*മഹാഭാരതത്തിലെ ഗുണപാഠങ്ങൾ* ❤️
നാം പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും..!
ഭാരത ചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ മൂന്ന് മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ വേദവ്യാസമഹര്‍ഷിയാണ് മഹാഭാരതത്തിന്റെ കര്‍ത്താവ്. മഹാഭാരതത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളായ പാണ്ഡു, ധൃതരാഷ്ട്രര്‍, വിദുരര്‍ എന്നിവര്‍ മഹര്‍ഷിയുടെ പുത്രന്മാരാണ്. പരാശര പുത്രനായ വ്യാസമുനി മൂന്നു വര്‍ഷം തപസ്സ് ചെയ്ത് ആത്മ സിദ്ധിനേടിയതിനു ശേഷമാണ് മഹാഭാരതം രചിച്ചതെന്ന് പറയപ്പെടുന്നു.
മഹാഭാരതത്തിലെ മൂന്ന് കേന്ദ്രബിന്ദുക്കളാണ് വേദവ്യാസന്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഭക്താഗ്രസനായ ഭീഷ്മര്‍. ലോക ധര്‍മ്മോപദേശത്തിന് സുപ്രധാനമായ ഒരു സ്ഥാനമാണ് മഹാഭാരതത്തില്‍ നല്കിയിട്ടുള്ളത്. ഇത് ഒരു ധര്‍മ്മഗ്രന്ഥമാണെന്നതിന് യാതൊരു സംശയവുമില്ല. മഹാഭാരതത്തിലെ കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടേയും കഥയാണ്. വാസ്തവത്തില്‍ മഹാഭാരതം നാം ഓരോരുത്തരുടേയും കഥയാണ്. മാനവന്‍ ഉള്ളിടത്തോളം കാലം ഇതിന്റെ മാഹാത്മ്യത്തിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല.
മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള മത്സരമാണല്ലോ അനേകായിരം കുടുംബച്ഛിദ്രത്തിന് കാരണമായത്. ഇന്നും നമ്മുടെ ഇടയില്‍, നമുക്ക് ചുറ്റും എത്രയോ ശകുനിമാരും ദുര്യോധനന്മാരും ജീവിച്ചിരിപ്പുണ്ട്. മഹാഭാരത യുദ്ധത്തിന് കാരണക്കാര്‍ ഒന്നോ രണ്ടോ പേരല്ല. എല്ലാപേരും അവരവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പാണ്ഡുവിന്റെ മരണശേഷം തന്റെ പുത്രന്മാരായ പാണ്ഡവരുടെ രക്ഷാഭാരം കൂടി ജ്യേഷ്ഠനായ ധൃതരാഷ്ട്രരില്‍ വന്നു ചേരുന്നു. ജന്മനാ അന്ധനായ ധൃതരാഷ്ട്രരുടെ രാജകൊട്ടാരത്തില്‍ പാണ്ഡവരും കൗരവരും ഒരു കുടുംബമായി കഴിഞ്ഞുവരവേയാണ് പാണ്ഡവര്‍ തങ്ങളുടെ യശസ്സിന് വിലങ്ങുതടിയാകുമോ എന്നു സംശയിച്ച് അവരെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൗരവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.
ഇനി മഹാഭാരതത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവരുടെ പ്രവൃത്തികളില്‍ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠങ്ങളും എന്തെന്നു നോക്കാം.
ആദ്യം ഭീഷ്മരുടെ കാര്യം നോക്കാം.
മഹാഭാരതത്തിന്റെ കഥ ഭീഷ്മരെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണല്ലോ നീങ്ങുന്നത്. ഭീഷ്മപിതാമഹനെ മഹാഭാരത വൃക്ഷത്തിന്റെ തായ് വേര് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ശന്തനു മഹാരാജാവിന്റെയും ഗംഗാദേവിയുടേയും പുത്രനാണ് ഭീഷ്മര്‍. തന്റെ പിതാവിന് സത്യവതി എന്ന മുക്കുവസ്ത്രീയിലുണ്ടാകുന്ന പുത്രന്മാര്‍ക്ക് രാജ്യാവകാശം നല്കാന്‍ സ്വമേധയാ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹാപുരുഷനാണ് ഭീഷ്മര്‍. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായികഴിയും എന്നദ്ദേഹം ശപഥം ചെയ്തു. അതിനുശേഷമാണ് ദേവവ്രതന്‍ എന്നപേര് ഭീഷ്മരായിമാറിയത്.
പിതാവിന്റെ ആഗ്രഹനിവൃത്തിക്കു വേണ്ടിയാണല്ലോ അദ്ദേഹത്തിന് ഇത്തരത്തിലൊരു ശപഥം ചെയ്യേണ്ടിവന്നത്. ഫലമോ ജീവിതാവസാനംവരെ പാണ്ഡവരുടെയും, കൗരവരുടേയും നടുവില്‍, നന്മയുടേയും തിന്മയുടെയും നടുവില്‍ കിടന്നു ഞെരുങ്ങുന്നു. അദ്ദേഹത്തിന്റെ എല്ലാ ദുഃഖങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശിയായി നിന്നത് മാതാവായ ഗംഗാദേവിയാണ്.
പാണ്ഡവരോട് കൂറുകാണിച്ചു എന്ന പേരില്‍ പലപ്പോഴും കൗരവര്‍ മുത്തച്ഛനെ കുറ്റപ്പെടുത്തുന്നുമുണ്ട്. മഹാഭാരതയുദ്ധത്തില്‍ ഭീഷ്മര്‍ കൗരവരുടെ പ്രധാന സേനാപതിയായിരുന്നു. ശിഖണ്ഡിയുടെ സഹായത്താല്‍ അര്‍ജ്ജുനന്‍ ഭീഷ്മരെ പരാജയപ്പെടുത്തി ശരശയ്യയില്‍ വീഴ്ത്തുന്നു. ഹസ്തിനപുരവും ആയി അലിഞ്ഞുചേര്‍ന്ന അദ്ദേഹത്തിന്റെ ജീവന്‍, ആ രാജ്യത്തിന് മോചനം കിട്ടിയതിനുശേഷമാണ് മോക്ഷപ്രാപ്തി നേടുന്നത്. ശരശയ്യയില്‍ കിടക്കുന്ന സമയത്ത് പലപ്പോഴും ഗംഗാദേവി വന്നു വിളിക്കുന്നുണ്ട്. എന്നാല്‍ ഹസ്തിനപുരത്തെ ഈ അവസ്ഥയിലാക്കി വരാന്‍ സാധ്യമല്ല എന്നദ്ദേഹം പറയുന്നു. പിതാവിന്റെ നന്മയ്ക്കുവേണ്ടി മുന്‍പില്‍ നോക്കാതെ ചെയ്ത ശപഥമാണല്ലോ ആ പുണ്യാത്മന്റെ ജീവിതം ഇത്രത്തോളം ആക്കിത്തീര്‍ത്തത്. വാസ്തവത്തില്‍ ഭീഷ്മര്‍ തന്റെ ജീവിതം പിതാവിനു വേണ്ടി ഹോമിക്കുകയല്ലേ ചെയ്തത്. ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത്.
നാം ഒരിക്കലും ഒന്നിലും എടുത്തുചാടരുത്. വീണ്ടുവിചാരമില്ലാതെ പ്രവൃത്തിക്കുന്നവര്‍ക്ക് ഫലം ആപത്താണെന്നതില്‍ സംശയമില്ല.
ജന്മനാതന്നെ അന്ധനായ ധൃതരാഷ്ട്രര്‍ ഭക്തനും, ചിന്താശക്തിയുള്ളവനുമാണ്. അദ്ദേഹത്തിന്റെ പത്‌നിയായ ഗാന്ധാരി, തന്റെ ഭര്‍ത്താവ് കാണാത്ത ഒന്നും തനിക്കും കാണേണ്ട എന്ന തീരുമാനത്താല്‍ കണ്ണുമൂടി കെട്ടുകയും ചെയ്തു. ദുരാഗ്രഹികളും, സ്വാര്‍ത്ഥമതികളുമായ നൂറ്റിഒന്നു മക്കളുടെ അമ്മയായി എന്നതായിരിക്കണം അവരുടെ ജീവിതത്തിലെ ഏക ദുഃഖം.
പാണ്ഡവരെ എങ്ങനെയും നശിപ്പിക്കാനുള്ള ചിന്തയില്‍ നടക്കുന്ന ദുര്യോധനാദികളെ പലപ്പോഴും ധൃതരാഷ്ട്രര്‍ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ധൃതരാഷ്ട്രര്‍ ഒരു കണക്കിന് സ്വാര്‍ത്ഥനുമാണ്. പലപ്പോഴും അദ്ദേഹം അനുജന്റെ പുത്രന്മാരെ ഓര്‍ക്കുന്നതുപോലുമില്ല.
തന്റെ മക്കള്‍ക്ക് രാജ്യം കിട്ടണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ മക്കളെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ അയാളുടെ ദുരാഗ്രഹം സമ്മതിക്കുന്നുമില്ല. ഗാന്ധാരി സ്വാര്‍ത്ഥനായ ഭര്‍ത്താവിന്റെയും ധനമോഹികളും ദുര്‍മാര്‍ഗ്ഗികളുമായ മക്കളുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു. എന്നാല്‍ ഗാന്ധാരി കണ്ണുമൂടികെട്ടാതിരുന്നെങ്കില്‍, ഒരുപക്ഷെ മക്കള്‍ ഇത്രയ്ക്കും ദുര്‍മാര്‍ഗ്ഗികളാവുകയില്ലായിരുന്നു. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കി അവരെ നേര്‍വഴിക്ക് നയിക്കാന്‍ അവര്‍ക്കു സാധ്യമാകുമായിരുന്നു.
ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും കാര്യത്തില്‍ നിന്നും ഒരു വീട്ടില്‍ കുടുംബനാഥന്‍ ഏതെങ്കിലും വിധത്തില്‍ ശക്തിഹീനനാണെങ്കില്‍, ഭാര്യ കണ്ണുംമൂടികെട്ടിയിരുന്നാല്‍ മക്കള്‍ താന്തോന്നികളായി നാലുവഴിക്കും പോകുകയേ ഉള്ളൂ എന്നു മനസ്സിലാക്കാം.
മഹാഭാരത യുദ്ധത്തില്‍ ദ്രൗപതിക്കും അവരുടേതായ പങ്കുണ്ട്. ചൂതുകളിച്ച് പരാജിതരായിരുന്ന പാണ്ഡവരുടെ മുന്നില്‍വച്ച് കൗരവര്‍ നടത്തിയ വസ്ത്രാക്ഷേപമാണ് ദ്രൗപതിയുടെ മനസ്സില്‍ കൗരവരോടുള്ള വൈരാഗ്യത്തെ വളര്‍ത്തിയത്. ഇതേ സഭയില്‍ വച്ചാണ് ഭീമന്‍ ദുര്യോധനനെ തുടയ്ക്കടിച്ച് കൊല്ലും എന്ന് ശപഥം ചെയ്യുന്നതും. ബാലന്‍മാരായിരിക്കെ തന്നെ ഭീമനും ദുര്യോധനനും ബദ്ധ ശത്രുക്കളാണ്. ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെട്ട യുധിഷ്ഠിരന് പാഞ്ചാലിയേയും പണയം വയ്‌ക്കേണ്ടിവരുന്നു.
ധര്‍മ്മനിഷ്ഠനായാലും യുധിഷ്ഠരന്‍ ചെയ്ത ഈ പ്രവൃത്തി ധര്‍മ്മത്തിന് നിരക്കാത്തത് അല്ലേ? പാഞ്ചാലി ഭീഷ്മരുടെ മുന്നില്‍ വച്ചുതന്നെ ഈ നീചപ്രവൃത്തിയെ ചോദ്യം ചെയ്യുന്നുമുണ്ട്. നമ്മുടെ ആള്‍ക്കാര്‍ക്കിടയില്‍ ഇന്നും നിലനില്ക്കുന്ന ഒന്നാണല്ലോ ചൂതുകളി. ഈ ചൂതുകളി എല്ലായിപ്പോഴും നാശമേവരുത്തുകയുള്ളൂ. ഈ ചുതുകളിയാണല്ലോ മഹാഭാരത യുദ്ധത്തിന്റെ ആദ്യ വിത്ത് വിതച്ചത്.
മഹാഭാരത യുദ്ധത്തിന് ശകുനി വഹിച്ച പങ്ക് നിസ്സാരമല്ല. തന്റെ സഹോദരിയായ ഗാന്ധാരിയെ ഭീഷ്മരെ ഭയന്നാണ് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവാഹം ചെയ്തു കൊടുത്തത്. അന്നുമുതല്‍ ശകുനിയുടെ മനസ്സില്‍ ഭീഷ്മരോടുള്ള പക നാള്‍കുനാള്‍ വളരുകയായിരുന്നു. എങ്ങിനെയും കൗരവകുലത്തെ നശിപ്പിക്കുക എന്നതായിരുന്നു ശകുനിയുടെ ലക്ഷ്യം. ദുര്യോധനന്റെ ഉപദേഷ്ടാവെന്നുകൂടി ശകുനിയെ വിശേഷിപ്പിക്കാം. പാണ്ഡവരെ അരക്കില്ലത്തില്‍ താമസിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചത്. ചൂതുകളിക്ക് പാണ്ഡവരെ വിളിച്ച് കള്ളചൂതില്‍ പരാജയപ്പെടുത്തിയത്. എല്ലാത്തിനും പിന്നില്‍ പ്രവൃത്തിച്ചത് ശകുനിയുടെ കുടിലബുദ്ധിയായിരുന്നു. തങ്ങളുടേയും നാശം ആണ് അമ്മാവന്‍ ആഗ്രഹിക്കുന്നതെന്ന് പാവം ദുര്യോധനന്‍ അറിഞ്ഞിരുന്നില്ല. എത്ര അടുത്ത ബന്ധുക്കളായാലും നമ്മില്‍ നിന്ന് ഒരു നിശ്ചിത അകലം സൂക്ഷിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ളവരുടെ വാക്കിന് എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നതും ബുദ്ധിപരമല്ല. തെറ്റായാലും ശരിയായാലും നമുക്ക് നമ്മുടേതായ ഒരു അഭിപ്രായം ഏതൊരു കാര്യത്തിനും വേണം.
‘ശത്രുക്കളല്ല ശത്രുക്കളാകുന്നത്
മിത്രഭാവത്തോടരികെ വസിപ്പിന
ശത്രുക്കള്‍ ശത്രുക്കളാകുന്നിതേവരൂം”
ശകുനിയെ സംബന്ധിച്ച് മഹാഭാരതത്തിലെ പ്രസ്തുത വരികള്‍ എത്ര അര്‍ത്ഥവത്താണ്. ശകുനിയുടെ സ്നേഹമാണെന്നേ കൗരവര്‍ കരുതിയുള്ളൂ. കൗരവരെ എങ്ങനെയും നശിപ്പിക്കണം എന്ന ഒരൊറ്റ ചിന്തയെ ശകുനിക്കുണ്ടായിരുന്നുള്ളൂ. വിഷം തേനില്‍ അധികമെന്തിന്, ഒരു തുള്ളിപോരേ?
ജന്മനാതന്നെ തന്റെ കര്‍മ്മങ്ങളെ ഇച്ഛാനുസരണം നടത്തുവാനുളള യാതൊരു അധികാരവും ഇല്ലാതിരുന്ന മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ദാനവീരനായ കര്‍ണ്ണന്‍. വിവാഹത്തിനു മുന്‍പ് കുന്തിക്ക് സൂര്യഭഗവാനിലുണ്ടായ കുഞ്ഞാണ് കര്‍ണ്ണന്‍. അപമാന ഭാരത്താല്‍ കുന്തി കര്‍ണ്ണനെ ഒരു പെട്ടിയിലടച്ച് നദിയില്‍ ഒഴുക്കി. ഒരു തേരാളിയുടെ വളര്‍ത്തു പുത്രനായി കര്‍ണ്ണന്‍ വളര്‍ന്നു വലുതായി. ക്ഷത്രിയരോടൊപ്പം ആയുധാഭ്യാസം പഠിക്കാന്‍പോലും കര്‍ണ്ണു സാധിക്കുന്നില്ല. ഒരു ദിവസം കൗരവരും, പാണ്ഡവരും തമ്മിലുള്ള മത്സരത്തില്‍ കര്‍ണ്ണനും പങ്കെടുക്കാന്‍ പോകുന്നു. അവിടെ വച്ച് തേരാളിയുടെ പുത്രന് ആയുധാഭ്യാസത്തിനെന്തുകാര്യം എന്ന് ചോദിച്ച് അധിക്ഷേപിക്കുന്നു. ആ സമയത്ത് ദുര്യോധനനാണ് കര്‍ണ്ണന്റെ അഭിമാനം രക്ഷിക്കാനുണ്ടായിരുന്നത്.
ദുര്യോധനന്‍ കര്‍ണ്ണനെ ആ സഭയില്‍ വച്ചുതന്നെ അംഗരാജാവിയി വാഴിച്ചു. അന്ന് ആ സഭയില്‍ വച്ചുണ്ടായ കര്‍ണ്ണന്റെ ദുര്യോധനനോടുള്ള കടപ്പാടാണ് കര്‍ണ്ണനെ മരണം വരെ എത്തിച്ചത്. അന്നുമുതല്‍ കര്‍ണ്ണന്റെ ജീവിതം ദുര്യോധനനു വേണ്ടി മാത്രമായിരുന്നു. എന്തിന് സ്വന്തമായിട്ട് ഒരു തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യംപോലും കര്‍ണ്ണനുണ്ടായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ആ ജീവിതത്തിന് എന്താണ് വില? പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം നിശ്ചയിച്ച ശേഷം കുന്തി ഒരു ദിവസം കര്‍ണ്ണനോട് സത്യാവസ്ഥ തുറന്നുപറയുന്നു. പാണ്ഡവരുടെ ജ്യോഷ്ഠനാണെന്നും അതിനാല്‍ യുദ്ധത്തില്‍ അവരോടൊപ്പം പങ്കുചേരണം എന്നു പറയുന്നു.
എന്നാല്‍ കടപ്പാടിനു നടുവില്‍ നില്ക്കുന്ന കര്‍ണ്ണന്‍ നിസ്സഹായനായിരുന്നു. എന്നിട്ടും എങ്ങനെയായാലും അമ്മയ്ക്ക് അഞ്ചുമക്കള്‍ എന്നും ജീവിച്ചിരിക്കും എന്ന് വാക്കും കൊടുത്തു. ഇതിനെല്ലാം കാരണം സ്വന്തം പുത്രനെന്നു പറയാന്‍ സാധിക്കാത്ത ഒരു സ്ത്രീയുടെ ദുരഭിമാനമല്ലേ.
