂട്ടരെയു മൂട്ടുന്നതാണം. അഭ്യുദയനി: ശ്രേയസങ്ങൾ നല്കാൻ സമർഥമാകണം.
വ: ഹൃദയാനി സമാനാ
മനസ്സ് വൈചാരികമാണ്. ഹൃദയം വൈകാരികമാണ്. ഹൃദയം ഹൃ- ദ - യം എന്ന മൂന്നക്ഷരങ്ങൾ ചേർന്നതാണ്. ഈ മൂന്നക്ഷരങ്ങൾ തന്നെ അതിന്റെ നിർവചനം. ഹൃ - ഹരതി , ദ - ദദാതി, യം - യ ച്ഛതി. സ്വീകരിക്കുക, കൊടുക്കുക, നിയന്ത്രണത്തിൽ യമത്തിൽ - നിർത്തുക. സ്വീകരിക്കുന്നതിലും കൊടുക്കുന്നതിലും നിയന്ത്രണത്തിലും സമത പാലിക്കണം. ഒന്നും ഒട്ടും അതിരുവിടാൻ പാടില്ല. വൈകാരികമായ സമതയുടെ അടിസ്ഥാനം പ്രേമമാകണം.
വ: മന:സമാനമസ്തു.
മനസ്സ് മനനത്തിനുള്ളതാണ്. വീണ്ടും വീണ്ടും ചെയ്യുന്ന പക്ഷ പ്രതിപക്ഷ ഭാവനയോടെയുള്ള വിചാരമാണ് മനനം. വിചാരത്തിൽ അതായത് വിചാരഫലമായ നിഗമനത്തിൽ വൈരുദ്ധ്യമുണ്ടാവരുത്. വിചാരം പ്രത്യക്ഷാനുമാന ശബ്ദ പ്രമാണങ്ങൾക്കനുസൃതമാവണം. ആ മനനം ഹൃദയത്തോട് സമത പുലർത്തണം. വിചാരത്തിലും പ്രേമ രസം കലർന്നിരിക്കണമെന്നർഥം.
യഥാ വ: സുസഹ അസതി.
വിചാരവും വികാരവും എപ്രകാരമാണോ നന്നായി ഒന്നിച്ചു ചേർന്നിരിക്കുക അപ്രകാരമാവണം. വൈചാരിക സംഘർഷവും വൈകാരിക സംഘർഷവും സമിതിയിലെ അംഗങ്ങക്കിടയിലുണ്ടാവാത്ത വിധത്തിൽ ബുദ്ധിയും ഹൃദയവും ഒന്നിച്ചു പ്രവർത്തിക്കണം. എങ്ങനെ നന്നായി ഒന്നിച്ചിരിക്കാൻ കഴിയുമോ അങ്ങനെയിരിക്കണം. ശുഭമസ്തു.

--_----------

ഭാഗ്യസൂക്തം.
ഭാഗ്യസൂക്തത്തിന്റെ ദേവത ഭഗൻ ആണ്. ഐശ്വര്യ യുക്തനായ പരമാത്മാവാണ് ഭഗൻ. ഭജ് - സേവാ യാം എന്ന ധാതുവിൽ നിന്നാണ് ഭഗ ശബ്ദ നിഷ്പത്തി. ഈശ്വരസേവയിൽ നിന്നേ ഐശ്വര്യമുണ്ടാവൂ. ധ്യേയം ശ്രീപതിരൂപമജസ്രം എന്ന് ശങ്കരാചാര്യർ. ധ്യാനിക്കേണ്ടത് ശ്രീ പതിയെയാണ് ശ്രീയെ അല്ല .കാരണം ശ്രീയെ പാലിക്കുകയും പോഷിപ്പിക്കുയും ചെയ്യുന്നത് ശ്രീ പതിയാണ്.
ഭാഗ്യസൂക്തം ഋഗ്വേദത്തിലും യജുർവേദത്തിലും കാണുന്നു. രണ്ടിടത്തും ഏഴ് മന്ത്രങ്ങളടങ്ങിയതാണീ സൂക്തം. പ്രഭാതത്തിലുണർന്നെഴുന്നേറ്റാലുടനെ ഭാഗ്യസൂക്തം ചൊല്ലണം. അതുപോലെ ഉറങ്ങാൻ നേരം ശിവസങ്കല്പ സൂക്തവും.
പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാ മഹേ, പ്രാതർ മിത്രാ വരുണാ പ്രാതരശ്വിനാ , പ്രാതർഭഗം പൂഷണം ബ്രഹ്മണസ്പതിം, പ്രാത: സോമമുതരുദ്രം ഹുവേമ . - 1.
ഋഷി: വസിഷ്ഠ: ദേവതാ - അഗ്ന്യാദയോ ലിങ്ഗോ ക്‌താ: ഛന്ദ: നിച്റ്ദ് ജഗതി.
അർഥം.
പ്രഭാതത്തിൽ ഞങ്ങൾ അഗ്നി ഇന്ദ്രൻ മിത്രാ വരുണന്മാർ അശ്വിനികൾ ഭഗൻ പൂഷാവ് ബ്രഹ്മണസ്പതി സോമൻ രുദ്രൻ എന്നിവരെ വിളിക്കുന്നു.
ഭാഷ്യം.
പ്രാത: അഗ്നിം ഹവാ മഹേ.
ഞങ്ങൾ പ്രഭാതത്തിൽ അഗ്നിയെ വിളിക്കുന്നു. പ്രഭാതം ഉണർവിന്റെ കാലമാണ്. രാത്രിയിൽ ഉറക്കത്തിൽ ശരീരം മനസ്സ് ബുദ്ധി എന്നിവ പ്രായേണ ജഡപ്രായമായിരുന്നു. ജഡതയിൽ നിന്നുമുണർന്ന് കർമ ക്ഷേത്രത്തിൽ മുന്നേ റുന്നതിന് ബാഹ്യവും ആന്തരവുമായ വെളിച്ചവും ഊർജ്ജവും വേണം. അതിന് പ്രകാശവും ചൂടും നല്കി മുന്നിൽ നിന്നു നയിക്കുന്ന അഗ്രണിയായ അഗ്നിയുടെ - ജഗദീശ്വരന്റെ - സഹായം തേടുന്നു. ജീവിതായോധനത്തിൽ മുന്നേറാനുള്ള ഇച്ഛയോടു കൂടി വേണമുണരുവാൻ. ഊർധ്വമുഖനായ അഗ്നിയെ മനസ്സിൽ പ്രതിഷ്ഠിക്കണം.
പ്രാത: ഇന്ദ്രം ഹവാമഹേ.
ഇന്ദ്രൻ ഐശ്വര്യ ശാലിയും വിഘ്ന നിവാരകനുമാണ്. ജീവിത യാത്ര ധനധാന്യസമൃദ്ധമാവണം. സമൃദ്ധിയിലേക്കുള്ള പ്രയാണം വിഘ്ന രഹിതവുമാകണം. ലൗകിക ഐശ്വര്യങ്ങൾ നേടാനുള്ള ഭാവനയോടു കൂടി ഉണരണം.
പ്രാത: മിത്രാ വരുണാ അശ്വിനാ ഹവാമഹേ.
എല്ലാവരിലും സ്നേഹം ചൊരിയുന്ന മിത്ര സ്വരൂപനും എല്ലാവർക്കും വരണീയനായ ആരെയും ദ്വേഷിക്കാത്ത ന്യായ കാരിയായ പരമാത്മാവിനെ ഞങ്ങൾ സ്തുതിക്കുന്നു. ഏവരുടെയും സ്നേഹമേറ്റു വാങ്ങാനും എല്ലാവരെയും സ്നേഹിക്കുവാനും ആരെയും ദ്വേഷിക്കാതിരിക്കാനും ആരുടെയും ദ്വേഷത്തിനു പാത്രമാവാതിരിക്കാനും യോജിച്ച വിധത്തിൽ ഞങ്ങളുടെ മനസ്സ് പാകമാവണം.
അശ്വിനികൾ പ്രാണനും അപാനനുമാണ്. കൊടുക്കാൻ വേണ്ടി എടുക്കുന്നവനാണ്. നാം ഈശ്വരനിൽ നിന്നും സ്വീകരിക്കുന്നതെന്തും നമുക്കായി മാത്രം അനുഭവിക്കാനുള്ളതല്ല. മറ്റുള്ളവർക്ക് നല്കാനും കൂടിയുള്ളതാണ്. ശത ഹസ്തേന സമാഹര സഹസ്ര ഹസ്തന സം കിര. നൂറ് കൈ കൊണ്ടു സമ്പാദിക്കുക. ആയിരം കൈ കൊണ്ട് വിതരണം ചെയ്യുക. അങ്ങനെ ചെയ്യുന്ന പരമാത്മാവാണ് അശ്വിനി. ആ പരമാത്മാവിന്റെ ഭക്തരുടെയും കർത്തവ്യം ദാനം തന്നെയാണ്.
പ്രാത: ഭഗം പൂഷണം ബ്രഹ്മണസ്പതിംഹവാമഹേ.
സൗഭാഗ്യത്തെ നല്കുന്നവനാണ് ഭഗൻ. മാത്രമല്ല സകലരാലും ഭജിക്കാൻ യോഗ്യനുമാണ്. പരമാത്മാവ് ഐശ്വര്യദായകൻ മാത്രമല്ല ഐശ്വര്യത്തെ പോഷിപ്പിക്കുന്ന പൂഷാവും കൂടിയാണ്. ഐശ്വര്യവും അതിന്റെ വർധനവും കൊണ്ടു മാത്രം മനുഷ്യൻ തൃപ്തനാവുന്നില്ല. പ്രേയസ്സു മാത്രം പോരാ ശ്രേയസ്സും കൂടി വേണം. ശ്രേയസ്സ് ജ്ഞാനം കൊണ്ടേ ലഭിക്കൂ. ജ്ഞാനം ജ്ഞാനിയിൽ നിന്നു ലഭിക്കണം. അതിനാൽ സർവജ്ഞനും പൂർവേഷാമപി ഗുരുവുമായ ബ്രഹ്മണസ്പതിയെ - നിരതിശയ സർവജ്ഞനായ പരമാത്മാവിനെ - ആഹ്വാനം ചെയ്യുന്നു. നമുക്ക് ലൗകിക സുഖ ഭോഗങ്ങൾ മാത്രം പോരാ ദുരിത മോചനത്തിനുപയുക്തമായ ജ്ഞാനവും വേണം.
പ്രാത: സോമം ഉത രുദ്രം ഹുവേമ.
മനുഷ്യൻ സാമൂഹ്യ ജീവിയാണ്. അവന് വൈയക്തിക ജീവിതത്തിനപ്പുറം സാമാജിക ജീവിതവും കൂടിയുണ്ട്. സാമൂഹ്യ ജീവിതം നല്ല നിലയിലാവുന്നതിനു് സോമന്റെ സഹായമാവശ്യമാണ്. സോമൻ ആചാര്യനാണ്. സൗമ്യത നേടാതെ സാമാജിക ജീവിതം പുഷ്പിക്കുകയില്ല. സൗമ്യത സദ്ഗുണങ്ങളോട് ചേർക്കുന്നു. സകലരുടെയും പ്രിയ പാത്രമാക്കുന്നു. എന്നാൽ സമാജത്തിന്റെ അഭിവൃദ്ധിക്കായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. അതിനു സൗമ്യത പോരാ രൗദ്രഭാവവും വേണം. സൗമ്യതയോടൊപ്പം ഉചിത മാത്രയിൽ രൗദ്രവും കൂടിച്ചേർന്നാലേ സാംസാരിക ജീവിതം വിജയപ്രദമാവൂ.
തന്നിലില്ലാത്തതും ഈശ്വരനിലുള്ളതുമായ ഗുണങ്ങളെ തന്റെയും സമൂഹത്തിന്റെയും ഉന്നതിക്കായി യാചിക്കുന്നതാണ് പ്രാർഥന. ആ ഗുണങ്ങളെ തന്നിൽ ധാരണം ചെയ്യുന്നതാണ് ഉപാസന. അതിനാൽ നമ്മൾ പ്രഭാതത്തിൽ ഉന്നതി, ജിതേന്ദ്രിയത, സ്നേഹം, നിർദ്വേഷം , പ്രാണന്റെ നിലനില്‌പിനും ശരീരാദികളുടെ പോഷണത്തിനുമാവശ്യമായ ധനധാന്യാദികൾ, ജ്ഞാനം, സൗമ്യത, ഉചിത മാത്രയിൽ രൗദ്രം എന്നിവ നമ്മളിൽ ധാരണം ചെയ്യുന്നു.

ഭാഗ്യസൂക്തം - 2.
പ്രാതർ ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്യോ വിധർത്താ ആധ്രശ്ചിദ്യം മന്യ മാനസ്‌തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാ ഹ. - 2.
ഋഷി: വസിഷ്ഠ:, ദേവതാ ഭഗ:, ഛന്ദ: നിച്റ് ദ് ത്രിഷ്ടുപ്
അർഥം
ജഗത്തിന്റെ രക്ഷകനും ജയശീലനും ശത്രുക്കൾക്ക് ഭയങ്കരനും അദിതിയുടെ പുത്രനുമായ ഭഗനെ ഞങ്ങൾ വിളിക്കുന്നു. ദരിദ്രനും ധനികനും രാജാവും ആ ഭഗത്തെ ഞാൻ ഭക്ഷിക്കുന്നുവെന്നു പറഞ്ഞു.
ഭാഷ്യം.
പ്രാത:- പ്രാ പൂരണേ എന്ന ധാതുവിൽ നിന്നാണ് പ്രാത: ശബ്ദത്തിന്റെ നിഷ്പത്തി. ഉത്തമഭാവനകളെ തന്റെയുള്ളിൽ നിറയ്ക്കാനുള്ള സമയമാണ് പ്രാത: കാലം. ഉഷക്കാലം ബ്രഹ്മാണ്ഡത്തിൽ ശുദ്ധമായ പ്രാണവായുവിന്റെ ഉത്പാദനം നടക്കുന്നു. ഉഷ ജനകമാണ് oxygen. ഈ സമയം പിണ്ഡത്തിൽ - ശരീരത്തിനുള്ളിൽ - ഉത്തമ വിചാരങ്ങൾ നിറയണം . ബാഹ്യലോകത്തിന് oxygen പ്രാണവായു ആകുന്നതു പോലെ മാനവ ലോകത്തിന്റെ പ്രാണവായുവാണ് ഉത്തമ വിചാരങ്ങൾ. പ്രഭാതത്തിൽ ശുദ്ധമായ പ്രാണവായുവിനോടൊപ്പം ശുദ്ധ വിചാരങ്ങും ഉള്ളിൽ നിറയണം.
ജിതം ഭഗം ഹുവേമ.
പുരുഷാർഥമാണ് ധനം. തന്റെ പുരുഷ പ്രയത്നം കൊണ്ട് ജയിച്ച ധനത്തെ വിളിക്കുന്നു. ധർമാർഥ കാമമോക്ഷങ്ങളാണ് പുരുഷാർഥങ്ങൾ. ഇവ നാലും പുരുഷനു വേണ്ടിയുള്ളതാണ്. മാത്രമല്ല പുരുഷൻ നേടിയെടുക്കേണ്ടതുമാണ്. അവയിൽ ധർമമാണ് മറ്റെല്ലാറ്റിനു മടിസ്ഥാനം. അർഥ കാമമോക്ഷങ്ങൾ നേടുന്നതിൽ പാലിക്കേണ്ട മര്യാദയാണ് ധർമം. ധർമം കൊണ്ട് ജയിച്ചതാകണം ധനം എന്ന അർഥ കാമമോക്ഷങ്ങൾ. അർഥകാമങ്ങളുടെ ലക്ഷ്യം ദുരിത മോചനമെന്ന മോക്ഷമാണ്. മോക്ഷത്തിലേക്ക് നയിക്കുന്നതും ധാർമികമായി നേടിയതുമായ ധനമാണ് ജിതം ഭാഗം. പരമ പുരുഷാർഥം നേടാൻ സഹായിക്കാത്ത ധനം മനുഷ്യന്റെ പതനത്തിനു കാരണമാവുന്നു.
ഉഗ്രം വയം അദിതേ: പുത്രം.
ധർമാനുസൃതം നേടിയ ധനം ഉഗ്രമാണ് , ഉദാത്തമാണ്. ആ ധനം നമ്മെ ശ്രമശീലരാക്കുന്നു. സന്തുഷ്ടിയേകുകയും ചെയ്യുന്നു. അങ്ങനെയുള്ള ധനം പുത്രനാണ്. പുത്ര ശബ്ദം തന്നെ അതിന്റെ അർഥ ദ്യോതകമാണ്. പു- പുനാതി . ശുദ്ധീകരിക്കുന്നു എന്നർഥം. ത്ര - ത്രായതേ ത്രാണനം ചെയ്യുന്നു രക്ഷിക്കുന്നുവെന്നർഥം. നമ്മെ ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പുത്രൻ. ധർമാനുസൃതം നേടുന്ന ധനം നമ്മെ ശുദ്ധീകരിക്കയും സംരക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെയല്ലാത്ത ധനം ആവശ്യത്തിനു തകുകയില്ല.
അദിതി അദീനയായ ദേവമാതാവാണ്. അദിതിയുടെ പുത്രൻ നമ്മെയും അദീനരാക്കുന്നു. പരമാത്മാവായ അദിതി തന്റെ മക്കൾക്ക് ആരുടെയും മുൻപിൽ ധനത്തിനായി കെഞ്ചേണ്ട അവസ്ഥയുണ്ടാക്കുകയില്ല. ധർമാനുസൃതം പുരുഷാർഥങ്ങൾ നേടുന്നവർ ഒരിക്കലും ദീനരാവുകയില്ല.
യം ഭഗം ആധ്ര ചിത്മന്യമാന: തുര ചിത് രാജാ ചിത് ഭക്ഷീ ഇതി ആഹ.
ദരിദ്രനും ധനികനും രാജാവും ഈ ധനത്തെ ഞാൻ ദക്ഷിക്കുന്നു എന്നു പറഞ്ഞു. കസ്യ സ്വിദ്ധനം ? ഈ ധനം കയുടേതാണ്. ക നാമ പ്രജാപതി. പ്രജാപതിയുടെ പേരാണ് ക എന്നത്. അതായത് ധനം പ്രജാപതിയുടെതാണ്. പ്രജാപതി പ്രജകളുടെ പാലകനാണ്, സംരക്ഷകനും പോഷകനുമാണ്. അപ്പോൾ ധനം എന്തിനാണ്? അഗ്നേ നയ സുപഥാ രായേ അസ്മാൻ. അല്ലയോ അഗ്നേ ഞങ്ങളെ ധനത്തിനു വേണ്ടി നല്ല വഴിയിലൂടെ നയിച്ചാലും. ഈ വേദ മന്ത്രത്തിൽ ധനമെന്ന അർഥത്തിൽ രയി എന്ന പദമാണുപയോഗിച്ചിരിക്കുന്നത്. എന്താണ് രയി? രാ-ദാനേ എന്ന എന്ന ധാതുവിൽ നിന്നാണ് രയി ശബ്ദ നിഷ്പത്തി. ധനം ദാനം ചെയ്യാനുള്ളതാണ്. ധനത്തെ ഉപഭോഗം ചെയ്യുന്നവർ രാജാവും ധനികരും ദരിദ്രരുമാണ്. ദേയം ദീനജനായ ച വിത്തം. ധനം ദൈന്യതയനുഭവിക്കുന്നവർക്ക് കൊടുക്കാനുള്ളതാണ്. ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാനുള്ളതല്ല. ധനം രാജ്യത്തിന്റെ ഉന്നമനത്തിനാണ്. ദീനർക്കും സമാജത്തിനും രാഷ്ട്രത്തിനും വേണ്ടി ധനം വിനിയോഗിക്കണം. എങ്കിൽ മാത്രമേ സകലർക്കും സുഖമുണ്ടാവൂ. അന്യർക്ക് പ്രഥമസ്ഥാനം നല്കുമ്പോഴേ ഞാൻ ഉത്തമ പുരുഷനാവൂ. (തുടരും )