തന്റെ കുറ്റം അല്ലെങ്കില്‍ പോലും മാതാവും സഹോദരങ്ങളും ജീവിച്ചിരിക്കെ ഏകനായി അന്യന്റെ ആജ്ഞാനുസരണം ജീവിക്കകു, ഒടുവില്‍ സഹോദരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുക, അങ്ങനെ ഒരു ദുഃഖ കഥാപാത്രമാണ് കര്‍ണ്ണന്‍. പാണ്ഡവരുടെ വിജയത്തിനു വേണ്ടി ഇന്ദ്രന്‍ ബ്രഹ്മവേഷധാരിയായി വന്ന് കര്‍ണ്ണനോട് കവചകുണ്ഡലങ്ങള്‍ ആവശ്യപ്പെടുന്നു. ദാനവീരനായ കര്‍ണ്ണന്‍ യാതൊരു വിസ്സമ്മതവുമില്ലാതെ, പിതാവിന്റെ വാക്കുകളും ധിക്കരിച്ച് അത് ഇന്ദ്രന് ദാനം നല്‍കുന്നു. കര്‍ണ്ണന്റെ മരണത്തിനു കാരണവും ഇതാണല്ലോ, യുദ്ധസമയത്ത് എല്ലാം അറിയാവുന്ന ഭീഷ്മര്‍പോലും തന്റെ കൊടിക്കീഴില്‍ നിന്ന് കര്‍ണ്ണനെ യുദ്ധം ചെയ്യാന്‍ അനുവദിച്ചില്ല. ഭീഷ്മരുടെ പതനത്തിനു ശേഷമാണല്ലോ കര്‍ണ്ണന്‍ പ്രധാന സേനാപതിയായത്. നാം രാജാവിന്റെ മക്കളായി ജനിച്ചാലും ഒരു പാവപ്പെട്ടവന്റെ മക്കളായി ജനിച്ചാലും നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യമുണ്ട്. നമ്മുടെ ജീവിതം ഒരിക്കലും ആര്‍ക്കും കടപ്പെട്ടത് ആവരുത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ കര്‍ണ്ണന്റെ പിന്‍ബലം കൂടി ഉണ്ടായിരുന്നതുകൊണ്ടല്ലേ ദുര്യോധനന്‍ ഇത്ര അഹങ്കാരിയും ദുര്‍മ്മോഹിയും ആയിത്തീര്‍ന്നത്. യുദ്ധത്തിന്റെ കാരണങ്ങളില്‍ കര്‍ണ്ണനും തന്റെതായ പങ്കുവഹിക്കുന്നുണ്ട്.
ധര്‍മ്മം, ഈശരഭക്തി, ഗുരുഭക്തി, സത്യം, ദയ, നീതിസ്‌നേഹം, ത്യാഗം എന്നീ ഗുണങ്ങളുടെ മൂര്‍ത്തിഭൂതമാണ് യുധിഷ്ഠരന്‍. എന്നാല്‍ ധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടി ഈ യുധിഷ്ഠരന്‍ പോലും യുദ്ധ സമയത്ത് അശ്വത്ഥാമാ മരിച്ചു എന്നു കള്ളം പറഞ്ഞു. വാസ്തവത്തില്‍ അശ്വസ്ഥമായെന്ന ആനയാണല്ലോ മരിച്ചത്. ചൂതുകളിയില്‍ എല്ലാം നഷ്ടമായ യുധിഷ്ഠരന്‍ അവസാനം ഭാര്യയായ പാഞ്ചാലിയെയും പണയം വയ്‌ക്കേണ്ടിവരുന്നു. ഇതും ധര്‍മ്മമാണോ? ധര്‍മ്മം നിലനിര്‍ത്താന്‍വേണ്ടി അധര്‍മ്മം പ്രവര്‍ത്തിക്കുന്നതില്‍ യാതൊരുതെറ്റും ഇല്ലെന്നാണല്ലോ ഭഗവാന്‍ കൃഷ്ണന്റെ പക്ഷം എന്തൊക്കെയായാലും യുദ്ധാവസാനം കൗരവരുടെ നാശത്തോടെ പാണ്ഡവര്‍ ഹസ്തിനപുരം വീണ്ടെടുത്തുവെങ്കിലും യുധിഷ്ഠിരന് തങ്ങള്‍ ചെയ്ത പ്രവൃത്തിയില്‍ കുറ്റബോധം തോന്നുന്നു. തങ്ങളുടെ രാജ്യമോഹം ആണല്ലോ ജ്യേഷ്ഠനായ കര്‍ണ്ണന്റെ മരണത്തിന് കാരണമാക്കിയതെന്ന് യുധിഷ്ഠിരന്‍ ചിന്തിക്കുന്നു. പശ്ചാത്താപവിവശനായ യുധിഷ്ഠരനോട് നാരദമുനി കര്‍ണ്ണനെ കുറിച്ച് പറയുന്നു.
പരശുരാമന്റെ അടുക്കല്‍ ബ്രാഹ്ണനാണെന്ന് പറഞ്ഞ് കര്‍ണ്ണന്‍ വിദ്യ അഭ്യസിച്ചു. ഒരു ദിവസം പരശുരാമന്‍ കര്‍ണ്ണന്റെ മടിയില്‍ തലവച്ച് ഉറങ്ങുകയായിരുന്നു. ആ സമയം ഒരു വണ്ട് കര്‍ണ്ണന്റെ തുടയില്‍ കടിച്ചിരുന്നു. ഗുരുവിന്റെ ഉറക്കത്തിന് വിഘ്നം വരുത്താതിരിക്കാന്‍ വേദനയും സഹിച്ചിരുന്നു. പെട്ടെന്നുണര്‍ന്നു പരശുരാമന്‍ കണ്ട കാഴ്ച അദ്ദേഹത്തിനെ കോപാകുലനാക്കി. ബ്രാഹ്മണനാണെന്ന് കള്ളം പറഞ്ഞ കര്‍ണ്ണനെ അദ്ദേഹം ശപിച്ചു. ആ ശാപത്തിന്റ ഫലമാണ് യുദ്ധത്തിനിടയില്‍ കര്‍ണ്ണന്റെ തേര് ചെളിയില്‍ താണുപോയത്. ഭീമന്റെ പുത്രനായ ഘടോല്‍കചന്‍ യുദ്ധത്തിനിടയില്‍ പ്രത്യക്ഷപ്പെടുന്നത് കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ്.
കാരണം കര്‍ണ്ണന്റെ കയ്യില്‍ അതിശക്തിയുള്ള ഒരു വേലുണ്ട്. അത് നഷ്ടമാക്കാന്‍ വേണ്ടിയായിരുന്നു ഘടോത്കചന്‍ പ്രത്യക്ഷപ്പെടുന്നതുതന്നെ. നാരദമുനി ഇത്രയൊക്കെ പറഞ്ഞിട്ടും യുധിഷ്ഠിരന്റെ ദുഃഖത്തിന് ഒരു കുറവും വന്നില്ല. യുധിഷ്ഠിരന്റെ രാജ്യാഭിഷേകശേഷം കൃഷ്ണനോടൊപ്പം പാണ്ഡവര്‍ ഭീഷ്മരെ കാണാന്‍ എത്തുന്നു. യുധിഷ്ഠരനോടുള്ള ഭീഷ്മരുടെ ഉപദേശം മഹാഭാരതത്തിലെ പ്രധാന ഭാഗമാണ്. അതിനുശേഷം ഭീഷ്മര്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു. ഭീഷ്മോപദേശത്തോടുകൂടി മഹാഭാരതത്തിലെ 15ാംമത്തെ പര്‍വ്വമായ ശാന്തി പര്‍വ്വം ഭംഗിയായി പര്യവസാനിക്കുകയാണ്.
മഹാഭാരതം കഥയില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രധാന കഥാപാത്രം ആണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. യശോദയുടേയും നന്ദഗോപരുടേയും മകനായി പിറന്ന കൃഷ്ണന്റെ ജനനോദ്ദേശ്യം തന്നെ അധര്‍മ്മത്തെ തുടച്ചുനീക്കി ധര്‍മ്മത്തെ സ്ഥാപിക്കുകയും, ദുഷ്ടരെ നിഗ്രഹിച്ച് ശിഷ്ടരെ പരിപാലിക്കുകയും ആണല്ലോ കൗരവരും, പാണ്ഡവരും തമ്മിലുള്ള യുദ്ധത്തില്‍ ധര്‍മ്മവൃക്ഷമാകുന്ന യുധിഷ്ഠരന്‍ ബ്രഹ്മസ്വരൂപനായ ഭഗവാന്‍ ശ്രീകൃഷ്ണനാകുന്ന പേരിന്‍ മേലാണ് നിലനില്ക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് പാണ്ഡവരെ എല്ലാ ആപത്തുകളില്‍നിന്നും രക്ഷിച്ചത്. പാണ്ഡവര്‍ ഈശ്വരവിശ്വാസികളും, ഭക്തന്മാരുമാണ്. കൗരവരുടെ കാര്യത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് എത്രയൊക്കെ ധനവും, സമ്പത്തും, ഐശ്വര്യവും, ഉണ്ടായിരുന്നാലും അഹങ്കാരിയും, എളിമയില്ലാത്തവനും, ആയിരുന്നാല്‍ അവരുടെ ജന്മം പാഴായി പോവുകയേഉള്ളൂ. ആ ജന്മം കൊണ്ട് എന്ത് ഫലം.