ഭാഗ്യസൂക്തം - 3.
ഭഗ പ്രണേതർ ഭഗ സത്യരാധ: ഭഗേമാം ധിയമുദവാദദന്ന: ഭഗ പ്ര നോ ജനയ ഗോഭിര ശ്വൈ: ഭഗ പ്ര നൃഭിർ നൃവന്തസ്യാമ. - 3
ഋഷി: വസിഷ്ഠ: ദേവതാ - ഭഗവാൻ. ഛന്ദ: നിച്റ്ദ് തൃ ഷ്ടുപ് .
അർഥം.
ഹേ ഭഗ, നീ നേതാവാണ്. സത്യത്തെ സിദ്ധമാക്കുന്നവനാണ്. ഞങ്ങൾക്ക് സദ്ബുദ്ധിയെനല്കി രക്ഷിച്ചാലും. ഞങ്ങളുടെ ഗോക്കളെയും കുതിരകളെയും വർദ്ധിപ്പിച്ചാലും. ഞങ്ങൾ മനുഷ്യരിൽ മനുഷ്യരുള്ളവരാകട്ടെ.
ഭാഷ്യം.
ഭഗ പ്രണേത:
ധനം പ്രകൃഷ്ട നേതാവാണ്. ജീവിത യാത്രയിൽ സുപഥത്തിലൂടെ നയിക്കുന്നത് ഈശ്വരന്റെ ഐശ്വര്യമാണ്. ഐശ്വര്യ ലബ്ധിക്കു വേണ്ടിയാണ് മനുഷ്യർ ഈശ്വരനെ ഉപാസിക്കുന്നത്. ഐശ്വര്യമില്ലാത്തവനെ ആരും പിൻതുടരുകയില്ല.
സത്യരാധ:
ധനം സത്യത്തെ സിദ്ധമാക്കുന്നു. ഇവിടെ സത്യം ഉത്തമ കർമങ്ങളുടെ പ്രതീകമാണ്. ഉത്തമ കർമങ്ങൾ സിദ്ധമാക്കുന്നതിന് ധനം വേണം. യജ്ഞോ വൈശ്രേഷ്ഠതമം കർമ: യജ്ഞമാണ് ഏറ്റവും ഉത്തമമായ കർമം. ആ കർമമാകട്ടെ ദാനത്തിലധിഷ്ഠിതമാണ്.ധനം കൂടാതെ ദാനം സാധ്യമാവുകയില്ല. പ്രേയസ്സിലൂടെയേ ശ്രേയസ്സു ലഭിക്കുകയുള്ളു. ഭൗതികോന്നതിയും ആന്തരികോന്നതിയും ധർമത്തിന്റെ ഇരുവശങ്ങളാണ്. ധനമൊരിക്കലും ഹേയമല്ല അത് നി: ശ്രേയസ്സിന്നു പാദേയമാണ്.
ഭഗ, ന: ഇമാം ധിയം ദദത് ഉവ.
ദാരിദ്ര്യം സദാ അലട്ടുമ്പോൾ ബുദ്ധി വേണ്ടതിലൊന്നും വ്യാപരിക്കുകയില്ല. ഭൗതികവും ആത്മീയവുമായ വളർച്ച സ്വസ്ഥ ബുദ്ധിയിലേ ഉണ്ടാവൂ. ഐശ്വര്യം ഇല്ലായ്മകളിൽ നിന്നും വിമുക്തി നല്കുന്നു. വ്യാകുലതകളില്ലാത്ത ബുദ്ധി ശുഭകാര്യങ്ങളിൽ വ്യാപരിച്ച് വ്യക്തിക്കും സമൂഹത്തിനും ഗുണപ്രദമാവുന്നു.
ഭഗ, ന: ഗോഭി: അശ്വൈ: പ്രജനയ.
ധനം നാല്ക്കാലികളുടെയും കുതിരകളുടെയും എണ്ണം കൂട്ടുന്നു. പശുക്കളുടെ വർധന കൃഷിയുടെ വളർച്ചയെ കാണിക്കുന്നു. കുതിരകളുടെ വർധനവാണിജ്യത്തിന്റെയും രാഷ്ട്ര രക്ഷയുടെയും സൂചകമാണ്. രാഷ്ട്രം സമ്പത്സമൃദ്ധമാകണം സുശക്തമാകണം.
ഭഗ, പ്രനൃഭി: നൃവന്തസ്യാമ.
ധനം നമ്മെ മനുഷ്യരുടെയിടയിൽ ധാരാളം മനുഷ്യരോടു കൂടിയ രാക്കുന്നു. യാവത് വിത്തോപാ രജന സക്തസ്താവത് നിജപരിവാരോ രക്ത: ധനമുള്ളിടത്തേ പരിവാരങ്ങളുണ്ടാവൂ. പുത്രപൗത്രാദികളും ബന്ധുമിത്രാദികളും വീടുകളിൽ നിറഞ്ഞു കവിയണം. നാം രണ്ട് നമുക്ക് ഒന്ന് പോരാ. ദാരിദ്ര്യത്തിലാരും കാണുകയില്ല. അതിനാൽ ഞങ്ങൾക്ക് ഒരിക്കലും ദാരിദ്ര്യമുണ്ടാവരുത്.
മാത്രമല്ല, അതിഥിപൂജപഞ്ചമഹായജ്ഞത്തിൽ പെട്ടതും മനുഷ്യൻ ആവശ്യം ചെയ്യേണ്ടതുമായ കർത്തവ്യമാണ്. ധനമുണ്ടെങ്കിൽ മാത്രമേ അതിഥി യജ്ഞം ചെയ്യാനാവൂ. വീട് ഉത്തമ മനുഷ്യരുടെ നിവാസസ്ഥാനമാകൂ. ഞങ്ങൾക്ക് ഒഴിഞ്ഞ വീടുകൾ വേണ്ട നിറഞ്ഞ വീടുകൾ വേണം. ധനം നിറഞ്ഞ വീടുകളിൽ നിറയെ മനഷ്യർ വേണം.


ഭാഗ്യസൂക്തം - 4.
ഉതേദാനീം ഭഗവന്ത:സ്യാമ ഉത പ്രപിത്വ ഉത മധ്യേ അഹ്നാം ഉദോദിതാ മഘവൻ സൂര്യസ്യ വയം ദേവാനാം സുമ തൗ സ്യാമ. - 4 .
ഋഷി: വസിഷ്ഠ: ദേവതാ - ഭഗ:, ഛന്ദ: - പങ് ക്തി.

അർഥം.
ഇപ്പോൾ ഞങ്ങൾ ധനവാന്മാരാകട്ടെ. സൂര്യോദയത്തിലും മധ്യാഹ്നത്തിലും അസ്തമയത്തിലും ഞങ്ങൾ ധനവാന്മാരാകട്ടെ. ഞങ്ങൾ ദേവന്മാരുടെ സദ്ബുദ്ധിയിലാകട്ടെ.

ഭാഷ്യം.
ആറ് ഗുണങ്ങൾ ചേർന്നതാണ് ഭഗം. ഐശ്വരസ്യ സമഗ്ര സ്യ വീര്യസ്യ യശസ: ശ്രിയ: ജ്ഞാന വൈരാഗ്യയോശ്ചൈവ ഷണ്ണാം ഭഗ ഇതീരിണാ . സമഗ്രമായ ഐശ്വര്യം, വീര്യം, കീർത്തി, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നിവയാണ് ഭാഗം. ഈ ആറു ഗുണങ്ങളും ചേർന്നവൻ ഭഗവാൻ.
ജീവിതം നാല് ആശ്രമങ്ങളിലൊതുങ്ങുന്നു. അവയിൽ പുലർകാലം പ്രഥമാ ശ്രമമായ ബ്രഹ്മചര്യാശ്രമമാണ്. ബ്രഹ്മചര്യാശ്രമത്തിൽ വീര്യവും സമഗ്ര ഐശ്വര്യവും സമ്പാദിക്കുന്നു. വീര്യ സംരക്ഷണമാണ് ബ്രഹ്മചര്യം. തദ്ഫലമായി സമഗ്ര ഐശ്വര്യത്തിനു നിദാനമായ ബ്രഹ്മവർച്ചസ് ലഭിക്കുന്നു. ഈ ബ്രഹ്മവർമസ് എന്ന തേജസ്സാണ് ഐശ്വര്യം. അറിവു നേടി സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തനാവുന്നു. അതോടെ അവന്റെ ഹൃദയം വിശാലമാവുന്നു. ഈ സ്വാതന്ത്ര്യവും ഹൃദയ വിശാലതയുമാണ് ബ്രഹ്മചാരിയുടെ സമഗ്ര ഐശ്വര്യം. ഈ ഐശ്വര്യ പ്രാപ്തിയാണ് അടുത്ത ആശ്രമമായ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കാനുള്ള യോഗ്യത. ഗൃഹസ്ഥൻ ജീവിതത്തിന്റെ മധ്യാഹ്നത്തിലാണ്. ഗൃഹസ്ഥാശ്രമി കീർത്തിയും ശ്രീയും സമ്പാദിക്കണം. മോക്ഷ മൊഴിച്ചുള്ള പുരുഷാർഥങ്ങളാണ് , ശ്രീ. മനുഷ്യന്റെ സായംകാലമാണ് വാനപ്രസ്ഥവും സന്യാസവും. വാനപ്രസ്ഥത്തിൽ മനുഷ്യൻ അന്തർമുഖനാവുന്നു. തപസ്സിലൂടെയും സ്വാധ്യായത്തിലൂടെയും അവൻ ജ്ഞാനം നേടുന്നു. തപസ്വിയും ജ്ഞാനിയുമായ വാനപ്രസ്ഥി വൈരാഗ്യം സ്വായത്തമാക്കുമ്പോൾ സന്യാസാശ്രമത്തിൽ പ്രവേശിക്കുന്നു. അതോടെ ഭഗമാറും തികഞ്ഞ ഭഗവാനായിത്തീരുന്നു. അന്നുമുതൽ ഭഗവാൻ എന്നർഥമുള്ള സ്വാമി എന്ന സംബോധനക്കർഹനാവുന്നു.
ഈ ഭഗത്തിന്റെ ക്രമിക വികാസമുണ്ടാവുന്നതിന് ദേവതകളുടെ സദ്ബുദ്ധിയിൽ വിളങ്ങണം. ദേവതകളുടെ അനുഗ്രഹമുണ്ടാവണം. സൂര്യോദയത്തിലെ - ബാല്യത്തിലെ - ദേവതകൾ മാതാവും പിതാവുമാണ്. മാതൃ ദേവോ ഭവ പിതൃദേവോ ഭവ. മധ്യാഹ്നത്തിനു തൊട്ടു മുൻപുള്ള കൗമാരത്തിലെ ദേവത ആചാര്യനാണ്. ആചാര്യ ദേവോ ഭവ. ബാല്യ കൗമാരങ്ങളിൽ മാതാപിതാക്കളുടെയും ആചാര്യന്റെയും സദ്ബുദ്ധിയിൽ തിളങ്ങി വിളങ്ങിയാൽ രക്ഷപ്പെട്ടു. ഇവരെ വേണ്ട വിധത്തിലുപാസിക്കുന്നതിലൂടെ ഐശ്വര്യവും വീര്യവും ലഭിക്കുന്നു. മധ്യാഹ്നത്തിൽ - ഗൃഹസ്ഥാശ്രമത്തിൽ - അതിഥി ദേവോ ഭവ. വ്രതമയ ജീവിതം നയിക്കുന്ന വിദ്വജ്ജനങ്ങളാണ് അതിഥികൾ. തിഥി നോക്കാതെ വരുന്നവർ അതിഥികളല്ല. അക്രമികളും കള്ളന്മാരും കച്ചവടക്കാരും തിഥി നോക്കാതെ വരുന്നവരാണ് .ഇവർ അതിഥികളല്ല. ഇവരെയൊക്കെ അതിഥികളായി പരിഗണിച്ചതാണ് ഭാരതത്തിന്റെ അഭിശാപമായിത്തീർന്നത്. ധർമ പ്രചരണം ജീവിതവ്രതമാക്കിയ പരിവ്രാജകർ മാത്രമാണ് അതിഥികൾ. വിദ്വാം സോ ദേവാ. വിദ്വാന്മാരാണ് ദേവതകൾ. ഇവരെ സത്ക്കരിക്കുന്നതിലൂടെ കീർത്തിയും ധർമാർഥ കാമങ്ങളും സിദ്ധമാവുന്നു. സായംകാലം ജീവിതം പൂർണത പ്രാപിക്കുന്ന കാലമാണ്. ജ്ഞാന വൈരാഗ്യങ്ങൾ വർധിച്ച വൃദ്ധാവസ്ഥയിൽ ദേവ ദേവനായ പരമാത്മാവാണ് ഉപാസനക്കർഹനായ ദേവത. ഇങ്ങനെ ഭഗമാറും തികഞ്ഞ ഭഗവാൻ ഭഗവത് പൂജ ചെയ്ത് ഉർവാരുക പഴമെന്ന പോലെ ഞെട്ടറ്റ് മുക്തനാവുന്നു. ശിവം ഭൂത്വാ ശിവം യേത്. ശിവനെ പൂജിക്കാൻ ശിവനാവണം. അതെ ഭഗവാനായ പരമാത്മാവിനെ പൂജിക്കാൻ ഭഗമാറും തികഞ്ഞ ഭഗവാനാകണം.

ഭാഗ്യസൂക്തം - 5.
ഭഗ ഏവ ഭഗവാംങ് അസ്തു ദേവാ: തേന വയം ഭഗവന്തസ്യാമ തം ത്വാ ഭഗ സർവ ഇജ്ജോഹവീതി സ നോ ഭഗ പുര ഏതാ ഭവേഹ . - 5.
ഋഷി: വസിഷ്ഠ: ദേവതാ ഭഗവാൻ ഛന്ദ: നിചൃത് ത്രിഷ്ടുപ്

അർഥം
അല്ലയോ ദേവന്മാരേ, ഭഗവാൻ തന്നെയാണ് ഭഗം. ആ ഭഗവാൻ മൂലം ഞങ്ങൾ ഭഗമുള്ളവരാകട്ടെ. ആ ഐശ്വര്യവാനായ ഭഗവാനെ എല്ലാവരും വിളിക്കുന്നു. ഭഗവൻ അങ്ങ് ഇവിടെ ഞങ്ങളുടെ മാർഗദർശിയാവുക.