ധൃതരാഷ്ട്രര്‍ക്കും, ഗാന്ധാരിക്കും 101 മക്കളും, രാജ്യവും ധനാദികളും ഉണ്ടായിരുന്നിട്ടും ഒരു ദിവസം എങ്കിലും അവര്‍ മനസന്തോഷത്തോടെ കഴിഞ്ഞിട്ടുണ്ടോ? മക്കളെക്കുറിച്ച് അവര്‍ക്ക് ദുഃഖം അല്ലാതെ എന്തെങ്കിലും നേടിയിട്ടുണ്ടോ? യുദ്ധാവസാനം എല്ലാ മക്കളും, ബന്ധുക്കളും നഷ്ടപ്പെട്ടശേഷം അവര്‍ വനവാസത്തിനു പോകുന്നു. മഹാഭാരതത്തില്‍ നിന്നും പഠിക്കേണ്ട അതിപ്രധാനമായ ഒരു തത്ത്വമാണ്.
‘ദൈവമേവ ബലം മന്യേ
പൗരുഷം ഹി നിരര്‍ത്ഥകം’
ദുര്യോധനാദികള്‍ക്ക് ബന്ധുബലവും സൈന്യബലവും ഉണ്ടായിരുന്നു. പ്രധാനമായുണ്ടായിരിക്കേണ്ട ഒരേയൊരു ഗുണത്തിന്റെ കുറവ് വേണ്ടതിലധികം അനുഭവപ്പെട്ടിരുന്നു. അതാണ് ഈശ്വരാനുകൂല്യം. ധര്‍മ്മമെവിടെയാണോ അവിടെ ജയവും, അധര്‍മ്മമുള്ളിടത്ത് പരാജവും ആണെന്നുളള മഹത് തത്ത്വം ഇന്നത്തെ ജനങ്ങള്‍ മനസ്സിലാക്കേണ്ട ഒന്നാണ്..!
ഹരേ കൃഷ്ണ 🙏
---------
#മഹാഭാരതമെന്ന_മഹാസാഗരം
ഗുരുമുഖത്ത് നിന്നും കേട്ട, ക്ലാവ് പിടിക്കാതെ മനസ്സിൽ സൂക്ഷിച്ച ഒരു വാചകം ഓർമ്മവരുന്നു.
"ഒരു ഭാരതീയനായി ശരിക്കും അനുഭവപ്പെടണമെങ്കിൽ അഞ്ചു കാര്യങ്ങൾ പൂർത്തീകരിച്ചിരിക്കണം".
1. ഹിമാലയം കാണണം
2. ഗംഗയിൽ കുളിക്കണം
3. ഭാഗവതം കേൾക്കണം
4. മഹാഭാരതം വായിക്കണം
5. ഭഗവദ്ഗീത പഠിക്കണം
മഹാഭാരതമെന്ന ഇതിഹാസം മനസ്സിരുത്തി വായിക്കുക, പൂർത്തീകരിക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. കഥകളും ഉപകഥകളും അതിൽത്തന്നെ വീണ്ടും കഥകളുമായി ഒരു മഹാസാഗരം പോലെ ആഴമേറിയതും പരന്നതുമായ മഹാഭാരതം ലോകത്തിലെ തന്നെ ഏറ്റവും മഹത്തും ബൃഹത്തുമായ കാവ്യമാണ്. ഒരൊറ്റ ഗ്രന്ഥത്തിൻറെ പാരായണത്തിലൂടെ ബ്രഹ്മാണ്ഡത്തിലെ സമസ്ത വിഷയങ്ങളെക്കുറിച്ചുമുള്ള അറിവ് സമ്പാദിക്കാൻ മഹാഭാരത പാരായണം മാത്രം മതി. മാറിമാറിവരുന്ന കാലഘട്ടം ഓരോന്നിന്റെയും പ്രതിഛായകൾ കണ്ണാടിയിൽ എന്ന പോലെ മഹാഭാരതത്തിലും പ്രതിഫലിക്കുന്നു. അതുകൊണ്ടാണ് വ്യാസമഹർഷി തൻ്റെ രചനയുടെ മാഹാത്മ്യത്തെ ഇങ്ങനെ രേഖപ്പെടുത്തിയത്.
“യദിഹസ്തിത ദന്യത്ര യന്നേ ഹാസ്തിന തത്ക്വചിത്” (ഇതിലുള്ളത് മറ്റുപലതിലും കണ്ടേക്കാം. എന്നാൽ ഇതിലില്ലാത്തതു മറ്റൊരിടത്തും കാണില്ല.)
മഹാഭാരതമെന്ന അതിമഹത്തായ വിപുലവും സമഗ്രവുമായ വിജ്ഞാ നസാഗരത്തെ ചുരുങ്ങിയ വാക്കുകൾ മാത്രമുള്ള ഒരു ലേഖനത്തിന്റെ പരിധിയി ലേക്ക് ആവാഹിക്കുക അസാധ്യമാണ്.
വ്യാസമഹർഷി തന്റെയും തന്റെ പൂർവികരുടെയും പുത്രപൗത്ര പ്രപൗത്രാദികളുടെയും അനന്തിരവരുടെയും ചരിത്രവും ചെയ്തികളും ആണ് മഹാ ഭാരതത്തിൽ പ്രതിപാദിക്കുന്നത്. പുത്രന്മാരില്ലാതെ അകാലത്തിൽ മരണമടഞ്ഞ രാജാവ് വിചിത്രവീര്യന്റെ വിധവകളിൽ വംശപരമ്പര നിലനിറുത്തുവാനായി സ്വന്തം മാതാവിന്റെ നിർദേശാനുസരണം സന്താനോല്പാദനം നടത്തി വ്യാസമഹർഷി. അങ്ങിനെ ജനിച്ച തന്റെ പുത്രന്മാരായ ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും മക്കൾ തമ്മിൽ രാജ്യത്തിനും അധികാരത്തിനും വേണ്ടി തങ്ങളെത്തന്നെയും മക്കളെയും ബന്ധുജനങ്ങളെയും ഗുരുക്കന്മാരെയും സുഹൃത്തുക്കളെയും ഒന്നടങ്കം കുരുതി കൊടുത്ത ഒരു മഹായുദ്ധം നടന്നു. കുരുക്ഷേത്ര യുദ്ധം. അന്നുമുതൽ ഇന്നുവരെ ഓരോരോ രാജ്യത്തും ദേശത്തും വീടുകളിലും മനുഷ്യമനസ്സുകളിലും യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഭൂമിക്കും സ്വത്തിനും അധികാരത്തിനും വേണ്ടി. സമഗ്രവിഷയങ്ങളും കോർത്തിണക്കിയ മഹാഭാരതമെന്ന മഹാ ഹാരത്തിലെ പതക്കമാണ് കുരുക്ഷേത്ര യുദ്ധം. അതിലേക്കു ഒരു എത്തിനോട്ടം മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഇന്നത്തെ ഹരിയാന സംസ്ഥാനത്തിലെ കുരുക്ഷേത്ര എന്ന പുണ്യ ഭൂമിയാണ് മഹാഭാരതയുദ്ധത്തിനായി നിശ്ചയിക്കപ്പെട്ടത്. ഇപ്പോഴും ആ സ്ഥലം അതെ പേരിലാണ് അറിയപ്പെടുന്നത്. ആയിരക്കണക്കിന് തീർത്ഥാടകർ ഓരോ ദിവസവും ഇന്നും കുരുക്ഷേത്രയിൽ എത്തി ചേരാറുണ്ട്. സൂര്യഗ്രഹണ ദിവസങ്ങളിൽ ഗ്രഹണാനന്തര സ്നാനത്തിന്നായി അഞ്ചു ലക്ഷത്തിലേറെ ജനങ്ങൾ അവിടെ എത്തിച്ചേർന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടത്രെ.
ചന്ദ്രവംശത്തിലെ ഹസ്തിനപുരി രാജാവ് ധൃതരാഷ്ട്രർ അന്ധനായതിനാൽ അദ്ദേഹത്തിന്റെ അനുജൻ പാണ്ഡുവാണ് ഭരണം നിർവഹിച്ചിരുന്നത്. പാണ്ഡുവിൻറെ ദേഹവിയോഗത്തിനു ശേഷം ധൃതരാഷ്ട്രപുത്രരായ നൂറ്റൊന്നു പേരടങ്ങുന്ന കൗരവരും അഞ്ചുപേരടങ്ങുന്ന പാണ്ഡവർ എന്നറിയപ്പെടുന്ന പാണ്ഡുപുത്രന്മാരും രാജ്യാധികാരത്തിനുവേണ്ടി തർക്കമായി. രാജനീതിയനുസരിച്ച് എല്ലാറ്റിലും മൂത്തവനായ യുധിഷ്ഠിരനാണ് യുവരാജാവാകാനുള്ള അവകാശമെങ്കിലും ധൃതരാഷ്ട്രപുത്രർ അംഗീകരിച്ചു കൊടുക്കുവാൻ തയ്യാറായില്ല. നികൃഷ്ടവും കുൽസിതവുമായ മാർഗ്ഗത്തിലൂടെ രാജ്യാവകാശം നേടിയെടുക്കാനുള്ള അവരുടെ ശ്രമം കലാശിച്ചത് വൻ ദുരന്തത്തിലാണ്.