ഭാഷ്യം
ഭഗവാനേവ ഭഗ അസ്തു
സമഗ്രമായ ഐശ്വര്യവും വീര്യവും കീർത്തിയും ശ്രീയും ജ്ഞാന വൈരാഗ്യങ്ങളും ഭഗവാൻ തന്നെയാണ്. ത്വമേവ വിദ്യാ ദ്രവിണം ത്വമേവ ത്വമേവ സർവം മമ ദേവദേവ. ഈശ്വരൻ തന്നെയാണ് നമുക്ക് സർവവും. പ്രഭുവിനെ മിത്രമാക്കിയാൽ പ്രഭുവിന്റെ സമ്പത്തും നമുക്ക് മിത്രം തന്നെ. അതുകൊണ്ട് ധ്യേയം ശ്രീപതിം രൂപമജസ്രം. ശ്രീപതിയാണ് ധ്യേയ വസ്തു. പക്ഷേ നാം ഈശ്വര വിഭൂതികളെ - ശ്രീ യെ - ധ്യാനിക്കുന്നു. ശ്രീ പതിയെ വിട്ട് ശ്രീക്ക് നിലനില്പില്ല. ഐശ്വര്യമല്ല ഈശ്വരനാണ് ഉപാസനക്ക് അർഹൻ.
തേന വയം ഭഗവന്തസ്യാമ
ഈശ്വരോപാസനയിലൂടെ ഞങ്ങൾ ഐശ്വര്യമുള്ളവരാകട്ടെ. നമുക്കാവശ്യമുള്ള പദാർഥം എവിടെയാണോ ഉള്ളത് അവിടെ അന്വേഷിക്കണം. എങ്കിലേ അതു ലഭിക്കൂ. ഭഗം ഭഗവാന്റെ ഗുണമാണ്. ഗുണത്തിന് ഗുണിയെ വിട്ട് നിലനില്പില്ല. അതുകൊണ്ട് മധുരം വേണോ ശർക്കരയെ ആശ്രയിച്ചേ മതിയാവൂ. എനിക്കു മധുരം മതി ശർക്കര വേണ്ട എന്നു പറയുന്നതു പോലെ ബാലിശമാണ് ഐശ്വര്യം മതി ഈശ്വരനെ വേണ്ട എന്ന വാദവും.
ഭഗ തം ത്വാ സർവ ഇജ്ജോഹ വീതി.
ഭഗവാനെ സർവാത്മനാ ഉപാസിക്കുന്നവർ സർവതുമായിത്തീരുന്നു. ശരീരം മനസ്സ് ബുദ്ധി എന്നിവ ഈശ്വരോപാസന കൊണ്ട് ഈശ്വരമയമാകണം. ഈശ്വരൻ ശുക്രനാണ്. സ്വയം പരിശുദ്ധനായിരുന്നു കൊണ്ട് മറ്റുള്ളവരെ പരിശുദ്ധരാക്കുന്നവനാണ് ശുക്രൻ. അങ്ങനെയുള്ള ഈശ്വരോപാസനയിലൂടെ ശുദ്ധ ശരീരവും ശുദ്ധ മനസ്സും ശുദ്ധ ബുദ്ധിയും നേടണം. ധനധാന്യാദി ഐശ്വര്യങ്ങൾ മദമത്സരാദി മാലിന്യങ്ങൾ കൊണ്ട് മനുഷ്യനെ അഭിഷേകം ചെയ്യും. ഈശ്വരോപാസന ഈ മാലിന്യങ്ങളെ കഴുകിക്കളയുന്നു. മാലിന്യനിർമുക്തിയാണ് ഉപാസനയുടെ ഫലം. അന്ത:കരണ ശുദ്ധിക്കുതകാത്ത അനുഷ്ഠാനങ്ങൾ ശാരീരിക മാനസിക ബൗദ്ധിക കസർത്തുകൾ മാത്രമാണ്.
ഭഗ സ: ഇഹ ന: പുര ഏതാ ഭവ.
ഉപാസ്യനായ ഭഗവാനേ അവിടുന്ന് ഞങ്ങളുടെ വിനായകനായാലും. വിശേഷ രൂപത്തിൽ നയിക്കുന്നവനാണ് വിനായകൻ. അഗ്നേ നയ സുപഥാരായേ അസ്മാൻ. മുന്നിൽ നിന്ന് നയിക്കുന്നത് ഈശ്വരനാണ്. അനുയായികളുടെ പ്രിയ മനുസരിച്ചല്ല ഹിതമനുസരിച്ചാണ് ഈശ്വരൻ നമ്മെ നയിക്കുന്നത്. ഈശ്വരന്റെ നയിക്കലിന്റെ വിശേഷമാണ് ഹിതം. പ്രിയമെല്ലായ്പോഴും ഹിതമാകണമെന്നില്ല. പ്രമേഹ രോഗിക്ക് മധുരം പ്രിയമാണ്, ഹിതമല്ല. ആത്യന്തിക സൗഖ്യം നല്കുന്നതല്ല

ധനം ജീവിതയാപനത്തിനാവശ്യമാണ്. യജ്ഞാദി ഉത്തമ കർമങ്ങൾക്കും ധനം വേണം. ധനം സാധ്യത്തിലേക്ക് നയിക്കുന്ന സാധനം മാത്രമാണ്. ഭക്ഷണം വാങ്ങാൻ ധനം വേണം. പക്ഷേ ധനം വിശപ്പകറ്റുകയില്ല. ഈ വസ്തുത മറന്ന് ധനം നമുക്ക് സാധ്യ വസ്തുവായി മാറുമ്പോൾ നാം സ്വാർഥതയാലന്ധരായി കർത്തവ്യ കർമങ്ങൾ മറക്കുന്നു. ഏതുവളഞ്ഞ വഴിയിലൂടെയും ധനം സമ്പാദിക്കാൻ വ്യാപൃതരാവുന്നു. ഈ അവസ്ഥയിൽ ധനം നിധനമായി മാറുന്നു. അങ്ങനെ സ്വയം നശിക്കാതിരിക്കാനാണീ പ്രാർഥന. ധനസമ്പാദനത്തിനായി ഞങ്ങളെ സുപഥത്തിലൂടെ നയിച്ചാലും.

ഭാഗ്യസൂക്തം - 6.
സമധ്വരാ യോഷ സോനമന്ത ദധിക്രാവേവ ശുചയേ പദായ അർവാചീനം വസുവിദം ഭഗന്ന: രഥമിവാശ്വാ വാജിന ആവഹന്തു. - 6.
ഋഷി: വസിഷ്ഠ: ദേവതാ ഭഗ: ഛന്ദ: തൃ ഷ്ടുപ് .

അർഥം.
അധ്വര ശബ്ദം ധ്വൃ കൗടില്യേ എന്ന ധാതുവിൽ നിന്നും നിഷ്പന്നമാവുന്നു. അധ്വരമെന്നതിന് കുടിലമല്ലാത്തത് , വളവും പുളവുമില്ലാത്തത് , നേരെ ചൊവ്വേയുള്ളത് എന്നർഥം. അധ്വരം ഋജുവായ സത് പഥമാണ്. പ്രഭാതത്തിൽ കുടില ഭാവം വിട്ടൊഴിഞ്ഞ് ഋജു ബുദ്ധിയായി വിനീതനായി സത് പഥത്തിൽ സഞ്ചരിക്കുക. ഉഷസ്സിൽ എന്നതിന് ശൈശവം മുതൽ എന്നാണർഥം. ചെറുപ്പത്തിൽ തന്നെ വിനയിക്കണം. അതിന് ആശാൻ ബാല്യത്തിലെത്തി അകക്കണ്ണു തുറപ്പിക്കണം. അഹന്തയും മദവുമാണ് കുടിലതക്കുകാരണം. വിദ്യാ ദദാതി വിനയം. വിദ്യകൊണ്ട് ലഭിക്കേണ്ടത് വിനമ്രതയാണ്. അവിനയമപനയ വിഷ്ണോ ദമയ മന:ശമയ വിഷയ മൃഗതൃഷ്ണാം ഭൂതദയാം വിസ്താരയ താരയ സംസാര സാഗരത: ഹേ വിഷ്ണോ എന്റെ അവിനയത്തെ ദൂരെക്കളഞ്ഞാലും. എന്റെമനസ്സിനെ അടക്കിയാലും വിഷയകൃഷ്ണയെ ശമിപ്പിച്ചാലും ഹൃദയത്തിൽ ഭൂത ദയയെ വർദ്ധിപ്പിച്ചാലും. സംസാര സാഗരം തരണം ചെയ്യുവാൻ ആദ്യം വേണ്ടത് വിനയമാണ്.
ദധിക്രാവാ ഇവ ശുചയേ പദായ.
ദധത് ക്രാമതീതി ദധിക്രാവാ - ശക്തിയെ ധാരണം ചെയ്തവനാണ് ദധിക്രാവ്. ശക്തി സംഭരിച്ചതിനു ശേഷം പവിത്ര മാർഗത്തിലൂടെ സഞ്ചരിക്കണം. സുപഥത്തിലൂടെ സഞ്ചരിക്കാനുള്ള യോഗ്യത ശക്തിയാണ്. ശക്തനേ നല്ല വഴിയിലൂടെ സഞ്ചരിക്കാനാവൂ. ഭീരുകളുളുടെ വഴിയാണ് കുപഥം. ഈ ശക്തിയുടെ ഉറവിടം യമനിയമങ്ങളുടെ പാലനമാണ്. അവയിൽത്തന്നെ ബ്രഹ്മചര്യമാണ് ശക്തിയുടെ പ്രഭവ കേന്ദ്രം.വിശക്ര : പാപകൃത്യയാ (അഥർവം 3.31.2) ശക്തൻ പാപത്തിൽ നിന്നും ദൂരെ വർത്തിക്കുന്നു. അതിനാലാണ് നായ മാത്മാ ബലഹീനന ലഭ്യ: ബലമില്ലാത്തവന് ആത്മ ദർശനമുണ്ടാവില്ല എന്ന് ഉപനിഷത് പറയുന്നത്.
വാജിന: അശ്വാരഥമിവ: വസുവിദം ഭാഗം ന: അർ വാചീനേ ആവഹന്തു.
ശക്തിശാലികളായ കുതിരകൾ രഥം ഉദ്ദിഷ്ട സ്ഥാനത്തെത്തിക്കുന്നത് എപ്രകാരമാണോ അപ്രകാരം ഐശ്വര്യത്തെ ഞങ്ങൾക്കഭിമുഖമായി കൊണ്ടുവന്നാലും. ഇവിടെ അശ്വം ഇന്ദ്രിയങ്ങളാണ്. ഇന്ദ്രിയാണി ഹയാന്യാഹു ( കഠം 3.3.) വസു ഇദം ഭഗം - വസു എന്നത് എല്ലാറ്റിലും കുടികൊള്ളുന്ന ഈശ്വരന്റെ പേരാണ്. ആത്മജ്ഞാനമേകുന്ന ഭാഗം - രത്നഗർഭയായ ഈ പ്രപഞ്ചം - ഈശ്വരനെ അറിയാനുള്ള പതാകയാണ്. 'ഉദു ത്യം ജാതവേദസം ദേവം വഹന്തി കേതവ: ഭോഗ്യപദാർഥങ്ങൾ ഭോഗത്തിനു മാത്രമല്ല അപവർഗത്തിനും കൂടിയാണ്. ഭോഗാപവർഗാർഥം ദൃശ്യം. മോക്ഷത്തിലേക്ക് നയിക്കുന്ന ഭോഗം സ്വീകാര്യമാണ്. ഭോഗമാകാം ഭോഗത്തിലംസാന്തം മുങ്ങാൻ പാടില്ലെന്നേയുള്ളു. ഈ ഭഗത്തെ ഞങ്ങൾക്കഭിമുഖമായി ക്കൊണ്ടുവന്നാലും. അപവർഗത്തിന് കാരണമായ ജ്ഞാനം ഇന്ദ്രിയങ്ങളുടെ അന്തർമുഖ വൃത്തിയിലൂടെയേ ലഭിക്കൂ. അന്തർമുഖമാവുന്ന ഇന്ദ്രിയങ്ങൾ അർവാചീനനായ ഈശ്വരനഭിമുഖമായി ഇന്ദ്രിയാർഥങ്ങളെ സമർപ്പിക്കുന്നു. ഈശ്വരനെ അറിയുന്നതിന് ആദ്യം വിനീതനാവണം. അനന്തരം കുടിലതകളെ ഒഴിവാക്കി നല്ല നടത്ത സ്വീകരിക്കണം. പിന്നീട് ശാരീരികവും മാനസികവും ബൗദ്ധികവുമായ ശക്തി സംഭരിക്കണം. ഈശ്വരന്റെ ഐശ്വര്യം എല്ലാം പ്രാപ്യമാക്കുന്നുവെന്നറിഞ്ഞ് അന്തർമുഖനായി അന്തര്യാമിയായ പരമാത്മാവിനെ ധ്യാനിക്കണം. അപ്പോൾ മാത്രമേ ഭഗവാന്റെ സ്വത്ത് ഭക്തനു ലഭിക്കൂ.

ഭാഗ്യസൂക്തം - 7.
അശ്വാവതീർ ഗോമതീർന ഉഷാസ: വീരവതീ: സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത: പ്രപീതാ യൂയം പാത സ്വസ്തിഭി: സദാ ന: - 7.
ഋഷി: വസിഷ്ഠ: ദേവതാ ഉഷാ: ഛന്ദ: നിച്റ്ദ് തൃ ഷ്ടുപ് .

അർഥം.
ഞങ്ങൾക്കുവേണ്ടി ഉഷ:കാലം സർവദാ പ്രകാശിക്കട്ടെ. ആ ഉഷസ് ഞങ്ങളെ അശ്വവതിയും ഗോമതിയും വീരവതിയുമാക്കട്ടെ. ഞങ്ങളിൽ നൈർമല്യം നിറയ്ക്കട്ടെ. സർവാംഗീണമായ ഉന്നതി വർദ്ധിക്കട്ടെ. അവിടുന്ന് എല്ലായ്പ്പോഴും സകലവിധ ക്ഷേമങ്ങളോടും കൂടി ഞങ്ങളെ പാലിച്ചാലും.

ഭാഷ്യം.
അശ്വതീ:-അശ്വ ശബ്ദം അശ്നവത്ര കർമസു എന്ന വ്യുത്‌പത്തി പ്രകാരം കർമേന്ദ്രിയങ്ങളെക്കുറിക്കുന്നു. പ്രഭാതം മുതൽ പ്രദോഷം വരെയുള്ള കാലം കർമം ചെയ്യാനുള്ള കാലമാണ്. കർമം ചെയ്യാനുള്ള ഉപകരണമാണ് കർമേന്ദ്രിയങ്ങളായ വാക് പാണിപാദപായു ഉപസ്ഥങ്ങൾ. ഈ ഉപകരണങ്ങൾ കേടറ്റതും ശുദ്ധവുമായിരുന്നാലേ കർമം നേരെയാവൂ.
ഗോമതീ:- ഗമയന്തി അർഥാൻ എന്ന വ്യുത്പത്തി പ്രകാരം ഗോമതി ശബ്ദം ജ്ഞാനേന്ദ്രിയങ്ങളെക്കുറിക്കുന്നു. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നിവയാണ് ജ്ഞാനേന്ദ്രിയങ്ങൾ. പ്രഭാതവേള സ്വാധ്യായത്തിനുള്ള സമയമാണ്. ബുദ്ധിയുടെ ഭക്ഷണമാണ് സ്വാദ്ധ്യായം. ജ്ഞാനം നേടാനുള്ള ഉപകരണമാണ് ചക്ഷുരാദി ഇന്ദ്രിയങ്ങൾ. അവ തീക്ഷ്ണവും നിർമലവുമായിരുന്നാലേ ജ്ഞാനാർജനം സുസാദ്ധ്യമാവൂ.
മനുഷ്യരിൽ ജ്ഞാനേന്ദ്രിയവും കർമേന്ദ്രിയവും തുല്യമാണ്, അഞ്ചു വീതം. അതായത് ജ്ഞാനവും കർമവും തുല്യ പ്രധാനമാണ്. ഇന്ന് ചില വേദാന്തികൾക്ക് കർമം എന്നത് മോശം കാര്യമാണ്. അവർ സ്വർഗത്തിൽ നിന്നും സ്വർണ നൂലിൽ ഇറങ്ങി വന്ന ജ്ഞാനികളാണ് എന്നാണ് ഭാവം. അലസരായ ഈ കുപണ്ഡിതന്മാർ ലോകത്തിന് ശാപമാണ്. കർമം മോശമാണെങ്കിൽ ഈശ്വരൻ കർമം ചെയ്യാനുള്ള ഉപകരണങ്ങളായ കർമേന്ദ്രിങ്ങൾ എന്തിനു നല്കി ? കർമത്തെ നിഷേധിക്കുന്നവർ എന്തുകൊണ്ട് കർമേന്ദ്രായ വ്യാപാരങ്ങൾ വേണ്ടെന്നു വയ്ക്കുന്നില്ല. കുറഞ്ഞ പക്ഷം കർമേന്ദ്രിയമായ വാഗിന്ദ്രിയ വ്യാപാരമെങ്കിലും ഈ ജ്ഞാന ശിരോമണികൾ വേണ്ടെന്നു വച്ചാൽ അന്തരീക്ഷ മലിനീകരണമെങ്കിലും ഒഴിവാകുമായിരുന്നു. ജ്ഞാനവും കർമവും പരസ്പര വിരുദ്ധമല്ല പരസ്പര പൂരകമാണ്. ശ്രവണ മനനാദി കർമം കൂടാതെ ജ്ഞാനം ലഭിക്കുകയില്ല. അതുപോലെ ജ്ഞാനം കൂടാതെ കർമം നേരെ ചൊവ്വേ ചെയ്യാനുമാവില്ല. ജ്ഞാനം നേടാൻ കർമം ചെയ്യണം. കർമം ചെയ്യാൻ ജ്ഞാനം വേണം. ജ്ഞാനവും കർമവും തമ്മിലുള്ള വിരോധം യോഗികളിലല്ല പ്രത്യുത മനോരോഗികളിലാണ് കണ്ടുവരുന്നത്. ഓരോ പ്രഭാതവും ജ്ഞാനപൂർവക കർമത്തിന്റെ സമാരംഭമാണ്.
വീരവതീ :- പവിത്ര മാർഗത്തിലൂടെ ചരിക്കണമെന്ന് ശുചയേപതായ എന്ന് മുൻ മന്ത്രത്തിലോതി. വീരനാവാൻ ഇവിടെ പറയുന്നു. വീരനാവാൻ വീര്യ സംരക്ഷണം കൂടിയേ കഴിയൂ. ബ്രഹ്മചര്യ പാലനത്തിലൂടെയേ വീര്യ സംരക്ഷണം സാധിക്കൂ. ബ്രഹ്മചാരി വീര്യ സംരക്ഷണം സാധിച്ച്‌ ആചാര്യോപസേവനത്തിലൂടെ ജ്ഞാനം നേടുന്നു. ജ്ഞാന കവാടമാണ് ബ്രഹ്മചര്യം.
ഭദ്രാഘൃതം ദുഹാ നാ:
ഉഷക്കാലം കല്യാണകാരിയും സുഖകാരിയുമാകണം. ഉഷ:കാലം നമ്മുടെ ദോഷങ്ങളെ ദഹിപ്പിച്ചു കളയുന്ന കാലമാണ്. (ഉഷ - ദാ ഹേ ) ദോഷങ്ങളകന്നു കഴിയുമ്പോൾ മനസ്സ് ഘൃതം പോലെ നിർമലമാവുന്നു. മനസ്സിനാരോഗ്യം സിദ്ധമാവുന്നു.
വിശ്വത: പ്രീതാ - നാലു വശത്തു നിന്നും വളർച്ചയുണ്ടാവണം. കേവലം ഭൗതിക വളർച്ചയാ കേവലം ആധ്യാത്മിക വളർച്ചയോ പോരാ. രണ്ടും വേണം. പരിഷ്ക്കാരവും വേണം അതോടൊപ്പം സംസ്ക്കാരവും വേണം. അതുകൊണ്ടാണ് യ തോfഭ്യുദയനി: ശ്രേയസ സിദ്ധി: സ ധർമ : എന്ന് ധർമത്തെ നിർവചിച്ചത്. ലൗകികോന്നതിയും ആധ്യാത്മികോന്നതിയും ലഭിക്കുന്നത് ധർമത്തിൽ നിന്നാണ്. അതായത് ഇവ രണ്ടും ലഭിക്കുന്നതാണ് ധർമം. ജീവിതത്തെ ലൗകികം ആധ്യാത്മികം എന്ന് വേർതിരിച്ചതാണ് അപകടം. ലൗകിക ആധ്യാത്മിക സമന്വയമാണ് ജീവിതം.
യൂയം സദാ ന: സ്വസ്തിഭി: പാത.
മുൻപറഞ്ഞ കാര്യങ്ങൾക്കുസൃതമായ ഉത്തമ സ്ഥിതിയിൽ ഞങ്ങളെ പാലനം ചെയ്താലും. ആ ഉത്തമ സ്ഥിതി ഇവയാണ് - 1 . ഉത്തമ കർമങ്ങളിൽ വ്യാപൃതരാവുക. 2. ഉത്തമ കർമങ്ങൾക്കാധാരമായ ഉത്തമ വിചാരം - ജ്ഞാനം - ഉണ്ടാവുക. 3. ജ്ഞാനത്തിന്റെയും കർമത്തിന്റെയും സംരക്ഷണത്തിനായി ബ്രഹ്മചര്യം പാലിക്കുക. കാരണം ജ്ഞാനാഗ്നിയുടെ ഇന്ധനമാണ് വീര്യം. ഇവയെല്ലാം നിറഞ്ഞാൽ വഴി സുപഥമാവും. സ്ഥിതി സ്വസ്ഥമാവും. മനോബുദ്ധികൾ നിർമലമാവും. ജ്ഞാനം ഉത്തരോത്തരം ദീപ്തമാവും. കർമം യജ്ഞ മയമാവും. സർവതോമുഖമായ വളർച്ചയുണ്ടാവും. സ്വസ്തിയുണ്ടാവും. സ്വസ്തിർ ഭവതുതേ.