കാർത്തിക മാസത്തിൽ (മലയാളത്തിലെ വൃശ്‌ചിക മാസം) വെളുത്ത ത്രയോദശി നാളിലാണ് പതിനെട്ടു ദിവസം നീണ്ടു നിന്ന മഹായുദ്ധം ആരംഭിച്ചത്. ഏഴു അക്ഷൗഹിണികളിലായി ഒരു ലക്ഷത്തിമൂവായിരത്തിതൊണ്ണൂറ് ആനകളും അത്ര തന്നെ രഥങ്ങളും നാല് ലക്ഷത്തി അമ്പത്തിഒന്നായിരത്തി ഇരുനൂറ്റി എഴുപത് കുതിരകളും ഏഴു ലക്ഷത്തി അറുപത്തിഅഞ്ചായിരത്തി നാനൂറ്റമ്പത് കാലാളും പാണ്ഡവപക്ഷത്ത് നിലയുറപ്പിച്ചപ്പോൾ എതിരാളികളായ കൗരവപക്ഷത്ത് പതിനൊന്ന് അക്ഷൗഹിണികളിലായി രണ്ട് ലക്ഷത്തി നാൽപ്പത്തിനായിരത്തി അഞ്ഞൂറ്റിഎഴുപത് ആനകളും അത്ര തന്നെ രഥങ്ങളും ഏഴു ലക്ഷത്തി ഇരുപത്തൊന്നായിരത്തി എഴുനൂറ്റിപ്പത്ത് കുതിരകളും പന്ത്രണ്ട് ലക്ഷത്തിരണ്ടായിരത്തി എണൂറ്റമ്പത് കാലാളും ആണ് നിലയുറപ്പിച്ചത്. എന്നാൽ യുദ്ധം കഴിഞ്ഞപ്പോൾ ജീവനോടെ ബാക്കിയായത് പാണ്ഡവപക്ഷത്ത് പ്രധാനമായും അഞ്ചു പാണ്ഡവരും കൃഷ്ണൻ, സാത്യകി, യുയുൽസു എന്നിവരടക്കം എട്ട് പേരും കൗരവപക്ഷത്ത് അശ്വത്ഥാമാവ്, കൃപാചാര്യർ, കൃതവർമാവ്, വൃഷകേതു എന്നീ നാല് പേരും മാത്രമായിരുന്നു.
അഞ്ചു തലമുറകളിൽപെട്ടവർ മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തതായി കാണുന്നു. വാൽഹികം എന്ന രാജ്യത്തിലെ രാജാവും ശന്തനുമഹാരാജാവിന്റെ അനുജനും ഭീഷ്മാചാര്യരുടെ ഇളയച്ഛനുമായ ബാൽഹികൻ ആയിരുന്നു അതിൽ ഏറ്റവും പ്രായം കൂടിയ യോദ്ധാവ്.
യുദ്ധത്തിൽ വീരചരമം പ്രാപിച്ച അർജുനപുത്രൻ അഭിമന്യുവിൻറെ വിധവ ഉത്തരയുടെ ഗർഭത്തിലുള്ള കുഞ്ഞിന് നേർക്ക് പോലും ബ്രാഹ്മണനായ അശ്വത്ഥാമാവ് ബ്രഹ്മാസ്ത്ര പ്രയോഗം നടത്തിയിരുന്നു. ഭഗവാൻ കൃഷ്ണൻ തൻറെ പ്രഭാവത്താൽ അസ്ത്രലക്ഷ്യം തടഞ്ഞത് കൊണ്ട് മാത്രമാണ് ആ കുഞ്ഞ് ചാപിള്ളയാവാതെ ജനിക്കാനിടയായത്. ആ കുഞ്ഞാണ് പിന്നീട് രാജ്യാവകാശിയായി മാറിയ പരീക്ഷിത്ത്.
യുദ്ധത്തിൽ വിരാടം, പാഞ്ചാലം, കാശി, മാൽസ്യം, ചേദി, പാണ്ഡ്യം, മഗധം എന്നീ രാജ്യങ്ങൾ പാണ്ഡവപക്ഷത്തും ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹി ഷ്മതി, ഗാന്ധാരം, മാദ്രം, കാംബോജം, പ്രാഗ്ജ്യോതിഷ, വാൽഹികം എന്നീ രാജ്യങ്ങൾ കൗരവപക്ഷത്തും നിലയുറപ്പിച്ചപ്പോൾ കേകയം, മധുര, ദ്വാരക, വിദർഭ എന്നീ രാജ്യങ്ങൾ അവരുടെ സേനയെ രണ്ടുപേർക്കുമായി വീതിച്ചുകൊടുത്തു.
പതിനെട്ട് ദിവസം നീണ്ടുനിന്ന മഹാഭാരത യുദ്ധത്തിൽ പ്രധാനവീരന്മാരുടെ പതനം എപ്രകാരമായിരുന്നു ?
#യുദ്ധത്തിൻറെ_നാൾവഴി
ഒന്നാം നാൾ:
🌹🌹🌹🌹
പാഞ്ചാലരാജാവായ ദ്രുപദൻറെ പുത്രനും പാഞ്ചാലിയുടെ സഹോദരനുമായ ധൃഷ്ടദ്യുമ്നൻ പാണ്ഡവസേനയുടെയും ഭീഷ്മാചാര്യർ കൗരവസേനയുടെയും സർവ്വസൈന്യാധിപന്മാരായി അവരോധിക്കപ്പെടുന്നു.
വിരാടപുത്രന്മാരും അഭിമന്യുവിൻറെ മാതുലരുമായ ഉത്തരനും ശ്വേതനും ആദ്യ ദിവസം തന്നെ വധിക്കപ്പെട്ടു. നകുലസഹോദരന്മാരുടെ മാതുലനും മാദ്രരാജ്യത്തിലെ രാജാവുമായി ശല്യരാലാണ് ഉത്തരൻ വധിക്കപ്പെട്ടത്. ശ്വേതൻ വധിക്കപ്പെട്ടത് ഭീഷ്മരാലും.
രണ്ടാം നാൾ:
🌹🌹🌹🌹🌹
കൗരവസേനക്ക് വേണ്ടി യുദ്ധം ചെയ്യാനെത്തിയ കലിംഗരാജാവും മക്കളും മുഴുവൻ സേനയും ഭീമന്റെ പരാക്രമത്താൽ നശിക്കപ്പെട്ടു.
മൂന്നാം നാൾ:
🌹🌹🌹🌹🌹
പാണ്ഡവസേനയോട് ഏറ്റുമുട്ടാനെത്തിയ ഗാന്ധാരസേനയെ അഭിമന്യുവും സാത്യകിയും കൂടി പൂർണമായും ഇല്ലാതാക്കി.
നാലാം നാൾ:
🌹🌹🌹🌹🌹
ധൃതരാഷ്ട്രരുടെ പതിമൂന്ന് മക്കൾ ഭീമസേനന്റെ കരബലത്തിൽ ഒടുങ്ങി. മാദ്രരാജാവായ ശല്യരുടെ അനുജന്മാരെയും സ്യാലനെയും സർവ്വസൈ ന്യാധിപനായ ധൃഷ്ടദ്യുമ്നൻ കാലപുരിക്ക് അയച്ചു.
അഞ്ചാം നാൾ:
🌹🌹🌹🌹🌹
പാണ്ഡവപക്ഷത്തിനു വേണ്ടി പോരാടിയ വീരനായ സാത്യകിയുടെ പത്ത് പുത്രന്മാരെ ഭീഷ്മരുടെ ഇളയച്ഛൻ ബാൽഹികന്റെ പൗത്രൻ ഭൂരിശ്രവസ്സ് വധിച്ചു.
ആറാം നാൾ:
🌹🌹🌹🌹🌹
ഇരുവശത്തും പടയിൽ നാശങ്ങൾ ഉണ്ടായെങ്കിലും നേതൃനിരയിലുള്ള വീരന്മാരിൽ പ്രധാന നാശങ്ങളൊന്നും സംഭവിച്ചില്ല.
ഏഴാം നാൾ:
🌹🌹🌹🌹
വിരാടരാജാവിൻറെ പുത്രനായ ശംഖൻ ദ്രോണരോട് പൊരുതി വീരചരമം പ്രാപിച്ചു.
എട്ടാം നാൾ:
🌹🌹🌹🌹🌹
ശകുനിപുത്രനായ ഉലൂകനെ, അർജുനന് ഉലൂപിയിൽ ജനിച്ച പുത്രൻ, ഇരാവൻ വധിച്ചു. ശകുനിയുടെ അനുജന്മാരും ഇരാവനാൽ തന്നെ വധിക്കപ്പെട്ടു. ധൃതരാഷ്ട്രരുടെ എട്ടു പുത്രന്മാരെ ഭീമസേനൻ വധിച്ചു.
ഒൻപതാം നാൾ:
🌹🌹🌹🌹🌹🌹
അന്ന് മേൽനിരയിൽ കാര്യമായ പതനങ്ങളൊന്നും ഉണ്ടായില്ല. സേനയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി.