ശുഭം.
---_--------------------------------


യജുർവേദം 32-ാം അധ്യായം 13 - 16 നാല് മന്ത്രങ്ങളടങ്ങുന്ന ചെറിയൊരു സൂക്തമാണ് മേധാ സൂക്തം.
ഈ സൂക്തത്തിന്റെ ഋഷി മേധാ കാമനാണ്. മേധയെ ആഗ്രഹിക്കുന്ന വനാണ് മേധാ കാമൻ.

എന്താണ് മേധ ?
ബുദ്ധി എന്നാണ് സാമാന്യ അർഥം. എന്നാലിത് ധീ അല്ല. ധീ നമ്മുടെ കൈവശമുള്ളതാണ്. അതിനാൽ എന്റെ ധീയെ പ്രചോദിപ്പിക്കണേ എന്ന് നാം ഗായത്രി മന്ത്രത്തിലൂടെ പ്രാർഥിക്കുന്നു. മേധ നമ്മുടെ കൈവശമില്ലാത്തതാണ്. അതിനാൽ മേധയെ നല്കാൻ ഈശ്വരനോട് പ്രാർഥിക്കുന്നു. മേധാ ഉപാസ്യമാണ്. ദേവന്മാരും പിതൃക്കളും മേധയെ ഉപാസിക്കുന്നവരാണ്. ആ മേധയെ ലഭിച്ചാൽ മാത്രമേ നമ്മൾ മേധാവികളാവൂ.
നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഒരു തീർഥയാത്രക്കൊരുക്കമെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ മേധാ സൂക്തമെന്ന ഗംഗയിൽ സ്നാനം ചെയ്യാം.


മേധാ സൂക്തം - 1
സദസസ്പതിമദ്ഭുതം പ്രിയ മിന്ദ്രസ്യ കാമ്യം സനിം മേധാമയാസിഷങ് സ്വാഹാ.- 1
ഋഷി: മേധാ കാമ: ദേവതാ ഇന്ദ്ര: ഛന്ദ: ഭൂരി ഗ്ഗായത്രി.
വിലക്ഷണവും പ്രാപ്തവ്യവുമായ വിശ്വത്തിന്റെ പ്രഭുവാണ് ഇന്ദ്രൻ. ആ ഇന്ദ്രൻ ജീവാത്മാവിന്റെ ഉറ്റമിത്രമാണ്. എന്റെ ഉറ്റമിത്രത്തോട് യോഗ്യ ഉപഭോഗ വസ്തുക്കളും ഉത്തമ ബുദ്ധിയും ഞാൻ പ്രാർഥിക്കുന്നു. അതിനായി ആത്മ സമർപ്പണം ചെയ്യുന്നു.
ഭാഷ്യം.
സദസസ് പതിയോടാണ് പ്രാർഥന. സദസ് വീടാണ്. ഈ ജഗത് ഈശ്വരന്റെ വീടാണ്. ഈശാവാസ്യമിദം സർവം.ഈശ്വരൻ ഈ ജഗത്തിലാണ് വസിക്കുന്നത്. വസിക്കുക മാത്രമല്ല വീടിന്റെ പരിപാലനവും നടത്തുന്നു. വിശ്വത്തെ പരിപാലിക്കുന്ന വിശ്വനാഥനാണീശ്വരൻ. ആ ഈശ്വരന്റെ വിശേഷണമാണ് അദ്ഭുതം. അദ്ഭുതമെന്നാൽ അഭൂതപൂർവം. മുൻപ് ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. അതിനാൽ സകലതിനെയും അതിശയിക്കുന്നു. തത്ര നിരതിശയം സർവജ്ഞബീജം. അവിടെ - ഈശ്വരനിൽ - ഒന്നിനാലുമതിക്രമിക്കാത്ത സർവജ്ഞതയുടെ ബീണ്ടും സ്ഥിതി ചെയ്യുന്നു. ആ സർവ്വേശ്വരനോട് ഞാൻ ഉത്തമ ബുദ്ധിയെ പ്രാർഥിക്കുന്നു. സകലതിനെയു മതിശയിക്കുന്ന ഈശ്വരനിൽ നിന്നും ലഭിക്കുന്ന മേധാ നമുക്ക് അഭൂതപൂർവമായ ഉന്നതിയെ നല്കുന്നു.
ഉന്നതി പ്രദാനം ചെയ്യുന്ന മേധ സ്വീകരിക്കുന്നതിനു നാം സ്വയം സജ്ജരാവണം. അതിന് നമ്മിൽ ചില ക്രമീകരണങ്ങളും മാറ്റങ്ങളുമുണ്ടാവണം. ആദ്യമായി എന്നിൽ പ്രേമം മുളച്ച് വളരണം. സ്വപ്രേമം ഗൃഹ പ്രേമം രാഷ്ട്ര പ്രേമം എന്നിവയ്ക്ക് ഉപരി വളർന്ന് വിശ്വപ്രേമിയാവണം. വസുധൈവ കുടുംബകമെന്ന നിലയിലേയ്ക്ക് വളരണം. അതിന് ജിതേന്ദ്രിയനാവണം. ഇന്ദ്രസ്യ യുജ്യ സഖാ . ജിതേന്ദ്രിയന്റെ ഉറ്റ മിത്രമാണ് സദസസ് പതിയായ വിഷ്ണു. ഈശ്വരന്റെ ഊറ്റ സ്നേഹിതൻ കാമ്യത്തെ പ്രാപിക്കുന്നു. കാന്തിയുള്ളതാണ് കാമ്യം. പ്രകാശ യുക്തവും സുന്ദരവുമാണത്. അന്യരിൽ ദ്വേഷമോ ദ്രോഹ ബുദ്ധിയോ ഇല്ലാതെ അപകാരിക്കുമുപകാരിയാവുന്ന സർവോത്കൃഷ്ട പ്രേമം തന്നെ കാമ്യം. ഹൃദയം പ്രേമം കൊണ്ടാർദ്രമായവന് ഈശ്വരൻ മേധയെനല്കുന്നു.
സവിതാവിനോട് നാം പ്രാർഥിക്കുന്നു ധീയെ പ്രചോദിപ്പിച്ചാലും. ചോദനാ ലക്ഷണാർഥോ ധർമ: എന്ന് നൈമിനി ധർമത്തെ നിർവചിക്കുന്നു. ചോദന ധർമത്തിന്റെ ലക്ഷണമാണ്. അതായത് ധീയെ പ്രചോദിപ്പിക്കണമെന്നതിന്റെ അർഥം ധീ യെ ധർമ യുക്തമാക്കണമെന്നാണ്. അഹിംസാ പരമോ ധർമ: ഏറ്റവും ഉത്കൃഷ്ടമായ ധർമം അഹിംസയാണ്. ആ അഹിംസയുടെ ജീവൻ അഹൈ തുക പ്രേമമല്ലാതെ മറ്റൊന്നുമല്ല. അതെ പ്രേമം തന്നെ ധർമം. അതുകൊണ്ട് പ്രേമ യുക്തമായ ധീ എന്ന് പറയുന്നതും ധർമ യുക്തമായ ധീ യെന്നു പറയുന്നതും ഒന്നു തന്നെയാണ്. ഈ മേധ ലഭിക്കുന്നതിന് സ്വാർഥത വെടിയണം. പരാർഥത സ്വീകരിക്കണം.

മേധാ സൂക്തം - 2.
യാം മേധാം ദേവഗണാ: പിതര ശ്ചോപാസതേ. തയാ മാമദ്യ മേധയാഗ്നേ മേധാവിനം കുരുസ്വാഹാ.-2.
ഋഷി: മേധാ കാമ: ദേവതാപരമാത്മാ ഛന്ദ: നിച്റു ദനുഷ്ടുപ് .
അർഥം.
ഹേ ഈശ്വര, വിദ്വാന്മാരുടെ സമൂഹവും പിതൃക്കളും യാതൊരു മേധയെ ഉപാസിക്കുന്നുവോ ആ മേധയെക്കൊണ്ട് ഇപ്പോൾ എന്നെ മേധാവിയാക്കിയാലും. അതിനായി ഞാൻ ആത്മസമർപ്പണം ചെയ്യുന്നു.
ഭാഷ്യം.
ഇവിടെ അഗ്നിയോടാണ് പ്രാർഥന. എന്തുകൊണ്ട് അഗ്നി ? അഗ്രണീ ഭവതീതി. അഗ്രങ്ങളിൽ - തുടക്കത്തിലും ഒടുക്കത്തിലുമുള്ള തുകൊണ്ട്. മാത്രമല്ല മുൻപിൽ നിന്ന് നയിക്കുന്നതു കൊണ്ടും. അഗ്നി പുരോഹിതനാണ്. പിന്നിലുള്ളവരുടെ ഹിതമാണ് നയിക്കലിന്റെ മാനദണ്ഡം. പ്രാചീദി ഗഗ്നിരധിപതി: പ്രാചീ ദിക്കിന്റെ അധിപതി അഗ്നിയാണ്. പ്രാചീദിക്ക് progress ന്റെ ദിശയാണ്. അതു മാത്രമല്ല അഗ്നി എല്ലായ്പ്പോഴും ഊർധ്വമുഖമാണ്. ഉയർച്ചയിലേക്കാണതിന്റെ ദൃഷ്ടി. ഇക്കാരണങ്ങളാൽ അഗ്നിയെ പ്രാർഥിക്കുന്നു. എന്താണ് പ്രാർഥന? എനിക്ക് മേധയെ നല്കണം. ഈ മേധാ (മേ + ധാ) എന്നെ ധാരണം ചെയ്യുന്നതാണ്. എനിക്കാശ്രയമാണ്. സകല ഉന്നതിയും ബുദ്ധിയിൽ നിർഭരമാണ്. ആബുദ്ധി മേധയാണ്. ബുദ്ധിനാശാത് പ്രണശ്യതി. ബുദ്ധി നശിച്ചാൽ സർവനാശം.
ആ മേധ എങ്ങനെയുള്ളതാവണം ? ആ മേധദേവന്മാർ ഉപാസിക്കുന്നതാവണം. അസുരന്മാർ ഉപാസിക്കുന്നതാവരുത്. ആരാണ് ദേവന്മാർ? വിദ്വാം സോ ദേവാ: ജ്ഞാനികളാണ് ദേവന്മാർ. അവർ ദൈവീസമ്പത്തിന്നുടമകളാണ്. അഭയം, സത്വ സംശുദ്ധി, ജ്ഞാനയോഗത്തിലുള്ള നിഷ്ഠ, ദാനം, ദമം, യജ്ഞം, സ്വാധ്യായം, തപസ്, ആർജവം, അഹിംസ, സത്യം, അക്രോധം, ത്യാഗം, ശാന്തി, പിശുക്കില്ലായ്മ, ദയ, ഭൂതങ്ങളിൽ അലോലുപ്തം , മൃദുഭാവം, ലജ്ജാ , ചാപല്യമില്ലായ്മ, തേജസ്, ക്ഷമ, ധൃതി, ശൗചം, അദ്രോഹം, നാതി മാനിത എന്നിവയാണ് ദൈവീസമ്പത്ത് . ഈ സമ്പത്തിന്നുടയവർ ദേവന്മാർ. ദംഭം, ദർപ്പം തുടങ്ങിയ ആസുരീസമ്പത്തിന്നുടയ വർ അസുരന്മാർ. ഞാനാഗ്രഹിക്കുന്ന മേധദേവന്മാർ ഉപാസിക്കുന്നതാണ്. ദേവന്മാരെക്കൂടാതെ ആ മേധയെ പിതൃക്കളും ഉപാസിക്കുന്നതാകണം. പിതൃക്കൾ പാലനവും പോഷണവും ചെയ്യുന്നവരാണ്, സംരക്ഷകരാണ്. എനിക്കു വേണ്ടത് ലോകത്തിനും എനിക്കും വെളിച്ചമേകുന്നതും സംരക്ഷണമേകുന്നതുമായ മേധയാണ്. അതു ലഭിക്കാനായി ഞാനെന്റെ സ്വാർഥതയെ ത്യജിക്കുന്നു. പരമാത്മാവിൽ സർവാത്മനാ സമർപ്പണം ചെയ്യുന്നു.

 (തുടരും )

ദീപാരാധന

 ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച്, ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച്, പുഷ്പമിട്ട്, അതിനകത്ത് കര്‍പ്പൂരമിട്ട്, ബിംബത്തെ ഉഴിയാറുണ്ട്.


എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .


    "ധ്രുവാദ്ധ്യഔഹു..

     ധ്രുവാ പ്രിഥ്വി

      ധൃവാസപര്‍വതാ ഇമേ ..

       ധ്രുവം വിശ്വമിദം ജഗത്

       ധ്രുവോ രാജാ വിശാമയം 

        ധ്രുവം തേ രാജാ വരുണോ 

         ധ്രുവം ദേവോ ബൃഹസ്പതി

         ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച

          രാഷ്ട്രം ധാരയതാം ധ്രുവം."


ഇതിന്‍റെ അര്‍ഥം, ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.


ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.  


10000  വർഷങ്ങൾക്ക്  മുമ്പ് രേഖപ്പെടുത്തപ്പെട്ട   മന്ത്രമാണത്.


(ഹിന്ദുവിനെ ചിലര്‍ മതേതരത്വം പഠിപ്പിക്കുന്നു!)


എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.  എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.


പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.


(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)


    " "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!


" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!


"ധൃവാസപര്‍വതാ ഇമേ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!


  " ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!


"    ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ (മോദിയായാലും പിണറായി ആയാലും കടകംപള്ളി ആയാലും) മംഗളകരമായിരിക്കട്ടെ!


"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ (സമുദ്രം)!


 "ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!


"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!


അവസാനം .................................................................


     "രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!


എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!


എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്


    "മംഗള നീരാഞ്ജനം സമര്‍പ്പയാമീ

    സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ

     ഛത്രചാമാരാദി സമസ്ത

      രാജോപചാരാന്‍ സമര്‍പ്പയാമീ "


എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട്, സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക, ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!


10000  വർഷങ്ങൾക്ക്  മുമ്പ്  രേഖപ്പെടുത്തപ്പെട്ട  ഈ മന്ത്രവും, ഇതുപോലെ  അർത്ഥം വരുന്ന മറ്റ്മന്ത്രങ്ങളും അടങ്ങിയ  വേദങ്ങളെയും, ഉപനിഷത്തുകളെയും  പഠിക്കുന്ന കാര്യത്തിൽ ഹൈന്ദവ ധർമ്മം അനുഷ്ടിക്കേണ്ട പുതു തലമുറ വഴി തെറ്റി  പോകുന്നതിലും, അവരെ വഴി തെറ്റിപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങളിലും  കുണ്ഠിത പെട്ട് നിൽക്കുന്ന  ഭൂരിപക്ഷത്തിന്റെ മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.