പത്താം നാൾ:
🌹🌹🌹🌹🌹
സംഭവബഹുലമായൊരു ദിനം. ശിഖണ്ഡിയെ മുൻനിർത്ത അർജുനൻ ഭീഷ്മരെ വീഴ്ത്തി. സ്വച്ഛന്ദമൃത്യുവായ ഭീഷ്മർ മരണത്തിനു വഴങ്ങാതെ, തന്നെ വീഴ്ത്തിയ ശരകൂടങ്ങളെ തന്നെ ശയ്യയാക്കി കൊണ്ട് ഉത്തരായനം വരെ പോർക്കളത്തിൽ കിടക്കുവാൻ തീരുമാനിച്ചു. ഭീഷ്മപിതാമഹൻറെ ആഗ്രഹാനുസരണം തൂങ്ങികിടന്ന അദ്ദേഹത്തിൻ്റെ ശിരസ്സ് അസ്ത്രങ്ങൾ കൊണ്ട് അർജുനൻ നേരെയാക്കി നിർത്തി. മറ്റൊരു അസ്ത്രം കൊണ്ട് ഭീഷ്മർക്ക് ദാഹജലം വരുത്തിക്കൊടുക്കുകയും ചെയ്യ്തു. സർവ്വസൈന്യാധിപന്റെ പതനം കൗരവപക്ഷത്തെ ശോകമൂകമാക്കി. പാണ്ഡവർക്കും തങ്ങളുടെ വാത്സല്യനിധിയായ പിതാമഹന്റെ പതനം അങ്ങേഅറ്റം ദുഃഖകരമായിരുന്നു.
പതിനൊന്നാം നാൾ:
🌹🌹🌹🌹🌹🌹🌹
ബ്രാഹ്മണനായ ദ്രോണാചാര്യരെ കൗരവപ്പടയുടെ പുതിയ സർവ്വസൈന്യാധിപനായി ദുര്യോധനൻ വാഴിച്ചു. ഭീഷ്മാചാര്യരെ സേനാപതിയാ ക്കിയതിൽ പ്രതിഷേധച്ച് കഴിഞ്ഞ പത്ത് ദിവസവും പടക്കളത്തിലിറങ്ങാതിരുന്ന വില്ലാളിവീരൻ കർണ്ണൻ അന്ന് ആദ്യമായി പടക്കിറങ്ങി. ധർമ്മപുത്രരെ ജീവനോടെ പിടിച്ച് കൊടുക്കാമെന്ന് ദ്രോണാചാര്യർ ദുര്യോധനന് വാക്ക് നൽകി.
പന്ത്രണ്ടാം നാൾ:
🌹🌹🌹🌹🌹🌹
മുൻപ് ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടിരുന്ന നരകാസുരൻറെ പുത്ര നായ ഭഗദത്തനെ അർജുനൻ വധിച്ചു. ഭഗദത്തപുത്രൻ നകുലനാൽ കൊല്ലപ്പെട്ടു. അന്ന് തന്നെ കർണ്ണപുത്രൻ നകുലനാലും വധിക്കപ്പെട്ടു. ഓരോരോ ദിവസങ്ങളിലും സേനകളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു കൊണ്ടേയിരുന്നു.
പതിമൂന്നാം നാൾ:
🌹🌹🌹🌹🌹🌹
ഏറേ സംഭവബഹുലമായിരുന്നു അന്നത്തെ യുദ്ധം. അതി ഭീകരമായ യുദ്ധത്തിന് അന്ന് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചു. ഒട്ടേറെ വീരശൂര പരാക്രമികൾ യമപുരിക്കയക്കപ്പെട്ടു. ദുര്യോധനപുത്രൻ ലക്ഷ്മണൻ ശല്യരുടെ മകൻ രുക്മാധരൻ പിന്നെ ദീർഘലോചനൻ, കുന്ദവേദി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങിയ വീരന്മാരും ശല്യരുടെ ഇളയ സഹോദരൻ, അംശകന്റെ പുത്രൻ എന്നിവരും വെറും പതിനാറ് വയസ്സ് മാത്രം പ്രായമുള്ള അഭിമന്യുവിനാൽ കാല പുരിക്കയക്കപെട്ടു. ആർക്കും ഭേദിക്കാനാവാത്ത നിലയിൽ ദ്രോണർ തീർത്ത വ്യൂഹം ഭേദിച്ച് കടന്ന അഭിമന്യു പരാക്രമത്തിൽ അർജുനനെയും നിഷ്പ്രഭമാക്കി. ഭയചകിതരായ കൗരവമുഖ്യർ ചതിയിലൂടെ അഭിമന്യുവിന് കെണിയൊരുക്കുവാൻ തീരുമാനിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. കർണ്ണൻ, ദ്രോണർ മുതലായവരുടെ സഹായത്തോടെ കൗരവസഹോദരി ദുശ്ശളയുടെ ഭർത്താവ് ജയദ്രഥൻ അഭിമന്യുവിന്റെ ശിരസ്സ് തകർത്ത് നിഗ്രഹിച്ചു. പാണ്ഡവപക്ഷത്തിനേറ്റ ആ ദുരന്തത്തിൽ അർജുനൻ ദുഃഖിതനും ക്ഷുഭിതനുമായി . അടുത്തദിവസം സൂര്യാസ്തമയത്തിനു മുൻപായി ജയദ്രഥനെ താൻ വധിക്കുമെന്നും അതിന് സാധിച്ചില്ലെങ്കിൽ അഗ്നിയിൽ സ്വയം ആഹുതിചെയ്തു മരിക്കുമെന്നും ഉഗ്രശപഥം ചെയ്തു.
പതിനാലാം നാൾ:
🌹🌹🌹🌹🌹🌹
ബീഭത്സമായിരുന്നു അന്നത്തെ യുദ്ധം. അന്നാണ് ആദ്യമായി രാത്രിയിലും യുദ്ധം നടന്നത്. ബാൽഹികന്റെ പുത്രൻ സോമദത്തൻ, പൗത്രൻ ഭൂരിശ്രവസ്സ്, പ്രപൗത്രന്മാർ എന്നിവരെല്ലാം സാത്യകിയുടെ അസ്ത്രങ്ങൾക്ക് ഇരയായിത്തീർന്നു. യുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ യോദ്ധാവും ഭീഷ്മരുടെ ഇളയച്ഛനുമായ ബാൽഹികനേ ഭീമസേനൻ വധിച്ചു. വനവാസകാലത്ത് ഭീമന് ഹിഡുംബി എന്ന രാക്ഷസ സ്ത്രീയിൽ ജനിച്ച ഘടോൽകചൻ യുദ്ധത്തിൽ കൊടുംകാറ്റ് പോലെ പോയവഴിയെല്ലാം തകർത്ത് തരിപ്പണമാക്കി.
മുഴുവൻ നേതൃനിരയും അഭിമന്യൂവിന്റെ ഹന്താവായ ജയദ്രഥനെ അർജ്ജുനനിൽ നിന്ന് രക്ഷിക്കുവാനായി വ്യൂഹം ചമച്ച് പൊരുതി. കൗരവപ്പടയിൽ കനത്ത നാശനഷ്ടം ഉണ്ടാക്കിയെങ്കിലും ജയദ്രഥന് സമീപമെത്താൻ അർജുനനായില്ല. സൂര്യനസ്തമിക്കുവാൻ നാഴികകൾ മാത്രം ബാക്കി നിൽക്കേ പാർത്ഥസാരഥിയായ കൃഷ്ണൻ തന്റെ മായാ പ്രഭാവത്താൽ സൂര്യബിംബത്തെ മറച്ചു. സൂര്യനസ്തമിച്ചു എന്ന് കരുതിയ കൗരവർ ജയദ്രഥനെ മുൻനിരയിൽ കൊണ്ടുവന്നു. ഈ സമയം, കൃഷ്ണന്റെ നിർദ്ദേശപ്രാകാരം ജയദ്രഥന്റെ ശിരസ്സ് അർജുനൻ ഒരു ബാണം കൊണ്ട് ഛേദിച്ചു. ജയദ്രഥ ശിരസ്സ് ശരമുനകളിൽ കൊളുത്തിക്കൊണ്ട് സ്യമന്തപഞ്ചകത്തിന്റെ മറുകരയിൽ സന്ധ്യാവന്ദനം നടത്തുകയായിരുന്ന ജയദ്രഥപിതാവ് വൃദ്ധക്ഷത്രന്റെ മടിയിൽ നിക്ഷേപിച്ചു. മകന്റെ ശിരസ്സ് ആര് ഭൂമിയിൽ വീഴ്ത്തുന്നുവോ അയാളുടെ തല പൊട്ടിച്ചിതറിപ്പോകണമെന്നുള്ള വരം പരമശിവനിൽ നിന്ന് സമ്പാദിച്ച വൃദ്ധക്ഷത്രൻ തന്നെ എന്താണ് തന്റെ മടിയിൽ വന്നു വീണതെന്നറിയാതെ, വെപ്രാളത്തിൽ പുത്ര ശിരസ്സ് ഭൂമിയിലേക്കിടുകയും സ്വയം ശിരസ്സ് ഛിന്നഭിന്നമായി മൃതനാവുകയും ചെയ്തു. കൃഷ്ണൻ മായാവലയം നീക്കുകയും സൂര്യബിംബം പശ്ചിമാംബരത്തിൽ തെളിയുകയും ചെയ്തു.
വളരെയധികം നാശനഷ്ടങ്ങളുണ്ടായ ഒരു ദിനമായിരുന്നു അന്ന്. ഹിരണ്വതിയുടെ തീരത്ത് ഒരുക്കിയിരുന്ന ശ്മശാനഭൂമി ശവങ്ങൾ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ചെന്നായ്ക്കളും കുറുനരികളും ചുടുചോര നുണഞ്ഞു നടന്നു. കഴുകന്മാർ ശ്മാശാനഭൂമിയാകെ വട്ടമിട്ട് പറന്നു. കൂടാരങ്ങൾ അമ്മമാരുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും മക്കളുടെയും നിറുത്താത്ത നിലവിളി കൊണ്ട് മുഖരിതമായി.
സൂര്യനസ്തമിച്ചിട്ടും അന്ന് യുദ്ധം മതിയാക്കിയില്ല. പതിവിന് വിപരീ തമായി രാത്രിയിലും യുദ്ധം തുടർന്നു. എരിയുന്ന പന്തങ്ങളുടെ പ്രകാശത്തിൽ പടക്കളം ഭീതിതമായി. രാത്രിയിൽ രാക്ഷസർക്ക് ശക്തി പതിന്മടങ്ങായി വർദ്ധിക്കും. രാക്ഷസവംശജരായ ഘടോൽകചനും കൃമ്മീരപുത്രനായ അലംബുഷനും അതിശക്തമായി പോരാടി. ഒടുവിൽ അലംബുഷൻ വധിക്കപ്പെട്ടു. ഘടോൽകചനും കർണ്ണനും തമ്മിൽ പലതവണ ഏറ്റുമുട്ടി. കൗരവപക്ഷത്തുണ്ടായ നാശത്തിന്റെ തോത് ചെറുതായിരുന്നില്ല. പട മുച്ചൂടും മുടിയുമെന്നായി. ഒടുവിൽ, ഇന്ദ്രദത്തമായ, ഒരിക്കൽ മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന, അർജുനനെ വധിക്കുവാൻ വേണ്ടി മാത്രം കരുതിവെച്ച അതിശക്തതമായ വേൽ ഘടോൽകചന് നേരെ കർണ്ണന് പ്രയോഗിക്കേണ്ടിവന്നു. ഘടോൽകചൻ വീണു. കൗരവയോദ്ധാക്കളുടെ ഭാഗത്തേക്ക്. ആയിരക്കണക്കിന് യോദ്ധാക്കൾ ഭീമാകാരമായ ആ ശരീരത്തിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് മരിച്ചു. അതോടെ രാത്രിയുദ്ധം അവസാനിച്ചു.
അർജുനന് പോലും തടുക്കുവാൻ കഴിയാത്ത, കർണ്ണന് ഇന്ദ്രൻ വരമായികൊടുത്ത ആ ആയുധം കർണ്ണനിൽ നിന്ന് ഒഴിവാക്കേണ്ടിയിരുന്നത് ഒരു ആവശ്യമായിരുന്നു. കൃഷ്ണന്റെ മികച്ച പാടവം ഘടോൽകചന് നേരെ ആ വേൽ പ്രയോഗിപ്പിക്കുവാൻ കർണ്ണനെ നിർബന്ധിതനാക്കി.
പതിനഞ്ചം നാൾ:
🌹🌹🌹🌹🌹🌹
കൗരവരുടെ സർവ്വസൈന്യാധിപനായ ദ്രോണരെ പാണ്ഡവരുടെ സേനാപതികൂടിയായ ധൃഷ്ടദ്യുമ്നൻ വധിച്ചത് അന്നായിരുന്നു. ശോകമൂകമായിരുന്നു അന്നെത്തെ സായാഹ്നം.
പതിനാറാം നാൾ:
🌹🌹🌹🌹🌹🌹
കൗരവപക്ഷത്തെ ചിത്രസേനൻ ശ്രുതകർമ്മവിനാലും ചിത്രൻ പ്രതിവിന്ധ്യനാലും വധിക്കപ്പെട്ടു. വംഗരാജാവ് പൗണ്ഡ്രകനെ നകുലൻ യമപുരി ക്കയച്ചു. ത്രിഗർത്തസേനയെ മുഴുവൻ അർജുനൻ ഉന്മൂലനാശം വരുത്തി. കർണ്ണൻ കേകയസേനയെ നാമാവശേഷമാക്കി.
പതിനേഴാം നാൾ:
🌹🌹🌹🌹🌹🌹🌹
കൗരവസഭയിൽ വെച്ച് പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയുകയും മുടിക്കെട്ട് പിടിച്ചുവലിക്കുകയും ചെയ്ത ദുശ്ശാസ്സനൻറെ അന്ത്യം അന്ന് ഭീമസേനന്റെ കൈ കൊണ്ടായിരുന്നു. ഭീമൻ തന്റെ രണ്ട് കൈ കൊണ്ടും ദുശ്ശാസനന്റെ വയർ കീറി കുടൽമാല വലിച്ചെടുത്ത് കഴുത്തിലണിഞ്ഞു. രക്തം പുരണ്ട കൈ കൊണ്ട് പാഞ്ചാലിയുടെ അഴിഞ്ഞുകിടന്ന മുടി കെട്ടിക്കൊടുത്തു. എന്നിട്ടും കലിയടങ്ങാത്ത ഭീമൻ ദുര്യോധനന്റെ മറ്റ് എഴുപത്തിഏഴ് സഹോദരങ്ങളെ തച്ചുടച്ച് കൊന്നു. കൗരവകുലത്തിൽ ഇനി ബാക്കിയുള്ളത് ദുര്യോധനനും സഹോദരി ദുശ്ശളയും മാത്രം.
അർജുനനെ വധിക്കുവാൻവേണ്ടി കരുതിവെച്ച വേൽ ഘടോൽകചന് നേരെ പ്രയോഗിച്ച് നഷ്ടപ്പെടുത്തിയ കർണ്ണൻ അന്ന് അർജുനനാൽ വീരസ്വർഗം പ്രാപിച്ചു.
പതിനെട്ടാം നാൾ:
🌹🌹🌹🌹🌹🌹
കർണ്ണനും നഷ്ടപ്പെട്ടതോടെ അതീവശോഷണം ബാധിച്ച കൗരവപ്പടയുടെ സൈന്യാധിപനായി ശല്യർ നിമയമിതനായി. ശല്യരുടെ പുത്രനെയും കൗരവരുടെ മാതുലൻ ശകുനിയെയും സഹദേവൻ വധിച്ചു. ശല്യരാകട്ടെ യുധി ഷ്ഠിരനാലും വധിക്കപ്പെട്ടു.
ഗദായുദ്ധത്തിൽ അതിപ്രവീണനായ ദുര്യോധനനെ വീഴ്ത്താൻ ഭീമൻ സകല കഴിവും പ്രയോഗിച്ചു. എന്നിട്ടും ദുര്യോധനൻ ഒട്ടും ക്ഷീണിച്ചില്ല. ഒടുവിൽ കൃഷ്ണൻ തന്നെ തുണയായി. ഗദായുദ്ധധത്തിൽ നിയമവിരുദ്ധം ആണെന്നിരിക്കിലും ദുര്യോധനനെ തുട അടിച്ചു തകർത്ത് മാത്രമേ വീഴ്ത്താനാവുകയുള്ളു എന്ന് കൃഷ്ണൻ അടയാളം കാട്ടിക്കൊടുത്തു. ഭീമൻ പലതവണ ശ്രമിച്ചിട്ടും ദുര്യോധനന്റെ തുടക്കടിക്കുവാൻ സാധിച്ചില്ല. ഒടുവിൽ ഭീമസേനൻ ദുര്യോധനന്റെ ഗദാതാഡനം ഒരു തവണ സ്വയം ഏറ്റുവാങ്ങുകയും ആ നിമിഷാർധത്തിൽ ദുര്യോധനന്റെ തുട അടിച്ചുതകർക്കുകയും ചെയ്തു. അർദ്ധപ്രാണനായിത്തീർന്ന കൗരവവീരൻ സ്യമന്ത പഞ്ചകത്തിൽ എത്തുകയും അവിടെ ജലത്തിൽ ഒളിക്കുകയും ചെയ്തു.
ദുര്യോധനന്റെ വീഴ്ചയോടെ കൗരവസേനയിലെ മൂന്നുപേർ മാത്രമവിടെ അവശേഷിച്ചു. അവരുടെ അനുവാദത്തോടുകൂടെ കഴിഞ്ഞ പതിനെട്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു. എല്ലാവരും അവരവരുടെ ശിബിരങ്ങളിലേക്ക് തിരികെ പോയി. പാണ്ഡവർ അഞ്ചുപേരോടൊപ്പം കൃഷ്ണൻ നദീതീരത്ത് പോയിരുന്നു വിശ്രമിച്ചു.
അന്ന് രാത്രി വീണുകിടക്കുന്ന ദുര്യോധനനെ ചെന്നുകണ്ട് അശ്വത്ഥാമാവ് പാണ്ഡവരെയും അവരുടെ പുത്രന്മാരെയും ദൃഷ്ടദ്യുമ്നനെയും ശേഷിക്കുന്ന എല്ലാവരെയും താൻ വധിക്കാമെന്ന് ഉറപ്പ്കൊടുത്തു. കൃപാചാര്യരുടെ നിർദ്ദേശത്താൽ പടയില്ലാത്ത പടനായകനായി അശ്വത്ഥാമാവ് അവരോധിക്കപ്പെടുകയും ചെയ്യ്തു.
അർധരാത്രി, ക്ഷീണിതരായി ഉറങ്ങിക്കിടക്കുന്ന പാഞ്ചാലിയുടെ അഞ്ചു പുത്രന്മാരെയും ദൃഷ്ടദ്യുമ്നൻ, ശിഖണ്ഡി, സർവ്വദൻ തുടങ്ങിയവരെയും അശ്വത്ഥാമാവ്, രുദ്രനിൽ നിന്നും തനിക്ക് കിട്ടിയ വീരഖഡ്‌ഗം ഉപയോഗിച്ച് വെട്ടി നുറുക്കി. ഒന്ന് ഉച്ചത്തിൽ നിലവിളിക്കാൻ പോലുമാകാതെ അവരൊക്കെ വീരസ്വർഗം പ്രാപിച്ചു. സേനയിൽ ഇനി ഒരാളും അവശേഷിക്കരുത് എന്ന ഉദ്ദേശത്തോടെ അശ്വത്ഥാമാവ് പാളയത്തിന് തീ കൊളുത്തി. പാളയം കത്തിയമർന്നു. വെന്തു വെണ്ണീറായി. പാണ്ഡവർ അഞ്ചുപേരും കൃഷ്ണനോടൊപ്പം വെളിയിലായിരുന്നതിനാൽ അവർ ബാക്കിയായി. അത് അശ്വത്ഥാമാവ് അറിഞ്ഞിരുന്നില്ല.
ദുര്യോധനന്റെ അടുത്ത് ചെന്ന് പാണ്ഡവരെയും സൈന്യത്തെയും സർവനാശം വരുത്തിയെന്ന് ബ്രാഹ്മണനായ അശ്വത്ഥാമാവ് അറിയിച്ചു. ആ സന്തോഷവാർത്ത ശ്രവിച്ച ദുര്യോധനൻ ആശ്വാസത്തോടെ ആന്ത്യശ്വാസം വലിച്ചു. സ്വർഗാരോഹിതനായി.
അഞ്ചുമക്കളെയും സഹോദരന്മാരെയും നഷ്ട്ടപ്പെട്ട പാഞ്ചാലിയെ സമാശ്വസിപ്പിക്കുവാൻ ആർക്കുമായില്ല. ഒടുവിൽ ഈ കടുംകൈക്ക് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് പുറപ്പെട്ട ഭീമസേനൻ അശ്വത്ഥാമാവിനെ കണ്ടെത്തുകയും ദീർഘനേരം യുദ്ധം ചെയ്യുന്നു... ഭീമനെ വധിക്കുമെന്നഘട്ടത്തിൽ കൃഷ്ണ നിർദേശത്താൽ അർജ്ജുനൻ ബ്രഹ്മാസ്ത്രമയച്ചു. പിന്നീട് ബ്രഹ്മാസ്ത്രം തിരിച്ചെടുക്കാൻ കഴിയാത്ത ആചാര്യപുത്രന് ശിക്ഷയെന്നോണം കൃഷ്ണന്റെ നിർദേശപ്രകാരം ജീവനെടുക്കാതെ ശിരസ്സിൽ ജന്മനാ ഉള്ള ചൂഡാരത്‌നം ചൂഴ്ന്നെടുത്ത് പാഞ്ചാലിക്ക് കാഴ്ചവെക്കുകയും ചെയ്തു.
ശിരസ്സിൽ ആഴത്തിലുണ്ടായിട്ടുള്ളതും ഒരിക്കലും ഉണങ്ങാത്തതുമായ മുറിവുമായി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട ചിരഞ്ജീവിയായ അശ്വത്ഥാമാവ് എന്ന ബ്രാഹ്മണൻ ഇന്നു കൊടുംകാടുകളിൽ അലഞ്ഞുനടക്കുന്നുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.
ഒടുങ്ങാത്ത പകയുടെ ആൾരൂപമാണ് അശ്വത്ഥാമാവ്. നീചഭാവനയും പ്രവൃത്തിയുമുള്ള ഓരോ ആളിലും ഓരോ അശ്വത്ഥാമാവ് "പക" യായി കുടികൊള്ളുന്നു, ഇന്നും.
ഭാരതത്തിലെ മികച്ച ജ്യോതിശാത്രജ്ഞനായിരുന്ന ആര്യഭട്ടൻറെ നിഗമനത്തിൽ ക്രിസ്തുവിന് മുൻപ് 3139 ലാണ് കുരുക്ഷേത്ര യുദ്ധം നടന്നത്. അതായത് ആ മഹായുദ്ധം നടന്നിട്ട് 5150 ലേറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആ യുദ്ധത്തിനൊപ്പം തന്നെ ഭൂമിയിൽ പലവിധ ദുർനിമിത്തങ്ങളും കണ്ടുതുടങ്ങിയിരുന്നു. യുദ്ധം അവസാനിച്ച് മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം കലിയുഗം ആരംഭിക്കുകയും ചെയ്തു.
നമോസ്തുതേ വ്യാസ, വിശാലബുദ്ധെ !
ഫുല്ലാരവിന്ദായത പത്രനേത്രേ !
യേന ത്വയാ ഭാരത തൈലപൂർണ്ണ :
പ്രജ്വാലിതോ ജ്ഞാനമയ പ്രദീപ :
(വിശാലബുദ്ധിയും വിടർന്ന താമരയുടെ നീണ്ട ദളങ്ങൾ പോലെ മനോജ്ഞമായ നയനങ്ങളോട് കൂടിയവനുമായ വ്യാസമഹർഷേ! അങ്ങേക്ക് നമസ്കാരം! അങ്ങാണല്ലോ, മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനരൂപമായ വിളക്ക് പ്രകാശിപ്പിച്ചത്.
കുറിപ്പ്: മഹാഭാരതം അതിവിശാലമാണ്. ലക്ഷക്കണക്കിന് വിവരങ്ങളും സംഭവങ്ങളും കാലാതിവര്‍ത്തിയായ ധര്‍മ്മാധര്‍മ്മ വിശകലനങ്ങളും മറ്റ് പലതും സമൃദ്ധമായി അടങ്ങിയതാണ്. അത് വായിക്കുവാനുള്ള താല്പര്യം ചെറുപ്പം മുതലേ ഉണ്ടാവണം. ആ മഹാസാഗരത്തില്‍ നിന്ന്‍ ഒരു കുമ്പിള്‍ കോരിയെടുക്കുക മാത്രമാണിവിടെ...
കടപ്പാട്
-------
"കൗരവരുടെ 100+1 പേരുടെയും പേരുകൾ നോക്കൂ....
1. ദുര്യോധനൻ
2. ദുശ്ശാസനൻ
3. ദുസ്സഹൻ
4. ദുശ്ശലൻ
5. ജലഗന്ധൻ
6. സമൻ
7. സഹൻ
8. വിന്ദൻ
9. അനുവിന്ദൻ
10. ദുർദ്ധർഷൻ
11. സുബാഹു
12. ദുഷ്പ്രധർഷണൻ
13. ദുർമ്മർഷണൻ
14. ദുർമ്മുഖൻ
15. ദുഷ്ക്കർണ്ണൻ
16. കർണ്ണൻ
17. വികർണ്ണൻ
18. ശലൻ
19. സത്വൻ
20. സുലോചനൻ
21. ചിത്രൻ
22. ഉപചിത്രൻ
23. ചിത്രാക്ഷൻ
24. ചാരുചിത്രൻ
25. ശരാസനൻ
26. ദുർമ്മദൻ
27. ദുർവിഗാഹൻ
28. വിവിത്സു
29. വികടിനന്ദൻ
30. ഊർണ്ണനാഭൻ
31. സുനാഭൻ
32. നന്ദൻ
33. ഉപനന്ദൻ
34. ചിത്രബാണൻ
35. ചിത്രവർമ്മൻ
36. സുവർമ്മൻ
37. ദുർവിമോചൻ
38. അയോബാഹു
39. മഹാബാഹു
40. ചിത്രാംഗദൻ
41. ചിത്രകുണ്ഡലൻ
42. ഭീമവേഗൻ
43. ഭീമബലൻ
44. വാലകി
45. ബലവർദ്ധനൻ
46. ഉഗ്രായുധൻ
47. സുഷേണൻ
48. കുണ്ഡധാരൻ
49. മഹോദരൻ
50. ചിത്രായുധൻ
51. നിഷംഗി
52. പാശി
53. വൃന്ദാരകൻ
54. ദൃഢവർമ്മൻ
55. ദൃഢക്ഷത്രൻ
56. സോമകീർത്തി
57. അനൂദരൻ
58. ദൃണസന്ധൻ
59. ജരാസന്ധൻ
60. സത്യസന്ധൻ
61. സദാസുവാക്ക്
62. ഉഗ്രശ്രവസ്സ്
63. ഉഗ്രസേനൻ
64. സേനാനി
65.ദുഷ്പരാജയൻ
66. അപരാജിതൻ
67. കുണ്ഡശായി
68. നിശാലാക്ഷൻ
69. ദുരാധരൻ
70. ദൃഢഹസ്തൻ
71. സുഹസ്തൻ
72. വാതവേഗൻ
73. സുവർച്ചൻ
74. ആദിത്യകേതു
75. ബഹ്വാശി
76. നാഗദത്തൻ
77. ഉഗ്രശായി
78. കവചി
79. ക്രഥനൻ
80. കുണ്ഡി
81. ഭീമവിക്രൻ
82. ധനുർദ്ധരൻ
83. വീരബാഹു
84. അലോലുപൻ
85. അഭയൻ
86. ദൃഢകർമ്മാവ്
87. ദൃണരഥാശ്രയൻ
88. അനാധൃഷ്യൻ
89. കുണ്ഡഭേദി
90. വിരാവി
91. ചിത്രകുണ്ഡലൻ
92. പ്രഥമൻ
93. അപ്രമാഥി
94. ദീർഘരോമൻ
95. സുവീര്യവാൻ
96. ദീർഘബാഹു
97. സുവർമ്മൻ
98. കാഞ്ചനധ്വജൻ
99. കുണ്ഡാശി
100.വിരജസ്സ്
101.ദുശ്ശള